My Blog List

Saturday, August 20, 2011

ലോക്പാല്‍ : സിപിഐഎം നിലപാട്


രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായി അഴിമതി മാറിയിട്ട് കുറച്ചുകാലമായി. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, സാമ്പത്തിക-സാമൂഹ്യ അവസരങ്ങള്‍ കുറഞ്ഞ, ഇന്ത്യ പോലൊരു രാജ്യത്ത് പൊതുസ്വത്ത് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെ സമ്പത്ത് കേന്ദ്രീകരിക്കുന്നത് വികസനത്തെ തടയും. കൂടുതല്‍ അസമത്വങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹത്തിന്റെ ധാര്‍മിക ചട്ടക്കൂടിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. ഈയിടെ പുറത്തുവന്ന 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരും ഉദ്യോഗസ്ഥരും മന്ത്രിമാരും സമ്പാദിച്ചത്. അഴിമതിക്കുശേഷവും മാസങ്ങളോളം അധികാരത്തില്‍ തുടര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള അവസരവും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നു.

ഉന്നതങ്ങളിലെ അഴിമതി ദശാബ്ദങ്ങളായി രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ നയരൂപീകരണ പ്രക്രിയയെ വളച്ചൊടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നതാണ് ഉദാരവല്‍ക്കരണത്തിനുശേഷമുള്ള സ്ഥിതി. നമ്മുടെ ജനാധിപത്യത്തെ പോലും തകര്‍ക്കുമെന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ട് വെല്ലുവിളിക്കുന്നു.

രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ. സമാധാനപരമായ ഒറ്റപ്പെട്ട നിരാഹാര സമരങ്ങളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാനാവില്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം മറ്റു കാര്യങ്ങളും വേണം. പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയവ വേണം. വിദേശ ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ സമഗ്രമായ പരിഷ്കരണത്തിലൂടെയേ അഴിമതി തടയാനാവൂ.

ലോക്പാല്‍ ബില്‍

പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ലോകരാജ്യങ്ങളില്‍ വിവിധ സംവിധാനങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇഛാശക്തിയില്ലാത്തതുമൂലം ഇന്ത്യയില്‍ നാലു പതിറ്റാണ്ടായിട്ടും പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കാനായിട്ടില്ല. ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാറുകളെല്ലാം ബില്‍ പരിഗണിച്ചുവെങ്കിലും പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിനും ഇതില്‍ താല്‍പര്യമില്ല. അഴിമതിയില്‍ മുങ്ങിയ യുപിഎ ഗവണ്‍മെന്റ് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു ബില്ലുമായി രംഗത്തുവന്നത്.

ലോക്പാല്‍ ബില്ലിന്റെ പ്രസക്തിയെയും ആവശ്യകതയെക്കുറിച്ച് സിപിഐ എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

അഴിമതിയുടെ നിര്‍വചനം

പണമുണ്ടാക്കാനുള്ള എല്ലാ അനധികൃത ഇടപാടുകളും അഴിമതിയില്‍പ്പെടും. വഴിവിട്ട് പണം സമ്പാദിക്കുക, പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്വജന പക്ഷപാതത്തിനായി പ്രവര്‍ത്തിക്കുക, സ്വന്തം കാര്യം നേടാന്‍ മറ്റുള്ളവരെ സ്വാധീനിക്കുക, തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുക, അഴിമതിക്കായി ഉദ്യോഗസ്ഥരെ സ്വാധീനിക്കുക, പണമുണ്ടാക്കാനായി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുക എന്നിവയെല്ലാം അഴിമതിയുടെ പരിധിയില്‍ വരും. ഇന്നത്തെ സാഹചര്യത്തില്‍ 1988ലെ അഴിമതിവിരുദ്ധനിയമത്തിന്റെ പരിധി വ്യാപിപ്പിക്കേണ്ടതുണ്ട്.

പൊതു അധികാരം സ്വകാര്യലാഭത്തിനായി ഉപയോഗിക്കുന്നതാണ് പൊതുവെ അഴിമതി. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി അധികാരം ദുര്‍വിനിയോഗിക്കുന്നതും അഴിമതിയായി കാണണം. 88ലെ നിയമത്തിലെ വ്യക്തി എന്ന നിര്‍വചനത്തില്‍ കമ്പനി പെടാത്തതിനാല്‍ ഇത്തരം അഴിമതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പലപ്പോഴും ഇത്തരം കേസുകളില്‍ കോഴപ്പണം കണ്ടെത്താനാവില്ല. എന്നാല്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. പൊതുമേഖലാ സ്ഥാപന വില്‍പ്പന ഇതിന് ഉദാഹരണമാണ്. "നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ബോധപൂര്‍വം അനര്‍ഹമായ നേട്ടം നല്‍കുന്നതും ഏതെങ്കിലും ജീവനക്കാരനില്‍ നിന്ന് അനര്‍ഹമായ നേട്ടം വാങ്ങുന്നതും" എന്ന് കൂടി ഉള്‍പ്പെടുത്തി അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.

സുതാര്യത

ലോക്പാല്‍ വസ്തുത കണ്ടെത്തുന്ന ഒരു സമിതിയാവണം. സ്വമേധയാ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടാകണം. ലഭിക്കുന്ന പരാതികളും മറ്റും അന്വേഷിക്കാനും പ്രഥമദൃഷ്ട്യാ അഴിമതിയുള്ള കേസുകള്‍ പ്രത്യേക കോടതിക്ക് അയക്കാനും സമയബന്ധിതമായി ശിക്ഷ ഉറപ്പുവരുത്താനുമുള്ള അധികാരമുണ്ടാവണം. കേന്ദ്ര തലത്തില്‍ അഴിമതി കേസുകളുമായി ബന്ധപ്പൈട്ട മുഴുവന്‍ സംവിധാനവും ഇതിന്റെ മേല്‍നോട്ടത്തിലാവണം. എക്സിക്യൂട്ടീവ് നടപടികള്‍ക്ക് ശുപാര്‍ശ നല്‍കാനും അതു സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള അധികാരമുണ്ടാവണം. ഇക്കാര്യങ്ങള്‍ സമയബന്ധിതമായും സുതാര്യമായും സ്വതന്ത്രമായും നിര്‍വഹിക്കാന്‍ ലോക്പാലിന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കണം.

നിയമനിര്‍മാണ സഭയും എക്സിക്യട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള വേര്‍തിരിവ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിനൊത്താകണം ലോക്പാല്‍ രൂപീകരണം. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കേണ്ട ഒന്നുണ്ട്. അഴിമതി മാത്രം പരിഗണിക്കുന്ന ഒന്നാണോ അതോ പരാതി പരിഹാരവും അതിന്റെ ചുമതലയാണോ എന്നതാണത്. പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം വേണമെന്നാണ് സിപിഐ എം അഭിപ്രായപ്പെടുന്നത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഇത് സ്ഥാപിക്കണം.

ലോക്പാല്‍ രൂപീകരണവും ഘടനയും

ലോക്പാലില്‍ അംഗമാകാന്‍ കഴിവ്, കാര്യക്ഷമത, പരിചയം യോഗ്യത തുടങ്ങിയ സുതാര്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ലോക്പാല്‍ നിയമത്തില്‍ വ്യക്തമാക്കണം. ഭരണനിര്‍വ്വഹണസമിതി അംഗങ്ങളും പാര്‍ലമെന്റ് നേതാക്കളും ഉന്നത നീതിന്യായവ്യവസ്ഥയിലെ അംഗങ്ങളും നിയമജ്ഞരും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന വിപുലമായ സെലക്ഷന്‍ കമ്മറ്റി വേണം.

ഘടന

ലോക്പാലില്‍ എല്ലാവിഭാഗത്തില്‍ നിന്നും പ്രതിനിധികളുണ്ടാവണം. ചെയര്‍മാനെ കൂടാതെ പത്തംഗങ്ങള്‍ വേണം. ഇതില്‍ നാലു പേര്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കണം. ഭരണ-സിവില്‍ സര്‍വീസ് പശ്ചാത്തലമുള്ള മൂന്നു പേര്‍ . ബാക്കി മൂന്നു പേര്‍ നിയമ, അക്കാദമിക്, സാമൂഹ്യ സേവന മേഖലകളില്‍ നിന്നാവണം. രാഷ്ട്രീയ നേതാക്കള്‍ പാടില്ലെന്നതു പോല വാണിജ്യ, വ്യവസായ മേഖലയില്‍നിന്നും ആരുമുണ്ടാകരുത്.

അധികാരപരിധി

ഉന്നതങ്ങളിലെ അഴിമതി മുന്‍ഗണനാ ക്രമത്തില്‍ പരിഹരിക്കേണ്ടതാണെങ്കിലും, സാധാരണക്കാരന് നിത്യ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അഴിമതിയാണ് വേഗത്തില്‍ പരഹരിക്കേണ്ടത്. സംസ്ഥാനങ്ങളിലെ അധികാരികളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതിയേറെയും. ലോക്പാല്‍ മാതൃകയിലുള്ള സംസ്ഥാന ലോകയുക്തകളുടെ പരിധിയില്‍ മുഴുവന്‍ സംസ്ഥാന ജീവനക്കാരെയും തദ്ദേശസ്ഥാപന, കോര്‍പ്പറേഷന്‍ ജീവനക്കാരെയും പെടുത്തണം. ഇതിനൊപ്പം ജനങ്ങളുടെ പരാതി തീര്‍ക്കാനും പ്രാഥമിക സേവനം ഉറപ്പുവരുത്താനും, മുകളില്‍ നിര്‍ദേശിച്ചതുപോലെ പരാതി പരിഹാര സംവിധാനവും വേണം.

പ്രധാനമന്ത്രി

വേണ്ട മുന്‍കരുതലുകളോടെ പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം. പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാപൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയില്‍ വരുന്ന ബില്ലാണ് 1989ല്‍ വി പി സിങ് ഗവണ്‍മെന്റ് കൊണ്ടുവന്നത്. പിന്നീടുകൊണ്ടുവന്ന മറ്റെല്ലാ കരട് നിയമനിര്‍മാണങ്ങളിലും പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2001ലെ ലോക്പാല്‍ ബില്‍ പരിശോധിക്കുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി കൃത്യമായി ഇക്കാര്യം പറഞ്ഞിരുന്നു. അഴിമതിയില്‍ മുങ്ങിയ ഇപ്പോഴത്തെ സര്‍ക്കാരാണ് 1989നുശേഷം ആദ്യമായി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത്. പ്രധാനമന്ത്രിയടക്കം അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാ പൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയിലും വരണം.

ഉന്നത നീതിന്യായവ്യവസ്ഥയും പരിശോധനക്കു വിധേയമാകേണ്ടതുണ്ട്. ഇവരുടെ അഴിമതി അന്വേഷിക്കാന്‍ ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിവേണമെന്നത് സ്വയം സംരക്ഷണമാകുന്നുണ്ട്. അതേസമയം ഇവരെ ലോക്പാലില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശം ഭരണഘടനാപരമായി സുപ്രിംകോടതിക്കുള്ള സ്വാതന്ത്ര്യത്തിലെ കൈകടത്തലുമാവും. വെറുമൊരു ആരോപണത്തിന്റെ പേരിലും ലോക്പാല്‍ അന്വേഷണം തുടങ്ങാം. അത് ജഡ്ജിമാര്‍ക്ക് ഭീതികൂടാതെ പ്രവര്‍ത്തിക്കുന്നതിനു വിഘാതമാകും.

അതുകൊണ്ട് സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി പരാതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ എന്ന പ്രത്യേക സംവിധാനം ഉണ്ടാകണം. ജഡ്ജിമാരുടെ നിയമനവും അവർക്കെതിരെ ഉയരുന്ന പരാതികളും അഴിമതി ആരോപണങ്ങളും പരിഗണിക്കുന്നത് കമീഷനാവണം. ഇതിന് പ്രത്യേക നിയമനിര്‍മാണം വേണ്ടിവരും.

പാര്‍ലമെന്റ് അംഗങ്ങള്‍

പാര്‍ലമെന്റ് അംഗങ്ങളും നിയമപരിധിയില്‍ വരണം. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താനും അഴിമതി അന്വേഷിക്കാനും ഇപ്പോഴുള്ള സംവിധാനം ദുര്‍ബലമാണ്. ആര്‍ട്ടിക്കിള്‍ 105 അനുസരിച്ച് അംഗങ്ങള്‍ക്ക് സംസാര സ്വാതന്ത്ര്യത്തിനും വോട്ടിങ്ങിനും പ്രത്യേക സംരക്ഷണമുണ്ട്. ഈ സ്വാതന്ത്ര്യവും സംരക്ഷണവും എംപിമാരുടെ അഴിമതിക്ക് ബാധകമാകരുത്. ആര്‍ട്ടിക്കിള്‍ 105 ല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മായി വിലയിരുത്താനും അഴിമതി തടയാനും കഴിയണം. പറ്റുമെങ്കില്‍, വോട്ടിങ്, പ്രസംഗം തുടങ്ങി എംപിയുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിനു പിന്നില്‍ അഴിമതിയുണ്ടെങ്കില്‍ അത് അഴിമതി നിരോധന പരിധിയില്‍ വരുത്താന്‍ കഴിയണം.

ലോകായുക്തകള്‍

കേന്ദ്ര ലോക്പാല്‍ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണം.

കോര്‍പ്പറേറ്റ്-രാഷ്ട്രീയ ബന്ധം

ഉദാരവല്‍ക്കരണത്തിനു ശേഷം അഴിമതിക്കുള്ള പ്രധാന കരാണം വന്‍കിട ബിസിനസ്സുകാരും പൊതുപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നത് തിരിച്ചറിയണം. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാലിന് കഴിയണം. അഴിമതിയിലൂടെ നേടിയ ലൈസന്‍സുകള്‍ , കരാറുകള്‍ , പാട്ടം തുടങ്ങിയവ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കാനാവണം. ഇത്തരംസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും നഷ്ടപ്പെട്ട പണംവീണ്ടെടുക്കാനും അധികാരമുണ്ടാകണം. അതിനു ശുപാര്‍ശ നല്‍കാനുംകഴിയണം.

ഉപസംഹാരം

1. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക

2. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാകും വിധം പൗരാവകാശ സംരക്ഷണ നിയമം കൊണ്ടുവരുക

3. എംപിമാരെ അഴിമതി നിരോധന പരിധിയില്‍കൊണ്ടുവരാന്‍ ഭരണഘടനയുടെ വകുപ്പ് 105 ഭേദഗതി ചെയ്യുക

4. തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ ഉതകുവിധം തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ അടിയന്തിരമായി നടപ്പാക്കുക

5. സംസ്ഥാനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ലോകായുക്തകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക

6. കള്ളപ്പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടി സ്വീകരിക്കുക

ഈണങ്ങളുടെ രാജശില്പി


മലയാളിക്ക് മറക്കാനാകാത്ത ഭാവഗീതങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. രാത്രി എട്ടരയോടെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ചെന്നൈയിലെ പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച കേരളത്തിലെത്തിക്കും.

ജി ദേവരാജനുശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനം ചിട്ടപ്പെടുത്തിയ ജോണ്‍സണ്‍ , ചലച്ചിത്രഗാനരംഗത്ത് വേറിട്ട വഴിയിലാണ് സഞ്ചരിച്ചത്. മികച്ച വയലിന്‍ വാദകനായ ജോണ്‍സണ്‍ പശ്ചാത്തലസംഗീതരംഗത്ത് "ജോണ്‍സണ്‍ സ്റ്റൈല്‍"തന്നെ സൃഷ്ടിച്ചു. മൂന്നുദശകം നീണ്ട ചലച്ചിത്രജീവിതത്തില്‍ മുന്നൂറോളം ചിത്രത്തിന് സംഗീതം നല്‍കി.

തൃശൂര്‍ നെല്ലിക്കുന്നത്തെ സംഗീതപാരമ്പര്യമുള്ള കുടുംബമായ തട്ടില്‍ വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥനായ അന്തോണിയുടേയും മേറിയുടേയും മകനായി 1953 മാര്‍ച്ച് 26ന് ജനനം. ചെറുപ്പത്തില്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ക്വയറില്‍ ഗായകനായ ജോണ്‍സണ്‍ , പ്രാദേശിക സംഗീത ട്രൂപ്പുകളിലും സജീവമായി. ഗാനമേളകളില്‍ പെണ്‍ശബ്ദത്തില്‍ ഗാനം ആലപിച്ചായിരുന്നു തുടക്കം. 1968ല്‍ കൂട്ടുകാര്‍ക്കൊപ്പം വോയ്സ് ഓഫ് തൃശൂര്‍ എന്ന ട്രൂപ്പ് തുടങ്ങി. അമ്പതോളം അംഗങ്ങളുള്ള കേരളം മുഴുവന്‍ അറിയപ്പെടുന്ന ട്രൂപ്പായി അതുമാറി. ജയചന്ദ്രന്‍ , മാധുരി എന്നിവരും വോയ്സ് ഓഫ് തൃശൂരിനുവേണ്ടി പാടി. ജയചന്ദ്രനാണ് ജി ദേവരാജനുമുന്നില്‍ ജോണ്‍സനെ അവതരിപ്പിക്കുന്നത്. ദേവരാജന്റെ സഹായിയായി 1970ല്‍ ചലച്ചിത്രരംഗത്തെത്തി. ഭരതന്റെ ആരവ (1978)ത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

പത്മരാജന്‍ചിത്രങ്ങളില്‍ ജോണ്‍സന്റെ ആദ്യകാല ഹിറ്റുകള്‍ പിറന്നു. കൂടെവിടെമുതല്‍ ഞാന്‍ ഗന്ധര്‍വന്‍വരെ 17 ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചു. ട്യൂണിനൊപ്പിച്ച് ഒ എന്‍ വി ആദ്യമായി പാട്ടെഴുതുന്നത് ജോണ്‍സനുവേണ്ടിയാണ് (കൂടെവിടെയിലെ ആടിവാ കാറ്റേ എന്ന ഗാനം). സത്യന്‍ അന്തിക്കാടിന്റെ 25 ചിത്രത്തിന് സംഗീതം പകര്‍ന്നു. കിരീടത്തിലെ "കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി" എന്ന ഗാനം ജോണ്‍സണ്‍ ട്യൂണിട്ടശേഷം കൈതപ്രം വരികളെഴുതി ചിട്ടപ്പെടുത്തിയതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് പിറന്നത് കൈതപ്രം- ജോണ്‍സണ്‍ കൂട്ടുകെട്ടില്‍നിന്നാണ്. സത്യന്‍ അന്തിക്കാടിന്റെ "വരവേല്‍പ്പി"ലൂടെയാണ് കൂട്ടുകെട്ടിന് തുടക്കം. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവുമായിരുന്നു ജോണ്‍സന്റെ സുവര്‍ണകാലഘട്ടം. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഫോട്ടോഗ്രാഫറിലൂടെ (2006) തിരിച്ചെത്തി. ജോണ്‍സണ്‍ സിനിമയില്‍ പാടിയത് ഏ ആര്‍ റഹ്മാന് വേണ്ടി മാത്രം. കണ്‍കള്‍ കൈദി സെയ് (2004)എന്ന ചിത്രത്തിലെ തീ കുരുവി.. എന്ന ഗാനം. പശ്ചാത്തല സംഗീതത്തിന് തുടര്‍ച്ചയായി രണ്ടുവര്‍ഷം ദേശീയ പുരസ്കാരം നേടി. (പൊന്തന്‍ മാട -1994, സുകൃതം-1995). അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ . ഭാര്യ: റാണി. മക്കള്‍ : ഷാന്‍ , റെന്‍ . സഹോദരങ്ങള്‍ : പോളി, ചാക്കോ, ജോര്‍ജ്, പരേതയായ മോളി.

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

മലയാളി എന്നെന്നും നേഞ്ചേറ്റി ലാളിക്കുന്ന ഒത്തിരി ഗാനങ്ങളിലൂടെ ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ ഈണങ്ങളുടെ അധിപന്‍ ഇനി ജീവിക്കുന്നത് മധുരം ജീവാമൃതബിന്ദു, മധുരം പോല്‍ മധുരാധരം പോല്‍ , മെല്ലെമെല്ലെ മുഖപടം തുടങ്ങിയ ഗാനങ്ങളിലൂടെയായിരിക്കും.മലയാളസിനിമാസംഗീതത്തിന് ഭാവശുദ്ധിയുടെ ഇളനീര്‍ തെളിമ പകര്‍ന്ന സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ . മലയാളിത്തം തുളുമ്പുന്ന പാട്ടുകളായിരുന്നു ജോണ്‍സന്റെ പ്രത്യേകത. ആര്‍ക്കും ഏറെയിഷ്ടം തോന്നിപ്പോവുന്ന ഭാവുകത്വം നിറച്ചായിരുന്നു ജോണ്‍സണ്‍ പാട്ടുകളൊരുക്കിയിരുന്നത്. സാധാരണസിനിമാസംഗീതകാരന്‍മാരെപ്പോലെ വിട്ടുവീഴ്ചകള്‍ക്കൊരുക്കമായിരുന്നില്ല ഈ പ്രതിഭ. വരികള്‍ക്കിടയില്‍ നിന്നും വിഷാദവും പ്രണയവും ഗൃഹാതുരതയുമൊക്കെ പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ജനുസുകളെ മലയാളത്തിലുണ്ടായിരുന്നുള്ളു. സംവേദനത്വത്തിന്റെ ഗരിമയില്‍ ആസ്വാദകഹൃദയങ്ങളെ തോറ്റിയുണര്‍ത്താനുള്ള ആ കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. ഞാന്‍ ഗന്ധര്‍വ്വന്‍ ആയിരുന്നു ഏറ്റവും വലിയ ഉദാഹരണം. ഒരു മിത്തിനെ യാഥാര്‍ത്ഥ്യത്തിന്റെ പൊടിപോലുമവശേഷിപ്പിക്കാതെ ഹൃദസ്പൃകായി അവതരിപ്പിക്കുന്നില്‍ ജോണ്‍സണ്‍ കാട്ടിയ പാടവം ഒന്നു വേറെ തന്നെയായിരുന്നു. പത്മരാജന്‍ , ജോണ്‍സണ്‍ കൂട്ടുകെട്ടും ഒഎന്‍വിയുമായുള്ള ചങ്ങാത്തവും എണ്‍പതുകളിലെ മലയാളസംഗീത ശാഖയെ സമ്പന്നമാക്കിയിരുന്നു. കണ്ണീര്‍പ്പുവിന്റെ കവിളില്‍ തലോടി, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം, സ്വര്‍ണ്ണമുകിലെ സ്വര്‍ണ്ണമുകിലെ, ദൂരെ ദൂരെ സാഗരം തേടി, അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞപൂക്കള്‍ , ഒരുനാള്‍ പ്രിയ രാത്രി നെയ്തു,ആകാശമാകെ, തുടങ്ങി മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളായിരുന്നു ജോണ്‍സന്റെ സംഭാവനകള്‍ .

1993 ല്‍ പൊന്തന്‍മാടക്കും 1994ല്‍ സുകൃതത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാടയുടെ സംഗീതത്തിന്റെ സാരള്യത്തിനാണ് പരിഗണിച്ചിരന്നതെങ്കില്‍ സുകൃതത്തില്‍ പാട്ടില്‍ കൊരുത്തിട്ട ജീവിതാസക്തിക്കാണ് അവാര്‍ഡെന്നായിരുന്നു മാധ്യമങ്ങളുടെ വിവിശകലനം. പാട്ടുകളുടെ ഭാവഗരിമയില്‍ എന്നെന്നും വിരാജിച്ചിരുന്ന രാജശില്‍പ്പിയായിരുന്നു ജോണ്‍സണ്‍ . തലമുറകളുടെ സംഗീതപാരമ്പര്യം സിരകളിലേറ്റ് വാങ്ങിയാണ് ജോണ്‍സണ്‍ വളര്‍ന്നത്. മലയാളം ഏക്കാലവും ഓര്‍ക്കുന്ന മികച്ച ഗാനങ്ങളുടെ സൃഷ്ടാവെന്നതിലുപരിയായി സിനിമയുടെ റീ-റിക്കാര്‍ഡിങ്ങ് ചരിത്രത്തിന് ജോണ്‍സണ്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാവില്ല. ഇഴഞ്ഞു നീങ്ങുന്ന സീനുകളെ പോലും ജോണ്‍സണ്‍ സംഗീതം ചടുലമാക്കിയതിന്റെ അനുഭവവുമുണ്ട്. "ചാമരം" ഉള്‍പ്പടെയുള്ള തന്റെ തിരക്കഥകളെ സംഗീത സ്പര്‍ശത്താല്‍ ജോണ്‍സണ്‍ ഉല്‍കൃഷ്ടമാക്കിയതിനെക്കുറിച്ച് തിരക്കഥാകൃത്ത് ജോണ്‍പോള്‍ അനുസ്മരിച്ചു.. ഭരതന്‍ , പത്മരാജന്‍ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്‍സണ്‍ എന്ന പ്രതിഭയുടെ സംഗീതമാണ്. ആര്‍ കെ ശേഖറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാര്‍ ഇളയരാജയും ജോണ്‍സണുമാണ്. വളരെ വേഗത്തില്‍ ഈണങ്ങളൊരുക്കാന്‍ ജോണ്‍സണ് കഴിഞ്ഞിരുന്നു. സിനിമയുടെ ആത്മാവറിഞ്ഞ് മാത്രം സംഗീതമൊരുക്കിയ സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ .

സിനിമയുടെ ആത്മാവറിഞ്ഞ സംഗീതജ്ഞന്‍

മലയാള സിനിമാസംഗീതചരിത്രത്തിന്റെ 50ാം വാര്‍ഷികം 1988-89ല്‍ ആര്‍ഭാടമായി തിരുവനന്തപുരത്ത് ആഘോഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ നൗഷാദാണ് മലയാള സിനിമയില്‍ നിന്ന് തനിക്ക് ഇഷ്ടപ്പെട്ട 50 ഗാനങ്ങള്‍ തെരഞ്ഞെടുത്തത്. മൂന്നു ദിവസം നീണ്ടുനിന്ന ശ്രമകരമായ ആ സംഗീത അവതരണ സദസിന് ചുക്കാന്‍ പിടിച്ചത് ജോണ്‍സണ്‍ ആണ്. ഓര്‍ക്കസ്ട്രയുടെ മുഴുവന്‍ നിയന്ത്രണവും അദ്ദേഹത്തിനായിരുന്നു. ഒടുവില്‍ പാട്ടുകളുടെ ദിനരാത്രങ്ങള്‍ പെയ്തൊഴിഞ്ഞപ്പോള്‍ നൗഷാദ് തന്റെ കൈയില്‍ കിടന്ന സ്വര്‍ണ ബ്രേസ്ലെറ്റ് ഊരി ജോണ്‍സണ് സമ്മാനിച്ച ആ രംഗം മറക്കാനാവില്ല. തലമുറകളുടെ സംഗീതപാരമ്പര്യം ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച പ്രിയപ്പെട്ട ജോണ്‍സണ്‍ ഓര്‍മയായത് അവിശ്വസനീയയി തോന്നുന്നു.

ധിക്കാരിയായിരുന്നു ജോണ്‍സണ്‍ . പക്ഷേ അത് അറിവുള്ളവന്റെ ധിക്കാരമായിരുന്നു. തലമുറകളുടെ സംഗീതപാരമ്പര്യം സിരകളിലേറ്റ് വാങ്ങിയാണ് ജോണ്‍സണ്‍ വളര്‍ന്നത്. മലയാളം ഏക്കാലവും ഓര്‍ക്കുന്ന മികച്ച ഗാനങ്ങളുടെ സൃഷ്ടാവെന്നതിലുപരിയായി സിനിമയുടെ റീ-റിക്കാര്‍ഡിങ്ങ് ചരിത്രത്തിന് ജോണ്‍സണ്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാകില്ല. ഇഴഞ്ഞു നീങ്ങുന്ന സീനുകളെ പോലും ജോണ്‍സണ്‍ സംഗീതം ചടുലമാക്കിയതിന്റെ അനുഭവവുമുണ്ട്. "ചാമരം" ഉള്‍പ്പടെയുള്ള എന്റെ തിരക്കഥകളെ സംഗീത സ്പര്‍ശത്താല്‍ ജോണ്‍സണ്‍ ഉല്‍കൃഷ്ടമാക്കി. ഭരതന്‍ , പത്മരാജന്‍ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്‍സണ്‍ എന്ന പ്രതിഭയുടെ സംഗീതമാണ്. ആര്‍ കെ ശേഖറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാര്‍ ഇളയരാജയും ജോണ്‍സണുമാണ്. വളരെ വേഗത്തില്‍ ഈണങ്ങളൊരുക്കാന്‍ ജോണ്‍സണ് കഴിഞ്ഞിരുന്നു. സിനിമയുടെ ആത്മാവറിഞ്ഞ് മാത്രം സംഗീതമൊരുക്കിയ സംഗീതസംവിധായകനായിരുന്നു അദ്ദേഹം.
-ജോണ്‍പോള്‍-

മെലഡിയുടെ പൂക്കാലം

സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ കടന്നുവന്ന് വര്‍ഷത്തില്‍ ഏറ്റവുമധികം സിനിമകള്‍ക്ക് ഈണം നല്‍കി റെക്കോഡ് സൃഷ്ടിച്ച അത്ഭുതപ്രതിഭ. സംഗീതസംവിധാനത്തിന് രണ്ടുവട്ടം ദേശീയ പുരസ്കാരവും മൂന്നുവട്ടം സംസ്ഥാന പുരസ്കാരവും നേടി മലയാള സിനിമാസംഗീതത്തിന്റെ യശസ്സുയര്‍ത്തി ജോണ്‍സണ്‍ . തൃശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാലത്ത് ജോണ്‍സന്റെ പാട്ടും സംഗീതവുമെല്ലാം. വി സി ജോര്‍ജായിരുന്നു ആദ്യഗുരു. ഗിത്താറും ഹാര്‍മോണിയവും വായിച്ചിരുന്ന ജോണ്‍സണ്‍ , എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ അറിയപ്പെടുന്ന ഹാര്‍മോണിയം വായനക്കാരനായി. കോളേജുകളില്‍ ഗാനമേളകള്‍ക്ക് വയലിനും ഗിത്താറും വായിക്കുമായിരുന്നു. പത്തു രൂപയായിരുന്നു പ്രതിഫലം. പിന്നീട് പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ ഗാനമേളയ്ക്ക് ഒപ്പം പോയിത്തുടങ്ങി. ജയചന്ദ്രന്‍വഴിയാണ് ദേവരാജന്‍ മാഷിനെ പരിചയപ്പെടുന്നത്. ദേവരാജന്‍ മാഷാണ് സിനിമാസംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഏറെക്കാലം മാഷിന്റെ ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായനക്കാരനായിരുന്നു. ആ പാട്ടുകളില്‍ മെലഡിയുടെ പൂക്കാലം വിരിഞ്ഞത് ദേവരാജന്‍ മാഷുടെ ശിഷ്യത്വംകൊണ്ടായിരുന്നു. ഭരതന്റെ "ആരവ"ത്തില്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ച് സിനിമയില്‍ കാലുറപ്പിച്ചു. ആരവം, തകര, ചാമരം എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതവും ജോണ്‍സന്റേതായിരുന്നു. ഭരതന്‍തന്നെയാണ് ജോണ്‍സനിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞതും. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലെ "ഗോപികേ നിന്‍ വിരല്‍", പാളങ്ങളിലെ "ഏതോ ജന്മകല്‍പ്പനയില്‍" എന്നീ അനശ്വരഗാനങ്ങള്‍ പിറന്നത് ഭരതന്‍ - ജോണ്‍സണ്‍ കൂട്ടുകെട്ടിലാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ഭരതന്‍ചിത്രത്തില്‍ ജോണ്‍സണ്‍ ഈണം പകര്‍ന്ന ഗാനങ്ങളും മലയാളികള്‍ നെഞ്ചോടുചേര്‍ത്തു.

പത്മരാജനോട് ജോണ്‍സനുണ്ടായിരുന്നത് ഹൃദയബന്ധംതന്നെയായിരുന്നു. ഒരിടത്തൊരു ഫയല്‍വാന്‍തൊട്ട് 17 ചിത്രത്തില്‍ ഇവര്‍ ഒരുമിച്ചു. ഒരു കാലത്ത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം സംഗീതസംവിധായകനായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് സത്യന്റെ സിനിമകള്‍ക്കുവേണ്ടി അദ്ദേഹം ഒരുക്കിയത്. പശ്ചാത്തലസംഗീതത്തിലെ മുടചൂടാ മന്നനായിരുന്നു ജോണ്‍സണ്‍ . അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതംകൊണ്ടുമാത്രം ഓര്‍ക്കുന്ന ചിത്രങ്ങളുണ്ട്. പൊന്തന്‍മാട, സുകൃതം എന്നീ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. മലയാളം മെലഡിയെ മറന്നുതുടങ്ങിയതോടെ ജോണ്‍സനും അണിയറയിലേക്കു മടങ്ങി. രഞ്ജന്‍ പ്രമോദ് സംവിധാനംചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ മനോഹര മെലഡികളുമായി ജോണ്‍സണ്‍ ഏറെക്കാലത്തിനുശേഷം മലയാളികളെ വിരുന്നൂട്ടാനെത്തി. പിന്നീട് ഗുല്‍മോഹറിലും അതിമനോഹരമായ പ്രണയഗാനം അദ്ദേഹം സമ്മാനിച്ചു. ടെലിവിഷന്‍ ചാനലുകളിലെ റിയലാറ്റി ഷോകളിലും അവസാനകാലത്ത് സജീവമായിരുന്നു. കൈരളി ടിവി സംപ്രേഷണംചെയ്ത ഗന്ധര്‍വസംഗീതം പരിപാടിയുടെ മുഖ്യ വിധികര്‍ത്താവായിരുന്നു.

കിരീടത്തിലെ "കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി", സസ്നേഹത്തിലെ "താനേ പൂവിട്ട മോഹം", വരവേല്‍പ്പിലെ "ദൂരെ ദൂരെ സാഗരം", ഞാന്‍ ഗന്ധര്‍വനിലെ "ദേവീ..", "പാലപ്പൂവേ", "ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം", ചെങ്കോലിലെ "മധുരം ജീവാമൃതബിന്ദു", സല്ലാപത്തിലെ "പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ", ഗുല്‍മോഹറിലെ "ഒരു നാള്‍ ശുഭയാത്ര" തുടങ്ങി മലയാളിയുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ അനശ്വരഗാനങ്ങള്‍ ബാക്കിവച്ചാണ് വിടവാങ്ങിയത്.

വിസ്മയം തീര്‍ത്ത കൂട്ടുകെട്ടുകള്‍

ഹിറ്റുകളുടെ വസന്തംതീര്‍ത്ത കൂട്ടുകെട്ടായിരുന്നു ഒഎന്‍വി-ജോണ്‍സണ്‍ . ഒഎന്‍വിയുടെ വരികള്‍ക്ക് ജോണ്‍സണ്‍മാസ്റ്റര്‍ സംഗീതം നല്‍കിയ എല്ലാഗാനങ്ങളും എന്നും മലയാളികള്‍ നെഞ്ചോടുചേര്‍ക്കുന്നതാണ്. പൊന്‍മുട്ടയിടുന്ന താറാവിലെ "കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കുംനേരം" എന്ന ഗാനമാണ് ഈ കൂട്ടുകെട്ടിലെ ഹിറ്റ് ഗാനങ്ങളിലൊന്ന്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. കൈതപ്രം എഴുതിയ പല മനോഹര ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് ജോണ്‍സനാണ്. 1989ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രമായ വരവേല്‍പ്പിലൂടെയാണ് കൈതപ്രവും ജോണ്‍സണും ആദ്യം കൂട്ടുകൂടുന്നത്. "ദൂരെ ദൂരെ സാഗരം തേടി" എന്ന ഒറ്റഗാനം മതി ഇവരെ മലയാളികള്‍ക്ക് അംഗീകരിക്കാന്‍ . അതോടെ ഈ സംഗീതജോഡിയെ ശ്രോതാക്കള്‍ ഏറ്റെടുത്തു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഉള്‍പ്പെടാന്‍ ഇവര്‍ക്ക് അധിക കാലം വേണ്ടിവന്നില്ല. മഴവില്‍ക്കാവടി, ചമയം, കുടുംബസമേതം, വടക്കുനോക്കിയന്ത്രം, ചെങ്കോല്‍ , സല്ലാപം തുടങ്ങി നിരവധി സിനിമകളില്‍ ഇവര്‍ ഒന്നിച്ചു. ചമയത്തിലെ "രാജഹംസമേ", കുടുംബസമേതത്തിലെ "നീലരാവിലിന്നു നിന്റെ" തുടങ്ങിയ ഗാനങ്ങള്‍ മലയാളസിനിമാസംഗീതം ഉള്ള കാലത്തോളം നിലനില്‍ക്കും. ഗിരീഷ് പുത്തഞ്ചേരി, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്കൊപ്പവും ജോണ്‍സണ്‍ ഹിറ്റുകള്‍ തീര്‍ത്തു.

*

ദേശാഭിമാനി ദിനപത്രത്തില്‍ നിന്ന്

In an open-ended conversation, Prakash Karat, General Secretary, CPM,

In an open-ended conversation, Prakash Karat, General Secretary, CPM, speaks to Hardnews on the root causes of systemic corruption, role of the corporates, Anna Hazare’s politics, Ramdev’s RSS links and the RSS putsch to enter and capture the anti-corruption movement, how the UPA government is shaky and panicky, and that there is really no immediate possibility of a repeat of a JP-type movement in the current scenario because the events are still unfolding. He also argues that untouched by the corruption, there are great expectations from the Left. “I don’t think there is any possibility of a credible political alternative in the present political set-up. That is why there is a curious situation.”


How do you think this movement will affect the government and politics in the country?


Right now there is a great deal of concern in the country on the huge level of corruption, especially after the exposure of the 2G spectrum case and a series of other corruption cases. There is a fairly strong feeling among the people that something has to be done to check corruption. I think that is the central focus now. Politically, the UPA government’s attempt has been to play down this whole issue of corruption, avoid acknowledging that there is such high-level corruption of this magnitude. The demand for a Lokpal bill became focussed after the people’s urge that this type of corruption has to be curbed. So, when the demand for an effective Lokpal bill was raised and Anna Hazare’s group went on a hunger strike, the whole thing came to the fore that an effective Lokpal Bill has to be drafted.

Lokpal has been talked about since the last 40 years. Actually, Parliament had various legislations, but they never came to fruition. So, now there is a situation where the government cannot evade this issue anymore. The chances of bringing in an effective Lokpal are bright in the present situation. So, more than the political aspect, the government has been damaged because it seemed to be prevaricating, avoiding the issue, and even covering up the enormous amount of corruption. The way they have handled protests surrounding the need for a Lokpal, or even Ramdev — even though his credibility is questionable — shows that the government is on very shaky ground. It is unable to come out with a clear-cut position. In practice, it has been literally dragged to take positions.

Will it lead to some new kind of political formation like what happened after the JP movement or the Bofors scam?


The political impact is not going to be concentrated, or manifest itself dramatically. The UPA government and Congress have suffered damage, losing credibility among large sections of people. The prime minister’s image was very high among the middle classes; today, the same middle classes are showing their total disillusion. So they are paying a political price for this. How it will translate in terms of the results, we will have to wait and see.

We have a situation where the major opposition party, the BJP, doesn’t carry much credibility on the anti-corruption plank. Right now, it has to grapple with its own failure in tackling corruption in Karnataka and the role of its chief minister there. So, we have a situation of flux because there is disillusionment among the people towards the rulers and the establishment. But I don’t think there is any possibility of a credible political alternative in the present political set-up. That is why there is a curious situation. The government really doesn’t face any serious political threat. Still, it is looking shaky, panicky and paralysed (laughs). It is, of course, making wild charges, like Pranab Mukherjee said the other day that BJP and CPM are backing these self-appointed messiahs with the aim of destabilising the government. I think that is more out of desperation and their inability to see how they can tackle this problem.

Initially, Anna Hazare had praised Narendra Modi and Nitish Kumar. We know about Modi’s politics of hate. Anna has not spoken on any other issue, be it Posco or other movements. Do you think his politics is myopic?


Well, I don’t know what his politics is actually. All I am saying is that the issue raised and the need for an effective Lokpal is correct. That doesn’t mean we need to subscribe to all his views. He seems to have an inbuilt anti-political bias. You can have views about politics. There can be good politics or bad politics, right politics or wrong politics. But he seems to be an anti-political phenomenon, which is a typical middle-class reaction in our country. Behind that also there is some politics. Hence, even if you say ‘civil society’, it has politics also, and there is politics within civil society. The initiative for an effective Lokpal which Anna Hazare articulated has found support. And this support was genuinely forthcoming from large sections of people. But I don’t think this alone can carry forward and sustain itself to bring about some meaningful measures to fight corruption. Even Lokpal alone won’t do — it is just one aspect.

We don’t agree that everything should come under the Lokpal. For example, the judiciary. In the structure proposed by the Jan Lokpal team, they say the Lokpal will be accountable to the higher judiciary and will look into complaints against the Supreme Court. We think there should be a separation of that. We have always maintained that there is corruption in the higher judiciary. To check that there must be a separate mechanism, something like a national judicial commission, which should be legislated. But it cannot be brought under the purview of the Lokpal.

Then, there is political corruption. What about corruption in the political system and among politicians who are not necessarily in the government? Our point is, one should not look at corruption purely as a moral issue — that some people are morally corrupt, and therefore they are corrupt. If you look at the growth of corruption in the last two decades, you can see it basically stemming from the nature of the economic regime in our country — this big business-politicians-bureaucrat nexus. The nexus comes from the fact that you have a State, a government that facilitates the takeover of resources and assets by big business and formulates policies accordingly. In every major corruption scandal there are corporates behind it.

If you look at it purely as a matter of the corruption of an individual minister or a bureaucrat, you are missing the woods for the trees. To tackle corruption in the legislative, executive and judicial arms of the State, you have to make changes in the political system and this economic regime. You can’t have policies that facilitate this loot.

There is a view that civil society groups are operating in a vacuum created by the weakness of the Left forces.


Well, it is just not the Left. In a parliamentary democracy, political parties are important. Overall, it’s a failure or the weaknesses of the political parties, and in that the Left is also included. People expect the Left to do more. Generally, we have a clean record as far as corruption in public life is concerned. We are given a greater responsibility. Corruption has seeped into the political system and many political parties do not want to address it. There is this so-called cash-for-votes scam and the investigations. This is not the first time it has happened. It happened in 1997 when the no confidence motion was moved against the Narasimha Rao government, and is known as the JMM bribery case. The former prime minister had to go on trial. The home minister had to go on trial. Of course, everybody got acquitted, but it was established that big money was paid to some MPs.

The same thing happened in July 2008 when we withdrew support to the UPA government. A number of MPs of the opposition were approached, offered money, a big price, and it was done in a very systematic and planned way. We can give you examples, leads to follow. We can’t prove it, in the sense of giving exact details of where and when money was paid. But all the parties whose MPs defected have the information on what led to the defection. Parliament is not taken that seriously when there are cases of MPs being bribed. There is a need for a multi-pronged effort. There is a need for electoral reforms to strictly check illegal money in elections. The malaise of black money needs to be tackled. So there has to be a matrix of measures.

What do you have to say about the way this anti-corruption movement went about criticising the political class, making sweeping statements like the whole political class is corrupt.


They will come to the realisation that after the bill comes to Parliament, they will have to talk to the same political parties to get the bill through Parliament. There is no other way you can create laws. And that itself has brought about a correction, a realisation, at least among some of them — I won’t say all of them. The concept of civil society, as it is popularised in the media, is also flawed. If you say there is a State and political parties and politics are not part of civil society, it is a wrong idea. Yes, there is a role for all citizen’s groups and voluntary efforts. But some of the stances adopted, virtually pooh-poohing the whole parliamentary system, the whole political process or politics, are not going to get them anywhere.

What are your reactions to the proposed August 16 fast threatened by Anna Hazare?


I am not undervaluing the importance of having protests in a democratic society, but the timing of this protest action is flawed. You are asking for an effective law, and now there is the possibility of such a law being discussed in Parliament if it has to adopt it. If you reach a stage where you are sure that such a law is not going to come about, then you can announce an agitation. But the draft itself is not available as yet, so when it is finally circulated in Parliament, it is normal that everybody would like to get it thoroughly looked into, and that can be done only through the standing committee process. What is the use of going on an indefinite hunger strike at this juncture when nothing is resolved yet?

Is it a blackmailing tactic?


I don’t think Parliament can be arm-twisted or blackmailed. It’s not going to work that way. In this case, a hunger strike should be the weapon of last resort. They are using it right in the beginning.

It has been said that all corruption flows from the political class. A member of the Jan Lokpal team said that all corporates are not corrupt and that they too want an honest atmosphere for carrying on with their business. Do you agree?


No, it is the other way around. If you have an economic system which literally promotes greed and maximum profit, which you can make without any real checks, then you are opening yourself to the power of big money and allowing it to suborn the political class and bureaucracy. The 2G scam has shown how this nexus operates. One A Raja who is in jail today wouldn’t have been there without the corporates suborning him, subverting his role as a minister, aided and abetted as well by some corrupt bureaucrats. So, the fountainhead of corruption is in the corporates, and some of the corrupt honchos are in jail today — not all of them. I am not going to name them, but the big ones are not being touched.

What is your view on the government asking for a review of the black money judgement pronounced by the Supreme Court? Do you think the apex court is encroaching on the powers of the executive?


The Supreme Court intervened because they have found the government very tardy in going about cases of corruption — for instance, the CBI did nothing in the 2G scam till 2009. So I don’t think it is a case of judicial encroachment or extra activism. Remember, there were these Liechtenstein accounts. The way the government went about that also made the Supreme Court think that it is not very keen.

Like in the past, will this anti-corruption movement, too, strengthen the Rightwing forces?


If you talk about corruption without linking it to the roots or the systemic aspect, it only feeds into an anger and frustration that Rightwing force generally take advantage of. That is why our whole campaign against corruption is targeting its sources. You cannot have big corporates who are allowed to get away with all this. The loot of public resources directly affects the lives of the common people. It’s not a question of somebody having to pay a small bribe. It affects the development of the country.

How do you perceive some Rightwing personalities supporting Anna in the beginning? Ramdev, Ram Madhav of RSS...


This is the typical camouflage. When you find any sort of non-political platform, a non-party platform, you find the people of RSS getting there, for they say, “We are not a political party, we are just a cultural organisation” (laughs). But I think they got exposed. In case of the Ramdev movement, they were openly aligned. Since Ramdev has Hindutva views, as he has come on those platforms earlier, there is no confusion about that. Among some of those involved in the Anna Hazare movement, there has been a realisation that if you just speak about non-political platforms, these kind of people would come in using that as a cover. You can’t fight corruption without politics.

And what of the manner Anna himself has showed his Rightwing leanings, the backdrop, language, leaflets…


Lokpal as a legislation cannot determine how sincere people are. It cannot come about without a democratic political process. In that process you will find things getting clarified — who is behind what, what positions are taken etc. Anna Hazare’s platform is such that even the RSS can declare support for it, even while the Maoists can support it too (laughs).
From the print issue of Hardnews :

AUGUST 2011

Thursday, August 18, 2011

മുതലാളിത്തവും അഴിമതിയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അധഃപതനവും


മുതലാളിത്തം ആധുനികത കൊണ്ടുവരുന്നതായാണ് സങ്കല്‍പിക്കപ്പെടുന്നത്. ആ ആധുനികതയില്‍ "ബാബ"മാര്‍ക്കും "സ്വാമി"മാര്‍ക്കും ഒരു പങ്കുമില്ലാത്ത മതനിരപേക്ഷ ഭരണവും ഉള്‍പ്പെടുന്നു; അവിടെ "ബാബ"മാര്‍ക്കും "സ്വാമി"മാര്‍ക്കും "സന്യാസി"മാര്‍ എന്ന നിലയില്‍ അല്ലാതെ മറ്റൊരു സ്ഥാനവുമുണ്ടാവില്ല. പലരും നവലിബറല്‍ പരിഷ്കാരങ്ങളെ ന്യായീകരിക്കുന്നതുപോലും അത് മുതലാളിത്ത വികസനത്തെ ത്വരിതഗതിയിലാക്കുമെന്ന പേരിലാണ്; അങ്ങനെ ആധുനികതയിലേക്കുള്ള നമ്മുടെ പ്രയാണവും അതിവേഗത്തിലാകുമെന്ന അടിസ്ഥാനത്തിലാണ്. ഇടതുപക്ഷം ഈ നിലപാടിന് എക്കാലത്തും എതിരായിരുന്നു. മുതലാളിത്ത വികസനം താമസിച്ചെത്തിയ രാജ്യങ്ങളില്‍ ബൂര്‍ഷ്വാസി ഫ്യൂഡല്‍ - അര്‍ദ്ധ ഫ്യൂഡല്‍ വിഭാഗങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കുമെന്നും ആയതിനാല്‍ പഴയ വ്യവസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നതിനുപകരം അതുമായി സമവായത്തില്‍ എത്തിച്ചേരുകയും അങ്ങനെ ആധുനികതയിലേക്കുള്ള പ്രയാണത്തിന് വിഘ്നം നേരിടുകയും ചെയ്യുമെന്നുമാണ് ഇടതുപക്ഷം വാദിച്ചിരുന്നത്. മുതലാളിത്തത്തെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന സാമൂഹ്യശക്തികള്‍ക്കു മാത്രമേ രാജ്യത്തെ ആധുനികതയിലേക്ക് നയിക്കാന്‍ കഴിയൂവെന്നും ഇടതുപക്ഷം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് അതിവേഗം വര്‍ദ്ധിക്കുന്നതും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന് പുതുതായി ലഭിച്ച "അന്തസ്സും" ഇവിടത്തെ പ്രമാണിവര്‍ഗത്തിന്റെ ആഗോളവല്‍ക്കരണവും കൂടിച്ചേര്‍ന്ന് ഇടതുപക്ഷത്തിന്റെ നിലപാട് തെറ്റായിരുന്നുവെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍, കള്ളപ്പണത്തിനെതിരെ മരണം വരെ നിരാഹാരമിരിക്കുമെന്ന ഭീഷണി മുഴക്കിയ ഒരു "ബാബ"യുടെ മുന്നില്‍ നാല് സീനിയര്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍ നാണംകെട്ട വിധം സാഷ്ടാംഗം പ്രണമിച്ച ഒറ്റ സംഭവത്തോടെ അതാകെ ഇല്ലാതായിരിക്കുന്നു. ആ സംഭവം നമ്മില്‍ ആധുനികതയ്ക്കുമുമ്പുള്ള അവസ്ഥയില്‍ തന്നെ തങ്ങിനില്‍ക്കുകയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുക മാത്രമല്ല, അതിനേക്കാള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചിലത് കൂടി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു - അതായത് നവലിബറല്‍ ഇന്ത്യ ആധുനികതാ പൂര്‍വാവസ്ഥയെ എതിരിടുന്നില്ല എന്നു മാത്രമല്ല യഥാര്‍ത്ഥത്തില്‍ അത് ആധുനികതാപൂര്‍വാവസ്ഥയെ ബലപ്പെടുത്തുകയാണുണ്ടായത്.

ഖാപ് പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് നാം ഇതിനകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു; ഇപ്പോള്‍ ഒരു ബാബ മരണംവരെ നിരാഹാരം എന്ന ഡമോക്ലീസിന്റെ വാളിനു കീഴില്‍ തന്റെ ഇഷ്ടാനുസരണം ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ വളര്‍ച്ചാ നേട്ടത്തെക്കുറിച്ച് പെരുമ്പറമുഴക്കുന്ന ഇപ്പോഴത്തെ സര്‍ക്കാരാകട്ടെ ഇത്തരമൊരു "ബാബ"യെ പ്രീണിപ്പിക്കാന്‍ തിരക്കുകൂട്ടുകയാണ്. ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്ന "ബാബ"യെ പ്രീതിപ്പെടുത്താന്‍ ജവഹര്‍ലാല്‍ നെഹ്റുവോ ഇന്ദിരാഗാന്ധിപോലുമോ നാല് കാബിനറ്റ് മന്ത്രിമാരെ തിരക്കിട്ട് അയയ്ക്കുമായിരുന്നോ? സര്‍ക്കാര്‍ ഇത്രമാത്രം തരംതാണത് സാമ്പത്തിക "വിജയം" ഉണ്ടാകാത്തതുകൊണ്ടല്ല, മറിച്ച് അത് ഉണ്ടായതുകൊണ്ടാണ് എന്നതാണ് വസ്തുത. ഈ സാമ്പത്തികാഭിവൃദ്ധിയെ തുടര്‍ന്ന് ബൂര്‍ഷ്വാ രാഷ്ട്രീയവര്‍ഗം ഒന്നടങ്കം "അഴിമതി"യുടെ ചെളിക്കുണ്ടില്‍ സ്വാഭാവികമായും മുങ്ങിത്താണു. അത് രാഷ്ട്രീയത്തിന്റെ മൂല്യം കെടുത്തിയിരിക്കുന്നു; അങ്ങനെ എല്ലാ തരത്തിലുമുള്ള "ബാബ"മാര്‍ക്കും "സ്വാമി"മാര്‍ക്കും "ആള്‍ദൈവങ്ങള്‍"ക്കും ആരോടും കണക്കുപറയാന്‍ ബാധ്യസ്ഥരല്ലാത്ത സ്വയം പ്രഖ്യാപിത മിശിഹാമാര്‍ക്കുമായി കളം ഒഴിഞ്ഞുകൊടുക്കുന്ന സ്ഥിതി ഉണ്ടാക്കപ്പെട്ടിരിക്കുന്നു; സാമൂഹ്യമായ ബാധ്യതയൊന്നുമില്ലാത്ത ഇവര്‍ സ്വന്തം അജണ്ട ഭരണകൂടത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.

രാഷ്ട്രീയത്തിന്റെ മൂല്യച്യുതി അനിവാര്യമായും ജനാധിപത്യത്തിന്റെ ശക്തി കെടുത്തുന്നതാണ്; നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ ആധുനികതാ പൂര്‍വാവസ്ഥയ്ക്കെതിരെയാണ് നാം പൊരുതിയതെങ്കില്‍ അതിലേക്ക് തിരിച്ചുപോകാനും ഇത് ഇടയാക്കിയിരിക്കുന്നു. നമ്മുടെ സാമ്പത്തികാഭിവൃദ്ധിയുമായി "അഴിമതി" എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? "അഴിമതി" എന്ന് വിശേഷിപ്പിക്കുന്നത് നിയമാനുസൃതമല്ലാത്ത സേവനങ്ങള്‍ക്ക്, അതായത് ചരക്കെന്ന് കരുതപ്പെടാന്‍ ആകാത്തവയ്ക്ക്, നല്‍കുന്ന പ്രതിഫലമാണോ? അതോ ഒരു നിശ്ചിത തോതിലുള്ള വിതരണ സംവിധാനത്തില്‍ (ഇതില്‍ വില കൃത്യമായി നിര്‍ണയിച്ചിരിക്കും) സാധാരണഗതിയില്‍ ലഭിക്കുമായിരുന്നതിനേക്കാള്‍ അധികം തുക ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനായി ചില ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചയിക്കുന്ന അധികവിലയ്ക്കുള്ള പ്രതിഫലമാണോ? ഒരു ടെലഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ നിയമാനുസരണം അടയ്ക്കേണ്ട തുക അടച്ചശേഷം, അതിന് പുറമെ ഞാന്‍ കൈമടക്ക് കൊടുക്കേണ്ടതായി വരുന്നതാണ് ആദ്യത്തെ തരത്തില്‍പ്പെട്ട "അഴിമതി". എന്റെ കുട്ടിക്ക് സാധാരണഗതിയില്‍ കോളേജ് പ്രവേശനം ലഭിക്കാതിരിക്കുമ്പോള്‍, അഡ്മിഷന്‍ ഫീസിനു പുറമെ അതിനേക്കാള്‍ അധികം തുക നല്‍കി ഞാന്‍ കുട്ടിക്ക് പ്രവേശനം തരപ്പെടുത്തുന്നതാണ് രണ്ടാമത്തെ ഗണത്തില്‍പ്പെട്ട "അഴിമതി". ഉന്നയിക്കപ്പെടുന്ന അഴിമതികളില്‍ ഏറെയും ഈ ഗണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെട്ടവയായിരിക്കും. എന്നാല്‍ ഇതില്‍ ഏതായാലും അടിസ്ഥാനപരമായ കാര്യം ഇതായിരിക്കും. "അഴിമതി" എന്ന സങ്കല്‍പനത്തിന് ആധാരമായിട്ടുള്ളത് രണ്ട് മണ്ഡലങ്ങള്‍ തമ്മിലുള്ള വ്യത്യസ്തതയാണ് - സ്വതന്ത്രമായ ചരക്ക് വിനിമയത്തിന്റെ മണ്ഡലവും സ്വതന്ത്രമായ ചരക്ക് വിനിമയത്തിന് പുറത്തുള്ള മണ്ഡലവും.

സ്വതന്ത്രമായ ചരക്ക് വിനിമയത്തിന്റെ മേഖലയെ "അഴിമതി"യായി നാം പറയാറില്ല. സ്വതന്ത്രമായ ചരക്ക് വിനിമയത്തിന് പുറത്തുള്ള മണ്ഡലത്തില്‍ അത് സ്വതന്ത്രമായ ചരക്ക് വിനിമയത്തില്‍ നടക്കുന്നതാണെന്നതുപോലെ വില ഈടാക്കുമ്പോഴാണ് "അഴിമതി" ഉടലെടുക്കുന്നത്. അപ്പോള്‍ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതിനര്‍ത്ഥം ഈ രണ്ട് മണ്ഡലങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ വിള്ളലുണ്ടാകാതെ സൂക്ഷിക്കുക എന്നതാണ്; അതിരു കടക്കാതെ നോക്കുക എന്നതാണ്. ഇത് സാധ്യമാണോ?

മുതലാളിത്തത്തിന്‍കീഴില്‍ ചരക്കുവല്‍ക്കരണത്തിനായുള്ള സാര്‍വത്രികമായ ഒരു പ്രവണത ഉണ്ടെന്നതാണ് കാറല്‍ മാര്‍ക്സിന്റെ അതിപ്രധാനമായ നിഗമനങ്ങളില്‍ ഒന്ന് - അതായത്, എല്ലാത്തിലും ചരക്കായി മാറാനുള്ള ഒരു പ്രവണത ഉണ്ട് എന്നത്. സ്വതന്ത്ര ചരക്ക് വിനിമയത്തിന്റെ മണ്ഡലവും അതിന് പുറത്തുള്ള മണ്ഡലവും തമ്മിലുള്ള അതിര് അതിക്രമിച്ചുകടക്കാനുള്ള സമ്മര്‍ദ്ദത്തിന് വിധേയമായിരിക്കും. എന്നാല്‍ , ഈ അതിര് നിയമപരമായി നിശ്ചയിക്കപ്പെടുകയാണെങ്കില്‍, ഈ അതിക്രമിച്ചു കടക്കല്‍ നിയമവിരുദ്ധമാകും; അതായത്, "അഴിമതി" ആകും. നവ ഉദാരവല്‍ക്കരണത്തിന് മുമ്പുള്ള ഘട്ടത്തില്‍ , അതായത്"ലൈസന്‍സ് - ക്വാട്ട - പെര്‍മിറ്റ് രാജ്" എന്ന് വിളിക്കപ്പെട്ടിരുന്ന ഘട്ടത്തില്‍ , ഇത്തരം ഒരു അതിര് നിയമപരമായി പ്രത്യക്ഷത്തില്‍ തന്നെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഇത് "അഴിമതി" എന്നതിന് വളരെ എളുപ്പമുള്ള ഒരു വിശദീകരണം പ്രദാനം ചെയ്തിരുന്നു. നവലിബറല്‍ പരിഷ്കാരങ്ങളിലൂടെ ഈ അതിര് അതിലംഘിക്കപ്പെടുകയാണെങ്കില്‍ "അഴിമതി" അപ്രത്യക്ഷമാകുകയോ ചുരുങ്ങിയത് അത് കുറയുകയെങ്കിലുമോ ചെയ്യുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.

ഈ വാദഗതിക്കാര്‍ രണ്ട് പ്രധാന കാര്യങ്ങള്‍ വിസ്മരിച്ചു: ഒന്നാമത്, ആ അതിര് നാം എത്രത്തോളം ലംഘിച്ചാലും, നിയമപരമായ ഒരു അതിര് അവിടെത്തന്നെ ഉണ്ടാകും; കാരണം അക്ഷരാര്‍ത്ഥത്തില്‍ തന്നെ എല്ലാം വില്‍പനയ്ക്ക് വച്ചിട്ടുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും ആവില്ല (ഉദാഹരണത്തിന്, പരീക്ഷാഫലങ്ങള്‍ ചരക്കായി മാറുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പിക്കുക). അപ്പോള്‍ അത്തരത്തില്‍ നിയമപരമായ ഒരു അതിര് നിലനില്‍ക്കുകയാണെങ്കില്‍ അതിനെ മറികടക്കാനുള്ള മുതലാളിത്തത്തിന്റെ ജന്മസിദ്ധമായ പ്രവണത അനിവാര്യമായും "അഴിമതി" സൃഷ്ടിക്കും. രണ്ടാമത്, ആ അതിരിന്റെ നിയമപരമായ പരിധി അതിക്രമിച്ച് പുറത്ത് കടക്കാന്‍ വേണ്ട ശക്തി പ്രയോഗിക്കാന്‍ കഴിയുന്നത് പണമുണ്ടാക്കുന്നതിന്റെ തോതിനെ ആശ്രയിച്ചാണിരിക്കുന്നത്; ഈ "പണമുണ്ടാക്കല്‍" ആദരിക്കപ്പെടുന്നതിനെയാണ് - അതായത്, മുതലാളിത്ത മൂല്യങ്ങള്‍ വ്യാപകമാവുന്നതിനെയാണ് - ആശ്രയിച്ചിരിക്കുന്നത്. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഇത്തരം മൂല്യങ്ങളെ വ്യാപകമാക്കിയിരിക്കുകയാണ്. നമ്മുടെ പൊതുജീവിതത്തില്‍ "അഴിമതി"യുടെ കടന്നുവരവിന്റെ കരുത്ത് ഇതോടെ പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വതന്ത്രമായ ചരക്ക് വിനിമയത്തിന്റെ നിലവിലുള്ള നിയമപരമായ അതിര് ലംഘിക്കപ്പെടാതെ സംരക്ഷിക്കാനുള്ള ആത്യന്തികമായ ഉത്തരവാദിത്വം ഭരണകൂടത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനായിരിക്കെ, മുതലാളിത്തത്തിന്റെ യുക്തി, "അഴിമതി"യുടെ ഏറ്റവും വലിയ പ്രയോക്താക്കളാക്കി ബൂര്‍ഷ്വാ രാഷ്ട്രീയ വര്‍ഗത്തെ മാറ്റിയിരിക്കുന്നു.

നിയമനിര്‍മ്മാണത്തിലൂടെ "അഴിമതി"യെ പിഴുതെറിയാന്‍ പറ്റുമെന്ന ആശയം തന്നെ അബദ്ധമാണ് - ധാര്‍മ്മികമായി മാത്രമല്ല, വിശ്ലേഷണാത്മകമായും അത് തെറ്റായ ധാരണയാണ്; ചരക്ക് വിനിമയ രംഗത്തിനായുള്ള അതിര് എപ്പോഴും നിലനില്‍ക്കുന്നുവെന്നതുകൊണ്ടാണത്. മുതലാളിത്ത മൂല്യങ്ങള്‍ വ്യാപകമായിരിക്കുന്ന ഒരു ലോകത്ത്, അഴിമതി പെരുകുന്നതിന് അത് ഇടയാക്കുന്നു. ഉദാഹരണത്തിന്, മെഡിക്കല്‍ കോളേജ് പ്രവേശനത്തെ ഏറ്റവും അധികം പണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് വില്‍ക്കാവുന്ന ഒരു ചരക്കാക്കി മാറ്റുകയാണെങ്കില്‍ , മെഡിക്കല്‍ കോളേജുകളിലെ "അഴിമതി" അവിടെ അവസാനിപ്പിക്കാനാവില്ല; പരീക്ഷാഫലങ്ങള്‍പോലും പാത്തും പതുങ്ങിയും വാങ്ങാനും വില്‍ക്കാനും പറ്റുന്ന അവസ്ഥയില്‍ എത്തും.

കേവലം ഒരു ലോക്പാല്‍ ബില്ല് കൊണ്ട് അഴിമതി അവസാനിപ്പിക്കാമെന്ന ആശയം തന്നെ വികലമാണ്; കാരണം, മുതലാളിത്ത മൂല്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് ലോക്പാല്‍ എന്ന സംവിധാനം തന്നെ "അഴിമതി"യുടെ ഇരിപ്പിടമായി മാറാവുന്നതാണ്; ഒരു സീനിയര്‍ സുപ്രീംകോടതി ജഡ്ജി സമീപകാലത്ത് വിശദമാക്കിയതുപോലെ ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ , റിട്ടയര്‍മമെന്റിനുശേഷം ഒരു "ലാവണ"ത്തില്‍ എത്താനുള്ള മോഹം (അതാകട്ടെ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതുമാണ്) സിറ്റിങ് ജഡ്ജിമാരെ, സര്‍ക്കാരിന് അനുകൂലമായ വിധി ന്യായങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രീതി നേടാന്‍ പ്രേരിപ്പിക്കുന്നു.

"അഴിമതി"യുടെ തോത് ഏത് നിലയില്‍ നോക്കിയാലും തികച്ചും മാറ്റമില്ലാത്ത അവസ്ഥയിലാണെന്നും അതൊരിക്കലും കുറയാന്‍ പോകുന്നില്ലെന്നതുമാണ് ശ്രദ്ധേയമായ സംഗതി. പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍ , ജീവിതത്തിന്റെ സമസ്ത മേഖലകളെയും ചരക്കുവല്‍കരിക്കാനുള്ള വെമ്പല്‍ - ഇവയെല്ലാം തന്നെ നമ്മുടെ ഇപ്പോഴത്തെ സാമ്പത്തികഗതിക്രമവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഈ മുതലാളിത്ത മൂല്യങ്ങളുടെ വ്യാപനം സംബന്ധിച്ച ചര്‍ച്ചകളാകെ തന്നെ പിന്നാമ്പുറത്തേക്ക് പിന്‍തള്ളപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നതുമാണ് പ്രധാന കാര്യം. അത്തരം ചര്‍ച്ചകള്‍ക്കു പകരം പുത്തന്‍ കൂറ്റുകാരായ ചില ആള്‍ദൈവങ്ങളും സ്വയം പ്രഖ്യാപിത മിശിഹാകളും ചേര്‍ന്ന് രാഷ്ട്രത്തിനുമേല്‍ നിരന്തരം നിസ്സാരമായ ചില ലൊട്ടുലൊടുക്ക് പരിഹാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീവ്രശ്രമമാണ് നടത്തുന്നത്. ഇത്തരക്കാരുടെ ജനാധിപത്യത്തിന് ഹാനികരമായ ചെയ്തികള്‍ക്ക് രാഷ്ട്രീയ സമൂഹത്തില്‍ ഭൂരിപക്ഷവും അവസരവാദപരമായി വഴങ്ങികൊടുക്കുകയുമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വാമിമാരും ആള്‍ദൈവങ്ങളും മിശിഹാകളും ഉള്‍പ്പെടെ എല്ലാപേര്‍ക്കും, രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നല്ലത് ഏതാണെന്നത് സംബന്ധിച്ച തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും ആ കാഴ്ചപ്പാടിനുവേണ്ടി പൊരുതാനും അവകാശമുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ , രണ്ട് മുന്നറിയിപ്പുകള്‍ അനിവാര്യമാണ്: ഒന്നാമത്തേത്, മരണംവരെ നിരാഹാരം. വ്യക്തിപരമായി പീഡിപ്പിക്കപ്പെടുന്നതിനെതിരെ നീതി ലഭിക്കുന്നതിന് മരണംവരെ നിരാഹാരം അനുഷ്ഠിക്കുന്നത് എന്റെ അഭിപ്രായത്തില്‍ ന്യായീകരിക്കപ്പെടാവുന്നതാണെങ്കിലും, ഒരു ജനാധിപത്യ സമൂഹത്തില്‍ സവിശേഷമായ പൊതുനയങ്ങള്‍ മുന്‍നിര്‍ത്തി മരണംവരെ നിരാഹാരം അനുഷ്ഠിക്കുന്നതിനെ ന്യായമായ ഒരു സമരായുധമായി കരുതാനാവില്ല. കാരണം, ഇത്തരം നയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണഘടനാപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങളുണ്ട്. രണ്ടാമത്തേത്, ഒരു രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി, അതായത് പ്രത്യേക പൊതുനയങ്ങള്‍ക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട്, രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ ജനങ്ങളെ അണിനിരത്തുന്നത് ശരിയല്ല. മതപരമോ ആത്മീയമോ മറ്റു വിധത്തിലോ ഉള്ള കാരണങ്ങളാല്‍ ദശലക്ഷക്കണക്കിന് ഭക്തന്മാരുടെ വിശ്വാസം ആര്‍ജിക്കാന്‍ ഒരു പ്രത്യേക വ്യക്തിക്ക് കഴിയുകയാണെങ്കില്‍ , മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അധഃപതനമായിരിക്കും അത്. ഇത്തരം വ്യക്തികളെ പ്രീണിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ ആ അധഃപതനത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. കഷ്ടമെന്ന് പറയട്ടെ, സമകാലിക ഇന്ത്യ ഇത്തരം അധഃപതനങ്ങളെ നേരിടുകയാണ്. തങ്ങളുടേതായ ആവശ്യങ്ങളുമായി മുന്നോട്ടുവരാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മറ്റു സ്വാമിമാര്‍ക്കും ബാബാമാര്‍ക്കും കരുത്തേകിയിരിക്കുകയാണ്. ഇത്തരം ഒരു പ്രവണത - അതില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ എത്ര മഹത്തരമാണെങ്കിലും ശരി - നമ്മുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തന്നെ തകര്‍ക്കുന്നതായിരിക്കും. കഴിഞ്ഞ രണ്ട് സഹസ്രാബ്ദത്തിനിടയില്‍ നാം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയും.


*****


പ്രൊഫ. പ്രഭാത് പട്നായിക് ‍, കടപ്പാട്: ചിന്ത വാരിക

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കഥ


കള്ളപ്പണത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിയ്ക്കുന്നു; സ്വിറ്റ്സര്‍ലണ്ടിലെ രഹസ്യ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേക്ക് അത് ഒഴുകിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുനിന്ന് സമ്പത്ത് ഒലിച്ചുപോവുകയാണ്. ഇന്ത്യയിലെ സമ്പന്നരും അധികാരസ്ഥാനത്തിരിക്കുന്നവരും സ്വിറ്റ്സര്‍ലണ്ടിലെ നമ്പര്‍ അക്കൗണ്ടുകളില്‍ കൊണ്ടുചെന്ന് തള്ളിയിട്ടുള്ള അളവറ്റ സമ്പത്തിന്റെ പ്രശ്നം ഇടയ്ക്കിടെ പൊങ്ങിവരുന്നതും വിവാദം ഉയര്‍ത്തിവിടുന്നതും പിന്നെ വിസ്മരിക്കപ്പെടുന്നതും ഒട്ടും ആശ്ചര്യകരമല്ല. ഇടയ്ക്കിടെ ഈ പ്രശ്നം ഉയര്‍ന്നുവരുന്നത് പല കാരണങ്ങളാലും മനസ്സിലാക്കാവുന്നതേയുള്ളൂ. നികുതി വെട്ടിച്ചും വിദേശ നാണ്യ വിനിമയ നിയമങ്ങള്‍ ലംഘിച്ചും രാജ്യത്ത് നിലവിലുള്ള മറ്റ് നിയമങ്ങള്‍ ലംഘിച്ചും ആണ്, മിക്കപ്പോഴും സ്വിസ്സ് ബാങ്കുകളിലേക്ക് ഇങ്ങനെ പണം ഒഴുക്കുന്നത്. അതുകൊണ്ടുതന്നെ അത് നിയമവിരുദ്ധവും ധാര്‍മികമായി ജുഗുപ്സാവഹവുമാണ്.

ഇതില്‍ ഉള്‍പ്പെട്ട സംഖ്യ അത്ര ചെറുതൊന്നുമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായി ഉപയോഗിയ്ക്കാന്‍ ഉതകുന്ന ഈ സമ്പത്ത്, ധനികരുടെ കയ്യിലുള്ള മിച്ചധനമാണ്. എന്നാല്‍ അതിപ്പോള്‍ വിദേശത്ത് ഉപയോഗശൂന്യമായിക്കിടക്കുകയാണ്. അതവിടെ നിയമവിരുദ്ധമായി കുന്നുകൂടിക്കൊണ്ടിരിക്കുന്നു. രാജ്യത്തേക്കാള്‍ പ്രധാനം തങ്ങളുടെ സ്വന്തം കാര്യമാണെന്ന് കരുതുന്ന സമ്പന്നവര്‍ഗത്തിന്റെ പ്രതീകമാണ് ഈ കള്ളപ്പണത്തിന്റെ അസ്തിത്വം. രാജ്യരക്ഷാ സാമഗ്രികളുടെ കരാറുകള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന നിയമവിരുദ്ധമായ കൈക്കൂലികളുടെ കാര്യത്തിലും ഇത് ശരിയാണ്. വിദേശങ്ങളില്‍ ഇങ്ങനെ സമ്പത്ത് കുന്നുകൂട്ടിവെയ്ക്കുന്നതിന് സഹായകമായ നിയമലംഘനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുകയും കള്ളപ്പണം തിരികെ കൊണ്ടുവരികയും വളര്‍ച്ചയ്ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്തുകയും വേണം എന്ന ശരിയായ ആവശ്യത്തിലേക്കാണ്, ധാര്‍മികവും ദേശസ്നേഹപരവുമായ നമ്മുടെ ധാര്‍മികരോഷം നമ്മെ നയിക്കുന്നത്. ധാര്‍മിക വികാരം മാറ്റിവെച്ചാല്‍ത്തന്നെ, നിയമവാഴ്ച എല്ലാവര്‍ക്കും ബാധകമായിരിക്കണം എന്ന് സമത്വബോധം ആവശ്യപ്പെടുന്നു. \

ഇന്ത്യയില്‍ ഇന്നത്തെ വിവാദം ഉയര്‍ന്നുവരുന്നതിന് മൂന്ന് ഘടകങ്ങളാണ് സംയുക്തമായി കാരണമായിത്തീര്‍ന്നത്. ഒന്നാമത്, വിദേശബാങ്കുകളില്‍ 30 കോടി ഡോളര്‍ സൂക്ഷിച്ചിട്ടുള്ള 250 അമേരിക്കക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സ്വിറ്റ്സര്‍ലണ്ടിലെ വന്‍കിട ബാങ്കായ യുബിഎസ് നിര്‍ബന്ധിതമായിത്തീര്‍ന്നു. അമേരിക്കന്‍ പൗരന്മാര്‍ നടത്തിയിട്ടുള്ള നികുതി വെട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന ആഭ്യന്തര റവന്യൂ സര്‍വീസ് അന്വേഷകരാണ് നികുതി വെട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്ന ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ 2009 ആദ്യത്തില്‍ യുബിഎസ്സിനെ നിര്‍ബന്ധിതമാക്കിയത്. ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കുന്നതിനായി അമേരിക്കന്‍ ഗവണ്‍മെന്റിന് 78 കോടി ഡോളര്‍ നല്‍കാമെന്നും ഈ ബാങ്ക് സമ്മതിച്ചു. ഈ തുകകള്‍ ചെറിയതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്വന്തം രാജ്യത്തെ സ്വകാര്യത സംബന്ധിച്ച നിയമങ്ങളുടെ പിന്‍ബലത്തില്‍ സമ്പത്താര്‍ജിക്കുന്ന ഒരു ബാങ്കിങ് വ്യവസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനം, വളരെ വലിയ ഒരു സൗജന്യം തന്നെയാണ്. വളരെയേറെ പ്രയോജന സാധ്യതകളുള്ള ഒരു സൗജന്യം. അമേരിക്കയുടെ കാര്യത്തില്‍പോലും മേല്‍പ്പറഞ്ഞ 250 പേരുടെ പട്ടിക, വളരെ ചെറുതാണ് - സ്വിസ്സ് ബാങ്കില്‍ നിയമവിരുദ്ധമായ അക്കൗണ്ടുള്ളതായി ആരോപിയ്ക്കപ്പെടുന്ന 19,000 അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ഒരു ശതമാനം മാത്രം.

2002നും 2007നും ഇടയില്‍ അമേരിക്കയില്‍നിന്ന് കടത്തിക്കൊണ്ടുപോയിയെന്ന് ആഭ്യന്തര റവന്യൂ സര്‍വീസ് സംശയിക്കുന്ന 2000 കോടി ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ 250 പേര്‍ സൂക്ഷിച്ചിട്ടുള്ള തുകയും വളരെ ചെറിയതാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി സ്വിസ് ബാങ്കിങ്ങ് വ്യവസായത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. മാത്രമല്ല, ഇത്തരത്തിലുള്ള ഒരു രാജ്യം മാത്രമാണ് അമേരിക്ക. സാമ്പത്തികരംഗത്തെ ഒരു വലിയ ഇടപാടുകാരനാണ് അമേരിക്ക എന്നതിനാല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വിറ്റ്സര്‍ലണ്ടിലെ സ്വകാര്യതാ നിയമങ്ങളില്‍ അയവ് വരുത്തുകയാണെങ്കില്‍ , ഇന്ത്യയെപ്പോലെയുള്ള വികസ്വര രാഷ്ട്രങ്ങളടക്കമുള്ള മറ്റ് രാജ്യങ്ങളിലെ അക്കൗണ്ടുടമകളെ സംബന്ധിച്ച വിശദവിവരങ്ങളും പേരുകളും വെളിപ്പെടുത്താനുള്ള സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ ആ ബാങ്കിങ് വ്യവസ്ഥയ്ക്ക് വിഷമം തന്നെയായിരിക്കും. ഇന്ത്യയിലെ കുറഞ്ഞ അളവിലുള്ള പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുവാനും ദാരിദ്ര്യം കുറയ്ക്കുവാനും ഈ രാജ്യത്തിന് ആ പണം ആവശ്യമാണ്. മറുവശത്താണെങ്കില്‍ അത്തരം വിവരങ്ങള്‍ തേടാനും നേടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മുന്‍കയ്യെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമ്മര്‍ദ്ദം ഈ ഗവണ്‍മമെന്റുകള്‍ക്കുമേല്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതായത് സ്വിസ്സ് ബാങ്കില്‍ നിക്ഷേപിയ്ക്കപ്പെട്ട തുകയെപ്പറ്റി അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാധ്യതയുണ്ടെന്നുവന്നാല്‍ അത്, ഇന്ത്യയുടെ പ്രശ്നത്തെയും വീണ്ടും സജീവമാക്കുക തന്നെ ചെയ്യും.

വികസ്വര രാജ്യങ്ങളില്‍നിന്ന് പൊതുവിലും ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഇങ്ങനെ നിയമവിരുദ്ധമായി എത്ര മാത്രം പണം ഒഴുകുന്നുണ്ട് എന്നതു സംബന്ധിച്ച കണക്കുകള്‍ വെളിയ്ക്കുവന്നത്, ചര്‍ച്ച വീണ്ടും സജീവമാകുന്നതിനു കാരണമായിത്തീര്‍ന്ന രണ്ടാമത്തെ ഘടകമാണ്. അന്തര്‍ദേശീയ നയരൂപീകരണത്തിന് സഹായകമായ പര്യാലോചനാ കേന്ദ്രമായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റി നല്‍കുന്ന ഈ കണക്കുകള്‍ അംഗീകൃത രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതനുസരിച്ച്, 2006ല്‍ വികസ്വരരാഷ്ട്രങ്ങളില്‍നിന്ന് പുറത്തേയ്ക്ക് നിയമവിരുദ്ധമായി ഒഴുകിപ്പോയ പണം, 85,860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയിലാണ്. വികസ്വരരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 2002നും 2006നും ഇടയില്‍ ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 2000 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയിലുള്ള തുക നിയമവിരുദ്ധമായി വിദേശബാങ്കുകളിലേക്ക് ഒഴുകിപ്പോയി എന്നാണ് കണക്ക്. ചൈനയില്‍നിന്ന് 23,300 കോടി ഡോളറിനും 28,900 കോടി ഡോളറിന്നും ഇടയിലുള്ള തുകയും സൗദി അറേബ്യയില്‍നിന്ന് 5400 കോടി ഡോളറിനും 5500 കോടി ഡോളറിനും ഇടയിലുള്ള തുകയും മെക്സിക്കോയില്‍നിന്ന് 4100 കോടി ഡോളറിനും 4600 കോടി ഡോളറിനും ഇടയിലുള്ള തുകയും റഷ്യയില്‍നിന്ന് 3200 കോടി ഡോളറിനും 3800 കോടി ഡോളറിനും ഇടയിലുള്ള തുകയും ഈ കാലയളവില്‍ പ്രതിവര്‍ഷം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഇപ്പോഴത്തെ വിനിമയ നിരക്ക് വെച്ചു കണക്കാക്കുമ്പോള്‍ , ഇന്ത്യയില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 1,10,000 കോടി രൂപയിലധികം പ്രതിവര്‍ഷം പുറത്തേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നു. ഈ സംഖ്യയില്‍ നാലിലൊന്ന് നികുതിയായി ലഭിക്കുകയാണെങ്കില്‍ , ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയ്ക്ക് വേണ്ടത്ര ഫണ്ട് ഓരോ വര്‍ഷവും നല്‍കുന്നതിന്, അത് വളരെയേറെ പ്രയോജനപ്പെടുന്നതാണ്. മേല്‍പ്പറഞ്ഞ മുഴുവന്‍ തുകയും ഇന്ത്യയില്‍ത്തന്നെ ചെലവഴിയ്ക്കപ്പെടുകയാണെങ്കില്‍ ജിഡിപി മൂന്നരശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയും; ഇന്നത്തെ വളര്‍ച്ചാമാന്ദ്യം ഇല്ലാതാക്കുന്നതിനും വളര്‍ച്ചാ വര്‍ധന നേടുന്നതിനും ആ സംഖ്യകൊണ്ടു കഴിയും. അത്രയും വലിയ സംഖ്യ രാജ്യത്തിനുള്ളില്‍ത്തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ , (ആ തുക ഒരു അനുമാനക്കണക്കാണെങ്കില്‍തന്നെയും) പ്രശ്നം വിവാദത്തിന്നിടയാക്കുകയും ചെയ്യും.

മൂന്നാമത്, ഇതൊക്കെ സംഭവിച്ചത്, ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ്. ദേശീയ വികാരം ആളിക്കത്തിക്കുന്നതിനും ധാര്‍മികമായി ആരോപണം ഉന്നയിക്കുന്നതിനും സഹായകമായ ഒരു പ്രശ്നം കരഗതമാകുമ്പോള്‍ , പ്രതിപക്ഷം അത് ഉപയോഗപ്പെടുത്തുകയില്ല എന്ന് പ്രതീക്ഷിയ്ക്കാന്‍ കഴിയുകയില്ലല്ലോ - മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോഴും ഇത്തരം ഒഴുക്ക് സംഭവിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയെ അവഗണിച്ചുകൊണ്ടുതന്നെ. പ്രശ്നം വീണ്ടും സജീവമായി രംഗത്തേക്ക് വന്നത് ഏത് സന്ദര്‍ഭത്തിലാണെങ്കിലും ശരി, അതിനെ ചൂഷണം ചെയ്യാനുള്ള സാധ്യത വളരെ ശക്തമാണ്. ആഭ്യന്തരമായി നികുതി നിയമങ്ങളും വിദേശ വിനിമയ നിയമങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പാക്കപ്പെടണം. അന്താരാഷ്ട്ര രംഗത്താകട്ടെ, ഈ ദ്രോഹം അവസാനിപ്പിയ്ക്കാന്‍ കഴിയില്ലെങ്കില്‍ത്തന്നെ, അത് കുറയ്ക്കാനെങ്കിലും ഉതകുന്ന വിവരങ്ങള്‍ ലഭ്യമാകുന്നതിനുവേണ്ട സമ്മര്‍ദ്ദം ഗവണ്‍മന്റെ് ചെലുത്തണം.

അമേരിക്കയിലെ നിയമനിര്‍മാതാക്കള്‍ ഈയിടെ നേടിയ പരിമിതമായ വിജയത്തിലൂടെ ഉണ്ടാക്കപ്പെട്ട സ്വിസ് ബാങ്കിങ്ങ് വ്യവസ്ഥയിലെ വിള്ളല്‍ നല്‍കുന്ന അവസരം പ്രയോജനപ്പെടുത്തുക എന്നതാണ് നമുക്ക് അവലംബിയ്ക്കാവുന്ന ഒരു മാര്‍ഗം. അതുപയോഗിച്ച് ഇന്ത്യയിലെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കണം. ഈ വിധത്തില്‍ കള്ളപ്പണം കുന്നുകൂടുന്നത് കുറയ്ക്കാന്‍ ഉതകുന്ന വിവരങ്ങള്‍ ലഭ്യമാകുന്നതിന് അനുകൂലമായ കൂടുതല്‍ മെച്ചപ്പെട്ട ആഗോള അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റിയുടെ ഡയറക്ടര്‍ ആയ റെയ്മണ്ട് ബേക്കര്‍ ("ക്യാപിറ്റലിസംസ് അക്കിലസ് ഹീല്‍ : ഡര്‍ട്ടി മണി ആന്‍റ് ഹൗ ടു റെന്യൂ ദി ഫ്രീ മാര്‍ക്കറ്റ് സിസ്റ്റം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്) ഫിനാന്‍ഷ്യല്‍ ടൈംസില്‍ (2009 ഏപ്രില്‍ 24) ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: "വ്യക്തിഗത അക്കൗണ്ടുകളെയും ബിസിനസ്സ് അക്കൗണ്ടുകളെയും സംബന്ധിച്ച നികുതി വിവരങ്ങള്‍ സ്വാഭാവികമായും രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുകയും ബഹുരാഷ്ട്ര കുത്തകകളുടെ വില്‍പ്പനകളെയും ലാഭത്തേയും നികുതികളേയും സംബന്ധിച്ച വിവരങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുകയും ആണ്, വികസ്വര രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധമായി വമ്പിച്ച അളവില്‍ പണം ഒഴുകിപ്പോകുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം".

നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും പ്രോല്‍സാഹനം നല്‍കുന്ന കാര്യത്തില്‍ നികുതിവിമുക്ത താവളങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ ആശങ്ക ഉയര്‍ന്നുവന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ , ഇപ്പോള്‍ ഇതിനൊരു അവസരം കൈവന്നിരിക്കുകയാണ്.

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്, മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഏതാനും വാക്കുകള്‍ പറയുന്നതും ഉചിതമായിരിക്കും. ഒന്നാമത്, നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുകുന്ന പണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠമൂലം, ഇന്ത്യയെപ്പോലെയുള്ള വികസ്വരരാഷ്ട്രങ്ങളെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നമായ നികുതിവെട്ടിപ്പില്‍നിന്നും ഒഴിഞ്ഞുമാറലില്‍നിന്നും ശ്രദ്ധ വഴിതെറ്റിപ്പോകരുത്. സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം മാത്രമാണ്, സ്വിസ് ബാങ്കുകളിലേക്കും മറ്റ് വിദേശ ബാങ്കുകളിലേക്കും നിയമവിരുദ്ധമായി ഒഴുകിപ്പോകുന്ന പണം. കള്ളപ്പണത്തില്‍ അധികഭാഗവും ഈ രാജ്യത്തുതന്നെ നിലനില്‍ക്കുന്നു. ഇങ്ങനെ ആഭ്യന്തരമായി പിടിച്ചുനിര്‍ത്തപ്പെടുന്ന നിയമവിരുദ്ധമായ സമ്പത്ത് കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും; അതില്‍നിന്ന് നികുതി ഈടാക്കാന്‍ കഴിയും; പുതിയതായി നിയമവിരുദ്ധമായ സമ്പത്ത് ഉണ്ടാക്കപ്പെടുന്നത് (അത് വിദേശത്തേക്ക് ഒഴുകിയെന്നും വരാം; ഒഴികിയില്ലെന്നും വരാം) കൂടുതല്‍ എളുപ്പത്തില്‍ തടയാനും കഴിയും. കള്ളപ്പണ സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തെക്കുറിച്ചുള്ള കണക്ക്, നികുതിവെട്ടിപ്പിന്റെ അളവ്, തര്‍ക്കത്തില്‍ക്കിടക്കുന്നതും തീരുമാനമാകാത്തതുമായ അവകാശവാദങ്ങളെ സംബന്ധിച്ച (നികുതിവകുപ്പുമായിട്ടുള്ളത്) കണക്ക് - നിയമവിരുദ്ധമായി പുറത്തേയ്ക്കൊഴുകുന്ന സമ്പത്തിന്റെ കണക്കുപോലെത്തന്നെ ഇവയും ഞെട്ടിപ്പിക്കുന്നതാണ്. എന്നുതന്നെയല്ല, പ്രശ്നം നികുതിവെട്ടിപ്പിന്റേതു മാത്രമല്ല; നികുതിനിയമങ്ങളില്‍ ഉള്ള പഴുതുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടും നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ പ്രശ്നവുമുണ്ട്. "വിഭവങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ നടപ്പാക്കപ്പെടാതെ" കിടക്കുന്ന എത്രയോ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്തുന്നത് എങ്ങനെയെന്നതിനുള്ള, ഏറ്റവും ലളിതമായ ഉത്തരമാണ്, നികുതി ആനുകൂല്യങ്ങള്‍ വഴി നഷ്ടപ്പെടുന്ന വമ്പിച്ച റവന്യൂ വരുമാനം.

രണ്ടാമത്, നിയമവിരുദ്ധമായി വിദേശങ്ങളിലേക്ക് ഒഴുകുന്ന പണത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയ്ക്കിടയില്‍ , സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി വിദേശത്തേക്ക് നിയമവിധേയമായി ഒഴുകിപ്പോകുന്ന സമ്പത്തില്‍നിന്ന് (അത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്) ശ്രദ്ധ വഴിതെറ്റിപ്പോകരുത്. 1990കളുടെ തുടക്കംവരെ, ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന അക്കൗണ്ടുകള്‍ , അവര്‍ തെറ്റായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സമ്പത്തിന്റെ മാത്രം ഫലമായിട്ടുള്ളതായിട്ടല്ല വീക്ഷിയ്ക്കപ്പെട്ടത്. വിദേശനാണയം നേടുന്നതിനുമേല്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന പരിധിയുടെ കൂടി ഫലമായിട്ടായിരുന്നു അത് എന്നാണ് വാദിയ്ക്കപ്പെട്ടിരുന്നത്. വിദേശങ്ങളില്‍ ആസ്തി സമ്പാദിക്കുന്നതിനുവേണ്ടി രൂപയെ മറ്റേതെങ്കിലും നാണയമാക്കി മാറ്റുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ മൂലധനച്ചെലവിന്റെ കാര്യത്തില്‍ മറ്റേതെങ്കിലും നാണയമായി (ഉദാഹരണത്തിന് ഡോളര്‍) രൂപയെ മാറ്റാന്‍ കഴിയുമായിരുന്നില്ല എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. സാധനങ്ങള്‍ ഇറക്കുമതി ചെയ്യല്‍, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ കറന്‍റ് അക്കൗണ്ട് ആവശ്യങ്ങള്‍ക്ക് വേണ്ട വിദേശനാണയത്തിനുപോലും റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു; ദൗര്‍ലഭ്യം ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ചെലവ് വഹിയ്ക്കാന്‍ കഴിയുന്നവര്‍ക്കും അതിനുള്ള വഴി കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കും വിദേശത്തേയ്ക്ക് പണം മാറ്റുന്നതിനും അവിടെ പണം സൂക്ഷിക്കുന്നതിനും പ്രേരണ നല്‍കി എന്നാണ് ഒരു വാദം.

സ്വിസ് ബാങ്കിങ് വ്യവസ്ഥയിലെ രഹസ്യ സ്വഭാവത്തെ ചൂഷണം ചെയ്യുന്നതിനും രാജ്യത്തുള്ള നിയമം ലംഘിക്കുന്നതിനും ആളുകളെ നിര്‍ബന്ധിതരാക്കുന്നത് സാമ്പത്തിക നയമാണ് എന്നാണ് വാദം. എന്നാല്‍ ഈ വാദം ഒട്ടും ശരിയല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നത്. വിദേശനാണയം നേടുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമങ്ങള്‍ വേണ്ടത്ര ഉദാരമാക്കപ്പെട്ടിട്ടും വിദേശത്തേക്ക് പണം മാറ്റുകയും അവിടെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ ഇന്ന് യഥാര്‍ത്ഥത്തിലുണ്ടായ മാറ്റം; വിദേശത്തേക്ക് പണം കൊണ്ടുപോകുന്നത് നിയമവിരുദ്ധമായ രീതിയിലും നിയമവിധേയമായ രീതിയിലും (രണ്ടു രീതികളിലും) നടക്കുന്നു എന്നതാണ്. ഉദാഹരണത്തിന് വ്യാപാര - വിനിമയ നിരക്ക് ഉദാരവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും, നികുതി വെട്ടിക്കുന്നതിനുവേണ്ടി വില കൂട്ടി കാണിച്ചുള്ള (ഓവര്‍ ഇന്‍വോയ്സിങ്ങ്) ഇറക്കുമതിയും വില കുറച്ചു കാണിച്ചുള്ള (അണ്ടര്‍ ഇന്‍വോയ്സിങ്ങ്) കയറ്റുമതിയും ഇപ്പോഴും തുടരുന്നുണ്ട്. അതോടൊപ്പം തന്നെ, ആസ്തികള്‍ സമ്പാദിക്കുന്നതിനും അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നതിനുമായി വിദേശങ്ങളിലേക്ക് പണം കൈമാറുന്നുമുണ്ട്.

2008-09 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസക്കാലത്ത് (ഏപ്രില്‍ - ഡിസംബര്‍) വിദേശ പ്രത്യക്ഷ നിക്ഷേപം എന്ന നിലയില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് ഒഴുകിയ മൂലധനം 1200 കോടിയോളം ഡോളറിന്റേതാണ്. രാജ്യത്തിലേക്ക് ഇങ്ങോട്ട് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ (2700 കോടി ഡോളര്‍) അഞ്ചില്‍ രണ്ട് ഭാഗത്തിലധികം വരും ഇത്. ഇത്രയും പണമൊന്നും വിദേശത്തേക്ക് ഒഴുകിപ്പോകേണ്ട ആവശ്യമില്ല. ഇവിടെ താമസിക്കുന്ന വ്യക്തികള്‍ ഉദാരവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിദേശത്തേക്ക് അയയ്ക്കുന്ന വിദേശ വിനിമയത്തിന്റെ ഒഴുക്കിന്റെ കാര്യത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2004-05 വര്‍ഷത്തില്‍ ഇങ്ങനെ അയച്ച തുക 96 ലക്ഷം ഡോളര്‍ ആയിരുന്നുവെങ്കില്‍ 2005-06ല്‍ അത് 250 ലക്ഷം ഡോളറായും 2006-07ല്‍ 728 ലക്ഷംഡോളറായും വര്‍ദ്ധിക്കുകയുണ്ടായി. എന്നാല്‍ , 2007-08ല്‍ അത് 4405 ലക്ഷം ഡോളറായി കുതിച്ചുയര്‍ന്നു. ഇങ്ങനെ വിദേശത്തേക്കുള്ള വിദേശ നാണയക്കൈമാറ്റം, അത്തരം വിദേശനാണയം ഇങ്ങോട്ടു നേടുന്നതുമായി ബന്ധപ്പെട്ടല്ല കിടക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നുതന്നെയല്ല, ചരക്ക് വ്യാപാരത്തിലൂടെയും സേവനവ്യാപാരത്തിലൂടെയും വിദേശത്തുള്ള നിക്ഷേപങ്ങളില്‍നിന്ന് സ്വരൂപിയ്ക്കപ്പെടുന്ന വരുമാനത്തിലൂടെയും വിദേശ വിനിമയ മിച്ചം ഉണ്ടാക്കാനുള്ള ഇന്ത്യയുടെ കഴിവ് അതോടൊപ്പം വര്‍ദ്ധിക്കുന്നുമില്ല. കറന്‍റ് അക്കൗണ്ടില്‍ ഇന്ത്യ രേഖപ്പെടുത്തുന്നത് കമ്മിയാണ്. അതായത് ഏതെങ്കിലും വിധത്തില്‍ ഇന്ത്യ വിദേശവിനിമയശേഖരം കൂടുതല്‍ കൈവശംവെയ്ക്കുന്നുണ്ടെങ്കില്‍ അത് "സമ്പാദിച്ചതല്ല" മറിച്ച് "കടം വാങ്ങി"വെച്ചതാണ്. ഇങ്ങനെ കടം വാങ്ങിയ വിദേശ നാണയമാണ് തിരികെ വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അത് തിരിച്ചുവരാനുള്ള സാധ്യതയൊന്നുമില്ല താനും.

പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിറവേറ്റുന്നതിനാവശ്യമായ തുക, നടപ്പ് വിദേശനാണയ സമ്പാദ്യത്തേയും ഇന്ത്യയിലേക്കുള്ള വിദേശ നാണയ ഒഴുക്കിനേയുംകാളൊക്കെ എത്രയോ അധികമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിത്തീരാവുന്നതാണ്. അതുമൂലം അസ്ഥിരതയും പ്രതിസന്ധികളും ഉണ്ടാകാവുന്നതാണ്. വികസ്വര ലോകത്ത് അത്തരം പ്രതിസന്ധികള്‍ ഇന്ന് സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അതിന്റെ ഭാരം വന്നു പതിക്കുന്നത് എല്ലാവരുടെയും കൂടി തലയിലാണ്; മുമ്പ് വിദേശത്തേക്ക് പണം കടത്തിക്കൊണ്ടു പോയവരുടെ മാത്രം തലയിലല്ല. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

ആഗോളവ്യാപാരത്തില്‍നിന്നും മൂലധന ഒഴുക്കില്‍നിന്നും ഉണ്ടാകുന്ന വിദേശ നാണയത്തെ വിലപ്പെട്ട വിഭവമായി കാണുന്ന രാജ്യങ്ങളില്‍ , ആവശ്യമില്ലാതെ വിദേശങ്ങളിലേക്ക് പണം ഒഴുകിപ്പോകുന്നതിനെയും അനാവശ്യമായി വിദേശങ്ങളില്‍നിന്ന് ഇങ്ങോട്ട് പണം ഒഴുകിവരുന്നതിനെയും നിയന്ത്രിക്കേണ്ടത്, അത്തരം ഒരു സ്ഥിതിവിശേഷം സംജാതമാകുന്നത് തടയുന്നതിന് ആവശ്യമാണ്. നിയമവിരുദ്ധമായി പണം പുറത്തേക്ക് ഒഴുകിപ്പോകുന്നതിലുള്ള ധാര്‍മികരോഷം പ്രകടിപ്പിക്കുന്ന അവസരത്തില്‍ , ഭരണകക്ഷിയും പ്രധാന പ്രതിപക്ഷകക്ഷികളും ഇക്കാര്യം വിസ്മരിക്കരുത്. ഖേദകരമെന്നു പറയട്ടെ, അതാണ് അവര്‍ ചെയ്യുന്നതെന്ന് തോന്നുന്നു.


*****


പ്രൊഫ. സി പി ചന്ദ്രശേഖര്‍, കടപ്പാട്: ചിന്ത വാരിക

പാമൊലിന്‍ കേസ് - നിയമവും നീതിയും


കേരള രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കിയ പാമൊലിന്‍ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും മുന്‍മന്ത്രി ടി എച്ച് മുസ്തഫയുമടക്കമുള്ള ഉന്നതന്മാര്‍ ഉള്‍പ്പെട്ട കേസില്‍, അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹാജരാക്കിയ രേഖകളും സാക്ഷിമൊഴികളും എല്ലാം വിശദമായി പരിശോധിച്ചശേഷം ഈ വിഷയത്തില്‍ അന്നത്തെ ധനമന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പു കൂടി കൈയാളുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരാമോ എന്ന ചോദ്യം ഉയര്‍ന്നുവന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന- അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രതികരണം ഉടന്‍ വന്നു- ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരാം എന്ന്. ഇത്തരമൊരു പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

അഴിമതി ആരോപണത്തില്‍ കുടുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചില കേന്ദ്രമന്ത്രിമാരും രാജിവച്ചു കഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ രാജിക്കുവേണ്ടി സമ്മര്‍ദം മുറുകുകയാണ്. അത്തരമൊരു ഘട്ടത്തില്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ കേരള മുഖ്യമന്ത്രികൂടി രാജിവയ്ക്കുന്ന അവസ്ഥ വന്നാല്‍ കോണ്‍ഗ്രസിന് തീര്‍ച്ചയായും അങ്ങേയറ്റത്തെ നാണക്കേടാകും. ജഡ്ജിയുടെ തീരുമാനംതന്നെ പക്ഷപാതപരവും നിയമവിരുദ്ധവുമാണെന്നും അതുകൊണ്ട് അതു മുഖ്യമന്ത്രിക്ക് ബാധകമല്ല എന്നതുമാണ് വിചിത്രമായ ഒരു വാദം. വിജിലന്‍സ് ജഡ്ജിക്ക് ഉമ്മന്‍ചാണ്ടിയോടുള്ള വ്യക്തിവിരോധംകൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയ പക്ഷപാതിത്വംകൊണ്ടോ ആണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന വാദം അംഗീകരിച്ചാല്‍ പിന്നെ ഒരു കേസിലും ഒരു ജഡ്ജിക്കും വിധി പറയാന്‍ കഴിയില്ല. ഏതു ന്യായാധിപനുമെതിരെ ഇങ്ങനെ പറയാമല്ലോ. അഥവാ അങ്ങനെയാണെങ്കില്‍ അതിനു പ്രതിവിധിയുണ്ടല്ലോ;

വിജിലന്‍സ് ജഡ്ജി അന്തിമ വിധികര്‍ത്താവല്ല. ഉമ്മന്‍ചാണ്ടിക്കു ഹൈക്കോടതിയില്‍ അപ്പീല്‍ പോകാം. ഹൈക്കോടതി ജഡ്ജിമാരെല്ലാം അദ്ദേഹത്തിന്റെ വിരോധികളാണെന്നും ഹൈക്കോടതിയില്‍നിന്ന് നീതി പ്രതീക്ഷിച്ചുകൂടാ എന്നുമാണെങ്കില്‍ സുപ്രീം കോടതിയിലും പോകാം. അന്തിമവിധി സുപ്രീം കോടതിയുടേതാണല്ലോ. ഇതിലേറെ വിചിത്രമായി തോന്നിയത് ഉമ്മന്‍ചാണ്ടി ഒരു കാരണവശാലും രാജിവയ്ക്കേണ്ടതില്ല എന്ന് കോടതിക്കു വെളിയില്‍വച്ച് വാദിക്കാന്‍ ഒരു അഭിഭാഷകന്‍ മുന്നോട്ടുവന്നു എന്നതാണ് (കോടതിക്കകത്ത് അങ്ങനെ വാദിക്കുന്നത് മനസിലാക്കാം). വക്കീല്‍ പറയുന്നത് ക്രിമിനല്‍ നടപടി നിയമം 173}(8) വകുപ്പ് പ്രകാരം കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകമാത്രമാണ് കോടതി ചെയ്തിട്ടുള്ളത് എന്നും ഒരാളുടെ പേരില്‍ അന്വേഷണം നടക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ രാജിവയ്ക്കണം എന്നു പറയുന്നത് പരിഹാസ്യമാണെന്നുമാണ്. ഈ വാദം കുറെക്കൂടി വലിച്ചു നീട്ടിയാല്‍ ഉമ്മന്‍ ചാണ്ടി കേസില്‍ പ്രതിയായാലും രാജിവയ്ക്കേണ്ടതില്ല, കാരണം കോടതിയില്‍ കുറ്റക്കാരനാണെന്നു തെളിയുന്നതുവരെ ഏതൊരു പ്രതിയും നിരപരാധിയായി പരിഗണികപ്പെടണം എന്നാണ് നീതിശാസ്ത്രം. കുറെക്കൂടി മുന്നോട്ടുപോയാല്‍ വിജിലന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ട് ഉമ്മന്‍ചാണ്ടിയെ ശിക്ഷിച്ചാല്‍പ്പോലും അദ്ദേഹം നിരപരാധിയായി തുടരും. കാരണം അന്തിമവിധി പറയാനുള്ള അധികാരം സുപ്രീംകോടതിക്കാണ്. തീര്‍ച്ചയായും നിയമത്തിന്റെ തലനാരിഴ കീറി വക്കീലന്മാര്‍ക്ക് ഇങ്ങനെയൊക്കെ വാദിക്കാവുന്നതേയുള്ളൂ. പക്ഷേ, അത് കോടതിക്കു വെളിയില്‍ വച്ചാകരുത് എന്നുമാത്രം.

ഇവിടെ പരിഗണനയിലിരിക്കുന്ന കേസില്‍ കേവലം ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പുകളും വക്കീലന്മാര്‍ നടത്തുന്ന നിയമ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറത്തുള്ള ചില വിഷയങ്ങള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. അത് ജനങ്ങളുടെ നീതിബോധവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയുമാണ്. നിയമനിര്‍മാണസഭകള്‍ , രാഷ്ട്രീയ പാര്‍ടികള്‍ , കോടതികള്‍ , വാര്‍ത്താ മാധ്യമങ്ങള്‍ , ഉദ്യോഗസ്ഥന്മാര്‍ - ഇവരെല്ലാം ചേര്‍ന്നാണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്. ഇതിന്റെയെല്ലാം അടിത്തറയായി നില്‍ക്കുന്നതാകട്ടെ നീതിബോധവും ജനാധിപത്യമൂല്യങ്ങളിലും ധാര്‍മികമൂല്യങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസവുമാണ്. അടിത്തറ ഇളകിയാല്‍ കേവലം തൂണുകള്‍ക്കുമാത്രം ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ കഴിയില്ല. ഈ വിശ്വാസം നിലനിര്‍ത്തുകയും സംരക്ഷിക്കുകയും വേണം. ആറു പതിറ്റാണ്ടിലേറെയായി എല്ലാ പരിമിതികളോടും ദൗര്‍ബല്യങ്ങളോടും കൂടിയാണെങ്കില്‍പ്പോലും ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നത് ജനങ്ങളുടെ ഈ വിശ്വാസത്തിന്റെ അടിത്തറയിന്മേലാണ്.

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ നമ്മുടെ അയല്‍രാജ്യങ്ങളില്‍ പട്ടാളഭരണവും കലാപവും നിരന്തരം നടക്കുന്നത് നമ്മുടെ മുന്നില്‍ത്തന്നെയുള്ള കാഴ്ചയാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെന്ന ഒരു ചെറിയ മനുഷ്യന്‍ പണ്ട് ഇന്ത്യയുടെ റെയില്‍വേ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയിരുന്നു. നെഹ്റു കുടുംബത്തില്‍പ്പെട്ടവരെമാത്രമേ അംഗീകരിക്കൂ എന്നു വാശിപിടിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ എന്നേ മറന്നിരിക്കുന്നു. രാജ്യത്തെവിടെയോ ഒരു തീവണ്ടിയപകടം നടന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച ആളായിരുന്നു ശാസ്ത്രി. മാറിവരുന്ന സാഹചര്യത്തില്‍ ഒരു പുനഃപരിശോധന നടത്തിയാല്‍ ശാസ്ത്രി വെറും വിഡ്ഢിയായിരുന്നു എന്നു വിലയിരുത്താം. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിച്ചുനിര്‍ത്തിയതിന്റെ പിന്നില്‍ ഇത്തരം കുറെ "വിഡ്ഢികളുടെ" മഹത്തായ സംഭാവനകളുണ്ട് എന്ന കാര്യം നമുക്ക് മറന്നുകൂടാ.

നിയമത്തിന്റെ വകുപ്പുകളിലെ അക്ഷരങ്ങള്‍ക്കും വാചകങ്ങള്‍ക്കും അവയുടെ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറത്തുള്ള നീതിബോധവും ധാര്‍മികതയും ജനാധിപത്യമൂല്യങ്ങളും തകര്‍ന്നാല്‍ രാജ്യത്ത് എന്തും സംഭവിക്കാം. ഇവിടെ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി എന്ന വ്യക്തി ഒരു സാധാരണക്കാരനല്ല. ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ കള്ളസാക്ഷികളെ ഉപയോഗിച്ച് കള്ളക്കേസില്‍ പ്രതിയാക്കാവുന്ന ആളല്ല. അദ്ദേഹം ഇന്ന് ധനമന്ത്രിയുമല്ല. അദ്ദേഹം ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന സംസ്ഥാന മുഖ്യമന്ത്രിയാണ്, സംസ്ഥാനത്തിന്റെ ഏറ്റവും ഉന്നതനായ ഭരണാധികാരിയാണ്. അദ്ദേഹം സംസ്ഥാന പൊലീസ് സേനയെയാകെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രിപദവും സംസ്ഥാന ഭരണത്തെയാകെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിപദവും വഹിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ സത്യസന്ധമായി അന്വേഷണം നടത്താനും കുറ്റക്കാരനാണെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കാനും ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനു കഴിയുമോ? ഭരണഘടനയിലും ക്രിമിനല്‍ നടപടി നിയമത്തിലും എന്തെല്ലാം എഴുതിവച്ചാലും പ്രായോഗിക തലത്തിലുള്ള പ്രയാസങ്ങള്‍ ആര്‍ക്കാണറിയാത്തത്.

ഇന്ത്യന്‍ ഭരണഘടനയിലെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണ് നിയമവാഴ്ചയും നിയമത്തിനു മുന്നിലുള്ള തുല്യതയും. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യസംരക്ഷണം ലഭിക്കുമെന്നും ഭരണഘടനയുടെ 14- ാം വകുപ്പ് അനുശാസിക്കുന്നു. ഇത് പൗരന്റെ മൗലികാവകാശങ്ങളിലുള്‍പ്പെട്ടതാണ്. എന്നാല്‍ , ഇന്ത്യയിലെ പരമോന്നത കോടതി ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള എന്ന മുന്‍മന്ത്രി ഏറിയപങ്കും പരോളില്‍ പുറത്തും അതിനുശേഷം സകല ആര്‍ഭാടങ്ങളും അനുഭവിച്ച് പഞ്ചനക്ഷത്ര ആശുപത്രിയിലും കഴിയുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അതേസമയം കുറ്റമൊന്നും ചെയ്യാതെതന്നെ കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കിടന്നു നരകിക്കുന്നവര്‍ ആയിരങ്ങളാണ്. എവിടെ മൗലികാവകാശങ്ങള്‍ ? എവിടെ ഭരണഘടനയും 14-ാം വകുപ്പും? നിയമത്തിനുമുന്നിലെ തുല്യതയും നിയമവാഴ്ചയുമെവിടെ?

സുപ്രീംകോടതിവിധിയെ അട്ടിമറിക്കുന്ന മുന്‍മന്ത്രിമാര്‍ , കോടതി ഉത്തരവുകളെ അവഗണിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും, തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് തന്റെ പേരില്‍ കേസുണ്ടെങ്കില്‍ അന്വേഷിക്കൂ എന്നാജ്ഞാപിക്കുന്ന മുഖ്യമന്ത്രി. ഇങ്ങനെ സമര്‍ഥന്മാരുടെ എണ്ണം കൂടുകയും "വിഡ്ഢി"കളുടെ എണ്ണം കുറയുകയും ചെയ്താല്‍ തകരുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയാണ്. ജനങ്ങളില്‍ നിലനില്‍ക്കുന്ന നീതിബോധം, ധാര്‍മികത, ജനാധിപത്യമൂല്യങ്ങള്‍ - നിയമങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറത്ത് ഈ മൂല്യങ്ങളെല്ലാം സംരക്ഷിക്കപ്പെടണം. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തണം. തന്റെ പേരില്‍ കേസന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയന്ത്രിക്കാന്‍ അധികാരമുള്ള മുഖ്യമന്ത്രിപദവിയില്‍നിന്ന് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് ഈയൊരു നീതിബോധത്തിന്റെ പേരിലാണ്. അദ്ദേഹം തന്റെ പാര്‍ടിയില്‍ ഉന്നതസ്ഥാനത്തിരിക്കുന്നതിനോ പൊതുരംഗത്തു തുടരുന്നതിനോ ആരും എതിരല്ല. കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്നെങ്കിലേ അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവുമാണെന്ന് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയൂ. ജനങ്ങളുടെ വിശ്വാസം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശിലയാണ്. ഈ വിശ്വാസം തകരാതെ, ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്.


*****


അഡ്വ. ഇ കെ നാരായണന്‍, കടപ്പാട് :ദേശാഭിമാനി

Wednesday, August 17, 2011

അഴിമതിയുടെ സാംസ്കാരിക സ്വത്വം


അടുത്തയിടെ ഉണ്ടായ അവിശ്വസനീയമായ അഴിമതി സംഭവങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ അഴിമതിരാഷ്ട്രം എന്ന ബഹുമതി നേടിക്കൊടുത്തിരിക്കുന്നു. അഴിമതി ഒരു പുതുമയൊന്നുമല്ല, ഇന്ത്യയിലും വിദേശങ്ങളിലും. അഴിമതിയെക്കുറിച്ച് ഗവേഷണം നടത്തിയ സയ്യദ് അലാത്താസ് എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വാതന്ത്ര്യാനന്തര മുതലാളിത്ത വികസന പ്രക്രിയയുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ബൂര്‍ഷ്വാ സംസ്കാരവും ജീവിതരീതിയുമാണ് അഴിമതിയുടെ അടിസ്ഥാനപരമായ കാരണങ്ങളെന്നാണ് പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള സഹകരണവും സഹായവും അഴിമതിയ്ക്ക് വഴിയൊരുക്കുകയും കോഴ വാങ്ങിയവരെ സംരക്ഷിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വ സാധാരണമാണെങ്കില്‍ കൂടി അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്മാരും വിരളമാണ്. അതുകൊണ്ട് കോഴയും അഴിമതിയും ഭരണസംസ്കാരത്തിന്റെ ഭാഗമായി മാറി. പടിപടിയായി വളര്‍ന്നുവന്ന ആ സംസ്കാരം ഇന്ന് സമൂഹത്തെയാകെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കോഴയും അഴിമതിയും അനഭിലഷണീയമായ വ്യതിയാനങ്ങളല്ലെന്നും ഭരണവ്യവസ്ഥയുടെ സ്വാഭാവികമായ രീതി മാത്രമാണെന്നുമുള്ള ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഭരണകര്‍ത്താക്കള്‍ ന്യായീകരിക്കുകയും ജനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ദുരന്തമാണ് അഴിമതി. അഴിമതിക്ക് പല രൂപങ്ങളുമുണ്ട്. പരമ്പരാഗത ഭരണസംവിധാനത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ സ്വീകരിച്ചിരുന്ന മാമൂലുകള്‍ മുതല്‍ ഇന്ന് വസൂലാക്കുന്ന വമ്പിച്ച കോഴ വരെ. പൊതുവില്‍ ഭരണസംവിധാനത്തെ അവിഹിതമായി ഉപയോഗിച്ച് കയ്യാളുന്ന എല്ലാ ആനുകൂല്യങ്ങളേയും അഴിമതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഓരോ കാലഘട്ടത്തിലും അഴിമതിയുടെ സ്വഭാവവും തോതും മാറുന്നു. ഫ്യൂഡല്‍ - കൊളോണിയല്‍ കാലഘട്ടങ്ങളിലുണ്ടായിരുന്ന അഴിമതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ആഗോളീകരണ സന്ദര്‍ഭത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അഴിമതി. അന്ന് അഴിമതി അസാധാരണ സംഭവമായിരുന്നെങ്കില്‍ ഇന്ന് സര്‍വ്വസാധാരണമായ സാമൂഹ്യ സംസ്കാരമായി മാറി കഴിഞ്ഞിരിക്കുന്നു. ഭരണവര്‍ഗത്തിന്റെ സാംസ്കാരിക സ്വത്വമായി അഴിമതി വികസിച്ചിരിക്കുന്നു. ഈ മാറ്റത്തിന് പ്രധാന കാരണം മദ്ധ്യവര്‍ഗത്തിന്റെ സുഖലോലുപതയും സാമൂഹ്യസമീപനവുമാണ്.

അഴിമതി ഒരു സാമൂഹ്യ പ്രതിഭാസമായതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി മദ്ധ്യവര്‍ഗത്തിന്റെ ആദര്‍ശരാഹിത്യമാണ്. തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി അവര്‍ അവിഹിതമായ സാമ്പത്തിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. തല്‍ഫലമായി മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും കാര്യസാധ്യത്തിനു കോഴ നല്‍കണമെന്ന സ്ഥിതി വന്നിരിക്കുകയാണ്, ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും. നീണ്ട ക്യൂവില്‍ നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം കോഴ കൊടുക്കുകയാണെന്ന് അഷീസ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍പോലും പറയുന്നു. അതുകൊണ്ടു എത്ര തന്നെ സത്യസന്ധനായാലും അഴിമതിക്ക് അടിമപ്പെടാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സമൂഹം. കോഴ കൊടുക്കുന്നതും കോഴ വാങ്ങുന്നതും അഴിമതിയാണ്. അതുകൊണ്ട് അഴിമതിക്കാരല്ലാത്തവര്‍ സമൂഹത്തില്‍ ഇല്ലാതായിരിക്കുന്നു.

അഴിമതിക്ക് മറ്റൊരു തലമുണ്ട്. അടുത്തകാലത്ത്, ഉദാരവല്‍ക്കരണത്തിനുശേഷം, ഉരുത്തിരിഞ്ഞുവന്ന അഴിമതിയുടെ സ്വഭാവം. ആഗോളവല്‍ക്കരണം അഴിമതിയുടെ സാധ്യതകളെ പല മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സ്വകാര്യമൂലധനത്തിന് ഉല്‍പാദനമേഖലയിലും വാണിജ്യമേഖലയിലും സ്വാതന്ത്ര്യം നല്‍കിയതോടുകൂടി ലാഭേച്ഛുക്കളായ വ്യക്തികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഒരു കടന്നാക്രമണം തന്നെ സംഭവിച്ചിരിക്കുന്നു. അതേസമയത്തുതന്നെ അവയുടെ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത് നയപരമായ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും പ്രായോഗികതലത്തില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും കടിഞ്ഞാണ്‍ നിലനില്‍ക്കുന്നു എന്നര്‍ത്ഥം. ഈ വിരോധാഭാസമാണ് വന്‍തോതിലുള്ള അഴിമതിക്ക് വഴിവെച്ചത്. വമ്പിച്ച അവിഹിത സമ്പാദ്യമുണ്ടാക്കാനുള്ള ഇടം ഇതിലൂടെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരിക്കുന്നു. ബിജെപിയുടെ ഭരണകാലത്ത് പൊതുസ്ഥാപനങ്ങള്‍ വിറ്റഴിച്ച അരുണ്‍ഷൂരിയും, ഡിഎംകെ മന്ത്രിയായ രാജയും, കോണ്‍ഗ്രസ് നേതാവായ കല്‍മാഡിയും അഴിമതി മാഫിയയുടെ പ്രതിനിധികള്‍ മാത്രമാണ്.

അഴിമതിയിലൂടെ സമാഹരിച്ചെടുത്ത അവിഹിത ധനം ഒരു വളരെ ചെറിയ ജനവിഭാഗത്തിന്റെ വരുതിയിലാണ് എത്തിച്ചേരുന്നത്. സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കുകളിലും ദല്‍ഹിയിലെയും മുംബൈയിലെയും വ്യാപാര വിപണികളിലും ഈ ധനം നിക്ഷേപിക്കപ്പെടുന്നു. ഇതില്‍ അധികാംശവും ഷൂരിയേയും, രാജയെയും, കല്‍മാഡിയേയും പോലുള്ളവര്‍ അവിഹിതമായി സമാഹരിച്ച കള്ളപ്പണമാണ്. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും ഇതില്‍ ഓഹരിയുണ്ടാകാമെന്നതുകൊണ്ട് അതു കണ്ടുകെട്ടാനുള്ള നടപടികളൊന്നും കൈക്കൊണ്ടു എന്നു വരികയില്ല. അഴിമതി ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല. സാംസ്കാരികവും, രാഷ്ട്രീയവും, ധാര്‍മികവുമായ പ്രശ്നം കൂടിയാണ്. കള്ളപ്പണം ഒരു പുതിയ സാംസ്കാരിക മേഖലയ്ക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നു, ബോളിവുഡ് മുതല്‍ വിദേശ വസ്തുക്കള്‍ വരെ.

അഴിമതികൊണ്ടു സമ്പന്നരായവര്‍ കമ്പോളവും കലയുമടങ്ങുന്ന സാംസ്കാരിക ജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നു. തല്‍ഫലമായി ഈ ജീവിതവുമായി ബന്ധമില്ലാത്ത ഒരു സാംസ്കാരിക ജീവിതം ആദര്‍ശവല്‍ക്കരിക്കപ്പെടുകയാണ്. അത്തരം ആദര്‍ശവല്‍ക്കരണത്തിന്റെ രക്തസാക്ഷികളായ ഒരു യുവതലമുറയെ എല്ലാ നഗരങ്ങളിലും ഇന്ന് കാണാന്‍ കഴിയും. അന്യദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ആഢംബര വസ്തുക്കളും, വിദേശ രാജ്യങ്ങളുടെ സാംസ്കാരിക ജീവിതം സ്വായത്തമാക്കാനുള്ള അമിതമോഹവും ഈ തലമുറയെ അസാന്മാര്‍ഗികമായ ജീവിതത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. സമൂഹത്തില്‍ ഇന്ന് കാണുന്ന മൂല്യച്യുതിയുടെ ഒരു പ്രധാനപ്പെട്ട കാരണം കള്ളപ്പണമാണെന്നു കാണാം. അവിഹിതമായി സമ്പാദിച്ച സ്വത്ത് അധാര്‍മികമായി ഉപയോഗിക്കാന്‍ മടി കാണുകയില്ല. അതുകൊണ്ട് അഴിമതി സമൂഹത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ അഴിമതിയുടെ നിര്‍വ്വചനം പുനര്‍വ്യാഖ്യാനം ചെയ്യപ്പെടേണ്ടതാണ്. ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റുന്ന കോഴ മാത്രമാണോ അഴിമതി? ഇന്ത്യയെപ്പോലെ എണ്‍പതുശതമാനം പൗരന്മാര്‍ ഇരുപതു രൂപ കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് ഒരു ദിവസം കേസ് വാദിക്കാന്‍ 50 ലക്ഷം രൂപ വാങ്ങിക്കുന്നത് അഴിമതിയല്ലേ? അതേപോലെ തന്നെ അമ്പതുശതമാനം ജനങ്ങള്‍ കുടിലുകളില്‍ താമസിക്കുന്ന സമൂഹത്തില്‍ 14 നിലയുള്ള കെട്ടിടത്തില്‍ രണ്ടുപേര്‍ ജീവിക്കുന്നത് അഴിമതിയല്ലേ? അഴിമതിയാണ് ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് വാദിക്കുന്ന അന്ന ഹസാരെയും ശാന്തിഭൂഷണുമൊക്കെ ഈ യാഥാര്‍ത്ഥ്യം എന്തുകൊണ്ടു കാണാതെ പോകുന്നു?

ആദര്‍ശരഹിതമായ രാഷ്ട്രീയത്തില്‍നിന്ന് അഴിമതി ഉടലെടുക്കുകയും, അഴിമതിയില്‍നിന്ന് ആദര്‍ശരഹിത രാഷ്ട്രീയം ഉരുത്തിരിയുകയും ചെയ്യുന്നു. അഴിമതികൊണ്ട് ആര്‍ജിച്ച പണംകൊണ്ടാണ് പലരും രാഷ്ട്രീയ അധികാരം കയ്യാളുന്നത്. രാഷ്ട്രീയ സ്വാധീനമല്ല, അധികാരം തന്നെ. അഴിമതിക്കാര്‍ മന്ത്രിക്കസേരകളില്‍ വിരാജിക്കുന്നത് വിരളമല്ല. ഇന്ത്യയിലെ ജനാധിപത്യം അതുകൊണ്ട് ജനങ്ങളുടെ ഭരണമല്ലാതെ പണാധിപത്യഭരണമായി മാറിക്കൊണ്ടിരിക്കുകയാണ്. നോട്ടുകള്‍ക്ക് പകരം വോട്ട് എന്ന മുദ്രാവാക്യം രാഷ്ട്രീയ സിദ്ധാന്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം ആരംഭിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതലാണ്. അധികാരത്തിനുവേണ്ടി ആദര്‍ശത്തെ ബലി കഴിക്കുന്നതില്‍ തെറ്റില്ലെന്ന് വരുത്തിവെച്ചത് അവരായിരുന്നു. അതിനുശേഷമാണ് ഒന്നിനു പിറകെ മറ്റൊന്നായി അഴിമതി കാണ്ഡങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുരുളഴിഞ്ഞത്.

സത്യസന്ധനായി പൊതുവെ സ്വീകരിക്കപ്പെടുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് അഴിമതി പരമകോടിയിലെത്തുകയും ചെയ്തു. ഇന്ന് അഴിമതി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. എല്ലാ മേഖലകളിലും, ഗ്രാമപഞ്ചായത്തു മുതല്‍ കേന്ദ്ര മന്ത്രിസഭ വരെ. പക്ഷേ, ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നു. എ രാജ ഈ പൊതുസ്വഭാവത്തിന് ഒരപവാദമാണ്. അദ്ദേഹത്തിന് മുമ്പ് എത്രയെത്ര രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതി ആരോപണങ്ങള്‍ ഏശാതെ പോയിട്ടുണ്ട്! എത്രയെത്ര ജനപ്രതിനിധികള്‍ അഞ്ചുകൊല്ലങ്ങള്‍കൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്! എത്രയെത്ര ഉന്നത ഉദ്യോഗസ്ഥന്മാര്‍ നോട്ടുകെട്ടുകള്‍ കിടപ്പറകളില്‍ ഒളിച്ചു സൂക്ഷിച്ചിട്ടുണ്ട്! അവരില്‍ ബുദ്ധിമാന്മാരായവര്‍ സ്വിസ് ബാങ്കിന്റെ താക്കോല്‍ കൈവശമാക്കിയിട്ടുണ്ട്! അവരുടെയൊന്നും പണത്തിന്റെ സ്രോതസ്സ് മാസശമ്പളമല്ലെന്ന് സുവിദിതമാണ്.

ഈ സ്ഥിതിവിശേഷത്തോട് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രതികരണം തികച്ചും അവസരവാദപരമാണ്. ഈ ചെയ്തികളെ കഴിയുന്നത്ര മൂടിവെയ്ക്കാനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത് - മുണ്ഡ്രകാണ്ഡം മുതല്‍ രാജകാണ്ഡം വരെ. അവയൊക്കെ ദുഷിച്ച് നാറാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഭരണകൂടം രംഗത്തുവരുന്നത്. അല്ലറ ചില്ലറ നടപടികളെടുത്ത് അവരെയൊക്കെ രക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന മന്ത്രിസഭകളിലെ അഴിമതിക്കാരെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് സ്ഥലംമാറ്റുക. കേന്ദ്ര മന്ത്രിസഭയിലെ അഴിമതിക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കുക. ഇതാണ് ശിക്ഷാ നടപടി.
പൗരസമൂഹത്തിലെ ഉന്നതന്മാര്‍ പലരും അഴിമതിക്കാരുടെ വക്കാലത്ത് പിടിച്ചവരാണ്. മദ്ധ്യവര്‍ഗം അഴിമതിയുടെ അടിത്തറയുമാണ്. അതുകൊണ്ട് ഈ രണ്ട് വിഭാഗങ്ങളില്‍നിന്നും കഴിഞ്ഞ അമ്പതിലേറെ കൊല്ലങ്ങളായി പറയത്തക്ക എതിര്‍പ്പൊന്നുമുണ്ടായില്ല. വളരെ അലസതയോടെയാണ് സമൂഹം അഴിമതിയെ നേരിട്ടത്.

രാഷ്ട്രീയ - സാമൂഹ്യ സ്വാധീനമുള്ള പൗരസമൂഹ പ്രതിനിധികളുടെയും മദ്ധ്യവര്‍ഗത്തിന്റെയും ജീവിതത്തെ അത് ബാധിച്ചില്ല എന്നതായിരിക്കാം കാരണം. അല്ലെങ്കില്‍ കൊച്ചു കൊച്ച് അഴിമതികളെ മറികടക്കാനുള്ള സ്വാധീനം അവര്‍ക്കുണ്ടായിരുന്നു എന്നതാകാം. പക്ഷേ, കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളില്‍ അഴിമതിയുടെ തോത് അവര്‍ണ്ണനീയമായി, അസഹനീയമായി വളര്‍ന്നിരിക്കുന്നു. ഇങ്കര്‍സോളിന്റെ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു അതിസമ്പന്നവര്‍ഗം നിലവില്‍ വന്നിരിക്കുന്നു. അവര്‍ എന്തും വിലയ്ക്കു വാങ്ങാന്‍ സന്നദ്ധരാണ്. അവരുടെ ആക്രമണോത്സുകമായ മുന്നേറ്റത്തിനുമുന്നില്‍ പൗരസമൂഹവും മധ്യവര്‍ഗവും പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരസമൂഹ പ്രതിനിധികളും മദ്ധ്യവര്‍ഗ കാഴ്ചക്കാരും അഴിമതിയ്ക്കെതിരായി രംഗപ്രവേശം ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തിലാണ്. അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധിയാണ് ലോക്പാല്‍ ബില്‍ എന്ന പുതിയ അഴിമതി ശിക്ഷാനിയമം.

ലോക്പാല്‍ ബില്ലിന്റെ ലക്ഷ്യം നിലവിലുള്ള മറ്റു നിയമങ്ങളെപ്പോലെ അഴിമതിക്കാരെ ശിക്ഷിക്കുകയാണ്. അഴിമതി തടയുകയല്ല. അഴിമതി തടയാനുള്ള സംവിധാനമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്. അതിന് തികച്ചും വ്യത്യസ്തമായ ഭരണരീതിയാണ് ആവശ്യം. സുതാര്യമായ ഒരു ഭരണസമ്പ്രദായമുണ്ടെങ്കില്‍ കോഴ കൊടുക്കേണ്ട സാഹചര്യമുണ്ടാകുകയില്ല. ഇന്ന് ഭരണ തീരുമാനങ്ങള്‍ ഗോപ്യമാണ്. അതുകൊണ്ട് സ്വാധീനമുള്ള ഇടത്തട്ടുകാര്‍ ഭരണത്തിനും ജനങ്ങള്‍ക്കുമിടയില്‍നിന്നുകൊണ്ട് അഴിമതി നടത്തുന്നു. കൊളോണിയല്‍ കാലഘട്ടത്ത് ആരംഭിച്ച ഈ പ്രക്രിയ ഇന്നും അതേപോലെ നിലനില്‍ക്കുന്നു.

2 ജിയെയും കോമണ്‍വെല്‍ത്ത് ഗെയിമിനെയും കുറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് അപ്പപ്പോള്‍ പൊതുസമൂഹത്തിന്റെ മുന്നിലായിരുന്നുവെങ്കില്‍ , രാജയും കല്‍മാഡിയും എന്നേ നിരായുധരായേനെ. വിവരാവകാശനിയമം അഴിമതിയെ കാര്യമായി ബാധിക്കുകയില്ലെന്നു കണ്ടുകഴിഞ്ഞു. കാരണം അഴിമതി സംഭവിച്ചതിനുശേഷമാണ് വിവരാവകാശനിയമം പ്രാവര്‍ത്തികമാകുന്നത്. ആഗോളവല്‍ക്കരണത്തിനുശേഷമാണ് അഴിമതി വര്‍ദ്ധിച്ചത് എന്നത് യാദൃച്ഛികമല്ല. നവഉദാരരീതി ഉന്നത മധ്യവര്‍ഗത്തിന്റെ ഉപഭോഗ സാദ്ധ്യതകളില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തുകയും, ധനാര്‍ജ്ജനത്തിന് പുതിയ കവാടങ്ങള്‍ തുറന്നിടുകയും ചെയ്തു. ദ്രുതഗതിയില്‍ ധനം സമാഹരിക്കാന്‍ അഴിമതിയാണ് ഏറ്റവും എളുപ്പമുള്ള വഴി. പൊതുസമ്പത്തിനെ ഭരണസ്വാധീനം ഉപയോഗിച്ച് സ്വകാര്യമാക്കുകയാണ് അതിന്റെ രീതി. ഈ രീതി ഉപയോഗിക്കുന്നതില്‍ ജാതി മത വ്യത്യാസമില്ല. മുതലാളിത്തത്തിന്റെ താല്‍പര്യമായ ലാഭക്കൊതിയാണ് അഴിമതിയുടെ സംസ്കാരം. ആ സാംസ്കാരിക സ്വത്വത്തെ മറികടക്കാതെ അഴിമതിക്ക് പ്രതിവിധിയുണ്ടാകുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയുള്ള പ്രക്ഷോഭങ്ങള്‍ നിരര്‍ത്ഥകമാണ്. അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന പൗരസമൂഹ വക്താക്കളുടെ അജണ്ടയുടെ ദൗര്‍ബല്യവും അതുതന്നെ.


***** K.N. PANIKER

ജനങ്ങള്‍ക്ക് ഒഴിഞ്ഞപാത്രം, കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി


2 ജി മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയുള്ള അഴിമതികള്‍ക്ക് പിന്നില്‍ വന്‍കിട കോര്‍പറേറ്റുകളാണെന്ന് തെളിഞ്ഞിട്ടും മന്‍മോഹന്‍ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുള്ള സൌജന്യം തുടരുകയാണ്. രാഷ്ട്രീയപ്രതിസന്ധിയുടെ നടുക്കടലിലും ഒന്നിനുപുറകെ ഒന്നായി സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. 20 വര്‍ഷം മുമ്പ് 1991 ജൂലൈ 24ന് അവതരിപ്പിച്ച പൊതുബജറ്റിലൂടെ നവ ലിബറല്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ട മന്‍മോഹന്‍സിങ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പരിഷ്കാരങ്ങള്‍ അതിവേഗം നടപ്പാക്കിവരികയാണ്. സ്വാതന്ത്ര്യദിനത്തിന്റെ 65-ാം വാര്‍ഷികത്തില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്കും അവരുടെ ഇന്ത്യന്‍ സാമന്തന്മാര്‍ക്കും സൌജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍.

അഴിമതി ആരോപണങ്ങളുടെയും വിലക്കയറ്റത്തിന്റെയും ഫലമായി സര്‍ക്കാര്‍ ഏറെ പ്രതിസന്ധിയിലായ കഴിഞ്ഞ രണ്ട് മാസത്തിനകം നവഉദാരവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന അരഡസനോളം നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ജീവമായെന്ന് കോര്‍പറേറ്റുകളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പ്രചാരണം ആരംഭിച്ചിരുന്നു. എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖും മോര്‍ഗന്‍ സ്റ്റാന്‍ലി പോലുള്ള സ്ഥാപനങളും 'ഇക്കോമണിക് ടൈംസ്' പോലുള്ള പത്രങ്ങളുമാണ് ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

എന്നാല്‍, അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ശക്തി തെളിയിക്കുന്നതിന് പകരം കോര്‍പറേറ്റുകള്‍ ആവശ്യപ്പെടുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കി ശക്തി തെളിയിക്കാനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ജൂണ്‍ 24ന് വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഡീസലിന്റെ വിലനിയന്ത്രണം ഉടന്‍തന്നെ എടുത്ത് കളയുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടൊപ്പംതന്നെ പാചകവാതക സിലിണ്ടര്‍ സബ്സിഡിയോടെ വര്‍ഷത്തില്‍ നാലെണ്ണം മാത്രം നല്‍കിയാല്‍മതിയെന്നും മണ്ണെണ്ണയ്ക്കുള്ള സബ്സിഡി പണമായി നല്‍കിയാല്‍മതിയെന്നും മന്ത്രിതല സമിതി തീരുമാനിച്ചു. ക്യാബിനറ്റ് ഇതിന് അംഗീകാരം നല്‍കിയാല്‍ അത് നടപ്പാകും. അതോടൊപ്പം യൂറിയയുടെ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്തു. നേരത്തേതന്നെ മറ്റ് രാസവളങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു. പുതിയ തീരുമാനത്തോടെ യൂറിയക്ക് ടണ്ണിന് 500 രൂപയെങ്കിലും വര്‍ധിക്കും.

കൃഷ്ണ ഗോദാവരീ തീരത്തെ റിലയന്‍സിന്റെ വാതകക്കിണറുകളുടെ 30 ശതമാനം ഓഹരികള്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് 7.2 ബില്യണ്‍ ഡോളറിന് കൈമാറാന്‍ അനുവദിച്ചതാണ് മറ്റൊരു സുപ്രധാന നടപടി. കൃഷ്ണ ഗോദാവരീ തീരത്തെ പ്രകൃതിവാതക പര്യവേക്ഷണത്തില്‍ 50,000 കോടി രൂപയുടെ അഴിമതി സിഎജി കണ്ടെത്തിയ സാഹചര്യത്തിലാണ് റിലയന്‍സിന് കൊള്ളലാഭം ഉണ്ടാക്കുന്ന ഇടപാടിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് കെയർണ്‍ എനര്‍ജി എന്ന ഇന്ത്യന്‍ കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേദാന്തയ്ക്ക് വില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. നികുതിയിനത്തില്‍പോലും സര്‍ക്കാരിന് ഒരു പൈസ പോലും ലഭിക്കാത്ത ഇടപാടാണിത്.

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ സമിതി ചില്ലറവില്‍പ്പനയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായി തീരുമാനമെടുത്തതും കോര്‍പറേറ്റ് ലോബിയെ സന്തോഷിപ്പിക്കാനായിരുന്നു. ഒപ്പം വാള്‍മാര്‍ട്ടിനെയും ടെസ്കോയെയും മറ്റും. ഇനി കേന്ദ്ര മന്ത്രിസഭ കൂടി അംഗീകാരം നല്‍കിയാല്‍ ഈ തീരുമാനം നടപ്പാകും. നാലുകോടി വരുന്ന ചെറുകിട വില്‍പ്പനക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് ഈ തീരുമാനം. നാഷണല്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ പത്ത് ശതമാനം ഓഹരി വില്‍ക്കാനും കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമുതല്‍ വിറ്റ് 40,000 കോടി രൂപനേടുകയെന്ന ലക്ഷ്യം നേടാനാണ് ഈ വില്‍പ്പന. ഏറ്റവും അവസാനമായി കോര്‍പറേറ്റ് ഇടനിലക്കാരനായ തരുണ്‍ദാസിന് ഔദ്യോഗികപദവി നല്‍കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായി.

ബഹുരാഷ്ട്ര വിത്ത് കുത്തകകളെ സഹായിക്കുന്ന വിത്ത് ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കാന്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഭേദഗതി ബില്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പോടെ പാസാക്കുകയുണ്ടായി. സാമ്പത്തികപരിഷ്കരണങ്ങള്‍ പാസാക്കാന്‍ കോണ്‍ഗ്രസ് ബിജെപി നേതാകളെ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിലക്കയറ്റപ്രശ്നത്തില്‍ തന്നെ ബിജെപി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത് പാര്‍ലമെന്റില്‍ കാണുകയുണ്ടായി. അതിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

സാമ്പത്തികപരിഷ്കാരങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ കക്ഷിഭേദം മറന്ന് രംഗത്തുവന്നുകഴിഞ്ഞു. ആഗസ്ത് അഞ്ചിന് ബാങ്കിങ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ പണിമുടക്ക് നടന്നുകഴിഞ്ഞു. സെപ്തംബര്‍ ഏഴിന് പ്രമുഖ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കും. എഐടിയുസിയും സിഐടിയുവും ഒരു പൊതുപണിമുടക്കിലേക്ക് പോകണമെന്ന അഭിപ്രായം കഴിഞ്ഞ പ്രവര്‍ത്തകസമിതി യോഗങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 23ന് ഡല്‍ഹിയില്‍ റാലി നടത്താന്‍ ബിഎംഎസും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമാദ്യം വന്‍ പ്രക്ഷോഭം തന്നെ ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്നുണ്ടാകും. അഴിമതിക്കെതിരെ അണ്ണ ഹസാരെയും മറ്റും നടത്തുന്ന പ്രക്ഷോഭം വേറെയും. സ്വാതന്ത്ര്യത്തിന്റെ 65-ാം വാര്‍ഷികത്തില്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ കാഹളമാണ് എങ്ങും ഉയരുന്നത്.


*****


വി ബി പരമേശ്വരന്‍

നവലിബറൽ പരിഷ്‌കാരങ്ങളുടെ ബാക്കി പത്രം


ഖജനാവിന് നഷ്ടം അഞ്ചരലക്ഷം കോടി

1992 മുതല്‍ അതായത് മന്‍മോഹന്‍സിങ് നവഉദാര പരിഷ്കാരങ്ങള്‍ തുടങ്ങിയതുമുതല്‍ അഴിമതിയിലൂടെ കേന്ദ്ര ഖജനാവിന് നഷ്ടമായത് 5,47,936 കോടി രൂപ. 2ജി സ്പെക്ട്രം അഴിമതിയില്‍മാത്രം ഖജനാവിന്് നഷ്ടമായത് 1.76 ലക്ഷം കോടി രൂപ. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ രണ്ടര ശതമാനമാണിത്. മൊത്തം ആരോഗ്യബജറ്റിന്റെ എട്ട് മടങ്ങും വിദ്യാഭ്യാസ ബജറ്റിന്റെ മൂന്നര ഇരട്ടിയുമാണിത്. ഇന്ത്യയുടെ മൊത്തം വിദേശ കടബാധ്യത 1.62 ലക്ഷം കോടി രൂപയാണെന്ന് ഓര്‍ക്കണം. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആകെ നല്‍കിയ സബ്സിഡി 1.11 ലക്ഷം കോടി രൂപ മാത്രമാണ്. സ്പെക്ട്രം അഴിമതിയിലൂടെ നഷ്ടമായ തുകയുണ്ടെങ്കില്‍ ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് രൂപയ്ക്ക് രണ്ട് വര്‍ഷം അരി നല്‍കാമായിരുന്നു.

***

രാജ്യത്തുനിന്ന് പുറത്തേക്ക് ഒഴുകി സ്വിസ്ബാങ്കിലെത്തിയ കള്ളപ്പണം 94,55,000 കോടി രൂപ. വാര്‍ഷികബജറ്റിനേക്കാള്‍ പത്തിരട്ടി വരുന്ന തുക. 2000നും 2008നും ഇടയിലാണ് 50,70,000 കോടി രൂപ നിയമവിരുദ്ധമായി കടത്തിയത്. 1948 മുതല്‍ കടത്തിയ ഈ തുകയുടെ പലിശകൂടി ചേര്‍ത്താല്‍ ഇന്ത്യക്ക് നഷ്ടമായത് ലക്ഷക്കണക്കിന് കോടി രൂപയാകും. ദിനം പ്രതി 240 കോടി രൂപ വിദേശത്തേക്ക് ഒഴുകുന്നുവെന്നാണ് കണക്ക്. ഈ ചോര്‍ച്ച തടയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ദാരിദ്ര്യം തുടച്ചുനീക്കാമായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ നേര്‍പകുതി കള്ളപ്പണത്തിന്റേതാണ്.

***

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 5000 വരുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതിയിനത്തില്‍ നല്‍കിയ ധനകൈമാറ്റം 20 ലക്ഷം കോടി രൂപയിലധികം. നവ ഉദാരവല്‍ക്കരണനയം തുടങ്ങിയതുമുതല്‍ ഏതാനുംവരുന്ന വ്യവസായികള്‍ക്ക് നല്‍കിയ തുക 30 ലക്ഷം കോടിയിലധികം വരും. 2010-11 ബജറ്റില്‍ മാത്രം കോര്‍പറേറ്റുകള്‍ക്ക് ഇളവ് ചെയ്തുകൊടുത്ത നികുതി 5,11, 990 കോടി രൂപയാണ്. ജനങ്ങള്‍ക്ക് എണ്ണ-വളം സബ്സിഡിയായി നല്‍കുന്നത് വെറും ഒരു ലക്ഷം കോടി രൂപ മാത്രവും.

***

543 അംഗ ലോക്സഭയില്‍ 306 പേര്‍ കോടീശ്വരന്മാര്‍. ഇതില്‍ 141 പേരും കോണ്‍ഗ്രസ് അംഗങ്ങള്‍. കേന്ദ്ര മന്ത്രിമാരുടെ പ്രഖ്യാപിത സ്വത്ത് 500 കോടി രൂപയില്‍ കവിയും.

***

രണ്ട് ദശാബ്ദത്തിനകം പെട്രോള്‍ വില എട്ട് ഇരട്ടിയും മണ്ണെണ്ണ, പാചകവാതകവില ആറിരട്ടിയും ഡീസലിന്റെ വില 12 ഇരട്ടിയും വര്‍ധിച്ചു.

***

അരലക്ഷം കോടി രൂപ ആസ്തിയുള്ള 1210 പേരില്‍ ആദ്യത്തെ പത്തില്‍ വരുന്ന രണ്ടുപേര്‍ ഇന്ത്യയില്‍നിന്ന്. ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലും മുകേഷ് അംബാനിയുമാണിവര്‍. മിത്തലിന്റെ സ്വത്ത് ഒന്നരലക്ഷം കോടി രൂപയും റിലയന്‍സ് കമ്പനി ഉടമ മുകേഷ് അംബാനിയുടേത് 1.3 ലക്ഷം കോടി രൂപയുമാണ്. ഇത് ഔദ്യോഗിക കണക്ക്. അനൌദ്യോഗിക കണക്ക് പ്രകാരം ഇവരുടെ ആസ്തി ഇനിയൂം വര്‍ധിക്കും. മുകേഷ് അംബാനിയുടെ മുംബൈയിലെ 33000 ഏക്കര്‍ വഖഫ് ഭൂമി കൈയേറിയുള്ള സ്ഥലത്ത് 27 നിലയുള്ള വീട്. സ്വന്തമായി ഒരു വിമാനത്താവളം. വീട്ടില്‍ ഒരു ദിവസം മുംബൈ കോര്‍പറേഷന്‍ നല്‍കുന്ന വെള്ളം 5 ലക്ഷം ലിറ്റര്‍. ഇന്ത്യയില്‍ അരലക്ഷം കോടി രൂപയിലധികം സ്വത്തുള്ളവരുടെ എണ്ണം 68. ലോകത്തിലെ കോടീശ്വരന്മാരുടെ കൂട്ടത്തിലേക്ക് ദിനംപ്രതി ഇന്ത്യയുടെ സംഭാവന 72 പേര്‍. 21 ശതമാനമാണ് കോടീശ്വരന്മാരുടെ വളര്‍ച്ചനിരക്ക്. ജിഡിപി വളര്‍ച്ചനിരക്ക് എട്ട് ശതമാനം മാത്രവും. ലോകത്തിലെ അതിസമ്പന്നരുടെ 12 ശതമാനവും ഇന്ത്യക്കാരാണ്.

***

104 കോടി ജനങ്ങളില്‍ 22 കോടിയും ദരിദ്രരും താഴ്ന്ന ഇടത്തരക്കാരുമായവരാണ് (ഒന്നര ലക്ഷം രൂപ മുതല്‍ മൂന്നരലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍). 13.5 കോടി കുടുംബങ്ങള്‍ ഒരുലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷികവരുമാനം മാത്രമുളള പാവങ്ങളായ കുടുംബങ്ങളാണ്. അതായത് 68 കോടി ജനങ്ങളും ദരിദ്രരാണ്. 40 കോടി പേര്‍ അതീവ ദരിദ്രരാണ്. 77 ശതമാനം ജനങ്ങളുടെയും ദിനവരുമാനം 20 രൂപയിലും കുറവാണ്. പട്ടിണി രൂക്ഷമായ 88 രാജ്യങ്ങളില്‍ 66-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഗ്രാമീണജനങ്ങളില്‍ 80 ശതമാനത്തിനും നഗരങ്ങളിലെ 64 ശതമാനം പേര്‍ക്കും മൊത്തം ജനസംഖ്യയില്‍ 76 ശതമാനത്തിനും പോഷകാഹാരമുള്ള ഭക്ഷണം ലഭ്യമാകാത്ത രാജ്യമാണ് ഇന്ത്യ.

***

വനിതകളില്‍ 50 ശതമാനവും കുട്ടികളില്‍ മൂന്നിലൊന്നും വിളര്‍ച്ച ബാധിച്ചവരാണ്. ജനിക്കുന്ന കുട്ടികളില്‍ 48 ശതമാനവും ഭാരക്കുറവുള്ളവരാണ്. 18 കുട്ടികളില്‍ ഒരുകുട്ടി വീതം ആദ്യവര്‍ഷം തന്നെ മരിച്ചുവീഴുന്നു. 13ല്‍ ഒരു കുട്ടി വീതം ആദ്യത്തെ അഞ്ച് വര്‍ഷത്തിനിടയിലും മരിക്കുന്നു. പ്രസവുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ഷത്തില്‍ 120000 സ്ത്രീകള്‍ മരിക്കുന്നു. ഒരുലക്ഷം പേരില്‍ 418 പേര്‍ക്ക് ഇപ്പോഴും ക്ഷയരോഗമുണ്ട്. വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് മലേറിയ രോഗം ബാധിക്കുന്നു. എയ്ഡ്സ് രോഗബാധയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 31 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ട്.

***

സ്ത്രീധനത്തിന്റെപേരില്‍ ഒരോ മണിക്കൂറും 22 സ്ത്രീകള്‍ വധിക്കപ്പെടുന്നു. ഒരോ അരമണിക്കൂറിലും ഒരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു.

***

അഞ്ചിനും 14നും ഇടയിലുള്ള 15 ശതമാനം കുട്ടികളും സ്കൂളിന്റെ പടിയില്‍ എത്താത്ത രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നിരക്ഷരരുടെ എണ്ണം 38 കോടി. 20 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല.


***

കടപ്പാട് : ദേശാഭിമാനി

Tuesday, August 16, 2011

ചങ്ങാത്ത മുതലാളിത്തവും അഴിമതിയും


സമകാലിക ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രവണത ശതകോടീശ്വരന്‍മാരുടെ വളര്‍ച്ചയാണ്. 2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഉണ്ടായിരുന്നത്. 2009-ല്‍ ഇവരുടെ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ശതകോടീശ്വരന്‍മാരുടെ സ്വത്ത് ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു. 2005-ല്‍ അത് 4 ശതമാനമായും 2008-ല്‍ 27 ശതമാനമായും വര്‍ദ്ധിച്ചു. ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83,600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30,000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്! ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

അതിവേഗതയിലുളള മൂലധന സംഭരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ക്സ് പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. കമ്പോള മത്സരമാണ് മൂലധനത്തിന്റെ ചാലകശക്തി. തന്മൂലം ഉണ്ടാകുന്ന ലാഭം, സമ്പാദിക്കുന്നതിനും വീണ്ടും മുതല്‍ മുടക്കുന്നതിനും മുതലാളിമാര്‍ നിര്‍ബന്ധിതരാണ്. ഈ മൂലധന സംഭരണ പ്രവണതയാണ് മുതലാളിത്തത്തിന് ദ്രുതഗതിയിലുളള ചലനാത്മകത നല്‍കുന്നത്. അങ്ങനെ പണമുളളവര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി തീരുന്നു.

പ്രാകൃത മൂലധന സംഭരണം

മൂലധന സംഭരണ സിദ്ധാന്തം മുതലാളിമാര്‍ കൂടുതല്‍ വലിയ മുതലാളിമാരായി തീരുന്നതിനെ വിശദീകരിക്കുന്നുണ്ട്. പക്ഷേ മുതലാളിമാരുടെ തുടക്കം എവിടെനിന്നാണ്? ആദ്യമായി മുതല്‍ മുടക്കുവാനുളള പണം എവിടെ നിന്ന് ലഭിച്ചു? ഇത് വിശദീകരിക്കുന്നതിനാണ് മാര്‍ക്സ് പ്രാകൃത മൂലധന സംഭരണം എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ചത്. കൊളളയിലൂടെയും കളവിലൂടെയുമാണ് മൂലധനത്തിന്റെ ആവിര്‍ഭാവം. കൃഷിക്കാരുടെ ഭൂസ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലെ പ്രഭുക്കളും മുതലാളിമാരും വളച്ചുകെട്ടിയെടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പിഴുതെറിഞ്ഞത് പ്രാകൃത മൂലധന സമാഹരണത്തിന്റെ ഉദാഹരണമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭകാലത്ത് ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ മുതലാളിമാര്‍ നടത്തിയ നരനായാട്ടും കൊളളയുമാണ് യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാകൃത മൂലധന സംഭരണ സ്രോതസ്സ്. ഈ കവര്‍ച്ചപ്പണം മുതല്‍മുടക്കിയാണ് വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ വളര്‍ച്ച സാധാരണ ഗതിയിലുളള മൂലധന സംഭരണ പ്രവണത കൊണ്ട് വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗത്തിലാണ് അവര്‍ രൂപം കൊളളുന്നതും വളരുന്നതും. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയേറെ പണം കിട്ടിയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊളളട്ടെ. വമ്പന്‍ മുതലാളിമാരുടെ അല്ലെങ്കില്‍ കുത്തകക്കാരുടെ ആവിര്‍ഭാവം ഒരു സമീപകാല നൂതന സംഭവവികാസമല്ല. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ കുത്തക കുടുംബങ്ങള്‍ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. യൂറോപ്പില്‍ വ്യവസായ വിപ്ലവം കഴിഞ്ഞ് 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കുത്തക കുടുംബങ്ങള്‍ രൂപം കൊളളുന്നത്. എന്നാല്‍ ഇന്ത്യന്‍ മുതലാളിത്തമാകട്ടെ ബാല്യം മുതല്‍തന്നെ ദുര്‍മേദസ്സ് പിടിച്ച കുട്ടികളെ പോലെയായിരുന്നു. ഇന്ത്യന്‍ കുത്തകകുടുംബങ്ങള്‍ സ്വാതന്ത്യത്തിനു മുമ്പു തന്നെ രൂപം കൊണ്ടിരുന്നു.

സ്വാതന്ത്യാനന്തര കാലത്ത് അവ പിന്നേയും വളര്‍ന്നു. നിയോലിബറല്‍ ചിന്താഗതിക്കാരുടെ നിശിതവിമര്‍ശനത്തിന് പാത്രമാവുന്ന ലൈസന്‍സ് - പെര്‍മിറ്റ് രാജ് കുത്തക കുടുംബങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയേ ചെയ്തിട്ടുളളു. ഇന്നിപ്പോള്‍ നിയോ ലിബറല്‍ കാലഘട്ടത്തിലും പരമ്പരാഗത കുത്തക കടുംബങ്ങളൊന്നുംതന്നെ ഇല്ലാതാവുന്നില്ല. അവരുടെ വളര്‍ച്ചയുടെ വേഗം കൂടുന്നുണ്ട്. അവര്‍ ശതകോടീശ്വരന്‍മാരായി വളരുന്നു. അതോടൊപ്പം പുതിയ ശതകോടീശ്വരന്മാര്‍ പിറക്കുകയും ചെയ്യുന്നു. ഈ ശതകോടീശ്വരന്മാര്‍ , അവര്‍ പുത്തന്‍കൂറ്റുകാരായാലും പഴയ കൂറ്റുകാരായാലും, അസാധാരണമായുളള വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഇതിന്റെ സ്രോതസ്സ് എവിടെ നിന്ന് എന്നതാണ് അന്വേഷണ വിഷയം.

ചങ്ങാത്ത മുതലാളിത്തവും നിയോലിബറലിസവും

ഇത് മനസ്സിലാക്കുന്നതിന് ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്തമുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും. മാര്‍ക്സിന്റെ മൂലധന സംഭരണ സിദ്ധാന്തം സ്വതന്ത്ര മുതലാളിത്ത വ്യവസ്ഥയുടെ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വതന്ത്രമായ കമ്പോള മത്സരത്തിലൂടെ ഏറ്റവും കാര്യക്ഷമമായി ഉൽപ്പാദനം നടത്തുന്ന മുതലാളിമാര്‍ മിച്ചമൂല്യം കരസ്ഥമാക്കുന്നു. അത് അവര്‍ വീണ്ടും മുതല്‍ മുടക്കി വളരുന്നു. കാര്യക്ഷമതയാണ് വളര്‍ച്ചയുടെ മാനദണ്ഡം. എന്നാല്‍ കമ്പോള മത്സരം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കിലോ? ഏറ്റവും കാര്യക്ഷമമായിട്ടുളളവര്‍ വിജയിക്കണമെന്നില്ല. ഏതെങ്കിലും ഉല്‍പ്പാദന മേഖലയില്‍ കുത്തക മുതലാളിമാരുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും വിജയസാധ്യത. കുത്തകകളുടെ രൂപീകരണം സ്വതന്ത്രമായ കമ്പോള പ്രവര്‍ത്തനത്തിന് തടസ്സമാണ്. മത്സരത്തിന്റെ വിപരീതമാണ് കുത്തക. ഇത് കണക്കിലെടുക്കുന്നില്ല എന്നതാണ് കമ്പോള മത്സരത്തിന്റെ അപ്പോസ്തലന്മാരായ നിയോലിബറലുകളുടെ മുഖ്യ ദൗര്‍ബല്യം.

കുത്തകകള്‍ എങ്ങനെയാണ് മൂലധനസംഭരണത്തെ സ്വാധീനിക്കുന്നത് എന്ന് ലെനിന്‍ വിശകലനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചങ്ങാത്ത മുതലാളിത്തം കുത്തകകളുടെ രൂപീകരണ ഫലമായി മാത്രം ഉണ്ടാകുന്നതല്ല. കുത്തകകളും ഭരണകൂടവും തമ്മിലുളള ചങ്ങാത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ചില കുത്തകകള്‍ക്ക്, കമ്പോളം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ , അതായത് അനര്‍ഹമായ തോതില്‍, ലാഭം കരസ്ഥമാക്കാന്‍ കഴിയുന്നു. സര്‍വ്വ സ്വതന്ത്ര മുതലാളിത്തത്തിലും കുത്തകമുതലാളിത്തത്തിലും ഭരണകൂടം സാമ്പത്തിക മേഖലയില്‍ ഇടപെടും. എന്നാല്‍ അതൊന്നുകില്‍ കമ്പോള മത്സരത്തിന്റെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനോ അല്ലെങ്കില്‍ കുത്തക മുതലാളിമാരെ മൊത്തത്തില്‍ സഹായിക്കാനോ ആയിരിക്കും. മേല്‍പ്പറഞ്ഞത് ഒരു പൊതു പ്രസ്താവനയാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണല്ലോ. അവര്‍ പണക്കാരുമായി സവിശേഷ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. കേവല സൗഹൃദ ബന്ധങ്ങള്‍ അഴിമതി ബന്ധങ്ങളായി മാറുന്നു. ഈയൊരു സ്വഭാവം മുതലാളിത്തത്തിന്റെ തുടക്കം മുതല്‍ തന്നെ നിരീക്ഷിക്കാനാവും. അതുകൊണ്ടാണ് ചോംസ്കിയെപ്പോലുളള ചിലര്‍ മുതലാളിത്തം എക്കാലത്തും ചങ്ങാത്ത മുതലാളിത്തമായിരുന്നെന്ന് നിരീക്ഷിക്കുന്നത്. എന്നാല്‍ നിയോ ലിബറല്‍ കാലഘട്ടത്തില്‍ ഭരണകൂടവും കുത്തക/കോര്‍പ്പറേറ്റുകളും തമ്മിലുളള സവിശേഷ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു.

അഴിമതിയുടെ മൂക്കൂട്ടുമുന്നണി

നിയോ ലിബറല്‍ പരിഷ്ക്കാരങ്ങള്‍ എന്നാല്‍ രാജ്യത്തിന്റെ പൊതു സ്വത്തും പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുകയും അത് കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയുമാണ്. നിയോ ലിബറലിസത്തിന്റെ രണ്ടാമത്തെ മുഖമുദ്ര നിയന്ത്രണങ്ങള്‍ ഇല്ലായ്മ ചെയ്യലാണ്. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് കമ്പോളത്തെ സ്വതന്ത്രമാക്കലാണ്. പക്ഷേ ഫലത്തില്‍ ഇത് കമ്പോളത്തെ കുത്തകകള്‍ക്ക് കീഴ്പ്പെടുത്താന്‍ കൂട്ടുനില്‍ക്കലാണ്. ഇവയൊക്കെ ഇഷ്ടക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതിനുളള സാധ്യതകളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നിയോലിബറല്‍ കാലഘട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം എന്ന പ്രതിഭാസം കൂടുതല്‍ സാര്‍വത്രികമായി മാറുന്നത്. പൊതുമുതല്‍ കൊളളയടിച്ചുകൊണ്ടും (മാര്‍ക്സ് പറഞ്ഞ പ്രാകൃത മൂലധന സംഭരണം) സ്വന്തം താല്‍പ്പര്യത്തിനനുസൃതമായി നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിക്കൊണ്ടും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു. രാഷ്ട്രീയ നേതൃത്വത്തോടുളള അടുപ്പമാണ് ഇത്തരത്തില്‍ എത്രനേട്ടം കൈവരിക്കാമെന്നുളളതിന്റെ മാനദണ്ഡം. ഇത് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഒരു വിഭാഗത്തെയും കൂട്ടുപിടിക്കുന്നു. അങ്ങനെ ചങ്ങാത്ത മുതലാളിത്തമെന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കോര്‍പ്പറേറ്റുകളും തമ്മിലുളള ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. അഴിമതിയാണ് ഇവര്‍ തമ്മിലുളള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്.

രാഷ്ട്രീയ നേതൃത്വത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നാനാവിധത്തില്‍ സ്വാധീനിക്കാം. പലരുടേയും മന്ത്രിസ്ഥാനം തന്നെ കോര്‍പ്പറേറ്റുകളുടെ സ്വാധീനത്താല്‍ കിട്ടുന്നതാണ് എന്ന് നീരാ റാഡിയ ടേപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ തങ്ങളുടെ എ.ടി.എം മെഷീന്‍ എന്നാണ് കോര്‍പ്പറേറ്റ് മുതലാളിമാര്‍ സ്വകാര്യ സംഭാഷണത്തില്‍ വിളിക്കുന്നത്. മന്ത്രിമാരെ തങ്ങളുടെ പിളേളരെന്നും. ഇപ്പോള്‍ കാണുന്ന മറ്റൊരു പ്രവണത കോര്‍പ്പറേറ്റ് നേതാക്കള്‍ തന്നെ രാഷ്ട്രീയക്കാരായി മാറുക എന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം മാത്രമല്ല റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നേതൃസ്ഥാനവും ഉയര്‍ന്ന ഉദ്യോഗവും ഒക്കെയാണ് വാഗ്ദാനം ചെയ്യപ്പെടുക. ഇങ്ങനെയുളള രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് എങ്ങിനെയാണ് നമ്മുടെ രാജ്യത്തെ കൊളളയടിക്കുന്നത് എന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെളിപ്പെട്ട അഴിമതി പരമ്പരകള്‍ തെളിയിക്കുന്നത്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വിസ്മയകരമായ വളര്‍ച്ച വെളിവാകണമെങ്കില്‍ ഈ അഴിമതി കേസുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. ഇവയോരോന്നും ചിന്തയുടെ ഈ പതിപ്പില്‍ നല്‍കിയിട്ടുളളതിനാല്‍ പൊതുവായ പരാമര്‍ശങ്ങള്‍ മാത്രമേ ഇവിടെ നടത്തുന്നുളളു.

സമകാലിക അഴിമതി പരമ്പര

1. ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ടെലികോം മേഖലയിലെ സ്പെക്ട്രത്തിന്റെയും എസ്-ബാന്റിന്റെയും വില്‍പ്പനയിലാണ്. 2ജി സ്പെക്ട്രം 1.7 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെടുത്തിയത്. എസ്-ബാന്റ് കൃത്രിമം കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ 2 ലക്ഷം കോടി രൂപ നഷ്ടപ്പെടുമായിരുന്നു. ഇവിടെ വില്‍പ്പനച്ചരക്കാവുന്നത് ഏതെങ്കിലും വസ്തുക്കളല്ല മറിച്ച് ശബ്ദ - പ്രകാശ തരംഗങ്ങളും മറ്റും അയക്കുന്നതിനുള്ള ഫ്രീക്വന്‍സികളാണ്. പണ്ടുകാലത്ത് റേഡിയോ സ്റ്റേഷനുകള്‍ക്കും പിന്നീട് ടെലിവിഷനും മാത്രമേ ഇത്തരത്തിലുള്ള തരംഗ ബാന്റുകള്‍ സ്വന്തമാക്കേണ്ട ആവശ്യം വന്നിരുന്നുളളു. എന്നാല്‍ മൊബൈല്‍ ഫോണിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഈ സ്ഥിതി വിശേഷം അടിമുടി മാറിയിരിക്കുകയാണ്. പരിമിതമായ ഈ തരംഗ സ്പെയിസ് നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കേ ടെലികോം മേഖലയില്‍ മേധാവിത്വം നേടാന്‍ കഴിയൂ. ഇതിനുവേണ്ടിയുളള കിടമത്സരമാണ് ആഗോള തലത്തില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇത് ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നു. രാജമാരും മാരന്മാരും കനിമൊഴിമാരും ഇനിയും അറിയപ്പെടാത്ത രാഷ്ട്രീയക്കാരും ഭീമമായ തുക കൈപ്പറ്റിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. സ്പെക്ട്രം കൈക്കലാക്കിയ കടലാസു കമ്പനികള്‍ പലതും തങ്ങളുടെ ഓഹരികളും കമ്പനികളും തന്നെ വിദേശ കുത്തകകള്‍ക്ക് വിറ്റ് വലിയ ലാഭം കൈക്കലാക്കുന്നു. നിമിഷ നേരംകൊണ്ടാണ് വമ്പന്‍ പണക്കാരായി ഇവര്‍ വളരുന്നത്. പുത്തന്‍കൂറ്റുമുതലാളിമാര്‍ മാത്രമല്ല ടാറ്റാമാരും അംബാനിമാരുമെല്ലാം ഈ വെട്ടിപ്പില്‍ പങ്കാളികളാണ്.

2. മറ്റൊരു സുപ്രധാന കൊളളയടി മേഖല രാജ്യത്തിന്റെ ഭൂസ്വത്താണ്. വനം കൊളള പണ്ടേ ഉളളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിതന്നെ ഇടപെട്ടാണ് പോസ്കോ എന്ന കൊറിയന്‍ കമ്പനിക്ക് 3000 ഹെക്ടര്‍ വനഭൂമി ഖനനത്തിനായി കൊടുത്തിരിക്കുന്നത്. വനഭൂമിയിലേതിനേക്കാള്‍ നഗരഭൂമിയിലാണ് കയ്യേറ്റം കൂടുതല്‍ . ആദര്‍ശ് ഫ്ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ മറ്റൊരു അഴിമതിക്കേസ്. കൊളാബയിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്. നഗര ഭൂപരിധി നിയമം പല സംസ്ഥാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇത് റിയല്‍ എസ്റ്റേറ്റ് കുത്തകകളുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിലെല്ലാമുപരിയായാണ് ഭരണകൂടത്തിന്റെ സഹായത്തോടുകൂടി സെസ്സുകള്‍ക്കും വന്‍കിട പ്രോജക്ടുകള്‍ക്കും എല്ലാമായി വന്‍തോതില്‍ കൃഷിക്കാരെ കുടിയിറക്കി കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി കൊടുക്കാനുളള പ്രവണത. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍ , വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്. അങ്ങനെ റിയല്‍ എസ്റ്റേറ്റ് മേഖല അഴിമതിയുടേയും കൊളളയുടേയും മറ്റൊരു പ്രമുഖ മേഖലയായി മാറിയിരുക്കുന്നു.

3. ഭൂമിക്ക് മുകളിലുളള സ്വത്തു-കൊളളയെക്കുറിച്ചാണ് കഴിഞ്ഞ ഖണ്ഡികയില്‍ പ്രതിപാദിച്ചത്. ഭൂമിക്കടിയിലുളള സ്വത്തും കുത്തക കൊളളക്കായി തുറന്നുകൊടുക്കുകയാണ്. ഇതിലേറ്റവും കുപ്രസിദ്ധി നേടിയത് ഗോദാവരി മേഖലയിലെ എണ്ണ ഖനനത്തിന് റിലയന്‍സുമായുണ്ടാക്കിയ കരാറാണ്. കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു ന്യായീകരണവുമില്ലാതെ കണക്കുകള്‍ തിരുത്താന്‍ റിലയന്‍സിന് അവസരം കൊടുത്തു. 30,000 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം അവര്‍ക്ക് വിട്ടുകൊടുത്തത്. ഇന്ദിരാഗാന്ധി കല്‍ക്കരി ഖനികളെ ദേശസാല്‍ക്കരിച്ചുവെങ്കില്‍ അവയെ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ചുളു വിലയ്ക്ക് കല്‍ക്കരി ഖനികള്‍ കുത്തകകള്‍ക്ക് വിട്ടുകൊടുത്തതിന്റെ ഫലമായി 40,000 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ബല്ലാരി മേഖലയിലെ റെഡ്ഡി സഹോദരന്‍മാര്‍ നടത്തിയ ഗ്രാനൈറ്റ് കൊളളയിലും പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടം കണക്കാക്കിയിട്ടുളളത്.

4. ഇന്ത്യന്‍ പൊതുമേഖലാ വില്‍പ്പനയാണ് മറ്റൊരു കൊളളമേഖല. ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. കേരളത്തിലെ മോഡേണ്‍ ബ്രഡ് ഫാക്ടറിയും കോവളം ഐ.റ്റി.ഡി.സി ഹോട്ടലും വിറ്റത് ഇങ്ങനെയാണ്. കോവളം ഹോട്ടല്‍ മാത്രം ഇപ്പോള്‍ 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയും ഇന്‍ഷ്വറന്‍സ് മേഖലയും തീറെഴുതിക്കൊടുക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം വില്‍ക്കുന്നതിന് നിയോ ലിബറലുകള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ട്.

5. വിനോദ മേഖല കളളപ്പണം വെളുപ്പിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. ഐ.പി.എല്‍ കുംഭകോണം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ ഇടനില നിന്ന് 76 കോടി രൂപ തട്ടിയെടുത്തത് അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. പക്ഷെ ഇത് മഞ്ഞുകട്ടയുടെ ഒരറ്റം മാത്രമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടായി ക്രിക്കറ്റ് കളി മാറിയിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ തട്ടിപ്പുകേസില്‍ കല്‍മാഡി ജയിലിലാണ്. ഷീലാ ദീക്ഷിതിനെതിരെയും അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നു.

പുത്തന്‍കൂറ്റു ശതകോടീശ്വരന്മാര്‍ എവിടെനിന്ന്?

ഇന്ത്യയില്‍ ശതകോടീശ്വരന്മാരും മേല്‍പ്പറഞ്ഞ മേഖലകളുമായുളള ബന്ധം പരിശോധിച്ചാല്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വ്യക്തമാവും. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ . അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്. ഇതിനെയാണ് ചങ്ങാത്ത മുതലാളിത്തം എന്നു പറയുന്നത്.

ചങ്ങാത്ത മുതലാളിത്തം മുതലാളിത്ത വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടമല്ല. മുതലാളിത്ത വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും പ്രത്യക്ഷപ്പെടാവുന്ന ഒരു പ്രതിഭാസമാണിത്. മുമ്പ് സൂചിപ്പിച്ചതുപോലെ മുതലാളിത്ത ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുളള സവിശേഷ ബന്ധം എക്കാലത്തുമുണ്ട്. അല്ലെങ്കില്‍ അവ മുതലാളിത്ത ഭരണകൂടമാവില്ലല്ലോ. എന്നാല്‍ മുതലാളിത്ത കമ്പോള ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പൊതുമേഖലയേയും പൊതുസ്വത്തിനേയും കൊളളയടിക്കുന്നതിന് ഭരണകൂടം കൂട്ടുനില്‍ക്കുമ്പോഴാണ് അതിന് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വരുന്നത്. ഇഷ്ടക്കാര്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മുതലാളിത്തത്തെയാണ് തുടക്കം മുതലേ ക്രോണി ക്യാപിറ്റലിസം എന്നു വിളിച്ചുവന്നിരുന്നത്. ഇന്ത്യാ രാജ്യത്തും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം സ്വാതന്ത്ര്യാനന്തരകാലത്തുടനീളം പ്രകടമായിരുന്നുവെങ്കിലും ചങ്ങാത്ത മുതലാളിത്തമെന്ന് വിശേഷിപ്പിച്ചിരുന്നില്ല. കുത്തക-ജന്മി ഭരണകൂടം താരതമ്യേന സ്വതന്ത്രമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ ഒരു മാറ്റം വന്നിരിക്കുന്നു. അവിശുദ്ധ ബന്ധങ്ങളായിരിക്കുന്നു അതിന്റെ മുഖമുദ്ര.

എന്തുകൊണ്ടാണ് ഈ മാറ്റം?

നിയോലിബറലിസത്തിന്റെ യുക്തി ഇതില്‍ അന്തര്‍ലീനമാണെന്ന് നേരത്തേ സൂചിപ്പിച്ചു. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യവും കൂടെയുണ്ട്. വിദേശ കുത്തകകള്‍ക്ക് ഇന്ത്യന്‍ കമ്പോളം തുറന്നുകൊടുക്കുന്നതിലുളള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു കരുവായി ഇന്ത്യന്‍ പൊതുമേഖലയും പൊതു സ്വത്തും മാറിയിരിക്കുകയാണ്. വിദേശ കമ്പനികളുടെ കടന്നുവരവുമൂലം ആഭ്യന്തര കമ്പോളത്തിന്റെ ഒരു ഭാഗവും ധനമേഖലയുടെ ഗണ്യമായ ഭാഗവും ഇന്ത്യന്‍ കുത്തകകളുടെ കയ്യില്‍ നിന്ന് വിദേശ കുത്തകകളുടെ കൈകളിലേക്ക് നീങ്ങും. ഇതിന് നഷ്ടപരിഹാരമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലയേയും പൊതു സ്വത്തിനേയും തുറന്നുകൊടുത്തിരിക്കുകയാണ്. ഇതിലൂടെ അതിവേഗത്തില്‍ വളരുന്ന പുത്തുന്‍കൂറ്റു മുതലാളിമാരും അവരുടെ ആകര്‍ഷണ വലയത്തില്‍പ്പെടുന്ന ഇടത്തരക്കാരും നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ശക്തരായ വക്താക്കളായി മാറുന്നു.

കളളപ്പണം വിദേശത്തേക്ക്

ഇന്ത്യയില്‍ നടക്കുന്ന അതിഭീമമായ അഴിമതിയിലൂടെ സംഭരിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തുവച്ചാണ് കൈമാറുന്നത്. ദയാനിധി മാരന്റെ അഴിമതി തന്നെ ഏറ്റവും നല്ല ഉദാഹരണം. എയര്‍ടെല്ലിന് പ്രത്യേക സഹായം നല്‍കുന്നതിന് അവരുടെ ഓഹരികളുടെ നല്ലൊരു ഭാഗം സിങ്കപ്പൂരിലെ തന്റെ ബിനാമി കമ്പനിക്ക് കൈമാറണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഇതില്‍ ഏതാണ്ട് 6 ലക്ഷം കോടി രൂപ 2000-നും 2008-നും ഇടയ്ക്കാണ് പുറത്തുപോയത്. മുന്‍ദശാബ്ദങ്ങളില്‍ വിദേശത്തേക്ക് കൊണ്ടുപോയതിന്റെ 7 മടങ്ങാണ് ചങ്ങാത്ത മുതലാളിത്ത ദശകത്തില്‍ പുറത്തുപോയത്. 2004-നും 2008-നുമിടക്ക് ഈ തുക 4.3 ലക്ഷം കോടി രൂപ വരും. പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയാണ് ഇന്ത്യയെ കൊളളയടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത്. ഓരോ ദിവസവും 240 കോടി രൂപ ഇന്ത്യയെ കൊളളയടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. ഈ മതിപ്പ് കണക്ക് വളരെ യാഥാസ്ഥിതികമായ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയതാണെന്നാണ് ജി.എഫ്.ഐ യുടെ ഡയറക്ടര്‍ പറയുന്നത്. ഇതില്‍ കളളക്കടത്തോ, വ്യാപാര കണക്കുകളിലെ കൃത്രിമമോ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ്പല മതിപ്പ് കണക്കുകളും 14 ലക്ഷം കോടി മുതല്‍ 20 ലക്ഷം കോടി രൂപവരെയാണ് വിദേശത്തുളള ഇന്ത്യന്‍ കളളപ്പണമായി കണക്കാക്കിയിരിക്കുന്നത്.

മൗറീഷ്യസ് റൂട്ട്

ഇങ്ങനെ വിദേശത്ത് കൊണ്ടുപോകുന്ന കളളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്കുതന്നെ കൊണ്ടുവരുന്നതിനുളള സൗകര്യങ്ങളും ഇന്ത്യാ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. മൗറീഷ്യസ് എന്ന ഒരു കൊച്ചുരാജ്യമുണ്ട്. കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത ഒരു ദ്വീപസമൂഹം. ഭൂരിപക്ഷം പേരും ഇന്ത്യന്‍ വംശജര്‍ . ടൂറിസമല്ലാതെ മറ്റൊരു വ്യവസായവുമില്ല. പക്ഷെ ഈ കൊച്ചു രാജ്യവുമായി ഇന്ത്യ ഒരു പ്രത്യേക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി എന്നാണിതിന്റെ പേര്. അത് പ്രകാരം ഇന്ത്യയില്‍ നികുതിയടച്ച പണം മൗറീഷ്യസില്‍ കൊണ്ടുപോയാല്‍ അവിടെ നികുതി കൊടുക്കേണ്ട. അതുപോലെ തന്നെ മൗറീഷ്യസില്‍ നികുതിയടച്ചാല്‍ ഇന്ത്യയിലും നികുതി കൊടുക്കേണ്ട. മൗറീഷ്യസില്‍ തുച്ഛമായ നികുതിയേയുളളു. ഇന്ത്യയിലേക്ക് വരുന്ന വിദേശ മൂലധനത്തിന്റെ പകുതിയിലേറെ ഈ ദരിദ്ര ദ്വീപുവഴിയാണ് വരുന്നത്. ഇപ്പോള്‍ പ്രമുഖ കമ്പനികള്‍ക്കെല്ലാം ഒരു ലെറ്റര്‍ ബോക്സ് ആഫീസ് അവിടെയുണ്ട്. അതുവഴിയാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വിദേശ വിനിമയ ബന്ധങ്ങള്‍ . കളളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാണ് മൗറീഷ്യസുമായി ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിട്ടുളളത്? കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രമല്ല ഭീകര പ്രവര്‍ത്തകരും ഈ വഴിയാണ് ഇന്ത്യയിലേക്ക് പണമെത്തിക്കുന്നത്. വിദേശത്തുളള കളളപ്പണക്കാരുടെ കളളപ്പണം കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം മൗറീഷ്യസുമായുളള പ്രത്യേക ബന്ധം മറ്റുചില രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നാണ് പ്രണാബ് കുമാര്‍ മുഖര്‍ജി പറയുന്നത്. സ്വിസ് ബാങ്കിലും മറ്റും പണം നിക്ഷേപിച്ചിട്ടുളളവരുടെ പേരു വിവരം നേടിയെടുക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജര്‍മ്മനിയിലെ ഒരു പ്രധാന ബാങ്കില്‍ നിക്ഷേപമുളളവരുടെ ലിസ്റ്റ് കേന്ദ്ര ഗവണമെന്റിന് ലഭ്യമായിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്തുന്നതിന് അവര്‍ തയ്യാറല്ല.

സുപ്രീം കോടതിയുടെ പുതിയ നിലപാട്

ഇന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി കേസ് വിദേശ പണവുമായി ബന്ധപ്പെട്ടതാണ്. 2007-ല്‍ അലി ഹസ്സന്‍ എന്നുപറയുന്ന ഒരു ഇടനിലക്കാരന്‍ അതിഭീമമായ തുക കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതായി വിവരം ലഭിച്ചു. ഇന്‍കം ടാക്സ് അധികൃതര്‍ ഇത് പിടികൂടി. 30,000-ല്‍ പരം കോടി രൂപയുടെ നികുതി ചുമത്തി. പക്ഷെ ഇത്രയും കാലമായിട്ടും കളള പാസ്പോര്‍ട്ട് അടക്കമുളള തെളിവുകള്‍ പുറത്തുവന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാംജത് മലാനി, പഞ്ചാബിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ ഗില്‍ തുടങ്ങിയ ബുദ്ധിജീവികളേയും കലാകാരന്മാരേയും ഇത് പ്രകോപിപ്പിച്ചു. അവര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. ഈ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം നിയോലിബറലിസത്തിന്റെ ഫലമാണെന്ന് ഈ വിധിന്യായത്തില്‍ സുപ്രീം കോടതി വിശദീകരിച്ചു. ഇന്ത്യാ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നുതന്നെ കോടതി വ്യക്തമാക്കി. അതുകൊണ്ട് ഈ കേസിന്റെ മേല്‍നോട്ടത്തിന് സുപ്രീം കോടതി തന്നെ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹം നേരിട്ട് പണം വാങ്ങി എന്ന ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ കളളന്‍ കല്‍മാഡിയെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയോഗിച്ചത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ കീഴിലുളള ഐ.എസ്.ആര്‍ .ഒ യിലാണ് എസ്-ബാന്റ് അഴിമതിയുടെ കളമൊരുങ്ങിയത്. 2ജി സ്പെക്ട്രം വെട്ടിപ്പിനെക്കുറിച്ച് പൂര്‍ണ്ണ അറിവുണ്ടായിട്ടും ഒരു നടപടിയും അദ്ദേഹം എടുത്തില്ല. അങ്ങനെ സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ അപ്പോസ്തലനായി കടന്നുവന്ന മന്‍മോഹന്‍ സിംഗ്, ഇപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണ്.

മന്‍മോഹന്‍ സിംഗിന്റെ കുറ്റസമ്മതം

കഴിഞ്ഞ മെയ് 1-ന് ഡല്‍ഹിയിലെ വ്യവസായ വികസന പഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അക്കാദമീയ ഭാഷയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.

ഇന്ത്യയിലെ വ്യവസായ വളര്‍ച്ച കുത്തക സ്വഭാവത്തോടു കൂടിയതാണ്. എന്നു മാത്രമല്ല സര്‍ക്കാരിന് അവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ വേണമെങ്കില്‍ ചെയ്തുകൊടുക്കാനും കഴിയും. ഈ സാധ്യതയെ ഇവര്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ട് പ്രധാനമന്ത്രി ചോദിക്കുന്നു. നമ്മള്‍ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണോ? ആധുനിക മുതലാളിത്ത വളര്‍ച്ചയുടെ ഒരു അനിവാര്യ ഘട്ടമാണോ ഇത്? ചങ്ങാത്ത മുതലാളിത്തത്തിന്റെ കെടുതിയില്‍ നിന്ന് ഉപഭോക്താക്കളെയും ചെറുകിടക്കാരേയും രക്ഷിക്കുന്നതിന് നമ്മള്‍ വേണ്ടത്ര ചെയ്യുന്നുണ്ടൊ? ആധുനിക മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ തൊഴിലാളികളുടെ അന്യവല്‍ക്കരണവും പരിസ്ഥിതി നാശവും ജനത്തെ കുടിയൊഴിപ്പിക്കുന്നതുമെല്ലാം അനിവാര്യമായ വെല്ലുവിളികളായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പക്ഷെ കുളിവെളളത്തോടൊപ്പം കുട്ടിയെക്കളയാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ഏറ്റവും വലിയ വ്യവസായ രാജ്യമാക്കി മാറ്റുന്നതിനോടാണ് തന്റെ പ്രതിബദ്ധത. ചങ്ങാത്ത മുതലാളിത്തത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇതിനേക്കാള്‍ വലിയ കുറ്റസമ്മതം എവിടെ നിന്നാണ് ലഭിക്കുക?

അഴിമതി വിരുദ്ധ പോരാട്ടം

ഈ പശ്ചാത്തലത്തിലാണ് അഴിമതി വിരുദ്ധ സമരം ഒരു സുപ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി മാറുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ഒരു പോലെ കരിവാരി തേച്ചുകൊണ്ട് അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നിലേക്ക് അന്നാ ഹസാരെ മുതല്‍ രാംദേവ് വരെയുളളവരും പൗരസമൂഹ സംഘടനകളും കടന്നുവന്നു. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അഴിമതി തടയാനാവില്ല. ശരിയായ രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കലാണ് ഇന്നത്തെ കടമ. ഇന്ത്യയിലിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു മാത്രമേ അതിനു കഴിയൂ. അതിനുവേണ്ടി അഴിമതിക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക് ഇടതുപക്ഷം നീങ്ങുകയാണ്. പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുളള ലോക്പാല്‍ ബില്ലിനെതിരായി ചില നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. ജൂഡീഷ്യറിയിലെ അഴിമതി തടയുന്നതിന് ഒരു പ്രത്യേക സംവിധാനം വേണമെന്നാണ് സി.പി.ഐ എം ന്റെ അഭിപ്രായം. അതുപോലെ തന്നെ തെരഞ്ഞെടുപ്പില്‍ പണത്തിന്റെ ദുഃസ്വാധീനം ഒഴിവാക്കുന്നതിനുവേണ്ടിയുളള തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും വേണം. നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ സമരവുമായി അഴിമതി വിരുദ്ധ സമരത്തെ സംയോജിപ്പിക്കണമെന്നുളള നിലപാടാണ് ഇടതുപക്ഷത്തിനുളളത്. ഈയൊരു കാഴ്ചപ്പാട് അന്നാ ഹസാരെക്കില്ല.

*
ഡോ. ടി എം തോമസ് ഐസക്

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER