My Blog List

Friday, September 16, 2011

പെട്രോള്‍ 3.14 രൂപ കൂട്ടി

> പുതിയ വില പ്രാബല്യത്തില്‍
> നാലുമാസത്തിനകം രണ്ടാമത്തെ വന്‍വര്‍ധന



ന്യൂഡല്‍ഹി: പെട്രോള്‍ വില 3.14 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവു കൂടിയതിനാലാണ് വില കൂട്ടിയതെന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ അവകാശപ്പെട്ടു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ രണ്ടാമത്തെ വന്‍ നിരക്കു വര്‍ധനയാണിത്. കഴിഞ്ഞ മെയ് 15-ന് പെട്രോളിന് അഞ്ചു രൂപ കൂട്ടിയിരുന്നു.

വിദേശ-ആഭ്യന്തര വിലയിലെ അന്തരം കാരണം ദിവസം 15 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കൂടിയതു കാരണം ലിറ്ററിന് 2.61 രൂപയാണ് നഷ്ടമെന്നുംഎണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കൊല്ലം ജൂണിലാണ് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയത്. അതിനു ശേഷം ഇതുവരെയായി ആറു തവണ വില കൂട്ടിയിട്ടുണ്ട്.

എണ്ണക്കമ്പനികള്‍ക്ക് ഇക്കൊല്ലം 2,450 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വില കൂട്ടിയില്ലെങ്കില്‍ 2,850 കോടി രൂപ കൂടി നഷ്ടമുണ്ടാകുമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. പാചകവാതകവും ഡീസലും സബ്‌സിഡി നിരക്കില്‍ നല്‍കുന്നതുകാരണം ദിവസം 263 കോടി രൂപയാണ് നഷ്ടമെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂണില്‍ ഡീസലിന് മൂന്നു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും പാചകവാതകത്തിന് 50 രൂപയും സര്‍ക്കാര്‍ കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ 66.84 രൂപയും മുംബൈയില്‍ 71.76 രൂപയും കൊല്‍ക്കത്തയില്‍ 71.15 രൂപയും ചെന്നൈയില്‍ 70.64 രൂപയുമായിരിക്കും പുതുക്കിയ വില.

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.എം.കെ. വെള്ളിയാഴ്ചത്തെ മന്ത്രിസഭാ ഉപസമിതി ബഹിഷ്‌കരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദിയോട് ഉപസമിതിയില്‍ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്താന്‍ മമതാ ബാനര്‍ജി നിര്‍ദേശിച്ചിട്ടുണ്ട്.

Thursday, September 15, 2011

ഇന്ത്യന്‍ അനുഭവത്തില്‍ നിന്നുള്ള പാഠങ്ങള്‍

സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിച്ചതിനുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തികരംഗത്തെ അനുഭവങ്ങള്‍ , ബൂര്‍ഷ്വാ (മുഖ്യധാരാ) വികസനസിദ്ധാന്തത്തെ വ്യക്തമായിത്തന്നെ തള്ളിക്കളയുന്നതാണ്. ഈ കാലഘട്ടത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജിഡിപിയുടെ വളര്‍ച്ചാനിരക്ക് ദ്രുതഗതിയിലാണ് വര്‍ദ്ധിച്ചത്. എന്നാല്‍ അതോടൊപ്പംതന്നെ കേവലമായ ദാരിദ്ര്യം വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ഒരു കൈവഴിക്കും വിശദീകരിക്കാന്‍ കഴിയാത്ത ഒരു സംയുക്ത പ്രതിഭാസമാണത്. നമുക്ക് ആദ്യംതന്നെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം. എന്നാല്‍ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച് ചര്‍ച്ചചെയ്ത് നാം സമയം കളയേണ്ടതില്ല. വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്ന നിഗമനത്തെ സംബന്ധിച്ചിടത്തോളം രണ്ട് അഭിപ്രായം ഉണ്ടാവേണ്ട ആവശ്യമില്ല.

കണക്കുകളെ സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടായെന്നുവരാം; എന്നാല്‍ അതില്‍നിന്നുള്ള നിഗമനങ്ങളെ സംബന്ധിച്ച് സംശയങ്ങളൊന്നുമില്ല. എന്നാല്‍ ദാരിദ്ര്യത്തെ സംബന്ധിച്ച ഗവണ്‍മെന്‍റിെന്‍റ കണക്കുകള്‍ (ആസൂത്രണക്കമ്മീഷെന്‍റ കണക്കുകള്‍) നിഗമനങ്ങളില്‍ എത്തിച്ചേരുന്ന കാര്യത്തില്‍ , ഒട്ടുംതന്നെ സത്യസന്ധമല്ല എന്നതാണ് വസ്തുത. അതിനാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണ്. ഇന്ത്യയില്‍ ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചകാലംതൊട്ട്, ദാരിദ്ര്യത്തെ സംബന്ധിച്ച നിര്‍വചനം താഴെപറയുന്ന വിധത്തിലാണ: ഗ്രാമീണ മേഖലയില്‍ 2400 കലോറി ഊര്‍ജ്ജത്തിനുവേണ്ട ഭക്ഷണം പ്രതിദിനം പ്രതിശീര്‍ഷം ലഭ്യമല്ലാത്തവരും നഗരപ്രദേശങ്ങളില്‍ 2100 കലോറി ഊര്‍ജ്ജത്തിനുവേണ്ട ഭക്ഷണം പ്രതിദിനം പ്രതിശീര്‍ഷം ലഭ്യമല്ലാത്തവരും ദരിദ്രരാണ്. ഇന്ന് ഓരോവര്‍ഷവും ഇക്കാര്യത്തില്‍ ചെറിയ തോതിലുള്ള സാമ്പിള്‍ സര്‍വെയും അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ കൂടുതല്‍ വിപുലമായ സാമ്പിള്‍ സര്‍വ്വെയും നടത്തപ്പെടുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് നമുക്ക് പ്രത്യക്ഷത്തില്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് നേരിട്ടുതന്നെ ദാരിദ്ര്യത്തിെന്‍റ അളവ് കണക്കാക്കാം. (ഇത് കേവലമായ ദാരിദ്ര്യത്തിന്റെ കണക്കാണ്).

വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്ന കാലഘട്ടത്തിലും ഈ കണക്കുകൂട്ടല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നത്. ദാരിദ്ര്യത്തിെന്‍റ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള പലതരത്തിലുള്ള പരോക്ഷ മാര്‍ഗ്ഗങ്ങളും അവര്‍ അവലംബിക്കുന്നു. "ജനങ്ങളുടെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍പിന്നെ, അവര്‍ക്കു ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും കലോറി ഊര്‍ജ്ജത്തിെന്‍റ അളവും കുറഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്" എന്ന് സര്‍ക്കാരിനോട് ചോദിച്ചുവെന്നിരിക്കട്ടെ. അവരുടെ ഉത്തരം ഇതായിരിക്കും: "ജനങ്ങളുടെ സ്ഥിതി ഭേദപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്ന് മറ്റ് ചെലവിനങ്ങളിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കുന്നു. അവരുടെ ചെലവുകള്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ലഭിക്കുന്ന കലോറി ഊര്‍ജ്ജം കുറഞ്ഞുകൊണ്ടിരിക്കുന്നത്." മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ വാദഗതിയനുസരിച്ച് കലോറി ഊര്‍ജ്ജം കുറയുന്നത് ആളുകള്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണത്. എന്നാല്‍ ആസൂത്രണക്കമ്മീഷന്‍തന്നെ തുടക്കത്തില്‍ ദാരിദ്ര്യം അളക്കുന്നതിന് ആവിഷ്കരിച്ച ഉപാധികളുടെ അടിയില്‍ കിടക്കുന്ന ധാരണകള്‍ക്ക് കടകവിരുദ്ധമാണത്. എന്നുതന്നെയല്ല, സാമാന്യബുദ്ധിയേയും സാര്‍വദേശീയ അനുഭവങ്ങളെയും അത് കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.

വരുമാനവിതരണം കൂടുതല്‍ വഷളാകുന്നു ഗ്രാഫിന്റെ x ആക്സിസില്‍ പ്രതിശീര്‍ഷ യഥാര്‍ഥ വരുമാനവും y ആക്സിസില്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും (പ്രത്യക്ഷ ഉപഭോഗവും പരോക്ഷ ഉപഭോഗവും രണ്ടും കണക്കിലെടുത്തുകൊണ്ട്. അതില്‍ പരോക്ഷ ഉപഭോഗം എന്നതില്‍ സംസ്കരിക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും മാംസവിഭവങ്ങളും ഉള്‍പ്പെടുന്നു) പ്രതിനിധാനംചെയ്തുകൊണ്ട് വരുമാന-ഉപഭോഗ ഗ്രാഫ് വരച്ചുവെന്നിരിക്കട്ടെ. അപ്പോള്‍ വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ഭക്ഷ്യധാന്യ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വളരെ ഉയര്‍ന്ന ഒരു വരുമാനത്തില്‍ എത്തിക്കഴിയുമ്പോള്‍ (ഇന്ത്യയിലെ മഹാ ഭൂരിപക്ഷവും നേടുന്ന വരുമാനത്തേക്കാള്‍ എത്രയോ ഉയര്‍ന്നതായിരിക്കും അത്) ഉപഭോഗവര്‍ദ്ധന നിലയ്ക്കുകയും ചെയ്യുന്നതായി കാണാം. അപ്പോള്‍ ഗ്രാഫ് നേര്‍രേഖയിലായിത്തീരുന്നു. ഇത് സാര്‍വ്വദേശീയമായിത്തന്നെയുള്ള അനുഭവമാണ്. ഉപഭോഗത്തിന്റെ കാര്യത്തിലെന്നപോലെ ആളുകള്‍ സ്വീകരിക്കുന്ന കലോറി ഊര്‍ജ്ജത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. എന്നുതന്നെയല്ല ഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ അളവ് നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം വരുമാനംതന്നെയാണെന്ന് കാണാം. വിവിധ രാജ്യങ്ങളിലെ ഉപഭോഗ വ്യത്യാസത്തിന് കാരണം അതാണ് എന്നു കാണാം. മറ്റൊരു ഘടകവും അത്രമാത്രം നിര്‍ണായകമല്ല. അതുകൊണ്ട്, ലോകത്തിലെവിടെയും ദൃശ്യമാകുന്ന വ്യക്തമായ ഒരു നിയമമായിത്തന്നെ അതിങ്ങനെ പ്രസ്താവിക്കാം:

ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ മൊത്തം ഭക്ഷ്യധാന്യ ഉപഭോഗവും അതോടൊപ്പം കലോറി ഊര്‍ജ്ജ ഉപഭോഗവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ഉയര്‍ന്ന ഒരു വരുമാനതലത്തിലെത്തിക്കഴിഞ്ഞാല്‍ അത് നേര്‍രേഖയിലായിത്തീരുംവരെ ഈ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. മറിച്ച് ചില രാജ്യങ്ങളില്‍ ചില കാലയളവുകളില്‍ കലോറി ഊര്‍ജ്ജത്തിന്റെ ഉപഭോഗവും അതോടൊപ്പം പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും കുറയുന്നതായി കാണുകയാണെങ്കില്‍ (ഇക്കാര്യത്തില്‍ ഇന്ത്യയില്‍ സംശയാതീതമായ വിധത്തില്‍ത്തന്നെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാണ്) ജനസംഖ്യയില്‍ ഭൂരിഭാഗത്തിെന്‍റയും സാമ്പത്തിക സ്ഥിതി യഥാര്‍ത്ഥത്തില്‍ മോശമായിട്ടുണ്ടായിരിക്കണം; അതായത് ആ കാലയളവില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായിട്ടുണ്ടാവണം. ഇതുതന്നെ മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍ , ഒരു രാജ്യത്ത് യഥാര്‍ത്ഥ പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പംതന്നെ, പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ , ആ രാജ്യത്തിലെ വരുമാന വിതരണം ആ കാലയളവില്‍ വളരെയേറെ വഷളായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വെറുമൊരു ശരാശരി സംഖ്യയായ പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍ത്തന്നെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിെന്‍റയും സ്ഥിതി കേവലമായിത്തന്നെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും വ്യക്തമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇതൊരു പ്രഹേളികയാണ്-ബൂര്‍ഷ്വാ വികസന സിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു പ്രഹേളിക. ഏറ്റവും പരുക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത് ഇതാണ്. പ്രതിശീര്‍ഷവരുമാനം വര്‍ദ്ധിക്കുന്നതുകൊണ്ട് എല്ലാവരുടെയും സ്ഥിതി മെച്ചപ്പെടുന്നവിധത്തിലുള്ള "കിനിഞ്ഞിറങ്ങല്‍" പ്രക്രിയ നടക്കുന്നുണ്ട്; അങ്ങനെ വരുമ്പോള്‍ പ്രതിശീര്‍ഷവരുമാനം ഉയരുന്നതിനനുസരിച്ച് ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കണം.

ഈ സിദ്ധാന്തത്തിെന്‍റ കൂടുതല്‍ പരിഷ്കൃതമായ ഒരു ഭാഷാന്തരത്തില്‍നിന്നും ഇതേ നിഗമനം ഉരുത്തിരിച്ചെടുക്കാവുന്നതാണ്. ദാരിദ്ര്യത്തെ അത് ഒരു "കെണി"യായിട്ടാണ് കാണുന്നത്. രാജ്യങ്ങള്‍ ദാരിദ്ര്യത്തിന്റെ "കെണിയില്‍ ചെന്നകപ്പെ"ടുന്നു; അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. അവരുടെ ദാരിദ്ര്യത്തിന്റെ അവസ്ഥയില്‍ , അത്തരം ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള വര്‍ത്തുള ശക്തികളും സംയുക്ത കാര്യകാരണ ബന്ധങ്ങളും നിലനില്‍ക്കുന്നതാണ് അതിനുകാരണം. ഉദാഹരണത്തിന് ഒരു രാജ്യത്തിലെ പ്രതിശീര്‍ഷ മൂലധനം കുറവാണെങ്കില്‍ തൊഴില്‍ ഉല്‍പാദനക്ഷമതയും കുറവായിരിക്കും; അതുകാരണം അധ്വാനിക്കുന്ന തൊഴിലാളികളുടെ കൂലി കുറവായിരിക്കും; അത് അവരെ ദരിദ്രരാക്കിത്തീര്‍ക്കുന്നു. എന്നാല്‍ അവര്‍ക്ക് ഈ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. കാരണം പ്രതിശീര്‍ഷ ഉപഭോഗത്തിന് (നിലനില്‍പ്പിന്റേതായ) ഒരു താഴ്ന്നതലം ഉള്ളതുകൊണ്ട്, പ്രതീശീര്‍ഷ ഉല്‍പാദനം (അഥവാ തൊഴില്‍ ഉല്‍പാദനക്ഷമത) താഴ്ന്നതാകുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന സമ്പാദ്യവും നിക്ഷേപവും വളരെ തുച്ഛമായിത്തീരുന്നു; അതുകൊണ്ട് പ്രതിശീര്‍ഷ മൂലധനത്തിന്റെ അളവ് വളരെ താഴ്ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു; അതുമൂലം പ്രതിശീര്‍ഷ ഉല്‍പാദനത്തിന്റെ അളവും വളരെ താഴ്ന്ന നിലവാരത്തില്‍ത്തന്നെ തുടര്‍ച്ചയായി നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ ദാരിദ്ര്യം ദാരിദ്ര്യത്തെ ജനിപ്പിക്കുന്നു; അതൊരു കെണിയായിത്തീരുന്നു; അതില്‍നിന്ന് രാജ്യങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് കഴിയുകയില്ല. "വിദേശ സഹായം" സ്വീകരിക്കുന്നതിനുള്ള ഒരു ന്യായീകരണമായി ഈ വാദമുഖത്തെ പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുന്നതിന് രാജ്യങ്ങളെ പ്രാപ്തമാക്കുന്ന ഒരു ബാഹ്യശക്തിയാണ് വിദേശസഹായം എന്നാണ് വാദം. പക്ഷേ ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ ഉല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ , ആ രാജ്യത്തിന് ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയണം എന്നുതന്നെയാണ് ഈ വാദവും പ്രസ്താവിക്കുന്നത്. പരുക്കന്‍ രീതിയിലുള്ള "കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം" പ്രസ്താവിക്കുന്നതിനോട് തികച്ചും സമാനമായ ഒരു നിഗമനം തന്നെയാണിത്. വളര്‍ച്ചാവര്‍ദ്ധനയും ദാരിദ്ര്യവും ഒരേ സമയം സംഭവിക്കുന്നു എന്നാല്‍ ഒരു പ്രത്യേക കാലയളവില്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നതും അതേ അവസരത്തില്‍ത്തന്നെ കേവലമായ ദാരിദ്ര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ദാരിദ്ര്യത്തിന്റെ കെണി എന്ന വാദമുഖം രാജ്യങ്ങള്‍ക്ക് ബാധകമാക്കുന്നതിനുപകരം ഒരു രാജ്യത്തിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്ക് ബാധകമാകുംവിധം വിശദീകരിക്കാം എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യത്തിന്റെ നിലനില്‍പ്പും ഒരേസമയം സംഭവിക്കുന്നതിനെ വിശദീകരിക്കുന്നതിനായി, താഴെപറയുന്ന വിധത്തിലുള്ള ഒരു വാദമുഖം ആവിഷ്കരിക്കാവുന്നതാണ്:

ഒരു രാജ്യത്തിനുള്ളില്‍ത്തന്നെ, ദാരിദ്ര്യത്തിെന്‍റ കെണിയില്‍ അകപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കാം. അത്തരം കെണികളില്‍നിന്ന് രാജ്യം മൊത്തത്തില്‍ രക്ഷപ്പെടുന്ന അവസ്ഥയില്‍ത്തന്നെ ഈ വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ വാദമുഖത്തെ സംബന്ധിച്ചിടത്തോളം പ്രകടമായ മൂന്ന് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യം നിലനില്‍ക്കുന്നതും ഒരേ സമയത്ത് സംഭവിക്കുന്നതിനെ വിശദീകരിക്കാന്‍ അതുകൊണ്ട് കഴിയുമെങ്കിലും ഒരേസമയത്ത് വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്നതും ദാരിദ്ര്യം വര്‍ധിക്കുന്നതുമായ പ്രതിഭാസത്തെ വിശദീകരിക്കാന്‍ അതിന് കഴിയുകയില്ല (ദാരിദ്ര്യത്തിന്റെ വര്‍ദ്ധന ഈ രാജ്യങ്ങളിലെ ഈ വിഭാഗങ്ങളുടെ ദീര്‍ഘകാല പ്രവണതയല്ലെങ്കില്‍ . എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ലല്ലോ. ഇന്ത്യയില്‍ ഈ വിഭാഗങ്ങള്‍ പാപ്പരായിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കാലയളവിനുള്ളിലാണല്ലോ).

രണ്ടാമത്, ഏറിക്കവിഞ്ഞാല്‍ ചില ഒറ്റപ്പെട്ട ചെറിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വാദമുഖം ശരിയാണെന്നു വരാം; എന്നാല്‍ രാജ്യത്തിലെ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷത്തിനും അത് ബാധകമാവാന്‍ വഴിയില്ല. (ഉദാഹരണത്തിന് ഗ്രാമീണ ഇന്ത്യയില്‍ പ്രതിദിനം പ്രതിശീര്‍ഷ കലോറി ഉപഭോഗം 2,400-ല്‍ കുറവായ ആളുകളുടെ ശതമാനം 1993-94ല്‍ 74.5 ആയിരുന്നത് 2004-05 ആയപ്പോഴേക്ക് 87 ആയി ഉയര്‍ന്നു എന്ന കാര്യം നാം ഓര്‍ക്കണം. കൂട്ടത്തോടെയുള്ള വ്യാപകമായ പാപ്പരീകരണത്തെയാണത് സൂചിപ്പിക്കുന്നത്; ഏതെങ്കിലും ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം പാപ്പരീകരണമല്ല).

മൂന്നാമത്, രാജ്യം മൊത്തത്തില്‍ വളര്‍ച്ച പ്രാപിക്കുകയും അതേ അവസരത്തില്‍ ചില വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ , ഈ വിഭാഗങ്ങള്‍ ചെന്നകപ്പെട്ടിട്ടുള്ള ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ ഗവണ്‍മെന്‍റ് എന്തുകൊണ്ടാണ് ഇടപെടാത്തത് എന്ന കാര്യത്തെപ്പറ്റിയും ഈ വാദമുഖം വിശദീകരിക്കുന്നില്ല. നാം ആരംഭിച്ച അടിസ്ഥാനപരമായ കാര്യത്തില്‍ത്തന്നെ ഇത് നമ്മെ തിരിച്ചുകൊണ്ടത്തിക്കുന്നു.

കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലയളവില്‍ ഇന്ത്യയിലുണ്ടായ അനുഭവത്തെ വിശദീകരിക്കുന്നതിന്, "മുഖ്യധാരാ" വികസന സിദ്ധാന്തത്തിന്റെ പാഠഭേദങ്ങള്‍ക്കൊന്നും കഴിയുന്നില്ല. നമ്മുടെ അനുഭവത്തിന് വിശദീകരണം ലഭിക്കുന്നതിന് നാം മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലേക്കുതന്നെ തിരിയേണ്ടിയിരിക്കുന്നു. മുതലാളിത്ത മേഖലയും പ്രാങ് മുതലാളിത്ത മേഖലയും ഒരേസമയം നിലനില്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ , പ്രത്യേകിച്ചും ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ , മുതലാളിത്ത മേഖലയുടെ വളര്‍ച്ചയ്ക്ക്, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഭൂമിപോലെയുള്ള) വിഭവങ്ങള്‍ മാത്രമല്ല ചരക്കുകളും (ഭക്ഷ്യധാന്യങ്ങള്‍ . ഭൂമിയുടെ വൈവിധ്യവല്‍ക്കരണം അവയുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്) ലഭിക്കണമെന്ന ആവശ്യം കൂടുതല്‍ കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഉല്‍പന്നം വേണ്ടത്ര അളവില്‍ വര്‍ദ്ധിക്കുന്നില്ലെങ്കില്‍ മുതലാളിത്തമേഖലയില്‍നിന്നുള്ള ഡിമാന്‍റ് വര്‍ധന നിറവേറ്റപ്പെടുന്നത്, നിലവിലുള്ള ഉല്‍പന്നം മാത്രം കൊണ്ടുതന്നെയാണ്. മൂലധനത്തിന്റെ ആദിമ സഞ്ചയത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ അതിലൊരു ഭാഗം ബലംപ്രയോഗിച്ച് പിടിച്ചെടുത്തുകൊണ്ടാണ് അത് സാധിക്കുന്നത്. പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്മേഖല) കൂടുതല്‍ ഉല്‍പന്നം മുതലാളിത്ത മേഖല ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നതിനോടൊപ്പംതന്നെ, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് മുതലാളിത്തമേഖലയിലേക്ക് തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകയില്ല. മറിച്ച് അങ്ങനെ തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍ , പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകതന്നെ ചെയ്യും; അതുവഴി പ്രാങ് മുതലാളിത്ത മേഖലയുടെ കേവലമായ പാപ്പരീകരണം സംഭവിക്കുകയും ചെയ്യും. അത്തരം കേവലമായ പാപ്പരീകരണം, മുതലാളിത്തമേഖലയിലെതന്നെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തെ താഴ്ത്തി നിര്‍ത്തുകയും കുറയ്ക്കുകയും ചെയ്യും. തൊഴിലാളികളുടെ വിലപേശല്‍ കഴിവ് കുറയ്ക്കുന്നതിലൂടെയാണത്.

ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് ഇതാണ്. മുതലാളിത്തത്തിന്‍ കീഴിലെ വളര്‍ച്ചയോടൊപ്പംതന്നെ കടുത്ത ആദിമ മൂലധനസഞ്ചയ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, മാന്ദ്യത്തിലകപ്പെട്ട പ്രാങ് മുതലാളിത്ത മേഖല നിലനില്‍ക്കുന്ന അവസ്ഥയില്‍ , മുതലാളിത്ത മേഖലയില്‍ത്തന്നെ തൊഴില്‍ അവസരങ്ങള്‍ വലിയതോതില്‍ വര്‍ധിക്കാത്ത അവസ്ഥയില്‍ , അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കേവലമായ പാപ്പരീകരണം വര്‍ദ്ധിക്കാതിരിക്കുകയില്ല. പ്രാങ് മുതലാളിത്തമേഖലയില്‍ മാത്രമല്ല, മുതലാളിത്ത മേഖലയില്‍പോലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഈ പാപ്പരീകരണം സംഭവിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മുതലാളിത്ത മേഖലയിലെ വളര്‍ച്ചാനിരക്കിലെ വര്‍ദ്ധനയോടൊപ്പം (ഈ വളര്‍ച്ചാനിരക്ക് സമ്പദ്വ്യവസ്ഥയുടെതന്നെ വളര്‍ച്ചാനിരക്ക് ആയിട്ടാണ് സ്വയം പ്രകാശിതമാകുന്നത്) കേവലമായ ദാരിദ്ര്യവും വര്‍ദ്ധിക്കുകതന്നെ ചെയ്യും.

വളര്‍ച്ചാവര്‍ദ്ധനയോടൊപ്പംതന്നെ ദാരിദ്ര്യത്തിന്റെ വര്‍ധനയും ഒരേസമയത്ത് സംഭവിക്കുന്ന ഈ സ്ഥിതിവിശേഷംതന്നെയാണ് സാമ്പത്തിക ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെയും ഫിനാന്‍ഷ്യല്‍ താല്‍പര്യങ്ങളുടെയും കടുംപിടിത്തം സ്റ്റേറ്റിനുമേല്‍ വര്‍ധിച്ചതോതില്‍ ഉണ്ടാക്കുന്ന ഇത്തരമൊരു ഉദാരവല്‍ക്കരണം, ദരിദ്രരായ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ തടയുന്നതും അതിെന്‍റ ഫലമായി മാന്ദ്യം ഉണ്ടാകുന്നതും ഇന്ത്യയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വേണ്ടത്ര വ്യക്തമാക്കപ്പെടുന്ന വസ്തുതയാണ്. ഇതും ഇതോടൊപ്പം ഭക്ഷ്യധാന്യ കൃഷിയില്‍നിന്ന് ഭൂമി മറ്റ് ഉപയോഗങ്ങള്‍ക്കായി വഴി തിരിച്ചുവിടുന്നതും ഉല്‍പാദനവര്‍ദ്ധന കൈവരിക്കുന്നതിനുള്ള നവീകരണപ്രക്രിയകളുടെ അഭാവവും (ഈ നവീകരണ പ്രക്രിയയ്ക്കും സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്) കാരണമായിട്ടാണ്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കൈവരിച്ച വളര്‍ച്ചാ പ്രക്രിയയെ നേര്‍ വിപരീതമാക്കിത്തീര്‍ക്കുന്ന സ്ഥിതിയാണിത്. അതേ അവസരത്തില്‍തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത മേഖല വളരെ കുറച്ച് തൊഴിലാളികളെ മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം ആകെയെടുത്താല്‍ , സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടില്ല എന്നുതന്നെ പറയാം. മാത്രമല്ല, 2001നും 2008നും ഇടയില്‍ (2008നുശേഷമുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല) തൊഴില്‍ അവസരങ്ങള്‍ കേവലമായ കണക്കില്‍ കുറയുകതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഏറെയൊന്നും തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത മുതലാളിത്ത മേഖലയും അതോടൊപ്പം മൂലധനത്തിന്റെ ആദിമ സഞ്ചയരീതിയും ചേര്‍ന്ന ഒരു അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്ന് അതില്‍നിന്ന് സിദ്ധിക്കുന്നു.

വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്ന അവസരത്തില്‍ത്തന്നെ കേവലമായ പാപ്പരീകരണവും സംഭവിക്കുന്നത് അതുകൊണ്ടാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി തൊട്ട് താഴോട്ടുള്ള ഗവണ്‍മെന്‍റ് വക്താക്കളുടെ ഒരു നീണ്ടനിരതന്നെ നമ്മുടെ മുന്നിലുണ്ട്. പന്ത്രണ്ടാം പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ , വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള ഈ സംഘഗാനം ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിത്തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചയോടൊപ്പംതന്നെ രാജ്യത്തെ കേവലമായ ദാരിദ്ര്യത്തിന്റെ അളവ് ഇനിയും കൂടാതെ തരമില്ല എന്ന് മേല്‍പ്പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ , പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റേണ്ടതുണ്ട്; അതിനാകട്ടെ സ്റ്റേറ്റിന്റെ വര്‍ഗാഭിമുഖ്യത്തില്‍ത്തന്നെ മാറ്റം വരുത്തേണ്ടതുമുണ്ട്.

*
പ്രഭാത് പട്നായിക്, ചിന്ത വാരിക 16 സെപ്തംബര്‍ 2011

Monday, September 12, 2011

കാറ്റു വീഴ്ചക്കാലത്തെ സൂപ്പര്‍താരങ്ങള്‍

തമിഴ് സിനിമ അതിഭാവുകത്വത്തിന്റെയും കൃത്രിമാഭിനയത്തിന്റെയും ചതുരോപായങ്ങള്‍ വെടിഞ്ഞ് യഥാതഥത്വത്തെ പുല്‍കാന്‍ വെമ്പുന്ന കാലത്തായതു കൊണ്ടാണ് ഡോക്ടര്‍ ചിയാന്‍ വിക്രം പ്രകടിപ്പിക്കുന്ന അഭിനയമികവ്; ശിവാജി ഗണേശനും എം ജി ആറിനും മുതല്‍ രജനീകാന്തിനും കമല്‍ഹാസനും വരെ ലഭിച്ച അംഗീകാരത്തിന്റെയും ജനപ്രിയതയുടെയും തോതുകളില്‍ ആസ്വാദകരുടെ ലാളനക്ക് പാത്രീഭൂതമാകാതെ പോകുന്നത് എന്നു വേണം കരുതാന്‍. ഐ ആം സാം(ജെസ്സി നെല്‍സണ്‍/2001) എന്ന ഹോളിവുഡ് ചിത്രവും മെയിന്‍ ഐസാ ഹി ഹൂണ്‍(ഹരി ഭവേജ/2005) എന്ന അതിന്റെ ഹിന്ദി പതിപ്പും അനുകരിച്ച് തമിഴിലിറങ്ങിയ ദൈവതിരുമകള്‍ എന്ന പുതിയ സിനിമയിലെ വിക്രം നിര്‍വഹിക്കുന്ന അതിഗംഭീരമായ അഭിനയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന പങ്കു വെക്കുന്നത്.

അശ്ളീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു നടത്തുന്ന ഹൈ വോള്‍ട്ടേജിലുള്ള സ്റണ്ടുകളും വിദേശ ലൊക്കേഷനുകളില്‍ സെക്കന്റു തോറും മാറുന്ന വസ്ത്രവിധാനങ്ങളുടെ(വസ്ത്രമില്ലായ്മകളുടെയും) മോടിയോടെ ആടുന്ന പാട്ടുരംഗങ്ങളും നിറഞ്ഞ പതിവ് തമിഴ് മസാല സിനിമകളുടെ വഴിയിലല്ല, എ എല്‍ വിജയ് എന്ന സംവിധായകന്റെ യാത്ര എന്ന കാര്യം, കിരീടം, പൊയ് സൊല്ല പോറോം, മദ്രാസ് പട്ടണം എന്നീ മുന്‍ ചിത്രങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. മോഹന്‍ലാലും തിലകനും മത്സരിച്ചഭിനയിച്ചു ഗംഭീരമാക്കിയ കിരീട(ലോഹിതദാസ്/സിബി മലയില്‍)ത്തിന്റെ റീമേക്കാണ് വിജയിന്റെ കിരീടമെങ്കില്‍, ഖോസ്ല കാ ഖോസ്ലയുടെ അനുകരണമായിരുന്നു പൊയ് സൊല്ല പോറോം. മദ്രാസ് പട്ടണമാകട്ടെ ടൈറ്റാനിക്കും ലഗാനും തമ്മിലുള്ള ഒരു മിശ്രിതവുമായിരുന്നു. നതിംഗ് ഈസ് ഒറിജിനല്‍.

അഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ഗതിവിഗതികളും അവര്‍ തമ്മിലുള്ള സ്നേഹപാരസ്പര്യത്തിന്റെ അഗാധതയുമാണ് ദൈവതിരുമകളുടെ അടിസ്ഥാനപ്രമേയം. അഞ്ചുവയസ്സുകാരിയായ കുസൃതിക്കുടുക്ക നിലാ(സാറ എന്ന കൊച്ചു കൂട്ടുകാരി ഗംഭീരമാക്കിയ കഥാപാത്രം)യുടെ പപ്പയാണ് വിക്രം അവതരിപ്പിക്കുന്ന കൃഷ്ണ. സ്നേഹനിധിയായ അയാള്‍ക്ക് പക്ഷെ ഒരു കുഴപ്പമുണ്ട്. അഞ്ചോ ആറോ വയസ്സുകാരനായ ഒരു കുട്ടിയുടെ ബൌദ്ധിക പാകതയേ അയാള്‍ക്കുള്ളൂ. ശാരീരിക വളര്‍ച്ചക്കു അനുയോജ്യമായ വിധത്തില്‍ മാനസികവളര്‍ച്ച കൈവരിക്കാത്ത ഈ കഥാപാത്രത്തെ മികവുള്ളതാക്കുന്നതില്‍ വിക്രമിന്റെ സംഭാവന എടുത്തുപറയത്തക്ക വിധത്തില്‍ ഗംഭീരമാണ്. മൂണ്ട്രാം പിറൈ(ബാലുമഹേന്ദ്ര)യില്‍ ശ്രീദേവിയും, പതിനാറ് വയതിനിലെ(ഭാരതിരാജ), കല്യാണരാമന്‍, ജപ്പാനില്‍ കല്യാണരാമന്‍(എസ് പി മുത്തുരാമന്‍) എന്നീ സിനിമകളില്‍ കമല്‍ഹാസനും കൈവരിക്കുന്ന അഭിനയ ഉയരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് വിക്രമിന്റെ പ്രകടനം. കൃഷ്ണാ വന്താച്ച്; നിലാ വന്താച്ച് എന്നു പറഞ്ഞു കൊണ്ട്; കൈകളുടെ പ്രകടനത്തിലൂടെ അഛനും മകളും ചേര്‍ന്ന് നടത്തുന്ന കളികളും, നിലായുടെ ദിനചര്യകള്‍ ശ്വേത(അമലാ പോള്‍)ക്ക് കൃഷ്ണ വിവരിച്ചുകൊടുക്കുന്നതും പോലുള്ള സീനുകള്‍ മൂലചിത്രത്തില്‍ നിന്ന് അതേപടി കോപ്പിയടിച്ചതാണെന്നാണ് അപ്പര്‍സ്റാള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് നിരൂപണങ്ങള്‍ കണ്ടെത്തുന്നത്. അതെന്തായാലും ഈ രംഗങ്ങളില്‍ വിക്രമിന്റെയും സാറയുടെയും പ്രകടനങ്ങള്‍ മനസ്സില്‍ സ്പര്‍ശിക്കുന്നതാണ്.

പ്രസവത്തില്‍ ഭാര്യ മരിക്കുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെ കൊച്ചു കുഞ്ഞിനെ ആദ്യമായി അഛന്‍ വിസ്മയത്തോടെ കാണുന്നത്; സ്കൂള്‍ ജനാലക്കപ്പുറവും ഇപ്പുറവും നിന്ന് അവര്‍ നടത്തുന്ന ആംഗ്യവിക്ഷേപങ്ങള്‍; കോടതി മുറിയില്‍ വാദപ്രതിവാദം നടക്കവെ അവര്‍ തമ്മില്‍ നടത്തുന്ന നിശ്ശബ്ദമായ ആശയവിനിമയങ്ങള്‍; സ്കൂളാനിവേഴ്സറി ദിവസം അവള്‍ ഇംഗ്ളീഷ് പാട്ട് പാടുന്നത് കേട്ടയാള്‍ ആനന്ദത്തിലാറാടുന്നത് പോലുള്ള സീനുകള്‍ രണ്ടു പേരും അതിഗംഭീരമാക്കിയിട്ടുണ്ട്. സങ്കീര്‍ണതകളോ മറുപുറമോ ഇല്ലാത്ത വിധത്തില്‍ നന്മ മാത്രം കൈമുതലായുള്ള കഥാപാത്രമായിരുന്നിട്ടു കൂടി മിതത്വത്തോടും കൈയടക്കത്തോടും കൂടിയുള്ള വിക്രമിന്റെ അഭിനയം കണ്ണു നനയിക്കുക തന്നെ ചെയ്യും. വക്കീല്‍ക്കിട്ടയും ഡോക്ട്ടര്‍ക്കിട്ടയും പൊയ് പേശ കൂടാത്; ആനാ വക്കീലും ഡോക്ടറും പൊയ് പേശലാം(വക്കീലിനോടും ഡോക്ടറോടും നുണ പറയരുത്; എന്നാല്‍ വക്കീലിനും ഡോക്ടര്‍ക്കും നുണ പറയാവുന്നതാണ്), സാമിക്ക് അമ്മ കെടയാതാ (ദൈവത്തിന് അമ്മയില്ലേ?) തുടങ്ങിയ സംഭാഷണങ്ങള്‍ ആലോചനാമൃതമാണെന്ന ബിഹൈന്റ് വുഡ്സ് റിവ്യൂ ബോര്‍ഡിന്റെ നിരീക്ഷണങ്ങളോട് യോജിക്കാവുന്നതാണ്.

വിക്രം തന്റെ അഭിനയമികവ് ശ്രദ്ധേയമായ വിധത്തില്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. 1990ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ജോണ്‍ കെന്നഡി വിനോദ് രാജ് എന്ന വിക്രം തമിഴിനു പുറമെ തെലുങ്ക്, മലയാളം സിനിമകളില്‍ അനവധി അപ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രാരംഭകാലത്തെ അനിശ്ചിതാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നു. ധ്രുവം, സൈന്യം, തുടങ്ങി ജോഷി സംവിധാനം ചെയ്ത മലയാള ഹിറ്റുകളില്‍ ചെറിയ റോളുകളില്‍ വിക്രം അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത സേതു(1999)വിലെ മാനസികവൈകല്യമുള്ള നായകകഥാപാത്രത്തിലൂടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്. ചിയാന്‍ വിക്രം എന്ന പേര് അദ്ദേഹത്തിനു മേല്‍ പതിക്കുന്നത് സേതുവിലെ കഥാപാത്രത്തെ കണക്കിലെടുത്തുകൊണ്ടാണ്. ദില്‍, ജെമിനി, ധൂള്‍, സാമി തുടങ്ങിയ ഹിറ്റുകളിലെ നായകനായതോടെ, മറ്റേതൊരു തമിഴ് സൂപ്പര്‍ താരങ്ങള്‍ക്കുമുള്ളതു പോലെ ജനപ്രീതിയും രസികര്‍ മണ്‍റങ്ങളും വിക്രമിനെയും പൊതിഞ്ഞു തുടങ്ങി.

2003ലിറങ്ങിയ പിതാമഗന്‍ എന്ന സിനിമയിലെ ശ്മശാനസൂക്ഷിപ്പുകാരനും മൃഗതുല്യനുമായ മുഖ്യ കഥാപാത്രത്തെ ഗംഭീരമാക്കിയതിലൂടെ വിക്രം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള രജതകമലം നേടിയെടുക്കുകയും ചെയ്തു. മനുഷ്യശരീരങ്ങളുടെ ചിതകള്‍ ഒരുക്കി കത്തിക്കുന്നവനായതുകൊണ്ട് ചിതന്‍ എന്ന പേരാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത്. ചെറുപ്പത്തില്‍ തന്നെ അനാഥനായി തീര്‍ന്ന ചിതന്‍ ജീവനുള്ള മറ്റു മനുഷ്യരുമായി ബന്ധപ്പെടാന്‍ അവസരമില്ലാത്തതിനെ തുടര്‍ന്ന് സംസാരിക്കാനറിയാത്തവനും മനുഷ്യഗുണമില്ലാത്തവനുമായ പ്രാകൃത ജീവി പോലെയാണ് പെരുമാറുന്നത്. വെര്‍ണര്‍ ഹെര്‍സോഗ് സംവിധാനം ചെയ്ത എനിഗ്മ ഓഫ് കാസ്പര്‍ ഹൌസറിലെ മുഖ്യ കഥാപാത്രത്തെ പോലെ പരിണാമത്തിന് വിധേയമാകുന്നുണ്ടെങ്കിലും, കാസ്പര്‍ ഹൌസറിന്റെ മനസ്സില്‍ അമര്‍ത്തപ്പെട്ടു കിടന്നിരുന്നതു പോലെ ജ്ഞാനത്തിന്റെ കടലും മലകളുമൊന്നും ചിതനിലില്ലായിരുന്നു. എന്നാല്‍, കൃത്രിമത്വമില്ലാത്ത സ്നേഹത്തിന്റെ ആഴങ്ങള്‍ അയാളില്‍ നിന്ന് കണ്ടെടുക്കുന്നത്, കഞ്ചാവു വില്‍പനക്കാരിയായ ഗോമതി(സംഗീത)യാണ്. ശക്തി(സൂര്യ)യും കാമുകി മഞ്ജു(ലൈല)വും അയാളെ അനുതാപത്തോടെ ശുശ്രൂഷിക്കുന്നുമുണ്ട്.

2005ലിറങ്ങിയ ഷങ്കറിന്റെ അന്യന്‍ എന്ന മനശ്ശാസ്ത്ര ത്രില്ലറിലെ ത്രസിപ്പിക്കുന്ന അഭിനയം വിക്രത്തിന്റെ വാണിജ്യഗ്രാഫ് കുത്തനെ ഉയര്‍ത്തി. അത്യന്തം അപകടകരമായ ഒരു സിനിമയായിരുന്നു അന്യന്‍. ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വന്‍, ഇന്ത്യന്‍ തുടങ്ങിയ മുന്‍ ചിത്രങ്ങളിലും ഇതേ അപകടകരമായ പാത തന്നെയാണ് ഷങ്കര്‍ അനുവര്‍ത്തിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ പെഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന രോഗത്തിനടിമപ്പെട്ട രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഈ രോഗം തന്റെ കഴിവായി പ്രയോജനപ്പെടുത്തുകയാണ് അമ്പി. നിഷ്കളങ്കനും സാധുപ്രകൃതിക്കാരനും സത്യസന്ധനുമായ ഒരു അഭിഭാഷകനാണ് അമ്പി. നിയമം പാലിക്കാത്തവര്‍ക്കെതിരെ അയാള്‍ സമര്‍പ്പിക്കുന്ന എല്ലാ കേസുകളും കോടതിയില്‍ പരാജയപ്പെടുന്നു. ഈ പരാജയം അയാളിലെ മാനസിക രോഗിയെ അബോധത്തില്‍ ഉണര്‍ത്തുകയും ജനങ്ങളുടെ പരാതികള്‍ അയാളാരംഭിച്ച ഡബ്ള്യു ഡബ്ള്യു ഡബ്ള്യു ഡോട്ട് അന്യന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ സ്വീകരിക്കുകയും അവയില്‍ നിന്ന് ഏറ്റവും ഗുരുതരമെന്ന് കരുതപ്പെടുന്ന പരാതിക്കാധാരമായ കുറ്റവാളികളെ നിയമം കൈയിലെടുത്തുകൊണ്ട് അതിക്രൂരമായ വിധത്തില്‍ കശാപ്പു ചെയ്യുകയുമാണ് അമ്പി എന്ന അന്യന്റെ(അപരിചിതന്‍ അഥവാ മറ്റൊരാള്‍) രീതി. ബ്രാഹ്മണന്‍ എന്ന അയാളുടെ ജാതി സ്ഥാനത്തിനു പുറമെ, പ്രാചീനമായ(!) ഗരുഡപുരാണത്തിലെ ശിക്ഷാവിധികളിലയാള്‍ക്കുള്ള പ്രാവീണ്യവുമനുസരിച്ചാണ് കൊലകള്‍ ന്യായീകരിക്കപ്പെടുന്നത്. കോടതിയും ആധുനിക നിയമ-നീതിന്യായ സംവിധാനവും ജനാധിപത്യ ഭരണവ്യവസ്ഥയുടെ ക്രമസമാധാനപാലനക്കാരും പരാജയമാണെന്നും, ബ്രാഹ്മണ വിശുദ്ധിയും ഗരുഡപുരാണത്തിന്റെ സംഹിതകളും ചേര്‍ന്ന വംശീയമായ സ്വേഛാധികാര അക്രമമാണ് പരിഹാരമെന്നും നിര്‍ദ്ദേശിക്കുന്ന അന്യന്‍ പോലുള്ള ഒരു സിനിമ, തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും ഫ്രഞ്ചിലും മൊഴിമാറ്റിയും വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നത്, ഇന്ത്യന്‍ സമൂഹത്തിലും ഡയസ്പോറ(ലോകവ്യാപനം)യിലും നിലനില്‍ക്കുന്നതും സജീവത കൈക്കൊള്ളുന്നതുമായ ഫാസിസ്റ് ആശയങ്ങളോടുള്ള ജനാഭിമുഖ്യത്തിന്റെ കൃത്യമായ സൂചനയാണ്.

വഴിയരുകില്‍ മരണാസന്നനായി കിടക്കുന്ന ഒരാളെ രക്ഷിക്കാമായിരുന്നിട്ടും രക്ഷിക്കാത്തതിന്റെ പേരിലാണ്, കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ പോത്തുകളുടെ കൂട്ടത്തിലേക്ക് വിട്ട് വധിക്കുന്നത്. അന്ധകൂപം എന്നാണത്രെ നരകപീഡനത്തില്‍ പെട്ട ഈ കൊലപാതകരീതിയുടെ പേര്. തീവണ്ടി യാത്രക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് കരാറെടുത്ത കരാറുകാരന്‍, വൃത്തിയുള്ള ഭക്ഷണമല്ല കൊടുക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ, കോഴിയെ എണ്ണയില്‍ ചുട്ടെടുക്കുന്നതു പോലെ ഫ്രൈ ചെയ്യുന്നു. കുംഭിപാകം എന്നാണീ കൊലപാതകരീതിയുടെ 'ശാസ്ത്രീയ' നാമം. നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ കൊണ്ട് യന്ത്രങ്ങളുണ്ടാക്കുന്ന മുതലാളിയെ മരത്തില്‍ കെട്ടിയിട്ട്, അയാളുടെ ദേഹത്ത് അട്ടകളെ ചൊരിഞ്ഞ് കടിപ്പിച്ചുകൊല്ലുന്ന കൃമിഭോജനം എന്ന രീതിയും പരീക്ഷിക്കപ്പെടുന്നു. ആശുപത്രിയില്‍ വെച്ച് ഹിപ്നൊട്ടൈസ് ചെയ്യപ്പെടുന്ന അമ്പിയുടെ പൂര്‍വ്വകാല രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതിനു പിന്നാലെ ഡി സി പി പ്രഭാകറിനാല്‍(പ്രകാശ് രാജ്) അയാള്‍ വിശദമായി ചോദ്യം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ അമ്പിയും അന്യനുമായി മാറി മറിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രമിന്റെ മാസ്മരികത ഞെട്ടിപ്പിക്കുന്നതാണ്. അഴിമതിയും ധാര്‍ഷ്ട്യവുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും കടുത്ത പാതകങ്ങള്‍ എന്ന നിലക്കാണ് നന്മയും ധര്‍മവും പുനസ്ഥാപിക്കാനായി അന്യന്‍ അവതരിക്കുന്നത്.

അടിയന്തിരാവസ്ഥ, വര്‍ഗീയ കലാപങ്ങള്‍, ശ്രീലങ്കയില്‍ തമിഴര്‍ അടിച്ചമര്‍ത്തപ്പെടുന്നത്, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, പുത്തന്‍ സാമ്പത്തിക നയം എന്നിവയൊക്കെ നടന്ന പതിറ്റാണ്ടുകളില്‍; സാമ്പാറില്‍ പല്ലി വീണതു പോലുള്ള കുറ്റങ്ങള്‍ക്ക് കൊലപാതകം വിധിക്കുന്ന നായക/സംവിധായകന്റെ മുന്‍ഗണനകള്‍ അത്യന്തം വംശീയവും സ്വേഛാധികാരപരവുമാണ്. അണ്ണാ ഹസാരെയും ബാബാ രാംദേവും രാഷ്ട്രീയേതരരായി അഴിമതിക്കെതിരെ എന്ന വിധേന അവതരിക്കുന്നത് ഇത്തരം സിനിമകളിലൂടെയടക്കം രൂപീകരിക്കപ്പെടുന്ന ജനപ്രിയതയുടെ പരിസരത്തിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഹൈന്ദവ പൌരാണികതയെയും ബ്രാഹ്മണീയതയെയും മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളാകട്ടെ അങ്ങേയറ്റം അപലപനീയവുമാണ്. ഇന്ത്യന്‍ എന്ന ഇതേ രീതിയിലുള്ള സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്‍ ഹാസന്‍, വളരെ അപകടകരമായ ഫാസിസ്റ്റ് സിനിമയാണത് എന്ന് പില്‍ക്കാലത്ത് തുറന്നു സമ്മതിക്കുകയുണ്ടായി. അത്തരമൊരു രാഷ്ട്രീയ ജാഗ്രത പാലിക്കാത്തതിനാല്‍ വിക്രമിന്റെ സ്ഥാനം കമലിന് ഒരു പടി താഴെയാണെന്ന് കരുതാവുന്നതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയം ആവശ്യമില്ല. അതിനു മാത്രം അഭിനയം നടികര്‍ തിലകം മുതല്‍ വിക്രം വരെയുള്ളവര്‍ നടത്തിക്കഴിഞ്ഞു എന്നും പറയാം. ക്വാട്ട തീര്‍ന്നിരിക്കുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, കാതല്‍, വെയില്‍, നാടോടികള്‍, അങ്ങാടിത്തെരു, മൈന തുടങ്ങിയ നവ യഥാതഥ സിനിമകളാണ് അടുത്ത കാലത്തായി തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ അഭിനയിച്ചവര്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അപ്പോള്‍, അഭിനയമികവ് പുറത്തെടുക്കുന്ന വിക്രമിനെപ്പോലുള്ളവര്‍ എന്തു ചെയ്യും? കമല്‍ ഹാസന്‍ വരെ എന്തു ചെയ്യും എന്നു ചോദിക്കേണ്ട അവസ്ഥ പോലുമുണ്ട്, സത്യത്തില്‍.

*
ജി പി രാമചന്ദ്രന്‍

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER