My Blog List

Saturday, July 16, 2011

പതറാത്ത പൊന്‍കുന്നം വര്‍ക്കി

പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാരിവര്‍ഗ്ഗത്തിന്റെയും കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിച്ച വിഖ്യാത എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ നൂറാം ജന്മവര്‍ഷമാണ് 2011.



മുപ്പതുകളില്‍ത്തന്നെ സാഹിത്യരചനയില്‍ ഏര്‍പ്പെട്ട ഒരെഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ 'തിരുമുല്‍ക്കാഴ്ച' എന്ന ആദ്യത്തെ ഗദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1939-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി സഹൃദയകേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്വാന്‍ വി.എം. വര്‍ക്കി എന്ന പേരിലാണാദ്യകാലത്ത് എഴുതിക്കൊണ്ടിരുന്നത്. സാഹിത്യഭംഗി കലര്‍ന്ന ശുദ്ധമായ മലയാളത്തില്‍ ഗദ്യകവിതകള്‍ എങ്ങനെ എഴുതാമെന്ന് പൊന്‍കുന്നം വര്‍ക്കി 'തിരുമുല്‍ക്കാഴ്ച' എന്ന കൃതിയിലൂടെ തെളിയിച്ചു.

'ശ്രീമാന്‍ വര്‍ക്കിയുടെ ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ക്കും ഉജ്ജ്വലമായ പ്രതിപാദനത്തിനും 'തിരുമുല്‍ക്കാഴ്ച'യിലെ ഏത് ഉപന്യാസവും സാക്ഷ്യംവഹിക്കുന്നു. 'തിരുമുല്‍ക്കാഴ്ച' കൈരളിദേവിക്ക് കമനീയമായ ഒരു കണ്ഠാലങ്കാരമായി പരിണമിച്ചിട്ടുണ്ട്. ഈ സാഹിതീ വ്യാപാരത്തില്‍ ഞാന്‍ അദ്ദേഹത്തെ ഹൃദയപൂര്‍വമായി അനുമോദിക്കുകയും ഈ സല്‍ഗ്രന്ഥത്തിന്റെ പഠനത്തിന് ഭാഷാബന്ധുക്കളെ സസ്‌നേഹം ക്ഷണിക്കുകയും ചെയ്തുകൊള്ളുന്നു. ഗ്രന്ഥകാരന് സര്‍വസിദ്ധികളും സംജാതങ്ങളാവുകയും ഉത്തരോത്തരം ശ്രേയസ്സ് വര്‍ധിക്കുകയും ചെയ്യുമാറാകട്ടെ.' മഹാകവി ഉള്ളൂരിന്റെ ഈടുറ്റ അവതാരിക പൊന്‍കുന്നം വര്‍ക്കിയുടെ പിന്നീടുള്ള രചനകള്‍ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്.

'തുടിക്കുന്ന ഹൃദയത്തോടും വിറയ്ക്കുന്ന കൈകളോടും അശ്രുബിന്ദുക്കള്‍കൊണ്ടു മിനുങ്ങുന്ന കണ്‍പീലികളോടും കൂടി ഞാന്‍ ഈ 'തിരുമുല്‍ക്കാഴ്ച' കേരളീയരുടെ സന്നിധിയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു. പ്രൗഢഗംഭീരമായ അവതാരികകൊണ്ട് 'തിരുമുല്‍ക്കാഴ്ച'യെ അനുഗ്രഹിച്ച മഹാത്മാവായ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അവര്‍കളോട് എനിക്കുള്ള സ്‌നേഹബന്ധം വാക്കുകള്‍കൊണ്ട് സമ്പൂര്‍ണമായി പ്രകാശിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ ധൈര്യപ്പെടുന്നില്ല. ആ മധുരസ്മരണകള്‍ ഞാന്‍ സംരക്ഷിച്ചുകൊള്ളട്ടെ.'

അവതാരികകൊണ്ട് തന്നെ അനുഗ്രഹിച്ച ഉള്ളൂരിനോടുള്ള പൊന്‍കുന്നം വര്‍ക്കിയുടെ ആദരവും ആത്മാര്‍ഥതയും മേല്‍പ്പറഞ്ഞ വരികളില്‍ തുളുമ്പിനില്‍ക്കുന്നതായി കാണാം. 'വാക്കുകള്‍കൊണ്ട് സ്‌നേഹഭാരം ഏതെങ്കിലും തരത്തില്‍ ഇറക്കിവെച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. അനുഗ്രഹിച്ചവരെയൊക്കെ ഇവിടെ സ്മരിച്ചുവെന്നും വിചാരിക്കുന്നില്ല. ഓരോരുത്തര്‍ക്കും ഞാന്‍സുകൃതങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.'
പൊന്‍കുന്നം വര്‍ക്കിയുടെ വ്യക്തിത്വത്തിലേക്ക് എത്തിനോക്കാന്‍ ഈ വരികള്‍ പ്രയോജനപ്പെടും. ഒരിക്കലെങ്കിലും ഉപകാരം ചെയ്തവരെ പൊന്‍കുന്നം വര്‍ക്കി അനുസ്മരിക്കാതിരിക്കുന്നില്ല. 15.6.1939ല്‍ എഴുതിയ വരികളുടെ പ്രസക്തി ഇന്നും ഊനംതട്ടിയിട്ടില്ലെന്ന് ആ വ്യക്തിജീവിതം സൂക്ഷ്മമായി അവലോകനം ചെയ്യുന്നവര്‍ക്കറിയാവുന്നതാണ്.

അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പൊന്‍കുന്നം വര്‍ക്കി ധിക്കാരിയോ നിഷേധിയോ ആയിരുന്നില്ല എന്നുള്ളതിന്റെ തെളിവായി അദ്ദേഹത്തിന്റെ വരികളെത്തന്നെ എടുത്തുദ്ധരിക്കുന്നത് തെറ്റല്ലെന്നു കരുതട്ടെ. വിനയവും ആദരവും ആത്മാര്‍ഥതയുമൊക്കെ സ്വജീവിതത്തില്‍ വെച്ചുപുലര്‍ത്തിയിരുന്ന പൊന്‍കുന്നം വര്‍ക്കി എന്തുകൊണ്ട് നിഷേധിയായി? അതിനുള്ള ഉത്തരമാണ് പൊന്‍കുന്നം വര്‍ക്കിയുടെ ജീവിതവും സാഹിത്യവുമെന്നാണെന്റെ ദൃഢമായ വിശ്വാസം.

വരേണ്യവര്‍ഗത്തില്‍നിന്നും, പ്രത്യേകിച്ച് യാഥാസ്ഥിതിക പൗരോഹിത്യത്തില്‍നിന്നുമുണ്ടായ കടന്നാക്രമണങ്ങള്‍ പൊന്‍കുന്നം വര്‍ക്കിയെ ഞെട്ടിപ്പിക്കുകയും പലപ്പോഴും കോപാകുലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുള്ള വെല്ലുവിളികളും പ്രതിബന്ധങ്ങളും ചെറുതായിരുന്നില്ല. പല ഘട്ടങ്ങളിലും ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നദ്ദേഹംതന്നെ തുറന്നു പ്രസ്താവിച്ചിട്ടുണ്ട്. പൗരോഹിത്യത്തിനെതിരെ എഴുതുന്ന പൊന്‍കുന്നം വര്‍ക്കിയെ വകവരുത്തിയാലേ സമുദായംതന്നെ രക്ഷപ്പെടുകയുള്ളുവെന്ന് വിശ്വസിച്ചിരുന്നവരുടെ ഇടയിലാണ് പൊന്‍കുന്നം വര്‍ക്കി ജീവിച്ചത്. പുരോഗമനം പറയാമെന്നല്ലാതെ പ്രായോഗിക ജീവിതത്തില്‍ കൊണ്ടുനടക്കാനെളുപ്പമല്ലെന്നദ്ദേഹത്തിന്റെ സമരോത്സുകമായ പ്രവര്‍ത്തനം നമുക്കു തെളിവു നല്‍കുന്നു.

അദ്ദേഹം നിഷേധിയുടെ മേലങ്കിയെടുത്തണിഞ്ഞു. വിമര്‍ശനങ്ങളെയും അധിക്ഷേപങ്ങളെയും നിര്‍ഭയനായി നേരിട്ടു. സുദീര്‍ഘമായ പോരാട്ടത്തിലൂടെ മുന്നേറ്റത്തിന്റെ പടികള്‍ ചവിട്ടിക്കയറി. നഷ്ടപ്പെടുന്നതിനെപ്പറ്റി വേവലാതിപ്പെട്ടില്ല. തന്നെ അവഗണിച്ചവരോടും പരിഹസിച്ചവരോടും പകരംവീട്ടാതെ സ്വന്തം കരുത്തിനെ മൂലധനമാക്കി മുന്നോട്ടുനീങ്ങി. ധനപ്രമത്തതയെ വകവെച്ചില്ല. പരിഹസിച്ചവന്‍ ഒരുനാള്‍ തന്നെ പ്രശംസിക്കുമെന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. അവഗണിച്ചവര്‍ അംഗീകാരവുമായി തന്നെ അന്വേഷിച്ചെത്തുമെന്ന് കരുതി. തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനിന്നു. അത് തെറ്റോ ശരിയോ എന്നോര്‍ത്തധികം വേവലാതിപ്പെട്ടില്ല. അടിസ്ഥാനരഹിതങ്ങളായആരോപണങ്ങളെ തള്ളിക്കളയാനുള്ള ഇച്ഛാശക്തി പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യയത്‌നങ്ങള്‍ക്ക് ഓജസ്സും കരുത്തുമേകി.

'ശത്രുനിരകള്‍ ഉരുക്കുചങ്ങലകള്‍കൊണ്ട് എന്റെ കൈകാലുകള്‍ ബന്ധിച്ച് പിഞ്ചുഗളത്തില്‍ വിലങ്ങുതടിവെച്ച് വീറോടമര്‍ത്തുമ്പോള്‍ ഏകാഗ്രവും അനതിക്രമണീയവുമായ ഉള്ളറയില്‍ ഒളിച്ചിരുന്ന് എന്റെ കൈവിലങ്ങുകള്‍ വെട്ടിപ്പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ പെരുവഴിയിലേക്ക് എന്നെ ആനയിക്കുന്നു. ആര് കോളിളക്കം കൊണ്ട് മുന്‍പില്‍ കിടക്കുന്ന മഹാസമുദ്രത്തില്‍ കളിവഞ്ചിയിലേറിയിരുന്ന് അലകള്‍ മുറിച്ച് സുരക്ഷിതനായി എന്നെ മറുകരയിലേക്ക് കൊണ്ടുപോകുന്നു? ആര് അപാരതകളില്‍ കളിത്തോണികളും അഗാധതകളില്‍ പൊട്ടിപ്പോകാത്ത കനകനൂലുകളും ഇറക്കിത്തന്ന് എന്നെ കൈ എത്തിപ്പിടിച്ച് ചുംബിക്കുന്നു?' പൊന്‍കുന്നം വര്‍ക്കി എന്ന സാഹിത്യകാരന്റെ വീറും വാശിയും തന്റേടവും മനക്കരുത്തും ശുഭാപ്തിവിശ്വാസവും ഈ ചിത്രീകരണത്തില്‍ ഉടനീളം തുടിച്ചുനില്‍ക്കുന്നതു കാണാം. നട്ടെല്ലിന്റെ ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പൊന്‍കുന്നം വര്‍ക്കിയുടെ രചനയിലെ ഉദ്‌ബോധനങ്ങള്‍ ഉള്‍ക്കൊള്ളണമെങ്കില്‍ ഇതുകൂടെ ചേര്‍ത്തുവായിച്ചാലേ അര്‍ഥസംപുഷ്ടി കൈവരൂ.

'മുള്‍ക്കിരീടം മൂലം ക്ഷതനിര്‍ഭരനായ് വലത്തു തോളിലേക്ക് തളര്‍ന്നുവീണിരിക്കുന്ന ഉത്തമാംഗം കുരിശിന്റെ വിലങ്ങുതണ്ടിലേക്ക് കൈകള്‍ വിരിയിപ്പിച്ച് ഉള്ളംകൈകളില്‍ നിശിതമായ് ആണി തറയ്ക്കുക നിമിത്തം തൂങ്ങി തളര്‍ന്നുകിടക്കുന്ന ശരീരം, അതില്‍ അനേകശതം ചമ്മട്ടികളുടെ നീലിമ കോലുന്ന മുദ്രകള്‍, നഗ്‌നതപോലും ശരിയായ് മറയ്ക്കുവാന്‍ മതിയാവാത്ത വിധം രക്തപ്പശയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന വസ്ത്രഖണ്ഡം, ചുടുനിണച്ചാലുകളോടുകൂടിയ മുറിവുകള്‍, ഹാ! ജീവകാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സനാതന സന്ദേശം ഉച്ചരിച്ച നീതിമാന് ലോകം അതിന്റെ മഞ്ഞപ്പിത്ത കാഴ്ചയില്‍ അര്‍പ്പിച്ച കാണിക്കകള്‍.'

അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് പൊന്‍കുന്നം വര്‍ക്കി വരച്ച യേശുക്രിസ്തുവിന്റെ ഒരു തൂലികാചിത്രമാണിത്. പൊന്‍കുന്നം വര്‍ക്കിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള ഒരാളല്ല ഈയുള്ളവന്‍. എന്നാല്‍ നേരിട്ടുകണ്ട് പരിചയപ്പെട്ട അവസരങ്ങളിലൊക്കെ ഒട്ടേറെ അസാമാന്യതകള്‍ ഉള്ള ഒരെഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി എന്നു ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അല്പം വൈകിയിട്ടാണെങ്കിലും അദ്ദേഹത്തെക്കുറിച്ചെഴുതണമെന്ന വിചാരം എന്നില്‍ കടന്നുകൂടിയത്. പൊന്‍കുന്നം വര്‍ക്കി ധീരനായ എഴുത്തുകാരനാണെന്നുള്ളതിന് എന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നട്ടെല്ല് അന്യന്റെ മുമ്പില്‍ പണയപ്പെടുത്താത്ത ആ ധീരത എന്നെ ഒട്ടൊന്നുമല്ല ആകര്‍ഷിച്ചതും അദ്ഭുതപ്പെടുത്തിയതും.

പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പ്രതിഭാശാലിയാണ് പൊന്‍കുന്നം വര്‍ക്കി. അവശന്മാരോടും ആര്‍ത്തരോടും അവഗണിക്കപ്പെടുന്നവരോടും എന്നും ഒരു പ്രത്യേക ചായ്‌വ് വെച്ചുപുലര്‍ത്തിയിട്ടുള്ള സവിശേഷമായ വ്യക്തിത്വത്തിനുടമയാണദ്ദേഹം. വീറുള്ള ശൈലിയില്‍ എണ്ണമറ്റ ചെറുകഥകളും നാടകങ്ങളും എഴുതി. കഥയും നാടകവുമാണ് പൊന്‍കുന്നം വര്‍ക്കിയുടെസര്‍ഗപ്രതിഭയുടെ ബലവത്തായ അടിത്തറ. കഥയേയും നാടകത്തേയും തന്റെ രചനയുടെ മാധ്യമങ്ങളായദ്ദേഹം സ്വീകരിച്ചു. ഏതാണ്ട് നാല്പത്തിയെട്ടോളം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്-ഇരുപത്തിരണ്ടോളം കഥാസമാഹാരങ്ങളും പതിനെട്ടോളം പ്രശസ്തനാടകങ്ങളും. പൊന്‍കുന്നംവര്‍ക്കിയുടെ കൃതികളുടെ ഒരു പഠനത്തിനിവിടെ മുതിരുന്നില്ല. എന്നാലദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍ക്കൊള്ളുന്ന സാമൂഹ്യപ്രശ്‌നങ്ങളെ അപഗ്രഥിക്കേണ്ടത് ഒരാവശ്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ ചുറ്റുപാടുകളില്‍. പൊന്‍കുന്നം വര്‍ക്കി സാമൂഹികപരിവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ച എഴുത്തുകാരനാണ്. സ്വന്തം മനസ്സാക്ഷിയോട് നീതിപുലര്‍ത്തിക്കൊണ്ട്‌സാമൂഹികമാറ്റങ്ങള്‍ക്ക് എങ്ങനെ തൂലികയെ വിനിയോഗിക്കാമെന്ന് നമ്മെ പഠിപ്പിച്ച എഴുത്തുകാരനാണ അദ്ദേഹം. എണ്‍പത്തിയെട്ടാമത്തെ വയസ്സിലും പൊന്‍കുന്നം വര്‍ക്കി പ്രദര്‍ശിപ്പിക്കുന്ന മനഃസ്ഥൈര്യവും വിശാല വീക്ഷണവും അദ്ദേഹത്തിന്റെ വ്യക്തിസത്തയുടെ കാതലായ അംശമാണ്. ഈ വ്യക്തിവിശേഷം നമ്മുടെ അപൂര്‍വം എഴുത്തുകാരില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ്. സമകാലീനപ്രശ്‌നങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ല അദ്ദേഹം. ചുരുക്കത്തില്‍ പ്രതികരണശേഷി നഷ്ടപ്പെടാത്ത നമ്മുടെ പ്രശസ്തരായ എഴുത്തുകാരുടെ മുന്‍പന്തിയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ സ്ഥാനം ഇന്നും വലുതാണ്.

മാറ്റത്തിന്റെ വക്താവ്
പദ്യത്തിലെഴുതാന്‍ കഴിയാത്തവര്‍ ഗദ്യകവിതകള്‍ എഴുതുമത്രെ. ഇന്നത്തെ നവാഗതരായ കവികളില്‍ പലരും പദ്യത്തിലെഴുതാനുള്ള കഴിവില്ലായ്മകൊണ്ട് വൃത്തത്തിന്റെ അതിരുകളെ ലംഘിച്ച് ഗദ്യത്തിലെഴുതി കവികളായി പ്രകീര്‍ത്തിക്കപ്പെടുന്നവരാണ്. പദ്യത്തിനു വൃത്തം വേണമെന്ന് നിര്‍ബന്ധമില്ലത്രെ. പോസ്റ്റ് മോഡേണിസ്റ്റ് പോയറ്റുകള്‍ ഇതിനു തെളിവായി നമ്മുടെ മുന്നില്‍ നിരന്നുനില്ക്കുന്നു. എന്നാല്‍ പൊന്‍കുന്നം വര്‍ക്കി മാതൃഭാഷാധ്യാപകനായി ഏതാനും വര്‍ഷം ജോലിനോക്കിയിട്ടുള്ളതുകൊണ്ട് വാക്യഘടനയില്‍ ശ്രദ്ധചെലുത്തിയിരുന്നു. മലയാളം വാധ്യാന്മാര്‍ ഭാഷയിലെഴുതപ്പെടുന്ന വാക്കുകളില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിന്റെ സ്വാധീനം പൊന്‍കുന്നം വര്‍ക്കിയുടെ ആദ്യകാല രചനകളില്‍ സ്​പഷ്ടവുമായിരുന്നു. ആര്‍ഭാടപൂര്‍ണമായ ഭാഷയെന്ന് ഇന്നത്തെ നിരൂപകന്മാര്‍ കുറ്റപ്പെടുത്തുമെങ്കിലും ഗദ്യഭാഷയെ കവിതയോട് അടുപ്പിച്ചവരുടെ നിരയില്‍ പൊന്‍കുന്നം വര്‍ക്കിക്ക് ഇന്നും സ്ഥാനമുണ്ട്. ഗദ്യത്തില്‍ സാഹിത്യത്തിന്റെ സുവര്‍ണ നൂലുകള്‍ തുന്നിച്ചേര്‍ക്കണമെന്ന നിഷ്‌കര്‍ഷ വെച്ചുപുലര്‍ത്തിയിരുന്ന കാലത്താണ് തിരുമുല്‍ക്കാഴ്ച പുറത്തുവന്നത്. അതുകൊണ്ടായിരിക്കണം 'തിരുമുല്‍ക്കാഴ്ച'യെ ഗദ്യകവിതകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

'തിരുമുല്‍ക്കാഴ്ച' പുറത്തിറങ്ങിയ ഉടനെത്തന്നെ പൊന്‍കുന്നം വര്‍ക്കി വിവാദപുരുഷനായിത്തീര്‍ന്നു. പ്രതിലോമകാരികളില്‍ തലവേദന സൃഷ്ടിച്ചു. പുരോഹിത വര്‍ഗത്തിനിടയില്‍ പ്രതിഷേധമുയര്‍ന്നു. ഗ്രന്ഥകാരന് തന്റെ ആദ്യ കൃതിയുടെ പേരില്‍ത്തന്നെ ഏറെ നഷ്ടകഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു.

'എന്നെ സംബന്ധിച്ച് പുരോഹിതന്മാര്‍ അസഹിഷ്ണുതയോടുകൂടി സംസാരിച്ചുതുടങ്ങി. ബിഷപ്പുമാര്‍ ചിന്തിച്ചുതുടങ്ങി. എന്നെ പള്ളിക്കുറ്റത്തില്‍ നിര്‍ത്തിയാലോ എന്നാലോചിച്ചു. അത് എന്റെ സാഹിത്യരചന യ്ക്കും എനിക്കും കൂടുതല്‍ പ്രശസ്തിയുണ്ടാക്കുമെന്നു പേടിച്ച് നിശ്ശബ്ദമായി എന്നെ പിടികൂടാനാണവര്‍ നിശ്ചയിച്ചത്. എന്റെ കൃതികള്‍ വായിക്കരുതെന്ന് പള്ളികളില്‍ അവര്‍ രഹസ്യ ധാരണ നടത്തി. ഇക്കാലത്താണ് 'തിരുമുല്‍ക്കാഴ്ച' സംബന്ധിച്ച അവരുടെ പ്രതികാര നടപടി. മദ്രാസ് യൂണിവേഴ്‌സിറ്റിഅതതു കൊല്ലങ്ങളിലെ ഏറ്റവും നല്ല സാഹിത്യകൃതിക്ക് ഒരു പാരിതോഷികം കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്റെ 'തിരുമുല്‍ക്കാഴ്ച'യ്ക്ക് അവര്‍ ആ സമ്മാനം തന്നു. മാത്രമല്ല അത് ഇന്റര്‍മീഡിയറ്റ് ക്ലാസിലേക്ക് ഒരു പാഠപുസ്തകമാക്കുകയും ചെയ്തു. ഇതില്‍ ചില വൈദിക സ്‌നേഹിതന്മാര്‍ക്ക് സഹിച്ചുകൂടായ്മ നേരിട്ടു. ആ ദഹനക്കേടുകാരില്‍ മുഖ്യന്‍ ഒരു വട്ടക്കാടനാണ്. 'തിരുമുല്‍ക്കാഴ്ച' പാഠപുസ്തകമാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന മട്ടില്‍ അവര്‍ ഭീമഹര്‍ജികള്‍ യൂണിവേഴ്‌സിറ്റിക്കയച്ചു. ഇത്തരം ഹര്‍ജികള്‍ക്ക് ഒരു കത്തനാര്‍ ഒപ്പു ശേഖരിച്ച മാര്‍ഗം ഇപ്പോഴും ഞാനോര്‍ക്കുന്നു...

പള്ളിയില്‍ കൂടിയ ഭക്തന്മാരില്‍നിന്ന് വായനശാലയ്ക്കുള്ള അപേക്ഷ എന്ന മട്ടില്‍ വെള്ളക്കടലാസില്‍ ഒപ്പു വാങ്ങി. എനിക്കെതിരായുള്ള ഹര്‍ജിയില്‍ ആ ഒപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ യൂണിവേഴ്‌സിറ്റിക്കും തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിക്കുമൊക്കെ അയച്ചുകൊടുത്തു....'തിരുമുല്‍ക്കാഴ്ച' പഠിപ്പിക്കാന്‍ പ്രയാസമുള്ളവര്‍ അപ്പന്‍തമ്പുരാന്റെ 'മംഗളമാല' പഠിപ്പിക്കാമെന്ന് ആലോചനാ സമിതി 'തിരുമുല്‍ക്കാഴ്ച' സംബന്ധിച്ച് പുതിയ തീരുമാനമെടുത്തു. തിരുമുല്‍ക്കാഴ്ച ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ പകരമില്ലാത്ത പാഠപുസ്തകമായിരുന്നെങ്കില്‍ എങ്ങനെയും എനിക്കു കുറച്ചു രൂപ കിട്ടുമായിരുന്നു. എന്റെ സ്‌നേഹിതന്മാരായ വൈദികന്മാരുടെ സന്മാര്‍ഗ താണ്ഡവം നിമിത്തം എനിക്കു കിട്ടിയത് ആ വഴിക്ക് എട്ടോ പത്തോ ഉറുപ്പിക മാത്രമാണ്. മുന്‍പിന്‍ ബന്ധമില്ലാതെ എന്റെ കൃതിയില്‍ നിന്ന് കുറേ വാക്യങ്ങള്‍ അവര്‍ ബോധപൂര്‍വം അടര്‍ത്തിയെടുത്തു, അതില്‍ ഭക്തിയെപ്പറ്റിയുള്ള എന്റെ ഒരു ചിന്താഗതിയാണ് അവര്‍ പ്രധാനമായി പൊക്കിക്കാണിച്ചത്. ഇത്തരം വാക്യങ്ങള്‍ എല്ലാം കൂടി ചേര്‍ത്ത് അവ ആയിരക്കണക്കിന് അച്ചടിപ്പിച്ച് എനിക്കെതിരായി തിരുവിതാംകൂര്‍ ഗവണ്മെന്റില്‍ പലര്‍ക്കും അയച്ചുകൊണ്ടിരുന്നു.

ധാരാളം പണവും സമയവും ശ്രമവും അവര്‍ എനിക്കെതിരായി വിനിയോഗിച്ചു.'
'തിരുമുല്‍ക്കാഴ്ച' എന്ന നിരുപദ്രവകരമായ ഒരു കൃതി എഴുതിയതിന്റെ പേരില്‍ പൊന്‍കുന്നം വര്‍ക്കി അനുഭവിച്ച മാനസിക പീഡനങ്ങള്‍ വളരെ വലുതായിരുന്നു. സാമ്പത്തികമായി അല്പമെങ്കിലും ആശ്വാസം, ഒരെഴുത്തുകാരന് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിക്കാരില്‍നിന്നും കിട്ടാവുന്ന ആനുകൂല്യം സ്വന്തം സമുദായക്കാര്‍ തട്ടിത്തെറിപ്പിച്ചു. ശത്രുക്കളുടെ ഗൂഢാലോചനകള്‍ എന്നിട്ടും നിലച്ചില്ല. ആ ഗൂഢാലോചനയുടെ അന്തിമഫലം, നാമമാത്രമായി ശമ്പളം കിട്ടിയിരുന്ന ഉപജീവനത്തിനു വക നല്‍കിയിരുന്ന വാധ്യാരുദ്യോഗം രാജിവെക്കുക എന്നുള്ളതായിരുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ ജീവിതത്തിലെ തുടിക്കുന്ന ഏടുകള്‍ കൊണ്ട് വിരചിതമായ 'എന്റെ വഴിത്തിരിവ്' എന്ന കൃതിയില്‍ അദ്ദേഹം നേരിടേണ്ടിവന്നിട്ടുള്ള പ്രതിബന്ധങ്ങളെയും ക്ലേശങ്ങളെയും ദാരുണാനുഭവങ്ങളെയും കുറിച്ചു പറയുന്നുണ്ട്. ഹൃദയസ്​പര്‍ശിയായ ഈ വഴിത്തിരിവ്' നമ്മുടെ പുതിയ എഴുത്തുകാര്‍ മനസ്സിരുത്തി വായിക്കേണ്ടതാണ്. പൊന്‍കുന്നം വര്‍ക്കിയുടെ കൃതികളുടെനേര്‍ക്കു മാത്രമല്ല കയ്യേറ്റം നടന്നത്; ആ വ്യക്തിയെ സമൂഹത്തില്‍നിന്നും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനകളും വധോദ്യമങ്ങളും നടന്നിട്ടുണ്ടെന്നദ്ദേഹം സ്​പഷ്ടമായി വിവരിക്കുന്നു. അദ്ദേഹത്തിന് അക്കാലത്തു നേരിടേണ്ടിവന്ന ഭീഷണികള്‍ നിരവധിയാണ്. അതില്‍ ഒന്നുരണ്ടെണ്ണത്തിന്റെ മാതൃക ഇവിടെ അവതരിപ്പിക്കുന്നത് അനുചിതമാവുകയില്ലെന്നു കരുതട്ടെ.

'നീ ആണോടാ, പൊന്‍കുന്നം വര്‍ക്കി' തന്റെ സ്‌നേഹിതന്‍ കുഞ്ഞുകുഞ്ഞ് മൂക്കറ്റം മദ്യപിച്ചു വന്ന് പൊന്‍കുന്നം വര്‍ക്കിയെ തെറികൊണ്ടഭിഷേകം ചെയ്തു. 'തന്തയ്ക്കു പെറക്കാത്ത ശൂലേ, പോഗ്രി...മോനേ നീ അജ്ഞന്മാരെ കുത്തി എഴുതുമോടാ? ശൂലേ....എന്തെടാ നാറി ശൂലേ.....' ഇത്തരം ഗിരിപ്രഭാഷണത്തോടുകൂടി ആ ഭക്തന്‍ എന്റെ കസേരയോടടുത്തു. ഒരാക്രമണമാണ് ഉണ്ടാകാന്‍ പോകുന്നത്. സൂക്ഷിക്കണമെന്നുള്ള കരുതലോടുകൂടി ഞാന്‍ എഴുന്നേറ്റു. അയാള്‍ക്കെതിരായി എന്നില്‍നിന്നും പ്രകോപനകാരണങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇതിനു പുറകില്‍ ഇയാളെക്കാള്‍ വലിയ ഒന്ന് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഊഹിച്ചു. അത് ശരിയായിരുന്നു. അടുക്കലുള്ള ഒരു പള്ളി വികാരി -മുറിഞ്ഞ കല്ലുകൂട്ടിയിട്ട ഒരു വീട്ടുപേരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്-ഗൂഢാലോചന നടത്തി. കത്തോലിക്കാ സ്‌നേഹമാകുന്ന വില്ലില്‍നിന്നും തൊടുത്ത ഒരാഗ്നേയാസ്ത്രമായിരുന്നു അത്. കത്തോലിക്കാ പുരോഹിതന്മാരെ ആക്ഷേപിക്കുന്നു. പൊന്‍കുന്നം വര്‍ക്കിയെന്ന് പറയുന്നവനാര്? തട്ടവനെ....അങ്ങനെ പണത്തിന്റെയും കള്ളിന്റെയും കത്തോലിക്ക അരൂപിയുടെയും പ്രേരണയോടുകൂടി അയാള്‍ എന്നെ സമീപിച്ചിരിക്കുന്നു.'

'എടാ അജ്ഞന്മാരെ കുത്തി എഴുതുമോന്നാണ് ശോദിച്ചത്? നാറി... മോനേ നിന്റെ തന്തയാരടാ. അപകടം കാല്‍ച്ചുവട്ടില്‍ നില്‍ക്കുമ്പോഴും ആ ചോദ്യങ്ങള്‍ കേട്ട് ഞാന്‍ ചിരിച്ചുപോയി. വായിളക്കാതെ അയാള്‍ എന്നെചീത്തപറഞ്ഞുകൊണ്ടിരുന്നു.' (എന്റെ വഴിത്തിരിവ്).

തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഞാനെടുത്തെഴുതുന്നില്ല. സ്വന്തം രചനയുടെ പേരില്‍ വളരെയേറെ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ആക്രമണങ്ങള്‍ക്ക് വിധേയനാകേണ്ടിവരികയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രചനയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന മലയാളത്തിലെ ഏക സര്‍ഗാത്മക സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കിയാണെന്ന സത്യം ഇന്ന് എത്രപേര്‍ക്കറിയാം? എന്താ സാറേ സുഖമാണോ? എന്ന് കുശലാന്വേഷണം നടത്തിയശേഷം കുത്തിക്കൊല്ലാന്‍ വന്ന സ്‌നേഹിതന്മാരുടെ ചെയ്തികളും പൊന്‍കുന്നം വര്‍ക്കി തന്റെ സ്വതസിദ്ധമായ ഭാഷയില്‍ വിസ്തരിച്ചിട്ടുണ്ട്. ആത്മസംയമനത്തിന്റെ പിടി അയയുമ്പോഴും ഇച്ഛാശക്തിയുടെ പിന്‍ബലം കൊണ്ടുമാത്രം രക്ഷപ്പെട്ട അനേക സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ദീര്‍ഘകാല ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. അവയൊക്കെ പകര്‍ത്തിവെക്കാന്‍ സ്ഥലപരിമിതിയും സമയപരിധിയും അനുവദിക്കുന്നില്ല.

പൊന്‍കുന്നം വര്‍ക്കി എഴുതി പൂര്‍ത്തിയാക്കാത്ത 'എന്റെ വഴിത്തിരിവ്' എന്ന ആത്മകഥയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാസ്റ്റര്‍പീസ്. സത്യസന്ധതയോടെ ധീരമായി എഴുതിയിട്ടുള്ള ആത്മകഥകളില്‍ രണ്ടെണ്ണമാണ് എന്നെ കൂടുതല്‍ വശീകരിച്ചിട്ടുള്ളത്. പൊന്‍കുന്നം വര്‍ക്കിയുടെ 'വഴിത്തിരിവും' വി.ടി. ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും'. മറ്റു പല ആത്മകഥകളിലും ആത്മപ്രശംസയുടെ അതിപ്രസരവും അതിഭൗതികതയുടെ കാമനകളുമാണ് കൂടുതല്‍. സത്യസന്ധമായ ആത്മകഥ രചിച്ചവരില്‍ പെട്ടെന്ന് എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്ന രണ്ടുപേരുടെ നാമം ഉച്ചരിച്ചെന്നു മാത്രം. വേറെയും ശ്രദ്ധേയങ്ങളായ ആത്മകഥകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഇതിനര്‍ഥമില്ല.
'We must be free or die' ഒന്നുകില്‍ സ്വതന്ത്രരാവണം, അല്ലെങ്കില്‍ മരിക്കണം എന്ന വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ പ്രഖ്യാപനം പൊന്‍കുന്നം ര്‍ക്കിയുടെ വ്യക്തിത്വത്തെയും സ്വാധീനിച്ചിട്ടുള്ളതായി കാണാം. സ്വാതന്ത്ര്യത്തിനുവേണ്ടി സര്‍വസ്വവും ബലികഴിച്ചിട്ടുള്ള ഒട്ടേറെ പോരാളികള്‍ ഈ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഓരോ കാലഘട്ടത്തിലും ആവിര്‍ഭവിച്ചിട്ടുണ്ട്. You are either Alive and Proud or you are dead, you can't care any way. സ്വാതന്ത്ര്യസമ്പാദനത്തിന്റെ പോരാട്ടത്തില്‍ പോലീസിന്റെ ക്രൂരമായ പീഡ നത്തിന് വിധേയനായി ജയിലില്‍ വെച്ചു മരിച്ച ബിക്കോ (Biko) വിനെക്കുറിച്ചോര്‍ത്തുപോയി. സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവന്‍ ബലികഴിച്ചിട്ടുള്ള ബിക്കോ ഒരിതിഹാസമാണ്. ഡൊണാള്‍ഡ് വുഡ്‌സ് (Donald woods) എന്ന പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ബിക്കോവിനെക്കുറിച്ചെഴുതിയ ജീവചരിത്രം ഞാനീയിടെയാണ് വീണ്ടും ഒരിക്കല്‍ക്കൂടി വായിച്ചത്. ഒന്നുകില്‍ നിങ്ങള്‍ അഭിമാനം നിലനിര്‍ത്തി ജീവിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ മരിക്കാനൊരുങ്ങണം. നിങ്ങള്‍ ഇല്ലാതാകുന്ന നിമിഷം പിന്നെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ചുരുക്കത്തില്‍ ഒരാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ജീവിതത്തില്‍ വിലകൊടുക്കാന്‍ തയ്യാറാകണം. ഇങ്ങനെ ജീവിതത്തിന്റെ നിലനില്പിനുവേണ്ടി വലിയ വില കൊടുക്കാന്‍ തയ്യാറായ നമ്മുടെ സാഹിത്യനായകന്മാരുടെ മുന്‍പന്തിയില്‍നിന്ന് പൊന്‍കുന്നം വര്‍ക്കിയെ മാറ്റിനിര്‍ത്താന്‍ ആവുകയില്ല. അദ്ദേഹം ജീവിച്ച കാലഘട്ടം എങ്ങനെയായിരുന്നുവെന്നുള്ളതിനെപ്പറ്റി അറിയാതെ, ഇന്നത്തെ മാനദണ്ഡം വെച്ച് പൊന്‍കുന്നം വര്‍ക്കിയേയും അദ്ദേഹത്തിന്റെ സൃഷ്ടികളേയും പറ്റി വിലയിരുത്താനും പറ്റില്ല. മുഷ്ടി ചുരുട്ടിയ കൈകളോടെ സാഹിത്യരചന നടത്തുന്ന പൊന്‍കുന്നം വര്‍ക്കിയുടെ സൃഷ്ടികളില്‍ പ്രചാരണാംശം മുഴച്ചുനില്‍ക്കുന്നുവെന്ന് ഇന്നാരോപിക്കപ്പെടുന്നുവെങ്കില്‍ അതിനു വലിയ അര്‍ഥമൊന്നുമില്ല. ഒരെഴുത്തുകാരന്റെ സൃഷ്ടികള്‍ വായിച്ച് മുദ്രാവാക്യം മുഴക്കുവാന്‍ തോന്നുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ സൃഷ്ടികളിലെവിടെയോ ആവേശത്തിന്റെയും ആദര്‍ശത്തിന്റെയും ആലക്തിക ശക്തിയുണ്ടെന്നു വേണം കരുതാന്‍.

'Listen, if you guys want to do this your way, you have got to hand cuff me and bind my feet together, so that I can't respond. If you allow me to respond, I am certainly going to respond, and Iam afraid you may have to kill me in the process even if it's not your intention-' (Steve Biko By Donald Woods) (Portion-XIII).

'ശ്രദ്ധിച്ചാലും! അവരോട് പറയേണ്ടിവന്നു. നിങ്ങളുടെ ആള്‍ക്കാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കാതിരിക്കാം. എന്നാലതേസമയം എന്റെ കൈകളില്‍ വിലങ്ങുവെക്കുകയും കാലില്‍ ചങ്ങലയിടുകയും വേണ്ടിവരും. നിങ്ങളെന്നെ പ്രതികരിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും എന്റെ പ്രതികരണമറിയിക്കും. അപ്പോള്‍ ചില വേള നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടതായി വരും.'
എതിരാളിയുടെ മുന്നില്‍നിന്നുകൊണ്ടിതു പറയാന്‍ എത്രപേര്‍ക്കു സാധിക്കും? ഇത്തരം ആളുകളെ തോക്കിന്നിരയാക്കിയതുകൊണ്ടോ തൂക്കുമരത്തില്‍ കയറ്റിയതുകൊണ്ടോ എതിരാളികള്‍ക്ക് തങ്ങള്‍ വിജയിച്ചുവെന്ന് അവകാശപ്പെടാന്‍ കഴിയുകയില്ല. സ്വന്തം സാഹിത്യസൃഷ്ടിയുടെ പേരില്‍ ജയില്‍വാസം കൈവരിക്കാന്‍ തയ്യാറായ പൊന്‍കുന്നം വര്‍ക്കി പല നിലകളിലും അസാധാരണനാണ്. തൂലികയെ പടവാളാക്കി മാറ്റുമെന്ന് പലരും വീമ്പിളക്കാറുണ്ടെങ്കിലും പൊന്‍കുന്നം വര്‍ക്കി അക്ഷരാര്‍ഥത്തില്‍, യാതനയുടെയും പീഡനങ്ങളുടെയും പ്രതീകമായ ജയില്‍വാസമെന്ന മുള്‍ക്കിരീടം ചാര്‍ത്തിയവനാണ്. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ വ്യാപകമായി സാധാരണക്കാരില്‍ സ്വാധീനത ചെലുത്തി (1936-1968). എം.പി. പോളും കേസരി ബാലകൃഷ്ണപിള്ളയും കുറ്റിപ്പുഴയും മുണ്ടശ്ശേരിയുമൊക്കെ പുരോഗമനാശയങ്ങളുടെ വസന്തത്തിന്റെ ഇടിമുഴക്കമായി പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദം തിരിച്ചറിഞ്ഞു. പൊന്‍കുന്നം വര്‍ക്കി മുന്‍പന്തിയിലുണ്ടെങ്കില്‍ പേടിക്കാനില്ല എന്നൊരഭിപ്രായഗതി സാഹിത്യകാരന്മാര്‍ക്കിടയില്‍ അക്കാലത്ത് പ്രബലമായി. ചുരുക്കത്തില്‍കാഴ്ചയിലും പ്രവൃത്തിയിലും പ്രസംഗത്തിലും പൊന്‍കുന്നം വര്‍ക്കി ധീരതയുടെ പര്യായമായി മാറി. വര്‍ക്കി ഏതു ഭാഗത്ത് നിലനില്ക്കുന്നുവോ ആ ചേരിക്കേ വിജയം കൈവരിക്കാനാകൂ എന്ന വിശ്വാസത്തോടെ നിരവധി യുവസാഹിത്യകാരന്മാര്‍ പൊന്‍കുന്നം വര്‍ക്കിയുടെ കൂടെ കൂടി. നാല്പതുകളിലും അന്‍പതുകളിലുമാണ് പൊന്‍കുന്നം വര്‍ക്കിയുടെ സാന്നിധ്യം കേരളീയ സഹൃദയലോകം തൊട്ടറിഞ്ഞത്. കാലം മാറി. വര്‍ക്കിസാറിന് വയസ്സ് തൊണ്ണൂറോട് അടുക്കുന്നു. ഇന്നദ്ദേഹം ഗര്‍ജിക്കാറില്ല. ശബ്ദിക്കാറേയുള്ളൂ. ആ ശബ്ദം പോസ്റ്റ് മോഡേണിസ്റ്റ് യുഗത്തില്‍ വിലപ്പോവുകയില്ലായിരിക്കാം.വേണ്ടത്ര വിലയിരുത്തപ്പെട്ടില്ലെന്നും വരാം.

ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ ഉച്ചനീചത്വങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. പ്രതികരിച്ചു. പണക്കാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന പതിതവര്‍ഗത്തിന്റെ ധര്‍മസങ്കടങ്ങളിലേക്കും യാതനകളിലേക്കും വിരല്‍ചൂണ്ടുന്ന ഒട്ടേറെ കഥകളെഴുതി. ആ കഥകള്‍ ഏതൊക്കെയായിരുന്നുവെന്ന് പ്രത്യേകിച്ച് എടുത്ത് എഴുതുന്നില്ല. എങ്കിലും ചില കഥകള്‍ കാലാതിവര്‍ത്തിയായി നിലനില്ക്കുന്നുണ്ട്. കാലിക പ്രാധാന്യമുള്ള കഥകള്‍ പലതും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഒഴുക്കില്‍പ്പെട്ട് അടിയാറുണ്ട്. മാറ്റത്തിന് തുടക്കം കുറിച്ച നവോത്ഥാന കാഥികന്മാരില്‍ പലരുടെയും കഥകള്‍ ഇന്നത്തെ സമൂഹം ഓര്‍ക്കാത്തതിന് പല കാരണങ്ങളുമുണ്ട്. യന്ത്രവത്കൃത സമൂഹവും കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റവും ഉപഭോക്തൃ സംസ്‌കൃതിയും മുന്നേറിക്കൊണ്ടിരിക്കുന്ന ദശാസന്ധിയില്‍, പരിവര്‍ത്തനത്തിന്റെ വക്താക്കളെ മാനിക്കാത്ത കാലമാണ് വരുന്നത്. തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ചെറിയ ഒരിടവേളകളിലെ മിന്നാമിനുങ്ങുകള്‍ മാത്രമാണിന്ന് പല എഴുത്തുകാരും. ഈ നിരക്കാരെ മൂന്നാം തലമുറക്കാര്‍ എന്നും വിളിക്കപ്പെടുന്നു. പൊന്‍കുന്നം വര്‍ക്കി പുരോഗമന-ജീവല്‍സാഹിത്യ-നവോത്ഥാന കാലഘട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ രചനാ ശീലത്തിന്റെ യുഗം മലയാളത്തിലസ്തമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്.
വര്‍ക്കിസാര്‍ എക്കാലത്തും പ്രതിലോമകാരികളെ എതിര്‍ത്തുപോന്നിട്ടുണ്ട്. തന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ പലപ്പോഴും എതിരാളികളില്‍ ഒരസ്ത്രമെന്നവണ്ണം ചെന്നു തറച്ചിട്ടുമുണ്ട്. അവരില്‍ പലരും ഒരു ശത്രുവിനോടെന്നവണ്ണം അദ്ദേഹത്തോട് പെരുമാറിയിട്ടുണ്ട്. തന്മൂലം പൊന്‍കുന്നം വര്‍ക്കിയുടെ രചനകളെ ഒട്ടേറെ പേര്‍ അപലപിച്ചിട്ടുള്ളതായി കാണാം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പാളിച്ചകളെ പര്‍വതീകരിക്കുകയും ആ വ്യക്തിത്വത്തെ നിഹനിക്കുന്നതിന്നുവേണ്ടി, നിരൂപണത്തിന്റെ പേരില്‍ തേജോവധം ചെയ്തിട്ടുള്ളതായും കാണാം. തന്റെ വ്യക്തിത്വത്തിന് വന്നുഭവിച്ച മാറ്റങ്ങളിലദ്ദേഹം പരിതപിച്ചിട്ടുള്ളതായറിവില്ല. മദ്യപാനത്തോടദ്ദേഹം വെച്ചുപുലര്‍ത്തുന്ന മമതയെ പരിഹസിക്കുന്നവരോട് തുറന്നുപറയുന്നു: 'ഞാന്‍ മദ്യപിക്കാറുണ്ട്. അതുകൊണ്ട് ഞാനൊരു വഷളനാണെന്ന അഭിപ്രായം എനിക്കില്ല. എന്റെ സിരകളിലൂടെ ഒഴുകുന്ന രക്തത്തില്‍ മദ്യം കലര്‍ന്നിരിക്കാം. എന്നാല്‍ ഞാനൊരിക്കലും മാനവമൂല്യങ്ങളില്‍നിന്ന് പുറകോട്ടു പോകാറില്ല. സ്വന്തം ആയുസ്സിനേക്കാള്‍ വലുതായി ഞാന്‍ കാണുന്നത് എന്റെ അസ്തിത്വത്തിന്റെ നിലനില്പിനെയാണ്.' അതിബുദ്ധിമാന്മാര്‍ എത്രയോ ദുര്‍ബലരാണ് പലപ്പോഴും, എന്നാല്‍ ഏറ്റവും സമുന്നതരെന്നഭിമാനിക്കുന്നവരില്‍ പലരുംതന്നെ ചെറിയ മനുഷ്യരായി അനുഭവപ്പെടുന്നു.
താക്കറെയുടെ ഈ നിരീക്ഷണം എത്രയോ അര്‍ഥവത്താണെന്ന് പൊന്‍കുന്നം വര്‍ക്കിയുമായി കൂടുതല്‍ അടുക്കുന്നവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല.

'I have walked that long to freedom. I have tried not to falter. I have made missteps along the way. But I have discovered the secret that after climbing a great hill, one only that there are many more hills to climb. I have taken a moment here to rest, to stear a view of the glorious visita that surrounds me to look back on the distance I have come. But I can rest only for a moment, for, with freedom come responsibilities and I dare not linger, for my long walk is not yet ended.''

സൗത്ത് ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരസേനാനിയും ലോകത്തില്‍ ഏറ്റവും കാലം തടവില്‍ കഴിയേണ്ടിവന്നവനുമായ നെല്‍സണ്‍ മണ്ഡേലയുടെ ബൃഹത്തായ ആത്മകഥയില്‍നിന്നും എടുത്തുദ്ധരിച്ചതാണ് മേല്‍ പ്രസ്താവിച്ച വരികള്‍. നെല്‍സണ്‍ മണ്ഡേലയെപ്പോലെ ദീര്‍ഘകാലം തടവില്‍ പൊന്‍കുന്നം വര്‍ക്കിക്കു കഴിയേണ്ടിവന്നിട്ടില്ലെങ്കിലും തൂലികയുടെ മൂര്‍ച്ചകൊണ്ട് തടവുപുള്ളിയായി കഴിയേണ്ടിവന്ന ഈ മനുഷ്യന്‍ നമ്മുടെ മറ്റ് എഴുത്തുകാരില്‍നിന്നും തുലോം വ്യത്യസ്തനാണെന്ന് രേഖപ്പെടുത്തുവാനാണിത്രയും കുറിച്ചത്.

സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോയ എഴുത്തുകാര്‍ നമുക്ക് അധികമില്ല. വൈക്കം മുഹമ്മദ് ബഷീര്‍ ജയിലില്‍ പോയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അക്കാലത്ത് എഴുത്തുകാരനായി അറിയപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ പോരാട്ടം നടക്കുമ്പോള്‍ ബഷീര്‍ അതില്‍ ചെന്നുപെട്ടതാണ്.

എന്നാല്‍ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ ഉന്നതാധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചുവെന്നും ക്ലാസ്‌വാറിനു പ്രേരിപ്പിച്ചുവെന്നുമുള്ളതുമൊക്കെയായിരുന്നു അദ്ദേഹത്തില്‍ അക്കാലത്ത് ചുമത്തപ്പെട്ട കുറ്റം. സാഹിത്യരചനയുടെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുള്ള മലയാളത്തിലെ ഏക എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയായിരുന്നുവെന്ന വസ്തുത ഇന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. എഴുത്തിന്റെ പേരില്‍ ഭരണമേധാവികള്‍ക്ക് തലവേദന സൃഷ്ടിച്ചതിനു പുറമെ, കഥകളിലൂടെ വിധ്വംസകപ്രവര്‍ത്തനത്തിന് പ്രചോദനമേകി എന്ന കുറ്റപത്രം ലഭിച്ചുവെന്നുള്ളതും ഓര്‍മിക്കപ്പെടും.

പൊന്‍കുന്നം വര്‍ക്കി എന്ന എഴുത്തുകാരന്റെ വ്യക്തിത്വത്തെ ഊട്ടിയുറപ്പിച്ച ഘടകങ്ങളില്‍ പ്രധാനം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുള്ള പീഡനാനുഭവങ്ങളാണ്. വരുംതലമുറയ്ക്ക് പൊന്‍കുന്നം വര്‍ക്കിയെ പരിചയപ്പെടുത്തിക്കൊടുക്കേണ്ട ചുമതല നിരൂപകന്മാര്‍ക്കുള്ളതാണ്. ആ ദൗത്യം വേണ്ടത്ര നിറവേറ്റപ്പെടാതെ കാണുന്നതില്‍ ഖേദിക്കുന്നവരുടെ കൂട്ടത്തിലാണ് ഈയുള്ളവന്‍.

ഇന്ന് സിംഹത്തിന്റെ സട പൊഴിഞ്ഞുവീണിട്ടുണ്ടാവാം. എന്നാല്‍ അത് ഒരു പ്രത്യേക കാലയളവില്‍ ഗര്‍ജിക്കുന്ന സിംഹമായിരുന്നുവെന്ന സത്യം ഓര്‍ക്കേണ്ടതാണ്.
പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളും വഴിത്തിരിവുകളും നിരവധിയാണ്. സാഹിത്യരംഗത്ത് ഒട്ടേറെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച പൊന്‍കുന്നം വര്‍ക്കി സാര്‍ ഇന്ന് ഏറെക്കുറെ നിശ്ശബ്ദനാണ്. ചിന്താധീനനായി, വ്യാകുലതകളുടെ നടുവില്‍ വായനയുടെസ്വര്‍ഗസുഖമനുഭവിച്ച് നാളുകള്‍ തള്ളിനീക്കുകയാണ്. താനിപ്പോഴും ഒരുനോവലിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കയാണെന്ന 'പല്ലവി', എഴുത്തില്‍ നിന്നും തീര്‍ത്തും വിരമിച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി പറയുന്നതാണെന്ന് നമുക്കറിയായ്കയല്ല. എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കണമെന്ന ത്വര ഒരിക്കലും ഒരെഴുത്തുകാരനില്‍നിന്നും വിട്ടുമാറുകയില്ല. സര്‍ഗധനരായ എഴുത്തുകാര്‍-വിശേഷിച്ച് അനുഭവസമ്പത്തുകൊണ്ട് അനുഗൃഹീതരായവര്‍-മരണംവരെ എഴുതുവാനാഗ്രഹിക്കുമത്രെ. എഴുതുവാനുള്ള ത്വര ഒരെഴുത്തുകാരനില്‍നിന്നും എപ്പോള്‍ വിട്ടകലുന്നുവോ, അതോടെ മൃതപ്രായനാകുന്നു. വാര്‍ധക്യം എഴുത്തുകാരുടെ ക്രിയേറ്റിവിറ്റിയെ ദുര്‍ബലമാക്കാറുണ്ട്. മനസ്സ് സഞ്ചരിക്കുന്നിടത്തേക്ക് ശരീരം പ്രവര്‍ത്തിക്കണമെന്നില്ല. പൊന്‍കുന്നം വര്‍ക്കിയുടെ ശരീരം ക്ഷീണിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിന് വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല. എണ്‍പത്തെട്ടാമത്തെ വയസ്സിലും ആ ശബ്ദത്തിന് പതര്‍ച്ചയില്ല. ജീവിതത്തിന്റെ നീണ്ട യാത്രയില്‍ ദുര്‍ബലനാകുക എന്നത് ദുഃഖകരമാണ് എന്നു വിശ്വസിച്ചഎഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി.

പൊന്‍കുന്നം വര്‍ക്കി ഉത്കൃഷ്ടങ്ങളായ ഒട്ടേറെ രചനകളുടെ കര്‍ത്താവാണ്. സാഹിത്യകാരനിലെ മനുഷ്യനെ തൊട്ടറിയുമ്പോഴേ അവരുടെ രചനകളുടെ ആഴം മനസ്സിലാക്കാന്‍ കഴിയൂ. ഒരെഴുത്തുകാരന്‍ ജീവിച്ച ചുറ്റുപാടുകള്‍ എങ്ങനെയുള്ളതായിരുന്നുവെന്ന് പ്രത്യേകിച്ചറിയുകതന്നെ വേണം.

തകഴിക്ക് കിട്ടിയ അംഗീകാരം പൊന്‍കുന്നം വര്‍ക്കിക്ക് കിട്ടാതെപോയത് എന്തുകൊണ്ട്? ഈ ചോദ്യം പലതവണ ഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ മുന്‍പന്തിയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ പേര് ചേര്‍ക്കാനെന്തുകൊണ്ടാണ് വിമുഖത കാട്ടുന്നത്? പല കാരണങ്ങളുമുണ്ടായിരിക്കാം. ഞാന്‍ ആവക കാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. അത് വിവാദങ്ങള്‍ക്കു കാരണമായേക്കുമെന്നു കരുതുന്നു. അനീതിയോടും അധര്‍മത്തോടും നേര്‍ക്കുനേര്‍ നിന്നുപൊരുതിയ വ്യക്തിത്വവും അതിനൊത്ത തൂലികയുമാണ് അദ്ദേഹത്തിന്റേത്.

രചനാതന്ത്രത്തിന്റെ ഊടുവഴികള്‍
പൊന്‍കുന്നം വര്‍ക്കിയുടെ കഥകളെക്കുറിച്ച് വി. രമേഷ്ചന്ദ്രന്‍ എഴുതിയ പഠനഗ്രന്ഥം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ കൃതി കൂടാതെ മറ്റേതെങ്കിലും അപഗ്രഥനാത്മകമായ ഒരു വിമര്‍ശന ഗ്രന്ഥം പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യസംഭാവനകളെ വിലയിരുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ചതായറിവില്ല. ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ഖണ്ഡനപരമായും മണ്ഡനപരമായുംവിലയിരുത്തപ്പെട്ടിട്ടുണ്ട്. വര്‍ക്കിസാറിനെ സംബന്ധിച്ചിടത്തോളം നിശിതവിമര്‍ശനങ്ങളേ ഉണ്ടായിട്ടുള്ളൂ.

എം.പി. പോള്‍, കേസരി ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള,പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ നിരൂപക പ്രതിഭകളുമായി നിതാന്തബന്ധം പൊന്‍കുന്നം വര്‍ക്കി പുലര്‍ത്തിയിരുന്നുവെങ്കിലും വഴിവിട്ട് തന്റെ ബന്ധങ്ങളെ കൃതികളിലൂടെ സ്ഥാപിച്ചെടുക്കാന്‍ പൊന്‍കുന്നം വര്‍ക്കി ശ്രമിച്ചിട്ടില്ല. അതദ്ദേഹത്തിന്റെ മാനസിക ഘടനയ്ക്ക് യോജിച്ചതുമായിരുന്നില്ല.പൊന്‍കുന്നം വര്‍ക്കി ആരുടെയും ഉപദേശംകേട്ടു വളര്‍ന്ന സാഹിത്യകാരനല്ല. തന്നെക്കാള്‍ വലിയവരെന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന പലരുമായുള്ള ചങ്ങാത്തത്തെ - സുഹൃദ്ബന്ധം എന്നുള്ളതിലും കവിഞ്ഞ പ്രാധാന്യം കല്‍പിച്ചിരുന്നില്ല. ആരോടും വിധേയത്വം കാട്ടാന്‍ തയ്യാറല്ലാത്ത അദ്ദേഹം, തനിക്ക് തോന്നുന്ന രീതിയില്‍ എഴുതി മുന്നേറിയിട്ടുള്ള ശക്തനും കരുത്തനുമായ എഴുത്തുകാരനാണ്. വലിയ നിരൂപകന്മാരെന്ന് കൊട്ടിഘോഷിക്കപ്പെടുന്നവര്‍ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ടദ്ദേഹത്തിന്റെ കഥകളിലൂടെ ന്യൂനതകളെ കണ്ടെത്താനുള്ള ശ്രമമാണിവിടെ അധികവും നടന്നിട്ടുള്ളത്. വാചാലതയും രാഷ്ട്രീയാതിപ്രസരവും വര്‍ക്കിയുടെ കഥകള്‍ക്കുമേല്‍ ആരോപിക്കുന്നവര്‍ ഇന്നുണ്ടായിരിക്കാം. എന്നാല്‍ മുപ്പതുകളിലെഴുതിത്തുടങ്ങുന്ന ഒരെഴുത്തുകാരനില്‍ അല്‍പം വാചാലത കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അതൊരളവോളം ക്ഷന്തവ്യമാണ്.

ജനഹൃദയങ്ങളിലേക്ക് തങ്ങളുടെ ശബ്ദം ഇരച്ചുകയറണമെങ്കില്‍ പരിവര്‍ത്തനത്തിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് കടത്തിവിടണമെങ്കില്‍, ഭാഷയ്ക്ക് പൊടിപ്പും തൊങ്ങലും മുഴക്കവും ഗാംഭീര്യവും അതോടൊപ്പം സ്വല്‍പം വാചാലതയും വേണമെന്ന് പുരോഗമന സാഹിത്യകാരന്മാര്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ വിശ്വാസം ഒരളവോളം സാര്‍ഥകമാക്കുന്ന ഒട്ടേറെ കഥകള്‍ക്ക് പൊന്‍കുന്നം വര്‍ക്കി ജന്മം നല്‍കിയിട്ടുണ്ട്. വര്‍ക്കിയുടെ മികച്ച നിരവധി കഥകള്‍ ജനഹൃദയങ്ങളില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാവുന്നതാണ്.

ശബ്ദിക്കുന്ന കലപ്പ, ഇരുട്ടില്‍നിന്ന്, കര്‍ത്താവേ ഇതെന്തൊരു മനുഷ്യന്‍,അന്തോണീ നീയുമച്ചനായോടാ?, ഇടിവണ്ടി, ദൈവത്തേക്കാള്‍ ഞാന്‍ പേടിക്കുന്നത്, സ്ത്രീ ചോര്‍ച്ചയുള്ള പാത്രമാണ്, വെളിയില്‍ എനിക്ക് സ്ഥലമില്ല, അഞ്ചാംപത്തി, നിരീശ്വരന്‍, കറുത്ത തൊപ്പി, മഹാത്മാഗാന്ധി കീ... ജെ... ഇതുണ്ടായാല്‍ അതുണ്ടാകും, നിഷേധി, ചലിക്കുന്ന ഗ്രന്ഥശാല, ഭര്‍ത്താവ് തുടങ്ങിയ കഥകള്‍ എന്നും ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിച്ചുവെക്കാവുന്നതാണ്.

കാലംമാറി, പ്രശ്‌നങ്ങള്‍ മാറി, ഭാഷമാറി, എങ്കിലും പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്തങ്ങളായ കഥകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്നുള്ളതാണ് സത്യം.പൊന്‍കുന്നം വര്‍ക്കിയുടെ കഥകളില്‍ പലതും ചേറിക്കൊഴിച്ചാല്‍ ഇന്ന് കിട്ടുന്ന സാമൂഹികപ്രശ്‌നമെന്ന വിത്തുകള്‍ക്കുള്ള പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പലതും മുളപൊട്ടി വിടരാവുന്നവയുമാണെന്ന് കാണാന്‍ കഴിയും. പതിരുകള്‍ പാറിപ്പോയാലും വിത്തിനുള്ളിലെ ഊര്‍ജം സജീവമായി ഇന്നും നിലനില്‍ക്കുന്നു. തൊലിപ്പുറമെയുള്ള ആധുനിക ടെക്‌നിക്കുകളേക്കാള്‍ പൊന്‍കുന്നം വര്‍ക്കി എന്ന എഴുത്തുകാരനെ സ്വാധീനിച്ച ഘടകം പ്രതിബദ്ധതയും സാമൂഹികപുരോഗതിയുമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യം പിന്‍തിരിഞ്ഞിട്ടില്ല.

ക്രൈസ്തവത ഒരു യുദ്ധമാണ്, സ്വപ്നമല്ല എന്നദ്ദേഹം പൂര്‍ണമായും വിശ്വസിച്ചു. മനുഷ്യരാശിയോടുള്ള മമതയും കടപ്പാടും, സമൂഹത്തോടുള്ളഉത്തരവാദിത്വവും തന്റെ സൃഷ്ടികളിലൂടെ ആവാഹിച്ചെടുത്തുവെന്നുള്ളതാണദ്ദേഹത്തിന്റെ പ്രത്യേകത. അഗ്‌നിയില്‍ കുരുത്ത ഈ ധിക്കാരിയായ എഴുത്തുകാരന്‍ അതുകൊണ്ടുതന്നെ വിമര്‍ശനത്തിന്റെ മഞ്ഞവെയിലില്‍ വിളറിപ്പോകുന്നില്ല. പരാജയത്തിന്റെ പാഠശാലയിലാണ് സത്യം സത്യമായി വളരുക എന്ന അനുഭവപാഠം പൊന്‍കുന്നം വര്‍ക്കിയുടെ നിഘണ്ടുവില്‍
നിന്ന് മാറ്റിയെഴുതാന്‍ പറ്റില്ല.
(ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം എന്ന പുസ്തകത്തില്‍ നിന്ന്)എം.പി.വീരേന്ദ്രകുമാര്‍

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER