My Blog List

Friday, March 30, 2012

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

മലയാള സിനിമാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സാഹസികമായി വെളിപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങളാണ് ജെ സി ഡാനിയലിന്റെ ജീവിതകഥയും നഷ്ടനായികയും. തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പുസ്തകങ്ങളിലാദ്യത്തേത് ഒരു ജീവചരിത്രമാണെങ്കില്‍ രണ്ടാമത്തേത് ഒരു നോവലാണെന്നതാണ് സവിശേഷത. പല കാരണങ്ങളാല്‍ രണ്ടു പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ ഒരുമിച്ച് വായിക്കുന്നതാണ് നല്ലത്. സിനിമാ ലേഖകനും ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ജെ സി ഡാനിയലിന്റെ ജീവിതകഥ എഴുതിയതെങ്കില്‍, നോവലിസ്റും കഥാകൃത്തും ദ വീക്കിന്റെ കേരള ലേഖകനുമായ വിനു ഏബ്രഹാമാണ് നഷ്ടനായിക എന്ന വിസ്മയകരമായ നോവല്‍ രചിച്ചിരിക്കുന്നത്. നഷ്ടനായികയുടെ ആദ്യപതിപ്പ് 2008 ഒക്ടോബറില്‍ പുറത്തിറങ്ങുകയും ഇപ്പോള്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കുകയുമാണ്. ജെ സി ഡാനിയലിന്റെ ജീവിതകഥ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകം പുറത്തു വരുന്നതിന് മുമ്പ് 2010 ജൂണ്‍ 4ന് ഗ്രന്ഥകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നിര്യാതനാകുകയും ചെയ്തു.

ഭരണാധികാരികളും സാംസ്ക്കാരിക/ചലച്ചിത്ര പ്രവര്‍ത്തകരും സംഘടനകളും അക്കാദമികള്‍, കലാലയങ്ങള്‍ സര്‍വകലാശാലകള്‍ എന്നിവയടക്കമുള്ള ഔദ്യോഗിക/അനൌദ്യോഗിക സ്ഥാപനങ്ങളും പുലര്‍ത്തുന്ന അനവധാനത മൂലം കൃത്യമായി എഴുതപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന മലയാള സിനിമയുടെയും കേരള സംസ്ക്കാരത്തിന്റെയും ഇരുളടഞ്ഞ ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ രണ്ടു ഗ്രന്ഥങ്ങളും രൂപപ്പെട്ടുവന്നിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ആരംഭത്തെ വലിയൊരളവു വരെ തുറന്നുകാണിച്ചു കൊണ്ട്, അതിന്റെ മഹത്വവത്ക്കരണങ്ങളെ വലിച്ചു കീറുകയാണ് ഈ പുസ്തകങ്ങള്‍ നിര്‍വഹിക്കുന്ന യഥാര്‍ത്ഥ ധര്‍മം.

ജെ സി ഡാനിയലാണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തിലഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍ ചേലങ്ങാട്ട് നേരത്തെ തന്നെ വിജയം വരിച്ചിരുന്നു. അതിന്‍ പ്രകാരം, മലയാള സിനിമക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സമഗ്ര സംഭാവനാ പുരസ്കാരം ജെ സി ഡാനിയലിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടു. സത്യത്തില്‍, ആ അവാര്‍ഡ് ലഭിക്കുന്നവരുടെ പേരിനേക്കാള്‍ ചരിത്ര/ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ആദരവോടെ സ്മരിക്കുന്നതെല്ലായ്പോഴും ജെ സി ഡാനിയലിനെയാണ്. സത്യത്തിന്റെ തുമ്പു തേടി ചേലങ്ങാട്ട് നടത്തിയ യാത്രകള്‍ ഒരു അപസര്‍പ്പക കഥ വായിക്കുന്ന ഉദ്വേഗത്തോടെ മാത്രമേ നമുക്കു വായിക്കാനാവൂ എന്ന് ആമുഖകാരനായ കെ വി മോഹന്‍കുമാര്‍ നിരീക്ഷിക്കുന്നത് തികച്ചും ശരിയാണ്.

വിഗതകുമാരന്‍ റിലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഗ്രന്ഥകാരന്‍ തന്റെ അന്വേഷണയാത്രകള്‍ നടത്തുന്നത്. ചലച്ചിത്രകാരനെയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെയുമാണദ്ദേഹം അന്വേഷിക്കുന്നത്. പുറന്തള്ളപ്പെട്ട ഒരു ഗ്രീക്ക് ചലച്ചിത്രകാരന്‍ തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ പ്രദേശത്തു കൂടി നടത്തുന്ന ഒരു അന്വേഷണയാത്രയും അലച്ചിലും ഇതിവൃത്തമാക്കിയ, തിയോ ആഞ്ചലോപൌലോയുടെ യുളീസസ് ഗേസ് (1995/ഗ്രീസ്) ഈ ഘട്ടത്തില്‍ ഓര്‍മയിലെത്തി. യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശം മുഴുവനും ഇക്കാലത്ത് അരക്ഷിതത്വത്തിന്റെയും വംശീയമൌലികവാദങ്ങളുടെയും യുദ്ധങ്ങളുടെയും പിടിയിലായിരുന്നു. പേരില്ലാത്ത (അഥവാ എ എന്നു പേരുള്ള) നായകകഥാപാത്രം ഗ്രീസില്‍ നിന്ന് അല്‍ബേനിയയിലേക്കും ബള്‍ഗേറിയയില്‍ നിന്ന് റുമാനിയയിലേക്കും അവിടെ നിന്ന് കരിങ്കടലിലെ കോണ്‍സ്റാന്‍സയിലേക്കും ഡനൂബേയില്‍ നിന്ന് മുന്‍ യുഗോസ്ളാവിയയിലേക്കും യുളീസസ് എന്ന മിത്തിനെ തേടി അലയുകയാണ്. മുന്‍ യുഗോസ്ളാവിയയിലെ ബല്‍ഗ്രേഡിലും വുക്കോവറിലും മോസ്തറിലും സരയാവോവിലും അയാള്‍ അലയുന്നു. ഈ യാത്രയുടെ പ്രേരക ഘടകം അഥവാ ആഴത്തിലുള്ള പ്രചോദനം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിത്രീകരിച്ചതും ഡെവലപ്പ് ചെയ്തിട്ടില്ലാത്തതുമായ ഒരു ഷോര്‍ട്ട് ഫിലിമിന്റെ റോളുകള്‍ തേടിക്കണ്ടുപിടിക്കുക എന്നതാണ്. ബാള്‍ക്കന്‍ സിനിമയുടെ സ്ഥാപകരായ മനാക്കീസ് സഹോദരന്മാര്‍ നിര്‍മിച്ച ആദ്യ സിനിമയായിരുന്നു അത്. നഷ്ടപ്പെട്ട ഒരു നിഷ്കളങ്കകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചലച്ചിത്രകാരന്‍ വിഭാവനം ചെയ്യുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങളുടെ പൊതു ചരിത്രത്തെയാണ് നഷ്ടപ്പെട്ട റീല്‍ എന്ന രൂപകത്തിലൂടെ ആഞ്ചലൊപൌലോ അടയാളപ്പെടുത്തുന്നത്.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന അതികഠിനവും തീക്ഷ്ണവുമായ വിഭജനങ്ങളുടെയും ആഭ്യന്തര-ബാഹ്യ യുദ്ധങ്ങളുടെയും അവസ്ഥയോട് താരതമ്യം ചെയ്യാനാകില്ലെങ്കിലും കേരളം, ഐക്യകേരളം, മലയാളം എന്നീ സാംസ്ക്കാരികാവസ്ഥകളുടെ ഏകോപനവും വിഘടനവും സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പൊതുചരിത്രവും ആദ്യത്തെ മലയാള സിനിമയുടെ അന്നത്തെയും ഇന്നത്തെയും അവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ടെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. ചേലങ്ങാട്ടിന്റെ അന്വേഷണത്തിനവസാനം കഷ്ടിച്ച് ഒന്നര മീറ്റര്‍ നീളമുള്ള ഫിലിം റീലാണ് കാണാന്‍ കഴിയുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് ജെ സി ഡാനിയലിനെ വിലയിരുത്തുന്നത് അദ്ദേഹം ദേശത്തെ സമഗ്രമായി എഴുതാനും രേഖപ്പെടുത്താനുമാണ് ചലച്ചിത്ര രംഗത്തേക്ക് സാഹസികമായി വന്നത് എന്നതുകൊണ്ടു കൂടിയാണെന്ന് നാം തിരിച്ചറിയണം. ജന്മനാ സമ്പന്നനായിരുന്ന അദ്ദേഹം തന്റെ നൂറിലധികം വരുന്ന ഏക്കര്‍ ഭൂസ്വത്ത് വിറ്റാണ് സ്റുഡിയോ നിര്‍മിച്ച്, ഉപകരണങ്ങള്‍ വാങ്ങി വിഗതകുമാരന്‍ ചിത്രീകരിച്ചത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്നാണ് തന്റെ നിര്‍മാണക്കമ്പനിക്ക് അദ്ദേഹം പേരിട്ടത്. അന്നത്തെ അവസ്ഥ വെച്ച് തിരുവിതാകൂറിന്റെ ദേശീയതക്കും ഐക്യത്തിനും പ്രതീകാത്മക പ്രാധാന്യം നല്‍കുന്നതിന് ഈ പേര് സഹായകമായിത്തീരുന്നു. സിനിമയെല്ലാം പൊളിഞ്ഞതിനു ശേഷം ദന്തവൈദ്യം പഠിച്ച് മധുരയില്‍ ദന്തിസ്റായി ജോലി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കെടുത്തതും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍ ആണെന്ന് സ്ഥാപിച്ച്, 1960കളില്‍ തന്നെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ലേഖനമെഴുത്തു തുടങ്ങിയെങ്കിലും അന്നാരും ആ വാദത്തെ അംഗീകരിച്ചതേ ഇല്ല. മലയാള സിനിമയുടെ തുടക്കം ബാലന്‍ എന്ന ചിത്രത്തോടെയായിരുന്നുവെന്നും ആ ചിത്രം നിര്‍മിച്ച ടി ആര്‍ സുന്ദരം ആണ് പിതൃസ്ഥാനീയനെന്നുമുള്ള വാദത്തിന് സര്‍വരാലും അംഗീകാരം ലഭിച്ചപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്. മെരിലാന്റ് സ്റുഡിയോ ഉടമ പി സുബ്രഹ്മണ്യവും വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും മാത്രമാണ് ചേലങ്ങാട്ടിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനും സാഹിത്യകാരനും ഐഎഎസുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്ണനും ഈ വാദത്തോട് രോഷം പ്രകടിപ്പിച്ചതും ഗ്രന്ഥകാരന്‍ വികാരവായ്പോടെ രേഖപ്പെടുത്തിയിരിക്കുന്നു. താന്‍ പത്രാധിപസമിതി അംഗമായിരുന്ന മലയാളി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍, ജെ സി ഡാനിയലിനെ സംബന്ധിച്ചുള്ള ഒരു ലേഖനം, ചേലങ്ങാട്ട് പ്രസിദ്ധീകരിച്ചതില്‍ കുപിതനായ കുട്ടനാട് രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ 'കണ്ട മാപ്പിളയൊക്കയാണ് മലയാള സിനിമയുടെ പിതാവ് എന്ന് പറയാന്‍ നിനക്ക് നാണമില്ലെടാ' എന്ന് ആക്രോശിച്ചത് നടുക്കത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. അല്ലെങ്കിലെന്തിന് നടുങ്ങണം! ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം ഇന്നും അതിന്റെ അടിസ്ഥാന സാംസ്ക്കാരിക ഗരിമയായി കൊണ്ടാടുന്നത് സവര്‍ണ-മൃദു ഹിന്ദുത്വത്തെ തന്നെയാണല്ലോ.

ജെ സി ഡാനിയല്‍, സംസ്ഥാന പുനര്‍വിഭജനത്തിനു ശേഷം തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ട തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം സ്വദേശിയാണെന്നതും, അവസാനകാലത്ത് അദ്ദേഹം അവിടെയാണ് ദരിദ്രമായ വിശ്രമജീവിതം നയിച്ചിരുന്നതെന്നും സാങ്കേതിക-കേരള വാദികളുടെ, വിഗതകുമാരന്‍ അല്ല ബാലനാണ് ആദ്യ മലയാള സിനിമ എന്ന വാദത്തിന് ബലം കൂട്ടി. പുതുച്ചേരി സംസ്ഥാനത്തില്‍ പെട്ട മാഹിക്കാരനാണ് എം മുകുന്ദന്‍ എന്നതുകൊണ്ട് അദ്ദേഹം മലയാള സാഹിത്യകാരനല്ല എന്ന് ഏതോ വിഡ്ഢി കേസു കൊടുത്ത സ്ഥലവുമാണല്ലോ കേരളം! ഭാഷാ സംസ്ഥാന കമ്മീഷന്‍ നാഗര്‍കോവില്‍ പ്രദേശത്തെ തമിഴ് നാട്ടിലേക്ക് ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ പിന്നില്‍, ആ പ്രദേശത്ത് കൂടുതലായുണ്ടായിരുന്ന നാടാര്‍ സമുദായത്തെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലായി പിളര്‍ത്താനുള്ള നായര്‍ ഗൂഢാലോചന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചിലരുടെ വാദങ്ങളും ഈ സംഭവത്തോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ജെ സി ഡാനിയലിനെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിക്കളഞ്ഞിരുന്ന ചരിത്ര-സാംസ്ക്കാരിക അവബോധം; വിഗതകുമാരനില്‍ നായികയായഭിനയിച്ച പി കെ റോസി എന്ന, കൃസ്തുമതത്തിലേക്ക് മതം മാറിയ ദളിത് യുവതിയോട് അന്നും ഇന്നും എപ്രകാരമാണ് പെരുമാറിയത് എന്ന് ഭാവന കൂടി ചേര്‍ത്തുകൊണ്ടെഴുതിയ മികച്ച നോവലാണ് നഷ്ടനായിക. അവതാരികാകാരനായ പ്രസിദ്ധ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വിശദീകരിക്കുന്നതു പോലെ; തികച്ചും നാരകീയമായ ജാതിവ്യവസ്ഥയുടെ കെട്ടുപാടുകള്‍ അഴിഞ്ഞ് തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ലാത്ത ഒരു കാലഘട്ടത്തിലെ കീഴാളവര്‍ഗത്തില്‍ നിന്നാണ് അവള്‍ കടന്നുവരുന്നത്. അതേ സമയം, മാര്‍ഗ്ഗം കൂടി, കീഴാളവര്‍ഗ്ഗത്തില്‍ തന്നെ ഒരന്യവത്ക്കരണം അനുഭവിക്കുന്ന വിഭാഗത്തിലുമാണവള്‍. സ്ത്രീകള്‍, പ്രത്യേകിച്ച് അഭിനേത്രിമാര്‍ കേവലം ഭോഗവസ്തുക്കളായി മുഖ്യമായും വീക്ഷിക്കപ്പെടുന്ന പുരുഷാധിപത്യസമൂഹമാണ് അന്നും ഇന്നും കേരളത്തില്‍ പ്രബലമായി നിലനില്‍ക്കുന്നത്. ഈ സവര്‍ണ-മൃദുഹിന്ദുത്വ-പുരുഷാധിപത്യ സമൂഹം തന്നെയാണ് രാക്ഷസാകാരനായ കാണിയായി രൂപാന്തരപ്പെട്ട് സിനിമയിലെ ജനപ്രിയതയും താരാരാധനയുമടക്കമുള്ള നിര്‍ണായകതകളെല്ലാം നിര്‍മിക്കുന്നതും സ്വീകരിക്കുന്നതുമെന്ന ചരിത്ര-വര്‍ത്തമാന വസ്തുതയും ഈ നോവല്‍ വായനയിലൂടെ കൂടുതല്‍ ബോധ്യപ്പെടും. അഴിഞ്ഞാട്ടക്കാരി, അഥവാ കൂത്തിച്ചി എന്ന അവസ്ഥയിലാണ് നടിമാരെ സമൂഹം കണ്ടിരുന്നത്; ഇപ്പോഴും ഏറെക്കൂറെ കാണുന്നത്. വിഗതകുമാരന്‍ എന്ന ആദ്യ സിനിമയും റോസിയും സമൂഹത്തിലെ കപട മാന്യന്മാരുടെയും സദാചാര ഭക്തരുടെയും (ഇന്നത്തെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സദാചാര പോലീസ്) കടുത്ത ആക്രമണത്തിനാണ് വിധേയമാകുന്നത്. സിനിമ എന്ന കലാരൂപവും അതേ വരെ അടിച്ചമര്‍ത്തപ്പെട്ടു മാത്രം കഴിഞ്ഞിരുന്ന പുലയ സമുദായത്തില്‍ പെട്ട ഒരു കീഴാള പെണ്‍കുട്ടി അതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു എന്നതും നിലനില്‍ക്കുന്ന ക്രമത്തെ അട്ടിമറിക്കുന്നതായതിനാലാണ്, അതിനെതിരെയുള്ള അക്രമാസക്തമായ സാമൂഹ്യ പ്രതികരണം സംഭവിക്കുന്നതെന്ന് കെ ജി ജോര്‍ജ് വിവരിക്കുന്നു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് 1930 ഒക്ടോബര്‍ 30നാണ് വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ചത്. ആരംഭിച്ച ദിവസമോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനകമോ, അക്രമാസക്തരായ കാണികള്‍ തിരശ്ശീലയിലേക്ക് കല്ലെറിയുകയും നായികയായഭിനയിച്ച നടി പി കെ റോസിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ആക്രമണരംഗം നോവലില്‍ വിവരിക്കുന്നതിങ്ങനെയാണ്. കൊട്ടകയില്‍ ഒരട്ടഹാസം മുഴങ്ങി: 'ഫാ വടുക പുലയാടി മോളെ. എന്തരാടീ നീ അവിടെ പുളുത്തുന്നത്. അറുവാണി കൂത്തിച്ചി. നിര്‍ത്തടി. ഒടുക്കത്തൊരു സിനിമ. യോഗ്യന്മാര് ആണുങ്ങളെ വിളിച്ചു വരുത്തിയിട്ട് നിന്റെയൊക്കെ പൊലയാട്ട് കാണിച്ച് അര്‍മ്മാദിക്കുന്നോടീ' ജീവനും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ട റോസി, നിരത്തിലിറങ്ങി നിന്ന് അതുവഴി കടന്നു വന്ന ഒരു ലോറിക്ക് കൈ കാണിച്ച് അതില്‍ കയറി പിന്നീട് അതിലെ ഡ്രൈവറെ കല്യാണവും കഴിച്ച് കേരളത്തിനു പുറത്തെവിടെയോ താമസിച്ച് മരിച്ചു എന്നാണ് വിശ്വസനീയമായ ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ നോവലിസ്റ് ആഖ്യാനം ചെയ്യുന്നത്.

അടുത്ത കാലത്തിറങ്ങിയ ഗംഭീരമായ ഈ രണ്ടു പുസ്തകങ്ങളെയും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവഗണിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളീയ പൊതുബോധം; പി കെ റോസിയെ ആക്രമിച്ച് തുരത്തിയ അതേ മലയാളി/കേരളീയ കാണികളുടേതു തന്നെയാണ്. കേരളത്തനിമക്ക് ദോഷം സംഭവിച്ചു എന്നാര് പറഞ്ഞു? കലാഭവന്‍ മണിയോടൊപ്പം നായികയാവാന്‍ പറ്റില്ല എന്നു പറഞ്ഞ വെളുത്ത തൊലി നിറമുള്ള നടികളും അവരെ ആരാധിക്കുന്ന സാമാന്യ മലയാളി/കേരളീയനും അവരുടെ പിന്മുറക്കാരാണ്. മലയാള സിനിമക്കു വേണ്ടി ജീവിച്ചിരിക്കെ രക്തസാക്ഷികളായി മാറിയവരാണ് ജെ സി ഡാനിയലും പി കെ റോസിയും എന്ന് മുഴുവന്‍ മലയാളികളും തിരിച്ചറിയുന്ന ഒരു നാള്‍ വരുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ……………

*
ജി പി രാമചന്ദ്രന്‍

അടുക്കളയില്‍ വേവാത്ത ആഹാരം

ആഹാരം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും മുഖ്യ ഉപജീവനോപാധിയാണ്. വിപണിയുടെ ആധിപത്യം ശക്തിപ്പെട്ടതോടെ ഒരു ഉപജീവനോപാധി എന്നതിലുപരി ആഹാരം ഇന്നൊരു കമ്പോളോപാധി കൂടിയായി മാറിയിരിക്കുന്നു. അതായത്, ആഹാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നേരത്തേതുപോലെ ഉപജീവനത്തിന്റെ ഭാഗങ്ങളായ പോഷണം, അധ്വാനം, കുടുംബജീവിതം എന്നിവയ്ക്കുപുറമെ വിപണിയുടെ ഭാഗങ്ങളായ വില, ഉത്പാദനം, സംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയ്ക്കും മുന്‍തൂക്കം കിട്ടിയിരിക്കയാണ്. അതോടെ, ആരോഗ്യം അതിന്റെ പ്രാദേശികബന്ധങ്ങള്‍ കൈവിട്ട് രാഷ്ട്രാന്തരീയതലങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഹാരവും അതിന്റെ വിപണിയും അടിസ്ഥാനപരമായ അര്‍ഥശാസ്ത്രവിശകലനം അനിവാര്യമാക്കുന്നു.
ആഹാരത്തിന്റെ അര്‍ഥശാസ്ത്ര വിശകലനം വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷ, ഭക്ഷ്യവ്യവസായം, ഭക്ഷ്യസംഭരണം, ഭക്ഷ്യവില, ഭക്ഷ്യവിപണനം, ഭക്ഷ്യവിതരണം, ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനം, ഭക്ഷ്യപ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഇവയെല്ലാം പരസ്പരബന്ധിതമാണ്. അതിനാല്‍ത്തന്നെ ഒന്നിനേയും വേറിട്ടു കാണാന്‍ കഴിയില്ല. ഭക്ഷ്യവ്യവസായം ആഹാരം വളരെ വേഗത്തില്‍ത്തന്നെ വന്‍വ്യവസായ ശൃംഖലയുടെ ഭാഗമായിക്കൊണ്ടിരിക്കയാണ്. നേരത്തെ ഭക്ഷ്യവസ്തുക്കള്‍ക്കായിരുന്നു വിപണി. അതായത് ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവയൊക്കെയായിരുന്നു നാം കമ്പോളത്തില്‍നിന്നു വാങ്ങിയിരുന്നത്. അവിടവിടെ ചായക്കടകളും ഹോട്ടലുകളും ബേക്കറികളും ഉണ്ടായിരുന്നത് യാത്രക്കാരുടെയും വീടുവിട്ടു താമസിക്കുന്നവരുടെയും വിരുന്നുകാരുടെയും താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് വീടുകളില്‍പ്പോലും പാകം ചെയ്ത ഭക്ഷണം വിലയ്ക്കു വാങ്ങുകയാണ്! അങ്ങനെ ഭക്ഷ്യവസ്തുക്കള്‍ക്കായിരുന്ന വിപണി ഭക്ഷണത്തിന്റെ വിപണിയായി മാറിയിരിക്കുന്നു!

ഇതോടെ, പാകം ചെയ്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, ഫാസ്റ്റ്ഫുഡ് സമ്പ്രദായം, ഭക്ഷണ "മാളു"കള്‍ എന്നിവയൊക്കെ വര്‍ധിച്ചുവരികയാണ്. പലഹാരം മാത്രം വിറ്റിരുന്ന ബേക്കറികളില്‍ ഇന്ന് പലതരം ഭക്ഷണസാധനങ്ങള്‍ ലഭ്യമാണ്. ബേക്കറികളുടെ ഭാഗമായി ചായക്കടകളും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളും വര്‍ധിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് ചില ഗുണങ്ങളുമുണ്ട്. ഭക്ഷണം പാകം ചെയ്യാനുള്ള അധ്വാനഭാരം, പ്രത്യേകിച്ചും സ്ത്രീകളുടെ അധ്വാനം കുറയുന്നു. പെട്ടെന്നുണ്ടാകുന്ന ഭക്ഷണാവശ്യങ്ങള്‍ വേഗത്തില്‍ത്തന്നെ നിറവേറ്റാന്‍ കഴിയുന്നു. ധാരാളം പേര്‍ക്ക് ഈ രംഗത്ത് തൊഴില്‍ ലഭിക്കുന്നു. പക്ഷേ, ഗുണങ്ങളെല്ലാം പരോക്ഷമാണ്. ദോഷങ്ങള്‍ വളരെ പ്രകടവും പ്രത്യക്ഷവുമാണ്.

കമ്പോളസംസ്കാരത്തിന്റെ വ്യാപനം തന്നെയാണ് ഇന്നത്തെ ആഹാരവിപണിക്ക് അടിസ്ഥാനം. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ദോഷമാണ് ജീവിതത്തില്‍ അനുഭവപ്പെടുന്നത്. ഇവിടെ അടുക്കളകള്‍ അപ്രസക്തമാവുകയും ഭക്ഷണം ഒരു "പദവിചിഹ്നം" കൂടിയായി മാറുകയാണ്. ഈ ശൃംഖലയിലേക്ക് പരസ്യംവഴി ജനങ്ങളെ ആകര്‍ഷിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ഇത് നമ്മുടെ തനതു ഭക്ഷ്യസംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കുന്നു. ഇന്നത്തേത് ചെറിയ ചായക്കടകളോ ഹോട്ടലുകളോ അല്ല; മറിച്ച് വന്‍കിട ബഹുരാഷ്ട്രക്കമ്പനികള്‍ നിയന്ത്രിക്കുന്ന ഭക്ഷ്യസംസ്കരണ/ഉത്പാദന വ്യവസായമാണ്. ബ്രോയ്ലര്‍ ചിക്കന്‍, പന്നിയിറച്ചി (ഹാംബര്‍ഗര്‍), ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവയൊക്കെ ഇന്നത്തെ ആഹാര വ്യവസായത്തിന്റെ പ്രധാന അസംസ്കൃത പദാര്‍ഥങ്ങളാണ്. ഇത്തരം അസംസ്കൃത വസ്തുക്കള്‍ കണ്ടെത്താനായി കൃഷിസ്ഥലങ്ങളും കാര്‍ഷികരീതി തന്നെയും കോര്‍പറേറ്റ് ശക്തികള്‍ കൈയേറിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമായി സ്വന്തം കുടികിടപ്പിനോടൊപ്പം തലമുറകളായി ശീലിച്ചുവന്ന കൃഷിരീതിയില്‍നിന്നും പാവപ്പെട്ടവര്‍ പുറംതള്ളപ്പെടുകയാണ്.

കമ്പനികള്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവയ്ക്കുന്നതിനാല്‍ പൊതുവിപണിയിലെ ഭക്ഷണലഭ്യത കുറയുന്നു. പരമദരിദ്രര്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല. ഇതിനുപുറമെ ജൈവ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്നതിന് ദരിദ്രര്‍ ഭക്ഷിക്കുന്ന ധാന്യങ്ങളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഭൂമിയാകട്ടെ, വിലകൂടിയ ഭക്ഷ്യവസ്തുക്കളുടെ കൃഷിക്കു മാത്രമായി മാറ്റിവയ്ക്കുന്നു. പരമ്പരാഗത ഭക്ഷണശീലത്തില്‍നിന്ന് "ബ്രാന്‍ഡഡ്" ആയ ഭക്ഷണത്തിലേക്കുള്ള പരിവര്‍ത്തനം നടക്കുകയാണ്. മെക് ഡൊണാള്‍ഡ്, കെന്റകി ചിക്കന്‍ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ പെരുകിക്കൊണ്ടിരിക്കയാണ്. ഭക്ഷ്യവിപണനം ജനങ്ങളുടെ ഭക്ഷ്യരുചിപോലും നിര്‍ണയിക്കുന്ന രീതിയിലാണ് ആഹാരക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ ഭക്ഷ്യവൈവിധ്യം തകരുന്നു, അല്ലെങ്കില്‍, തകര്‍ക്കുന്നു. ഇതോടൊപ്പം ലോകത്താകെ ഒരേതരം ആഹാരം എന്ന രീതി വിപുലപ്പെടുന്നു. ഭക്ഷണം ഒരു അവശ്യ ഉപയോഗവസ്തു എന്നതില്‍നിന്ന് ഒരുതരം ആഡംബരോപഭോഗ വസ്തുവായി മാറുന്നു.

"പൊരിച്ചഭക്ഷണ"ത്തിനായി വരുമാനത്തിന്റെ നല്ലൊരുഭാഗം ചെലവാക്കേണ്ടിവരുന്നു. ഭക്ഷണം ദിവസങ്ങളോളം സൂക്ഷിക്കുന്നതിനായി ധാരാളം കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇത് പലതരം രോഗങ്ങള്‍ക്കിടയാക്കുന്നു. ആഹാരം ആദ്യകാലത്ത് രോഗപ്രതിരോധത്തിനുള്ള ഉപാധിയായിരുന്നെങ്കില്‍ ഇപ്പോഴത് രോഗകാരണമായി മാറുന്ന വിചിത്രമായ അനുഭവമാണുള്ളത്. ഭക്ഷ്യസുരക്ഷ ആഹാരം കച്ചവടച്ചരക്കാക്കുന്നതിനനുസരിച്ച് ഭക്ഷ്യസുരക്ഷയ്ക്കുനേരെയുള്ള ഭീഷണി കൂടിക്കൊണ്ടിരിക്കും. സമ്പത്തിന്റെ അസന്തുലിത വിതരണത്താലും മധ്യവര്‍ഗവത്കരണത്തിന്റെ വേഗം കൂടിക്കൊണ്ടിരിക്കുന്നതിനാലും ധനികര്‍ക്ക് കൂടുതല്‍ പണം ഭക്ഷണത്തിനായി ചെലവാക്കാന്‍ കഴിയുന്നു. ധനിക-ദരിദ്ര അന്തരം കൂടിവരുന്നതും വികസിത-വികസ്വര രാജ്യങ്ങള്‍ക്കിടയിലെ വിടവ് വര്‍ധിക്കുന്നതുമെല്ലാം ഭക്ഷ്യോല്‍പാദനത്തിലും ഭക്ഷണചേരുവയിലും ഭക്ഷ്യലഭ്യതയിലും ഭക്ഷ്യോപഭോഗത്തിലുമൊക്കെ ക്ഷാമം വരുത്തുന്നു. ഈ മാറ്റങ്ങളെല്ലാംതന്നെ പൊതുവില്‍ ദരിദ്രര്‍ക്കെതിരാണെന്നതും വസ്തുതയാണ്. അതിനാല്‍ ലോകത്ത് ഭക്ഷ്യയുദ്ധങ്ങള്‍ (Food Wars) നടക്കുന്നതായി ഭക്ഷ്യ-കാര്‍ഷികസംഘടന നേരത്തെത്തന്നെ സൂചിപ്പിച്ചിരുന്നു. ഭക്ഷണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി ദരിദ്രരാജ്യങ്ങളുടെ മേല്‍ ഉപരോധമായും മറ്റും പ്രയോഗിക്കാന്‍ സമ്പന്നരാജ്യങ്ങള്‍ തയ്യാറാകുന്നു. ഇറാഖിന്റെ മേല്‍ അമേരിക്ക വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നിരുന്നു. ദരിദ്ര-പിന്നോക്ക രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന കാര്‍ഷികരീതിക്കുപകരം അവിടെയെല്ലാം സമ്പന്നര്‍ക്കുവേണ്ടി ഉത്പന്നങ്ങള്‍ വിളയിക്കാനുള്ള സമ്മര്‍ദം കൂടിവരികയാണ്.

ലോകവ്യാപാരസംഘടന നിലവില്‍ വരികയും അതിന്റെ പ്രധാന ചര്‍ച്ചാവേദിയായി "കാര്‍ഷികക്കരാര്‍" മാറുകയും ചെയ്തതോടെ കാര്‍ഷിക വിപണനരംഗത്ത് വികസിതരാജ്യങ്ങള്‍ക്കുള്ള പിടിമുറുക്കം ശക്തിപ്പെട്ടിരിക്കുന്നു. കൃഷിയും കാര്‍ഷികോത്പന്നങ്ങളുടെ വിപണനവും ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. ണഠഛ വേദികളില്‍ ഇതുവരെ ഇക്കാര്യം പരിഹരിക്കപ്പെട്ടിട്ടില്ല. ഭക്ഷ്യോല്‍പ്പന്നക്കൃഷി പരമ്പരാഗതമായി മനുഷ്യന്‍ ധാന്യോപഭോക്താക്കളായിരുന്നില്ലത്രെ. പ്രകൃതിയില്‍നിന്നുള്ള പഴം, കായ്കള്‍, കിഴങ്ങുകള്‍, മത്സ്യം, മാംസം എന്നിവയൊക്കെയായിരുന്നു ആദ്യകാല മനുഷ്യരുടെ ഭക്ഷണചേരുവയെന്ന് പറയുന്നു. അതിനാല്‍, ധാന്യത്തിന് ഈ ചേരുവയില്‍ സ്ഥാനമുണ്ടായിരുന്നില്ല.

ഇന്ന് വില കൂടിയ ധാന്യങ്ങള്‍ക്ക് ഭക്ഷണചേരുവയില്‍ വര്‍ധിച്ച പ്രാധാന്യം കൈവന്നിരിക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ മനുഷ്യരുടെ ശരീരപ്രകൃതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇതുകാണിക്കുന്നത് ഭക്ഷണത്തിന്റെ ചേരുവ യാന്ത്രികമായി സൃഷ്ടിച്ചെടുക്കുന്നതാണെന്നാണ്. അതാകട്ടെ, ഭക്ഷ്യവിപണിയിലൂടെ രൂപപ്പെട്ടുവരുന്നതുമാണ്. ധാന്യക്കൃഷിയില്‍നിന്ന് ധാന്യവിപണിയിലേക്കും അവിടെനിന്ന് വിവിധ രീതിയില്‍ പാകം ചെയ്ത ഭക്ഷണത്തിലേക്കും "പായ്ക്ക് ചെയ്ത" ഭക്ഷണത്തിലേക്കും കമ്പോളശക്തികള്‍ ജനം എന്ന ഉപഭോക്താക്കളെ നയിച്ചുകൊണ്ടിരിക്കുകയാണ്. ധാന്യക്കൃഷിയിലും ഉപയോഗത്തിലും ഉണ്ടായ മാറ്റങ്ങള്‍ക്കു കാരണം ആഹാര വിപണിയിലുണ്ടായ മാറ്റങ്ങളാണ്. ചുരുക്കത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല, കമ്പോള താല്പര്യങ്ങള്‍ക്കനുസരിച്ചാണ് കൃഷിയില്‍ മാറ്റം വന്നത്. ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറിയതിനേക്കാള്‍ വേഗത്തിലാണ് ഉപയോഗം കൂടിയ ഭക്ഷ്യവിളയില്‍നിന്ന് വിലകൂടിയ ഭക്ഷ്യവിളയിലേക്കുള്ള മാറ്റം നടക്കുന്നത്. ഇതിന്റെ ഫലമായി, ഉല്‍പാദകനും ഉപഭോക്താവിനും ഒരേസമയം നഷ്ടമാണുണ്ടാവുന്നത്.

ലാഭം കമ്പനികള്‍ക്കു മാത്രമാണ്. കമ്പനികള്‍ കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ അവരുടെ പാകം ചെയ്ത ആഹാരപ്പൊതികള്‍ വര്‍ധിച്ച വിലയ്ക്കാണ് വില്‍ക്കുന്നത്. ഈ രീതിയില്‍ ആഹാരവിപണി അക്ഷരാര്‍ഥത്തില്‍തന്നെ ഒരു ചൂതാട്ടക്കളമായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഭക്ഷണത്തിനായി അവരില്‍നിന്ന് കമ്പനികള്‍ തിരിച്ചുപിടിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നാട്ടിലെ കൂലിവേലക്കാര്‍പോലും ഈ രീതിയിലേക്ക് ക്രമത്തില്‍ വന്നുകൊണ്ടിരിക്കയാണ്. ഈ സ്ഥിതി ഭക്ഷോല്‍പന്ന ചേരുവകളിലും കൃഷിരീതിയിലും കൂടുതല്‍ മാറ്റങ്ങള്‍ക്കിടയാക്കി. ദരിദ്രരാജ്യങ്ങളിലാണ് പ്രതികൂല മാറ്റങ്ങള്‍ കൂടുതലായി ഉണ്ടായത്. ദരിദ്രരാജ്യങ്ങള്‍ പലപ്പോഴും അവിടുത്തെ ജനങ്ങളുടെ അഭിരുചിക്കും പ്രാദേശികാവശ്യങ്ങള്‍ക്കും ഭക്ഷ്യവൈവിധ്യത്തിനും അനുസരിച്ചാണ് കൃഷി നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ, പുറംവിപണിക്കുവേണ്ടി കയറ്റുമതിക്കുവേണ്ട ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഒപ്പം സമ്പന്ന രാജ്യങ്ങളില്‍ മിച്ചംവന്ന ധാന്യങ്ങളും മറ്റും വാങ്ങിക്കാനും കരാറുകള്‍ വഴി ദരിദ്രരാജ്യങ്ങള്‍ നിര്‍ബന്ധിതരാവുന്നു. ഇത് ഒരുതരം "കാര്‍ഷിക പുനര്‍ക്കോളനീകരണ"ത്തിന് ഇടയാക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷ്യവില കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനരംഗത്തേക്കുള്ള ബഹുരാഷ്ട്രക്കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും കടന്നുവരവാണ് മറ്റൊരു പ്രശ്നം. ചെറുകിട ഉത്പാദകര്‍, ചെറിയ കച്ചവടക്കാര്‍, ചെറിയ ഹോട്ടലുകള്‍ എന്നിവയൊക്കെ ദുര്‍ബലപ്പെടുന്നു. പകരം ഈ രംഗങ്ങളിലെല്ലാം വന്‍കിടക്കാര്‍ കടന്നുവരികയും ആധിപത്യം ഉറപ്പിക്കുകയുമാണ്. അവശേഷിക്കുന്ന ചെറുകിടക്കാര്‍തന്നെ വലിയ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്നവരായി മാറിക്കൊണ്ടിരിക്കയാണ്. കോര്‍പറേറ്റുകള്‍ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നു. പലപ്പോഴും "അവധിവ്യാപാരം" പോലുള്ള കച്ചവടക്കരാറിലൂടെയാണ് ഇവര്‍ പലതും സ്വന്തമാക്കുന്നത്. കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ നേരത്തെതന്നെ കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ക്ക് നല്‍കുന്നു. ഉല്‍പന്നങ്ങള്‍ മുന്‍കൂര്‍ വാങ്ങിക്കൂട്ടുന്ന കമ്പനികള്‍ അവയുടെ പൊതുവിപണിയിലെ വില്പനയും വിലയും തീര്‍ച്ചപ്പെടുത്തുന്നു. വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും ഒരേ സമയം നിയന്ത്രിക്കാന്‍ ആഹാരക്കമ്പനികള്‍ക്ക് കഴിയുന്നു. ഇവിടെ കര്‍ഷകരും ഉപഭോക്താവും ചെറുകിട കച്ചവടക്കാരും ഒരേസമയം നിസ്സഹായരാവുകയാണ്. അവരൊക്കെ "കമീഷന്‍" പറ്റുന്നവരായി മാത്രം ചുരുങ്ങുന്നു.

ഇന്ന് ഇന്ത്യയിലും മറ്റും അനുഭവിക്കുന്ന നാണ്യപ്പെരുപ്പത്തിന്റെ പ്രധാന കാരണം ഈ "കത്രികപ്പൂട്ടി"നകത്ത് കുടുങ്ങുന്നതിനാലാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അവധിവ്യാപാരം, ചെറുകിടവില്‍പനയിലെ കുത്തകവല്‍ക്കരണം എന്നിവയൊക്കെ നാണ്യപ്പെരുപ്പത്തിന് പ്രധാന കാരണമായി കണക്കാക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇന്നത്തേതിന്റെ ഇരട്ടിയാകുമെന്ന് ലണ്ടനില്‍നിന്നുള്ള "ഓക്സ്ഫാം" പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 1995-2010 കാലത്ത് ദരിദ്രരുടെ വിശപ്പകറ്റാന്‍ കാര്യമായ ശ്രമങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്ന രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ വിശപ്പടക്കാന്‍ കഴിയാത്തവരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ ഏഴുകോടിയോളം പേരുടെ വര്‍ധനവുണ്ടായിരിക്കുന്നുവത്രേ!

ഭക്ഷ്യവിതരണം ഭക്ഷ്യോല്‍പന്നങ്ങളുടെ വിതരണ സംവിധാനത്തിലുണ്ടായ തകര്‍ച്ചയാണ് ഈ രംഗത്തെ മറ്റൊരു ചര്‍ച്ചാവിഷയം. അതാകട്ടെ, ഭക്ഷ്യസംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയെല്ലാം അടങ്ങുന്ന പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് കേരളത്തിലെയും മറ്റും സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ദുര്‍ബലപ്പെട്ടിരിക്കയാണ്. നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ തകര്‍ച്ച. ജനങ്ങളെ വളരെ യാന്ത്രികമായി എപിഎല്‍/ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുകയും വില കുറഞ്ഞ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ബിപിഎല്‍ കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് റേഷന്‍ കിട്ടിക്കൊണ്ടിരുന്ന നല്ലൊരു വിഭാഗം ജനങ്ങളെ അതിന് അര്‍ഹരല്ലാതാക്കി. ബിപിഎല്‍ക്കാര്‍കാകട്ടെ, ദാരിദ്ര്യത്താല്‍ അനുവദിച്ച റേഷനരിപോലും വാങ്ങാന്‍ കഴിയുന്നില്ല. എപിഎല്ലുകാര്‍ റേഷനരിക്ക് ഏതാണ്ട് വിപണിവില തന്നെ നല്‍കേണ്ടി വന്നതിനാല്‍ അവരും റേഷന്‍ വാങ്ങാതായി. ഇതോടെ 1964 മുതല്‍ കേരളത്തില്‍ നിലവിലുള്ള സാര്‍വത്രിക പൊതുവിതരണ സംവിധാനം തകര്‍ന്ന മട്ടിലായി. വില കുറച്ചും റേഷന്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ബിപിഎല്‍ വിലയേക്കാള്‍ കുറച്ച് അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. അവ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ മൃഗത്തീറ്റയായാണത്രേ അവ ഉപയോഗിച്ചത്. അത്രയ്ക്കും ക്രൂരമാണ് ഈ രംഗത്തെ സര്‍ക്കാര്‍ നടപടികള്‍. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം ഭക്ഷ്യകോര്‍പറേഷനില്‍ നശിക്കുമ്പോഴും അവ വില കുറച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാതിരിക്കുന്നതിലെ വൈരുധ്യം സുപ്രീംകോടതിപോലും പലതവണ പരാമര്‍ശിച്ചതാണ്. വളരെയേറെ പക്ഷപാതപരവും ദരിദ്രര്‍ക്ക് എതിരുമാണ് ഭക്ഷ്യ വിതരണരംഗത്തെ കേന്ദ്രസര്‍ക്കാര്‍ സമീപനം എന്ന് വ്യക്തമാണ്.

ഭക്ഷ്യപ്രശ്നങ്ങള്‍ കാര്‍ഷികബാഹ്യമായ കാരണങ്ങളാലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ആഗോളതാപനം, പരിസ്ഥിതി തകര്‍ച്ച എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ധാന്യക്കൃഷിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നെല്‍പ്പാടങ്ങള്‍ നിരത്തുന്നതും അശാസ്ത്രീയമായ ഭൂ ഉപയോഗരീതികളും അവ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കാര്‍ഷിക വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുകയാണ്. ഇപ്പോള്‍ കേരളത്തിന്റെ മൊത്തം വരുമാനത്തിലേക്ക് 11 ശതമാനം മാത്രമാണ് കൃഷിയില്‍നിന്നു ലഭിക്കുന്നത്. കൃഷിഭൂമിയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. ഭൂമി ഒരു ഉത്പാദനോപാധി എന്ന നിലയില്‍നിന്ന് തികച്ചും ഊഹക്കച്ചവടോപാധിയായി മാറിക്കഴിഞ്ഞു. കൂലിവേല വ്യവസ്ഥ വ്യാപകമായ കേരളത്തില്‍ പുതിയൊരു തൊഴില്‍സംസ്കാരവും അനിവാര്യമാവുകയാണ്. കാര്‍ഷിക/ഭക്ഷ്യവ്യവസ്ഥയെ സംരക്ഷിച്ചുവന്ന ഒട്ടേറെ പിന്തുണാസംവിധാനങ്ങളും ദുര്‍ബലപ്പെടുകയാണ്. ഭൂപരിഷ്കരണം, പൊതുവിതരണം, സേവന-വേതന വ്യവസ്ഥകള്‍, ജലസേചനം, കാര്‍ഷികവായ്പ, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവയൊക്കെ നവലിബറല്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു കാര്‍ഷികാസൂത്രണ സംവിധാനം നമുക്കിന്ന് അത്യാവശ്യമാണ്.

കേരളത്തിലെ സ്ഥിതി മുകളില്‍ വിവരിച്ച പ്രശ്നങ്ങളെല്ലാം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ വിദേശപ്പണ സ്വാധീനം, ജനങ്ങളുടെ പെരുകിക്കൊണ്ടിരിക്കുന്ന കടം, വരുമാനത്തിലെ അസന്തുലിതാവസ്ഥ, കൃഷിസ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതി, വര്‍ധിച്ച ദല്ലാള്‍സ്വാധീനം എന്നിവയൊക്കെ കേരളത്തിലെ പ്രത്യേകതകളാണ്. ഉല്‍പാദനത്തിനുപകരം ഉപഭോഗത്തില്‍ ഊന്നിയ സംസ്കാരമാണ് ശക്തിപ്പെടുന്നത്. ഈ സംസ്കാരം കാര്‍ഷികരംഗത്തും ആഹാരരീതിയിലും വലിയ സ്വാധീനം ചെലുത്തുന്നു. ഇത് ജനജീവിതത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതോടൊപ്പം രോഗാതുരതയും വര്‍ധിപ്പിക്കുന്നു. ദരിദ്രരായ കേരളീയരുടെ ചികിത്സാഭാരം താങ്ങാവുന്നതിലപ്പുറമാണ്. ഇവയുടെയെല്ലാം പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമയബന്ധിതമായ ഇടപെടല്‍ അത്യാവശ്യമായിരിക്കുന്നു. എന്തൊക്കെ ചെയ്യാം? ഇത്തരം ജനകീയ ഇടപെടലുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്കായിരിക്കണം ഊന്നല്‍ നല്‍കേണ്ടുന്നതെന്ന് നിര്‍ദേശിക്കയാണ്: 1) ആഹാരത്തെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണം 2) ആഹാരവും ആരോഗ്യവും തമ്മിലുള്ള ബന്ധം 3) കമ്പനിയാഹാരത്തിന്റെ പ്രത്യാഘാതങ്ങള്‍ 4) ആഹാരം ഒരു "പദവിചിഹ്ന"മല്ലെന്ന തിരിച്ചറിവ് 5) പ്രാദേശിക ഭക്ഷ്യപദാര്‍ഥങ്ങളിലെ പോഷണമൂല്യം 6) ഭക്ഷ്യവൈവിധ്യത്തിന്റെ പ്രസക്തി - ഇവയെല്ലാം ചേര്‍ത്ത് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് വിശദമായി ചര്‍ച്ചകള്‍ നടക്കണം. അതുവഴി പ്രാദേശികമായി നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പ്രായോഗികമാക്കാനും കഴിയണം. ഇന്നത്തെ ആഹാരവിപണിയും അതിന്റെ ജനവിരുദ്ധ നിലപാടുകളും അടിസ്ഥാനപരമായി ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ ലാഭക്കൊതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാട്ടില്‍ ആഹാരത്തിന് ദൗര്‍ലഭ്യമുണ്ടാകുന്നത് സ്വാഭാവികമായോ പ്രകൃതിദത്തമായോ ഉള്ള കാര്യങ്ങള്‍കൊണ്ടല്ല. മറിച്ച്, ആഹാരത്തെ ആയുധമാക്കുന്ന വിപണിവ്യവസ്ഥയുടെ കൃത്രിമമായ സൃഷ്ടിയാണത്. ആഹാരം ആയുധമായി മാറുമ്പോള്‍ അത് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് വിശപ്പും ദാഹവും ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാമായിട്ടാണ്. അതായത്, വിശപ്പും ദാരിദ്ര്യവും പട്ടിണിയുമൊന്നുംതന്നെ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്; അതുകൊണ്ടുതന്നെ ഇല്ലാതാക്കാവുന്നതുമാണ്. സ്വന്തം നിലനില്‍പ്പിനുള്ള ആഹാര സമ്പാദനവുമായി ബന്ധപ്പെട്ടാണ് ജീവിതപ്രയാസങ്ങളെല്ലാം ഉയര്‍ന്നുവരുന്നത്. അതിനാല്‍, ജനാനുകൂലമായ രാഷ്ട്രീയ നിലപാടുകളും അവ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ പ്രശ്നപരിഹാരം സാധ്യമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. തീരുമാനങ്ങളെടുക്കേണ്ടത് ജനങ്ങളാണ്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

Tuesday, March 27, 2012

സദാചാരവും സമാധാനവാഴ്ചയും

സമാധാന വാഴ്ചക്ക് ബ്ളൂ ഫിലിമിന്റെ പിന്തുണ എന്ന കുറേക്കൂടി സെന്‍സേഷനലായ തലക്കെട്ടായിരുന്നു ഈ കുറിപ്പിന് നല്‍കേണ്ടിയിരുന്നത്. സെന്‍സേഷനലായ വായന ഒഴിവാക്കാന്‍ വേണ്ടി ആ എളുപ്പവഴി ഉപേക്ഷിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ ഫെബ്രുവരി പതിനാലുകള്‍ അതിഭീകരമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ആചരിച്ചിരുന്ന വാലന്റൈന്‍സ് ദിനം; ഗ്രീറ്റിംഗ് കാര്‍ഡുകാരും ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും അവരുടെ വാണിജ്യ മുന്നേറ്റത്തിനു വേണ്ടി, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലും കോപ്പിയടിക്കാന്‍ തീരുമാനിച്ചതിനു ശേഷമായിരുന്നു ഈ അക്രമവാഴ്ചയുടെയും ആരംഭം. പാശ്ചാത്യ സംസ്ക്കാരം ഇന്ത്യയെ കാര്‍ന്നു തിന്നുന്നു എന്ന മട്ടിലുള്ള, നെടുനെടുങ്കന്‍ പ്രസംഗവാദികളായ തനിമാവാദക്കാരുടെ നിലപാടുകള്‍ അമിതമായി ബോറടിപ്പിക്കുന്നതായിരുന്നതിനാല്‍ ആരും കാര്യമായി ശ്രദ്ധിക്കുകയുണ്ടായില്ല. എന്നാല്‍, തീവ്ര/മൃദു ഹിന്ദുത്വ വാദികള്‍ സദാചാരപ്പോലീസ് ചമഞ്ഞുകൊണ്ട് വാലന്റൈന്‍സ് ദിനാചരണത്തിനെതിരായി അക്രമാസക്തമായി രംഗത്തു വന്നത്, ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ തന്നെ നിലനില്‍പിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഖജൂരാഹോയുടെയും കാമസൂത്രയുടെയും മഹത്തായ പാരമ്പര്യമുള്ള ഭാരതത്തില്‍; പ്രണയത്തിനും ലൈംഗികതക്കുമെതിരായി സാംസ്ക്കാരികരാഷ്ട്രീയക്കാര്‍ പരസ്യമായി രംഗത്തു വന്നത് ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല. ലൈംഗികതയെ വന്‍ തോതില്‍ അടിച്ചമര്‍ത്തിയ വിക്ടോറിയന്‍ സദാചാരത്തിന്റെ സ്വാധീനം മൂലമാണ് കൊളോണിയല്‍ രാജ്യമായിരുന്ന ഇന്ത്യയില്‍ പരിശുദ്ധി വാദത്തിന്റെ പേരില്‍ സദാചാരപ്പൊലീസുകാര്‍ അരങ്ങു വാഴാന്‍ തുടങ്ങിയത്. പുറമെക്ക് ജനാധിപത്യവും പുരോഗമനവും പ്രസംഗിക്കുന്നവര്‍ പോലും ഉള്ളാലെ യാഥാസ്ഥിതികവാദികളായതുകൊണ്ട് സദാചാരപ്പോലീസുകാരുടെ മേധാവിത്വത്തെ രഹസ്യമായും പരസ്യമായും പ്രശംസിച്ചുപോരുന്നതും പതിവായിരുന്നു.

തെക്കേ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്ന കര്‍ണാടകത്തില്‍, അക്രമാസക്തരായ സദാചാരപ്പൊലീസുകാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഴിഞ്ഞാടുക തന്നെയായിരുന്നു. ബംഗളൂരുവിലും മംഗലാപുരത്തും ഇവര്‍ സാമൂഹിക ജീവിതത്തെ തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ മേധാവിത്വം സ്ഥാപിച്ചു. സമാധാന വാദികളും പുരോഗമന-ജനാധിപത്യ വിശ്വാസികളും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഇക്കൂട്ടര്‍ക്കെതിരായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അവയെ ദുര്‍ബലമാക്കുന്ന വിധത്തില്‍ പ്രമോദ് മുത്തലിക്കും മറ്റും മനുഷ്യ ജീവിതത്തിന്റെ അജണ്ട നിശ്ചയിച്ചുകൊണ്ടേയിരുന്നു. 2009 ഫെബ്രുവരിയില്‍ നടത്തിയ പിങ്ക് ജഡ്ഡി പ്രചാരണം പോലെ നൂതനമായ ചില പ്രതിഷേധങ്ങള്‍ അല്‍പം ചലനമുണ്ടാക്കിയെന്നത് വാസ്തവമാണ്. മംഗലാപുരത്തെ ഒരു പബ്ബില്‍ ഏതാനും പെണ്‍കുട്ടികളെ ശ്രീരാമസേനക്കാര്‍ കടന്നാക്രമിച്ച സംഭവത്തിനെതിരായിട്ടാണ് പിങ്ക് ജഡ്ഡി സമരം ആഹ്വാനം ചെയ്യപ്പെട്ടത്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ ഒന്നിച്ച് നടക്കുന്ന കമിതാക്കളെന്നു വേണ്ട, ആണ്‍കുട്ടി/പെണ്‍കുട്ടി മാരെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാനായി പുരോഹിതനും താലിമാലയും അതില്‍ കോര്‍ത്തിടാനുള്ള മഞ്ഞള്‍കമ്പും കൊണ്ട് ചാടി വീഴുകയായിരുന്നു പ്രമോദ് മുത്തലിക്കിന്റെ സംഘം. ഈ അക്രമാസക്തര്‍ക്കെതിരായി ഗാന്ധിയന്‍ രീതിയിലുള്ള പ്രതിഷേധമായിരുന്നു പിങ്ക് ജഡ്ഡി സമരം. പിങ്ക് നിറമുള്ള ജഡ്ഡികള്‍ കൊറിയര്‍ വഴിയും തപാല്‍ വഴിയും ശ്രീരാമസേന ആപ്പീസിലേക്ക് അയക്കുന്ന സമാധാനപരമായ സമരമാണ് നടത്തപ്പെട്ടത്. ദ പിങ്ക് പാന്റീസ് കാമ്പയിന്‍- ദ ഇന്ത്യന്‍ വുമണ്‍സ് സെക്ഷ്വല്‍ റവല്യൂഷന്‍ എന്ന റീത്താ ബാനര്‍ജി എഴുതിയ ലേഖന( http://intersections.anu.edu.au/issue23/banerji1.htm)ത്തില്‍ ഈ സമരത്തിന്റെ ആശയ-പ്രായോഗിക-തലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

എന്നാല്‍, ചരിത്രത്തെ കീഴ് മേല്‍ മിറച്ചു കൊണ്ടുള്ള സംഭവം നടന്നത്, കഴിഞ്ഞ ആഴ്ചയാണ്. ബംഗളൂരുവിലെ വിധാന്‍ സൌധയില്‍ കര്‍ണാടക അസംബ്ളി നടന്നുകൊണ്ടിരിക്കെ, സംസ്ഥാനത്ത് അധികാരത്തിലുള്ള ബി ജെ പിയില്‍ പെട്ട സഹകരണ മന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍, തുറമുഖ-ശാസ്ത്ര സാങ്കേതിക മന്ത്രി കൃഷ്ണ പാലേമര്‍ എന്നിവര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ അശ്ളീല ചിത്രങ്ങള്‍ അഥവാ നീലച്ചിത്രം കണ്ടാസ്വദിക്കുന്ന രംഗം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അസംബ്ളി കവറേജില്‍ സ്ഥാനം പിടിക്കുകയും തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഈ മൂന്നു മന്ത്രിമാരും രാജി വെച്ചതുമായ സംഭവം തന്നെയാണ് പരാമര്‍ശിക്കുന്നത്. ഭാരതീയ സംസ്ക്കാരത്തിന്റെ കാവലാളുകളും സര്‍വാധികാരികളുമായി ചമയുന്ന സംഘപരിവാറില്‍ പെട്ട മന്ത്രിമാരാണ്, പൊതുസ്ഥലത്തിന്റെയും അസംബ്ളിയുടെയും മാന്യത കെടുത്തിക്കൊണ്ട് ഈ അശ്ളീലകൃത്യം നിര്‍വഹിച്ചിരിക്കുന്നത്. അശ്ളീല ചുവയുള്ള കാര്യങ്ങള്‍ വില്‍ക്കുക, വാങ്ങുക, വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിരോധിക്കുന്ന സെക്ഷന്‍ 292, 294 അനുസരിച്ച് വിചാരണക്ക് വിധേയരാവാന്‍ തയ്യാറെടുക്കുകയാണ് മന്ത്രിമാര്‍. ഏറ്റവും കൌതുകകരമായ കാര്യം, സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതാണ് അവര്‍ ആക്രമിക്കപ്പെടുന്നതിന് കാരണം എന്ന് പ്രഘോഷിച്ച ആളാണ് വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നതാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിലല്ല പ്രശ്നം എന്നതും കാണുന്ന ആളുകളുടെ കണ്ണിലും മനോഭാവത്തിലുമാണ് പ്രശ്നമെന്നുമുള്ള ആധുനികതാ വാദികളുടെ അഭിപ്രായം ശരിവെക്കുന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല. ഈ കോലാഹലത്തിനു തൊട്ടുപുറകെയായിരുന്നു ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനാഘോഷം. പ്രണയികളുടെ ദിവസമായി ലോകമെമ്പാടും ആഘോഷിക്കുന്ന വാലന്റൈന്‍സ് ദിനത്തിലിത്തവണ പ്രതിഷേധം നടന്നത് മധ്യപ്രദേശിലെ ഇന്തോറിലും ആന്ധ്രയിലെ ഹൈദരാബാദിലും കശ്മീരിലും തമിഴ്നാട്ടിലും മറ്റും മാത്രമാണ്. ബംഗളൂരുവിലോ മംഗലാപുരത്തോ കര്‍ണാടകത്തില്‍ മറ്റെവിടെയെങ്കിലുമോ സമാന സംഭവങ്ങള്‍ നടന്നതായി പത്രമാധ്യമങ്ങളോ ടെലിവിഷന്‍ ചാനലുകളോ റിപ്പോര്‍ട് ചെയ്യുകയുണ്ടായില്ല. ഇന്റര്‍നെറ്റില്‍ പരതി നോക്കിയെങ്കിലും കര്‍ണാടകത്തില്‍ നിന്ന് വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല. എന്തൊരു സമാധാനം! എന്താണ് കാരണം? മറ്റൊന്നുമല്ല. ലൈംഗികാസംതൃപ്തരായ ബഹുഭൂരിപക്ഷം സാധാരണ ഇന്ത്യക്കാരെയും പോലെ അതി സാധാരണക്കാര്‍ തന്നെയാണ് സാംസ്ക്കാരിക പരിശുദ്ധി വാദക്കാരായ ബിജെപിക്കാരും എന്ന സത്യം പുറത്തുവന്നതിന്റെ ജാള്യതയിലാണ് സദാചാരപ്പൊലീസുകാര്‍ മാളത്തിലൊളിച്ചിരിക്കുന്നത്.

ചലച്ചിത്രങ്ങള്‍ രൂപപ്പെട്ട കാലത്ത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ബ്ളൂഫിലിം എന്നറിയപ്പെടുന്ന അശ്ളീല സിനിമകളുടെ(പോര്‍ണോഗ്രാഫിക് മൂവീസ്) വ്യവസായവും ആരംഭിച്ചിരുന്നു. ചരിത്രത്തിലുടനീളം ലൈംഗികതയും അശ്ളീലദൃശ്യങ്ങളും ചിത്രീകരിക്കാന്‍ വേണ്ടി ചലച്ചിത്ര ക്യാമറ ഉപയോഗിക്കപ്പെട്ടതിന് രേഖകളുണ്ട്. മുഖ്യധാരാ സിനിമകളാകട്ടെ തൊണ്ണൂറ്റൊമ്പത് ശതമാനവും മൃദു ലൈംഗികോത്തേജന ചിത്രങ്ങളുമാണ്. ലോകസിനിമയുടെ ചരിത്രമെന്നത്, ആണുങ്ങള്‍ പെണ്ണുങ്ങളുടെ ഫോട്ടോയെടുത്തുകൊണ്ടിരുന്നതിന്റെ ചരിത്രമാണെന്ന് പരിഹസിച്ചത് വിഖ്യാത ചലച്ചിത്രകാരനായ ഴാങ് ലുക് ഗൊദാര്‍ദ് തന്നെയായിരുന്നു. ഡിജിറ്റല്‍ വിപ്ളവവും ഇന്റര്‍നെറ്റും വ്യാപിച്ചതോടെ, അശ്ളീല സിനിമകള്‍ ലോകത്താര്‍ക്കും എപ്പോഴും എവിടെയും സുലഭമായി ലഭ്യമായി തുടങ്ങുകയും ചെയ്തു. പാവം മന്ത്രിമാര്‍ക്ക് ഇതൊക്കെ കാണാന്‍ വിലക്കുകള്‍ ഉള്ളതു കൊണ്ട്, ആദ്യമായി ലഭ്യമായപ്പോള്‍ കൌതുകത്തോടെ വിശദമായി കാണുകയായിരുന്നുവെന്ന് വേണം കരുതാന്‍.

1900കളില്‍ തന്നെ ആരംഭിച്ച നീലച്ചിത്ര വിപണി, മുഖ്യധാരാ സിനിമക്കും സൌന്ദര്യാത്മക സിനിമക്കും ഒപ്പം തഴച്ചു വളര്‍ന്നു. വ്യഭിചാരവ്യവസായം പോലുള്ള സംഘടിത കുറ്റകൃത്യക്കാരായ അധോലോകത്തിന്റെ നിയന്ത്രണത്തിലുള്ളതായതിനാല്‍ അത് ഒരു വഴിക്കും നിയമങ്ങള്‍ മറ്റൊരു വഴിക്കും എന്ന നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു. 1960കളോടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ചിത്രങ്ങളോടുള്ള സാമൂഹികമായ മനോഭാവത്തില്‍ മാറ്റങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. നെതര്‍ലാന്റ്സില്‍ 1969ല്‍ തന്നെ പോര്‍ണോഗ്രാഫി നിയമവിധേയമാക്കുകയും തുടര്‍ന്ന് ബ്ളൂ ഫിലിം വാണിജ്യത്തില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടാവുകയും ചെയ്തു. 1970കളില്‍, അമേരിക്കന്‍ ഐക്യ നാടുകളടക്കമുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍, അഡല്‍ട്ട് തിയേറ്ററുകള്‍ പ്രത്യേകമായി ഉയര്‍ന്നു വന്നു. തുറന്ന ലൈംഗിക പ്രദര്‍ശനം ധാരാളമായി സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും, യാഥാസ്ഥിതികതക്കു തന്നെയാണ് മുന്‍തൂക്കം കൈവന്നത് എന്നതും കാണാതിരിക്കേണ്ടതില്ല. ലൈംഗിക ബന്ധത്തിന് മലയാളത്തിലുള്ള വിളിപ്പേരുകളിലൊന്നായ 'ഒളിസേവ'യിലായിരുന്നു മാന്യസമൂഹത്തിന് താല്‍പര്യം. 1980കളില്‍ ഹോം വീഡിയോ പ്രചാരത്തിലായതോടെ, ജനങ്ങള്‍ക്ക് മാന്യത പുറത്ത് സംരക്ഷിക്കാനും തങ്ങളുടെ വീടുകളിലോ മറ്റ് സ്വകാര്യസ്ഥലങ്ങളിലോ വെച്ച് ബ്ളൂഫിലിം സൌകര്യമായി കാണുന്നതിനുള്ള അവസരം വര്‍ദ്ധിക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള സകല രാജ്യങ്ങളിലും തുടര്‍ന്നുള്ള കാലയളവില്‍, ബ്ളൂഫിലിം വിപണനം വന്‍ തോതില്‍ വ്യാപിച്ചു. 1990കളില്‍ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മാറി മറിഞ്ഞു. കടകളില്‍ പോയി രഹസ്യമായി വാങ്ങുകയോ, തപാലില്‍ വരുത്തുകയോ വേണ്ടതില്ലാത്ത വിധത്തില്‍ അവരവരുടെ കമ്പ്യൂട്ടറില്‍ തന്നെ വിവിധ സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തോ ഓണ്‍ലൈനായോ നീലച്ചിത്രങ്ങള്‍ കാണാവുന്ന സ്ഥിതി വന്നു. സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങള്‍ക്ക് പുറമേക്ക് മാന്യരായി നടിക്കുകയും തങ്ങളുടെ സ്വകാര്യതകളില്‍ നിയമം ലംഘിക്കുകയും ചെയ്യാവുന്ന സ്ഥിതി കൂടുതല്‍ കൂടുതല്‍ സൌകര്യപ്രദമായിക്കൊണ്ടിരുന്നുവെന്നു കാണാം. മാത്രമല്ല, നിയമപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ബ്ളൂഫിലിം കാണാന്‍ സൌകര്യം കിട്ടാതിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആ സൌകര്യം സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ലഭിച്ചു തുടങ്ങി എന്നതും ബോധ്യപ്പെടേണ്ടതാണ്.

1998ല്‍ ഓസ്കാര്‍ അവാര്‍ഡുകളിലടക്കം നോമിനേഷന്‍ ലഭിച്ചിട്ടുള്ള അനവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഡാനിഷ് നിര്‍മാണക്കമ്പനിയായ സെന്‍ട്രോപ്പ, പോര്‍ണോഗ്രാഫിക് സിനിമകളുടെ നിര്‍മാണരംഗത്തേക്കും പ്രവേശിക്കുകയുണ്ടായി. ലോകപ്രശസ്ത സംവിധായകനായ ലാര്‍സ് വോണ്‍ ട്രയറുടെ ഇഡിയോടെം(1998) നിര്‍മിച്ചത് സെന്‍ട്രോപ്പയാണ്. ബ്ളൂഫിലിമുകളില്‍ കാണാറുള്ളതു പോലെ, നേരിട്ടുള്ള ലൈംഗികതാ പ്രദര്‍ശനം ഈ സിനിമയിലുമുണ്ട്. 1999ല്‍ കോപ്പന്‍ഹേഗന്‍ മേഖലയില്‍ ഏത് ഉപഭോക്താവിനും കാണാവുന്ന വിധത്തില്‍, കനാല്‍ കോബനാന്‍ എന്ന ചാനല്‍ രാത്രികളില്‍ പോര്‍ണോഗ്രാഫിക് സിനിമകള്‍ കേബിള്‍ ടി വി ശ്രൃംഖലയിലൂടെ പ്രദര്‍ശിപ്പിക്കാനാരംഭിച്ചു. ആഗോള പോര്‍ണോഗ്രാഫിക് വ്യവസായത്തിന്റെ സിരാകേന്ദ്രം, അമേരിക്ക തന്നെയാണ്. ഹോളിവുഡിന് തൊട്ടടുത്ത്; കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് നഗരത്തിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലാണ് ബ്ളൂഫിലിം നിര്‍മാണത്തിന്റെ ഹൃദയവും തലച്ചോറും കോര്‍പ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. 1975ല്‍ 5 മുതല്‍ 10വരെ മില്യന്‍ ഡോളര്‍ മാത്രമായിരുന്നു, പോര്‍ണോഗ്രാഫി ബിസിനസിന്റെ അമേരിക്കയിലെ മൊത്തം വിറ്റുവരവെങ്കില്‍; 1979ല്‍ ഇത് 100 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇപ്പോഴിത് 10 മുതല്‍ 13 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതില്‍ തന്നെ 6 ബില്യണ്‍ വരെ നിയമാനുസൃത സമ്പത്തും ബാക്കി കള്ളപ്പണവുമാണ്.

ലോകത്ത് ഇങ്ങിനെയൊക്കെയാണ്, അതുകൊണ്ട് ഇന്ത്യയിലും ബ്ളൂഫിലിം നിയമവിധേയമാക്കണം എന്നൊന്നുമല്ല ഈ കുറിപ്പിലൂടെ അഭിപ്രായപ്പെടാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തെമ്പാടും നടക്കുന്നതെന്തൊക്കെയാണെന്ന് നാം മനസ്സിലാക്കണമെന്നു മാത്രം. അതുമല്ല; ബ്ളൂഫിലിം നിയമാനുസൃതമായ രാജ്യങ്ങളും ഇന്ത്യയടക്കം അത് നിരോധിച്ചിട്ടുള്ള രാജ്യങ്ങളും തമ്മില്‍, ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ താരതമ്യപ്പെടുത്തി നോക്കാവുന്നതുമാണ്. അടിച്ചമര്‍ത്തലാണോ തുറന്നു വിടലാണോ ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് എന്നത് മനശ്ശാസ്ത്രജ്ഞ•ാര്‍ കണ്ടെത്തട്ടെ. പ്രശ്നം തുടങ്ങിയിടത്തേക്കു തന്നെ എത്തിക്കാം. നിരോധിക്കപ്പെട്ടതിനാലാണ്, ഇന്ത്യയില്‍ ബ്ളൂഫിലിമിനോട് മന്ത്രിമാര്‍ തുടങ്ങി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വലിയ കൌതുകവും ആകാംക്ഷയും നിലനില്‍ക്കുന്നത്. ഇഷ്ടം പോലെ ലഭ്യമായിരുന്നുവെങ്കില്‍, നിയമസഭക്കുള്ളില്‍ വെച്ച് മൊബൈലില്‍ കണ്ട് പരിഹാസ്യരാകേണ്ടതില്ലായിരുന്നുവല്ലോ. അപ്രകാരം; നിയമസഭയെ അപമാനിക്കുകയാണ് പ്രാഥമികമായി ഈ സാംസ്ക്കാരിക ദേശീയതാ വാദികള്‍ ചെയ്തതെങ്കിലും, അതിലൂടെ വാലന്റൈന്‍സ് ദിനത്തിലും മറ്റും പരസ്യമായി മിണ്ടിപ്പറയാന്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വാതന്ത്യ്രം പുനരംഗീകരിച്ചുകൊടുക്കാനായി ശ്രീരാമസേനയെ നിശ്ശബ്ദരാക്കുന്ന വിരുദ്ധ പ്രവൃത്തിയായി അത് പരിണമിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ക്ക് സ്തുതി പറഞ്ഞുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു.

*
ജി പി രാമചന്ദ്രന്‍

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER