My Blog List

Tuesday, December 20, 2011

ഇന്ത്യന്‍ കമ്പോളത്തില്‍ വാള്‍മാര്‍ട്ടിന്റെ പദ്ധതി

ലോകബാങ്ക്, ലോകവ്യാപാരസംഘടന, അതിന്റെ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയിലൂടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അജണ്ടയ്ക്ക് സമീപവര്‍ഷങ്ങളില്‍ ഇന്ത്യ കൂടുതലായി വഴങ്ങുകയാണ്.

ചിലവേറിയ ജനിതകവിത്തുകളുമായി വന്‍ലാഭം പ്രതീക്ഷിച്ചുകൊണ്ട് കാര്‍ഗില്‍, മൊന്‍സാന്റോ തുടങ്ങിയ കമ്പനികള്‍ കാര്‍ഷികമേഖലയിലേയ്ക്ക് കടന്നുകഴിഞ്ഞു. ജൈവവൈവിധ്യവും തദ്ദേശീയമായ കൃഷിസമ്പ്രദായങ്ങളും തകരുന്നതിനുപുറമെ കൃഷിക്കാര്‍ കടക്കെണിയിലകപ്പെടുകയും വിഷമകരമായ അവസ്ഥയെ നേരിടുകയും ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയുടെ ഔഷധനിര്‍മാണ-പണമിടപാട് മേഖലകള്‍ ചലിക്കുന്നത്. 2005 ലെ ഇന്ത്യാ-അമേരിക്കന്‍ ആണവഉടമ്പടിയോടെയാണ് രാഷ്ട്രാന്തര കോര്‍പ്പറേഷനുകളുടെ 'അട്ടിമറിവിപ്ലവ' മുണ്ടായത്. ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കുള്ള തന്ത്രപ്രാധാന്യത്തെ പിടിച്ചടക്കുന്നതിനുള്ള ഒരു വന്‍ പ്രഹരമായിരുന്നു അത്. അമേരിക്കയുടെ ആണവ ഇന്ധന-സാങ്കേതികവിദ്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ അത് കമ്പോളം തുറന്നുകൊടുക്കുകയും ചൈനയെ മെരുക്കുന്നതിനും ഇറാനിലെ അമേരിക്കന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ പങ്ക് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ആണവഉടമ്പടി കാര്‍ഷികമേഖലയിലെ വൈജ്ഞാനിക മുന്‍കൈ സംരംഭത്തിനുള്ള ഒരു കരാര്‍ കൂടിയായിരുന്നുവെന്നത് അധികമാരും അറിഞ്ഞിരുന്നില്ല. ഇന്ത്യയുടെ കാര്‍ഷിക, ചില്ലറവ്യാപാരമേഖലകളിലേയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കടന്നുവരാനുള്ള സൗകര്യമൊരുക്കകുയായിരുന്നു അതിന്റെ ലക്ഷ്യം. മൊണ്‍സാന്റോ, കാര്‍ഗില്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനി പ്രതിനിധികളുടെ പൂര്‍ണവും പ്രത്യക്ഷവുമായ പങ്കാളിത്തത്തോടെയായിരുന്നു ഇതിനുള്ള കരാര്‍ എഴുതിയുണ്ടാക്കിയത്.

അമേരിക്കന്‍ കാര്‍ഷിക-ബിസിനസ് കമ്പനികളുടെ ചുവടുപിടിച്ച് വാള്‍മാര്‍ട്ടും ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ല. ചില്ലറവില്‍പനയുടെ വിവിധോല്‍പ്പന്നമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതിനെച്ചൊല്ലി ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായ ബഹളം കാണിക്കുന്നത്, ഇന്ത്യന്‍ കമ്പോളത്തിലേയ്ക്ക് എന്ത് വില നല്‍കിയും കടന്നുകയറാന്‍ വാള്‍മാര്‍ട്ട് നിശ്ചയിച്ചുറച്ചിരിക്കുന്നുവെന്നതാണ്. ഇന്ത്യന്‍ കമ്പോളത്തിലേയ്ക്ക് വിദേശകുത്തകകളെ കടന്നുവരാന്‍ അനുവദിക്കുന്നത് ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ പഴഞ്ചന്‍മാര്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. എന്നാല്‍ സമ്പദ്ഘടനയുടെ വിവിധമേഖലകളെ വിദേശതാല്‍പര്യങ്ങള്‍ക്ക് അടിയറവെയ്ക്കുന്നതായ നവലിബറല്‍ ആഗോളവല്‍ക്കരണപദ്ധതിയില്‍ അന്ധമായ വിശ്വാസമര്‍പ്പിക്കുന്നവരാണ് യഥാര്‍ഥത്തില്‍ കാലഹരണപ്പെട്ട ചിന്തകളില്‍ ആണ്ടുപോയിട്ടുള്ളത്.

അന്താരാഷ്ട്ര മുതലാളിത്തത്തിന്, ഇന്ത്യ അതിന്റെ സമ്പദ്ഘടനയുടെ കവാടങ്ങള്‍ തുറന്നിട്ടുകൊടുക്കുന്ന അതേസമയത്ത് തന്നെയാണ് രാഷ്ട്രാന്തരകുത്തകകളുടെ അധീശത്വത്തിനും നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന കയ്യടക്കല്‍ പ്രക്ഷോഭങ്ങള്‍ അമേരിക്കയിലും ലോകത്തുടനീളവും കരുത്താര്‍ജിക്കുന്നത് എന്നതാണ് വിരോധാഭാസം. തൊഴിലില്ലായ്മയും അഴിമതിയും എണ്ണിയാലൊടുങ്ങാത്ത അസമത്വങ്ങളും സൃഷ്ടിക്കുന്നതായ, സ്വതന്ത്രവിപണിയിലധിഷ്ഠിതമായ ആഗോളവല്‍ക്കരണം 'മരണാസന്ന'മായിരിക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ നല്‍കുന്ന സന്ദേശം.

പാശ്ചാത്യലോകത്തെ ഭക്ഷ്യചില്ലറവില്‍പ്പനമേഖല തന്നെ ഒരുദാഹരണമായെടുക്കുക. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ലാഭം ഊറ്റിയെടുത്തു. ചില്ലറവില്‍പ്പനമേഖലയിലുണ്ടായിരുന്ന മത്സരം അപ്രത്യക്ഷമായി. 'കേടുപറ്റാത്തത്' 'എല്ലായ്‌പോഴും ലഭ്യമാകുന്നത്' എന്നിങ്ങനെ മുദ്രണംചെയ്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാടശേഖരങ്ങളില്‍നിന്നും ഷെല്‍ഫുകളിലേക്കെത്തുന്ന അവ രാസപദാര്‍ഥങ്ങള്‍ കുത്തിനിറച്ചവയാണ്. അവ ചിലപ്പോള്‍ ദരിദ്രരാഷ്ട്രങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച് സമ്പന്നരാഷ്ട്രങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന നാണ്യവിളകളുമാകാം.

ചില ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടായെന്നുവന്നേക്കാം. പക്ഷേ നഷ്ടപ്പെടുന്നവരാണ് ഏറെയും. ഗ്രാമപ്രദേശങ്ങളില്‍കൂടിപോലും വിശാലമായ പാതകള്‍. പാതയോരങ്ങളില്‍ കുത്തകകളുടെ നഗരത്തിനുപുറത്തുള്ള വില്‍പ്പനശാലകള്‍. കാര്‍ബണ്‍ പുറന്തള്ളുന്ന തിരക്കേറിയ ഗതാഗതസംവിധാനം. ഇതിന്റെയെല്ലാം ദോഷം പേറേണ്ടിവരുന്നത് തദ്ദേശീയസമൂഹങ്ങളാണ്. കാര്‍ഷികമേഖലയില്‍ കടന്നുവന്നിട്ടുള്ള കുത്തകകള്‍ വന്‍ലാഭം കൊയ്യുന്നത് തൊഴിലാളികള്‍ക്കുനല്‍കുന്ന കുറഞ്ഞവേതനം, നികുതിദായകന്റെ പണമുപയോഗിച്ച് ലഭിക്കുന്ന സബ്‌സിഡി, രാസപദാര്‍ഥങ്ങളുടെ വ്യാപകമായ പ്രയോഗം എന്നിവയിലൂടെയാണ്. വളരെദൂരെനിന്നുമായിരിക്കും ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പനശാലകളിലേത്തിക്കുക. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്കായിരിക്കും അവര്‍ സാധനങ്ങള്‍ സംഭരിക്കുക. അങ്ങനെ വില്‍ക്കുകയല്ലാതെ കര്‍ഷകന് മറ്റ് മാര്‍ഗമില്ല. അതേസാധനം വളരെകൂടിയ വിലയ്ക്ക് ഉപഭോക്താവിന് വില്‍ക്കുന്നു.
ഈ സമ്പ്രദായമാണ് സ്വന്തം ഭക്ഷ്യമേഖലയിലേക്ക് 'ഇറക്കുമതി' ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നത്. വികേന്ദ്രികൃതമായ ചില്ലറവില്‍പ്പനമേഖലയാണ് ഇന്ത്യക്കുള്ളത്. ബഹുഭൂരിപക്ഷം പച്ചക്കറികളും വീട്ടുവാതില്‍ക്കല്‍ത്തന്നെ ലഭിക്കും. ഉപഭോക്താവിന്റെ ആവശ്യം ഫലപ്രദമായി നിറവേറ്റാന്‍ കഴിയുന്ന ഒരു സമ്പ്രദായമാണതെന്ന് നിസംശയം പറയാന്‍ കഴിയും. പരസ്പരം മത്സരിക്കുന്ന അസംഖ്യം ചെറിയ പലചരക്കുകടകളില്‍ നിന്നോ, ചന്തകളില്‍ നിന്നോ, തെരുവോര കച്ചവടക്കാരില്‍ നിന്നോ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച പുതിയ വസ്തുക്കള്‍ വാങ്ങുന്നതിന് ഉപഭോക്താവിനു കഴിയും.

ചില പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഇത്തരം ചെറിയ ചില്ലറ വ്യാപാരമേഖലകള്‍ സൃഷ്ടിക്കുന്നത്. അത് പരിസ്ഥിതി സൗഹൃദപരമാണ്. ഉപഭോക്താവിന് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് അത് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നു.

കാര്യക്ഷമമല്ലാത്തതും ധാരാളം വസ്തുക്കള്‍ പാഴായിപ്പോകുന്നതുമായ ഒരു വിതരണ സമ്പ്രദായം കാരണം ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടാകുന്ന വിലക്കയറ്റമാണ്, പാശ്ചാത്യ കുത്തകകളുടെ വില്‍പ്പന ശൃംഖലയില്‍ ഇന്ത്യയുടെ ചില്ലറ വില്‍പ്പന മേഖല സുരക്ഷിതമായിരിക്കും എന്ന മിഥ്യാധാരണ സൃഷ്ടിച്ചത്. അതേസമയം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയുടെ കാര്‍ഷിക മേഖലയെ പുനസ്സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന വിലക്കയറ്റത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

ലോകത്ത് പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ പകുതിയും കുത്തകകളുടെ ചില്ലറവില്‍പ്പന ശൃംഖലയില്‍ നിന്നുമാണെന്ന് ഗ്രന്ഥകാരന്‍മാരായ ജോനാതന്‍ ബ്ലുറും ആന്ദ്രിയസെഗ്രെയും അഭിപ്രായപ്പെടുന്നു. പരിസ്ഥിതിക്ക് തീര്‍ത്തും ഇണങ്ങാത്ത ഒരു സമ്പ്രദായത്തിലൂടെയാണ് പാശ്ചാത്യ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ വന്‍ലാഭം കൊയ്യുന്നത്. വില്‍പ്പനശാലയിലെ ഷെല്‍ഫുകളില്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്നതിനായി ഭക്ഷ്യ പദാര്‍ഥങ്ങളില്‍ കൃത്രിമം കാണിക്കുന്നതിന് അവര്‍ കര്‍ഷകരെ നിര്‍ബന്ധിക്കാറുണ്ട്.

ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ കുത്തകകളുടെ വര്‍ധിച്ചുവരുന്ന നിയന്ത്രണം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും നിലവിലുള്ള ചില്ലറ വില്‍പ്പന മേഖലയെ തകര്‍ക്കുമെന്നും ഭയാശങ്കകളുണ്ട്. ജനങ്ങള്‍ എന്തു കഴിക്കണമെന്നും അവ എങ്ങനെ ഉല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കുന്നത് ഏതാനും വിദേശ കുത്തകകള്‍ ആയിരിക്കും. ഏകപക്ഷീയ നേട്ടമുണ്ടാക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ കൊളോനിയലിസത്തിന്റെ മറ്റൊരു പേരുമാത്രമാണ്. ഇത്തരം കരാറുകളിലൂടെ ഇന്ത്യ അതിന്റെ പരമാധികാരവും സ്വയം നിര്‍ണയാവകാശവും അടിയറവെയ്ക്കുകയാണെന്ന ആശങ്കയുമുണ്ട്.

*
കൊളിന്‍ റ്റൊഡ്ഹണ്ടര്‍ ജനയുഗം

മുതലാളിത്തം പ്രവര്‍ത്തിക്കുന്നതെങ്ങനെ

2007ലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ മാന്ദ്യവും ഒരു കാര്യം വ്യക്തമാക്കി; മുതലാളിമാര്‍ക്കും മുതലാളിത്തത്തിനും ഭരണകൂടത്തിന്റെ സഹായമില്ലാതെ നിലനില്‍ക്കാനാവില്ല. ഉദാരവല്‍കൃത സാമ്പത്തിക ക്രമത്തെ ഊഹക്കച്ചവടത്തിനും വമ്പന്‍ ബോണസുകളും ഭീമമായ ലാഭവും തട്ടിയെടുക്കുന്നതിനും ഉപയോഗിച്ച ബാങ്കര്‍മാരും ധന ഇടപാടുകാരുമാണ് ആ പ്രതിസന്ധിക്ക് ഇടയാക്കിയത്. എന്നിട്ടും പ്രതിസന്ധിയെ തുടര്‍ന്ന് "വ്യവസ്ഥയെ സംരക്ഷിക്കുന്ന" കാര്യം വന്നപ്പോള്‍ ഇതേ മുതലാളിമാര്‍ക്കാണ് പണം ചൊരിഞ്ഞുകൊടുത്തത്. മാന്ദ്യം 1930കളിലെ പോലെ മഹാമാന്ദ്യമാവുന്നത് തടയാന്‍ ഈ ധന ഇടപാടുകാര്‍ക്ക് എത്രമാത്രം പണം നല്‍കി എന്നത് പ്രതിസന്ധി ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം പോലും അവ്യക്തമായി തുടരുകയാണ്. എന്നാല്‍ അതിന്റെ സൂചനകള്‍ അല്‍പ്പാല്‍പ്പമായി ചോര്‍ന്നുവരുന്നുണ്ട്. "കുഴപ്പത്തിലായ ആസ്തികള്‍ രക്ഷിച്ചെടുക്കുന്നതിനുള്ള പരിപാടി"(ട്രബിള്‍ഡ് അസെറ്റ്സ് റിലീഫ് പ്രോഗ്രാം-ടാര്‍പ്) അനുസരിച്ച് 70000 കോടി ഡോളര്‍ ചെലവഴിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തേണ്ടതുണ്ടോ എന്ന് 2008ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും അവരുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഏതാണ്ട് പലിശയില്ലാതെ തന്നെ ബാങ്കുകള്‍ക്ക് 7.7 ട്രില്യന്‍ ഡോളര്‍(ട്രില്യന്‍ -ഒരു ലക്ഷം കോടി) ഒരുപാധിയും വ്യവസ്ഥ ചെയ്യാതെ നല്‍കുകയായിരുന്നു എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ .

പ്രതിസന്ധി നേരിടാനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസില്‍ പറഞ്ഞ തുകയുടെ 11 മടങ്ങ് അധികമായിരുന്നു ആ തുക. ചുരുക്കത്തില്‍ , പൊളിഞ്ഞ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് നല്‍കിയ രഹസ്യ വായ്പകളായിരുന്നു ഇവ. 2007നും 2009നുമിടയിലാണ് ഈ വായ്പകള്‍ നല്‍കിയത്. 2009ലെ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 50 ശതമാനത്തിലധികം വരും ഈ തുക. 7.7 ലക്ഷം കോടി ഡോളറിന്റെ വിവരം പുറത്തുവന്നത് ധനകാര്യ മാധ്യമ സ്ഥാപനമായ ബ്ലൂംബര്‍ഗ് നടത്തിയ അന്വേഷണത്തിലാണ്. ഈ വായ്പകള്‍ ഔദ്യോഗിക രഹസ്യമായതിനാല്‍ ഫെഡറല്‍ റിസര്‍വും അതിന്റെ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെയും അമേരിക്കയുടെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച ബ്ലൂംബര്‍ഗിന് അത് നല്‍കാന്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയപ്പോഴാണ് 29000 പേജ് വരുന്ന ഫെഡറല്‍ റിസര്‍വ് രേഖകളും 21000ല്‍പരം ഇടപാടുകളുടെ വിവരങ്ങളും പുറത്തുവിടാന്‍ ഉത്തരവുണ്ടായത്. ആ രേഖകളുടെ അടിസ്ഥാനത്തിലാണ് ബ്ലൂംബര്‍ഗ് ഈ കണക്കുകള്‍ മനസ്സിലാക്കിയത്.

ഫെഡറല്‍ റിസര്‍വിന്റെ സഹായംകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഏറ്റവും വലിയവയും ശക്തവുമായ ബാങ്കുകളാണ്. മൊത്തം ബാങ്കുകളും ധനസ്ഥാപനങ്ങളും ഫെഡറല്‍ റിസര്‍വിന് കടപ്പെട്ടിരിക്കുന്ന ശരാശരി പ്രതിദിന കടത്തിന്റെ 63 ശതമാനവും വെറും ആറ് ബാങ്കുകളുടേതാണ്- ജെ പി മോര്‍ഗന്‍ , ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, വെല്‍സ് ഫാര്‍ഗോ, ഗോള്‍ഡ്മാന്‍ സാക്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നീ ബാങ്കുകളുടെ. നിങ്ങള്‍ക്കാരെങ്കിലും വെറുതെ വലിയ തുക നല്‍കുന്നതായി സങ്കല്‍പ്പിച്ചുനോക്കൂ. നിങ്ങള്‍ക്കത് സര്‍ക്കാരിന്റെ ബോണ്ടുകള്‍ പോലെ ഏറ്റവും സുരക്ഷിതമായ ആസ്തികളില്‍ നിക്ഷേപിച്ച് ചെറിയ ആദായമുണ്ടാക്കാം. എന്നാല്‍ ചെറിയ ആദായം പോലും നിങ്ങള്‍ അടയ്ക്കുന്ന പൂജ്യത്തോളം നിസ്സാരമായ പലിശയെക്കാള്‍ വളരെ വലുതായിരിക്കും എന്നതിനാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമായിരിക്കും. അത് തന്നെയാണ് വലിയ ബാങ്കര്‍മാര്‍ ചെയ്തത്. പാപ്പരായി തകര്‍ന്നിരുന്ന ബാങ്കുകള്‍ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കപ്പെട്ട് ലാഭം രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ അത്ഭുതമില്ല. അപ്പോള്‍ അവര്‍ക്ക് ഒരിക്കല്‍കൂടി ഭീമമായ ലാഭവിഹിതങ്ങള്‍ തട്ടിയെടുക്കാമല്ലോ. ഫെഡറല്‍ റിസര്‍വിന്റെ ഈ ഔദാര്യത്തില്‍നിന്ന് നേട്ടമുണ്ടാക്കിയ ബാങ്കുകള്‍ 1300 കോടി ഡോളറിന്റെ കൊള്ളലാഭമുണ്ടാക്കിയതായാണ് ഇതുവരെ രഹസ്യ രേഖകളായിരുന്നവയുടെ വിശകലനം സൂചിപ്പിക്കുന്നത്. ഇതുപോലും ബാങ്കുകളെ സര്‍ക്കാര്‍ ജാമ്യത്തിലിറക്കിയതിന്റെ വ്യാപ്തിയുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ.

ഉദാഹരണത്തിന് ഏതാനും മാസം മുമ്പ് യുഎസ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട നിഷ്പക്ഷ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഞെട്ടിക്കുന്ന ഏതാനും തെളിവുകള്‍ പുറത്തുവിട്ടിരുന്നു. 2007-08ലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫെഡറല്‍ റിസര്‍വ് വകകൊള്ളിച്ച തുക അതിഭീമമായ 16 ലക്ഷം കോടി ഡോളറായിരുന്നു എന്നാണവ കാണിക്കുന്നത്. അതായത്, 2010ലെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമായ 14.5 ലക്ഷം കോടി ഡോളറിനെക്കാള്‍ വളരെയധികം. "ഫ്രാങ്ക്-ഡോഡ് വാള്‍സ്ട്രീറ്റ് പരിഷ്കരണ നിയമത്തിന്" വരുത്തിയ ഭേദഗതിമൂലം ഈ കണക്കുകള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശപ്പെട്ടവയാണ്. യുഎസ് കോണ്‍ഗ്രസിന്റെ അന്വേഷണ വിഭാഗങ്ങളില്‍ ഒന്നായ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഫെഡറല്‍ റിസര്‍വിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ പരിശോധിക്കണം എന്നാണ് ഭേദഗതി നിഷ്കര്‍ഷിക്കുന്നത്. ആ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലൈ 21ന് പുറത്തുവന്നു.

2007 ഡിസംബറിനും 2010 ജൂണിനും ഇടയിലുള്ള ഹ്രസ്വകാലത്തിനിടയ്ക്ക് നേരത്തെ കണക്കാക്കിയതിലും വളരെ വലിയ തുക ധനസംവിധാനത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങള്‍ക്ക് നല്‍കിയെന്നാണ് അതില്‍നിന്ന് തെളിയുന്നത്. ആ പണവും പൂജ്യത്തോടടുത്ത പലിശനിരക്കിലാണ് നല്‍കിയിരിക്കുന്നത്. അതില്‍ ചിലത് ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. ഒരു വായ്പ എന്നതിനെക്കാള്‍ സഹായം എന്ന തോന്നലാണിതുണ്ടാക്കുന്നത്. ഈ വായ്പയിലധികവും നല്‍കിയിരിക്കുന്നത് ചെലവാകാത്തതിനാല്‍ ഒരു വിലയുമില്ലാത്ത ആസ്തികളുടെ ഈടിലാണ്. ഈ ഉത്തരവാദിത്തം എന്തുകൊണ്ട് ഫെഡറല്‍ റിസര്‍വ് ഏറ്റെടുക്കേണ്ടിവന്നു എന്നത് ഇതില്‍നിന്ന് ഏറെക്കുറെ വ്യക്തമാവുന്നുണ്ട്. അടിയന്തര വായ്പകള്‍ നല്‍കാന്‍ ഫെഡറല്‍ റിസര്‍വിനുള്ള അധികാരം വഴി നടപ്പാക്കുന്നതിനാല്‍ കോണ്‍ഗ്രസ് പരിശോധനയെ മറികടക്കാന്‍ ഈ സംവിധാനത്തിന് കഴിയുന്നു. വളരെ ചെറിയ പരിപാടിയായ ടാര്‍പിനോട് പോലും-കുഴപ്പത്തിലായ ആസ്തികള്‍ രക്ഷിച്ചെടുക്കുന്നതിനുള്ള പരിപാടി- കോണ്‍ഗ്രസിലെ ചില വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ ഇത് പ്രധാനമാണ്. അപ്പോള്‍ , രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ വാള്‍സ്ട്രീറ്റ്-ട്രഷറി(അമേരിക്കന്‍ ധനവകുപ്പ്) കൂട്ടുകെട്ട് മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പകരം ബോധപൂര്‍വമായാണ് തീയണയ്ക്കാനുള്ള ദൗത്യത്തിന് പ്രധാനമായും ഫെഡറല്‍ റിസര്‍വിനെ തെരഞ്ഞെടുത്തത് എന്നുവരുന്നു. തത്വത്തില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് സംവിധാനത്തിന് പണലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമാണ് ഫെഡറല്‍ റിസര്‍വിനുള്ളത്. എന്നാല്‍ ഫെഡറല്‍ റിസര്‍വിന്റെ അടിയന്തര ധനസഹായത്തില്‍ വലിയ പങ്കും ലഭിച്ചത് അതിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സംവിധാനത്തിലെ സ്ഥാപനങ്ങള്‍ക്കാണ്. ബെയര്‍ സ്റ്റേണ്‍സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവ പോലുള്ള നിക്ഷേപ ബാങ്കുകളും പൊളിഞ്ഞ ലേമാന്‍ ബ്രദേഴ്സ് പോലും ഫെഡറല്‍ റിസര്‍വില്‍നിന്ന് വായ്പയെടുത്തു.

സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രതിസന്ധിയില്‍നിന്ന് തുഴഞ്ഞുനീങ്ങി എന്നവകാശപ്പെടുന്ന ഗോള്‍ഡ്മാന്‍ സാക്സ് പോലും ഫെഡറല്‍ റിസര്‍വില്‍നിന്ന് 81400 കോടി ഡോളര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 16 ലക്ഷം കോടി ഡോളറിന്റെ "നിധിയില്‍ നിന്ന"് വിവിധ സ്ഥാപനങ്ങള്‍ വിവിധ തുകകള്‍ കൈപ്പറ്റി-2.5 ലക്ഷം കോടി സിറ്റിഗ്രൂപ്പിന് ലഭിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് 2.04 ലക്ഷം കോടി ഡോളര്‍ ലഭിച്ചപ്പോള്‍ റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡും ഡോച്ച് ബാങ്കും(ജര്‍മന്‍) ഒരു ലക്ഷം കോടി പങ്കിട്ടു. ഫെഡറല്‍ റിസര്‍വ് തകര്‍ച്ചയുടെ വക്കിലുള്ള അമേരിക്കന്‍ ധനസ്ഥാപനങ്ങളെ മാത്രമല്ല, അമേരിക്കയിലെ പാഴ് ആസ്തികള്‍ വാങ്ങി കുഴപ്പത്തിലായ വിദേശ സ്ഥാപനങ്ങളെയും സഹായിക്കുന്നു എന്നതാണ് ചിലരെ രോഷം കൊള്ളിക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ ജാമ്യത്തിലിറക്കലിന്റെ ഗുണഭോക്താക്കള്‍ അമേരിക്കയിലെ വലിയ ധനസ്ഥാപനങ്ങളും കോര്‍പറേഷനുകളും മാത്രമല്ല; അമേരിക്കയ്ക്ക് പുറത്തുള്ള ബാങ്കുകളും കോര്‍പറേഷനുകളും കൂടിയാണ്. ബാര്‍ക്ലേയ്സ്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡ്(രണ്ടും ബ്രിട്ടന്‍), യുബിഎസ്(സ്വിറ്റ്സര്‍ലന്‍ഡ്), ഡോച്ച് ബാങ്ക്(ജര്‍മനി), ഡെക്സിയ(ബെല്‍ജിയം) എന്നിവയടക്കം നിരവധി യൂറോപ്യന്‍ ബാങ്കുകള്‍ ഫെഡറല്‍ റിസര്‍വിന്റെ സഹായത്തോടെയാണ് തകര്‍ച്ചയില്‍നിന്ന് ജാമ്യത്തിലിറക്കപ്പെട്ടത്. അമേരിക്കന്‍ ധന സംവിധാനത്തെ രക്ഷിക്കാന്‍ അതുമായി കെട്ടുപിണഞ്ഞ വിദേശ സ്ഥാപനങ്ങളെയും രക്ഷിക്കണം എന്നതാണ് സ്ഥിതി. എന്നാല്‍ ഇത് മാത്രമല്ല രോഷത്തിനിടയാക്കിയത്.

സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്സ് ചൂണ്ടിക്കാട്ടിയതുപോലെ ഇവിടെ വലിയ താല്‍പ്പര്യ സംഘര്‍ഷത്തിന്റെ പ്രശ്നമുണ്ട്. "ഉദാഹരണത്തിന് ജെ പി മോര്‍ഗന്‍ ചേസിന്റെ തലവന്‍ ആ ബാങ്ക് ഫെഡറല്‍ റിസര്‍വില്‍ നിന്ന് 39000 കോടി ഡോളറില്‍ പരം ധനസഹായം കൈപ്പറ്റിയ വേളയില്‍ തന്നെ ന്യൂയോര്‍ക്കില്‍ ഫെഡറല്‍ റിസര്‍വിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. മാത്രമല്ല ഫെഡറല്‍ റിസര്‍വിന്റെ അടിയന്തര വായ്പാ പരിപാടിയുടെ ക്ലിയറിങ്ങ് ബാങ്കുകളില്‍ ഒന്നായും ജെ പി മോര്‍ഗന്‍ ചേസ് പ്രവര്‍ത്തിച്ചു." ഒടുവിലായി ഫെഡറല്‍ റിസര്‍വ് അതിന്റെ അടിയന്തര വായ്പാ പരിപാടികള്‍ ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ സ്വകാര്യ കരാറുകാര്‍ക്ക് പുറംജോലി കരാര്‍ നല്‍കിയതും ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഓഡിറ്റില്‍ കണ്ടെത്തി. ഇവയില്‍ പലതും ഈ വായ്പകളുടെ ഗുണഭോക്താകളുമായിരുന്നു. "ജാമ്യത്തിലിറക്കലിന്റെ" ഭീമ രൂപവും അത് നടപ്പാക്കിയ രീതിയും തീര്‍ച്ചയായും അതിനെ പൊതിഞ്ഞുള്ള നിഗൂഢതയേയും പൊതുപരിശോധന ഒഴിവാക്കാന്‍ ഫെഡറല്‍ റിസര്‍വിനെ ഉപയോഗിക്കാനുള്ള തീരുമാനത്തെയും വിശദീകരിക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വിനെ ഈ രീതിയില്‍ ഉപയോഗിക്കാമെന്നത് സെന്‍ട്രല്‍ ബാങ്കുകള്‍ പൊതുവില്‍ സ്വതന്ത്രവും പിഴവില്ലാതെ നാണ്യ-ധന മാനേജ്മെന്റ് നിര്‍വഹിക്കുന്നവയും ആയിരിക്കുമെന്ന സിദ്ധാന്തത്തെ അസംബന്ധമാക്കുന്നുണ്ട്.

പരിശോധനയെ മറികടക്കാന്‍ ഫെഡറല്‍ റിസര്‍വിനെ ഉപയോഗിച്ചതും ഉത്തരവാദിത്തമില്ലാത്ത ധനസ്ഥാപനങ്ങളെ സഹായിക്കാന്‍ ഭീമമായ തുക ചെലവഴിച്ചതും മാത്രമല്ല വിമര്‍ശനത്തിനിടയാക്കിയത്. യഥാര്‍ഥ സമ്പദ്ഘടനയെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ മാന്ദ്യത്തിന്റെ ഫലമായി തൊഴിലില്ലായ്മയുടെ പ്രത്യാഘാതങ്ങളനുഭവിക്കേണ്ടിവന്നവരെ സഹായിക്കാനും കാര്യമായൊന്നും ചെയ്തില്ല എന്നതും വിമര്‍ശനം ക്ഷണിച്ചുവരുത്തി. അതേസമയം വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളും ചില ബാങ്കുകളും വീണ്ടും നല്ല ലാഭത്തിന്റെയും ഭീമമായ ലാഭവിഹിതങ്ങളുടെയും കാലത്തേക്ക് തിരിച്ചെത്തി. അതിനാല്‍ വാള്‍സ്ട്രീറ്റിന്റെ(അമേരിക്കന്‍ ധനസ്ഥാപനങ്ങള്‍) മോശം പെരുമാറ്റത്തിന് മെയിന്‍സ്ട്രീറ്റ്(പൊതുജനങ്ങള്‍) പിഴയൊടുക്കേണ്ടിവന്നെന്നും സര്‍ക്കാര്‍ ആദ്യത്തെ കൂട്ടരെ രക്ഷിച്ചപ്പോള്‍ ജനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണെന്നുമുള്ള വീക്ഷണം ശരിവയ്ക്കുന്നതായി ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിന്റെ റിപ്പോര്‍ട്ട്. "വാള്‍സ്ട്രീറ്റ് സിഇഒമാരുടെ മാത്രമല്ല, തൊഴിലാളി കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഫെഡറല്‍ റിസര്‍വിനെ പരിഷ്കരിക്കണം" എന്ന് സാന്‍ഡേഴ്സ് പറയുന്നു. ചരിത്രത്തില്‍ സുപരിചിതമായ കാര്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മുതലാളിത്തത്തില്‍ പ്രതിസന്ധിയുടെ കാലങ്ങളില്‍(സാധാരണ കാലങ്ങളിലും) വ്യവസ്ഥയെ ഉയര്‍ത്തിനിര്‍ത്താന്‍ സര്‍ക്കാര്‍ പല തരത്തില്‍ ഇടപെടും. എന്നാല്‍ അതിന് വിഭവങ്ങളുടെ മേല്‍ -പൊതുവില്‍ പണം- നിയന്ത്രണം വേണം. മുതലാളിത്ത ലാഭത്തെ പെരുപ്പിക്കാനോ സഹായിക്കാനോ വന്‍തോതില്‍ പണം വഴിതിരിച്ചുവിട്ടാണ് ഈ വ്യവസ്ഥയെ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ പണം നല്‍കുന്നവരാവട്ടെ തൊഴിലാളിവര്‍ഗവും ദരിദ്രരും മധ്യവര്‍ഗ വിഭാഗങ്ങളും മറ്റുമാണ്. അവരില്‍ നിന്ന് വിഭവങ്ങള്‍ പിടിച്ചെടുക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പണപ്പെരുപ്പം, ചരക്കുകളിന്മേലുള്ള നികുതികള്‍ , വരുമാന നികുതി, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുടെ മൂല്യം ചോര്‍ത്തല്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെയാണ് സമ്പന്നര്‍ക്ക് സബ്സിഡികള്‍ നല്‍കാനുള്ള വിഭവങ്ങള്‍ സാധാരണക്കാരില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്. അങ്ങനെ കാണുമ്പോള്‍ പ്രതിസന്ധിക്ക് ശേഷം മുതലാളിത്തത്തെ രക്ഷിക്കാന്‍ നടപ്പാക്കേണ്ടിവന്ന ജാമ്യത്തിലിറക്കല്‍ സമീപകാല മുതലാളിത്ത ചരിത്രത്തില്‍ പാവപ്പെട്ടവരില്‍നിന്നും മധ്യവര്‍ഗക്കാരില്‍നിന്നും സമ്പന്നരിലേക്ക് വരുമാനം ഏറ്റവും നാടകീയമായി പുനര്‍വിതരണം ചെയ്യുന്ന ഒന്നായിരിക്കും. അങ്ങനെയാണ് മുതലാളിത്തത്തിന്റെ പ്രവര്‍ത്തനം. കമ്പോളമല്ല, ഭരണകൂടമാണ് വന്‍ മൂലധനത്തിന് വലിയ ലാഭങ്ങള്‍ സമ്മാനിക്കുന്നത്.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതി

ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ, എട്ട് കോടിയില്‍പരം പേരുടെ വിവരങ്ങള്‍ ഇതിനകം ശേഖരിക്കപ്പെട്ടിട്ടുണ്ട്. നിയമ പിന്‍ബലമില്ലാതെ ആയിരക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവിട്ടുകഴിഞ്ഞു. ഇതേ ആവശ്യത്തിനായി ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരിലും തുക ചെലവിട്ടിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിട്ടും "ആധാറി"ലേക്കുളള വിവരശേഖരണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയംതന്നെ വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും അതിനേക്കാള്‍ വാശിയോടെ കേരളവും ആധാറുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങളില്‍ ജനങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍പോലും യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും പാഠമാകുന്നില്ല. അമേരിക്കയില്‍ സാമൂഹ്യസുരക്ഷാപദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബയോമെട്രിക് കാര്‍ഡ് സംവിധാനം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാനും അതിലെ വിവരങ്ങള്‍ സര്‍വതലസ്പര്‍ശിയാക്കാനും നീക്കം നടന്നപ്പോള്‍ വമ്പിച്ച ജനരോഷമാണുയര്‍ന്നത്. അതേ തുടര്‍ന്ന് നിര്‍ദിഷ്ട വിപുലീകരണം ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ജപ്പാനില്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ ബയോമെട്രിക് പദ്ധതി നടപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ , പ്രവിശ്യാസര്‍ക്കാരുകള്‍ ആ തീരുമാനത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതേ തുടര്‍ന്ന് പദ്ധതിയപ്പാടെ ഉപേക്ഷിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന്റെ നൈതികതയും പദ്ധതിക്ക് വേണ്ടിവരുന്ന അമിത ചെലവും കണക്കിലെടുത്ത് അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ഉപേക്ഷിച്ച പദ്ധതിയാണ് നാമിവിടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 450 കോടി പൗണ്ടിന്റെ പദ്ധതിയാണ് ഉപേക്ഷിച്ചത്. മന്‍മോഹന്‍സിങ് പഠിച്ചിറങ്ങിയ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത് വിഫലവും ചെലവേറിയതുമായ മണ്ടത്തരമെന്നാണ്. ബ്രിട്ടനും ഫിലിപ്പീന്‍സുമെല്ലാം യുഐഡിക്കായി ശേഖരിച്ച വിവരങ്ങള്‍ പുറത്താകാതെ സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ അക്കാര്യം പരസ്യമായി സമ്മതിച്ച് വിവരസഞ്ചയം നശിപ്പിക്കുകയായിരുന്നു. ആ രാജ്യങ്ങളിലേതിനേക്കാള്‍ പലമടങ്ങ് അധികം ജനസംഖ്യയുള്ള ഇന്ത്യ പക്ഷേ ഇതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നു.

ആധാര്‍ എന്നത് പന്ത്രണ്ട് അക്കങ്ങള്‍ ഉള്‍ക്കൊണ്ട വെറും ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ, ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ഏതൊരാള്‍ക്കും അതോറിറ്റി ആധാര്‍ നമ്പര്‍ നല്‍കും. നമ്പര്‍ ലഭിക്കുന്ന വ്യക്തി കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ലോകത്ത് ഒരാള്‍ക്കുമാത്രമേ ഉണ്ടാകൂ എന്നര്‍ഥം. ഈ നമ്പറിന്റെ ഉടമയെ സംബന്ധിക്കുന്ന നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിച്ച് ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കുകയാണ് ചെയ്യുക. പത്ത് വിരലുകളുടെയും അടയാളം, കൃഷ്ണമണിയുടെ അടയാളം എന്നിവയെല്ലാം ഉപകരണങ്ങളുപയോഗിച്ച് ശേഖരിക്കുകയും കേന്ദ്ര വിവരസഞ്ചയത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇപ്രകാരം ചെയ്യുന്നതിന് ചില ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി അതോറിറ്റിതന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇതാണ് കേന്ദ്ര പ്ലാനിങ് കമീഷന്റെ ഭാഗമായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.

ഓരോ പൗരനെയും ചാപ്പകുത്തുന്നതിന് ലളിതമായ ഒരു ന്യായീകരണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തടസ്സംകൂടാതെ യഥാര്‍ഥ അവകാശികള്‍ക്കെത്തിക്കാനാണത്രേ ഈ പദ്ധതി.

യുഐഡി പദ്ധതിക്ക് ചുക്കാന്‍പിടിക്കാന്‍ നന്ദന്‍ നിലേകനിയെ ക്യാബിനറ്റ് പദവിയോടെ 2009 ജൂലൈയില്‍ ചെയര്‍മാനായി അവരോധിക്കുകയും ചെയ്തു. എല്ലാ വകുപ്പുകളുടെയും സംയോജനം സാധ്യമാകാനായി പ്രധാനമന്ത്രിയുടെ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. എല്ലാം എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പാക്കുകയാണ്. പൊതുസമൂഹത്തിനോ ഇന്ത്യന്‍ പാര്‍ലമെന്റിനോ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അധികാരം നിഷേധിക്കപ്പെട്ടിരിക്കുന്നു. യുഐഡി പദ്ധതി ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരിനെയാണ്. എന്നാല്‍ , പൗരന്മാരെ സുതാര്യ അടിമകളാക്കുന്നതാണ് യുഐഡി പദ്ധതി. പൗരാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും അധീശത്വത്തിനുള്ള സംവിധാനമൊരുക്കുന്നതിലൂടെ പൗരന്റെ അവകാശം ഹനിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ . താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി എന്ന് പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് സാമാന്യജീവിതം ക്ലേശകരമാക്കുന്ന വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നാളെ റേഷന്‍ ലഭിക്കണമെങ്കില്‍ യുഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനവും പൊതുവിതരണവും അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണല്ലോ. റേഷന്‍ നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സബ്സിഡിത്തുകയോ കൂപ്പണോ നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സബ്സിഡിത്തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതും അഴിമതിയും തടയുന്നതിനാണ് ഈ സംവിധാനമെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകതന്നെയാണ് ലക്ഷ്യം. അത്തരം ജനവിരുദ്ധനടപടികള്‍ക്കും യുഐഡി വിവരസഞ്ചയം ഉപയോഗപ്പെടുത്തും. വ്യക്തിയുടെ

സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാന്‍ ഭരണകൂടത്തെ അനുവദിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ കുഴപ്പം. തിരിച്ചറിയല്‍ നമ്പറിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിവരങ്ങളെല്ലാം തിരിച്ചറിയേണ്ട ഓരോ ഘട്ടത്തിലും വെളിപ്പെടുത്തപ്പെടുകയാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും നോക്കുകുത്തിയാക്കുകയാണ്. ഉദാഹരണത്തിന്, 18 വയസ്സിനുമുമ്പ് ഒരു കുട്ടി ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടാല്‍ 18 വയസ്സിനപ്പുറം ആ വിവരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ , തിരിച്ചറിയല്‍ നമ്പറില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല. നമ്പര്‍ വലിയൊരു ബാധ്യതയും പാരതന്ത്ര്യവുമായി മാറുമെന്നതില്‍ സംശയമില്ല. സമരങ്ങളില്‍ പങ്കെടുക്കുന്നതിനുപോലും പരോക്ഷമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാം. കേരളത്തിലെ ഐടി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ എല്ലാ കുട്ടികളെയും ആധാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. കുട്ടിയുടെയോ രക്ഷിതാവിന്റെയോ അനുമതി ചോദിക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഈ നടപടി. അതായത് ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുന്നില്ല.

ആധാറിന് വേണ്ടിയാണെന്ന് തോന്നാത്ത വിധത്തില്‍ മറ്റൊരു പേരിലാണ് കുട്ടികളുടെ വിവരശേഖരണം നടത്തുന്നത്. ഇത് പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമല്ലെങ്കില്‍ മറ്റെന്താണ്? ഓരോരുത്തര്‍ക്കും നമ്പര്‍ നല്‍കുകയും വിവരങ്ങള്‍ മുഴുവന്‍ സംഭരിച്ച് വയ്ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ തന്നെ ഒരുതരം "അമിത കേന്ദ്രീകരണം" സംഭവിക്കും. ഈ വിവരങ്ങളാകട്ടെ വിപണിക്കും പ്രിയങ്കരമായിരിക്കും. എന്തുല്‍പ്പന്നങ്ങള്‍ വേണം? എന്ത് മരുന്നുവേണം? എന്തിന്റെ കുറവ് എവിടെയൊക്കെ? എന്നെല്ലാം വിപണി നിയന്ത്രിക്കുന്നവര്‍ക്ക് വ്യക്തമാകും. അഭിരുചികളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനുവരെ ഇത് സഹായകരമാകുമെന്നതിനാല്‍ "പരസ്യ" മാര്‍ക്കറ്റിനും ഇത് പ്രിയങ്കരമാകും. ഇങ്ങനെ പ്രതിലോമതാല്‍പ്പര്യങ്ങള്‍ക്കാണ് യുഐഡി കൂടുതല്‍ പ്രയോജനപ്പെടുക.

വിവരാവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശവും. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുളള കടന്നാക്രമണം ബലാല്‍ക്കാരം തന്നെയാണ്. അതുകൊണ്ട് ശാസ്ത്രീയമായും മാനവിക വീക്ഷണത്തോടെയും പഠനം നടത്താതെയും പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യാതെയും പദ്ധതിയുമായി മുന്നോട്ടുപോകാനെടുത്ത തീരുമാനവും തുടര്‍നടപടികളുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളോടെ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. കേരളത്തില്‍ ആധാറിനുവേണ്ടി ആരംഭിച്ചിട്ടുള്ള വിവരശേഖരണം അടിയന്തരമായി നിര്‍ത്തിവയ്ക്കണം.

*
വി.എസ്. അച്ചുതാനന്ദന്‍ ദേശാഭിമാനി 15 ഡിസംബര്‍ 2011

ലോകം വീണ്ടും മാര്‍ക്‌സിനെ തേടുന്നു

''റഷ്യയിലെ തിരഞ്ഞെടുപ്പുഫലം ഒരു ചൂണ്ട് പലകയാണ് '' എന്ന മുഖപ്രസംഗത്തില്‍ (ജനയുഗം 2011 ഡിസംബര്‍ 11) ലോകം വീണ്ടും മാര്‍ക്‌സിനെ തേടുന്നു എന്ന പരാമര്‍ശം പലതുകൊണ്ടും അര്‍ഥവത്തായ ഒന്നാണ്. റഷ്യയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല അത്, ആഗോള സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാലും മാര്‍ക്‌സിനെ തന്നെ ആശ്രയിക്കേണ്ടിവരും.

മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നപ്പോള്‍, അമേരിക്കന്‍ പാര്‍പ്പിട വിപണിയിലെ മോര്‍ട്ട്‌ഗേജ് സമ്പ്രദായം തകര്‍ന്നപ്പോള്‍ അമേരിക്കന്‍ ഭരണകൂടം ഇടപ്പെട്ട് ജനങ്ങളുടെ കൈയ്യില്‍ നിന്ന് പിരിച്ചെടുത്ത നികുതിപ്പണം ഈ തകര്‍ച്ചപരിഹരിക്കാന്‍ ഉപയോഗിച്ചു. എന്നിട്ടും മേല്‍പ്പറഞ്ഞ തകര്‍ന്നടിഞ്ഞ ധനകാര്യസ്ഥാപനങ്ങള്‍ രക്ഷപ്പെട്ടില്ല. പാര്‍പ്പിട വിപണി സാധാരണ സ്ഥിതിയില്‍ എത്തിയില്ല. ഭരണകൂടം മറ്റ് ചിലതുകൂടി ചെയ്തു. 1929ല്‍ ചെയ്തതുപോലെ പലിശ നിരക്കുകള്‍ പരമാവധി കുറച്ചു. കമ്മിപ്പണത്തിന്റെ ഉപയോഗം ഉദാരമാക്കി. എന്നിട്ടും വിപണിക്കാര്‍ ഉണര്‍ന്നില്ല തൊഴിലില്ലായ്മ രൂക്ഷമായി തുടര്‍ന്നു. രാജ്യത്തില്‍ പലഭാഗത്തും രോഷപ്രകടനങ്ങള്‍ ഉണ്ടായി. അമേരിക്കയിലെ സാധാരണ പൗരന്മാര്‍ക്ക്‌പോലും ഒരു കാര്യം വ്യക്തമായി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ശരിക്കും ഒരു ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയാണ്. മൂലധനമാണ് (പ്രത്യേകിച്ച് ഫൈനാന്‍സ്മൂലധനമാണ്) അതിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് എതിര്‍ക്കേണ്ടത് ഫൈനാന്‍സ് മൂലധനത്തെയാണ്. അതിന് ആദ്യനടപടിയായി ''വാള്‍ സ്റ്റ്രീറ്റ് പിടിച്ചെടുക്കുക'' എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തുക. ഇന്ന് അമേരിക്കയിലെ പല പട്ടണങ്ങളിലും ഈ മുദ്രാവാക്യവുമായി ആയിരങ്ങല്‍ പ്രകടനം നടത്തുകയാണ്.

പ്രകടനക്കാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അകത്തളത്തിലും പ്രവേശിച്ചുകഴിഞ്ഞു. പ്രകടനക്കാരെ നേരിടാന്‍ പട്ടാളം മുളക്‌പൊടിവരെ ഉപയോഗിച്ചു. ലാത്തിപ്രയോഗം, കണ്ണീര്‍വാതകക്ഷെല്ലുകള്‍ എന്നിവ ഫലപ്രദമായില്ല ഇപ്പോഴിതാ പ്രകടനക്കാര്‍ പുതിയ ഒരു സമരമുഖം തുറന്നിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച് പാര്‍പ്പിട വിപണിയിലെ മോര്‍ട്ട്‌ഗേജ് പ്രശ്‌നംമൂലം, പാര്‍പ്പിടവായ്പ തിരിച്ചടക്കാന്‍ വിഷമിക്കുന്നവര്‍ അവരുടെ പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞ് റോഡിലും പൊതുസ്ഥലങ്ങളിലും വാസം ഉറപ്പിച്ചിരിക്കയാണ്. അനേകായിരം പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്ന ഈയവസരത്തില്‍ വാള്‍സ്റ്റ്രീറ്റ് പിടിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങിയ പ്രകടനക്കാര്‍ ഒഴിഞ്ഞ് കിടക്കുന്ന പാര്‍പ്പിടങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ ഒരു സിവില്‍ യുദ്ധത്തിന്റെ തുടക്കമാണോ എന്നു സംശയം ഉണ്ടാക്കുന്നു.

ഈയവസരത്തില്‍ ആഗോള രാഷ്ട്രീയ മണ്ഡലത്തിലുണ്ടായ ചില സംഭവങ്ങള്‍ കൂടി ഓര്‍ക്കണം. അമേരിക്ക തന്നെ വളര്‍ത്തിയെടുത്ത കൊടും ഭീകരനായ ബിന്‍ലാദനെ രഹസ്യമായി അമേരിക്കന്‍ സേനതന്നെ വധിച്ചു. അറബ് രാജ്യങ്ങളില്‍ അസ്വാസ്ഥ്യം ഉണ്ടാക്കി അവിടത്തെ വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്കെതിരെ അമേരിക്കയുടെ വിശ്വാസത്തില്‍ '' ജനാധിപത്യ വിശ്വാസികള്‍'' എന്ന ഒരു കൂട്ടരെ പോത്സാഹിപ്പിച്ച് രാഷ്ട്രീയ അട്ടിമറികള്‍ സൃഷ്ടിച്ചു.

ലിബിയയില്‍ അമേരിക്കയുടെ ബദ്ധ ശത്രുവായ ഗദ്ദാഫിയെ നേറ്റോ പട്ടാളത്തേയും ''ജനാധിപത്യവിശ്വസികളേയും'' ഇപയോഗിച്ച് ക്രൂരമായി വെട്ടിനുറുക്കി. അമേരിക്കയുടെ നോട്ടം ലിബിയായുടെ എണ്ണഖനികളായിരുന്നു. അമേരിക്ക എവിടെ ഒക്കേഇടപെട്ടിട്ടുണ്ടോ അവിടെയൊന്നും രാഷ്ട്രീയമണ്ഡലത്തില്‍ ജനാധിപത്യവും സമാധാനവും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ റഷ്യന്‍ തിരഞ്ഞെടുപ്പ്ഫലം അവലോകനം ചെയ്ത അവിടെയും ഇടപെടാന്‍ അമേരിക്ക കാത്തിരിക്കുകയാണ്. പുതിയ ശീതസമരത്തിന് തുടക്കം കുറിക്കാനാണോ അമേരിക്ക ശ്രമിക്കുന്നത്? റഷ്യയില്‍ അവിടത്തെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേടിയ മുന്നേറ്റം അമേരിക്കക്ക് വെപ്രാളം ഉണ്ടാക്കിയിട്ടുണ്ട്.

യുറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുന്നു. യൂറോ തന്നെ പ്രതിസന്ധിയിലാണ്. അംഗങ്ങള്‍ ഭിന്നചേരിയില്‍ നിന്ന് പോരാട്ടം തുടങ്ങിക്കഴിഞ്ഞു. യൂറോപ്യന്‍ സമൂഹത്തില്‍ ബ്രിട്ടന്റെ നിലപാടുകള്‍ക്കെതിരെ ഫ്രാന്‍സും ജര്‍മ്മനിയും മറ്റും തുറന്നടിച്ച് തുടങ്ങി ബ്രിട്ടന്റെ ''സിറ്റി ഓഫ് ലണ്ടന്റെ'' എന്ന ഫൈനാന്‍ഷ്യല്‍ കേന്ദ്രം പ്രമാണിത്തം അംഗീകരിക്കാന്‍ മറ്റംഗങ്ങള്‍ തെയ്യാറല്ല.

ഇതിനകം തന്നെ ഗ്രീക്ക് വസന്തം എന്ന സാമ്പത്തിക പ്രതിഭാസം യൂറോപ്പിനെ മുഴുവന്‍ വിഷമവൃത്തത്തിലാക്കുന്ന വസന്തമായിവളര്‍ന്ന് കഴിഞ്ഞു. തെറ്റായ പണനയം, ഫിസ്‌ക്കല്‍നയം ഓരോ യൂറോപ്യന്‍ രാജ്യവും സ്വീകരിക്കുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അംഗങ്ങള്‍ക്കിടയില്‍ വേണ്ടതരത്തിലുള്ള സഹകരണവും കൂട്ടായ ചര്‍ച്ചയും ഇല്ലാതെ ഇപ്പോഴത്തെപോലെ പോയാല്‍ യൂറോപ്യന്‍ സമൂഹം എന്ന ഇന്ന് ഇല്ലാതാകും എന്ന ഭയാശങ്ക ശക്തമായിട്ടുണ്ട്.

ഇതൊക്കെ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ആഗോള സമ്പദ് വ്യവസ്ഥ ഇന്ന് പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി വരുംകാലങ്ങളില്‍ രൂക്ഷമാകും. ഇതിന് പ്രധാനകാരണം ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥതിയിലെ രൂക്ഷമായ ആന്തരിക വൈരുധ്യങ്ങള്‍ ആണ്. ഇവിടെയാണ് കാള്‍മാര്‍ക്‌സും ലെനിനും മറ്റും വിശദമായി പഠിക്കേണ്ടത്. പ്രത്യേകിച്ച് മാര്‍ക്‌സിന്റെ ''ക്യാപ്പിറ്റല്‍'' എന്ന ഗ്രന്ഥം വീണ്ടും വിശദമായി പഠിക്കാന്‍ പല പാശ്ഛാത്യസൈദ്ധാന്തികരും തുടങ്ങിയിരിക്കുന്നു. പുസ്തകശാലകള്‍ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കിത്തുടങ്ങി.

1929 ല്‍ ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായപ്പോള്‍ പകച്ച് നിന്ന അമേരിക്ക, സമ്പദ് വ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കാന്‍ കെയിന്‍സ് പ്രഭു നിര്‍ദ്ദേശിച്ച നയങ്ങളാണ് സ്വീകരിച്ചത് പ്രസിഡന്റ് റൂസ്വെല്‍റ്റിന് അയച്ച കത്തില്‍ കെയിന്‍സ് നിര്‍ദ്ദേശിച്ചത് ഇതാണ്. '' അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരോട് വലിയ കുഴികള്‍ കുഴിക്കാന്‍ പറയു. അവരോട് അതില്‍ ഖരമാലിന്യങ്ങല്‍ നിറച്ച് മൂടാന്‍ പറയുക. പിന്നീട് കുഴികളില്‍ നിന്നും മാലിന്യങ്ങള്‍ മാറ്റുക. ഈ ജോലി ചെയ്യുന്നതിനുള്ള കൂലിയായി കമ്മിപ്പണം ഉപയോഗിക്കുക. കിട്ടുന്ന കൂലി അവര്‍ വിപണിയില്‍ ചെലവാക്കും മാന്ദ്യം മൂലം ഉത്പാദനം നിര്‍ത്തിയപണിശാലകള്‍ വീണ്ടും തുറന്ന് ഉത്പാദനം തുടങ്ങും. സമ്പദ് വ്യവസ്ഥ വീണ്ടും സജീവമാക്കും '' ഇതായിരുന്ന കെയിന്‍സിന്റെ സിദ്ധാന്തവും നയനിര്‍ദ്ദേശവും. അന്നുമുതല്‍ ക്യാപ്പിറ്റലിസ്റ്റ് സമ്പദ വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാന്ദ്യത്തിനും കെയിന്‍സിന്റെ നിര്‍ദ്ദേശമാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചത്.

എന്നാല്‍ ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായകമല്ല. ഈയവസരത്തില്‍ പണ്ട് ധനശാസ്ത്ര ക്ലാസ്സുകളില്‍ പ്രയോഗിച്ച ഒരു കഥ ഓര്‍മ്മ വരുന്നു. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥ അതിരൂക്ഷമായ രോഗത്തിനടിമപ്പെട്ട അവസരത്തില്‍ കെയിന്‍സ് തന്റെ നിര്‍ദ്ദേശങ്ങള്‍ വ്യവസ്ഥയെ രക്ഷിക്കുമെന്ന് പറഞ്ഞു എന്നാലതേസമയത്ത് കാള്‍ മാര്‍ക്‌സ് പറഞ്ഞത് ''ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയെ കുഴിച്ച് മൂടാന്‍ കുഴിഉടന്‍ വെട്ടുക'' എന്നാണ്. ക്യാപ്പിറ്റലിസത്തിന്റെ അന്ത്യം സൂനിശ്ചിതമാണ്. അത് വേഗത്തിലാക്കാന്‍ കടുത്ത ചൂഷണത്തിന് വിധേയരായ തൊഴിലാളി വര്‍ഗം സംഘടിച്ച് ചൂഷകരുടെ ചങ്ങല പൊട്ടിച്ചെറിയുക. വിപ്ലവത്തില്‍ കൂടി ഒരു യഥാര്‍ഥ സോഷ്യലിസ്റ്റ് വ്യവസ്ഥിതിസ്ഥാപിക്കുക.

ഈ ആഹ്വാനത്തിന്റെ സ്പന്ദനങ്ങളാണ് ''വാള്‍ സ്റ്റ്രീറ്റ് പിടിച്ചെടുക്കുക'' തുടങ്ങിയ ജനകീയ മുന്നേറ്റങ്ങളില്‍ കാണുന്നത്. ഉദാരവത്ക്കരണം സ്വകാര്യവത്കരണം ആഗോളവത്ക്കരണം എന്നീനയങ്ങളെ എതിര്‍ത്ത് സമൂഹത്തേയും സാധാരണ ജനങ്ങളേയും സംരക്ഷിക്കാന്‍ തൊഴിലാളിവര്‍ഗം മുന്‍കൈയ്യെടുത്ത് ജനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കണം. നേതൃത്വം നല്‍കുന്നവര്‍ മാര്‍ക്‌സിനേയും ലെനിനേയും അടുത്തറിയാന്‍ ശ്രമിക്കണം.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം 14 ഡിസംബര്‍ 2011

കേന്ദ്രം ഭരിക്കുന്ന മിര്‍ജാഫര്‍മാര്‍

യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പരാജയം ഇനിയും മൂടിവയ്ക്കാനാകാത്ത സ്ഥിതിയായിട്ടുണ്ട്. വര്‍ഷങ്ങളായി വിലക്കയറ്റം ഒമ്പത് ശതമാനത്തിലേറെയാണ്. പടിഞ്ഞാറന്‍ സാമ്രാജ്യത്വചേരിക്ക് ബദലായി ഉയര്‍ന്നുവരുന്ന ശക്തിയായാണ് ബ്രിക്സിനെ- ബ്രസീല്‍ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക- കണക്കാക്കുന്നത്. ഈ പഞ്ചമഹാശക്തികളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിലക്കയറ്റം തുടര്‍ച്ചയായി ഒമ്പത് ശതമാനത്തിലേറെയായി നിലനില്‍ക്കുന്ന ഏകരാജ്യം ഇന്ത്യയാണ്. ജനങ്ങള്‍ക്കിടയില്‍ കറങ്ങുന്ന പണത്തിന്റെ അളവ് ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി വന്‍തോതില്‍ കൂട്ടിയിരുന്നു. ഇതാണ് വിലക്കയറ്റത്തിനു കാരണമെന്ന ധാരണയില്‍ ബാങ്ക് പലിശ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയ്ക്ക് 4.25 ശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനമായി പടിപടിയായി ഉയര്‍ത്തിയിരിക്കുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ബാങ്കുകളുമായി ബന്ധപ്പെട്ട എസ്എല്‍ആര്‍ (അവ വാങ്ങേണ്ട സര്‍ക്കാര്‍ ബോണ്ടുകളുടെ തുക) 24ല്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തി. ക്യാഷ് റിസര്‍വ് അനുപാതം അഞ്ചില്‍നിന്ന് ഒമ്പത് ശതമാനമാക്കി ഉയര്‍ത്തി. ഇതൊക്കെ ചെയ്തിട്ടും പണപ്പെരുപ്പം/വിലക്കയറ്റം അനിയന്ത്രിതമായി തുടരുന്നു.

ഡോളറിന് ഏതാണ്ട് 45 രൂപ കൈമാറ്റ നിരക്കായിരുന്നത് ഇപ്പോള്‍ 53.67 രൂപയായി ഉയര്‍ന്നുനില്‍ക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടയിലാണ് 16 ശതമാനത്തോളം വ്യത്യാസമുണ്ടാക്കിയിരിക്കുന്നത്. ഇതു തടയാനായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പക്കലുള്ള വിദേശനാണ്യത്തില്‍ 3,000 കോടി ഡോളറിലേറെ ചെലവഴിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇങ്ങനെയൊരു വീഴ്ച രൂപയുടെ വിലയില്‍ ഉണ്ടായിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പിടിച്ചാല്‍ കിട്ടാത്ത നിലയിലായിരിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ ധനക്കമ്മിയും റവന്യൂക്കമ്മിയും നിശ്ചയിച്ചിരുന്ന പരിധിയിലും ഏറെ കൂടുതലായിരിക്കും മാര്‍ച്ച് അവസാനമാകുമ്പോഴേക്കുമെന്ന് പകുതി വര്‍ഷം പിന്നിട്ടപ്പോഴേക്കും വ്യക്തമായി. ആ പ്രതികൂലസ്ഥിതി ഇപ്പോഴും തുടരുകയാണ്. ഈ ധനവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ (ജൂലായ്- സെപ്തംബര്‍) സാമ്പത്തികവളര്‍ച്ചനിരക്ക് 6.9 ശതമാനമായി ഇടിഞ്ഞു. അടുത്തകാലത്തൊന്നും നിരക്ക് ഇത്രയും കുറഞ്ഞിട്ടില്ല. യൂറോപ്പിന്റെയും അമേരിക്കയുടെയും സാമ്പത്തികപ്രതിസന്ധിയാണ് ഇതിന്റെ ഒരുകാരണം. പ്രധാനമന്ത്രിയും ധനമന്ത്രിയും നേരത്തെ പറഞ്ഞുകൊണ്ടിരുന്നത് വികസിത മുതലാളിത്തരാജ്യങ്ങളിലെ സാമ്പത്തികത്തളര്‍ച്ച മറ്റ് പല വികസ്വര രാജ്യങ്ങളെയുംപോലെ ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു. എന്നാല്‍ , ഇപ്പോള്‍ സ്ഥിതി അതല്ലെന്ന് രൂപയുടെ തുടര്‍ച്ചയായ വിലയിടിവും മറ്റും സ്പഷ്ടമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെയും നാണയങ്ങളെ രൂക്ഷമായ വിലയിടിവ് ബാധിച്ചിട്ടില്ല.

രൂപയുടെ വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിദേശമുതലാളിമാര്‍ ഇവിടത്തെ ഓഹരിക്കമ്പോളത്തില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നതാണ്. അതുകൊണ്ട് സമ്പദ്വ്യവസ്ഥയ്ക്കോ രാജ്യത്തിന് പൊതുവിലോ ഒരു ഗുണവുമില്ല. ഇവിടെ പുതുതായി ഒറ്റ ജോലിപോലും സൃഷ്ടിക്കുന്നില്ല, ആരുടെയും വരുമാനം വര്‍ധിപ്പിക്കുന്നില്ല. മുതല്‍ ഇറക്കിയവര്‍ ലാഭം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന വേളയില്‍ വാങ്ങിയ ഓഹരികള്‍ വിറ്റ് സ്ഥലം വിടുന്നു. കൂട്ടത്തോടെ ഓഹരികള്‍ വില്‍ക്കപ്പെടുമ്പോള്‍ വിലകള്‍ തകര്‍ന്ന് ഓഹരി വാങ്ങിയ ഇന്ത്യക്കാര്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിദേശകുത്തകകള്‍ക്ക് ഇത്തരത്തില്‍ ചൂഷണം ചെയ്തു മുടിക്കാന്‍ തുറന്നിട്ടുകൊടുക്കരുത് എന്ന് സിപിഐ എമ്മും മറ്റ് ഇടതുപക്ഷപാര്‍ടികളും ആഗോളവല്‍ക്കരണത്തിന്റെ ആരംഭകാലംമുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. വിദേശകുത്തകകള്‍ക്ക് ഇന്ത്യയുടേയോ പൗരന്മാരുടെയോ നിലനില്‍പ്പും പുരോഗതിയും പ്രശ്നമേയല്ല. സ്വന്തം ലാഭം വര്‍ധിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. കൃഷിക്കാരടക്കം പരമ്പരാഗത ജീവിതമാര്‍ഗങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഏതാണ്ട് 100 കോടിയോളം ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്ന നയമാണ് യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നത്.

കൃഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍ സമ്പന്നവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ബാങ്കുകളും മറ്റും വഴി സര്‍ക്കാര്‍ നല്‍കിവരുന്നത് എന്ന് പലരും ഇതിനകം ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദരിദ്ര- പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ല എന്ന് തീര്‍ത്തുപറയുന്ന ധനമന്ത്രിയും പ്രധാനമന്ത്രിയുമാണ് വിദേശ- നാടന്‍കുത്തകകള്‍ ഉള്‍പ്പെടെയുള്ള സമ്പന്നര്‍ക്കായി ഈ വര്‍ഷം മാത്രം 4.6 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് അനുവദിച്ചത്. ഇവിടത്തെ കൃഷിക്കാരെയും വ്യാപാരികളെയും കൂട്ടത്തോടെ തൊഴിലില്ലാത്തവരാക്കി മാറ്റുന്നതാണ് ചില്ലറ വ്യാപാരരംഗത്ത് വിദേശകുത്തകകളെ പ്രവേശിപ്പിക്കുന്ന നടപടി. നാട്ടില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരുന്നിട്ടും, തൊഴിലിനായി കാത്തുനില്‍ക്കുന്നവര്‍ കോടിക്കണക്കിനുണ്ടായിട്ടും, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവസാനംവരെ ഒറ്റയാള്‍ പട്ടാളംപോലെ പോരാടിയത് ചില്ലറ വ്യാപാരരംഗം വിദേശകുത്തകകള്‍ക്ക് തുറന്നു കൊടുക്കാനായിരുന്നു.

ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖലയില്‍ 12-14 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. നാല് കോടിയിലധികം പേരാണ് ചില്ലറവ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത്. അവരുടെഭഭാവിയെ ആകെ വിരലിലെണ്ണാവുന്ന വിദേശകുത്തകകള്‍ക്കായി തുലച്ചുകളയാന്‍ ഡോ. മന്‍മോഹന്‍ സിങ്ങിന് ഒരു മടിയുമില്ല. അതായത്, യുപിഎ നയിക്കുന്ന ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന് ഒരു മടിയുമില്ല. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാത്ത, സാമ്രാജ്യത്വകുത്തകകളുടെ ആഗ്രഹം നിറവേറ്റുന്നതിനു മുന്‍ഗണന നല്‍കുന്ന ഭരണാധികാരികളാണ് നമുക്കുള്ളത്. കൃഷിക്കാരും തൊഴിലാളികളും ചില്ലറവ്യാപാരികളും മറ്റ് അധ്വാനിക്കുന്നവരുമൊക്കെ അത്യധ്വാനം ചെയ്തുണ്ടാക്കുന്ന സമ്പത്ത് ഇവിടത്തെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അസമത്വവും അകറ്റുന്നതിനുപയോഗിക്കുന്നതിലല്ല സാമ്രാജ്യത്വവിധേയരായ ഈ അധികാരികള്‍ക്ക് താല്‍പ്പര്യം. അവരുടെ തെറ്റായ നയം മൂലമാണ് ഇന്ത്യയുടെ വളര്‍ച്ചനിരക്ക് ഇടിയുന്നത്; ഇവിടെ കാര്‍ഷിക അഭിവൃദ്ധി ഇല്ലാത്തത്; ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗാതുരതയും കുറവില്ലാതെ നിലനില്‍ക്കുന്നത്. അതേ സര്‍ക്കാരാണ് വീണ്ടും ഒരു പ്രതിസന്ധി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങളില്‍ ഊന്നിയുള്ള അവരുടെ ക്ഷേമവും ഉന്നമനവും രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയും ലാക്കാക്കിയുള്ള സാമ്പത്തിക- വികസനനയങ്ങള്‍ നടപ്പാക്കപ്പെടണം. സാമ്രാജ്യത്വശക്തികളുടെ ഉയര്‍ച്ചയും സ്ഥിരതയും നിലനില്‍പ്പും ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മിര്‍ജാഫര്‍മാര്‍ രാജ്യം ഭരിക്കുന്ന കാലത്തോളം ഇവിടെ ജനങ്ങള്‍ക്ക് കണ്ണീരും പട്ടിണിയും മറ്റു ജീവിതദുരിതങ്ങളും മാത്രമാണ് ഭരണത്തിന്റെ നേട്ടങ്ങളായി ലഭിക്കുക.

*
സി പി നാരായണന്‍ ദേശാഭിമാനി 16 ഡിസംബര്‍ 2011

മാര്‍ക്സാണ് ശരി

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പ്രതീകമാണ്- അമേരിക്കക്കാരന്റെ അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രതീകം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ മുതലാളിത്തത്തിനു കഴിയുമെന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. ഒരു ശതമാനം വരുന്ന ന്യൂനപക്ഷത്തില്‍ സമ്പത്തും വരുമാനവും കുന്നുകൂട്ടുകയാണ് മുതലാളിത്തം. ഇതുവരെ ആരാധിച്ചത് കപടദൈവത്തെയാണെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ രാജ്യത്ത് എല്ലാം സുഭിക്ഷം; കഴിയുമെങ്കില്‍ അവിടേക്ക് കുടിയേറി പാര്‍ക്കുന്നത് മോക്ഷദായകം എന്ന് അമേരിക്കക്കാരല്ലാത്തവരുടെ മോഹങ്ങള്‍ക്കുമേലും കരിനിഴല്‍ വീണിരിക്കുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവര്‍ത്തിക്കുന്ന പ്രതിസന്ധികളും മുതലാളിത്തത്തിന്റെ മുഖമുദ്രകളാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ സമ്പന്നരുടെ സ്വാതന്ത്ര്യമാണെന്നും ജനാധിപത്യമെന്നാല്‍ സമ്പന്നരുടെ ആധിപത്യമാണെന്നുമുള്ള തിരിച്ചറിവ് ശക്തമാവുകയാണ്. "മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റിമാത്രമാണ് ബൂര്‍ഷ്വാ ഭരണകൂട" മെന്ന തിരിച്ചറിവും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തിലാണ് "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം" എന്ന ചിന്താഗതി വേരുറയ്ക്കുന്നത്.

സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മെല്ലെ കെട്ടുപോയാലും അതുയര്‍ത്തിവിട്ട ജ്വാല ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്ക് തീകൊളുത്തും. ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതിഷേധം ഏറെനാള്‍ തടുത്തുനിര്‍ത്താനാകില്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ബലമാര്‍ജിച്ചിട്ടുണ്ടെന്ന് ആരും കരുതുന്നില്ല. ശാക്തിക ബലാബലത്തില്‍ അമേരിക്കയിലെ തൊഴിലാളിവര്‍ഗം കരുത്തുകാട്ടാന്‍ തുടങ്ങിയിട്ടില്ല എന്നതുമാത്രമല്ല കാര്യം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് നേതാവില്ല; കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ നേതൃത്വമില്ല; ഒന്നിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യമല്ലാതെ കൃത്യമായ നയപരിപാടിയില്ല. ഉള്ളത് ജനങ്ങള്‍മാത്രം. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വവും നയപരിപാടികളുമില്ലാത്ത തൊഴിലാളിവര്‍ഗ വിപ്ലവം ചരിത്രത്തിലുണ്ടായിട്ടുണ്ട്- 1871ലെ പാരീസ് കമ്യൂണ്‍ . 72 ദിവസം നിലനിന്ന പാരീസ് കമ്യൂണിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികളെയും സമാനരീതിയില്‍ പ്രതിഷേധിക്കുന്ന മറ്റു രാജ്യങ്ങളിലെ സമരക്കാരെയും അടിച്ചമര്‍ത്താന്‍ ആരംഭിച്ചിരിക്കുന്നു. 144 വര്‍ഷംമുമ്പാണ് മാര്‍ക്സിന്റെ "മൂലധനം" പുറത്തിറങ്ങുന്നത്. അതിനും 19 കൊല്ലംമുമ്പ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കപ്പെട്ടു. തന്റെ സൈദ്ധാന്തിക നിലപാടുകള്‍ക്ക് മാര്‍ക്സ് ആധാരമാക്കിയത് സ്വന്തം ആത്മബോധമോ ഉള്‍പ്രേരണയോ അല്ല; ചരിത്രവസ്തുതകളാണ്. വൈജ്ഞാനികരംഗത്തെ മാറ്റിമറിച്ച മൂന്ന് ശാസ്ത്ര നിഗമനങ്ങള്‍ - പരിണാമസിദ്ധാന്തം, കോശഘടനാസിദ്ധാന്തം, ഊര്‍ജസിദ്ധാന്തം- മാര്‍ക്സിന്റെ ചിന്തകളെ എറെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികചരിത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, നിയമം, ഭൗതിക-ജൈവ ശാസ്ത്ര രംഗങ്ങളിലെ വികാസങ്ങള്‍ , സമരങ്ങളുടെ ചരിത്രം- എല്ലാം മാര്‍ക്സ് പഠനവിധേയമാക്കി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മാര്‍ക്സിസം രൂപംകൊണ്ടത്. മാര്‍ക്സിസം കേവലം വിശ്വാസ സംഹിതയോ ഉരുവിട്ടു പഠിക്കേണ്ട വേദപ്രമാണമോ അല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "കമ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തിക നിഗമനങ്ങള്‍ സര്‍വലോക പരിഷ്കര്‍ത്താവാകാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരാള്‍ കല്‍പ്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. നിലവിലുള്ള ഒരു വര്‍ഗസമരത്തില്‍നിന്ന് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തില്‍നിന്ന് പൊന്തിവരുന്ന യാഥാര്‍ഥ്യബന്ധങ്ങള്‍ക്ക് സാമാന്യരൂപം നല്‍കുകയാണ് ആ നിഗമനങ്ങള്‍ ചെയ്യുന്നത്."

എല്ലാ സ്വത്തുടമാ ബന്ധങ്ങളും തുടര്‍ച്ചയായ ചരിത്രപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രസ്താവിക്കുകവഴി സാമൂഹിക ചരിത്രമാകെ ഒരു ചിമിഴിലൊതുക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കാള്‍ മാര്‍ക്സ്. അടിമ-ഉടമ സ്വത്തുടമാ ബന്ധം വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് നിലവില്‍വന്ന ജന്മി-കുടിയാന്‍ ബന്ധവും വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. അടിമവ്യവസ്ഥയ്ക്കും നാടുവാഴിത്ത വ്യവസ്ഥയ്ക്കുംശേഷം നിലവില്‍ വന്ന മുതലാളിത്ത-സ്വത്തുടമാ ബന്ധങ്ങളെയും കാത്തിരിക്കുന്നത് അനിവാര്യമായ തകര്‍ച്ചയാണ് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. ചരിത്രവികാസത്തെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വീക്ഷണത്തിലാണ് മാര്‍ക്്സ് വിശകലനംചെയ്യുന്നത്. വൈരുധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണ്; എളുപ്പത്തില്‍ ബോധ്യപ്പെടുന്നതുമാണ്. പ്രകൃതി, ആശയം, സാമൂഹികവ്യവസ്ഥ തുടങ്ങി ഏതൊന്നിലും വിരുദ്ധശക്തികളുണ്ട്. അവ ഐക്യപ്പെട്ടു നില്‍ക്കുന്നു. ഈ ഐക്യമാണ് അവയുടെ അസ്തിത്വത്തിന് ആധാരം. ഐക്യപ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ വൈരുധ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ട്. ഏറ്റുമുട്ടലില്‍ നിലവിലുള്ളതില്‍നിന്ന് പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിക്കുന്നു. മുതലാളിത്തത്തിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. ഏതെങ്കിലും മഹാന്റെ പ്രവചനംമൂലമല്ല ആ വ്യവസ്ഥ തകരുന്നത്. തകര്‍ച്ചയുടെ ബീജങ്ങള്‍ വ്യവസ്ഥയ്ക്കകത്തുതന്നെ പാകപ്പെടുകയാണ്. വര്‍ഗസമരത്തിലാണ് മുന്‍ വ്യവസ്ഥകള്‍ തകര്‍ന്നത് എന്നോര്‍മിക്കണം. വര്‍ഗസമരത്തിന്റെ രൂപം മാറാം. ഉയര്‍ന്നുവരുന്ന പുതിയ സമൂഹം മുന്‍ സോവിയറ്റ് യൂണിയന്റെ നേര്‍പതിപ്പാവുകയില്ല. ദേശീയ സാഹചര്യങ്ങളും പ്രശ്നങ്ങളും ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളും പഴയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തനിപ്പകര്‍പ്പിന്റെ പുനര്‍ജനനം അപ്രസക്തമാകുന്നു. മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "ഫ്യൂഡല്‍ സമൂഹത്തിന്റെ നാശാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദക സാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ കാലഘട്ടത്തിന് ഈയൊരു പ്രത്യേകതയുണ്ട്. അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് വലിയ വര്‍ഗങ്ങളായി കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊളിലാളിവര്‍ഗവുമാണ് അവ." കോര്‍പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും അടിച്ചേല്‍പ്പിക്കുന്ന പുതിയ തരത്തിലുള്ള മര്‍ദനരീതികളും വാള്‍സ്ട്രീറ്റ് പ്രക്ഷോഭംപോലുള്ള പുതിയ സമരരീതികളും മേല്‍പ്രസ്താവനയ്ക്ക് അടിവരയിടുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം "മൂലധനം" വിശദമാക്കുന്നുണ്ട്. വളരുന്ന ഉല്‍പ്പാദനശക്തികളും അതിനൊത്ത് മാറാത്ത ഉല്‍പ്പാദന ബന്ധങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് നിരന്തരം വികസിക്കുകയാണ്. ഉല്‍പ്പാദന വര്‍ധനയ്ക്കൊപ്പം സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിയുക്തമായ വിതരണം ഉണ്ടായാലേ, ഉല്‍പ്പാദിപ്പിക്കപ്പെട്ട ചരക്കുകള്‍ വിറ്റഴിയൂ.

മുതലാളിത്ത ഉല്‍പ്പാദന ബന്ധങ്ങളുടെ അടിസ്ഥാനം ഉല്‍പ്പാദനോപാധികള്‍ മുതലാളിത്തം കൈയടക്കുകയും തൊഴിലാളികള്‍ അധ്വാനശേഷി വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദിപ്പിക്കാന്‍ മുതലാളികള്‍ ശ്രമിക്കും. തൊഴില്‍ശക്തി വാങ്ങാനുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂലധനം യന്ത്രങ്ങളിലും അസംസ്കൃത വസ്തുക്കളിലും നിക്ഷേപിക്കപ്പെടുന്നു. അതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നു. തൊഴിലില്ലായ്മ പെരുകുന്നു. വമ്പിച്ച തൊഴില്‍രഹിതപ്പട രൂപംകൊള്ളാന്‍ ഇടവരുന്നു. ഒരു വശത്ത് തൊഴിലില്ലായ്മയും കുറഞ്ഞ വാങ്ങല്‍ശേഷിയും; മറുവശത്ത് വര്‍ധിച്ച ഉല്‍പ്പാദനം. ഈ വൈരുധ്യം അമിതോല്‍പ്പാദന പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അരനൂറ്റാണ്ട് മുതലാളിത്ത രാജ്യങ്ങള്‍ ഉയര്‍ന്ന ദേശീയ വരുമാനം കൈവരിച്ചു. ഈ വളര്‍ച്ച മുതലാളിത്തവ്യവസ്ഥയുടെ കഴിവിന്റെ ചിഹ്നമായി ബൂര്‍ഷ്വാ പണ്ഡിതര്‍ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അവരുടെ വാദത്തിന് ഊന്നുവടിയായി. എന്നാല്‍ , ദേശീയവരുമാന വര്‍ധനയ്ക്കൊപ്പം തൊഴിലവസരങ്ങള്‍ ഉയര്‍ന്നില്ല. "തൊഴില്‍രഹിത വരുമാന വളര്‍ച്ച"യായിരുന്നു ഫലം. വരുമാനവും ലാഭവും ഉല്‍പ്പാദനോപാധികളുടെ ഉടമകള്‍ കൈയടക്കിയപ്പോള്‍ സാധാരണക്കാര്‍ ദരിദ്രരായി. ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത മന്ത്രവാദിയെപ്പോലെയാണ്. ശരിക്കും ആ മന്ത്രവാദിയുടെ അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും. സാമ്പത്തിക പ്രതിസന്ധികള്‍ മുതലാളിത്തത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. ഒരു പ്രതിസന്ധി തരണംചെയ്യുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. ഓരോ തവണയും മുമ്പത്തേക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാ സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 1930കളിലെ മഹാമാന്ദ്യത്തെ നേരിട്ടത് സര്‍ക്കാര്‍ചെലവുകള്‍ വര്‍ധിപ്പിച്ചാണ്. "ന്യൂ ഡീല്‍" എന്ന പേരില്‍ ആ നടപടി തുടര്‍ന്നു.

2008ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത് തകര്‍ന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി കടത്തെയും കമ്മിയെയും അമിതമായി ആശ്രയിച്ചതുമൂലം രൂക്ഷമായതാണ്. ഇറ്റലിയുടെ ദേശീയവരുമാനത്തിന്റെ 121 ശതമാനമാണ് കടം. ജര്‍മനിയുടെ കടം 83 ശതമാനവും ഫ്രാന്‍സിന്റേത് 87 ശതമാനവും ബല്‍ജിയത്തിന്റേത് 97 ശതമാനവും പോര്‍ച്ചുഗലിന്റേത് 106 ശതമാനവുമാണ്. ചെലവുചുരുക്കി പ്രശ്നത്തെ നേരിടാനാണ് ശ്രമം. ഈ നടപടി സമ്പദ്വ്യവസ്ഥകളെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും. ചെലവുചുരുക്കല്‍ തൊഴിലും വരുമാനവും ഇടിക്കുകയും ഡിമാന്‍ഡ് ചുരുക്കി ഉല്‍പ്പാദനം സ്തംഭിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള തെറ്റായ സമീപനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. അതിനവരെ നിര്‍ബന്ധിക്കുന്നത് സഹായം നല്‍കാനെത്തിയ ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമാണ്. ചെലവുചുരുക്കല്‍ നയം നാളിതുവരെ കാണാത്ത വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

വാള്‍സ്ട്രീറ്റിലും മാഡ്രിഡിലും ലണ്ടനിലും അത് ഒതുങ്ങുന്നില്ല. പ്രക്ഷോഭം ആളിപ്പടരുകയാണ്. മുതലാളിത്തവ്യവസ്ഥയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സന്ദേശം. മുതലാളിത്തം സൃഷ്ടിച്ച അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മുതലാളിത്തംതന്നെ പരിഹരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. മാര്‍ക്സിനെ പരിഹാസദ്യോതകമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കുകയാണ് വളരെക്കാലം ബൂര്‍ഷ്വാപണ്ഡിതര്‍ ചെയ്തുപോന്നതെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞ മിസിസ് ജോണ്‍ റോബിന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം ഒരു വട്ടംകൂടി കറങ്ങിയെത്തുമ്പോള്‍ ചൂഷിതരും പണ്ഡിതരും ഒരുപോലെ മാര്‍ക്സിനെ തിരയുന്നു.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 16 ഡിസംബര്‍ 2011

ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ?

ഏതൊരു രാഷ്ട്രവും ലോകത്തിന്റെ മുന്നില്‍ തിളങ്ങിയും വിളങ്ങിയും നില്‍ക്കുന്നതില്‍ മുഖ്യഘടകം ആ രാഷ്ട്രങ്ങളിലെ ഭരണാധാരികള്‍ കൂടിയാണ്. ലെനിന്‍, സ്റ്റാലിന്‍ (കുറവുകള്‍, കുറ്റങ്ങള്‍ എന്തുതന്നെയുണ്ടെങ്കിലും) ബ്രഷ്‌നേവ്, ക്രുഷ്‌ചേവ് എന്നിവര്‍ സോവിയറ്റ് യൂണിയന്റെ മാനം ലോകത്താകെ അറിയിച്ചു. എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെയും ഹോച്ചിമിന്‍ വിയറ്റ്‌നാമിന്റെയും മാവോ ചൈനയുടെയും യശസ്സുയര്‍ത്തി. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി ഭരണാധികാരികളെ ചരിത്രത്തില്‍നിന്ന് ആധുനിക കാലത്തുതന്നെ കണ്ടെത്താനാവും. നിഷ്‌ക്രിയരും നിര്‍ഗുണരുമായ ഭരണാധികാരികളെയും അതിനൊപ്പം ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കുവാനാവും. കഴിവില്ലായ്മകൊണ്ടോ ബന്ധനസ്ഥരായതുകൊണ്ടോ അധികാരം പരമപ്രധാനം എന്നു കരുതി കഴിഞ്ഞുകൂടിയവരായതുകൊണ്ടോ ഭരണാധികാരികളില്‍ ഏറ്റവും അപഹാസ്യരായി അവരൊക്കെയും മാറിത്തീര്‍ന്നുവെന്ന് ചരിത്രപാഠം.

ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് അത്തരമൊരു ദുര്യോഗമാണ്. 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടില്‍ കഴിഞ്ഞുകൂടുന്ന ഒരു പ്രധാനമന്ത്രിയെ ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തിലേറെയായി ഇന്ത്യ സഹിക്കുന്നു. മന്‍മോഹന്‍സിംഗ് പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനാവാം. പക്ഷേ നല്ല ഭരണാധികാരിയല്ലെന്ന് വളരെ നേരത്തേതന്നെ അദ്ദേഹം സ്വന്തം ചെയ്തികളിലൂടെ വ്യക്തമാക്കിതന്നിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനും ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രഭാഷകനും ആരെയും അത്ഭുതപ്പെടുത്തുന്ന നയകോവിദനും രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങളില്‍ അഗ്രഗാമിയുമായിരുന്നു. അത്തരം ഭരണാധികാരികള്‍ ലോകചരിത്രത്തില്‍തന്നെ അത്യപൂര്‍വമാണ്. പക്ഷേ ഇന്ത്യയ്ക്ക് വ്യത്യസ്തമായ ഒരു ഭരണനേതൃത്വമുണ്ടായിരുന്നു.

ഇന്ത്യയെ അറിഞ്ഞ, അഥവാ കണ്ടെത്താന്‍ശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റു, സ്വാതന്ത്ര്യസമര പൈതൃകം ഉയര്‍ത്തിപ്പിടിച്ച ഇടക്കാല പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ, നൈര്‍മല്യത്തിന്റെയും നിസ്വാര്‍ഥതയുടെ യും അടയാളമായ ലാല്‍ ബഹാദൂര്‍ശാസ്ത്രി, നിശ്ചയദാര്‍ഢ്യത്തിന്റെയും താന്‍പോരിമയുടെയും ഉടമസ്ഥയായിരുന്ന ഇന്ദിരാഗാന്ധി, അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും മുതല്‍കൂട്ടുണ്ടായിരുന്ന മൊറാര്‍ജി ദേശായി, ഇന്ത്യന്‍ കര്‍ഷകരുടെ വികാരമറിഞ്ഞിരുന്ന ചരണ്‍സിംഗ്, അവിചാരിതമായി പ്രധാനമന്ത്രികസേരയിലെത്തിയെങ്കിലും പുതുലോകത്തെ കിനാവുകണ്ട രാജീവ്ഗാന്ധി, നിസ്വാര്‍ഥതയുടെയും അര്‍പ്പണബോധത്തിന്റെയും മതേതരഭാവങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാളിയായ വിശ്വനാഥ് പ്രതാപ്‌സിംഗ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ചന്ദ്രശേഖര്‍, ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള, ബഹുഭാഷാപണ്ഡിതനും രാഷ്ട്രീയ സമസ്യകളില്‍ അറിവുള്ളതുമായ നരസിംഹറാവു (അഴിമതിക്കേസുകളില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച പ്രധാനമന്ത്രിയെങ്കിലും), ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള (വഴിതെറ്റിയ രാഷ്ട്രീയമെങ്കിലും) അടല്‍ ബിഹാരി വാജ്‌പേയിയും വീണുകിട്ടിയ സൗഭാഗ്യംപോലെ പ്രധാനമന്ത്രിപദം തരപ്പെട്ട ദേവഗൗഡയും നയതന്ത്രകാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ഇന്ദ്രകുമാര്‍ ഗുജ്‌റാളുമൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇവര്‍ക്കുപിന്നാലെ പ്രധാനമന്ത്രിക്കസേരയില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഘടസന്ധിയില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനെയും അഭിമുഖീകരിച്ചിട്ടില്ലാത്ത, ഡോക്ടറേറ്റ് പദവിയുള്ള മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ അഭിമാനത്തെ കെടുത്തുകയും തന്റെ നിഷ്‌ക്രിയത്വവും നിസ്സംഗതയുംകൊണ്ട് പ്രധാനമന്ത്രി പദവിയുടെ വിലകളയുകയുമാണ്.

ജനങ്ങളുടെ വികാരം, വിചാരം മനസ്സിലാക്കുവാന്‍ കഴിവുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലെ ഒരു പ്രധാനമന്ത്രി പിന്നീടൊരിക്കലും നമുക്കുണ്ടായിട്ടില്ലെന്നത് നേരുതന്നെ. പക്ഷേ പിന്നീടുവന്ന പ്രധാനമന്ത്രിമാര്‍ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണ്ടറിഞ്ഞ് അവര്‍ക്കനുകൂലമായോ, അല്ലെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതിനോ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ ഡോ. മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി താന്‍ ഈ ലോകത്തെ അല്ലെന്നമട്ടില്‍ സ്വന്തം കസേര ഭദ്രമാക്കി കഴിഞ്ഞുകൂടുന്ന ദയനീയവും അപമാനകരവുമായ അവസ്ഥയില്‍ വിരാജിക്കുന്നു. ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ എന്ന് ദേശാഭിമാനികളും ചരിത്രബോധമുള്ളവരുമായ ഭാരതീയര്‍ മൂക്കത്ത് വിരല്‍വച്ച് വേദനയോടെ ചോദിച്ചുപോകുന്നത് മറ്റൊന്നുംകൊണ്ടല്ല.

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ അതിവേഗം മുന്നോട്ടുനയിക്കും എന്നായിരുന്ന മന്‍മോഹന്‍സിംഗിന്റെ വാദം. അതിസമ്പന്നരുടെയും കുബേരന്‍മാരുടെയും ധനാഢ്യരുടെയും വളര്‍ച്ചയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്ന് അനുഭവങ്ങള്‍ തെളിയിച്ചു. മഹാഭൂരിപക്ഷം ഭാരതീയരെ പട്ടിണിയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും ആത്മഹത്യകളിലേയ്ക്കും അദ്ദേഹത്തിന്റെ സാമ്രാജ്യത്വ സാമ്പത്തികനയം തള്ളിവിട്ടു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുക്കൂകുത്തിവീഴുകകൂടി ചെയ്തപ്പോള്‍ മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി അക്കാര്യത്തില്‍പോലും വിജയംവരിക്കാനാവാതെ മൂക്കുകുത്തിവീണ കാഴ്ച ഭാരതീയര്‍ കാണുന്നു.

കേരളത്തിന്റെ അനുഭവം

അഴിമതിയുടെ വിശാലസാഗരത്തില്‍ മുങ്ങിത്താണ്, അപമാനിതമായിരിക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിലും നിസ്സംഗതയിലും എത്രകണ്ട് മുങ്ങിത്താണിരിക്കുന്നുവെന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിലെ പ്രധാനമന്ത്രിയുടെ സമീപനം വ്യക്തമാക്കുന്നു.

നാല്‍പ്പത്-നാല്‍പ്പത്തഞ്ച് ലക്ഷം പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാണെന്നും ഇന്ത്യന്‍ ഭൂപടത്തിലെ അഞ്ച് ജില്ലകള്‍ അപായാവസ്ഥയിലാണെന്നും വിദഗ്ദ പഠനങ്ങള്‍ പുറത്തുവന്നിട്ടും കേരളവും തമിഴ്‌നാടുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്ന വാദം ശക്തമായിട്ടും മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇരുള്‍ നിറഞ്ഞ കണ്ണുകളും ബധിരത ബാധിച്ച കാതുകളുമായി കഴിഞ്ഞുകൂടുകയായിരുന്നൂ. എം എല്‍ എമാരുടേയും എം പിമാരുടേയും സര്‍വോപരി മുള്‍മുനയില്‍ ജീവിതം എത്തിപ്പെട്ട ജനാവലിയും നടത്തിയ പ്രക്ഷോഭത്തെയും മുറവിളികളെയും കണ്ടില്ലെന്നും കേട്ടില്ലെന്നും പ്രധാനമന്ത്രി നടിച്ചു. നിസംഗതയും നിഷ്‌ക്രിയത്വവുമാണ് തന്റെ കസേര നിലനിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് നേതൃത്വവും വിശ്വസിക്കുന്നുവെന്നാണ് സാരം.

പരമോന്നത നീതിപീഠമായ സുപ്രിംകോടതി തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെടാതിരിക്കുന്നതിന്റെ സാംഗത്യം എന്തെന്ന് ആരായുകയുണ്ടായി. കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ആ ആശങ്കയില്‍ തെല്ലും താല്‍പര്യമില്ലാത്ത പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നേരെ വിരര്‍ചൂണ്ടുകയാണ് ഫലത്തില്‍ ചെയ്തത്.

അപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ വൈമുഖ്യമില്ലാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തില്‍നിന്നെത്തിയ സര്‍വകക്ഷി സംഘത്തോട് നിസംഗതയോടെ പ്രതികരിച്ചത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിത്തരാനാണ്. തമിഴ്‌നാട്ടിലെ മലയാളികളും അവരുടെ സ്ഥാപനങ്ങളും വസ്തുവകകളും ആക്രമണത്തിന് നിരന്തരം വിധേയമാക്കപ്പെടുമ്പോഴാണ് തനിക്ക് ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കിതരാന്‍ പ്രധാനമന്ത്രി കേരള സര്‍വകക്ഷി സംഘത്തോട് അഭ്യര്‍ഥിക്കുന്നത്.

ആഭ്യന്തരമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നതായിരുന്നൂ. സുപ്രിംകോടതി വിധി എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുവാന്‍ കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സന്നദ്ധനായി. ന്യായാധിപര്‍ എന്താണ് പറയേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയാതെ പറയുകയായിരുന്നൂ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവുകയില്ല. തമിഴ്‌നാടിന് അനുകൂലമായേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിക്ക് വിധി പറയാനാവുകയുള്ളൂവെന്ന് പ്രസ്താവിച്ച ആഭ്യന്തരമന്ത്രി ചിദംബരം, തന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ന്യായാധിപര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഭംഗ്യന്തരേണ ശ്രമിക്കുകയായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി സ്വന്തം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ മുന്‍പിന്‍ നോക്കാതെ ഉയര്‍ത്തിപിടിക്കുകയും നീതിന്യായ സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? അവിടെയും നമ്മുടെ പ്രധാനമന്ത്രി കോലംകെട്ടി ആടുകയാണ് എന്നതാണ് അദ്ഭുതകരം!

താന്‍ നയിക്കുന്ന രാജ്യത്തിന്റെ അവിഭാജ്യഭാഗത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുകയും ചര്‍ച്ച വേണമെങ്കില്‍ എനിക്കായി അതിനുള്ള സാഹചര്യം സൃഷ്ടിച്ചുതരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി താന്‍ എത്രമേല്‍ ദുര്‍ബലനാണെന്ന് വിളിച്ചുപറയുകയാണ്. ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ? നാണിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊരു വഴിയില്ല ഭാരതീയര്‍ക്ക്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍ നിഷ്‌ക്രിയത്വത്തിന്റെയും നിസഹായതയുടേയും കറുത്ത അടയാളമായി മന്‍മോഹന്‍ മാറിത്തീര്‍ന്നിരിക്കുന്നു.

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം

ഇന്ത്യന്‍ സാമ്പത്തികരംഗം ചൂഷണമുക്തമാക്കണം

ഉന്തിന്റെ കൂടെയൊരു തള്ള് എന്ന നിലയിലാണ് അനുദിനം മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രൂപയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് പുറത്തുവന്ന രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ 11.3 ശതമാനം നിരക്കില്‍ നിന്നും വ്യവസായ വളര്‍ച്ച -.5 ശതമാനത്തിലേയ്ക്ക് വീണപ്പോള്‍ നഷ്ടമായത് 10.53 ശതമാനമാണ് എന്നത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയാണ് കാണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ വായ്പാനയം പുറത്തുവന്നത്.

രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളിലൊന്നും യാതൊരു മാറ്റവുമില്ലാതെ 8.5 ഉം 7.5 ഉം ശതമാനത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള വായ്പാനയരേഖ വിപണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഇന്ത്യന്‍ രൂപ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ സഹായകരമാകില്ല ഇതിന് കാരണം ബഹുമുഖമാണ്. ഏതൊരു രാജ്യത്തെയും സാമ്പത്തികരംഗത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അവ എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. അതുകൊണ്ട് തന്നെ സൂക്ഷ്മ നിരീക്ഷണവും കര്‍ശന ഇടപെടലുകളിലൂടെയുമാണ് ധനവിനിമയത്തെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തേണ്ടത്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 7 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. ഇതിനുകാരണം വ്യവസായ-ഉല്‍പാദന-സേവന മേഖലകളിലെ അപ്രതീക്ഷിത തളര്‍ച്ചയാണ്. കാര്‍ഷികരംഗം മാത്രമാണ് നേരിയ തോതിലെങ്കിലും പുരോഗതി കൈവരിച്ചത്. എന്നാല്‍ ഈ പുരോഗതി നാമമാത്രമായതുകൊണ്ടും മറ്റ് മേഖലകളിലെ പ്രതികൂല വളര്‍ച്ചാനിരക്കിനെ കവച്ചുവയ്ക്കാന്‍ തക്കവണ്ണം പോരുന്നതല്ലാത്തതുകൊണ്ടും രാജ്യത്തിന്റെ മൊത്തം ജി ഡി പി നിരക്ക് 7 ശതമാനമായി കുറയുമെന്ന നിരീക്ഷണം യാഥാര്‍ഥ്യമാകുവാനുള്ള സാധ്യതകള്‍ ഏറെയാണ്. എങ്കിലും നമ്മുടെ ധനകാര്യമന്ത്രി പ്രണാബ്കുമാര്‍ മുഖര്‍ജി 8.5 മുതല്‍ 9 ശതമാനം വരെയുള്ള വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമാകാനുള്ള അനുകൂല സാഹചര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നില്ല. മറിച്ചാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

ഗ്രീസില്‍ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതി വ്യവസായത്തെ കാര്യമായി ബാധിച്ചു. അമേരിക്കയിലെ മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യ ആശ്രയിച്ചിരുന്നത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്. പ്രത്യേകിച്ചും സേവനമേഖലയില്‍ നാം കണ്ടെത്തിയ പുതിയ മേച്ചില്‍ പുറങ്ങളെ യൂറോപ്യന്‍ മാന്ദ്യം തകരാറിലാക്കി. 2000 മുതല്‍ 2011 വരെയുള്ള ഒരു ദശാബ്ദക്കാലം പരിശോധിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ശരാശരി ജി ഡി പി 7.45 ശതമാനമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കായ 11.80 ശതമാനം രേഖപ്പെടുത്തിയത് 2003 ഡിസംബറിലാണെങ്കില്‍ ഏറ്റവും കുറവായ 1.60 ശതമാനം 2002 ലാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നത് പരമ്പരാഗത ഗ്രാമീണ കാര്‍ഷികരംഗവും ആധുനിക കാര്‍ഷിക മേഖലയും കരകൗശലരംഗം, ആധുനിക വ്യവസായമേഖല, വിവിധങ്ങളായ സേവനമേഖലകള്‍, മറ്റ് ഉല്‍പാദന മേഖലകള്‍ എന്നിവയാണ്. ഇതില്‍ വ്യവസായരംഗവും കാര്‍ഷിക രംഗവും ഉണര്‍ന്നെങ്കില്‍ മാത്രമേ നമ്മുടെ സമ്പദ്ഘടനയ്ക്ക് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കി എടുക്കുവാന്‍ സാധ്യമാകൂ.
കൂനിന്മേല്‍ കുരുവെന്ന കണക്കാണ് വര്‍ധിച്ചുവരുന്ന നാണ്യപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ താങ്ങാനാകാത്ത വിലവര്‍ധന രാജ്യത്തെ നാണ്യപ്പെരുപ്പത്തെ ചെറുതായല്ല ബാധിച്ചത്. വിപണിയില്‍ തക്കസമയത്ത് ഇടപെടാതിരിക്കുകയും പൊതുവിതരണ സമ്പ്രദായം ചിട്ടയായി ക്രമീകരിക്കാന്‍ കഴിയാതെ പോയതും നാണ്യപ്പെരുപ്പം കൂട്ടാന്‍ സഹായിച്ചു. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില കുത്തനെ ഉയര്‍ന്നപ്പോള്‍ ശക്തമായി ഇടപെടാതെ ഒരു നോക്കുകുത്തിയായി സര്‍ക്കാര്‍ മാറി നിന്നു. അവധി വ്യാപാരത്തിനും ഊഹക്കച്ചവടത്തിനുമായി വിപണി മലര്‍ക്കെ തുറന്നിട്ടുകൊടുത്തതുവഴി അശാസ്ത്രീയവും അനാരോഗ്യകരവുമായ സമീപനങ്ങള്‍ ഉടലെടുക്കുകയും അവ വിപണിയെ അശക്തമാക്കുകയും ചെയ്തു. കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ട ഇടപെടലുകള്‍ കാലാകാലങ്ങളില്‍ ഭരണസംവിധാനങ്ങളില്‍ നിന്നുമുണ്ടായാല്‍ മാത്രമേ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വിപണിയിലെ ചൂഷണങ്ങളും ചെറുക്കാന്‍ കഴിയൂ. കാര്‍ഷിക രംഗത്ത് നമ്മുടെരാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ് വിളയും - വിപണിയും തമ്മിലുള്ള ദൂരം. ഈ ദൂരം കുറയ്ക്കാന്‍ ഇന്നും നമുക്കു കഴിഞ്ഞിട്ടില്ല. വിളകള്‍ സംഭരിച്ച് സൂക്ഷിക്കുവാനുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങള്‍ ഇന്ത്യയ്ക്ക് ഇന്നും അന്യമാണ്. രാജ്യത്തെ ഭക്ഷ്യവിളകളില്‍ നല്ലൊരുപങ്കും ഇക്കാരണങ്ങള്‍കൊണ്ട് തന്നെ ഉപയോഗശൂന്യമാകുന്നു. കാര്‍ഷിക ഉത്പാദനത്തില്‍ നാം നേടിയെടുത്ത നേരിയ വളര്‍ച്ചാനിരക്ക് ഇക്കാരണങ്ങളാല്‍ ഇല്ലാതാകുന്നു. ഈ അവസ്ഥയിലും രാജ്യത്തിന്റെ മൊത്തവില സൂചികയിലെ പണപ്പെരുപ്പനിരക്ക് 9.7 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി കുറയുകയുണ്ടായി എന്നത് തെല്ലാശ്വാസം നല്‍കുന്നു.

പണപ്പെരുപ്പം കുറയ്ക്കുകയും സാമ്പത്തിക വളര്‍ച്ച കൂട്ടുകയും ചെയ്യണമെങ്കില്‍ സാമ്പത്തിക കമ്മി ഗണ്യമായി കുറക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിലവിലെ കമ്മി 3.2 ശതമാനത്തില്‍ നിന്നും 4.1 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. നിലവിലെ കമ്മിയും ധനകാര്യകമ്മിയും ചേര്‍ന്ന് രാജ്യത്തെ സാമ്പത്തികരംഗം ഗുരുതരമായ ഒരവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണോ രാജ്യത്തെ നയിക്കുന്നതെന്ന തിരിച്ചറിവ് ഭരണകേന്ദ്രങ്ങള്‍ക്കുണ്ടാവണം. മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നയരൂപികരണവും ശക്തമായ ഇടപെടലുകളും അനിവാര്യമായിരിക്കുന്നു.

സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുന്ന അവസ്ഥ, രൂപയുടെ അമ്പരപ്പിക്കുന്ന മൂല്യത്തകര്‍ച്ചക്കുകാരണം. ഏഷ്യന്‍ രാജ്യങ്ങളിലെ നാണ്യങ്ങളില്‍ ഏറ്റവും താണ വിനിമയ നിലവാരം പുലര്‍ത്തുന്ന ഒന്നായി വികസനപാതയില്‍ ചൈനയോടൊപ്പം കുതിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ രൂപമാറിയിരിക്കുന്നു. ഒരു ഡോളറിന് 54.30 രൂപ എന്ന ക്രമത്തില്‍ ഏറ്റവും ഉയര്‍ന്ന വിനിമയസൂചിക തൊട്ട ഇന്ത്യന്‍ രൂപ കഴിഞ്ഞ ജൂലൈ മാസത്തിനുശേഷം 18 ശതമാനമാണ് തകര്‍ച്ചയെ നേരിട്ടത്. റിസര്‍വ് ബാങ്കിന്റെ സമയോചിതമായ ഇടപെടല്‍ ഇക്കാര്യത്തിലും ഉണ്ടായില്ല. തുടര്‍ച്ചയായി മൂല്യത്തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന അമേരിക്കന്‍ ഡോളറിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനായി യൂറോപ്യന്‍ മാന്ദ്യത്തെ ഉപയോഗെപ്പടുത്തിക്കൊണ്ടുള്ള ആസൂത്രിതമായ ഒരു നീക്കമാണോ ഇതിനുപിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. 48 ല്‍ നിന്നും 55 ലേയ്ക്കുള്ള ഡോളറിന്റെ കുതിച്ചുചാട്ടത്തില്‍ 54.30 എത്തുന്നതുവരെയും രാജ്യത്തെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഇടപെടാതിരുന്നത് ന്യായീകരിക്കാവുന്നതല്ല. ചെറുതായി കാണാനുമാകില്ല. അന്താരാഷ്ട്ര വിപണിയിലെ ചൂതാട്ടക്കാരും ദല്ലാളന്മാരും നടത്തുന്ന അവധി വ്യാപാരവും ഊഹക്കച്ചവടവും ഒരുപരിധിവരെ ഈ മൂല്യത്തകര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഈ ചൂതാട്ടത്തില്‍ ഇന്ത്യന്‍ വിപണിക്കും നല്ലൊരു പങ്കുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ഡോളര്‍-രൂപാ വിനിമയ കണക്കുകള്‍ വിരല്‍ചൂണ്ടുന്നതും ഇതിലേയ്ക്കാണ്. പാശ്ചാത്യര്‍ പഠിപ്പിച്ചുതന്ന ഊഹക്കച്ചവടവും അവധി വ്യാപാരവും സ്വായത്തമാക്കിയ നമ്മുടെ ദല്ലാളന്മാരും ധനകാര്യ സ്ഥാപനങ്ങളും ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പേരുപറഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടവും അനാരോഗ്യകരമായ ധനവിനിമയത്തിനുള്ള അവസരങ്ങള്‍ ഒരുക്കി വിപണിയുടെ വാതായനങ്ങള്‍ ഇവര്‍ക്കായി തുറന്നുകൊടുത്തു. കൊയ്യാവുന്ന ലാഭം ഇടവേളകളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം നമ്മുടെ ധനകാര്യ സ്ഥാപനങ്ങളും നേടിക്കൊണ്ടിരുന്നു. ഊഹക്കച്ചവടത്തിന്റെ ഭാഗമായി ബൂക്കുചെയ്യുന്ന ഫോര്‍വേഡ് കരാറുകള്‍ കാലാവധി കഴിയുന്ന മുറയ്ക്ക് വീണ്ടും പുതുക്കുന്നതിന് അനുവദിച്ചുകൊടുത്തു. മാത്രമല്ല ഫോര്‍വേഡ് കരാറുകള്‍ ബുക്കുചെയ്യുമ്പോള്‍ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട കയറ്റുമതി - ഇറക്കുമതി കരാറുകള്‍ക്ക് ഇളവ് അനുവദിക്കുകയും ചെയ്തത് വിദേശവിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണുണ്ടായത്. വിദേശ വിനിമയ-കയറ്റുമതി ഇറക്കുമതി വ്യാപാരത്തിലെ നഷ്ടം ചെറുക്കുന്നതിന് ഉപകരിക്കുന്ന കരാറാണ് ഫോര്‍വേഡ് കോണ്‍ട്രാക്ട് എങ്കില്‍ അതിനെ ദുരുപയോഗം ചെയ്ത് വിനിമയത്തിലൂടെ താല്‍ക്കാലിക ലാഭം കൊയ്യുന്നതിനും അതിലൂടെ ചൂതാട്ടത്തിനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുക്കുന്നതിനും കേന്ദ്രബാങ്ക് ഉള്‍പ്പെടെയുള്ള ഭരണവര്‍ഗം തയ്യാറായി. ഇന്ത്യന്‍ വിപണിയിലേയ്ക്ക് പണത്തിന്റെ കുത്തൊഴുക്ക് നടത്തുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഈ സ്ഥിതി മുതലെടുത്ത് ഇടപാടുകളില്‍ ഏര്‍പ്പെട്ടു. രൂപയുടെ മൂല്യം കുറഞ്ഞ് 55 ലേയ്ക്ക് എത്തിച്ചേരുമ്പോഴാണ് റിസര്‍വ് ബാങ്ക് വൈമനസ്യത്തോടെയാണെങ്കിലും ഇടപെടലിനു തയ്യാറായതും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ഇതില്‍ നിന്നും വിലക്കിയതും.

വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമായിരിക്കുന്ന ഈ അവസരത്തില്‍ രാജ്യത്തെ ധനകാര്യ വിചക്ഷണന്മാരുടെ അഭിപ്രായങ്ങളും സംവാദങ്ങളും ഒരുക്കിക്കൊണ്ട് രൂപയുടെ വിപണിമൂല്യം 45 ലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള സമഗ്ര പദ്ധതിക്ക് രൂപം നല്‍കേണ്ടത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആരോഗ്യകരവും സുസ്ഥിരവുമായ നിലനില്‍പ്പിന് ആവശ്യമാണ്. ഡോളര്‍-രൂപ മൂല്യത്തിന്റെ തിരിച്ചുപോക്കിനുള്ള പരിധി ഘട്ടം ഘട്ടമായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു കര്‍മ്മപരിപാടിക്ക് അടിയന്തിരമായി രൂപം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇന്നത്തെ ആവശ്യം.

*
വി പി രാധാകൃഷ്ണന്‍ നായര്‍ ജനയുഗം

വിമോചനത്തിന്റെ വാക്കാകുന്ന കവിത

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ നമുക്ക് നവോത്ഥാനത്തിന്റെ വാക്കായിരുന്നു കവിത.

"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ് വരേണം"

എന്ന് "ആത്മോപദേശശതക"ത്തില്‍ ശ്രീനാരായണഗുരു ഉച്ചരിക്കാനിടവന്ന മനുഷ്യകവിത നമ്മുടെ നവോത്ഥാനകവിതയുടെ അടിസ്ഥാനദര്‍ശനമായി തീര്‍ന്നുവെന്ന് നിരീക്ഷിക്കാവുന്നതാണ്. (ശ്രീനാരായണഗുരു അടിസ്ഥാനപരമായി കവിയായിരുന്നു). അപരസ്വത്വത്തെ സ്വന്തം സത്തപോലെ സ്വീകരിക്കാന്‍ കഴിഞ്ഞ ഈ മാനസികാവസ്ഥയില്‍നിന്നാണ് ജാതിഭേദവും മതദ്വേഷവുമില്ലാത്ത സമൂഹം, ചൂഷണരഹിതമായ മനുഷ്യവര്‍ഗം, അപരന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്നകാലം, പരക്ലേശവിവേകത്തിന്റെ സ്വത്വബലം, ആരുമില്ലാത്തവര്‍ക്ക് തുണയാകാനുള്ള വാക്കിന്റെ കരുതല്‍ തുടങ്ങിയ ആദര്‍ശാവബോധങ്ങളിലേക്കെല്ലാം നമ്മുടെ കവിത പിടഞ്ഞുണരുന്നത്. നവോത്ഥാനകാല കാവ്യചരിത്രത്തിലെ പ്രബലകവികളെല്ലാം ഉന്നതമായ ഇത്തരം കാവ്യദര്‍ശനങ്ങളെ ജനതയുടെ കിനാവാക്കി മാറ്റിത്തീര്‍ത്തവരാണ്. ഈ കിനാവുതന്നെയാണ് വലിയ പരിവര്‍ത്തനങ്ങളുടെ ചാലകശക്തിയായത്. ജനാധിപത്യപൂര്‍ണമായ ഒരു പുതിയ ലോകത്തിലേക്ക് സഞ്ചരിക്കാനുള്ള ഇന്ധനമായി ജനത അന്ന് കവിതയെ സ്വീകരിച്ചു. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഒരു ജനതയുടെ ഇച്ഛാബലവും സൗന്ദര്യവും പോരാട്ടവുമായി അന്ന് കവിത ചരിത്രത്തിന്റെ മുന്നില്‍നിന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കവിതയില്‍ ഒരു രണ്ടാം നവോത്ഥാനം പിറക്കുന്നുവെന്ന അഭിലാഷ ചിന്തകൊണ്ടുതന്നെ കഴിഞ്ഞവര്‍ഷം ആനുകാലികങ്ങളില്‍ വായിച്ച ആയിരക്കണക്കായ കവിതകളില്‍നിന്ന് അഞ്ചു കവിതകള്‍ ഓര്‍മിച്ച് തെരഞ്ഞെടുക്കുമ്പോള്‍ "വിമോചനത്തിന്റെ വാക്ക്" എന്ന പരികല്‍പ്പന മാത്രമാണെന്റെ പരിഗണന. നവംബറിലെ "മാധ്യമം" ആഴ്ചപ്പതിപ്പില്‍ വായിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "യുദ്ധകാണ്ഡം" എന്ന കവിതയാണത്.

"ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം
ജീവിക്കാന്‍ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം
എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ
നഷ്ടപ്പെടാന്‍ നമുക്കുള്ള-
താര്‍ക്കും വേണ്ടാത്ത ജീവിതം"

ഇവിടെ ബാലചന്ദ്രന്‍കവിത എല്ലാ അലങ്കാരങ്ങളുമൂരിക്കളഞ്ഞ പച്ചയായ വിമോചനത്തിന്റെ വാക്കാണ്. അനുഷ്ഠുപ്പ് എന്ന പൗരാണികമായ വൈദികവൃത്തം ഉപയോഗിച്ച് സമകാലിക മനുഷ്യന്റെ നഷ്ടപ്പെടുവാനൊന്നുമില്ലാത്ത ജീവിതത്തിന്റെ ഒരു നേര്‍ചിത്രം വരയ്ക്കുകയാണ് ബാലചന്ദ്രന്‍ . വാക്ക് ഇവിടെ "ചെന്നിണമോലുന്ന വാളുപോലുള്ള തീനാളം" തന്നെയാകുന്നു. "ഉണ്ണാനില്ലാതെ ചാവുന്നോര്‍ ഉണ്ണാവ്രതമെടുക്കണോ?" എന്നു ചോദിച്ചുപോകുന്ന ക്ഷുഭിതയൗവനങ്ങളുടെ ഗര്‍ജനം ഇന്നും ബാലചന്ദ്രന്റെ വാക്കുകളില്‍നിന്നൊഴിഞ്ഞുപോയിട്ടില്ല. ഇടക്കാലത്തുവന്നുപെട്ട ചില മങ്ങൂഴങ്ങളില്‍നിന്ന് പുറത്തുകടന്ന് വാക്കിന്റെ സൂര്യന്‍ ആയുധമണിയുന്നതാണ് നാമിവിടെ വായിക്കുന്നത്. ലാഭക്കൊതിയും ദുരയും അഹങ്കാരവും ഹിംസയും മാത്രം കൈമുതലാക്കി മുന്നേറുന്ന ആധുനിക മുതലാളിത്തത്തിന്റെ നൃശംസതയ്ക്കുനേര്‍ക്ക് ആയുധമെടുക്കാന്‍ അടിസ്ഥാനജനതയോട് ആഹ്വാനംചെയ്യുന്ന ഈ കാവ്യനീതിയില്‍ "ക്രൂരത്വത്താലുയര്‍ത്തപ്പെടുക ഹൃദയമേ പിന്നെയും പിന്നെയും നീ" എന്നു കുറിച്ച ഇടശ്ശേരിയുടെ (കവിത: മാപ്പില്ല) ആശിസ്സുണ്ട്. "അത്ര മഹാത്മാര്‍ക്കേ ഭൂതദയയില്‍നിന്നിത്തരമുണ്ടാവൂ നിര്‍ഭയത്വം" എന്ന വൈലോപ്പിള്ളിയുടെ ഹൃദയാലുത്വവുമുണ്ട്.

ഒക്ടോബര്‍ 28ന്റെ "സമകാലിക മലയാളം" വാരികയില്‍വന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഒരു കവിതയുണ്ട്. "ശേഷം ചരിത്രത്തിന്". തന്റെ എല്ലാ പതിവുശീലങ്ങളില്‍നിന്നും സ്വയം വിമോചിതനായി വിഷ്ണുനാരായണന്‍ നമ്പൂതിരിയും അലങ്കാരങ്ങളൊന്നുമില്ലാതെ മനുഷ്യന്റെ പോരാളിയായി പച്ചയ്ക്കു വെളിപ്പെടുന്നു; വൃത്തനിഷ്ഠപോലുമില്ലാതെ.

"ലാസ 2008
തീയതി ഓര്‍മയില്ല
മഞ്ഞപ്പുലികളുടെ പടനിരയിലേക്ക്
ഒരു ചെറുപ്പക്കാരന്‍ നിവര്‍ന്നു നടന്നുചെന്നു"

വെടിവച്ചാല്‍ വീഴാത്ത, അടിച്ചുടച്ചാല്‍ തകരാത്ത മജ്ജയും മാംസവുമല്ലാത്ത ദുര്‍ജയ നൂതന മനുഷ്യബലമാണ് ചെറുപ്പക്കാരനായ ഈ സഹനഭടന്‍ . ഈ പോരാളി പക്ഷേ ആയുധമുപേക്ഷിച്ചവനാണ്. തകര്‍ക്കാന്‍ കഴിയാത്ത ആത്മബലം മാത്രമാണ് ഈ ലാമയുടെ ആയുധം. തിനയും കിഴങ്ങും കൃഷിചെയ്ത് ആടും മാടും മേയ്ച്ച് കൃഷിചെയ്ത് ജീവിച്ചിരുന്ന ലക്ഷം സാധുക്കളെ ലാസയില്‍നിന്ന് ആട്ടിയോടിക്കുകയും അനേകായിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത അധിനിവേശ നൃശംസതയ്ക്കെതിരെതന്നെയാണ് നിരായുധനായ ഈ പോരാളിയും നടന്നുചെല്ലുന്നത്.

ഒന്നേയുള്ളൂ അപേക്ഷ

"എന്നെ വെടിവെച്ചിടൂ"

കൊന്നാലും താന്‍ വീണ്ടും എഴുന്നേറ്റുവരുമെന്ന് ലാമ സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു:

"അന്നും എന്നെ വെടിവെച്ചിടണം
ലാസയുടെ മോചനംവരെ
ഇതു തുടരണം"

ഇത് വിമോചനത്തിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന മരിക്കാത്ത മര്‍ത്യതയിലുള്ള വിശ്വാസമാണ്. മരണത്തിന്റെ പിടിയില്‍പോലും ഇവിടെ സമരമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകുന്നവരുടെ ചോരയുടെ സത്യം ആയിരംതവണ കൊന്നാലും വീണ്ടും വീണ്ടുമുയിര്‍ക്കുന്ന ഈ രക്തസാക്ഷിത്വത്തിന്റെ പ്രത്യാശ ഇന്ന് കാലം കവിയില്‍നിന്നു കേള്‍ക്കുന്നതാണ്.
മെയ് 29ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദാരുണപ്രതീകമായ തലചീര്‍ത്തു നിലവിളിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ചിത്രം ശീര്‍ഷകമാക്കി സുഗതകുമാരി എഴുതിയ ഒരു കവിതയുണ്ട്:

"നിനക്കായ് തങ്കമേ
ചുരന്നൊലിക്കുമെന്‍
മുലപ്പാലും നഞ്ഞുചുവയ്ക്കും
ചൂടാണ്"

ഇത് ലോകത്തിലെ പെറ്റ മാതാക്കളുടെ മുഴുവന്‍ നിലവിളിയാണ്. കുറഞ്ഞ വരികളില്‍ കുറിക്കപ്പെട്ട ഈ കവിതയുണ്ടാക്കുന്ന ആഘാതം ചെറുതല്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ആയിരക്കണക്കിന് പേജുകളില്‍ ഉപന്യസിച്ചാല്‍ കിട്ടാത്ത തീവ്രഹൃദയവേദന ഈ വരികള്‍ നമ്മെ അനുഭവിപ്പിക്കുന്നു. "ആരുടെ ദുരയാണ് പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളില്‍പ്പോലും വിഷവും ദുരന്തവും വിതയ്ക്കുന്നത്?"

അമ്മമാര്‍ നിലവിളികളോടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

ഈ അമ്മമാരുടെ നിലവിളി നിലയ്ക്കാത്തിടത്തോളം മനുഷ്യന് അത്യന്തിക വിമോചനമില്ല എന്ന് സുഗതകുമാരി പൊള്ളിക്കുന്ന വാക്കുകളില്‍ ഹൃദയം കത്തിച്ചുകുറിക്കുകയാണിവിടെ.
2011 മെയ് ലക്കത്തിലെ "സമയം" മാസികയില്‍ ഡി വിനയചന്ദ്രന്‍ എഴുതിയ "ദശമം" എന്ന കവിത ഒരു കാവ്യോപന്യാസമാണ്. കുറെ ഭാഗം അയഞ്ഞ ഗദ്യത്തിലും കുറെ ഭാഗം മുറുകിയ താളത്തിലുമെഴുതപ്പെട്ട ഈ ദീര്‍ഘകവിതയില്‍ ഡി വിനയചന്ദ്രന്‍ മുമ്പ് മലയാളം സഞ്ചരിച്ചിട്ടില്ലാത്ത ചില മൗലിക കാര്യമാര്‍ഗങ്ങള്‍ കാണിച്ചുതരുന്നു.

"ബ്ലോഗ് കവിത വായിച്ച്
കോരിത്തരിക്കുന്ന കോളകളേ
ഇപ്പോഴും ഇടം വേണ്ട
ചിലരെങ്കിലും ഉണ്ട്"

എന്ന് പുതുകവിത ചില സ്വകാര്യ ഇടങ്ങളോട് കലഹിച്ചുകൊണ്ട് കവിയുടെ ഏകാകിത ദുഃഖിതരുടെ പൊതുസ്ഥലമാണെന്ന് വിനയചന്ദ്രന്‍ ഉപദര്‍ശിക്കുന്നു.

"വേര്‍പാടത്രയ്ക്കു ദുഃഖമാം
ദുഃഖമത്രയ്ക്കധൃഷ്ട്യമാം
എങ്കിലും മല കേറുന്നൂ
പ്രേമദീക്ഷിതമാനസം"

എന്ന് മനുഷ്യന്റെ മഹായാത്രക്കഥ കുറിക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നു കവി അറിയുന്നു. "നരജന്മം താഴ്വരയിലേക്കും തിരസ്കരണത്തിലേക്കും ഇറങ്ങിപ്പോയേ തീരൂ" എന്നുകൂടി എഴുതുമ്പോള്‍ ജീവിതാന്വേഷണങ്ങളില്‍നിന്നുതന്നെ രൂപപ്പെടുന്ന പ്രകൃതിയുടെ ആത്മീയത അസാധാരണമായ ഒരു വെളിപാടായി കവിതയില്‍ രൂപപ്പെടുന്നു.

"കടല്‍ പറഞ്ഞു:
അത്രത്തോളം സ്നേഹിക്കരുത്
എന്നില്‍ നീ ഇറങ്ങിനില്‍ക്കുമ്പോള്‍
സൗരയൂഥത്തിന്റെ പരിഭ്രമംആണ്
നിന്നെ നനയ്ക്കുന്നത്"

പ്രപഞ്ച പദാര്‍ഥവും താനും ഒന്നാണെന്നറിയുന്ന ഈ മഹാതീര്‍ഥാടനം ജീവിതത്തിനു പുറത്തുള്ള ആത്മീയതയെയല്ല, ആത്യന്തികവസ്തുസ്ഥിതിയാഥാര്‍ഥ്യത്തിന്റെ ഭൗതികയാത്രയെത്തന്നെയാണ് വിമോചനമായി സ്വീകരിക്കുന്നത്. ഭൂമിയില്‍നിന്ന് ജനകന് സീതയെ ലഭിച്ചതുപോലെ പുല്‍മേട്ടില്‍നിന്ന് ഒരു പുതിയ വാക്കു ലഭിച്ചിരുന്നെങ്കില്‍ എന്നാണ് ഇവിടെ കവിയുടെ യാത്രകളുടെ പ്രാര്‍ഥന. മലയാളത്തിന് തീര്‍ത്തും നവീനമായ ഒരനുഭവമാണ് വിനയചന്ദ്രന്റെ ഈ കവിത.

2011 ജനുവരി 2ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദന്‍ എഴുതിയ ഒരു കവിതയുണ്ട്- "മണ്ണു തിന്നുന്നവന്‍". വിശപ്പും വിപ്ലവവും തമ്മിലുള്ള അഗാധമായ പാരസ്പര്യം ഇത്രയേറെ ധ്വന്യാത്മകമായി ആവിഷ്കരിച്ച ഒരു കവിത അടുത്തൊന്നും വേറെ വായിക്കാനിടവന്നിട്ടില്ല. കവിതയ്ക്കുമാത്രം സാധ്യമാകുന്ന ഭാഷയില്‍ അധികാരം, അധിനിവേശം, ധനാധിപത്യം, പ്രതിരോധം, തടവറ, രക്തസാക്ഷിത്വം, അതിജീവിനം തുടങ്ങി മനുഷ്യവര്‍ഗം ഇന്നോളം കടന്നുവന്ന വിമോചനചരിത്രത്തിന്റെ പടവുകളെയെല്ലാം അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു ഈ കവിത. ഏറ്റവും കുറഞ്ഞ വരികളില്‍ നേര്‍ക്കുനേര്‍ സംവേദനം ചെയ്യുന്ന വരികള്‍ ; പക്ഷേ, വാക്കിന്റെ ഓരോ സൂചനയിലും വര്‍ഗചരിത്രത്തിന്റെ ആയിരമായിരം അടരുകള്‍ . ഒന്നും തിന്നാനില്ലാതായപ്പോള്‍ മണ്ണുതിന്ന കറുത്തകുട്ടി എന്ന രൂപകം തൊട്ട് വായിലിട്ടുകൊടുക്കാന്‍ ഒരു പിടി വറ്റില്ലാത്തതിനാല്‍ തുറന്നവായില്‍ തെളിഞ്ഞ മൂന്നുലോകങ്ങളിലെ ഭീകരതകണ്ട് വായ് മൂടുവാന്‍ അലറുന്ന അമ്മവരെ അടിമകളുടെ അവസാനിക്കാത്ത ചരിത്രം.

"പിന്നീട് അവരെ കണ്ടത്
തടവറയുടെ തണുത്ത നിലത്തായിരുന്നു
ഉരുട്ടി കൊല്ലപ്പെട്ട രണ്ട്
ഒളിപ്പോരാളികള്‍".

ഇവിടെയാണ് കവിത വിസ്ഫോടനാത്മകമായി മനുഷ്യേച്ഛയ്ക്കുമാത്രം തുറക്കാവുന്ന തടവറകളുടെ താക്കോല്‍ കണ്ടെത്തുന്നത്. "നഷ്ടപ്പെടാന്‍ നമുക്കുള്ള, താര്‍ക്കും വേണ്ടാത്ത ജീവിതം" എന്ന തുടക്കത്തിലുദ്ധരിച്ച ബാലചന്ദ്രന്റെ വരികളോട് ഈ ഒളിപ്പോരാളികളെ ചേര്‍ത്തുവച്ചാല്‍ വിമോചനത്തിന്റെ ശരിയായ വാതില്‍ തെളിയും. അതുമാത്രമേയുള്ളൂ വഴി.
ഇത്രയും വ്യക്തതയോടെയും എന്നാല്‍ , സ്നേഹപൂര്‍ണമായ മാനസികവിശ്വാസത്തോടെയും വിമോചനത്തിന്റെ വാക്കുച്ചരിക്കുവാന്‍ കവിതയ്ക്കുമാത്രമേ കഴിയൂ.

ഉത്തരാധുനിക കാവ്യ-കലാ സിദ്ധാന്തങ്ങളിലൂടെ നമ്മുടെ സാംസ്കാരികമണ്ഡലത്തിലേക്ക് ഒളിച്ചുകടത്തപ്പെടുന്ന അധിനിവേശത്തിന്റെ ആശയപ്രചാരണങ്ങളെയെല്ലാം നമ്മുടെ നല്ല കവികള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിന് സാക്ഷ്യമായി ഈ അഞ്ചു കവിതകള്‍ പ്രാതിനിധ്യരൂപത്തില്‍ തെരഞ്ഞെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കവിതകളില്‍നിന്നുതന്നെ ഇനിയും എത്രയോകവിതകള്‍ ഉദാഹരിക്കുവാനുണ്ട്.

കവിത നമുക്കിപ്പോഴും പ്രത്യാശതന്നെയാണ്. കാരണം കവിത ആത്യന്തികമായി എന്നും സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്. സമൂഹത്തില്‍ സാക്ഷാല്‍ക്കരിക്കാത്തിടത്തോളം കാലം സ്വാതന്ത്ര്യം ഓരോ കവിക്കും അര്‍ഥശൂന്യമായ യശഃപ്രാര്‍ഥന മാത്രമേ ആവുകയുള്ളൂ. വ്യക്തിപരമായ മോക്ഷത്തിന്റെ സാമൂഹ്യവല്‍ക്കരണമാണ് കവിത എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാവ്യശില്‍പ്പം ഒരു വാഹനം മാത്രമാണ്. ലോകത്തിന്റെ ദുഃഖത്തോടും സ്നേഹരാഹിത്യത്തോടും സംഘര്‍ഷങ്ങളോടും പ്രതികരിക്കാന്‍ സ്വന്തം ഹൃദയം വെട്ടിപ്പിളര്‍ന്നവന്റെ രക്തമായിപ്പോലും കവിത നമ്മെ മോചിപ്പിച്ചു എന്നുവരും. കവിതയുടെ ആത്മബലിയാണ് അപ്പോള്‍ കവിത. വാക്കിന്റെ ആ വലിയ വിമോചനജാഗ്രത മലയാളകവിത ഇന്നും പണയപ്പെടുത്തിയിട്ടില്ല.

*
ആലങ്കോട് ലീലാകൃഷ്ണന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 18 ഡിസംബര്‍ 2011

സിസക്ക് ലെനിന്‍ വായിക്കുമ്പോള്‍ ലോകം വിപ്ലവച്ചൂടിലേക്ക് 2

ഒന്നാം ഭാഗം ഇവിടെ

ദറിദ അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് സിസക് തുടങ്ങുന്നത്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ക്ലേശകരവും സങ്കീര്‍ണവുമായ കാലമായതുകൊണ്ട് പ്രായോഗികവും താത്വികവുമായ ഇടപെടലിനും ബുദ്ധിമുട്ടുണ്ട്. സന്ധി ഇളകിയ ഒരു ചരിത്രഘട്ടത്തില്‍ ഏതുവിധമാണ് ചൂഷണകേന്ദ്രിതമായ മുതലാളിത്തത്തെ നേരിടുക എന്നതാണ് പ്രശ്നം. എന്നാല്‍ ഏത് കാലത്തും ഇതുപോലുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സിസക് ലെനിനെ മുന്‍നിര്‍ത്തി കാണിച്ചുതരുന്നത്. 1917ല്‍ വളരെ എളുപ്പത്തില്‍ ഒരു തൊഴിലാളിവര്‍ഗ വിപ്ലവമുണ്ടായതാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. പ്രയോഗത്തിന്റെ മണ്ഡലത്തിലും സൈദ്ധാന്തിക തലത്തിലും വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വിപ്ലവകാരികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

1914ല്‍ ലെനിന്‍ കമനേവിനയച്ച കത്തില്‍നിന്ന് തന്നെ ഇക്കാര്യം വ്യക്തമാകുന്നു: "അവരെന്നെ കൊന്നെങ്കില്‍ , എന്റെ നോട്ടുപുസ്തകം പ്രസിദ്ധീകരിക്കണമെന്നാ"ണ് ഞാന്‍ നിങ്ങളോട് ആ്വശ്യപ്പെടുന്നത്. മാര്‍ക്സിസവും ഭരണകൂടവും (സ്റ്റോക്ഹോമില്‍ കുടുങ്ങിയത്) അത് നീല കവറിട്ടതാണ്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ഉദ്ധരണികളും അതുപോലെ പാതി കോകിനെതിരായി കൗട്സ്കിയുടേതുമായ സമാഹാരവുമാണ്". (പു.5) സംഘടനക്കകത്ത് തന്നെ ധീരമായ നിലപാട് സ്വീകരിക്കാനും പ്രത്യക്ഷ യാഥാര്‍ഥ്യത്തിനപ്പുറം വിപ്ലവ പ്രവര്‍ത്തനം വിഭാവനം ചെയ്യാനും സാധിച്ചതാണ് ലെനിന്റെ നേതൃത്വത്തിന്റെ സവിശേഷതയായി സിസക് കാണുന്നത്. ഒരുതരം "ഉട്ടോപ്യ"യായി തോന്നുന്ന സമീപനമാണ് ലെനിന്‍ മുന്നോട്ട് വെച്ചത്.

വിപ്ലവത്തിന് എന്നും അങ്ങനെ ഒരു സ്വഭാവ വിശേഷം കൂടിയുണ്ട്. നിലനില്ക്കുന്ന യാഥാര്‍ഥ്യത്തിനകത്ത് മാത്രം ചിന്തിച്ചാല്‍ ഒരു "വിഛേദം" പലപ്പോഴും അസാധ്യമായിരിക്കും. "ഇരുപത് ദശലക്ഷമില്ലെങ്കിലും പത്ത് ദശലക്ഷമെങ്കിലും ജനങ്ങളെ ഉള്‍പ്പെടുത്തി പെട്ടെന്ന് തന്നെ ഒരു "ഭരണകൂട ഉപകരണം" ചലിപ്പിക്കണം" (ലെനിന്‍). 1917ലെ ഏപ്രില്‍ തിസീസ് ലെനിന്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം ആദ്യം അതിനെ പാര്‍ടിക്കകത്ത് സ്വീകരിക്കാതിരുന്നത് സിസക് നിരീക്ഷിക്കുന്നു. ഭ്രമാത്മകമായ സമീപനമായി ഏപ്രില്‍ തിസീസിനെ പലരും കണ്ടിരുന്നു. 1917 ഫെബ്രുവരിയിലെ ആദ്യവിപ്ലവത്തിനും ഒക്ടോബര്‍ വിപ്ലവത്തിനുമിടയിലുള്ള കാലഘട്ടത്തിലെ ലെനിന്റെ എഴുത്തുകളില്‍നിന്നും അതുല്യമായ വിപ്ലവത്വരയും നേതൃപാടവവും മാത്രമല്ല തൊഴിലാളിവര്‍ഗ വിപ്ലവത്തെ സംബന്ധിക്കുന്ന ദീര്‍ഘവീക്ഷണവും മനസ്സിലാക്കാമെന്നാണ് സിസക് സിദ്ധാന്തിക്കുന്നത്. 1917 ഫെബ്രുവരിയില്‍ വിപ്ലവത്തിനുള്ള വലിയ സാധ്യത ലെനിന്‍ കാണുകയാണ്. മാത്രമല്ല അന്നത്തെ സാധ്യത ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ദശാബ്ദങ്ങളോളം അവസരം തകര്‍ക്കപ്പെടാമെന്നും ലെനിന്‍ നിരീക്ഷിക്കുന്നു. വിപ്ലവം യഥാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടത് റഷ്യയിലെ വന്‍ നഗരങ്ങളിലുടനീളം പാര്‍ടി ലോക്കല്‍കമ്മിറ്റികള്‍ ഉയര്‍ന്നുവന്നതു കൊണ്ടാണെന്ന് സിസക് നിരീക്ഷിക്കുന്നു. ഔപചാരികമായി രൂപപ്പെട്ട "സര്‍ക്കാരില്‍" നിന്നും വിഭിന്നമായി ജനങ്ങള്‍ക്കിടയില്‍ നിന്നും അവര്‍ക്കുവേണ്ടി പാര്‍ടി ലോക്കലുകള്‍ ഉണ്ടായതും ഉണ്ടാക്കിയതും ലെനിന്റെ പ്രത്യേകമായ ഇടപെടലിന്റെ ഫലം കൂടിയായിരുന്നു.

ഫെബ്രുവരി 1917ന് ശേഷം സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണം അവസാനിക്കുക മാത്രമല്ല "മുഴുവന്‍ യൂറോപ്പിലും വെച്ച് ഉയര്‍ന്ന ജനാധിപത്യ രാജ്യമായി, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ജനമുന്നേറ്റത്തിലൂടെയും, സംഘടിക്കാനും പത്രപ്രവര്‍ത്തനം നടത്താനും സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മാതൃകയായി. ഈ സന്ദര്‍ഭത്തില്‍ ലെനിന്റെ ലിഖിതങ്ങള്‍ വിപ്ലവത്തില്‍ മാത്രമല്ല ഭാവനാത്മക സ്വാതന്ത്ര്യസങ്കല്പത്തിന്റെ വിസ്ഫോടാത്മക സാധ്യതയിലും ഊന്നല്‍ നല്‍കുന്നതായി കാണാവുന്നതാണ്. പഴയ ഭരണകൂട ഉപകരണങ്ങള്‍കൊണ്ട് സ്വാതന്ത്ര്യവും നീതിയും സാക്ഷാത്കരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ഫ്രഞ്ച് വിപ്ലവത്തില്‍ 1789ഉം 1793ഉം വ്യത്യസ്തമായ മാനങ്ങളാണ് വിപ്ലവത്തിന് നല്‍കുന്നത്. വിപ്ലവം പൂര്‍ത്തീകരിക്കുന്നത് രണ്ടാമത്തെ ഘട്ടത്തില്‍ മാത്രമാണ്. ആദ്യത്തേത് ഹെഗലിയന്‍ രീതിയിലുള്ള "നിഷേധത്തിന്റെ നിഷേധം" എന്ന അവസ്ഥ മാത്രമാണ്. അതിനുശേഷം മുതലാളിത്തത്തിന്റെ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ രൂപം പോലും തകര്‍ക്കുന്ന രണ്ടാം വിപ്ലവമാണ് യഥാര്‍ഥത്തില്‍ സോഷ്യലിസം സാധ്യമാക്കുന്നത്. അതേസമയം രണ്ടാമത്തേതിനെ ഭയപ്പെടുന്നവര്‍ "വിപ്ലവമില്ലാത്ത വിപ്ലവത്തെ"ക്കുറിച്ചാണ് സംസാരിക്കുന്നത്. "കാത്തിരിപ്പ്" സിദ്ധാന്തത്തോട് ലെനിന് യോജിപ്പുണ്ടായിരുന്നില്ല. കാത്തിരിക്കുന്നവര്‍ എപ്പോഴും കാത്തിരിക്കുക തന്നെ ചെയ്യും. ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥക്ക് ഒരിക്കലും അതിജീവിക്കാന്‍ കഴിയില്ല.

"ഒരു സാഹചര്യത്തിലും നാട്ടിന്‍പുറങ്ങളില്‍ പെട്ടെന്ന് തന്നെ പൂര്‍ണമായ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കരുത്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കമ്യൂണിസത്തിന് വേണ്ട ഭൗതികാടിത്തറ ഇല്ലാത്ത കാലത്തോളം അങ്ങനെ ചെയ്യുന്നത് ഞാന്‍ പറയുകയാണ്, കമ്യൂണിസത്തിന് ഹാനികരമാണ്; യഥാര്‍ഥത്തില്‍ ഞാന്‍ വീണ്ടും പറയുകയാണ്, മാരകവും ആയിരിക്കും" (പു.9). ഈ താക്കീത് ലെനിന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് വലിയ ദീര്‍ഘവീക്ഷണത്തോടുകൂടിയാണ്. ഒരു ജനതയെ വെറും താല്‍ക്കാലികമായ ഇടപെടലുകളിലൂടെ കമ്യൂണിസ്റ്റ് സമൂഹമാക്കി മാറ്റാനാവില്ല. മാത്രമല്ല അങ്ങനെ ചെയ്യുന്നത് പില്‍ക്കാലത്ത് വിപരീത ഫലവും ഉല്പാദിപ്പിക്കും. ലെനിന്റെ വൈരുധ്യാത്മക സമീപനം തിരിച്ചറിയേണ്ടതും ഇന്നത്തെ ആഗോള പരിതോവസ്ഥയില്‍ ഉപയുക്തമാക്കേണ്ടതുമാണ്. ലെനിന്‍ ഒരുവശത്ത് "ചരിത്രപരമായ അനിവാര്യത" സമയമാകുമ്പോള്‍ സംഭവിക്കുമെന്ന് കരുതുന്നവരോട് വിയോജിക്കുന്നു. മറുഭാഗത്ത് പൂര്‍ണരൂപത്തിലുള്ള കമ്യൂണിസ്റ്റാശയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ കാത്തിരിക്കണമെന്നും ഉദ്ഘോഷിക്കുന്നു. വിപ്ലവാനന്തരം വിദ്യാഭ്യാസവും വികസനവും പോലുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ച്ചയും റഷ്യയുടെ അന്നത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് നടത്തേണ്ട പരിഷ്കരണവും ലെനിന്‍ ഉറപ്പിച്ച് പറയുന്നുണ്ട്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെപോലെ നാഗരികതയില്‍ മുന്നേറാന്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പത്തിരട്ടി പ്രചോദനം നല്‍കുന്നതിനെക്കുറിച്ച് ലെനിന്‍ സംസാരിക്കുന്നുണ്ട്. "സോഷ്യലിസവും വര്‍ഗസമരവും ഒന്ന് മറ്റൊന്നില്‍ നിന്നല്ല മറിച്ച് ഒപ്പത്തിനൊപ്പം ഉണ്ടാവുന്നതാണ്. ഓരോന്നും വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഉയര്‍ന്നുവരുന്നത്... ശാസ്ത്രത്തിന്റെ വാഹകന്‍ തൊഴിലാളി വര്‍ഗമല്ല, മറിച്ച് ബൂര്‍ഷ്വാ ബുദ്ധിജീവികളാണ്.. അതുകൊണ്ട്, സോഷ്യലിസ്റ്റ് ബോധം തൊഴിലാളിവര്‍ഗത്തിനകത്ത് സ്വമേധയാ ഉണ്ടാവുന്നതല്ല, മറിച്ച് തൊഴിലാളി വര്‍ഗ വിപ്ലവത്തിലേക്ക് പുറത്തുനിന്ന് നല്‍കേണ്ടതാണ്" (ലെനിന്‍ , എന്തുചെയ്യണം). ഇവിടെ രണ്ട് കാര്യങ്ങളാണ് മുഖ്യമായി ആഗോളവല്‍ക്കരണ ഭൗതിക സാഹചര്യത്തില്‍ ലെനിന്റെ പാഠമായി സിസക് കാണുന്നത്. ഒന്ന് ചരിത്രത്തിന്റെ അന്ത്യമെന്നും പ്രത്യയശാസ്ത്രത്തിന്റെ അന്ത്യമെന്നും ഉദ്ഘോഷിക്കുന്ന ഇന്നത്തേതിനേക്കാള്‍ വിപ്ലവ സാധ്യത കുറഞ്ഞതും, തൊഴിലാളി വര്‍ഗം ദുര്‍ബലമായതുമായ സന്ദര്‍ഭത്തിലാണ് ലെനിന്‍ ധീരമായി വിപ്ലവമുന്നേറ്റത്തിന് ആര്‍ജവം പ്രകടിപ്പിച്ചത്. രണ്ടാമത്തേത് ലെനിന്റെ സംഘടനയെയും പാര്‍ടിയെയും സംബന്ധിക്കുന്ന (ണവമേ ശെ േീ യല റീില?) കാഴ്ചപ്പാടിന് ഇന്ന് പുതിയ പ്രസക്തി ഉണ്ടായിരിക്കയാണ് (പു. 310). മാര്‍ക്സില്‍ തുടങ്ങി ലെനിനില്‍ അവസാനിക്കേണ്ടതോ, അവസാനിക്കുന്നതോ അല്ല തൊഴിലാളി വര്‍ഗവിപ്ലവം. മുതലാളിത്തം മാര്‍ക്സ് തന്നെ പ്രവചിച്ചതുപോലെ മൂലധനത്തിന്റെ അതിരുകളില്ലാത്ത വ്യാപനത്തിലും ചംക്രമണത്തിലും നൈരന്തര്യം സൂക്ഷിച്ചുകൊണ്ട് മുന്നേറുമ്പോള്‍ സ്വയം ശവക്കുഴി സജ്ജമാക്കും. അതുകൊണ്ട് മുതലാളിത്തം സ്വയം തകരുമെന്ന് കരുതി കാത്തിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍ . കമ്യൂണിസ്റ്റ് ഭൂതത്തെയാണ് സാമ്രാജ്യത്വം ഭയപ്പെടുന്നത്. ഇവിടെ സിസക് നടത്തുന്ന ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാന ഭാഗത്തു നല്‍കിയ ലിസ്റ്റ് മാത്രം പരിശോധിച്ചാല്‍ തൊഴിലാളിവര്‍ഗ വിപ്ലവം ബൂര്‍ഷ്വാ ജനാധിപത്യത്തെ എങ്ങനെ പുരോഗമിപ്പിച്ചു എന്ന് മനസ്സിലാക്കാം. സിസക് എഴുതുന്നു: "ചുരുക്കത്തില്‍ , ഇന്നത്തെ "ബൂര്‍ഷ്വാ ജനാധിപത്യം" ഉദാരവാദത്തിന്റെ ആന്തരിക വികാസമല്ല, മറിച്ച് തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ ഫലമാണ്." (സിസക്, പു. 302) അതായത് ഇന്ന് പൊതുസമ്മതി നേടിയ സാര്‍വത്രിക വോട്ടവകാശം, സൗജന്യ വിദ്യാഭ്യാസം, സാര്‍വത്രിക ആരോഗ്യസംരക്ഷണം, വൃദ്ധ സംരക്ഷണം, ബാലവേല അവസാനിപ്പിക്കല്‍ മുതലായ ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയില്‍ തന്നെ അംഗീകാരം നേടിയതും തകരുന്ന ക്ഷേമരാഷ്ട്ര സങ്കല്പങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നതുമായ മൂല്യങ്ങളെല്ലാം മുതലാളിത്ത വിരുദ്ധ ആശയ രൂപീകരണത്തിന്റെ ഭാഗമായാണ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടത്. തീര്‍ച്ചയായും പിന്നീട് ഉയര്‍ന്നുവന്ന സാംസ്കാരിക വിശകലനങ്ങളും വിമര്‍ശനങ്ങളും വരുംകാല ഇടതുപക്ഷ സംസ്കാര രൂപീകരണത്തില്‍ നിര്‍ണായകമാണ്. സോഷ്യലിസം എന്നും സങ്കല്പമാണെന്ന വാദം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത് സിസക് വിമര്‍ശിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഉദാര ജനാധിപത്യ മുതലാളിത്ത വ്യവസ്ഥ അനിശ്ചിതമായി തുടരുമെന്ന് കരുതുന്നതാണ് സാങ്കല്പികവാദം. നിലനില്‍ക്കാന്‍ പാടില്ലാത്ത ചൂഷണ വ്യവസ്ഥയാണ് മുതലാളിത്ത ജനാധിപത്യ വ്യവസ്ഥയെന്ന് തിരിച്ചിറിയാന്‍ കഴിയാത്തവരാണ് യൂറോപ്യന്‍മാര്‍ .

സാധ്യമായത് തടയുന്നത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. മുതലാളിത്തം അവസാനിപ്പിക്കണമെന്ന് ചൂഷണവിധേയമാകുന്ന ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ട്. നിലനില്ക്കുന്ന സാധ്യതയാണ് ഉദാരവാദികള്‍ തടയുന്നത്. "സ്റ്റോക്ക് മാര്‍ക്കറ്റില്‍ എല്ലാവര്‍ക്കും പങ്കാളികളാവാമെന്നും" അതൊരുതരം കമ്യൂണിസ്റ്റ് സങ്കല്പമാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഫ്രാന്‍സില്‍ ഇന്റര്‍നെറ്റ് ശൃംഖലയിലെ നിക്ഷേപത്തിന് വേണ്ടി പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിന്റെ കഥ സിസക് വിവരിക്കുന്നു. ഇന്ന് സ്വസ്തിക ഉപയോഗിച്ചാല്‍ അതിന്റെ ചിഹ്നമൂല്യം അധീശാധികാരത്തിന്റേതായി എളുപ്പം വായിക്കപ്പെടും. മറിച്ച് അരിവാളും ചുറ്റികയ്ക്കും "ഭ്രാതൃത്വനീതി" ( fraternal justice) പ്രതിനിധാനം ചെയ്യുന്നതായും വായിക്കപ്പെടും. അതുകൊണ്ടുതന്നെ ലെനിനിലേക്ക് മടങ്ങുകയല്ല ലെനിനെ ആവര്‍ത്തിക്കുകയാണ് വേണ്ടത്. ലെനിനിലേക്ക് മടങ്ങുക എന്നതിന് ലെനിന്‍ അവസാനിച്ചെന്നും അര്‍ഥമുണ്ട്. എന്നാല്‍ ലെനിന്‍ സാമ്രാജ്യത്വത്തെക്കുറിച്ചും ഫിനാന്‍സ് മൂലധനത്തെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമല്ല വിപ്ലവ പ്രവര്‍ത്തനത്തിന് നല്‍കിയ നേതൃത്വപരമായ പങ്കും ചരിത്രത്തില്‍ മായാതെ കിടക്കുകയാണ്. ഒരു നിശ്ചിത ചരിത്ര സന്ദര്‍ഭത്തില്‍ ലെനിന് ചെയ്യാന്‍ കഴിഞ്ഞത് മാത്രമല്ല ചെയ്യാന്‍ കഴിയാതെ പോയതും വിശകലനം ചെയ്തുകൊണ്ടാണ് തൊഴിലാളിവര്‍ഗ വിപ്ലവം ഫലപ്രദമായി മുന്നോട്ട് പോകേണ്ടത്.

ങ്ങൂങ്ങിവാതിയോങ്ങ് ജയില്‍മോചിതനായ ശേഷം സര്‍വകലാശാലാ വിദ്യാര്‍ഥികളോട് ലെനിന്റെ മുതലാളിത്തം, "സാമ്രാജ്യത്വത്തിന്റെ പാരമ്യഘട്ടം" എന്ന പുസ്തകവും ഫാനന്റെ "ഭൂമിയിലെ നികൃഷ്ടരും" വായിക്കാനാണ് ആഹ്വാനം ചെയ്തത്. ക്യൂബന്‍ വിപ്ലവപ്പോരാളിയായ ഫിദല്‍ കാസ്ട്രോ ജോസ് മാര്‍ടിയെ ചേര്‍ത്താണ് മാര്‍ക്സിസത്തെ വ്യാഖ്യാനിക്കുന്നത്. ലെനിനുമുമ്പ് തന്നെ ജോസ് മാര്‍ടി വിപ്ലവം നടത്താന്‍ ഒരു പാര്‍ടി ഉണ്ടാക്കിയത് കാസ്ട്രോ പല സന്ദര്‍ഭങ്ങളിലും സ്മരിക്കുന്നുണ്ട്. ക്യൂബ അന്ന് (1866-1878) ഒരു അടിമത്ത വ്യവസ്ഥയിലായിരുന്നതിനാല്‍ മാര്‍ടി നേതൃത്വം നല്‍കിയത് ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനായിരുന്നില്ല. അത് സാധ്യവുമായിരുന്നില്ല. എന്നാല്‍ ക്യൂബയുടെ സവിശേഷ സാധ്യതകള്‍ കണ്ടെത്തി ഒരു സമീപനം വികസിപ്പിച്ച മാര്‍ടിയെ ഒഴിവാക്കി ക്യൂബയെക്കുറിച്ച് ചിന്തിക്കുന്നതുപോലും അസാധ്യമാണെന്ന് കാസ്ട്രോ പറയുന്നു. ജോസ് മാര്‍ടിയില്‍നിന്നാണ് നൈതികതയെക്കുറിച്ച് പഠിച്ചതെന്ന് കാസ്ട്രോ "എന്റെ ജീവിത"ത്തില്‍ പറയുന്നുണ്ട്. മാര്‍ക്സില്‍നിന്ന് സമൂഹമെന്താണെന്നും അതിന്റെ പരിണാമവും പഠിച്ചു. ബഹുഭൂരിപക്ഷം ജനങ്ങള്‍ നിരക്ഷരരായി ജീവിക്കുകയും, യൂറോപ്പിലെ ഏറ്റവും അവികസിത രാജ്യവുമായിരുന്ന റഷ്യയിലാണ് ലെനിന്‍ വിപ്ലവത്തിന് അതും മാര്‍ടിയില്‍നിന്നും വ്യത്യസ്തമായി സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത്. വിപ്ലവാനന്തരം നടപ്പിലാക്കിയ പുതിയ സാമ്പത്തിക നയത്തെ ചെഗുവേരയോ, കാസ്ട്രോയോ അനുകൂലിക്കുന്നില്ല. ചരിത്രത്തില്‍ ശരി മാത്രമല്ല പിഴവുകളും നിര്‍ണായകമായി മാറും. അതുകൊണ്ടു തന്നെ ചരിത്രത്തില്‍നിന്നും പാഠം പഠിക്കുക എന്നതിന്റെ അര്‍ഥം ശരികളില്‍ നിന്നെന്നപോലെ പിഴവുകളില്‍നിന്നും, വിജയങ്ങളില്‍ നിന്നെപോലെ പരാജയങ്ങളില്‍നിന്നും പാഠം പഠിക്കുക എന്നതാണ്.

യുക്തികൊണ്ട് മാത്രം ജയിക്കുകയോ തോല്ക്കുകയോ ചെയ്യുന്ന സെനേയുടെ വിരോധാഭാസ പ്രയോഗമല്ല വൈരുധ്യാത്മക ഭൗതികവാദം. മറിച്ച് വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിലും ചരിത്രവല്‍ക്കരണത്തിലും കേന്ദ്രീകരിച്ച് മുന്നേറുന്ന ഒരു പ്രത്യേക ശാസ്ത്രമാണ്. ഓക്സിജനും ഹൈഡ്രജനും ചേര്‍ക്കുമ്പോള്‍ വെള്ളം ലഭിക്കുന്നത് അനാവരണം ചെയ്യുന്നതുപോലുള്ള രസതന്ത്രമോ, ബലതന്ത്രമോ ആയും ചരിത്രപരമായ വൈരുധ്യാത്മകതയെ പരിഗണിക്കേണ്ടതില്ല. കാരണം ഹൈഡ്രജനും ഓക്സിജനും നിശ്ചിത അളവില്‍ ചേര്‍ത്താല്‍ എപ്പോഴും വെള്ളം മാത്രമാണ് ലഭിക്കുക. എന്നാല്‍ സാമൂഹികമായ ചലനങ്ങള്‍ ഒരു നേര്‍രേഖയില്‍ തന്നെ സഞ്ചരിക്കണമെന്നില്ല. ഫ്രാന്‍സില്‍ തുടങ്ങി റഷ്യയിലും ചൈനയിലും ക്യൂബയിലും ഇതര രാജ്യങ്ങളിലും സാമൂഹിക മുന്നേറ്റങ്ങളും വിപ്ലവങ്ങളും ഉണ്ടായത് ഒരേ രീതിയിലല്ല. എന്നാല്‍ എല്ലാ വിപ്ലവങ്ങളിലും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അതിന്റെ ഫലങ്ങളും ഉളവായിട്ടുണ്ട്.

1879 ഒക്ടോബര്‍ അഞ്ചിന് സ്ത്രീകള്‍ മാത്രം സംഘടിച്ച് ഫ്രാന്‍സില്‍ നടത്തിയ വമ്പിച്ച റാലിയെക്കുറിച്ച് അധികമൊന്നും പ്രതിപാദിക്കപ്പെടാറില്ല. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിന്റെ അനിഷേധ്യ ഭാഗമായി സ്ത്രീമുന്നേറ്റവും നിലനില്ക്കുന്നു. അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ തന്നെയാണ് മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത്. ലെനിനില്‍നിന്നും പഠിക്കാനുള്ള പാഠങ്ങളെക്കുറിച്ച് പറയുമ്പോള്‍തന്നെ ഒരു വിഭാഗം "സര്‍വാധിപത്യത്തെ" പിന്തുണക്കുന്നതായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് തന്നെയാണ് ലെനിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സിസക്കിന്റെ ലെനിന്‍ പഠനം അവസാനിപ്പിക്കുന്നത്. മുതലാളിത്ത വിമര്‍ശനമില്ലാത്ത അഴിമതി വിരുദ്ധ സമരമോ, തുല്യതക്കു വേണ്ടി പോരാട്ടങ്ങളില്ലാതെ സാമ്രാജ്യത്വ-അധിനിവേശ വിരുദ്ധ പ്രക്ഷോഭമോ ലക്ഷ്യം കാണില്ലെന്ന വാസ്തവത്തിലേക്കാണ് ഇന്ന് ലോകം കണ്ണുതുറക്കേണ്ടത്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവും സംഘാടനവും അനിവാര്യമാണെന്ന് മാത്രമല്ല ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നതായി സൂചിപ്പിക്കുന്നതിനുവേണ്ടി സിസക് ഉദ്ധരിക്കുന്ന ബ്രഹ്തിന്റെ ചെറു കവിത കൂടി കണ്ടുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഞങ്ങള്‍ സ്വീകരിക്കേണ്ട വഴി കാണിച്ചുതരൂ, ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നുകൊള്ളാം, എന്നാല്‍ ഞങ്ങളെകൂടാതെ ശരിയായ വഴിയില്‍ പോകരുത് ഞങ്ങളില്ലെങ്കില്‍ , ഈ വഴി അങ്ങേയറ്റം അബദ്ധമായിരിക്കും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ വേര്‍പിരിയരുത്. (ബ്രഹ്ത്)

*
ഡോ. പി കെ പോക്കര്‍ ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER