പോര്‍ട്ട്കള്ളിസ് ഹൗസിലെ വില്‍സണ്‍ റൂമില്‍ ബ്രിട്ടീഷ് എം പി മാര്‍ക്ക് മുന്നില്‍ ഷേവിങ് ക്രീം പുരണ്ട മുഖവുമായി നില്‍ക്കേണ്ടിവന്നത് തന്റെ ജീവിതത്തിലെ ഏറ്റവും നാണം കെട്ട ദിനമായിരുന്നെന്നാണ് മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്ക് കുമ്പസരിച്ചത്. ലോകം കണ്ട ഹീനമായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പക്ഷേ മര്‍ഡോക്കിനേക്കാള്‍ നാണം കെട്ടത് പുകഴ്‌പെറ്റ ബ്രിട്ടീഷ് പോലീസ് ശിങ്കങ്ങളായ സ്‌കോട്ട്‌ലന്റ് യാഡാണ്. കാരണം മഞ്ഞപ്പത്രങ്ങളുടെ മാര്‍പ്പാപ്പയായ മര്‍ഡോക്കിന് ദൈവം നാണം പടച്ചപ്പോള്‍ തന്നെ നേരം വെളുത്തുപോയിരുന്നല്ലോ. പക്ഷേ സ്‌കോട്‌ലന്റ് യാഡിന്റെ കാര്യം അങ്ങിനെയല്ല. ലോകത്തെ കുറ്റാന്വേഷകരുടെ മെക്കയായിരുന്നു നമ്പര്‍ 10 ബ്രോഡ് വേയിലെ ആ 20 നില കെട്ടിടം. ലോകപോലീസായ ഇന്റര്‍പോള്‍ മുതല്‍ സി. ഐ. ഡി മൂസ മൂലംകുഴിയില്‍ സഹദേവന്‍ വരെകുറ്റാന്വേഷണത്തിന്റെ ബാലപാഠം പഠിക്കാന്‍ ശ്രമിച്ചത് അവിടെ നിന്നാണല്ലോ. ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന ആഗോള മഞ്ഞമുത്തശ്ശിപ്പത്രം മര്‍ഡോക്ക് അടച്ചുപൂട്ടി ഇരുട്ടി വെളുക്കും മുമ്പേ കസേര തെറിച്ചത് സ്‌കോട്ട്‌ലന്റ് യാഡിലെ ഏതെങ്കിലും ഒരു കോണ്‍സ്റ്റബിളിനല്ല സ്‌കോട്ട്‌ലന്റ് യാഡ് കമ്മീഷണര്‍ പോള്‍ സ്റ്റീഫന്‍സനും അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ യേറ്റ്‌സിനുമാണ്.
കൊലചെയ്യപ്പെട്ട കൗമാരക്കാരിയുടെ ഫോണ്‍കോളുകള്‍ പോലും പരദൂഷണത്തിനായി ചോര്‍ത്തിയ ന്യൂസ്‌കോര്‍പ്പറേഷന്‍ ജീര്‍ണലിസം ന്യൂസ് ഓഫ് ദി വേള്‍ഡും സ്‌കോട്ട്‌ലന്റ് യാഡും ചേര്‍ന്നുള്ള കൂട്ടുകച്ചവടമായിരുന്നത്രേ. ഒന്നും രണ്ടുമല്ല, സ്‌കോട്ട്‌ലന്റ് യാഡിലെ 10 കുറ്റാന്വേഷകരാണ് ഇവര്‍ക്കായി പോലീസ് വേഷത്തില്‍ പാപ്പരാസിപ്പണിയെടുത്തത്. പകരം ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്റര്‍ നീല്‍ വാലസ് തന്നെ സ്‌കോട്‌ലന്റ് യാഡിന്റെ പി ആര്‍ പണിയുമെടുത്തു.
ആര്‍തര്‍ കോനാന്‍ ഡോയലിന്റെ ഇതിഹാസ കഥാപാത്രം ഷെര്‍ലക് ഹോംസ് കഴിഞ്ഞാല്‍ ലോകം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷക സംഘമായി ജനമനസ്സില്‍ ഇടംപിടിച്ചത് സ്‌കോട്ട്‌ലന്റ് യാഡാണ്. ഉരുട്ടിക്കൊന്നും എസ് കത്തി പണിതുമൊന്നുമല്ല അവര്‍ പേരും പെരുമയും നേടിയത്. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ തെളിയിച്ച കേസുകളുടെ എണ്ണം കൊണ്ടാണ് അവര്‍ ജനത്തിന്റെ ആദരവ് നേടിയത്.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെ ഉദ്യോഗജനകമാണ് സ്‌കോട്ട്‌ലന്റ് യാഡിന്റെ 180 വര്‍ഷം നീണ്ട ചരിത്രം. ലോകത്തിലെ ഏറ്റവും പ്രശ്‌സ്തമായ ഈ കുറ്റാന്വേഷണ ഏജന്‍സിയുടെ രണ്ട് നൂറ്റാണ്ട് നീളുന്ന ചരിത്രത്തില്‍ വിജയവും ദുരന്തവും അപവാദവും ഇഴചേര്‍ന്ന് കിടക്കുന്നത് കാണാം.
ലണ്ടന്‍മെട്രോപോളിറ്റന്‍ പോലീസ്
സ്‌കോട്ട്‌ലന്റ് യാഡ് എന്നറിയപ്പെടുന്ന ഈ ലണ്ടന്‍പോലീസിന്റെ യഥാര്‍ത്ഥപേര് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസെന്നാണ്. ബ്രീട്ടീഷ് ഹോം സെക്രട്ടറിയായിരുന്ന റോബര്‍ട്ട് പീല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ ദ മെട്രോപോലിസ് പോലീസ് ഇംപ്രൂവ്‌മെന്റ് ആക്ടിലൂടെയാണ് സ്‌കോട്ടലന്റ് യാഡ് 1829 ല്‍ പിറന്നുവീഴുന്നത്. സ്‌കോട്ട്‌ലന്റിലോ യാഡിലോ അല്ല പ്രവര്‍ത്തനമെങ്കിലും ഈ പോലീസ് സംഘത്തിന് ആ പേര് വന്നതിന് പിന്നിലും അല്‍പം ചരിത്രമുണ്ട്. പോലീസ് ഫോഴ്‌സ് രൂപവത്കരിക്കാന്‍ പാര്‍ലമെന്റ് ചുമതലപ്പെടുത്തിയ രണ്ട് പേരായ കേണല്‍ ചാള്‍സ് റോവനും റിച്ചാര്‍ഡ് മെയ്‌നും മുറിയെടുത്തത് നമ്പര്‍ 4 വൈറ്റ്ഹാള്‍ പാലസിലാണ്. ഈ കെട്ടിടത്തിന്റെ പിന്‍ഭാഗം തുറക്കുന്നത് ദ ഗ്രേറ്റ് സ്‌കോട്ട്‌ലന്റ് യാഡ് എന്ന ഒരു വലിയ മുറ്റത്തേക്കായിരുന്നു. പണ്ട് ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയ സ്‌കോട്ടിഷ് രാജകുടുംബം താമസിച്ചതുകൊണ്ടാണ് ആ മധ്യകാല കൊട്ടാരാങ്കണത്തിന് ആ പേര് വന്നത്. ലണ്ടന്‍ പോലീസ് എന്ന ആശയം പിറന്നത് ആ മുറ്റത്തായത് കൊണ്ട് പിന്നീട് മെട്രോപോളിറ്റന്‍ പോലീസ് സ്‌കോട്ട്‌ലന്റ് യാഡ് എന്ന് അറിയപ്പെടുകയായിരുന്നു.
ആ പേര് കേള്‍ക്കുമ്പോള്‍, ട്രെഞ്ച് കോട്ടും ചുണ്ടില്‍ പൈപ്പുമായി മഞ്ഞ് മൂടിയ ലണ്ടന്‍ തെരുവിലൂടെ പട്രോളിങ് നടത്തുന്ന കുറ്റാന്വേഷകന്റെ ചിത്രമാണ് മനസ്സിലേക്ക് വരിക. ഒപ്പം ഷെര്‍ലക് ഹോംസിന്റെ പോലുള്ള വീര കഥകളും. വായിച്ച പാശ്ചാത്യ അപസര്‍പ്പക നോവലുകള്‍ തീര്‍ത്ത ഈ ഭാവനയ്ക്കുമപ്പുറം ചരിത്രം ചികഞ്ഞാല്‍ പക്ഷേ ഒരുപാട് വിവാദങ്ങളും തുമ്പില്ലാ കേസുകളും നാണക്കേടുകളും കൂടെ പുറത്തുവരും നമ്പര്‍ 10 ബ്രോഡ് വേയിലെ ആ പോലീസ് ആസ്ഥാനത്ത് നിന്നും. 1888 ല്‍ ലണ്ടന്‍ നഗരത്തെ വിറപ്പിച്ച റിപ്പര്‍കൊലപാതകം മുതല്‍ 2005 ലെ ലണ്ടന്‍ ബോംബിങ്ങും ഇപ്പോഴത്തെ ന്യൂസ് ഓഫ് ദി വേള്‍ഡ് വിവാദം വരെ അത് നീളും.
കുറ്റാന്വേഷണം എന്ന കല
പ്രമുഖരുടെ സുരക്ഷയും കുറ്റങ്ങള്‍ തടയലും പോലീസിലേക്ക് ആളെച്ചേര്‍ക്കലും ഒക്കെയായിരുന്നു ആദ്യകാല ഉത്തരവാദിത്വം എങ്കിലും കുറ്റാന്വേഷണ രംഗത്തെ അതികായന്മാരായാണ് സ്‌കോട്ടലന്റ് യാഡ് വളര്‍ന്നതും പേരെടുത്തതും. കാരണം ഫോറന്‍സിക് സാങ്കേതിക വിദ്യയും ഫിംഗര്‍പ്രിന്റുമടക്കം കുറ്റാന്വേഷണ രംഗത്തെ നൂതന സങ്കേതങ്ങളെല്ലാം അവലംബിച്ചുകൊണ്ടായിരുന്നു സ്‌കോട്ട്‌ലന്റ് യാഡിന്റെ പ്രവര്‍ത്തനം തുടക്കം മുതലേ. 1842 ല്‍ തന്നെ വേഷപ്രച്ഛന്നരായ കുറ്റാന്വേഷകരെ സ്‌കോട്ടലന്റ് യാഡ് നിയോഗിച്ച് തുടങ്ങിയിരുന്നു. സി ഐ ഡികള്‍ക്കെതിരെ തുടക്കത്തില്‍ ജനരോഷം ഉയര്‍ന്നെങ്കിലും അന്വേഷകരുടെ മിടുക്കില്‍ കേസുകള്‍ തെളിയിക്കപ്പെട്ടതോടെ രോഷം ആദരവിന് വഴിമാറി. ജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും എന്നും അവര്‍ ശ്രദ്ധിച്ചു. ചാള്‍സ് ഡിക്കന്‍സ് ഒരു സ്‌കോട്ട്‌ലാന്റ് യാഡ് ഇന്‍സ്‌പെക്ടറുമൊത്ത് താന്‍ നടത്തിയ രാത്രി സഞ്ചാരങ്ങള്‍ 'ഓണ്‍ ഡ്യൂട്ടി വിത്ത് ഇന്‍സ്‌പെക്ടര്‍ ഫീല്‍ഡ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതും ഓര്‍ക്കുക. ബ്ലീക്ക് ഹൗസ് എന്ന തന്റെ നേവലിലെ ഇന്‍സ്‌പെക്ടര്‍ ബക്കറ്റിന് ഡിക്കന്‍സ് മാതൃകയാക്കിയതും അതേ ഓഫീസറെയാണ്.
Sir Paul stephenson
ബുള്ളറ്റ് പ്രൂഫ് കാറുകളും നവീന ആയുധങ്ങളുമൊക്കെ ആദ്യം ഉപയോഗിച്ച് തുടങ്ങിയതും സ്‌കോട്ട്‌ലന്റ് യാഡായിരുന്നു. തോക്ക് നിര്‍മാതാക്കളുടെയും ബാലിസ്റ്റിക്ക് വിദഗ്ധരുടെയും സേവനം സ്‌കോട്ട്‌ലന്റ്‌യാഡ് തുടക്കത്തിന്‍ തന്നെ പ്രയോജനപ്പെടുത്തിയിരുന്നു. 1901 ല്‍ വിരലടയാള വിദഗ്ധരെ ഉള്‍പ്പെടുത്തി ആദ്യമായി ഫിംഗര്‍പ്രിന്റ് ബ്യൂറോ സ്ഥാപിച്ചതും അവര്‍ തന്നെ. 1977 ആകുമ്പോള്‍ ഫിംഗര്‍പ്രിന്റ് രേഖകള്‍ മാഗ്നറ്റിക് ടേപ്പില്‍ വീഡിയോഫയലുകളായി സൂക്ഷിക്കാനുള്ള സൗകര്യവും അവര്‍ വികസിപ്പിച്ചെടുത്തിരുന്നു. അവലംബിച്ച ശാസ്ത്രീയ മാര്‍ഗങ്ങളെപ്പോലെ മികച്ച കുറ്റാന്വേഷകരും സ്‌കോട്ട്‌ലാന്റ് യാഡിന്റെ പ്രശസ്തിക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്.
നൂറ്റാണ്ടിന്റെ കുറ്റകൃത്യം
സ്‌കോട്ട്‌ലന്റ് യാഡ് അന്വേഷിച്ചിട്ട് ഇന്നുവരെ തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളില്‍ കുപ്രസിദ്ധമായത് ആദ്യകാലത്ത് അന്വേഷിച്ച റിപ്പര്‍ കൊലപാതക പരമ്പരയാണ്. 1888 നും 1891 നും ഇടയില്‍ ലണ്ടന്‍ നഗരത്തെ പിടിച്ചുകുലുക്കിയ 5 സ്ത്രീകളുടെ കൊലപാതക കേസാണത്. ജാക്ക് ദ റിപ്പര്‍ എന്ന് സ്വയം വിളിച്ച പരമ്പര കൊലയാളി/കൊലയാളികള്‍ ആണ് കൊലകള്‍ നടത്തിയത്. വേശ്യാവൃത്തിക്കായി സ്ത്രീകളെ പണംകൊടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു കുറ്റവാളിയുടെ രീതി. അന്വേഷണത്തിന് ഏറ്റവും മികച്ച കുറ്റാന്വേഷകരെയും സാങ്കേതിക വിദ്യകളെയും ആശ്രയിച്ചെങ്കിലും ഒരാളെപ്പോലും സ്‌കോട്ട്‌ലന്റ് യാഡിന് പിടികൂടാനായില്ല. ഫോറന്‍സിക് ശാഖ വികസിക്കാത്ത അക്കാലത്ത് മുഖത്തെ പ്രത്യേകതകള്‍ അവലംബിച്ചും(ആന്ത്രപോമെട്രി) അവര്‍ അനേഷണം നടത്തുകയുണ്ടായി. അങ്ങിനെ എഴുത്തുകാരനായ ലൂയിസ് കാരള്‍ (ആലിസ് ഇന്‍ വണ്ടര്‍ലാന്റ് ) മുതല്‍ ചിത്രകാരന്‍ വില്യം റിച്ചാര്‍ഡ് സീക്കര്‍ട്ട് വരെ 160 ലധികം പേരെ പ്രതികളാക്കിയെങ്കിലും പക്ഷേ കുറ്റം തെളിയിക്കാനായില്ല. ഒടുവില്‍ 1892 ല്‍ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
നാണം കെടുത്തിയ ലണ്ടന്‍ ഭീകരാക്രമണം
ഭീകര വിരുദ്ധ പോരാട്ടത്തിലും ദീര്‍ഘമായ ചരിത്രവും പരിചയസമ്പത്തും സ്‌കോട്ട്‌ലന്റ് യാഡിനുണ്ട്. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്നാണ് ആ പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്റ് യാഡ് വൈദഗ്ധ്യം നേടിയത്. 1970 കളില്‍ തന്നെ ഐ. ആര്‍. എ. ബ്രിട്ടനിലും വടക്കന്‍ അയര്‍ലന്റിലും കാര്‍ബോംബ് സ്‌ഫോടനമടക്കം വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
John states
പക്ഷേ 2005 ലെ ലണ്ടന്‍ ഭീകരാക്രമണകേസ് സ്‌കോട്‌ലന്‍ഡ് യാഡിന് നാണക്കേടാണുണ്ടാക്കിയത്. അന്വേഷണത്തിനിടെ ജീന്‍ ചാള്‍സ് ഡിമെന്‍സസ് എന്ന ബ്രസീലിയന്‍ ഇലക്രീട്രീഷ്യനെ ചാവേറെന്ന് തെറ്റുധരിച്ച് സ്‌കോട്ട്‌ലന്റ് യാഡിന്റെ കുറ്റാന്വേഷകര്‍ വെടിവെച്ചിട്ടതാണ് കുഴപ്പമായത്. 50 പേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ഭീകരാക്രമണം കഴിഞ്ഞ് 15 ദിവസത്തിനുശേഷമായിരുന്നു ഇത്. ജീന്‍ സംശയിക്കുന്ന എത്യോപ്യക്കാരനാണെന്ന് തെറ്റുധരിച്ചാണ് പോലീസ് വെടിവെച്ചിട്ടത്. ഈ ഈ പ്രശ്‌നത്തില്‍ ബ്രിട്ടീഷ് ജനപ്രതിനിധി സഭ സ്‌കോട്‌ലന്റ് യാഡ് കമ്മീഷണര്‍ സര്‍ ഇയാന്‍ ബ്ലെയറിനെ 2007 ല്‍ വിചാരണ ചെയ്തു. ഉദ്യോഗസ്ഥരാരും തന്നെ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും സ്‌കോട്ട്‌ലന്റ് യാഡിനെ കുറ്റവാളിയായി കണ്ടെത്തുകയായിരുന്നു. 350000 ഡോളര്‍ പിഴയും 770000 ഡോളര്‍ ചിലവും നല്‍കാന്‍ സ്‌കോട്‌ലന്റ് യാഡിനെതിരെ വിധിയുമുണ്ടായി.
കുറ്റവാളികളുമായുള്ള ചങ്ങാത്തം
കുറ്റവാളികളുമായുള്ള ചങ്ങാത്തത്തില്‍ ഇപ്പോള്‍ രാജിവെച്ച പോള്‍ സ്റ്റീഫന്‍സണ്‍ ആദ്യയാളെന്നുമല്ല സ്‌കോട്ട്‌ലന്റ് യാഡില്‍. അതിലും അവര്‍ പേര് കേള്‍പിച്ചിട്ടുണ്ട് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ. 1872 ല്‍ തന്നെ സ്‌കോട്ട്‌ലന്റ് യാഡിലെ അഞ്ച് കുറ്റാന്വേഷക വിഭാഗങ്ങളുടെ തലവന്മാരില്‍ നാല് പേരും കുറ്റവാളികളുമായി ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് യാഡിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുവാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട ഹോവാര്‍ഡ് വിന്‍സന്റിന്റെ കാലത്താണ് വേഷപ്രച്ഛന്നരായ കുറ്റാന്വേഷകരുടെ സംഘം (സി ഐ ഡി) ആദ്യമായി രൂപീകരിക്കപ്പെടുന്നത്. എണ്ണമില്ലാത്തത്ര ബ്രിട്ടീഷ് പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയ ഇപ്പോഴത്തെ ന്യൂസ് ഓഫ് ദി വേള്‍ഡ് കേസില്‍ സ്‌കോട്‌ലന്റ് യാഡ് തലവന്‍ തന്നെ രാജിവെക്കോണ്ടി വന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രശ്‌സ്തമായ പോലീസ് ബ്രാന്‍ഡിനെ ശുദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.
വാല്‍ക്കഷണം
ന്യൂസ് ഓഫ് ദി വേള്‍ഡ് അടച്ചുപൂട്ടാന്‍ ഇടയാക്കിയ ഫോണ്‍ചോര്‍ത്തല്‍ വിവാദം സ്‌കോട്ട്‌ലന്റ് യാഡിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മറ്റൊരു മാറ്റത്തിനും വഴിവെക്കുമെന്നാണ് കേള്‍വി. ചരിത്രത്തിലാദ്യമായി യാഡിന്റെ തലപ്പത്ത് ഒരു വനിത, സാറ തോണ്‍ടന്‍ അവരോധിക്കപ്പെടാന്‍ കളമൊരുങ്ങിയിരിക്കുകയാണ് സ്റ്റീഫന്‍സണിന്റെ രാജിയോടെ.യാസിര്‍ ഫയാസ്

No comments:
Post a Comment