My Blog List

Friday, January 6, 2012

ബേബി അഥവാ തിക്കുറിശിയുടെ ജോസ് പ്രകാശ്

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് സാര്‍വലൗകിക മാനവും വിശാലമായ തലങ്ങളും അര്‍ഥവ്യാപ്തിയും നല്‍കിയ എക്കാലത്തെയും മികച്ച നടനാണ് ജോസ് പ്രകാശ്. ഭാഷയും പശ്ചാത്തലവും മറന്നാല്‍ എവിടെയും മത്സരത്തിനു വയ്ക്കാവുന്ന അഭിനയത്തിന്റെ ലോക മാതൃകകളിലൊന്ന്. വില്ലന്‍ വേഷങ്ങളെ പ്രേക്ഷകര്‍ നിറഞ്ഞ് വെറുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ഈ അകല്‍ച്ചകൂടിയുണ്ടാകുമ്പോഴാണ് നടന്‍ എന്ന നിലയില്‍ വിജയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചുണ്ടില്‍ സദാ പുകയുന്ന പൈപ്പുമായി സന്ദര്‍ഭത്തിന്റെ തീവ്രത അനുഭവവേദ്യമാക്കാന്‍ ഇടക്കിടെ അന്യഭാഷാ സംഭാഷണങ്ങള്‍ തെറിപ്പിച്ച് വിചിത്രവേഷങ്ങളോടെ വെള്ളിത്തിരയില്‍ മിന്നിമറയുന്ന ജോസ് പ്രകാശിന്റെ കഥാപാത്രങ്ങളെ അദ്ദേഹം ശരിക്കും ആഗ്രഹിച്ചതുപോലെ ജനങ്ങള്‍ ആഴത്തില്‍ വെറുത്തു. അതുപോരെ ആ പ്രതിഭയ്ക്കുള്ള അംഗീകാരം.

നമ്മുടെ ചലച്ചിത്ര ചരിത്രത്തിന്റെ ശൈശവകാലം മുതല്‍ ജോസ്പ്രകാശ് മലയാളിയുടെ ഓര്‍മയിലുണ്ട്. അതിന്റെ കയറ്റിറക്കങ്ങളില്‍ കോലാഹല രഹിതനായി കഴിവു തെളിയിച്ചുകൊണ്ട്. മലയാള സിനിമയില്‍ 25 ആവിഷ്ക്കാരങ്ങള്‍ പിറന്നശേഷം മുതല്‍ . ഗായകനാകാനുള്ള ആഗ്രഹവുമായാണ് മദിരാശിയിലേക്ക് വണ്ടി കയറിയതെങ്കിലും അതില്‍ എവിടെവച്ചോ താളഭംഗമുണ്ടായി. ആകസ്മികതകളുടെയും അനിശ്ചിതത്വങ്ങളുടെയും ചരടിലൂടെ കുതിച്ചും കിതച്ചും ചലിച്ച ആ ജീവിതം അഭിനയിച്ചു തീര്‍ക്കാനുള്ളതാണെന്നാണ് കാലം വിധിയെഴുതിയത്.

കുടുംബം

1925 വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോര്‍ജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേര്‍ . സഖറിയയാണ് പിന്നീട് നിര്‍മാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേംപ്രകാശ്. അദ്ദേഹത്തിന്റെ മക്കളായ ബോബിയും സഞ്ജയും പുതിയ പരീക്ഷണങ്ങളുമായി തിരക്കഥാ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നോട്ട്ബുക്ക്, ട്രാഫിക് തുടങ്ങിയ രചനകള്‍ ഏറെ ശ്രദ്ധേയം. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനും.

കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോര്‍ത്ത് ഫോം വരെ ബേബിയുടെ പഠനം. ബിഷപ്പ് ഡോ. തോമസ് തറയിലായിരുന്നു പ്രിന്‍സിപ്പല്‍ . പിന്നെ മികച്ച അധ്യാപകരായി ചാക്കോ, ജോസ്, ചാണ്ടി, ഫിലിപ്പ് തുടങ്ങിയവരും. ആദ്യകാല സാഹിത്യ-കലാ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തണലായി. പഠനത്തേക്കാള്‍ അവന്‍ സംഗീതത്തിലേക്കും സിനിമയിലേക്കും ആകര്‍ഷിക്കപ്പെട്ടു. കോട്ടയം വിജയ തിയറ്ററിലെത്തുന്ന ചിത്രങ്ങള്‍ കൂട്ടുകാരുമൊത്ത് വിടാതെ കണ്ടു. ഓല മേഞ്ഞ സിനിമാക്കോട്ടയിലെ തറ സീറ്റിലിരുന്ന് "വികൃതിപ്പിള്ളേര്‍ക്കൊപ്പം സമയം കളയുന്നത്" അച്ഛന്‍ കണ്ടുപിടിച്ചു. നാഗമ്പടം പാലം പുതുക്കിപ്പണിയുന്നതിന് മരപ്പലകകള്‍ ഇളക്കിമാറ്റിയ നിലയിലായിരുന്നു. അസ്ഥികൂടം പോലെ എഴുന്നുനില്‍ക്കുന്ന ഇരുമ്പുകമ്പികളില്‍ പിടിച്ച് ബാലന്‍സ് ചെയ്തുവേണം മറുഭാഗത്തെത്താന്‍ . പിടിവിടുകയോ കാല്‍ തെന്നുകയോ ചെയ്താല്‍ പുഴ ഒഴുക്കിക്കൊണ്ടുപോകും. ചെറുപ്പത്തിന്റെ തിളപ്പില്‍ അത്തരം അപകടമൊന്നും ചിന്തയിലെത്തിയില്ല. അന്നത്തെ സെക്കന്‍ഡ് ഷോയും പാലത്തിന്മേലുണ്ടായ കമ്പിസര്‍ക്കസും അച്ഛന്റെ ചെവിയിലെത്തിയത് കുഴപ്പമായി. ചോദ്യം ചെയ്യലില്‍ , സത്യം പുറത്തുവരാതിരുന്നപ്പോള്‍ ശാസനയും അടിയും. നാടുവിടാനുള്ള പ്രേരണ ബേബിയില്‍ തീരുമാനമായി ഉറച്ചു. രാത്രിയുടെ നിശ്ശബ്ദതയില്‍ വീടു വിട്ടിറങ്ങി. ഒപ്പം സുഹൃത്തുക്കളായ സെബാസ്റ്റ്യനും കുര്യനും. തന്റെ വഴിയില്‍ മകനെയും ഉദ്യോഗസ്ഥനാക്കണമെന്ന നിശ്ചയമാണ് പലപ്പോഴും ആ അച്ഛനെ കോപാകുലനാക്കിയത്. സംഗീതവും സിനിമയുമെല്ലാം ബേബിയുടെ ഭാവിക്ക് തടസ്സങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സിനിമാ കുഴപ്പത്തിനു മുമ്പ് മറ്റൊരു സംഭവമുണ്ടായി. സ്കൂള്‍ യുവജനോത്സവത്തിലെ പാട്ടുമത്സരത്തില്‍ സമ്മാനം നേടിയ ദിവസം. ട്രോഫിയും ഉയര്‍ത്തിപ്പിടിച്ച് വിജയഭാവത്തിലെത്തിയ ബേബി പ്രതീക്ഷിച്ചത് അച്ഛന്റെ സന്തോഷം. എന്നാല്‍ തിളച്ചുമറിയുന്ന മുഖവുമായി ശകാരിക്കുകയായിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തില്‍

1942. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകള്‍ . ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലേക്കുള്ള തെരഞ്ഞെടുപ്പ്. മൂവര്‍സംഘം തിരുവനന്തപുരത്തുചെന്ന് പട്ടാളത്തില്‍ ചേര്‍ന്നു. ലാന്‍സ് നായിക് ആയി നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരില്‍ . 65 രൂപ ശമ്പളത്തില്‍ . അന്ന് അത് തരക്കേടില്ലാത്ത തുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 14 രൂപയേ ഉണ്ടായിരുന്നുള്ളു അക്കാലത്ത്. ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂര്‍ , ബര്‍മ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഡീക്കെനുമൊപ്പം നടത്തിയ ആന്‍ഡമാന്‍ കപ്പല്‍യാത്ര അവിസ്മരണീയമായ അനുഭവമായി. ഗൂര്‍ഖാ റജിമെന്റിന്റെ കൂടെ കല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍ ലെഗേജുകള്‍ നഷ്ടപ്പെട്ടത് മറ്റൊരു കഥ. ഈ സങ്കടത്തിനിടയിലും മനസ്സ് കുളിര്‍പ്പിച്ച രണ്ട് അനുഭവങ്ങള്‍ . ഇന്ത്യാ-പാക് വിഭജന കാലം. അതേത്തുടര്‍ന്നുണ്ടായ കലാപങ്ങള്‍ കീറിമുറിച്ച പ്രദേശങ്ങളിലൊന്ന്. ഏകയായി ജീപ്പോടിച്ചുവന്ന യുവതിയായ കന്യാസ്ത്രീ. ആയുധങ്ങളുടെ മുരള്‍ച്ചയും പട്ടാളത്തിന്റെ പേടിപ്പെടുത്തുന്ന സാന്നിധ്യവും. ഓഫീസര്‍മാര്‍ ആ കന്യാസ്ത്രീയെ വിലക്കി. ദുരിതബാധിതര്‍ക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു അവര്‍ . പാത്രങ്ങള്‍ തുറന്ന് ആഹാരം വിതരണം ചെയ്യുമ്പോഴാണ് കല്‍ക്കത്തക്കാരനായ സഹപ്രവര്‍ത്തകന്‍ അറിയിക്കുന്നത് അത് മദര്‍ തെരേസയായിരുന്നുവെന്ന്. ബേബി സ്തംഭിച്ചുപോയി.

ഗാന്ധിജിയെ നേരില്‍

സാമുദായിക ലഹള മുറിവുണ്ടാക്കിയ പ്രദേശങ്ങളിലേക്കുള്ള ഗാന്ധിജിയുടെ പര്യടനം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തി ലഘുസംസാരം. പിന്നെ പ്രാര്‍ഥനായോഗങ്ങള്‍ . ഒരു ദിവസം വൈകിട്ട് അഞ്ചുമണി. പതിനായിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു. ആ സത്യഗ്രഹവേദിയില്‍ കാവല്‍നിന്നത് ബേബിയുടെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തം. റിച്ചഡ് ആറ്റന്‍ബറോയുടെ "ഗാന്ധി" കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ വിഭജനകാലത്തെ കൂട്ടക്കശാപ്പുകളിലേക്കും രാഷ്ട്രപിതാവിന്റെ സാന്ത്വനങ്ങളിലേക്കും പതുക്കെ നടന്നുപോയി. കണ്ണീര്‍മഴയുടെ അകമ്പടിയോടെയാണത്രെ ആ സിനിമ കണ്ട് പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യം കിട്ടിയശേഷം ബ്രിട്ടീഷ് പട്ടാളത്തില്‍നിന്ന് തിരിച്ചുവന്നു. പിന്നെ സ്വതന്ത്ര ഇന്ത്യയിലെ രണ്ടുവര്‍ഷത്തെ സേവനം. പട്ടാള ജീവിതമാണ് പിന്നീട് ഹിന്ദി, ഇംഗ്ലീഷ് സംഭാഷണങ്ങള്‍ക്ക് മികവേകിയത്. ഭാഷ കൈകാര്യം ചെയ്യാനുള്ള ധൈര്യവും വന്നത് അങ്ങനെ.

വീട്ടില്‍ തിരിച്ചെത്തി കുറച്ചു നാള്‍ക്കകം കോട്ടയം-കുമളി റോഡില്‍ തേയില വ്യാപാരം തുടങ്ങി. അതിപ്പോള്‍ നോക്കിനടത്തുന്നത് പ്രേം പ്രകാശ്. പഠിക്കുമ്പോഴും പട്ടാളത്തിലായിരുന്നപ്പോഴും കച്ചവടക്കാരന്റെ ചിട്ടവട്ടങ്ങളിലും സംഗീതം ബേബിയുടെ ഇഷ്ടതോഴനായിരുന്നു. ഔപചാരിക പഠനമോ അതിലൂടെ ലഭിക്കുന്ന വ്യാകരണബോധമോ ഇല്ലാതെ തന്നെ സംഗീതത്തിന്റെ മേഖലയില്‍ ശ്രദ്ധ നേടുകയും ചെയ്തു. കോട്ടയം ആര്‍ട്സ് ക്ലബ്ബ് രൂപീകരിച്ച് പ്രധാന പാട്ടുകാരനായി. ആയിടക്ക് ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട സംഭവം. കോട്ടയം തിരുനക്കര മൈതാനത്ത് രാം മനോഹര്‍ ലോഹ്യ പങ്കെടുത്ത വന്‍ പൊതുയോഗം. സുഹൃത്ത് കോട്ടയം ജോസഫിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ബേബി അവിടെ പാടി. വദന്‍ കി രാഹ്മെ... ഇത് കേള്‍ക്കാനിടയായ തിക്കുറിശി സുകുമാരന്‍നായര്‍ പരിപാടി കഴിയുംവരെ അവിടെ കാത്തിരുന്നു. തുടര്‍ന്ന് മദിരാശിയിലേക്ക് ക്ഷണിച്ചു. ശബ്ദപരിശോധനക്കായി വി ദക്ഷിണാമൂര്‍ത്തിക്ക് പരിചയപ്പെടുത്തുന്നു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ തിക്കുറിശിയുടെ "ശരിയോ തെറ്റോ" എന്ന സിനിമയില്‍ ഗായകനായി. അതില്‍ നാല് പാട്ടുകള്‍ പാടി. പേരിന് ഗാംഭീര്യം തോന്നാത്തതിനാല്‍ തിക്കുറിശിയാണ് ബേബിയെ ജോസ്പ്രകാശാക്കുന്നത്. അബ്ദുള്‍ഖാദറിനെ നസീറാക്കുന്നതും മാന്വല്‍ സത്യനേശന്‍ നാടാരെ സത്യനായി അവതരിപ്പിക്കുന്നതും ദേവസ്യയെ എസ് ജെ ദേവാക്കി മാറ്റുന്നതും മാധവന്‍നായര്‍ക്ക് മധുവെന്ന് മതിയെന്ന് പറയുന്നതും പി കെ കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര് ഇടുന്നതും തിക്കുറിശി.

ശരിയോ തെറ്റോ

"ശരിയോ തെറ്റോ" മലയാള സിനിമാ ചരിത്രത്തില്‍ ഒട്ടേറെ വിഛേദം കുറിച്ചതായിരുന്നു.1953ല്‍ റിലീസായ അത് തിക്കുറിശിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. അതുവരെ അദ്ദേഹം നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന്‍ , ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അടൂര്‍ ഭവാനിയും മീനാ സുലോചനയും നടികളായി രംഗപ്രവേശം ചെയ്ത ആദ്യ ചിത്രമെന്ന പ്രസിദ്ധിയും ശരിയോ തെറ്റോ നേടി. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. നൃത്ത സംവിധായകന്‍ എന്‍ ദാമോദരന്റെ പങ്കാളിത്തവും എടുത്തുപറയേണ്ടതുതന്നെ. സിനിമയില്‍ പാടുപെട്ടു പാടങ്ങളില്‍ എന്ന തത്വശാസ്ത്ര സ്പര്‍ശമുള്ള ഗാനം ജോസ് പ്രകാശ് പി ലീലയോടൊപ്പമാണ് പാടിയത്. ഈ ശീര്‍ഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളില്‍ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീര്‍ന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആല്‍ഫോണ്‍സ്, അവന്‍ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകള്‍ . കുറേ സിനിമകളില്‍ പ്രേംനസീറിന്റെയും സത്യന്റെയും ശബ്ദമായി മാറുകയും ചെയ്തു. അറുപതുകളുടെ ആദ്യം മലയാള സിനിമ പ്രൊഫഷണലായപ്പോഴാണ് ജോസ് പ്രകാശിന് പിന്‍വലിയേണ്ടി വന്നത്. എ എം രാജയുടെയും യേശുദാസിന്റെയും രംഗപ്രവേശനത്തോടെയാണത് എന്നത് മറ്റൊരു കാര്യം.

കരുത്തുകാട്ടി നാടകങ്ങളിലും

സിനിമയില്‍ പാട്ടുകാരനായും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചും നില്‍ക്കുമ്പോള്‍തന്നെ നാടകങ്ങളില്‍ കരുത്തുകാട്ടി. 1954ല്‍ പ്രൊഫഷണല്‍ രംഗത്ത് ചുവടുവച്ചു. പാലാ കുഞ്ഞ് തുടക്കമിട്ട പാല ഐക്യകേരള നടന കലാസമിതിയിലായിരുന്നു ആദ്യം. പിന്നെ 1956ല്‍ സ്വന്തം നാടകട്രൂപ്പ് -നാഷണല്‍ തിയറ്റേഴ്സ്. എന്‍ എന്‍ പിള്ള, പി ജെ ആന്റണി, ഒ എന്‍ വി, കെപിഎസി സുലോചന, കോട്ടയം ചെല്ലപ്പന്‍ , അച്ചന്‍കുഞ്ഞ്, ആര്‍ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെ നിറഞ്ഞ സഹകരണത്തിലൂടെയായിരുന്നു മുന്നേറ്റം. അമ്പലപ്പുഴ രാജമ്മയും മീനാക്ഷിയും മറ്റും നായികമാരെ അവതരിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ , സാത്താന്‍ ഉറങ്ങുന്നില്ല, പട്ടിണിപ്പാവങ്ങള്‍ , രണ്ടു തെണ്ടികള്‍ തുടങ്ങിയ നാടകങ്ങളില്‍ ജോസ് പ്രകാശിന് ശ്രദ്ധേയ വേഷങ്ങള്‍ . ഫാ. ബെനഡിക്ടിന്റേതായിരുന്നു സാത്താന്റെ കഥ. പാടി അഭിനയിക്കുന്നതിലെ സ്വാഭാവികത കുറേ നല്ല അവസരങ്ങള്‍ കാല്‍ക്കീഴിലെത്തിച്ചു. സിനിമയില്‍ തിരക്കേറിയപ്പോഴാണ് എറണാകുളത്തേക്ക് താമസം മാറ്റുന്നത്. അക്കാലത്ത് പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള എന്ന സ്വന്തം കമ്പനിയും തുടങ്ങി. അതിലൂടെ കേരളം മികച്ച നാടകങ്ങള്‍ അനുഭവിച്ചു. കെപിഎസിയിലേക്ക് നിര്‍ബന്ധപൂര്‍ണമായ ക്ഷണമുണ്ടായെങ്കിലും അച്ഛന്റെ എതിര്‍പ്പുമൂലം സ്വീകരിക്കാനായില്ല. വിജയ തിയറ്ററില്‍നിന്ന് സിനിമ കണ്ടതിനും യുവജനോത്സവ ഗാനമത്സരത്തില്‍ ഒന്നാമനായതിനും കിട്ടിയ ശിക്ഷപോലെ അച്ഛന്റെ വെറും ശാഠ്യം. ചരിത്രമായേക്കാവുന്ന ചില അവസരങ്ങളാണ് ആ ദുര്‍വാശി തകര്‍ത്തുകളഞ്ഞത്.

പട്ടാളത്തില്‍നിന്ന് തിരിച്ചുവന്നശേഷം മിക്കവാറും നാടകത്തില്‍ മുഴുകിനില്‍ക്കുകയായിരുന്നു ബേബി. മറ്റ് സമിതികളുമായി ബന്ധപ്പെട്ടും സ്വന്തം തിയറ്ററുകള്‍ക്ക് രൂപം കൊടുത്തുമായിരുന്നു അത്. അഭിനേതാവ് എന്നതിനൊപ്പം സംഘാടകനുമായി. "പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള"യാണ് വേലുത്തമ്പി ദളവ നാടകം രംഗത്തെത്തിച്ചത്. കൊട്ടാരക്കരയായിരുന്നു നായകന്‍ . സ്ത്രീവേഷത്തിലാകട്ടെ ഓച്ചിറ വേലുക്കുട്ടിയും. അദ്ദേഹത്തിന്റെ ഭാവവും മെയ്ക്കപ്പിലെ പൂര്‍ണതയുമെല്ലാം കണ്ടാല്‍ ശരിക്കും പെണ്ണാണെന്നേ തോന്നൂ. നടിമാര്‍ അത്രയേറെ ഇല്ലാതിരുന്ന കുറേക്കാലം ഇതേ രീതി തുടര്‍ന്നു. നടന്മാര്‍ കെട്ടിയിരുന്ന ചില സ്ത്രീകഥാപാത്രങ്ങള്‍ക്ക് പറ്റിയ കുഴപ്പങ്ങള്‍ അപ്പോള്‍ സങ്കടമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കി. കെട്ടിവച്ച ചില ശരീരഭാഗങ്ങള്‍ വീണുപോയത് കൂവലോടെയാണ് കാണികള്‍ എതിരേറ്റത്. യേശുദാസിന്റെ അച്ഛന്‍ സെബാസ്റ്റ്യന്‍ ജോസഫുമായി ചേര്‍ന്ന് ബേബി "കരുണ" എന്നൊരു നാടകമൊരുക്കിയിരുന്നു. രംഗവേദിയില്‍ ഒട്ടിനില്‍ക്കുമ്പോള്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉപദേശിച്ചത് ബിസിനസില്‍ ശ്രദ്ധിക്കാനായിരുന്നു. പക്ഷേ അദ്ദേഹം നാടകത്തിനുപിന്നില്‍ ഭ്രാന്താവേശത്തോടെ ഓടുക തന്നെ ചെയ്തു. ജോസ് പ്രകാശിന്റെ അഭിനയസിദ്ധിയുടെ സൂക്ഷ്മഭാവങ്ങള്‍ , നമ്മുടെ വെള്ളിത്തിര മനസ്സിലാക്കുന്നത് പ്രേമലേഖയിലൂടെ. 1952ല്‍ എറണാകുളം അരവിന്ദ് പ്രൊഡക്ഷന്റെ ബാനറിലായിരുന്നു അത് ഇറങ്ങിയത്. ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്‍ നായകനും ഓമല്ലൂര്‍ ചെല്ലമ്മ നായികയും. അഭിനയത്തോടൊപ്പം ജോസ് പ്രകാശ് പാടുകയുമുണ്ടായി. കെ പി കൊട്ടാരക്കരയുടെ "ലവ് ഇന്‍ കേരള"യിലെ കൊടുംഭീകരനായ സില്‍വര്‍ ഹെഡ് എന്ന കഥാപാത്രമായിരുന്നു ആദ്യ വില്ലന്‍ വേഷം. പിന്നെ ആ ചാലില്‍ വീണു.

പ്രേംനസീറായിരുന്നു സില്‍വര്‍ഹെഡിലെ നായകന്‍ . അടൂര്‍ ഭാസിയുമുണ്ടായിരുന്നു. സൗമ്യപ്രതീകം എന്ന ഇമേജ് തകര്‍ത്ത കഥാപാത്രം പേര് അന്വര്‍ഥമാക്കുംവിധം തല മൊട്ടയടിച്ച് വെള്ളിനിറത്തിലുള്ള ചായം പൂശിയാണ് രംഗത്തെത്തിയത്. അടൂര്‍ ഭാസിയുടെ കഥാപാത്രം സില്‍വര്‍ഹെഡിന്റെ തലയ്ക്കടിക്കുന്നു. ഉറപ്പിച്ചുതന്നെ. അതറിയാതെ നടന്നുനീങ്ങുകയാണ് ജോസ് പ്രകാശ്. അമാനുഷ പ്രതിഛായ നല്‍കി കഥാപാത്രത്തെ അവിശ്വസനീയമായ വിതാനത്തിലേക്കുയര്‍ത്തുന്ന ആ വൈഭവം നാം പിന്നെയും കണ്ടു. കൊടുംവില്ലന്‍ വേഷങ്ങളാണെങ്കില്‍പ്പോലും നായകന്മാരെപ്പോലും അപ്രസക്തമാക്കിയ കുറേ സിനിമകളെങ്കിലും അദ്ദേഹത്തിന്റേതായുണ്ട്. വില്ലനെ നിര്‍ണയിക്കുന്ന അടിസ്ഥാന ചിഹ്നങ്ങളും രീതികളും പ്രവണതകളും ഒന്നൊഴിയാതെ കൊണ്ടുനടക്കുമ്പോഴും ജോസ് പ്രകാശ് മറ്റൊരു വഴിയിലായിരുന്നു. പ്രശസ്ത നിരൂപകന്‍ റോജര്‍ എബര്‍ടിന്റെ അഭിപ്രായം "ഒരു സിനിമ അതിലെ വില്ലനോളം മാത്രമേ മികച്ചതാകുന്നുള്ളൂ. നായകനും അദ്ദേഹത്തിന്റെ തന്ത്രങ്ങളും ചലച്ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നിടത്തോളം വൈഭവമുള്ള വില്ലനാണ് നല്ല ശ്രമം വിജയമാക്കുന്നത്" പലവട്ടം ശരിവച്ചു ജോസ് പ്രകാശ്. ആദ്യ നായകവേഷം തിക്കുറിശി സംവിധാനം ചെയ്ത "അച്ഛന്റെ ഭാര്യ"യിലായിരുന്നു ജോസ് പ്രകാശിന്റെ

ആദ്യ നായകവേഷം

സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും പേരെടുത്തു. ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ ആ കൈകളില്‍ ഭദ്രമായിരുന്നു. പെരുവഴിയമ്പലം, തുറമുഖം, ശക്തി, സ്നേഹമുള്ള സിംഹം, അര്‍ഥം, ഇന്ദ്രജാലം, ദേവാസുരം, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ആന്തരിക ബലം തെളിയിച്ചവയും. അഭിനയത്തിന്റെ തുടക്കകാലം മുതല്‍ മേരിലാന്റിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോസ് പ്രകാശ്. അച്ഛന്റെ ഭാര്യക്കുശേഷം ഭക്തകുചേല, സിഐഡി നസീര്‍ , ഈറ്റ, ലിസ, മാമാങ്കം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , മനുഷ്യമൃഗം, ശക്തി, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ , കൂടെവിടെ, പിരിയില്ല നാം, നിറക്കൂട്ട്, രാജാവിന്റെ മകന്‍ , ഇന്ദ്രജാലം, ആകാശദൂത്, ദേവാസുരം, എന്റെ വീട് അപ്പൂന്റേയും തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനങ്ങളായിരുന്നു. തമിഴ് അടക്കം 450ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ അവസാന വേഷം ട്രാഫിക്കിലായിരുന്നുവെന്നത് മറ്റൊരു സന്തോഷം. അനുജന്‍ പ്രേംപ്രകാശിന്റെ മക്കളുടേതായിരുന്നു അതിന്റെ തിരക്കഥ. തമിഴിലെ രാജരാജന്‍ , ടി ആര്‍ മഹാലിംഗം എന്നീ സിനിമകള്‍ മറക്കാവുന്നതല്ല. രജരാജനില്‍ എം ജി ആറായിരുന്നു നായകന്‍ .

തിക്കുറിശി: മലയാളത്തിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍

? താങ്കളുടെ വളര്‍ച്ചയില്‍ തിക്കുറിശി നല്ല കൈത്താങ്ങായി നിന്നിട്ടുണ്ടെന്ന് അറിയാം. അതേക്കുറിച്ച്

= പലര്‍ക്കും അറിയാവുന്നതുപോലെ തികച്ചും യാദൃഛികമായാണ് തിക്കുറിശി എന്നെ കാണുന്നത്. കോട്ടയം തിരുനക്കര മൈതാനിയിലെ ഗാനവേദിയില്‍ . എന്റെ ഭാവി കുറിച്ച ദിവസം. ദക്ഷിണാമൂര്‍ത്തി സ്വാമിയെ പരിചയപ്പെടുത്തുകയും "ശരിയോ തെറ്റോ" എന്ന സിനിമയില്‍ പാടി അഭിനയിക്കാന്‍ വിളിക്കുകയുമായിരുന്നു. തിക്കുറിശിയുടെ സംവിധാന മികവ് കണ്ട "അച്ഛന്റെ ഭാര്യ"യിലായിരുന്നു എന്റെ നായക അരങ്ങേറ്റം. കാട്ടുകുരങ്ങിലെ നാദബ്രഹ്മത്തില്‍ സാഗരം നീന്തിവരും എന്ന പാട്ടുസീനിലും നിഴലാട്ടത്തിലെ സ്വര്‍ഗപുത്രീ നവരാത്രി എന്ന രംഗത്തും റീടേക്കുപോലുമില്ലാതെ വിജയിച്ചത് അദ്ദേഹം പലവട്ടം ഓര്‍മപ്പെടുത്തുമായിരുന്നു.

സൗമ്യമായ ഇടപെടലും ശുദ്ധമായ പെരുമാറ്റവും നിര്‍വ്യാജമായ സ്നേഹവും പ്രസരിപ്പിച്ച അതുല്യ ധിഷണാശാലിയായിരുന്നു തിക്കുറിശി. ആ കരസ്പര്‍ശം മുദ്ര പതിപ്പിക്കാത്ത ചലച്ചിത്രമേഖല ഇല്ലെന്നുതന്നെ പറയാം. വെറും കൗതുകത്തിനുവേണ്ടി എല്ലാം തൊട്ടുനോക്കി കയറിയിറങ്ങുകയായിരുന്നില്ല. ആഴത്തിലുള്ള സംഭാവനകള്‍ . സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ എഴുത്തുകാരനും പ്രസംഗകനുമെന്ന നിലയില്‍ പേരെടുത്തു. എട്ടാംവയസില്‍ ആദ്യ കവിത. പതിനാലാം വയസില്‍ "ദക്ഷിണ ഭാരതി"യില്‍ രചന പ്രസിദ്ധീകൃതമായി. കെടാവിളക്ക് കവിതാസമാഹാരം ഇരുപതാം വയസിലാണ് പുറത്തിറങ്ങിയതും.

മകന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗമായിരുന്നു അച്ഛനമ്മമാരുടെ മനസ്സില്‍ . എന്നാല്‍ ആ യുവാവ് വഴിമാറി നടക്കുകയായിരുന്നു. കുടുംബത്തിന്റെ ഖേദത്തില്‍ സാന്ത്വനമായത് സഹോദരി എല്‍ ഓമനക്കുഞ്ഞമ്മയുടെ സ്ഥാനലബ്ധി. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേട്ടായിരുന്നു അവര്‍ . തീര്‍ന്നില്ല. കേരളത്തിലെ പ്രഥമ ഐഎഎസുകാരിയും. രംഗവേദിയിലേക്കുള്ള തിക്കുറിശിയുടെ കാല്‍വയ്പ്പ് നാടകകൃത്ത് എന്ന നിലയിലായിരുന്നു. മരീചിക, കലാകാരന്‍ , സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിവ പ്രൊഫഷണല്‍ വേദിയെ വിപ്ലവകരമായി പരിവര്‍ത്തിച്ചു.

പത്ത് രചനകള്‍ മാത്രം പിറന്നുവീണ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറായാണ് തിക്കുറിശിയെ പരിഗണിക്കേണ്ടത്. 1951ല്‍ കെ വെമ്പുവിന്റെ സംവിധാനത്തിലിറങ്ങിയ "ജീവിതനൗക"യാണ് ആ തിലകക്കുറി നല്‍കിയതും. അതിനുമുമ്പ് "സ്ത്രീ" നാടകം ചലച്ചിത്രമായെങ്കിലും വലിയ സാമ്പത്തിക വിജയം നേടിയില്ല. അന്ന് ഇവിടെ തമിഴ്-ഹിന്ദി ചിത്രങ്ങളുടെ ആധിപത്യമായതിനാലായിരുന്നു ഈ പരാജയം. എന്നാല്‍ ജീവിതനൗക ഹിന്ദിയിലടക്കം നാലു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. മിസ് കുമാരിയുമൊത്ത് 1952ല്‍ അഭിനയിച്ച നവലോകത്തിലൂടെ തിക്കുറിശി മലയാള സിനിമയുടെ നെറുകയിലെത്തി. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, ഗാനങ്ങള്‍ എന്നീ മേഖലകളിലെല്ലാം മുടിചൂടാമന്നനുമായി. അതുപോലൊരു ബഹുമുഖ വ്യക്തിത്വത്തെ നമ്മുടെ സിനിമ പിന്നീട് കണ്ടിട്ടില്ല. അതിനുള്ള സാധ്യതയും കുറവാണ്.

കൊട്ടാരക്കര, ബഹദൂര്‍ പിന്നെ തിലകന്‍

? ഏറ്റവും ഇഷ്ടപ്പെട്ട നടന്മാര്‍

= ഏറ്റവും സ്വാധീനിച്ച വ്യക്തിയും നടനും കൊട്ടാരക്കര ശ്രീധരന്‍ നായരാണ്. അദ്ദേഹത്തിന്റെ അഭിനയം ബഹുമാനവും അത്ഭുതവും ഇഴചേര്‍ന്ന വികാരത്തോടെയാണ് നോക്കിനിന്നിട്ടുള്ളത്. അനായാസമായ ആ അവതരണങ്ങള്‍ക്ക് പിന്നീട് മലയാളത്തില്‍ പകരമുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ഏതു കഥാപാത്രത്തെയും മെരുക്കാനാവുന്ന നിശ്ചയദാര്‍ഢ്യം എടുത്തുപറയേണ്ടതുതന്നെ. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും വേലുത്തമ്പി ദളവയിലെ വേലുത്തമ്പിയും തൊമ്മന്റെ മക്കളിലെ തൊമ്മനും ഞങ്ങളുടെ തലമുറക്ക് അഭിനയ പാഠപുസ്തകങ്ങളായിരുന്നു. 1969ലും 70ലും സംസ്ഥാന അവാര്‍ഡ് നേടിയ കൊട്ടാരക്കരയുടേത് ഒരു കലാകുടുംബമാണെന്ന് പറയാം. സായ് കുമാറും ശോഭ മോഹനും മോഹന്‍കുമാറും പുതിയ തലമുറയിലെ പേരക്കുട്ടികളുമടക്കം.

അതുപോലെ പകരം വയ്ക്കാനില്ലാത്ത ഹാസ്യ നടനായിരുന്നു ബഹദൂര്‍ . ഹാസ്യത്തിന് മലയാള സിനിമയില്‍ ഗൗരവസ്ഥാനം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹവും അടൂര്‍ ഭാസിയും നല്‍കിയ സംഭാനകള്‍ ചരിത്രപരമാണ്. കോമഡി രംഗങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ടാണ് ബഹദൂര്‍ സ്ഥാനമുറപ്പിച്ചത്. ഒമ്പത് മക്കളുള്ള കുടുംബം. ഏഴുപേരും സഹോദരിമാര്‍ . ദാരിദ്ര്യവും പെണ്‍കുട്ടികളുടെ ഭാരവും കുടുംബ ഭിത്തിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ചു. എസ്എസ്എല്‍സിക്ക് ഫസ്റ്റ്ക്ലാസ് നേടിയ ബഹദൂര്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പരാധീനതമൂലം പഠനം പാതിവഴിയിലുപേക്ഷിക്കുകയായിരുന്നു. മിടുക്കുനായ ആ വിദ്യാര്‍ഥി അന്നം തേടി ബസ് കണ്ടക്ടറുടെ കുപ്പായമിട്ടു. സങ്കടകാലത്ത് അഭയങ്ങളായി നാടകങ്ങള്‍ . ബന്ധു മുഖേന തിക്കുറിശിയെ ബന്ധപ്പെടുന്നു. അദ്ദേഹമാണ് സിനിമാ അവസരമൊരുക്കിയത്. 1954ല്‍ ഇറങ്ങിയ "അവകാശി"യില്‍ ചെറിയ വേഷം. ആകാശവാണിയിലൂടെയും മറ്റ് അമച്വര്‍ -പ്രൊഫഷണല്‍ വേദികളിലൂടെയും നല്ല നടനായി പേരെടുക്കുകയുമുണ്ടായി. "പാടാത്ത പൈങ്കിളി"യിലെ വേഷം സിനിമയില്‍ സ്ഥാനമുറപ്പിച്ചു. പിന്നെ പിന്തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. അടൂര്‍ ഭാസിയുമൊത്ത് ഒട്ടേറെ വിജയ കോമ്പിനേഷനുകള്‍ . ഈ ഇരട്ടകളെ ലോറല്‍ ആന്‍ഡ് ഹാര്‍ഡി എന്ന് സ്ഥാനപ്പെടുത്തുന്നതില്‍പ്പോലും തെറ്റുണ്ടാവില്ല. നീലസാരി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീസിനിമകളില്‍ ബഹദൂര്‍ നായകനുമായി. അപ്പോഴും അദ്ദേഹം നാടകങ്ങളെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. പഴയകാല നടന്മാരെല്ലാം അങ്ങനെയായിരുന്നു. സാമ്പത്തികമടക്കമുള്ള സിനിമയുടെ എല്ലാ സാധ്യതകളും കൈയൊഴിഞ്ഞും അവരില്‍പ്പലരും രംഗവേദിയോട് ഒട്ടിനിന്നു. ബഹദൂറിന്റെ മാണിക്യകൊട്ടാരം, ബല്ലാത്ത പഹയന്‍ തുടങ്ങിയ നാടകങ്ങള്‍ റെക്കോഡുകള്‍ തൊട്ടവ തന്നെ. ഇവ രണ്ടും പിന്നീട് അദ്ദേഹം സിനിമകളുമാക്കി.

ചെറുപ്പകാലത്തെ ദുരനുഭവങ്ങളുടെ തുടര്‍ച്ചയെന്നപോലെ ചില കൈയബദ്ധങ്ങള്‍ ബഹദൂറിന്റെ ജീവിതത്തിലുണ്ടായി. തിരുവനന്തപുരത്ത് തുടക്കമിട്ട കെ സി ലാബ് എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രോസസിങ് സ്റ്റുഡിയോയായിരുന്നു ഒന്ന്. സിനിമകള്‍ കളറിലേക്ക് മാറാന്‍ തുടങ്ങിയതായിരുന്നു വിനയായത്. സ്റ്റുഡിയോവില്‍ നിലനില്പിനുള്ള ജോലി പോലും ലഭിച്ചില്ല. കടംകയറി ജപ്തിയിലെത്തുകയായിരുന്നു. അദ്ദേഹം നിര്‍മിച്ച സിനിമകള്‍ മിക്കവയും സാമ്പത്തികമായ ആഘാതമുണ്ടാക്കി. അപ്പോഴും അഭിനയത്തിലൂടെ അതിജീവിക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളകളിലും സൗഹൃദ സംഭാഷണങ്ങളിലും സ്വതഃസിദ്ധമായ മിതത്വത്തോടെയാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടേതുപോലെ നിഷ്കളങ്കമായ വിഷാദം. ബഹദൂര്‍ അവസാനമായി അഭിനയിച്ച ജോക്കറിലെ കഥാപാത്രം എപ്പോഴും നമ്മെ അലട്ടിക്കൊണ്ടിരിക്കും. അനുഭവസമ്പത്തുള്ള, എന്നാല്‍ ഓര്‍മകള്‍ മുറിഞ്ഞുപോയ കോമാളിയുടെ വേഷത്തിലായിരുന്നു. എല്ലാം തകിടംമറിഞ്ഞ നിമിഷത്തില്‍ സര്‍ക്കസ് കൂടാരത്തിലെ സിംഹക്കൂട്ടില്‍ക്കയറി സ്വയം മരിക്കുകയായിരുന്നു ആ കഥാപാത്രം.

എന്നെ പിടിച്ചുലച്ച മറ്റൊരു നടന്‍ തിലകനായിരുന്നു. നാടകകാലം തൊട്ടേ അദ്ദേഹത്തിന്റെ സവിശേഷതകള്‍ തൊട്ടറിയാനായി. നാഷണല്‍ തിയറ്റേഴ്സിന്റെ സാത്താന്‍ ഉറങ്ങുന്നില്ല, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ നാടകങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിലാകട്ടെ അസാമാന്യമായ ടൈമിങ്ങും ഗൃഹപാഠവും കൈമുതലാക്കി കഥാപാത്രങ്ങളെ വിനയാന്വിതരാക്കുകയായിരുന്നു. അവരെ ആന്തരവല്‍ക്കരിച്ചതിനാലാണ് ഈ വിജയം. മലയാളത്തിലെ ഏറ്റവും തന്റേടിയായ നടന്‍ . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളും വാക്കുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. ഒറ്റപ്പെടലുകള്‍ക്കിടയില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ തിലകനല്ലാതെ മറ്റാര്‍ക്കുമാകില്ല.

ജയിക്കാനായ് ജനിച്ചവന്‍

? ജയന് പേരു നല്‍കിയത് താങ്കളായിരുന്നല്ലോ.

= അതെ. കൃഷ്ണന്‍നായരെ ജയനാക്കിയത് ഞാനാണ്. കൊച്ചിയില്‍ നേവി പെറ്റി ഓഫീസറായിരുന്ന അദ്ദേഹം എന്റെ മകന്‍ രാജന്റെ അടുത്ത സുഹൃത്ത്. ജാവാ നായര്‍ എന്ന മറുപേരിലാണ് അറിയപ്പെട്ടിരുന്നത്. ആകര്‍ഷണമാംവിധം വസ്ത്രം ധരിച്ച് നീണ്ടുനിവര്‍ന്ന് ജാവാ ബൈക്കില്‍ ശബ്ദമുണ്ടാക്കി കടന്നുപോകുന്നത് നഗരത്തിലെ സംസാര വിഷയമായിരുന്നു. നന്നായി പാടുമായിരുന്ന കൃഷ്ണന്‍നായര്‍ ചെറുപ്പക്കാരുടെ ആരാധ്യനുമായി. കായികാഭ്യാസത്തിലും കലാബോധത്തിലും മികവു കാട്ടിയ അദ്ദേഹത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അതീവ താല്പര്യമുണ്ടെന്ന് രാജന്‍ ഒരിക്കല്‍ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ശാപമോക്ഷത്തിന്റെ സംവിധായകന്‍ ജേസിക്ക് പരിചയപ്പെടുത്തി. കെ പി ഉമ്മറിന്റെയും ഷീലയുടെയും കല്യാണവേളയില്‍ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ "കാര്‍ത്തിക വിളക്കുകള്‍ തെളിഞ്ഞു" എന്ന ഗാനാലാപനത്തോടെയെത്തുന്ന ചെറുപ്പക്കാരന്റെ വേഷം കിട്ടി. ആ പാട്ടുസീന്‍ മാത്രം. അഭിനയിച്ചപ്പോള്‍ പാട്ടിനൊത്തുള്ള കൃഷ്ണന്‍നായരുടെ ചുണ്ടുകളുടെ സ്ഥാനം അസാധ്യമാംവിധം സൂക്ഷ്മവും കൃത്യവുമായിരുന്നു. അതുകണ്ട് പുതിയ സീന്‍ എഴുതിച്ചേര്‍ക്കാന്‍ ജേസി തയ്യാറായി. പേര് ടൈറ്റിലിനു കൊള്ളില്ലല്ലോ പുതിയ പേരിട്ടാലോ എന്ന ചര്‍ച്ച. ഉടന്‍ വായില്‍ ഉദിച്ച ഒന്ന് ഞാന്‍ പറഞ്ഞു: ജയന്‍ . വര്‍ഷങ്ങള്‍ കൊഴിഞ്ഞു തീര്‍ന്നപ്പോള്‍ അതിന്റെ പൂര്‍ണാര്‍ഥം തിരിച്ചറിയുകയായിരുന്നു.ജയിക്കാനായ് ജനിച്ചവന്‍

സിനിമയില്‍ ജയന് ഏറ്റവും അടുത്ത ബന്ധം എന്നോടും പ്രേംനസീറിനോടുമായിരുന്നു. ശാപമോക്ഷം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ചില ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചിത്രീകരണങ്ങള്‍ക്കായി തുടര്‍ച്ചയായി മദിരാശിയില്‍ പോകേണ്ടിവന്നത് ജോലിക്ക് ബുദ്ധിമുട്ടായി. അത് ഉപേക്ഷിച്ചാലോ എന്ന് എന്നോട് തിരക്കി. രണ്ടിടത്തുനിന്നും ലഭിക്കുന്ന കാശ് ഞാന്‍ ചോദിച്ചറിഞ്ഞു. വലിയ വ്യത്യാസം. നേവി വിടാന്‍ സമ്മതം കൊടുക്കുകയായിരുന്നു. അന്ന് ഉച്ചക്ക് ജോലി രാജിവച്ചു. മദിരാശിയില്‍ താമസിക്കാന്‍ സ്വാമീസ് ലോഡ്ജിലേക്ക് ഞാന്‍ കൊടുത്ത കത്തുമായി അവന്‍ ചെന്നു. ആറു പതിറ്റാണ്ട് അഭിനയ രംഗത്ത് നിലയുറപ്പിച്ചവനാണ് ഞാന്‍ . ആറുവര്‍ഷം അഭിനയിക്കാനേ ജയന് അവസരമുണ്ടായുള്ളൂ. എന്നാല്‍ ആ ചുരുങ്ങിയ കാലയളവിനും പ്രവര്‍ത്തിച്ച സിനിമകള്‍ക്കുമുപരി അയാള്‍ ജനമനസ്സുകളില്‍ കോട്ട കെട്ടി. പഠനം, വായന, ശരീരശ്രദ്ധ, വ്യായാമം, ഏകാഗ്രത-തുടങ്ങിയവയിലൂടെ ഇനിയാര്‍ക്കും നേടാനാകാത്ത വിഗ്രഹസ്ഥാനം തന്നെ. മനുഷ്യമൃഗം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , ചന്ദ്രഹാസം, അഗ്നിശരം, അന്തഃപുരം, സര്‍പ്പം, ശക്തി, ലിസ, അറിയപ്പെടാത്ത രഹസ്യം തുടങ്ങി കുറേ സിനിമകളില്‍ ജയനോടൊപ്പം ഞാന്‍ വേഷമിട്ടിരുന്നു.

1980 നവംബര്‍ 15നായിരുന്നു അവസാന കൂടിക്കാഴ്ച-പീരുമേട്ടില്‍ . "അറിയപ്പെടാത്ത രഹസ്യ"ത്തിന്റെ സെറ്റില്‍നിന്നാണ് ജയന്‍ "കോളിളക്ക"ത്തിന്റെ ക്ലൈമാക്സ് സീനില്‍ അഭിനയിക്കാന്‍ പോയത്. സാഹസികതയോടുള്ള ഒടുങ്ങാത്ത അഭിനിവേശം അറിയാമായിരുന്ന ഞാനും നസീറും ജയഭാരതിയും ത്യാഗരാജനുമെല്ലാം മുന്നറിയിപ്പു നല്‍കിയിരുന്നു: അപകടം നിറഞ്ഞ സീനാണെങ്കില്‍ ഡ്യൂപ്പിനെ വയ്ക്കണമെന്ന്. ഷോലാവാരത്തായിരുന്നു ചിത്രീകരണം. ഹെലിക്കോപ്റ്ററിലെ സംഘട്ടന രംഗം സംവിധായകന് വളരെ തൃപ്തി നല്‍കിയിരുന്നു. ജയന് പൂര്‍ണത തോന്നിയില്ല. റീ ടെയ്ക്കിന് നിര്‍ബന്ധിച്ചു. മരുന്നു തളിക്കുന്ന ചെറിയ ഹെലിക്കോപ്റ്ററായിരുന്നു അവിടെ. അതിനാല്‍ സൂക്ഷിക്കണമെന്ന പൈലറ്റിന്റെ സൂചന. ഒരുവശത്ത് ജയന്‍ തൂങ്ങിയപ്പോള്‍ മറുഭാഗത്തേക്ക് ചരിഞ്ഞു. ഒപ്പമുണ്ടായിരുന്ന ബാലന്‍ കെ നായരോട് ഉടന്‍ ചാടാന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അവര്‍ രണ്ടുപേരും രക്ഷപ്പെട്ടുവെങ്കിലും നിയന്ത്രണച്ചരട് പൊട്ടിയ കോപ്റ്റര്‍ ജയനെയും തൂക്കി കുറച്ച് പറന്ന് നിലം പൊത്തി. മഹാനായ ആ സാഹസികന്‍ തീഗോളമായി. നസീറിന്റെ മകന്‍ ഷാനവാസാണ് മരണവിവരം അറിയിച്ചത്. ഏതാനും മണിക്കൂര്‍ മുമ്പുവരെ ഒപ്പമുണ്ടായിരുന്ന ഏറ്റവുമടുത്ത സുഹൃത്ത് ഹൃദയത്തില്‍ നിന്ന് തെറിച്ചുപോയ അനുഭവം. അഭിനയം ജയന് ഭ്രാന്തായിരുന്നു. ചിലപ്പോള്‍ സാധാരണ മനുഷ്യരെടുക്കുന്ന മുന്‍കരുതലുകളും സ്വയം സുരക്ഷയുമെല്ലാം മറന്നുപോകും. അഭിനയത്തെ ആത്മാവിഷ്ക്കാരത്തിന്റെ മറുഭാഗമായി പരിചരിക്കുന്ന കലാകാരനെ സംബന്ധിച്ചിടത്തോളം ആ രംഗത്തുനിന്നുതന്നെ മരണത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയെന്നത് ഭാവനാത്മക സ്വപ്നമായിരിക്കും. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമയില്‍തന്നെ ജയന്റെ സ്ഥാനം അതുല്യമാണ്. പിറ്റേന്ന് കേരളം വേദനയില്‍ പിടഞ്ഞു. മലയാളത്തിലെ മറ്റൊരു നടനും പകുത്തുനല്‍കാത്ത സ്നേഹം പറിച്ചുകൊടുക്കുകയായിരുന്നു അവര്‍ . ആ അന്ത്യയാത്രയിലൊഴുകിയ കണ്ണീര്‍ എന്നെയും നനച്ചു. ജയന്‍ എന്ന പേരിന്റെ യഥാര്‍ഥ ആഴം എനിക്കു മാത്രമേ മനസ്സിലാവൂ. കാരണം അത് ഞാന്‍ അറിഞ്ഞുനല്‍കിയതാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും ആ പേരിന്റെ അല എന്റെ അവശമായ കാതില്‍ വന്നുമുട്ടുന്നുണ്ട്.

ജീവിതത്തിന്റെ പരുക്കന്‍ പെരുമാറ്റം

പട്ടാളജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയ വര്‍ഷം തന്നെ ബേബിയുടെ വിവാഹം നടന്നു. ഭാര്യ ചിന്നമ്മ. ബേബിയെ ഒറ്റയ്ക്കാക്കി 1995ല്‍ അവര്‍ മരണത്തിന് കീഴടങ്ങി. എല്‍സമ്മ, ഗ്രേസി, സൂസണ്‍ , രാജന്‍ , ജാസ്മിന്‍ , ഷാജി എന്നീ മക്കള്‍ . മകന്‍ ഷാജിയുമൊത്ത് എറണാകുളം വടുതലയിലാണ് ഇപ്പോള്‍ ജോസ്പ്രകാശിന്റെ താമസം. സിനിമയില്‍ വില്ലനായി പേരെടുത്ത അദ്ദേഹത്തോട് ജീവിതം പരുക്കനായും സ്നേഹശൂന്യമായുമാണ് പെരുമാറിയിട്ടുള്ളത്. കുറേക്കാലം ടൈപ്പ് കഥാപാത്രങ്ങളില്‍ കുരുക്കിയതുമുതല്‍ തുടങ്ങുന്നു അത്. അപകടത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റതോടെയാണ് റോളുകളില്‍ വ്യത്യാസമുണ്ടാകുന്നത്. അതിശക്തവും നായകരെപ്പോലും നിഴലുകളാക്കിയതുമായ അഭിനയ സ്ഫോടനങ്ങളുണ്ടായിട്ടും അതിനനുസൃതമായ ഔദ്യോഗികാംഗീകാരങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം മാത്രമായിരുന്നു ആശ്വാസം. ഭാര്യ ചിന്നമ്മയുടെ വിയോഗം മറ്റൊരു ക്ഷതമായി. പ്രമേഹത്തിന്റെ ദയാരഹിതമായ കടന്നാക്രമണം വലതുകാല്‍ മുറിച്ചുമാറ്റുന്നതിലേക്കെത്തിയത് സാധാരണ ചലനങ്ങള്‍പോലും വളരെ പതുക്കെയാക്കി. പ്രതിഫലത്തിന്റെ പകിട്ട് വകവയ്ക്കാതെ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധനായ ജോസ് പ്രകാശ് അനുജന്‍ പ്രേംപ്രകാശിനൊപ്പം 1983ല "കൂടെവിടെ" എടുത്ത് നിര്‍മാണ രംഗത്തും സംഭാവന നല്‍കി. തുടര്‍ന്ന് ആയിരം കണ്ണുകള്‍ , ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ ചിത്രങ്ങള്‍ . ധനസമാഹരണത്തിന്റെ കുറുക്കുവഴിയായി അഭിനയത്തെ കാണാതിരുന്ന സത്യന്റെയും പ്രേംനസീറിന്റെയും സമര്‍പ്പണമാണ് അദ്ദേഹത്തിന് വഴികാട്ടിയായത്.

തിരക്കഥയുടെ ദൗര്‍ബല്യമാണ് മലയാള സിനിമയുടെ ശേഷി കുറച്ചുകൊണ്ടുവന്നതെന്ന് അഭിപ്രായപ്പെട്ട ജോസ് പ്രകാശ്, മുതിര്‍ന്ന നടന്മാര്‍ പ്രായം സ്വയം മനസ്സിലാക്കണമെന്നും കൂട്ടിച്ചേര്‍ക്കുമായിരുന്നു. സിനിമാ കൂട്ടായ്മകളിലും അദ്ദേഹം സജീവമായിരുന്നു ആദ്യകാലത്ത്. സത്യനും നസീറുമൊത്ത് മദിരാശിയില്‍ ചലച്ചിത്ര പരിഷത്ത് രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനും ചിത്രാഞ്ജലി സ്റ്റുഡിയോയും സ്ഥാപിക്കപ്പെടുന്നത്. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജോസ് പ്രകാശ് പൂര്‍ണമായും മിനി സ്ക്രീനിലേക്ക് മാറി. അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. മിഖായേലിന്റെ സന്തതികള്‍ , ചാരുതല തുടങ്ങിയ പരമ്പരകള്‍ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട കാഴ്ചയായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെ വേഷത്തിന് 1993ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. പിന്നിപ്പോകാന്‍ തുടങ്ങിയ ഓര്‍മയുടെ ചെപ്പില്‍ ഇപ്പോഴുമുള്ള കഥാപാത്രം പി സുബ്രഹ്മണ്യത്തിന്റെ സ്നാപകയോഹന്നാനിലേത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും സുഖകരവുമായ സംവിധായക പിന്തുണ സുബ്രഹ്മണ്യത്തിന്റേതാണെന്നും ജോസ് പ്രകാശ് പറഞ്ഞു. മോഹങ്ങള്‍ ശൂന്യമായ മനസ്സില്‍ , എല്ലാവിധ കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ അവസരമുണ്ടായെന്ന തൃപ്തിയുണ്ട്.

ഇ എം എസ് അടുത്ത സുഹൃത്ത്

ഇ എം എസ്സുമായി അടുത്ത ബന്ധമായിരുന്നു ജോസ് പ്രകാശിന്. അധികം സംസാരപ്രിയനല്ലാത്ത ആ മഹാന്‍ തന്റെ മുന്നില്‍ കുട്ടിയെപ്പോലെ ഉള്ളു തുറന്നതായി അദ്ദേഹം പറഞ്ഞു. തീവണ്ടിയാത്രകളില്‍ പലവട്ടമുണ്ടായ സമാഗമങ്ങള്‍ . പല്ലുകള്‍ കാട്ടി ചിരിച്ച് കൈകള്‍ നീട്ടി സ്വീകരിക്കും. കുറേ പ്രാവശ്യം അടുത്തിരുന്ന് യാത്രകള്‍ ചെയ്തു. ഇ എം എസിന് അടുത്തിരിക്കുന്നവര്‍ സീറ്റൊഴിഞ്ഞ് മാറി ജോസ് പ്രകാശിന് സ്ഥലം നല്‍കുമായിരുന്നു. മുഖ്യമന്ത്രിയാകും മുമ്പായിരുന്നു കൂടുതലുംഇത്തരം അനുഭവങ്ങള്‍ . ചിലപ്പോള്‍ ചായയും വടയും വാങ്ങി സല്‍ക്കരിച്ചേ പിരിയാറുള്ളൂ. കേരളത്തെ സ്നേഹിച്ച ഏറ്റവും ഗൗരവചിത്തനായ ആധുനിക മലയാളിയായിരുന്നു ഇ എം എസ് എന്നും ജോസ് പ്രകാശ് വിലയിരുത്തുന്നു. നാടകാവശ്യങ്ങള്‍ക്കായുള്ള കോഴിക്കോട് യാത്രക്കിടെയാണ് "ദേശാഭിമാനി" പത്രം പരിചയപ്പെടുന്നത്. അന്ന് ശാന്തഭവനിലായിരുന്നു താമസം. അതിനുമുന്നിലൂടെ പയ്യന്മാര്‍ പത്രത്തിന്റെ പേരുവിളിച്ച് പോകുമായിരുന്നത്രെ.

? പഴയകാല അഭിനയത്തിന്റെ പ്രത്യേകതകള്‍

= സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിട്ടില്ലാത്ത കാലത്തായിരുന്നു പ്രധാന സിനിമാവേഷങ്ങള്‍ . ഡ്യൂപ്പുകള്‍പോലും ഇല്ലാത്ത ഘട്ടം. കളര്‍ സിനിമകള്‍ പിറന്നിട്ടേയില്ല. ചിത്രീകരണം സ്റ്റുഡിയോകള്‍ക്കുള്ളില്‍ മാത്രം. നീലക്കുയിലില്‍ വിന്‍സെന്റ് ക്രെയിന്‍ ഷോട്ട് ഉപയോഗിച്ചത് അന്നൊരു വിസ്മയമായിരുന്നു. "ഓളവും തീരവും" ആണ് മുഴുവനായും ഔട്ട്ഡോറായി ചിത്രീകരിച്ച ആദ്യ സിനിമ. അടച്ചിട്ട മുറിയില്‍നിന്ന് പി എന്‍ മേനോന്‍ സിനിമയെ സൂര്യവെളിച്ചത്തിലേക്ക് നീക്കുകയായിരുന്നു. ആദ്യകാല സിനിമയില്‍ ജോലിക്കുള്ള പ്രതിഫലം പോലുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ കാശു കിട്ടാന്‍ വൈകും. അപൂര്‍വം ഘട്ടങ്ങളില്‍ വെറുംകൈയോടെ മടങ്ങേണ്ടിവരും. മുന്നില്‍വയ്ക്കാന്‍ അഭിനയ മാതൃകകളുണ്ടായിരുന്നില്ല ഞങ്ങളുടെ തലമുറയിലെ നടന്മാര്‍ക്ക്. പട്ടാളത്തില്‍നിന്ന് കണ്ട ചില സിനിമകള്‍ മാത്രമായിരുന്നു ചലച്ചിത്ര പരിചയം. അതും ശീലമാക്കാനായില്ല. സിനിമ വ്യവസായമാകാത്തതിനാല്‍ അക്കാലത്ത് ആരും അതിനകത്ത് അനിവാര്യമായിരുന്നില്ല. പുതിയൊരു മാധ്യമമെന്ന സവിശേഷതയുമുണ്ടായിരുന്നല്ലോ. കഥാപാത്രത്തെയോ സഹപ്രവര്‍ത്തകരെയൊ മുന്‍നിര്‍ത്തി എന്തെങ്കിലും വാശിപിടിച്ചാല്‍ അവസരമാവും വീണുടയുക.

പഴയകാലത്തെ സിനിമാ സെറ്റുകളില്‍ കുടുംബാന്തരീക്ഷമായിരുന്നു. വലുപ്പച്ചെറുപ്പങ്ങളില്ല. അയിത്തമോ ചാതുര്‍വര്‍ണ്യമോ കാണാനുമായില്ല. പുതിയ സിനിമയുടെ ചക്രവാളങ്ങള്‍ ഏറെ വികസിച്ചെങ്കിലും വ്യക്തിബന്ധങ്ങളുടെ തീവ്രത നേര്‍ത്തുപോകുന്ന അനുഭവമാണ്. പ്രേംനസീറുമായുള്ള ബന്ധം വാക്കുകളില്‍ വിവരിക്കാനാവില്ല. ഒരു കുടുംബം പോലെയായിരുന്നു. മനുഷ്യത്വത്തിന്റെ ഉജ്വല മാതൃകയായിരുന്നു അദ്ദേഹം. സമപ്രായക്കാരായിരുന്ന ഞങ്ങള്‍ മദിരാശിയിലെ സ്വാമീസ് ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ സ്വന്തം വിഷമമായി പരിഗണിക്കുമായിരുന്നു നസീര്‍ . അഭിയത്തോടൊപ്പം ചില സിനിമകളും ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. ആദ്യം പത്മരാജന്റെ "കൂടെവിടെ". റഹ്മാന്‍ ആദ്യമെത്തിയ സിനിമ. സുഹാസിനിയുടെ പ്രഥമ മലയാള ചിത്രം. "ആയിരം കണ്ണുകള്‍" വലിയ നഷ്ടം വരുത്തിവെച്ചതോടെ നിര്‍മാണം അവസാനിപ്പിച്ചുവെന്നതാണ് സത്യം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക 01 ജനുവരി 2012

Wednesday, January 4, 2012

മരണമില്ലാത്ത ജീവിതം KEN

ഒരമ്പത് കൊല്ലംമുമ്പ്, ചിലരെങ്കിലും കാല്‍പ്പനികമായ അര്‍ഥത്തില്‍ "ഗംഭീരം" എന്ന് മുദ്രകുത്തുന്ന പഴയ കേരളത്തില്‍ ഇന്നത്തെപോലെ സാമാന്യാര്‍ഥത്തില്‍ , "മനുഷ്യരക്തം" പോലും വ്യാപകമായിരുന്നില്ല. രോഗബാധിതരായവര്‍പോലും, കഴിയുന്നതും സ്വന്തം മതത്തില്‍പ്പെടുന്നവരുടെ രക്തംതന്നെ കിട്ടാല്‍ പരസ്യമായിത്തന്നെ ശ്രമിക്കുമായിരുന്നു! ഇത്തരമൊരവസ്ഥ മറികടക്കാന്‍വേണ്ടി പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അന്ന് നടത്തിയ ഇടപെടലുകളില്‍ ഉയര്‍ന്ന ഒരു പ്രധാന മുദ്രാവാക്യം, അന്നത്തെ കേരളീയാവസ്ഥയെയും അതിനെതിരെയുയര്‍ന്ന അന്നത്തെ പ്രതിഷേധത്തെയും ഒരേ സമയം വിശദമാക്കാന്‍ പര്യാപ്തമാണ്. "ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രൈസ്തവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം" എന്ന് ഞങ്ങളന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചത്, രക്തം വ്യത്യസ്ത ഗ്രൂപ്പുകളായിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാഞ്ഞിട്ടായിരുന്നില്ല. മറിച്ച് അതുപോലും ഉള്‍ക്കൊള്ളാനാവാത്തവിധം നമ്മുടെ സമൂഹം സങ്കുചിതമായതുകൊണ്ടായിരുന്നു. എന്നാലിന്ന് മലയാളികള്‍ പൊതുവായി "രക്തവിശുദ്ധി"യെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രോഗബാധിതമാവുന്ന സമയത്തെങ്കിലും കൈയൊഴിച്ചിരിക്കുന്നു.

സങ്കുചിത മതകാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍പോലും രോഗബാധിതമാകുമ്പോഴെങ്കിലും മതേതരവാദികളായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി "രക്തദാന സേനകള്‍" നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു. "ഞങ്ങളിലുള്ളത് ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് ഹിന്ദുരക്തം, ഞങ്ങളിലുള്ളത് ക്രൈസ്തവരക്തം" എന്ന പഴയ കാഴ്ചപ്പാടിന്റെ "ഫോസിലുകള്‍"പോലും പൊതുജീവിതത്തില്‍നിന്നെങ്കിലും അപ്രത്യക്ഷമായിരിക്കുന്നു. എന്നാലിന്നും രക്തദാനത്തെ അപേക്ഷിച്ച് എത്രയോ എളുപ്പമായ "നേത്രദാന"ത്തിന് ഇന്നും മലയാളികള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടില്ല. രക്തം കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വേദനപോലും, മരണാനന്തരം കണ്ണ് കൊടുക്കുമ്പോള്‍ ഉണ്ടാകില്ലെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും "എന്തുകൊണ്ടോ" കഴിയുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ് ഇന്ത്യയിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ നേത്രദാനഗ്രാമമായി മാറിയ കോഴിക്കോട് ജില്ലയിലെ "ചെറുകുളത്തൂര്‍" ജനാധിപത്യത്തിന്റെ പ്രചോദനകേന്ദ്രങ്ങളിലൊന്നായി മാറുന്നത്. ഇന്നലെവരെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് പറയാന്‍ കഴിഞ്ഞിരുന്നത്, മരണംവരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു. എന്നാലിന്ന്, മരണാനന്തരവും കാഴ്ചകളുടെ ലോകത്തിലെങ്കിലും എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് പറയാന്‍ ഓരോ ചെറുകൂളത്തൂര്‍കാരനും കഴിഞ്ഞിരിക്കുന്നു. എത്രമേല്‍ പരസ്പരം ഇടഞ്ഞാലും, "നിന്റെ കണ്ണടിച്ച് പൊട്ടിക്കു"മെന്ന് സമ്പൂര്‍ണ നേത്രദാനഗ്രാമമായി മാറിയ ചെറുകുളത്തൂരുകാരോട് പറയാന്‍ , ഒരു ജനാധിപത്യവാദിക്കും കഴിയില്ല. കാരണം ആ കണ്ണുകള്‍ ഇനിമുതല്‍ മനുഷ്യരാശിയുടെ പൊതുസ്വത്താണ്.

സിദ്ധാന്തവും പ്രയോഗവും ഒന്നിക്കുമ്പോഴാണ് മാതൃകകള്‍ പിറക്കുന്നത്. മക്കള്‍ക്ക് കാഴ്ചനല്‍കുന്നതിന് ഒരമ്മ ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം. അന്ധരായ രണ്ട് ആണ്‍മക്കള്‍ക്ക് കണ്ണുകള്‍ ദാനം ചെയ്യുന്നതിന് സമ്മതപത്രമെഴുതിവച്ച് അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ വ്യാസര്‍വാടി കൊടുങ്കയ്യൂര്‍ സെന്‍ട്രല്‍ നഗര്‍ സ്വദേശി ശങ്കറിന്റെ ഭാര്യ തമിഴ്ശെല്‍വി(40) ആണ് മക്കള്‍ക്ക് വെളിച്ചമേകാന്‍ സ്വയം മരണത്തിന്റെ ഇരുട്ടില്‍ അഭയം തേടിയത്. തന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്ത രണ്ടാണ്‍മക്കള്‍ക്ക് നല്‍കണമെന്ന് ആത്മഹത്യാകുറിപ്പ് എഴുതിയശേഷം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു....മരിച്ചാലും എന്നും നിങ്ങളോടൊപ്പം നിങ്ങളുടെ കണ്ണുകളായി ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്ന് മകന്‍ കുമരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.(പത്രവാര്‍ത്ത). കണ്ണുകള്‍ നല്‍കിയവരുടെ ബന്ധുക്കളും കിട്ടിയവരും കൂടിച്ചേര്‍ന്ന ഒരു കുടുംബസംഗമം കോഴിക്കോട്ടെ പ്രശസ്തമായ കണ്ണുരോഗാശുപത്രിയായ കോംട്രസ്റ്റില്‍ നടന്നു. നേത്രദാനം വഴി കണ്ണുലഭിച്ച വെള്ളിപറമ്പത്തുകാരനായ ബാബുരാജിനോട് കണ്ണുകള്‍ ലഭിച്ചപ്പോഴുള്ള അനുഭവം പറയാനാവശ്യപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരയുകയായിരുന്നുവത്രെ. എങ്ങനെ പറയുമതെന്ന് ചോദിച്ച് കണ്ണുകള്‍ കലങ്ങിയ ആ സന്ദര്‍ഭം "നേത്രദാനത്തിന്റെ" കരുത്തും കാന്തിയുമാകുമായിരുന്നു. ആരുടെയൊക്കെയോ കണ്ണും ചോരയും വൃക്കയും ഹൃദയവും ഒരു മനുഷ്യനില്‍ സംഗമിക്കുമ്പോള്‍ , മരിച്ചു പോകുന്നവര്‍ "ജീവിച്ചിരിക്കുന്നു" എന്ന് തിരിച്ചറിയുന്നതോടൊപ്പം, എന്തുകൊണ്ട് ജീവിത-മരണങ്ങളെ സംബന്ധിച്ച പഴയ കാഴ്ചപ്പാടുകള്‍ എന്നിട്ടും മരിക്കുന്നില്ല എന്നും നാം ചോദിക്കണം.

മരണത്തോട് സംവദിച്ചപ്പോള്‍ , മുമ്പ് മതതത്വശാസ്ത്രങ്ങളുടെ മുമ്പില്‍ ഒരു പൂര്‍ണ മൃതദേഹമുണ്ടായിരുന്നു. മറ്റാരുടേതുമല്ലാത്ത സ്വന്തമായ ഒരു മൃതദേഹം! അതിനന്ന് സാധാരണഗതിയില്‍ ചെയ്യാന്‍ കഴിയുമായിരുന്നത് മണ്ണില്‍ സാവധാനം ലയിക്കുകയോ തീയില്‍ പെട്ടെന്ന് ദഹിക്കുകയോ മാത്രമായിരുന്നു. അതിനപ്പുറം ഒരാലോചന വികസിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് സാമാന്യബോധത്തിന്റെ നാട്ടുനടപ്പിനെ നിവര്‍ന്ന്നിന്ന് വെല്ലുവിളിക്കുന്നതിന് നേതൃത്വം കൊടുത്ത നവോത്ഥാന പ്രസ്ഥാനമാണ്. കേരളത്തില്‍ ശ്രീനാരായണ ഗുരു മൃതദേഹത്തെ ദഹിപ്പിക്കുന്നതാണോ മറവുചെയ്യുന്നതാണോ നല്ലതെന്ന ചോദ്യത്തെ നേരിട്ടത് ചക്കിലിട്ടാട്ടി വളമായെടുത്ത് കൃഷിക്കുപയോഗിക്കുന്നതല്ലേ നല്ലത് എന്ന ഒരെതിര്‍ ചോദ്യത്തിലൂടെയായിരുന്നു. "അയ്യോ സ്വാമി അത് സങ്കടമാണ്" എന്ന് പ്രതികരിച്ച ശിഷ്യനോട് "എന്താണ് നോവുമോ" എന്നത്രേ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഗുരു ചോദിച്ചത്. എന്തായാലും മരിച്ചു. ഇനി ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്കനുസരിച്ച് ഉചിതമാംവിധം സംസ്കരിച്ചാല്‍ പോരേ എന്ന പ്രത്യക്ഷ പരിഹാസത്തിനൊപ്പം, മരണത്തെപ്പോലും ജനോപകാരപ്രദമാക്കാനാവുമോ എന്ന അത്ര പ്രകടമല്ലാത്ത ഒരന്വേഷണവും അതിലടങ്ങിയിരുന്നു. ആദ്യത്തേത് ശ്മശാനങ്ങളെപ്പോലും സംഘര്‍ഷകേന്ദ്രമാക്കുന്ന "സാമാന്യബോധ"ത്തിന്നെതിരെയുള്ള പൊട്ടിത്തെറിയായിരുന്നെങ്കില്‍ , രണ്ടാമത്തേത് ശ്മശാനങ്ങളെപ്പോലും ജീവിതത്തിന്റെ ശക്തികേന്ദ്രമാക്കാനുള്ള ഒരബോധ ആവേശമായിരുന്നു. ആധിപത്യം വഹിക്കുന്ന പതിവുകള്‍ക്കെതിരെ പ്രസ്തുത പ്രയോഗം പങ്കുവച്ച രോഷവും പരിഹാസവും ശരിയായി തിരിച്ചറിയപ്പെട്ടപ്പോഴും, അതില്‍ സന്നിഹിതമായിരുന്ന "സര്‍ഗാത്മകത" വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. ഒരു പക്ഷേ മരണാനന്തര ജീവിതങ്ങളെ ദീപ്തമാക്കുന്ന ഒരു സ്വപ്നം പോലുമായി അന്നത് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത് അന്ന് ശരീരാവയവങ്ങള്‍ കൈമാറ്റം ചെയ്യുന്ന ശാസ്ത്രീയ അറിവുകള്‍ ഉയര്‍ന്നു വരാത്തതുകൊണ്ടു മാത്രമല്ല, അത്തരം അറിവുകളുടെ അഭാവത്തില്‍പോലും, "മതചിന്ത" ചിട്ടപ്പെടുത്തിയ പരലോകാതിര്‍ത്തിയെ മുറിച്ചുകടക്കും വിധമുള്ള സാഹസിക സ്വപ്നങ്ങള്‍ പിറക്കാത്തത് കൊണ്ട് കൂടിയായിരുന്നു.

ജീവിതം വ്യത്യസ്ത "പ്രത്യയശാസ്ത്രങ്ങളുടെ" സംഘര്‍ഷാത്മക വിനിമയവേദിയാകുമ്പോഴും, "മരണം" മിക്കപ്പോഴും മതപ്രത്യയശാസ്ത്രങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് കീഴ്പ്പെടുന്നതുകൊണ്ടാണ് മരണാനന്തരം വികസിക്കേണ്ട ജനാധിപത്യ അന്വേഷണങ്ങള്‍ അലസിപ്പോവുന്നത്. തെമ്മാടിക്കുഴിക്കും പള്ളി വിലക്കുകള്‍ക്കുമിടയില്‍ തറയില്‍ വീണ കുപ്പിഗ്ലാസ്സ് കണക്ക് അതെല്ലാം പൊട്ടിച്ചിതറുന്നത്. മരണവീട്ടിലെ "വെളുത്ത മൗനങ്ങളില്‍നിന്ന്" പരലോകപക്ഷികള്‍ മാത്രം ചിറകടിച്ചു പറക്കുന്നത്. ജന്മത്തില്‍ ആഹ്ലാദമായും വളര്‍ച്ചയില്‍ അഭിനന്ദനമായും വീഴ്ചകളില്‍ വിമര്‍ശനമായും രോഗാവസ്ഥകളില്‍ സാന്ത്വനമായും സൗഹൃദങ്ങളില്‍ "കളികളായും" കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിത്യസാന്നിധ്യമായ "സമൂഹം" മരണത്തിനുമുമ്പില്‍ ഇന്നലെവരെ എത്തിയത് വെറുമൊരു അനുശോചനവുമായിട്ടാണ്. എന്നാലിനിമുതലത് "അനുശോചനങ്ങളോടൊപ്പം" "അന്വേഷണവേദികള്‍" കൂടിയായി മാറേണ്ടിയിരിക്കുന്നു. "എന്റെ അവസാനത്തെ ശ്വാസംവരെ നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന" പഴയ തീര്‍പ്പുകള്‍ , മരണാനന്തരവും ഞാന്‍ നിങ്ങളോടൊപ്പം പുതുരൂപങ്ങളില്‍ തുടരുമെന്ന പ്രതിജ്ഞകള്‍ക്ക് വഴി മാറേണ്ടിയിരിക്കുന്നു. മൃതദേഹങ്ങള്‍ക്ക്പോലും സാമൂഹ്യപ്രവര്‍ത്തനം തുടരാന്‍ കഴിയുന്ന പുതിയ പശ്ചാത്തലത്തെ ഉള്ളിന്റെയുള്ളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് ആവേശപൂര്‍വം ആരംഭിക്കേണ്ടിയിരിക്കുന്നത്. "കൊള്ളാന്‍ വല്ലതുമൊന്ന്, കൊടുക്കാനില്ലാതില്ലൊരു മുള്‍ച്ചെടിയും, ഉദയക്കതിരിനെമുത്തും മാനവ ഹൃദയപ്പൂന്തോപ്പില്‍" എന്ന വൈലോപ്പിള്ളിയുടെ കാവ്യയുക്തിക്കുമുമ്പില്‍ നിന്നാണ്, സംസ്കാരസംഘട്ടനമെന്ന ഹണ്ടിങ്ടന്റെ മനുഷ്യവിദ്വേഷത്തിന്റെ ക്രൂരയുക്തിയുടെ നടുവില്‍നിന്നല്ല മനുഷ്യര്‍ പുളകത്തിന്റെ പൂക്കള്‍ കണ്ടെടുക്കേണ്ടത്. ആന്തരികാവയവങ്ങള്‍ മാത്രമല്ല, പഴയ പല്ലും നഖവും തൊലിയുമടക്കം മരണശേഷം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്നതെന്തും എന്നില്‍ നിന്നെടുത്തോളൂ എന്ന വിനയപൂര്‍ണമായ അപേക്ഷ ചരിത്രത്തില്‍ സമര്‍പ്പിക്കപ്പെടും മുറയ്ക്കാണ് മനുഷ്യരാശിയുടെ ജീവിതം ചൈതന്യ നിര്‍ഭരമാകുന്നത്. അപ്പോഴാണ് "അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്റെ സൂഖത്തിനായ് മാറുന്നത്".

സാര്‍ത്രിന്റെ ഒരനുരാഗിയായ കഥാപാത്രം അത്രമേല്‍തന്നെ ഇഷ്ടമായ പ്രിയപ്പെട്ടവനോട് നിനക്കെന്റെ കുടലുകള്‍ ഇഷ്ടമാണോ എന്ന് ചോദിച്ചത് വായിച്ചതോര്‍മയിലുണ്ട്. കുട്ടികളെ ലാളിക്കുമ്പോഴും പ്രണയലീലകളിലേര്‍പ്പെടുമ്പോഴും കണ്ണും മൂക്കുമടങ്ങുന്ന ബാഹ്യശരീരഭാഗങ്ങള്‍ വര്‍ണിക്കപ്പെടുകയും കരള്‍ , ഹൃദയം തുടങ്ങിയ "ആന്തരികാവയവങ്ങള്‍" സ്നേഹസൂചകമായ സംബോധനകളായി കടന്നുവരികയും ചെയ്യും. എന്നാലപ്പോഴും വൃക്കയും കുടലുമടക്കമുള്ള ഭാഗങ്ങള്‍ സ്നേഹലീലകളില്‍ വിളിച്ചുണര്‍ത്തപ്പെടുകയില്ല. അതിനെ ഒന്ന് പ്രകോപിപ്പിച്ചതാവണം അന്ന് സാര്‍ത്ര്. എന്നാലിന്ന് "ഭാവനയുടെ ഭൂപടം" തന്നെ മാറ്റിവരയ്ക്കാനവസരമൊരുക്കും വിധം അറിവുകള്‍ പരിവര്‍ത്തന വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

രണ്ട്

മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയം അബ്രഹാമിന് നല്‍കിയപ്പോള്‍ സുകുമാരന്റെ മക്കളും ബന്ധുക്കളും പുതിയ കാലത്തിന്റെ മാര്‍ഗദര്‍ശികളായി മാറുകയായിരുന്നു. അതിലെ ഹൃദ്യമായ സമര്‍പ്പണം നമ്മെ വിനയാന്വിതരാക്കുമ്പോള്‍ , അതില്‍ സന്നിഹിതമായ ആഹ്വാനം നമ്മെ ആവേശഭരിതമാക്കുകയും ചെയ്യേണ്ടതുണ്ട്. "സുകുമാരന്റെ ഹൃദയം നിലച്ചു. അബ്രഹാം മരിച്ചു".ഇത്തരമൊരു തലക്കെട്ട് 2003നു മുമ്പ് ഒരു മലയാളപത്രത്തിനും അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. 2003 മെയ് 13ന് വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തെങ്ങുകയറ്റ തൊഴിലാളിയായ സുകുമാരന്റെ ഹൃദയം അബ്രഹാമിലേക്ക് മാറ്റിവച്ചത് പ്രതിഫലംപോലും നല്‍കാതെയാണ്. മാനവികത പൂത്തുനിന്ന ഒരു ചരിത്ര മുഹൂര്‍ത്തത്തെയാണ് പ്രസ്തുത പത്രവാര്‍ത്ത പ്രതിനിധീകരിച്ചതെങ്കില്‍ , 2003 മെയ് 13ന് സുകുമാരന്റെ ശവദാഹം. "പുലവീട്ടല്‍ കര്‍മങ്ങള്‍ അന്ന് ഒഴിവാക്കിയിരുന്നു." ഹൃദയം നിലയ്ക്കാത്ത അവസ്ഥയില്‍ പുലകര്‍മങ്ങള്‍ പാടില്ലായെന്ന പുരോഹിത നിര്‍ദേശമനുസരിച്ചാണ് അന്നത് ചെയ്തത് എന്ന വിവരണം പ്രതിനിധീകരിക്കുന്നത് മാറിവന്ന വസ്തുനിഷ്ഠ അവസ്ഥയോട് പൊരുത്തപ്പെടാനാവാത്ത ഒരാത്മനിഷ്ഠ അവസ്ഥയുടെ അവികസിതാവസ്ഥയേയാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും മനുഷ്യന്റെ ഭാവിയിലേക്ക് പ്രവേശിക്കാനുള്ള സന്നദ്ധതയുമാണ് "ഭൂതകാലത്തിന്റെ ഭാരം" നിമിത്തം ഇവിടെ പ്രതിസന്ധി നേരിടുന്നത്. അവയവ വിനിമയ വേദിയായി മാറുന്ന പുതിയ ശരീരത്തിന് സാമ്പ്രദായികാര്‍ഥത്തിലുള്ള "സമഗ്രത" അവകാശപ്പെടാനാവില്ല. പഴയ മരണാനന്തര അനുഷ്ഠാനങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ആധുനികോത്തര മൃതദേഹങ്ങളെ പഴയതുപോലെ പരിചരിക്കാനാവില്ല. പുതിയ "മതവിധികള്‍ കൊണ്ട്" അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജനാധിപത്യ നിലപാടുകള്‍ ആദരവ് അര്‍ഹിക്കുന്നു.

അതേസമയം സമ്പൂര്‍ണ മൃതദേഹങ്ങളെ സംബോധന ചെയ്ത മരണാനന്തര ചടങ്ങുകള്‍ മാറിവന്ന പുതിയ സാഹചര്യത്തില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് സ്വയം വിധേയമാകാതെ ഇനിയും ആവര്‍ത്തിക്കുന്നത് ഉചിതമല്ല. ഒരര്‍ഥത്തില്‍ മൃതദേഹം സംബന്ധിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ദൈവശാസ്ത്രങ്ങള്‍ക്കും മാനവിക സമീപനങ്ങള്‍ക്കും മുമ്പിലുയര്‍ത്തികഴിഞ്ഞ വെല്ലുവിളികള്‍ അത്ര ചെറുതല്ല. മൃതദേഹങ്ങള്‍ ഇന്ന് ആദരവ്/ അനാദരവ് എന്നതിനപ്പുറം ആഴത്തിലുള്ള അപഗ്രഥനമാണ് ആവശ്യപ്പെടുന്നത്. ബന്ധുക്കളുടെ പരമ്പരാഗതമായ ഇഷ്ടങ്ങളില്‍ വച്ചാവരുത്, മറിച്ച്, സ്വന്തം ശരീരത്തെക്കുറിച്ച് ഓരോ മനുഷ്യനും സ്വീകരിക്കുന്ന സമീപനങ്ങളില്‍ വച്ചാവണം നമ്മുടെ മൃതദേഹപരിചരണത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ രൂപംകൊള്ളേണ്ടത്. സ്വന്തം ജീവിതകാലത്ത് മാത്രമല്ല, ജീവിതശേഷവും ഓരോ മനുഷ്യന്റെയും ഇഛാശക്തി സ്വന്തമായ ജീവിതം തുടരേണ്ടതുണ്ട്.

മൂന്ന്

"മുള്‍വേലി/ പൂത്തിരിക്കുന്നു/ അതിര്‍ത്തിയെക്കുറിച്ചു/ നാം വെച്ച ഒച്ചകള്‍ക്കെല്ലാം/ മീതെയായി" (വീരാന്‍കുട്ടി). അപകടത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട അരുണ്‍ജോര്‍ജ് ഇന്ന് അതിര്‍ത്തികള്‍ക്കപ്പുറം പൂത്തുനില്‍ക്കുന്നൊരു സ്നേഹ സാന്നിധ്യമാണ്. കണ്ണീര്‍കയത്തില്‍നിന്ന് പൊങ്ങിവന്ന കാരുണ്യത്തിന്റെ പ്രകാശമായി, ഇന്നാജീവിതം വളരുകയാണ്. ജീവിതത്തിന്റെ ശരീരത്തില്‍ "മരണം" എഴുതുന്ന ആദ്യത്തേയും അവസാനത്തേയും കവിതയാണ് അവയവദാനം. ഇനിയൊരിക്കലും പരസ്പരം കണ്ടെത്താന്‍ കഴിയാത്തവരുടെ, അനുഭൂതിസാന്ദ്രമായ ഒത്തുചേരലാണത്. ഇന്നലെവരെ കാണാത്തവരും കേള്‍ക്കാത്തവരും തമ്മിലുള്ള അസാധാരണമായ ഒരാശ്ലേഷം സംഭവിക്കുകതന്നെയാണ്. അരുണ്‍ജോര്‍ജ് പകുത്ത്നല്‍കിയത് സ്വന്തം കണ്ണും കരളും വൃക്കകളും മാത്രമല്ല; എന്നുമെന്നും സ്പന്ദിക്കുന്ന ഉദാത്തമായൊരു മാനവിക കാഴ്ചപ്പാടാണ്. അവയവങ്ങളായി പിരിച്ചെഴുതാനാവാത്ത, ഒരു മഹാസമഗ്രതയുടെ സമര്‍പ്പണമാണ് അരുണിന്റെ അമ്മ ത്രേസ്യാമ്മ ഫ്രാന്‍സിസും അച്ഛന്‍ ജോര്‍ജും മനുഷ്യരാശിക്കുമുമ്പില്‍ നിര്‍വഹിച്ചിരിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്തൊരു സ്നേഹനഷ്ടത്തിന്റെ സമുദ്രത്തില്‍നിന്നും അവര്‍ നിര്‍വചനങ്ങള്‍ക്കൊക്കെയുമപ്പുറമുള്ള മറ്റൊരു സ്നേഹതീരത്തിലേക്കാണ് സാഹസികമായി സഞ്ചരിച്ചെത്തിയിരിക്കുന്നത്. "മരണപ്പെട്ടാല്‍ അന്ത്യവിശ്രമസ്ഥാനം ഭൂമിയില്‍ അന്വേഷിക്കാതിരിക്കുക; അവ മനുഷ്യഹൃദയങ്ങളില്‍ കാണുക"(റൂമി). മരണം ഒരനിവാര്യതയാണെങ്കില്‍ , അവയവദാനവും അത്രതന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. മരണം ഒരു ജൈവയാഥാര്‍ഥ്യമാണെങ്കില്‍ ; അവയവദാനം സാംസ്കാരികമായ ഒരാവിഷ്കാരമാണ്. "മരണം" നമ്മുടെ അനുവാദമില്ലാതെ കടന്നുവരും. എന്നാല്‍ , "അവയവദാനം" നമ്മുടെ സമ്മതംകാത്ത്, ഉമ്മറവാതിലില്‍ നില്‍ക്കുകയാണ്! ഒരുകാര്യം അഭിനന്ദനാര്‍ഹമായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ , തീര്‍ച്ചയായും അക്കാര്യം സ്വയം നിര്‍വഹിക്കാന്‍ അഭിമാനത്തോടെ നമ്മളും സന്നദ്ധമാവണം.

ഒരു ജനസമൂഹം ആധുനികരാവുന്നത് മുമ്പാരോ തയ്യാറാക്കിവച്ച "പാരമ്പര്യ"ത്തെ നിഷ്ക്രിയമായി സ്വയം സ്വീകരിക്കുമ്പോഴല്ല; മറിച്ച് സ്വന്തം കാലത്തിന്റെ സാധ്യതകളെ സ്വാംശീകരിച്ചുകൊണ്ട് തങ്ങളെതന്നെ സ്വയം പുതുക്കി പണിയുമ്പോഴാണ്. "പാരമ്പര്യത്തെ ഞാന്‍ പുതിയതാക്കി, പാരമ്പര്യം എന്നെ പക്ഷേ പഴഞ്ചനാക്കി" എന്ന് കെ ജി എസ് പാടിയ അവസ്ഥയില്‍നിന്ന് പുറത്ത്കടക്കണമെങ്കില്‍ , ഓരോ കാലവും സ്വന്തം "പാരമ്പര്യങ്ങള്‍" സൃഷ്ടിക്കണം. ഭൂതത്തിന്റെ സാധ്യതകളെ സ്വന്തമാക്കുന്നതോടൊപ്പം വര്‍ത്തമാനത്തില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യണം. അവയവദാനത്തെ പുതിയകാലത്തിന്റെ ജ്വലിക്കുന്നൊരു പാരമ്പര്യമായി ഭാവിക്കുമുമ്പില്‍ അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. അയിത്തത്തിന്റെയും ആഭിജാത്യ സങ്കല്‍പങ്ങളുടെയും അന്ത്യമാണ് പുതിയ അവയവദാന പാരമ്പര്യം സാധ്യമാക്കിയിരിക്കുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രാതിര്‍ത്തികള്‍ക്കും അപ്പുറംവച്ച്, മനുഷ്യരുടെ "അകങ്ങള്‍" അടുക്കുകയാണ്, ആന്തരികാവയങ്ങള്‍ , കൂട് വിട്ട് കൂട് മാറുകയാണ്! "എന്നെ തൊടല്ലേ" എന്ന് എത്ര ആഗ്രഹിച്ചാലും ആര്‍ക്കും പറയാന്‍ കഴിയാത്തവിധം നമ്മുടെ ശരീരത്തിന്റെ "ഭൂമിശാസ്ത്രവും" സാമൂഹ്യശാസ്ത്രവും അടിസ്ഥാനപരമായി മാറുകയാണ്. പഴയത്പോലെ ഇനി നമുക്ക് ഒരു "ക്ലാസിക്കല്‍ മൃതദേഹത്തെ"പോലും കണ്ടുകിട്ടുക പ്രയാസമാവും! ജീവിച്ചിരിക്കുമ്പോള്‍ , ആ ശരീരം ആര്‍ക്കൊക്കെയോ ചോരകൊടുത്തിരിക്കും, ആരില്‍നിന്നൊക്കെയോ ചോരവാങ്ങിയിരിക്കും, വൃക്കകൈമാറ്റം നടന്നിരിക്കും, കരളും പകുത്ത് കൊടുത്തിരിക്കും; "പുറം" അങ്ങിനെതന്നെ നിന്നാലും അകത്ത് ഒരു "കുലുക്കികുത്ത്" നടന്നിരിക്കും! ആന്തരികാവയവങ്ങളെല്ലാം ഇവ്വിധം വച്ചുമാറിയ ഒരു മനുഷ്യന്‍ മരിക്കുന്നതോടെ, ഒരു "പോസ്റ്റ്മോഡേണ" മൃതദേഹം പിറന്നു കഴിഞ്ഞിരിക്കും. പഴയ "ക്ലാസിക്കല്‍ മൃതദേഹത്തെ" സ്വന്തം വരുതിയില്‍നിര്‍ത്താന്‍ കഴിഞ്ഞ മരണാനന്തര ചടങ്ങുകള്‍ക്ക്; പോസ്റ്റ്മോഡേണ്‍ മൃതദേഹത്തിനുമുമ്പില്‍ സ്വയം വിയര്‍ക്കേണ്ടി വരും!

മനുഷ്യര്‍ എത്രമേല്‍ മാറിയാലും, മനുഷ്യരിപ്പോഴും മാറിയിട്ടില്ലെന്ന് ചിലര്‍ വാദിച്ചുകൊണ്ടേയിരിക്കും! അത് "പഴയ പരിമിതികളെ" ഇപ്പോഴും പൂര്‍ണമായി മറികടക്കാന്‍ കഴിയാത്ത ഏതൊരു പുതിയ കാലത്തിന്റെയും നിസ്സഹായതയുടെ തെളിവാണ്! എങ്കിലും മുമ്പത്തേക്കാള്‍ നാം എത്രമാത്രം മാറി എന്നറിയണമെങ്കില്‍ "മുമ്പത്തെ" ജീര്‍ണസ്ഥിതി വീണ്ടും ഒരിക്കല്‍കൂടി ഒന്നോര്‍മിച്ചാല്‍ മതിയാകും. "നരനു നരനശുദ്ധ വസ്തുപോലും/ധരയില്‍ നടപ്പതു തീണ്ടലാണുപോലും/നരകമിവിടമാണു ഹന്ത കഷ്ടം/ ഹരഹര ഇങ്ങിനെ വല്ലനാടുമുണ്ടോ?" എന്ന് ആശാനും "ജാതി ഹാ! നരകത്തില്‍നിന്നു പൊന്തിയ ശബ്ദം/ പാര്‍തിന്നും പിശാചിന്റെ ഏട്ടിലെ രണ്ടക്ഷരം" എന്ന് വള്ളത്തോളും പാടിയത് ആ മനോഹര കാലത്തെക്കുറിച്ചാണ്! ആര്‍ക്കൊക്കെ എത്ര അസ്വാസ്ഥ്യകരമായാലും അവയവദാനത്തെക്കുറിച്ചുള്ളൊരാലോചനയില്‍ , ഭൂതകാലത്തെക്കുറിച്ചൊരു അനുസ്മരണം ഒരനിവാര്യതയാണ്. "പഴയകഥകള്‍ പഠിക്കണം" എന്ന പേരില്‍ കക്കാട് എഴുതിയ ഒരു കവിതയിങ്ങനെ: "സന്ധ്യയും പ്രഭാതവും ആരേയും കാത്തുനില്‍ക്കുന്നില്ല/ വരുമെന്ന് പറഞ്ഞവനേയും/ പോകുമെന്ന് പറഞ്ഞവനേയും/ കര്‍മം മടിച്ചുനിന്നാലും/ കാലം കാത്തുനില്‍ക്കില്ല-" ക്ഷോഭിച്ചിട്ട് കാര്യമില്ല/ പഴയകഥകള്‍ കേള്‍ക്കണം,/ കേള്‍ക്കാതെ ഒന്നും മനസ്സിലാകില്ല/ ഇടവപ്പാതിക്കു പാടത്തിറങ്ങാത്തവന്‍/ കന്നിപ്പാടത്ത് കതിര്‍കൊയ്യുന്നില്ല/ മുത്തശ്ശി പറഞ്ഞതാണ്."

വൈദ്യവിദ്യാഭ്യാസത്തില്‍ റാങ്കുണ്ടായിരുന്ന ഡോക്ടര്‍ പല്‍പ്പുവിന് യോഗ്യതയില്ലാതിരുന്നത്കൊണ്ടല്ല, മറിച്ച് അവര്‍ണര്‍ ചികിത്സിച്ചാല്‍ ആമാശയം ചീത്തയാകുമെന്ന് സവര്‍ണ പ്രത്യയശാസ്ത്രം "കണ്ടുപിടിച്ചതുകൊണ്ടാണ്" പൊന്നുതിരുമേനിമാരുടെ അന്നത്തെ ധര്‍മരാജ്യത്തില്‍നിന്ന് പല്‍പ്പുവിന് പുറത്തുപോകേണ്ടി വന്നത്. 1904ല്‍ പാലക്കാട് മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ കെ കൃഷ്ണന്‍ എന്ന ഈഴവനെ നിയമിച്ചതിനെതിരെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചതിന്റെ പിന്നിലും ഇതേ പ്രത്യയശാസ്ത്രംതന്നെയാണ് പ്രവര്‍ത്തിച്ചത്! "സ്വന്തം മക്കള്‍ വെള്ളത്തില്‍ മുങ്ങി ചത്തുപോയാലും പുലയന്റെ കൈകൊണ്ട് രക്ഷപ്പെടേണ്ട" എന്നു വാശിപിടിച്ച മാതാപിതാക്കളെക്കുറിച്ചത്രെ ഉള്ളൂര്‍ അന്ന് പാടിയത്! "അയിത്തായിട്ട് ജീവിക്കുന്നതിനേക്കാള്‍ ഭേദം ശുദ്ധായിട്ട് മരിക്കുന്നതാണ് നല്ലതെന്ന" കാര്യത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ പഴയ തമ്പുരാട്ടിമാരില്‍ ചിലര്‍ക്ക് സംശയമേ ഉണ്ടായിരുന്നില്ല!

ഒരധ:സ്ഥിതകുട്ടിയെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചു എന്ന് കേട്ടപ്പോഴാണത്രേ നാട്ടുപ്രമാണിയായ ഊന്നുപാറ നായര്‍ ബോധംകെട്ട് വീണുപോയത്! "ഈച്ച പൂച്ച നായ നസ്രാണി എന്നിവര്‍ക്ക് അയിത്തമില്ല" എന്നുള്ളത് വലിയൊരു ആക്ഷേപമായിട്ടാണ് അന്ന് പരിഗണിച്ചിരുന്നത്. "നാല്‍ക്കാലികളെക്കാളും താഴെയാണോ ഇക്കാണും മാനുഷസോദരന്മാര്‍" എന്ന് "ജാതിക്കുമ്മി"യില്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍ സങ്കടപ്പെട്ടത് ഇവ്വിധമുള്ള അയിത്തപിശാചിന്റെ അസ്സല്‍മുഖം കണ്ടപ്പോഴാണ്. "അയിത്തമെന്നത് അടിമത്തത്തേക്കാള്‍ ബീഭത്സമാണ്" എന്ന് അംബേദ്ക്കറും; "ശങ്കരാചാര്യര്‍ വലിയ ആളായിരുന്നിരിക്കാം, ജാതിയുടെ കാര്യത്തില്‍ പക്ഷേ ചെറിയ ആളായിരുന്നു" എന്ന് ശ്രീനാരായണഗുരുവും സാക്ഷ്യപ്പെടുത്താന്‍ നിര്‍ബന്ധിതമായത്, ജാതിപ്രത്യയശാസ്ത്രം തുറന്നുവിട്ട "അയിത്തഭൂത"ത്തിന്റെ ഭീകരത ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം. ശ്രീനാരായണഗുരുവിനുപോലും വൈക്കം ക്ഷേത്രത്തിനുപുറത്തുള്ള വഴിയെ സഞ്ചാരം നടത്താന്‍ സ്വാതന്ത്ര്യം ഇല്ലെന്നറിയുന്നത് എന്നെ വേദനിപ്പിക്കുന്നു എന്ന് കെ പി കേശവമേനോന്‍ എഴുതിയിട്ടുണ്ട്. നാഗമയ്യയുടെ "മാന്വലില്‍" പറഞ്ഞിരിക്കുന്നത്, ഈഴവരുടെ കൂട്ടത്തില്‍ "നാണു" എന്നൊരു യോഗ്യനുമുണ്ട് എന്നത്രെ!

വൈദ്യന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നതും അവരില്‍നിന്ന് ഭക്ഷണം സ്വീകരിക്കുന്നതിനും പഴയകാലത്ത് വിലക്കുണ്ടായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല! എന്നാല്‍ മനു അവരുടെ ഭക്ഷണത്തില്‍ കണ്ടത് ചോരയും ചലവുമാണ്. വൈദ്യന്മാരെ മനു ഉള്‍പ്പെടുത്തിയതാവട്ടെ കള്ളന്മാര്‍ക്കും വേശ്യകള്‍ക്കുമൊപ്പവും! തമ്പുരാക്കന്മാരുടെ കൈ "തൃക്കൈ" ആയിരുന്നപ്പോള്‍ അധ:സ്ഥിതന്റെ കൈ വെറും പഴങ്കൈ! അവരുറങ്ങുന്നത് പള്ളിക്കുറുപ്പ്, അധ:സ്ഥിതരുടേത് "നിലംപൊത്തല്‍"! അവര്‍ മൂത്രമൊഴിക്കുന്നത് "തിരുവെള്ളം വീഴ്ത്തല്‍!" മറ്റുള്ളവരുടേത് "നാറ്റവെള്ളം വീത്തല്‍!?" അങ്ങിനെയാണെങ്കില്‍ , ആന്തരികാവയവങ്ങളുടെ കൈമാറ്റകാലത്ത്, "തൃവൃക്കകളും", "പീറവൃക്കകളും", തിരുകരളുകളും, വാട്ടകരളുകളും, തിരുകൊടലും, തീട്ടകൊടലും എന്നിങ്ങനെയുള്ള വേര്‍തിരിവുകളും മുമ്പായിരുന്നെങ്കില്‍ ഭാഷയില്‍ ഉണ്ടായിവരുമായിരുന്നു.

നാല്

ഇന്ന് നമുക്ക് ആരെന്തുപറഞ്ഞാലും, നമ്മള്‍ ശ്വസിക്കുന്ന വായു ഒന്ന്, കുടിക്കുന്ന വെള്ളമൊന്ന്, മുറിഞ്ഞാല്‍ ഒഴുകുന്ന ചോര ഒന്ന്, വേദനിച്ചാല്‍ നിലവിളിക്കുന്ന ഭാഷ ഒന്ന് എന്നൊക്കെപറയാന്‍ ഒരു മതാചാര്യന്റെയും സമ്മതം വേണ്ട. മതമേതായാലും, എത്ര പ്രാകൃതമായി ജീവിച്ചാലും, ഇത്തരം പരിഷ്കൃതാശയങ്ങള്‍ പറയാന്‍ ഇപ്പോള്‍ നമുക്കൊരു പ്രയാസവുമില്ല. എന്നാല്‍ ഇങ്ങിനെയൊരു "നിരുപദ്രവചോദ്യം"പോലും മുമ്പ് സാധ്യമായിരുന്നില്ലെന്ന് മനസ്സിലാക്കാന്‍മാത്രം ഹിന്ദു നവോത്ഥാനനായകനായ ദയാനന്ദ സരസ്വതിയുടെ "സത്യാര്‍ഥപ്രകാശ"ത്തില്‍ നിന്നുള്ള ഒരുഭാഗം എടുത്തുചേര്‍ക്കുന്നു.

"ചണ്ഡാളന്റെ ശരീരം ദുര്‍ഗന്ധപരമായ അണുക്കളെകൊണ്ട് നിറഞ്ഞിരിക്കുന്നു. ബ്രാഹ്മണാദി ജാതികളുടെ ശരീരം അങ്ങിനെയുള്ളതല്ല. അമ്മ, സ്വശ്രു, സഹോദരി, പുത്രി പുത്രഭാര്യ" എന്നിവരുടെയെല്ലാം ശരീരം ഏതുവിധത്തില്‍ ചര്‍മംകൊണ്ട് ഉണ്ടാക്കിയതാണോ അതേവിധത്തില്‍ ചര്‍മംകൊണ്ടുണ്ടാക്കിയതാണ് അവനവന്റെ ഭാര്യയുടെ ശരീരവും. അതുകൊണ്ട് നിങ്ങള്‍ ഭാര്യയോട് പെരുമാറുന്നതുപോലെ അമ്മ മുതലായവരോടും പെരുമാറുമോ? ഉത്തമമായ അന്നം കൈകൊണ്ട് എടുത്ത് വായകൊണ്ട് ഭക്ഷിക്കുന്നത്പോലെ ദുര്‍ഗന്ധമുള്ള പദാര്‍ഥങ്ങളെയും ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍ മലാദിവസ്തുക്കളെയും നിങ്ങള്‍ ഭക്ഷിക്കുമോ? ജാതി ഏതായാലും നമ്മളൊന്നല്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്ന് ഓര്‍ക്കണം!

മുസ്ലീം നവോത്ഥാന നായകരില്‍ പ്രമുഖനായ "മക്തി തങ്ങളുടെ" ജീവചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം, ഗൗരവപൂര്‍ണമായ അന്വേഷണങ്ങള്‍ക്കിടയിലെ ഒരു തമാശക്കുവേണ്ടിമാത്രം ഇവിടെ ചേര്‍ക്കുന്നു. ആലുവായ്ക്കടുത്ത മാഞ്ഞാരിയില്‍ വച്ചു ക്രൈസ്തവപാതിരിമാരും മക്തി തങ്ങളുമായി തുറന്ന വിവാദം നടന്നു. "ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചിരുന്നു. മുഹമ്മദ് മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടോ? ക്രൈസ്തവ പാതിരി ചോദിച്ചു. മക്തി തങ്ങള്‍ സര്‍വസ്വവും ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: "നിങ്ങള്‍ ഒരു മണിക്കൂറിനിടയില്‍ ഒരു ശവം ഇവിടെ എത്തിച്ചാല്‍ ഞാന്‍ ജീവിപ്പിക്കും". ക്രൈസ്തവര്‍ പല സംഘങ്ങളായി ഒരു മനുഷ്യശവം ലഭിക്കാന്‍ പലഭാഗങ്ങളിലേക്കും ഓടിനോക്കി. അവര്‍ക്കു ശവം ലഭിച്ചില്ല. അവര്‍ പരാജിതരായി. ഈ വാദം കുറച്ചു കടന്നതായിപ്പോയെന്നു തങ്ങളുടെ അഭ്യുദയകാംക്ഷികള്‍പോലും അഭിപ്രായപ്പെട്ടിരുന്നു. "അല്ലാഹു അവന്റെ ദീനിനെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല" എന്നത്രേ അതിന്ന് തങ്ങളവര്‍ക്ക് പ്രത്യുത്തരം നല്‍കിയത്. (മക്തി തങ്ങളുടെ ജീവചരിത്രം-കെ കെ മുഹമ്മദ് അബ്ദുള്‍ കരീം).

അങ്ങനെയൊക്കെയുളള ഒരു കാലത്തില്‍നിന്ന്; അവയവദാനം അടക്കം സാധ്യമായ ഇങ്ങനെയൊക്കെയുള്ള ഒരു കാലത്തെത്തുമ്പോള്‍ നമ്മളേറെ മാറിയിട്ടുണ്ട്. ഇനിയുമേറെ മാറേണ്ടതുണ്ട്! 1940ല്‍ അമേരിക്കയില്‍ റെഡ്ക്രോസ് കറുത്തവരുടെയും വെളുത്തവരുടെയും രക്തം വേറെവേറെയാണത്രേ സംഭരിച്ചത്! ഇവിടെ ഹിന്ദുരക്തത്തിന്റെയും ഇസ്ലാം രക്തത്തിന്റെയും പേരിലാണ് യാഥാസ്ഥിതികര്‍ മുമ്പ് പരസ്പരം ഇടികൂടിയതെങ്കില്‍ അവിടെ കറുത്തരക്തവും വെളുത്തരക്തവുമാണ് പരസ്പരം ഏറ്റുമുട്ടിയത്! രക്തബാങ്ക് സമ്പ്രദായം രൂപപ്പെടുത്തിയ ചാള്‍സ് ഡ്യൂ എന്ന കറുത്ത വംശജനായ ഡോക്ടര്‍ ഈയൊരസംബന്ധ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ , ആ വേര്‍തിരിവ് ഇല്ലാതാക്കാനല്ല, മറിച്ച് ആ വേര്‍തിരിവില്ലാതാക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്! എന്നാലിത് ഒരു ചാള്‍സ്ഡ്യൂവിന്റെ മാത്രം അനുഭവമായിരുന്നില്ല. ശവപരിശോധന നിര്‍വഹിച്ച വെസാലിയസിനും പീഡനാനുഭവങ്ങള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. അതിനേക്കാള്‍ അത്ഭുതകരമായിരുന്നു ബ്രിട്ടനിലെ കോമണ്‍സഭയുടെ ക്രാന്തദര്‍ശിത്വം. പ്ലേഗ് എന്ന മഹാരോഗത്തിന്റെ കാരണം അവര്‍ കണ്ടെത്തിയത് പ്രശസ്ത ചിന്തകനായ ഹോബ്സിന്റെ പുസ്തകത്തിലാണ്!

അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ചാള്‍സ് അഞ്ചാമന്റെ കൃപകൊണ്ടാണ് അദ്ദേഹം അന്ന് ഒരുവിധം രക്ഷപ്പെട്ടത്. എന്നിട്ടും "ആധുനിക വൈദ്യശാസ്ത്രം" ഇന്ന്കാണുംവിധം അവിടെ വളര്‍ന്നു. ഇന്നത് ഹൃദയമുള്‍പ്പെടെയുള്ള അവയവമാറ്റത്തില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയുടെ തദ്ദേശീയവൈദ്യങ്ങളില്‍ മുഖ്യമായ ആയുര്‍വേദത്തിന് അത്തരമൊരവസ്ഥയിലേക്ക് കുതിക്കാന്‍ എന്തുകൊണ്ടാണ് കഴിയാതെ പോയത്? നാഡിപിടിച്ച് മൃത്യുദേവതയുടെ ചുവടുവയ്പ്പുകള്‍ തിരിച്ചറിയുന്ന "ആരോഗ്യനികേതനം" എന്ന നോവലിലെ ജീവന്‍മശായിയെപ്പോലുള്ള മഹാന്മാരായ നിരവധി ഭിഷഗ്വരന്‍മാര്‍ക്ക് ജന്മം നല്‍കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞു. അതേസമയം ശസ്ത്രക്രിയാരംഗത്ത് ആവിധമുള്ള വൈദ്യപ്രതിഭകളെ വികസിപ്പിച്ചെടുക്കാന്‍ അതിന് കഴിയാതെ പോവുകയും ചെയ്തു. അവയവകൈമാറ്റത്തിലേക്ക് വളരുംവിധം ആയുര്‍വേദത്തില്‍ വികസിച്ചുവരാന്‍ സാധ്യതയുണ്ടായിരുന്ന ശസ്ത്രക്രിയയെ "കരിച്ചു കളഞ്ഞത്" സവര്‍ണ പ്രത്യയശാസ്ത്രമാണ്. ആയുര്‍വേദത്തിന്റെ ഇന്നത്തെ സാധ്യതക്ക് അത് കടപ്പെട്ടിരിക്കുന്നത്, സവര്‍ണ പ്രത്യയശാസ്ത്രത്തോട് നിരന്തരം എതിരിട്ട ബൗദ്ധ ഇടപെടലുകളോടാണ്. പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ ഇക്കാര്യത്തെക്കുറിച്ച് എഴുതിയതിങ്ങനെ:

"വിജ്ഞാന വികാസത്തെ തടസ്സപ്പെടുത്തിയ വലിയൊരു ബാധയായിരുന്നുവോ ഹേതുവിദ്യാ നിരോധനം? നമ്മുടെ ആയുര്‍വേദത്തെ മുരടിപ്പിച്ച പ്രതിബന്ധങ്ങളില്‍ ഒന്നാണത്. മറ്റൊന്ന് "നിഷിദ്ധകര്‍മ"ത്തോടുള്ള വിരോധമായിരുന്നു. ശവംതൊടുന്നതുതന്നെ നിഷിദ്ധ കര്‍മമായിരുന്നു ബ്രാഹ്മണര്‍ക്ക്. അത് കൈകാര്യം ചെയ്യുന്നവരോ ചണ്ഡാളരായിരുന്നു. ശരീരഘടനയുടെ സൂക്ഷ്മാല്‍ സൂക്ഷ്മമായ വസ്തുതകള്‍ കണ്ടെത്താന്‍ ജീവനില്ലാത്ത ശരീരങ്ങള്‍ കീറിമുറിച്ച് പഠിക്കുകതന്നെ വേണം. അത് നിഷിദ്ധം തന്നെ. ശല്യതന്ത്രത്തിന്റെ ഗതിമുട്ടിപ്പോയത് ബ്രാഹ്മണമേധാവിത്വത്തിന്റെ ദുശ്ശാഠ്യംകൊണ്ടാണ്. രോഗകാരണം അന്വേഷിക്കുന്നതും നിഷിദ്ധം തന്നെ. അതുഹേതുവിദ്യയാണല്ലോ. അതില്‍ വ്യാപരിച്ചവരെ തരംതാഴ്ത്തി പുരോഹിതന്‍ . ഇതെല്ലാം ചേര്‍ന്നപ്പോള്‍ ആയുര്‍വേദം ശുഷ്കിച്ചുപോയി. എന്നിട്ടും വിസ്മയകരമായ നേട്ടങ്ങള്‍ വൈദ്യശാസ്ത്രത്തിലുണ്ടായല്ലോ എന്നാണെങ്കില്‍ , അതിനു നന്ദി പറയേണ്ടത് ബൗദ്ധരോടാണ്."(സമന്വയവും സംഘര്‍ഷവും).

*
കെ ഇ എന്‍ ദേശാഭിമാനി വാരിക

ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ട്

1936ല്‍ ലക്നോവില്‍ രൂപം കൊണ്ട പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി വേളയില്‍ ഇ.എം.എസ്. എഴുതിയ പ്രബന്ധം. പാക്കിസ്ഥാന്‍ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ വെബ് സൈറ്റില്‍ നിന്ന് ഇ.എം.എസിന്റെ പൌത്രി സുമംഗല ദാമോദരന്‍ സമ്പാദിച്ചതാണിത്. ഇന്ത്യയില്‍ അച്ചടി മഷി പുരളാത്ത ഇത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക വേളയില്‍ പ്രസിദ്ധീകരിക്കുന്നു.

1936 ഏപ്രിലിലാണ് പുരോഗമന സാഹിത്യ പ്രസ്ഥാനം (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ - പിഡബ്ല്യുഎ) ലക്നോവില്‍ രൂപം കൊണ്ടത്. ആ സംഘടനയുടെ സുവര്‍ണജൂബിലി ഈയിടെയാണ് (ഏപ്രില്‍ 9 മുതല്‍ 11 വരെ) ലക്നോവില്‍ അതിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന മുല്‍ക്രാജ് ആനന്ദിന്റെ അധ്യക്ഷതയില്‍ ആചരിച്ചത്.

1930 മുതല്‍ക്കുള്ള ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനത്തിന്റെ വികാസത്തെ സംബന്ധിച്ച് പഠിക്കാന്‍ താല്പര്യമുള്ള ആരും "ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനം" എന്ന പേരില്‍ മൂന്നു വോള്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളുടെ എഡിറ്ററായ സുധിപ്രധാനോട് കടപ്പെട്ടിരിക്കുന്നു. ആ പ്രസ്ഥാനമാവട്ടെ, രാജ്യത്തെ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ , കര്‍ഷക പ്രസ്ഥാനങ്ങളുമായി വളരെ ഇഴയടുപ്പമുള്ള ഒന്നാണ്. വളരെ ക്ഷമാപൂര്‍വം ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ചാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ ജനകീയ നാടകപ്രസ്ഥാനത്തിന്റെയും ഉത്ഭവത്തെയും വളര്‍ച്ചയെയും പ്രശ്നങ്ങളെയും പറ്റിയുള്ള കിട്ടാവുന്നിടത്തോളം രേഖകള്‍ തേടിപ്പിടിച്ച് ഒന്നിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വോള്യത്തില്‍ ഓരോന്നിനും തന്റെ തന്നെ ആമുഖങ്ങളും അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ കാലമത്രയും പ്രസ്ഥാനത്തില്‍ വളരെ സജീവമായ പങ്കുവഹിച്ച് വ്യക്തിപരമായ ഒട്ടേറെ അനുഭവങ്ങളുള്ള അദ്ദേഹം അതെല്ലാംതന്നെ ഈ സമാഹാരത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വ്യക്തിപരമായ ഒരനുഭവം ഗൃഹാതുരതയോടെ ഓര്‍ക്കുകയാണ്. പരേതനായ ഡോക്ടര്‍ അധികാരിയുടെ സാന്നിധ്യത്തില്‍ നടന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രൊഫ. ഹിരണ്‍ മുഖര്‍ജി ഒരു വോള്യത്തിന്റെ കോപ്പി എനിക്ക് സമ്മാനിച്ചു. ആ പരിപാടിയും ഈ മൂന്നു വോള്യങ്ങളുടെ പഠനവും എന്നെ ഓര്‍മിപ്പിച്ചത് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ കടുത്ത സമരങ്ങളെയാണ്. ആദ്യം പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത എതിരാളികളോടും പിന്നീട് അവര്‍ തമ്മില്‍ തമ്മിലും നടന്ന സമരങ്ങളാണ് പി ഡബ്ല്യു എയെയും ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്ററിനെ യും അതത് സംഘടനകളാക്കി മാറ്റിയത്. ഈ ആശയസമരത്തില്‍ പങ്കാളിയാവുക എന്ന അസുഖകരമായ കടമ എനിക്കുതന്നെ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്; അത് ഏറെക്കുറെ എന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിലും അവിടുത്തെ സാംസ്കാരിക പ്രസ്ഥാനത്തിലും മാത്രമായി ഒതുങ്ങിയിരുന്നതായിരുന്നെങ്കിലും. മൂന്നു വോള്യങ്ങളിലായി സമാഹരിച്ച ഈ രേഖകള്‍ ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയെക്കുറിച്ച് കഴിയാവുന്നത്ര വസ്തുനിഷ്ഠമായ വീക്ഷണത്തിലേക്കെത്താന്‍ വായനക്കാരെ സഹായിക്കും.

ഇടതിന്റെ ആവിര്‍ഭാവം

പുരോഗമന സാഹിത്യപ്രസ്ഥാനം 1936ല്‍ രൂപം കൊണ്ടു എന്നതും അത് ലഖ്നോവില്‍ വെച്ചായിരുന്നു എന്നതും യാദൃച്ഛികമല്ല. സമ്മേളനവേദി കോണ്‍ഗ്രസ് നഗറായിരുന്നു - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനം ചേരാനായി നിര്‍മിച്ച താല്ക്കാലിക ടൗണ്‍ഷിപ്പിലായിരുന്നു അത്. കോണ്‍ഗ്രസ് നയത്തില്‍ ഒരു ഇടത് ആഭിമുഖ്യം ഉണ്ടാക്കിയ സമ്മേളനം അതുകൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു.ജവഹര്‍ലാല്‍ നെഹ്റു നടത്തിയ അധ്യക്ഷപ്രസംഗവും സമ്മേളനം പാസാക്കിയ പ്രമേയങ്ങളും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ രണ്ടു പ്രധാന സംഭവങ്ങളുടെ വ്യക്തമായ സ്വാധീനമാണ് വെളിപ്പെടുത്തിയത്.

ഒന്നാമതായി രാജ്യത്താകെ ചിതറിക്കിടന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യക്ക് സംഘടിതമായ ഒരു കേന്ദ്രനേതൃത്വം രൂപപ്പെട്ടു വന്നത്. രണ്ടാമത്തേത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയുടെ രൂപവത്കരണം. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയും പുതുതായി രൂപം കൊണ്ട സിഎസ്പിയും പ്രചരിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ അധ്യക്ഷപ്രസംഗത്തിലും കോണ്‍ഗ്രസ് സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലും പ്രതിഫലിക്കുക തന്നെ ചെയ്തു. അതേ പട്ടണം (ലഖ്നോ) മറ്റൊരു പ്രധാന സമ്മേളനത്തിനു കൂടി ആതിഥ്യമരുളി-അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ (പിന്നീട് അതിന്റെ പേര് കിസാന്‍ സഭ എന്നായി മാറി) സ്ഥാപക സമ്മേളനം-അതിന്റെ സുവര്‍ണജൂബിലിയും ഈ വര്‍ഷം മെയ് മൂന്നാം വാരത്തില്‍ പാട്നയില്‍ ആചരിക്കപ്പെട്ടു. അര നൂറ്റാണ്ടുകാലം മുമ്പുനടന്ന ഈ മൂന്നു സമ്മേളനങ്ങളില്‍ വച്ച് ഏറ്റവും പ്രധാനമായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം തന്നെയാണ്-വളരെ കൃത്യമായ ഒരു ഇടതുപക്ഷ ആഭിമുഖ്യം കാണിച്ച ഒന്നാണത്. മറ്റു രണ്ടു സമ്മേളനങ്ങള്‍ കൂടി അതോടൊപ്പം നടന്നില്ലായിരുന്നെങ്കില്‍ അത് ഇത്രക്ക് ഫലപ്രദമാവുമായിരുന്നില്ല.

കിസാന്‍സഭയുടെ ആവിര്‍ഭാവം

സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഫ്യൂഡല്‍ പ്രഭുക്കളുടെ കൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും പിന്നീട് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിലെ ബൂര്‍ഷ്വാ നേതൃത്വത്തിന്റെ കൂടെയും പോരാടിയിരുന്ന ഇന്ത്യന്‍ കര്‍ഷക ജനസാമാന്യം സ്വയം സ്വതന്ത്രമായി സംഘടിക്കുന്നതോടൊപ്പം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലക്ക് തങ്ങളുടെ സഖ്യശക്തികളെ കണ്ടെത്താന്‍ തുടങ്ങുകയാണ് എന്ന് കിസാന്‍സഭയുടെ ആവിര്‍ഭാവം ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ്സിനകത്തുതന്നെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു സ്വതന്ത്ര ഇടതുപക്ഷ വിഭാഗം വളരാനും വലതുപക്ഷത്തിന്റെ അധികാരത്തെ ചോദ്യംചെയ്യാനും തുടങ്ങിയിരിക്കുന്നു എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിലായിരുന്നു പുനഃസംഘടിപ്പിക്കപ്പെട്ട സിപിഐയും പുതുതായി രൂപംകൊണ്ട സിഎസ്പിയും യോജിച്ചുള്ള സമരത്തിന്റെ ആവിര്‍ഭാവം. പുതിയ ഇടതുപക്ഷ ആഭിമുഖ്യം രാഷ്ട്രീയവും സാമ്പത്തികവുമായി മാത്രമല്ല, സാംസ്കാരികമേഖലയിലും സ്വന്തം സാന്നിധ്യം തെളിയിക്കുന്നു എന്നാണ് പിഡബ്ല്യുഎ യുടെയും തുടര്‍ന്നുണ്ടായ ഐപിടിഎയുടെയും രൂപവത്കരണം വെളിപ്പെടുത്തിയത്. ഒന്നാം വോള്യത്തിലെ ഒന്നാം ലേഖനം മുല്‍ക്ക്രാജ് ആനന്ദിന്റേതാണ്. അത് വായനക്കാരെ 1935ലെ ലണ്ടനിലെ മൂടല്‍മഞ്ഞ് മൂടിയ നവംബര്‍ ദിനങ്ങളിലേക്ക് കൊണ്ടുപോവും.

"ഇന്ത്യയിലെ വര്‍ഷങ്ങളായുള്ള സഹനം സമ്മാനിച്ച നിരാശയുടെയും ശിഥിലീകരണത്തിന്റെയും നാളുകള്‍ക്ക് ശേഷം 1931ലെ മുതലാളിത്ത പ്രതിസന്ധി നമ്മുടെ മിക്ക മൂല്യങ്ങളെയും തകര്‍ത്തെറിഞ്ഞതിനെക്കുറിച്ച് ബോധവാന്മാരായ ഞങ്ങളില്‍ ചിലര്‍ ബ്ലൂംസ്ബറിയിലെ കഫേകളിലെയും മച്ചറകളിലെയും നൈരാശ്യത്തിന്റെ ചളിക്കുണ്ടില്‍നിന്ന് ഉയര്‍ന്നുവന്നു. പിഡബ്ല്യുഎയുടെ കേന്ദ്രബിന്ദുവിന് രൂപം നല്‍കി. ഡെന്‍മാര്‍ക്ക് സ്ട്രീറ്റിലെ നാന്‍കിങ് റസ്റ്റോറന്റിലെ ചരിത്രപ്രധാനമായ യോഗത്തിനുശേഷം-അവിടെവച്ചാണ് മാനിഫെസ്റ്റോവിന്റെ ആദ്യവായന നടന്നത്- ഈരണ്ടാഴ്ച കൂടുമ്പോള്‍ ലണ്ടന്‍ ബ്രാഞ്ചില്‍ ഏറെപ്പേരുടെ പങ്കാളിത്തത്തോടെ നടന്ന ആകാംക്ഷാഭരിതമായ യോഗങ്ങളില്‍ ലേഖനങ്ങളും കഥകളും കവിതകളും വായിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അത്രയൊന്നും ആളുകളില്ലാത്തതും അത്രക്കൊന്നും ആകാംക്ഷാഭരിതമല്ലാത്തതുമായ തുടര്‍യോഗങ്ങളിലൂടെയും പിന്നെ 1936 ഏപ്രിലില്‍ ലഖ്നോവില്‍ നടന്ന പ്രഥമ പ്രോഗ്രസീവ് റൈറ്റേഴ്സ് കോണ്‍ഫറന്‍സിലൂടെയും അതിനുശേഷം വിവിധ ഭാഷാപ്രവിശ്യകളില്‍ തുടങ്ങിയ അതിന്റെ പ്രാദേശിക ഘടകങ്ങളിലൂടെയും വീണ്ടും വിപുലപ്പെടുത്തപ്പെട്ട അതിന്റെ ശാഖകളിലൂടെയും നമ്മുടെ സംഘം ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരെ മുഴുവന്‍ അതില്‍ അണിനിരത്തിയിട്ടുണ്ട്. അതിന്റെ അംഗസംഖ്യയാണെങ്കില്‍ ലോകത്താകെ സംസ്കാരത്തെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നവരില്‍ ഏറ്റവുംവലിയ ഒരു വിഭാഗമായി മാറിത്തീര്‍ന്നിട്ടുമുണ്ട്" (പേജ് 1, 2, വോള്യം 1).

പിഡബ്ല്യുഎയുടെ മറ്റൊരു സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയുമായിരുന്ന സജ്ജാദ് സാഹിര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നു:

"1935ന് മുമ്പുള്ള രണ്ടു വര്‍ഷങ്ങളെ ഒന്നോര്‍ത്തെടുക്കുക. ലോകത്തെയാകെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയ പ്രത്യാഘാതം ജര്‍മനിയില്‍ ഹിറ്റ്ലറുടെയും നാസിസത്തിന്റെയും രൂപത്തിലാണ് പ്രകടമായത്. ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ടവരോ അവിടെനിന്ന് നാടുവിട്ടോടിപ്പോന്നവരോ ആയ ദുരിതബാധിതരായ നിരവധി അഭയാര്‍ഥികളെയാണ് നാം ലണ്ടനിലും പാരീസിലും നിത്യേന കണ്ടുമുട്ടുന്നത്. എല്ലായിടത്തുനിന്നും ഫാസിസ്റ്റ് അതിക്രമത്തിന്റെ വേദനാപൂര്‍ണമായ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കലയുടെയും വിജ്ഞാനത്തിന്റെയും തിളക്കമാര്‍ന്ന ലോകത്തുനിന്ന്(ജര്‍മനി) പടര്‍ന്ന വേദനാകരമായ ഇരുട്ട് യൂറോപ്പിലാകെ അതിന്റെ ഭീതിജനകമായ നിഴല്‍ വിരിച്ചിരിക്കുന്നു - ഇത് ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലുമുണ്ടായിരുന്ന ആന്തരിക ശാന്തതയെ തകര്‍ത്തെറിഞ്ഞുകളഞ്ഞിരിക്കുന്നു. ആധുനികകാലത്തെ കാടത്തത്തിന്റെ ഈ വേലിയേറ്റത്തിന് തടയിടാന്‍ ഒരു ശക്തിക്കേ കഴിയൂ - ഫാക്ടറിത്തൊഴിലാളികളുടെ സംഘടിതശക്തിക്ക്. ഒന്നിച്ചു പണിയെടുക്കുന്നതുവഴി ഉരുത്തിരിഞ്ഞുവരുന്ന ശക്തി പരസ്പര സഹകരണത്തിലൂടെയും മുതലാളി വര്‍ഗത്തിന്റെ മര്‍ദനത്തിനും ചൂഷണത്തിനുമെതിരെയുള്ള നിരന്തര സമരങ്ങളിലൂടെയും ആര്‍ജിച്ച ശക്തി, നിരന്തരമായ വര്‍ഗസമരത്തിന്റെ അനുഭവം ഈ വര്‍ഗത്തില്‍ ഒരു വിപ്ലവകരമായ വര്‍ഗബോധം സൃഷ്ടിക്കും. അതുവഴി നാഴിക മണികള്‍ പിറകോട്ടു തിരിക്കാനുള്ള മുതലാളിത്തത്തിന്റെ എല്ലാ ശ്രമത്തെയും തകര്‍ത്തുകളയാനും ഒരു പുതിയ സംസ്കാരത്തിന്റെ സ്രഷ്ടാക്കളായി മാറാനും അതിനെ പ്രാപ്തമാക്കുന്നു" (പേജ് 33, 34 വോള്യം 1).

ഈ പുതിയ അവബോധത്തിന് ഒരു കൃത്യമായ രാഷ്ട്രീയരൂപം നല്‍കുകയാണ് പുനഃസംഘടിപ്പിക്കപ്പെട്ട സി പിഐയുടെ നേതൃത്വവും പുതുതായി രുപം കൊണ്ട സിഎസ്പിയും ചെയ്തത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷപ്രസംഗത്തിലും ലഖ്നോസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പാസ്സാക്കപ്പെട്ട പ്രമേയങ്ങളിലും ഇതുതന്നെയാണ് മുഴങ്ങിക്കേട്ടത്. ഇന്ത്യന്‍ കര്‍ഷകരുടെ പുതിയ സംഘടനക്ക് പ്രത്യയശാസ്ത്രപരമായും പരിപാടിയുടെ കാര്യത്തിലും ഉള്ള അടിസ്ഥാനമായിത്തീര്‍ന്നതും ഇതുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ , 1936ലെ ലഖ്നോ ഒരു പുതിയ വര്‍ഗരാഷ്ട്രീയ ശക്തിയുടെ ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു - ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വര്‍ഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലം, എന്നാലോ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നേതൃത്വം നല്കുന്ന സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തിന്റെ പൊതുമാര്‍ഗ നിര്‍ദേശത്തിലും നേതൃത്വത്തിലും. ഈ പുതുശക്തി ഒരു വെറും രാഷ്ട്രീയ പ്രസ്ഥാനമായിരുന്നില്ല; സര്‍വാശ്ലേഷിയായിരുന്നു. മനുഷ്യന്റെ വ്യക്തിപരമോ സാമൂഹികമോ ആയ ജീവിതത്തിന്റെ യാതൊരു മേഖലയെയും അത് സ്പര്‍ശിക്കാതിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , സാംസ്കാരിക മേഖലയിലെ പോരാട്ടം എന്നത് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിലെ പോരാട്ടങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റാനാവില്ല.

സംസ്കാരവും രാഷ്ട്രീയവും അഭിന്നം

പിഡബ്ല്യുഎ യുടെ സ്ഥാപനസമ്മേളനത്തിന് രവീന്ദ്രനാഥ ടാഗോറിനെയും സരോജിനി നായിഡുവിനെയും മുന്‍ഷി പ്രേംചന്ദിനെയും പോലെയുള്ള ഭാരതീയ സാഹിത്യത്തിലെ കുലപതികളുടെ ആശീര്‍വാദമുണ്ടായിരുന്നു.

കോണ്‍ഫറന്‍സില്‍ പ്രേംചന്ദ് അധ്യക്ഷത വഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതുവരെ ഭാഷയെയും അതിന്റെ പ്രശ്നങ്ങളെയുംപറ്റി ചര്‍ച്ച ചെയ്ത് നാം സ്വയം തൃപ്തരായി. ഉറുദുവിലും ഹിന്ദിയിലും നിലവിലുള്ള വിമര്‍ശന സാഹിത്യം ഭാഷയുടെ വാക്യരചനയെയും ഘടനയെയും പറ്റി മാത്രമാണ് കൈകാര്യം ചെയ്തത്. തീര്‍ച്ചയായും ഇത് ഏറെ പ്രധാനവും ആവശ്യമുള്ളതുമായ പ്രവര്‍ത്തനമായിരുന്നു. നമ്മുടെ സാഹിത്യത്തിലെ കുലപതികള്‍ ഈ പ്രാഥമികാവശ്യം നിറവേറ്റുകയും തങ്ങളുടെ ജോലി പ്രശംസനീയമാംവിധം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഭാഷ ഒരു മാര്‍ഗമാണ്, ലക്ഷ്യമല്ല. ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. അതിന്റെ ഉദ്ദേശ്യം നമ്മുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും രൂപം കൊടുക്കുകയും അവക്ക് ഒരു ശരിയായ ദിശ കാട്ടുകയും ചെയ്യുക എന്നതാണ്. ഇപ്പോള്‍ നമുക്ക് ആലോചിക്കാനുള്ളത് കാര്യങ്ങളുടെ അര്‍ഥത്തെപ്പറ്റിയും ഭാഷ രൂപംകൊണ്ടതിനുപിറകിലുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള വഴി കണ്ടെത്തുന്നതിനെപ്പറ്റിയുമാണ്. ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യം അതാണ്... നമ്മുടെ സാഹിത്യാഭിരുചി ഒരു വമ്പന്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് ജീവിതയാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.

സമൂഹത്തെയും മനുഷ്യനെയും ഒരു സാമൂഹികഘടകം എന്ന നിലക്ക് നോക്കിക്കാണാനാണ് അത് താല്പര്യപ്പെടുന്നതും. നഷ്ടപ്രണയത്തെക്കുറിച്ചുള്ള ആലാപനങ്ങളില്‍ അത് ഇന്നു സംതൃപ്തമല്ല. നമ്മുടെ അത്ഭുതബോധത്തെ മാത്രം തൃപ്തിപ്പെടുത്തുന്ന രചനകളിലും സംതൃപ്തമല്ല. നമ്മുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ചും സാമൂഹിക മൂല്യമുള്ള പ്രമേയങ്ങളെക്കുറിച്ചുമാണ് അത് വ്യാകുലപ്പെടുന്നത്. നമ്മളില്‍ ഒരു വിമര്‍ശനാത്മക ബോധമുണര്‍ത്താത്തതോ നമ്മുടെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്താത്തതോ ശക്തിദായകവും ചലനാത്മകവുമല്ലാത്തതോ നമ്മുടെ സൗന്ദര്യബോധത്തെ ഉണര്‍ത്താത്തതോ, ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളെ നേരിടുന്നതിനുള്ള ഉള്ളുറപ്പ് പ്രദാനം ചെയ്യാത്തതോ ആയ സാഹിത്യത്തെക്കൊണ്ട് നമുക്കൊരു പ്രയോജനവുമില്ല. അതിനെ സാഹിത്യമെന്നു വിശേഷിപ്പിക്കാനേ വയ്യ" മതം ഭൂതകാലങ്ങളില്‍ "മനുഷ്യന്റെ ആത്മീയവും ധാര്‍മികവുമായി നേര്‍വഴി കാട്ടുന്നതിനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിരുന്നു" എന്ന കാര്യം സ്മരിച്ചുകൊണ്ട് "ഈ കാര്യത്തില്‍ അത് ഭയത്തെയും മുഖസ്തുതിയെയും പ്രതിഫലത്തെയും പ്രതികാരത്തെയുമൊക്കെ അതിന്റെ പ്രധാന ഉപകരണങ്ങളാക്കി ഉപയോഗിച്ചു" എന്നും പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹം തുടരുന്നു: "ഇന്ന് സാഹിത്യം ഒരു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അതിന്റെ പ്രധാന ഉപകരണമാകട്ടെ, നമ്മുടെ സഹജമായ സൗന്ദര്യബോധമാണ്. നമ്മളിലെ ഈ സൗന്ദര്യബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് അത് അതിന്റെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്. ഈ ബോധം തന്റെ പ്രകൃതി നിരീക്ഷണത്തിലൂടെ എത്ര കൂടുതലായി ഒരെഴുത്തുകാരന് ഉയര്‍ത്താനാവുന്നുവോ, അത്രക്ക് ഫലപ്രദമായിത്തീരും അദ്ദേഹത്തിന്റെ രചനകള്‍ . വിരൂപവും ഗര്‍ഹണീയവുമായ എല്ലാം, മനുഷ്യത്വവിരുദ്ധമായ എല്ലാം അത്തരമൊരെഴുത്തുകാരന് അസഹ്യമായിത്തീരുന്നു. മനുഷ്യകുലത്തിന്റെ തന്നെ നിലവാര സൂക്ഷിപ്പുകാരനായിത്തീരുന്നു അയാള്‍ . ധാര്‍മികമായ സത്യനിഷ്ഠയുടെയും കുലീനതയുടെയും കാര്യത്തിലും അതെ. അവമതിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ എല്ലാ മനുഷ്യരുടെയും സമുദായങ്ങളുടെയും സഹായത്തിനെത്തുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുക എന്നത് അയാളുടെ കര്‍ത്തവ്യമായിത്തീരുന്നു. അതുതന്നെയാണ് അയാളെപ്പറ്റി വിലയിരുത്തുക. സമുദായത്തിനു മുമ്പാകെയാണ് അയാള്‍ തന്റെ രചന സമര്‍പ്പിക്കുന്നത്. തന്റെ കഥ കൂടുതല്‍ യഥാതഥമായാല്‍ , തന്റെ ചിത്രം ഭാവങ്ങളാലും ചലനങ്ങളാലും തുടിക്കുന്നതായാല്‍ , മനുഷ്യപ്രകൃതിയെക്കുറിച്ചും മനഃശാസ്ത്രത്തെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ കൂടുതല്‍ ദൃഢബദ്ധമായാല്‍ , അതിന് കൂടുതല്‍ വലിയ ഫലമുണ്ടാക്കാനാവും എന്ന് അയാള്‍ക്കറിയാം. മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ മാത്രം അയാളുടെ കഥാപാത്രങ്ങള്‍ മനുഷ്യജീവികളോട് സദൃശമായിരുന്നാല്‍ പോരാ. മജ്ജയും മാംസവുമുള്ള യഥാര്‍ഥ മനുഷ്യജീവികളാണ് അവര്‍ എന്ന് നമുക്ക് ബോധ്യപ്പെടണം. ഒരു സാങ്കല്പിക മനുഷ്യനില്‍ നാം വിശ്വസിക്കുന്നില്ല. അയാളുടെ നടപടികളും ചിന്തകളും ഒരു തരത്തിലും നമ്മില്‍ മതിപ്പുളവാക്കുന്നില്ല".

പിഡബ്ല്യുഎയുടെ സ്ഥാപകസമ്മേളനത്തില്‍ മുന്‍ഷി പ്രേം ചന്ദ് നടത്തിയ അധ്യക്ഷപ്രസംഗം ഇന്ത്യയുടെയും ലോകത്തിന്റെയും സംസ്കാരത്തിന്റെ അത്യുന്നതി ഉള്‍ക്കൊള്ളുന്നതായിരുന്നു. അന്തര്‍ദേശീയ മാനവികത ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ സ്വദേശാഭിമാനം അതില്‍ ജ്വലിച്ചിരുന്നു. മുല്‍ക്ക്രാജ് ആനന്ദും സജ്ജാദ് സാഹിറും അവരുടെ സഖാക്കളുമൊക്കെ ഇന്ത്യയിലേക്ക് അതിന്റെ സംസ്കാരത്തിന് അന്യമായ എന്തെങ്കിലും ഇറക്കുമതി ചെയ്യുകയല്ലെന്നും മാക്സിം ഗോര്‍ക്കി, റൊമെയ്ന്‍ റൊളാങ്, ഹെന്‍റി ബര്‍ബൂസ തുടങ്ങിയ വിശ്വസാഹിത്യത്തിലെ അതികായന്മാര്‍ ലോകത്താകെ വിതച്ച വിത്തുകള്‍ സ്വീകരിക്കാനും നട്ടു നനച്ചു വളര്‍ത്താനും മാത്രം നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമായിരിക്കുന്നു എന്നുമാണ് അത് തെളിയിച്ചത്. ഈ സാഹചര്യങ്ങളില്‍ സ്ഥാപിതമായ പിഡബ്ല്യുഎ അംഗീകരിക്കുന്ന മാനിഫെസ്റ്റോ രാഷ്ട്രീയവും സാംസ്കാരികവും കൂടിയായിത്തീര്‍ന്നത് സ്വാഭാവികമാണ്. അത് പ്രഖ്യാപിച്ചതിങ്ങനെയാണ്:

"ഇന്ത്യന്‍ സമൂഹത്തില്‍ മൗലികമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പിന്തിരിപ്പന്‍ ആശയങ്ങള്‍ എത്രതന്നെ പഴഞ്ചനും നാശോന്മുഖവും ആത്യന്തികമായി തകരാനിരിക്കുന്നവയുമാണെങ്കിലും അതിപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. നിലനില്ക്കാനുള്ള ഗതികെട്ട കഠിനപ്രയത്നത്തിലുമാണ്. പൗരാണിക സംസ്കാരത്തിന്റെ തകര്‍ച്ചക്കുശേഷം ഇന്ത്യന്‍ സാഹിത്യത്തില്‍ ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള അപകടകരമായ ഒരു പ്രവണത ദൃശ്യമായിരുന്നു. യാഥാര്‍ഥ്യത്തില്‍ നിന്നകന്ന് അടിസ്ഥാനരഹിതമായ ആത്മീയതയിലും ആശയവാദത്തിലും അഭയം കണ്ടെത്തി. ഫലമോ, അത് ശരീരത്തിലും മനസ്സിലും ഒരേപോലെ രക്തരഹിതമായിത്തീര്‍ന്ന, വളരെ കഠിനമായ ഔപചാരികതയിലേക്കും വിരസവും തലതിരിഞ്ഞതുമായ പ്രത്യയശാസ്ത്ര വൈകൃതത്തിലേക്കും ചെന്നെത്തി".

"ഭാരതീയ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് പ്രകാശനം നല്‍കുകയും സാഹിത്യത്തില്‍ ശാസ്ത്രീയമായ യുക്തിചിന്ത അവതരിപ്പിച്ചുകൊണ്ട് പുരോഗമനാശയങ്ങളെ വളര്‍ത്തുകയും ചെയ്യേണ്ടത് ഇന്ത്യന്‍ സാഹിത്യകാരന്മാരുടെ കടമയാണ്. കുടുംബം, മതം, ലിംഗം, യുദ്ധം, സമുദായം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് പൊതുവില്‍ നിലവിലുള്ള പിന്തിരിപ്പനും തിരുത്തല്‍വാദപരവുമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള സാഹിത്യവിമര്‍ശനം വളര്‍ത്തിയെടുക്കാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്. വര്‍ഗീയതയെയും വംശീയമായ ശത്രുതയെയും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതിനെയും പ്രതിഫലിപ്പിക്കുന്ന സാഹിത്യപ്രവണതകളോട് അവര്‍ എതിരിടണം." (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്).

"സാഹിത്യത്തെയും മറ്റിതരകലകളെയും ഇത്രയും കാലം അവ ആരുടെ കൈകളില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നോ, ആ പിന്തിരിപ്പന്‍ വര്‍ഗങ്ങളില്‍നിന്ന് മോചിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയായി തിരിച്ചറിയുന്നു. കലകളെ ജനങ്ങളുമായി ഏറെ അടുപ്പിക്കുന്നതിനും അവ ജീവിത യാഥാര്‍ഥ്യങ്ങളെ രേഖപ്പെടുത്തുന്ന ജൈവിക അവയവങ്ങളാക്കി മാറ്റുന്നതിനും നാം ലക്ഷ്യമിടുന്ന ഭാവിയിലേക്ക് നമ്മെ നയിക്കുന്നതിന് അവയെ പ്രാപ്തമാക്കുന്നതിനും ഞങ്ങള്‍ പരിശ്രമിക്കും."

"ഇന്ത്യന്‍ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ നാട്ടിലെ പിന്തിരിപ്പന്‍ ആശയങ്ങളെയും അതിന്റെ സര്‍വ വശങ്ങളെയും ഞങ്ങള്‍ വിമര്‍ശിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വ്യാഖ്യാനാത്മകവും സര്‍ഗാത്മകവുമായ സൃഷ്ടികളെ മുന്‍നിര്‍ത്തി നമ്മുടെ നാടിന് അതാഗ്രഹിച്ചുകൊണ്ടിരിക്കുന്ന നവജീവന്‍ ലഭിക്കുന്നതിനുതകുന്ന എല്ലാത്തിനെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ പുതിയ സാഹിത്യം അടിസ്ഥാനപരമായ സാമൂഹിക പിന്നാക്കാവസ്ഥയെയും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ കരുതുന്നു. നമ്മെ നിഷ്ക്രിയത്വത്തിലേക്കും പ്രവര്‍ത്തനരാഹിത്യത്തിലേക്കും യുക്തിരാഹിത്യത്തിലേക്കും നയിക്കുന്ന എല്ലാത്തിനെയും പിന്തിരിപ്പന്‍ എന്ന നിലയില്‍ നാം തള്ളിക്കളയുന്നു. നമ്മളില്‍ വിമര്‍ശനാത്മക സമീപനമുയര്‍ത്തുന്നതും യുക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെയും ആചാരങ്ങളെയും വിലയിരുത്തുന്നതും പ്രവര്‍ത്തനക്ഷമമാകാനും സ്വയം സംഘടിക്കാനും പരിവര്‍ത്തനം വരുത്താനും നമ്മെ സഹായിക്കുന്നതും ആയ എല്ലാത്തിനെയും ഞങ്ങള്‍ പുരോഗമനപരമെന്ന നിലയില്‍ സ്വീകരിക്കുന്നു (പേജ് 20-21, വോള്യം 1, ഊന്നല്‍ മൂലത്തിലേത്)

രണ്ടാം സമ്മേളനം മേല്‍പ്പറഞ്ഞതില്‍ ചില ഭേദഗതികള്‍ വരുത്തി, വളരെ ഗണ്യമായ തരത്തിലുള്ളവയല്ല അവയൊന്നും. എതിര്‍ക്കപ്പെടേണ്ട സാഹിത്യ പ്രവണതകളുടെ കൂട്ടത്തില്‍ (ഊന്നല്‍ കൂടിച്ചേര്‍ത്തുകൊണ്ട് മുകളില്‍ കൊടുത്തതില്‍) ദേഭഗതിയില്‍ വിഷയലമ്പടത്വത്തെയും കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഭേദഗതി പിഡബ്ല്യുഎയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയുള്ള കൂട്ടിച്ചേര്‍ക്കലാണ്. അവ താഴെ കൊടുക്കുന്നു. "നമ്മുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ താഴെ പറയുന്നവയായിരിക്കും.

1). വ്യത്യസ്ത മേഖലകള്‍ക്കായി എഴുത്തുകാരുടെ സംഘടനകള്‍ സ്ഥാപിക്കുക, ഈ സംഘടനകളെ സമ്മേളനങ്ങള്‍ നടത്തിയും സാഹിത്യപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയും ഏകോപിപ്പിക്കുക, കേന്ദ്രസംഘടനയും പ്രാദേശിക സംഘടനകളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുക, സംഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളോട് എതിര്‍ നില്‍ക്കാത്ത സാഹിത്യസംഘടനകളുമായി സഹകരിക്കുക.

2). ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലും സംഘടനയുടെ ശാഖകള്‍ രൂപവല്‍ക്കരിക്കുക.

3) പുരോഗമനപരമായ സാഹിത്യങ്ങള്‍ ഉല്പാദിപ്പിക്കുകയും തര്‍ജമ ചെയ്യുകയും ചെയ്യുക, സാംസ്കാരിക പിന്തിരിപ്പത്തത്തിനെതിരെ പൊരുതുക, അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാമൂഹിക നവീകരണത്തിനുമുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക.

4). പുരോഗമനവാദികളായ എഴുത്തുകാരുടെ താല്പര്യം സംരക്ഷിക്കുക.

5) സ്വതന്ത്രമായി ചിന്തയും അഭിപ്രായവും പ്രകടിപ്പിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുക (പേജ് 97-98 വോള്യം 1).

സര്‍ഗാത്മക സാഹിത്യകാരന്മാരും കലാകാരന്മാരും രാഷ്ട്രീയാതീതരായിരിക്കണമെന്ന അന്നത്തെ കൊണ്ടാടപ്പെട്ട സിദ്ധാന്തവുമായി ഈ സംഘടനയുടെ സ്ഥാപകര്‍ തീര്‍ത്തും അകന്നുനിന്നു എന്ന കാര്യം മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷപ്രസംഗവും സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയും കൃത്യമായും വ്യക്തമാക്കി. തങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ സംവേദനക്ഷമതയുള്ള ഏതൊരു എഴുത്തുകാരനും കലാകാരനും ഉത്കണ്ഠാകുലനായിരിക്കും. ഇന്ത്യയില്‍ വിദേശ ഭരണത്തില്‍ നിന്നുള്ള മോചനത്തിനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സമൂഹത്തിലെ പഴകിപ്പുളിച്ച സകലതിനും അറുതി വരുത്തുന്നതിനും ഇന്ത്യയുടെ ജീവിതത്തെയും സംസ്കാരത്തെയും ആധുനികവല്‍ക്കരണത്തിന്റെ വഴിയിലൂടെ പരിവര്‍ത്തിപ്പിക്കുന്നതിനുമുള്ള അഭിലാഷം - ഇവയൊന്നും തന്നെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൗന്ദര്യാത്മകമായ അഭിരുചികളും പ്രതിഭകളുമായി വേര്‍തിരിച്ചു നിര്‍ത്താനാവുന്നവയല്ല. മാനവസമുദായത്തിന്റെ മേല്‍ ഡെമോക്ലസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കുകയായിരുന്ന ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ഭീഷണിയില്‍ ലോകത്തെങ്ങുമുള്ള സുബോധമുള്ള ഒറ്റ മനുഷ്യജീവിക്കും (എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെ) വേവലാതിപ്പെടാതിരിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാണ്, പുരോഗമന സാഹിത്യസംഘടന (PWA) രൂപം കൊണ്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ , അന്താരാഷ്ട്ര സാഹിത്യകാര സംഘടന IWA) ലണ്ടനില്‍ നടന്നുകൊണ്ടിരിക്കെ, രബീന്ദ്രനാഥ ടാഗോര്‍ , ശരത് ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, പി സി റായ്, ജവഹര്‍ലാല്‍ നെഹ്റു, പ്രമദ ചൗധരി, രാമാനന്ദ ചാറ്റര്‍ജി, നന്ദലാല്‍ ബോസ് തുടങ്ങിയവര്‍ ഒപ്പിട്ട് പി ഡബ്ല്യുഎ അയച്ചുകൊടുത്ത മാനിഫെസ്റ്റോയില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്:

"ഇന്ന് ലോകമഹായുദ്ധത്തിന്റെ ഭൂതം ലോകത്തെ വേട്ടയാടുകയാണ്. വെണ്ണക്കു പകരം തോക്കുകള്‍ നല്‍കിക്കൊണ്ട് ഫാസിസ്റ്റ് ഏകാധിപതികള്‍ തങ്ങളുടെ ആക്രമണോത്സുകമായ ഉള്ളടക്കം വെളിപ്പെടുത്തിയിരിക്കുന്നു. അബിസീനിയയെ കീഴടക്കുന്ന കാര്യത്തില്‍ ഇറ്റലി പ്രയോഗിച്ച മുറകള്‍ യുക്തിയിലും നാഗരികതയിലും വിശ്വസിക്കുന്ന മുഴുവന്‍ പേരിലും കടുത്ത ഞെട്ടലുണ്ടായിട്ടുണ്ട്. വന്‍ സാമ്രാജ്യത്വശക്തികള്‍ക്കിടയിലുള്ള ശത്രുതയും വൈരുധ്യവും ബോധപൂര്‍വം കുത്തിയിളക്കുന്ന വളരെ അപരിഷ്കൃതമായ സങ്കുചിത ദേശീയബോധം, അതിദ്രുത പുനരായുധവല്‍ക്കരണം ഇതെല്ലാമാണ് നാമിന്ന് എത്തിച്ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥയുടെ ദുശ്ശകുനങ്ങള്‍ . ഞങ്ങളുടെ സ്വന്തം പേരിലും ഞങ്ങളുടെ ജനതയുടെ പേരിലും മറ്റു രാജ്യങ്ങളിലെ ജനങ്ങളോടൊപ്പം ഒരു കാര്യം ഒറ്റശബ്ദത്തില്‍ പ്രഖ്യാപിക്കാന്‍ ഞങ്ങളീ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഞങ്ങള്‍ യുദ്ധത്തെ വെറുക്കുന്നു, അതിനെ നിരാകരിക്കാന്‍ ആണയിടുന്നു.

ഞങ്ങള്‍ക്ക് യുദ്ധത്തില്‍ ഒട്ടും താല്പര്യമില്ല. ഇന്ത്യ ഏതെങ്കിലും സാമ്രാജ്യത്വ യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് ഞങ്ങളെതിരാണ്. അടുത്ത യുദ്ധത്തോടെ, നാഗരികതയുടെ ഭാവി തന്നെയാണ് അപകടത്തിലാവുക എന്ന് ഞങ്ങള്‍ മനസിലാക്കുന്നു."

രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍

പിഡബ്ല്യുഎ രൂപവത്കരിച്ച കാലത്ത് ദേശീയവും അന്തര്‍ദേശീയവുമായി ഉണ്ടായിരുന്ന അനുകൂല സാഹചര്യങ്ങള്‍ ഏറെക്കാലം നിലനിന്നില്ല. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഒരു വശത്തും ഇടതുപക്ഷ കോണ്‍ഗ്രസുകാരില്‍ വലിയൊരു വിഭാഗം മറുവശത്തുമായുണ്ടായിരുന്ന രാഷ്ട്രീയ ഐക്യം മൂന്നുവര്‍ഷത്തിനകം തകര്‍ന്നു. 1939ല്‍ ഏറെ വാശിയോടെ നടന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സുബാഷ് ചന്ദ്രബോസിന്റെ വിജയം കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള ഭിന്നിപ്പിന്റെ ആരംഭമായി മാറി. ഇരുകൂട്ടരും ബോസിന്റെ അനുയായികളായിരുന്നു. നെഹ്റുവും അദ്ദേഹത്തിന്റെ അനുചരന്മാരും കാണിച്ച കടന്ന ചാഞ്ചാട്ടം കാരണം അവരില്‍ പലരും മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായികളായി മാറി. ക്വിറ്റിന്ത്യാ സമരത്തോടെ കമ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ നടന്ന കയ്പേറിയ സമരം അതിന്റെ മൂര്‍ധന്യത്തിലെത്തി. ഇത് പി ഡബ്ല്യു എയിലും പ്രതിഫലിച്ചു. ഇക്കാര്യം അതിന്റെ ജനറല്‍ സെക്രട്ടറി സജ്ജാദ് സാഹിര്‍ പി ഡബ്ല്യുഎയുടെ 4-ാം അഖിലേന്ത്യാ സമ്മേളന രേഖകളുടെ സമാഹാരത്തിനെഴുതിയ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. "രാഷ്ട്രീയ മേഖലയിലെന്നപോലെ നമ്മുടെ നാട്ടില്‍ കലയിലും സാഹിത്യത്തിലും കൂടി ഒരു തരത്തിലുള്ള സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നു. 1943 മേയിലെ 4-ാം വാരത്തില്‍ ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ പുരോഗമന സാഹിത്യസമ്മേളനം ഈ സാഹിത്യപരമായ സ്തംഭനാവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചു" (പേജ് 1. വോള്യം 3).

സ്തംഭനാവസ്ഥ തകര്‍ത്തു എന്ന പ്രതീക്ഷ പക്ഷേ ഒരു വ്യാമോഹം മാത്രമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ മുന്നണിയിലെ വമ്പന്‍ വിടവ് (ക്വിറ്റിന്ത്യ പ്രക്ഷോഭത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള) തുടര്‍ന്നു. അതോടെ, പി ഡബ്ല്യുഎയുടെ സ്ഥാപനത്തില്‍ പങ്കാളികളാവുകയോ അതിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയോ ചെയ്തിരുന്ന പലരും അതിന്റെ കടുത്ത ശത്രുക്കളായി മാറുകയും അത് നിലകൊണ്ട എല്ലാത്തിനും എതിരായിത്തീരുകയും ചെയ്തു. ഇതില്‍ അത്ഭുതപ്പെടാനൊന്നുമുണ്ടായിരുന്നില്ല. പി ഡബ്ല്യു എ ഉടലെടുക്കുമ്പോളുണ്ടായിരുന്ന ഐക്യത്തിന്റെ അടിസ്ഥാനം കേവലം സാംസ്കാരികം മാത്രമായിരുന്നില്ല. അത് രാഷ്ട്രീയ - സാംസ്കാരിക ഐക്യമായിരുന്നു. രാഷ്ട്രീയരംഗത്ത് ദേശീയമായും അന്തര്‍ദേശീയമായും ദിശാമാറ്റം ഉണ്ടായപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ഐക്യം തകരാതെ പറ്റുമായിരുന്നില്ല.

യുദ്ധാനന്തരം പുതിയ ദേശീയ സംഭവവികാസങ്ങള്‍ -ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിലേക്കെത്തിയപ്പോള്‍ , കലാകാരന്മാര്‍ക്കിടയിലും വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വിലയിരുത്തലുകള്‍ ഒരിക്കല്‍ കൂടെ രൂപം കൊണ്ടു. അതിനുശേഷം ഏതാണ്ട് നാല് ദശകങ്ങളായി, ദേശീയമോ അന്തര്‍ദേശീയമോ ആയ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഏതൊരു ഗതിവിഗതിയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ചിന്തകരെയും ഭിന്ന നിലപാടുകളിലേക്കെത്തിച്ചു - അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു കലാകാരനും എഴുത്തുകാരനും ബുദ്ധിജീവിക്കും ആവുമായിരുന്നില്ല. സ്വാഭാവികമായും പി ഡബ്ല്യുഎയുടെ സ്ഥാപക സമ്മേളനത്തിനു ശേഷമുള്ള അരനൂറ്റാണ്ടുകാലം ആദ്യത്തെ മൂന്നുവര്‍ഷമൊഴികെ, നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ കയ്പേറിയ യുദ്ധങ്ങള്‍ നടന്ന കാലമാണ് - സാംസ്കാരിക പ്രസ്ഥാനത്തിലും രാഷ്ട്രീയ പ്രസ്ഥാനത്തിലും.

ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിലെ സദുദ്ദേശ പ്രേരിതരായ ഒട്ടനവധി പ്രവര്‍ത്തകരും അനുഭാവികളും പുറപ്പെടുവിക്കുന്ന ആത്മനിഷ്ഠമായ ഒരാഗ്രഹം, കഴിഞ്ഞ 50 വര്‍ഷമായി ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം എന്നത് സംബന്ധിച്ച് ഈയവസരത്തില്‍ പരാമര്‍ശിക്കാതെ വയ്യ. ഈയൊരഭിപ്രായത്തിന് രൂപം നല്‍കുന്നവര്‍ ഏതാണ്ട് അഭിപ്രായപ്പെടുന്നത് 50 വര്‍ഷം മുമ്പ് രൂപം കൊണ്ട പി ഡബ്ല്യു എ യും വീണ്ടും ഒരു ദശകം കഴിഞ്ഞ് ഉയര്‍ന്നുവന്ന ഐപിടിഎയും പുനരുദ്ധരിച്ച് ഐക്യപൂര്‍വം ഒന്നിച്ചൊരു സംഘമായി പ്രവര്‍ത്തിക്കാനാവണം എന്നാണ്. ഈ മൂന്നു വോള്യങ്ങളുടെയും പത്രാധിപര്‍ തന്റെ മുഖവുരയിലും വ്യത്യസ്ത വോള്യങ്ങളുടെ ആമുഖക്കുറിപ്പുകളിലുമായി സൂചിപ്പിക്കുന്നത് അദ്ദേഹവും ഈ ദിശയില്‍ ചിന്തിക്കുന്നു എന്നാണ്.

പലേടങ്ങളിലായി അദ്ദേഹമുയര്‍ത്തുന്ന ഒരു വിമര്‍ശനമുണ്ട്. മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് ഭാഗികമായെങ്കിലും ഉത്തരവാദികളാണ്, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും തെറ്റുപറ്റിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ എന്ന്! ഈ വീക്ഷണം ശരിയാണോ? എനിക്കങ്ങനെ തോന്നുന്നില്ല. നേരേമറിച്ച്, ഇക്കഴിഞ്ഞ 50 വര്‍ഷക്കാലത്താണ് സാംസ്കാരികമേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായത്. തന്റെ മൂന്നു വോള്യങ്ങളിലായി സമാഹരിച്ച വിപുലമായ രേഖകളിലൂടെ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും അത് "തകരാനും ശിഥിലീകരിക്കാനും" തുടങ്ങിയതിനുശേഷം പോലും - സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം തുടര്‍ന്നു എന്ന കാര്യം പുറത്തുകൊണ്ടുവന്നതിനുള്ള ബഹുമതി സുധിപ്രധാന് ഉള്ളതാണ്. സാമ്രാജ്യത്വവിരുദ്ധ ജനസാമാന്യത്തില്‍നിന്നുള്ള ഒറ്റപ്പെടലില്‍ നിന്ന് പുറത്തുകടക്കാനുള്ള കഠിനശ്രമത്തിനിടയില്‍ അത് സാഹിത്യത്തെയും നാടകത്തെയും നാടോടിക്കലകളെയുമൊക്കെ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു.

മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ , രാഷ്ട്രീയ നിലനില്പിനായി യുദ്ധം ചെയ്യേണ്ടി വന്ന അക്കാലത്താണ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഉത്പാദനം കൂടിയത്. മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ അനന്യമായ സംഭാവന, അത് കലാപ്രവര്‍ത്തനവും ആസ്വാദനവും മേലേപ്പാളി ബുദ്ധിജീവികള്‍ക്കായി ഒതുക്കിനിര്‍ത്തിയില്ല എന്നതാണ്. സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കൊപ്പം ഇതര വിഭാഗം അധ്വാനിക്കുന്ന ജനങ്ങളുടെ പ്രസ്ഥാനങ്ങളും ചേര്‍ന്നതോടെ, ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന മനുഷ്യരെ പുതിയ രാഷ്ട്രീയാവബോധത്തിലേക്ക് മാത്രമല്ല, അവരുടെ സൗന്ദര്യാത്മക സംവേദനത്വവും സര്‍ഗാത്മകമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതിലേക്ക് കൂടി നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ എനിക്കുതന്നെ അവസരമുണ്ടായിട്ടുണ്ട്. 1955 ഡിസംബറിലെ ന്യൂഏജില്‍ ഞാനെഴുതിയ ലേഖനം ഇതിന്റെ മൂന്നാം വോള്യത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ഡസന്‍കണക്കിന് കവികള്‍ , കഥാകൃത്തുക്കള്‍ , നാടക സംവിധായകര്‍ , നടന്മാര്‍ , ഗായകര്‍ എന്നിങ്ങനെ കര്‍ഷക-തൊഴിലാളി വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന കലാകാരന്മാരെ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഉപരിവര്‍ഗ ബുദ്ധിജീവികളുടെ ഇടുങ്ങിയ വൃത്തത്തില്‍നിന്ന് സാംസ്കാരിക പ്രവര്‍ത്തനം മാറിത്തീരുന്ന പ്രതിഭാസം വിശദീകരിക്കവേ ഞാന്‍ ഇങ്ങനെ രേഖപ്പെടുത്തി:

"പണിയെടുക്കുന്നവര്‍ക്കിടയിലെ സാംസ്കാരിക പ്രവര്‍ത്തനം ഇത്രക്ക് വിപുലമായി വ്യാപിച്ചതിനുള്ള മുഴുവന്‍ പ്രശംസയര്‍ഹിക്കുന്നത് നിസ്സംശയമായും കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടക്ക് വളരെപ്പെട്ടെന്ന് വളര്‍ന്ന ട്രേഡ് യൂണിയനുകള്‍ക്കും കര്‍ഷക സഭകള്‍ക്കും മറ്റിതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമാണ്. തൊഴിലാളി-കര്‍ഷക ജനസാമാന്യത്തെ വര്‍ഗബോധത്തിലേക്കുണര്‍ത്തിയത്, തങ്ങളുടെ താല്കാലികാവശ്യങ്ങള്‍ക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുമായി അവ നടത്തിയ ഉശിരന്‍ പോരാട്ടങ്ങള്‍ , തങ്ങളുടെ ശക്തി നാട്ടിലെ മറ്റു ദേശാഭിമാന ബോധമുള്ള ജനാധിപത്യ ശക്തികളുമായി യോജിപ്പിച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന ഭാസുരമായ ഭാവിയെക്കുറിച്ച് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും പൊതുശത്രുവിനെതിരെ നടത്തിയ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ അവര്‍ നേടിയെടുത്ത ശക്തിബോധം - ഇതൊക്കെയും ചേര്‍ന്നാണ് ശതാബ്ദങ്ങളായി അവരില്‍ സുഷുപ്തിയിലായിരുന്ന, ഒളിഞ്ഞുകിടന്നിരുന്ന സര്‍ഗശേഷി പുറത്തുകൊണ്ടുവന്നത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ തൊഴിലാളി കര്‍ഷക ജനസാമാന്യം സാമ്പത്തിക രാഷ്ട്രീയ സമരവേദികളില്‍ ഒരു സ്വതന്ത്രശക്തിയായി പ്രവേശിച്ചതാണ് അവരുടെ സാംസ്കാരിക പ്രവര്‍ത്തനത്തെ സാധ്യമാക്കിയത്. "

“ഏതായാലും സംഘടിത തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും വളര്‍ച്ച അതിന്റെ സ്വാധീനം പ്രകടിപ്പിച്ചത് കലയുടെ മേഖലയില്‍ മാത്രമല്ല; പ്രകൃതി ശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും മേഖലയിലും അത് ദൃശ്യമായിരുന്നു. ട്രേഡ് യൂണിയനുകളുടെയും കിസാന്‍ സഭകളുടെയും പണിയെടുക്കുന്നവരുടെ മറ്റിതര ജനാധിപത്യ സംഘടനകളുടെയും ആദ്യത്തെയും ഏറെ പ്രധാനമായതുമായ പ്രവര്‍ത്തനങ്ങളിലൊന്ന് നിശാസ്കൂളുകളും വായനശാലകളും ലൈബ്രറികളും സ്റ്റഡി ക്ലാസുകളും ആരംഭിച്ച് രാഷ്ട്രീയ ധനതത്വശാസ്ത്രത്തിന്റെയും മറ്റു സാമൂഹിക ശാസ്ത്രങ്ങളുടെയും തത്വങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതിനായിരുന്നു. അതുവരെ മലയാള സാഹിത്യം കൈകാര്യം ചെയ്തിട്ടില്ലാത്ത ഗൗരവതരമായ വിഷയങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കാനും അതില്‍ താല്പര്യം ജനിപ്പിക്കാനും ഇതൊക്കെ ഏറെ സഹായകമായി".

"സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന വിജ്ഞാനതൃഷ്ണ, അത്തരം വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താനും ചുരുങ്ങിയ സമയത്തിനകം അവയെല്ലാം വിറ്റഴിക്കാനും എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും അവസരമൊരുക്കി. കേരളത്തിലെ പുസ്തകപ്രസാധനരംഗത്ത് മൗലികമായ മാറ്റത്തിന്റെ സാഹചര്യമാണ് ഇതുണ്ടാക്കിയത്. മുമ്പൊക്കെ നാലോ അഞ്ചോ വര്‍ഷംകൊണ്ട് വിറ്റുതീരുമായിരുന്നേടത്ത് ഇപ്പോള്‍ പുസ്തകങ്ങള്‍ ഒരു വര്‍ഷത്തിനിടെ തന്നെ തീര്‍ന്നുപോവുകയാണ് (പേജ് 482-483. വോള്യം 3)."

ഒരു സംസ്ഥാനത്തിന്റെ കാര്യമാണെങ്കിലും പി ഡബ്ല്യു എയുടെ സ്ഥാപനത്തിനുശേഷമുള്ള രണ്ട് ദശകങ്ങള്‍ക്കകം രാജ്യത്തൊട്ടാകെയുള്ള സാംസ്കാരിക പ്രസ്ഥാനത്തില്‍ എന്തു സംഭവിച്ചു എന്ന കാര്യം അത് വെളിപ്പെടുത്തിത്തരും എന്നതുകൊണ്ടാണ് ഞാനിത് ഉദ്ധരിച്ചത്. സുധി പ്രധാനാകട്ടെ, മിക്ക സംസ്ഥാനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവയും ഇതേ കഥ തന്നെയാണ് പറയുന്നത്. അതുകൊണ്ട് ഒരു കാര്യം നിസ്സംശയം നിരീക്ഷിക്കാനാവും: സാമ്പത്തിക - രാഷ്ട്രീയ മേഖലകളിലേതെന്ന പോലെതന്നെ, കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും സാധാരണക്കാരെ സാംസ്കാരിക മേഖലയിലും കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. അവര്‍ വര്‍ധിച്ച തോതില്‍ സ്രഷ്ടാക്കളായി മാറുന്നുണ്ട്. അതേപോലെത്തന്നെ സാംസ്കാരിക ഉല്പന്നങ്ങളുടെ വിമര്‍ശകരുമായി വളരുന്നുണ്ട്. ഇതിനെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെന്നോ ശിഥിലീകരണമെന്നോ വിശേഷിപ്പിക്കാനാവുമോ? വാസ്തവത്തില്‍ അത് ശ്രദ്ധേയമായ നേട്ടമല്ലേ?

ശരിയാണ്, അരനൂറ്റാണ്ടുമുമ്പ് നിലവില്‍വന്ന പിഡബ്ല്യു എയും കുറച്ചുകഴിഞ്ഞ് രൂപംകൊണ്ട അതിന്റെ സഹോദര സംഘടനയായ ഐപിടിഎയും ഇന്ന് അഖിലേന്ത്യാ സംഘടനകളായി നിലനില്‍ക്കുന്നില്ല. നിലവിലുണ്ടായിരുന്നപ്പോള്‍തന്നെ മറ്റു സംസ്ഥാനങ്ങളിലും സജീവമായ പ്രാദേശിക ഘടകങ്ങള്‍ ഉണ്ടായിരുന്നില്ല. അവ ഹിന്ദി - ഉറുദു - ബംഗാളി ഭാഷാപ്രദേശങ്ങളിലാണ് ഏറെ അറിയപ്പെട്ടിരുന്നത്. അന്നത്തെപ്പോലെതന്നെ ഇന്നും നേരിട്ട് പി ഡബ്ല്യുഎ യിലും ഐപിടിഎ യിലും അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിലും അന്നും ഇന്നും ആ രണ്ടു സംഘടനകളുടെയും സ്ഥാപക സമ്മേളനങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകള്‍ ഏറെയുണ്ട്. കേരളത്തിലെ പണിയെടുക്കുന്ന ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായിത്തന്നെ ഇക്കാലത്ത് സര്‍ഗാത്മക വിമര്‍ശനങ്ങളുമായി ഏറെ രചനകള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം ഒരുദാഹരണമെന്ന നിലക്ക് ഞാന്‍ ചൂണ്ടിക്കാട്ടുകയാണ്. 1937ല്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ കേരള ഘടകം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന കടുത്ത വിവാദങ്ങളും അതിനുശേഷം കമ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ 1940ല്‍ ഉയര്‍ന്നുവന്ന വിവാദങ്ങളും നോക്കിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടന്നതിലും ഒട്ടും പിറകിലായിരുന്നില്ല അവ എന്നു കാണാം. മൂന്നു വാള്യങ്ങളിലായി പുറത്തിറങ്ങിയ രേഖകളിലെങ്ങുംതന്നെ ഈ പറഞ്ഞ വിവാദങ്ങള്‍ക്ക് പ്രാതിനിധ്യമേ ഇല്ല. ഇതിനുള്ള പ്രധാന ഉത്തരവാദികള്‍ തീര്‍ച്ചയായും പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ നേതാക്കളും പ്രവര്‍ത്തകരുമാണ്.

1940കളിലും 1950 കളിലും നടന്നവയടക്കം ഈ 50 വര്‍ഷക്കാലത്ത് നടന്ന കടുത്ത ചര്‍ച്ചകളെ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ , മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിലെ ആര്‍ക്കുംതന്നെ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തമ്മില്‍ ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളെ അപലപിക്കാനുള്ള അവകാശമില്ലെന്ന കാര്യത്തില്‍ എനിക്ക് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ അന്ന് വ്യാപൃതരായിരുന്ന മൂര്‍ച്ചയേറിയ തര്‍ക്കങ്ങള്‍ , ജനങ്ങള്‍ക്ക് വേണ്ടി എന്നതുപോലെതന്നെ ജനങ്ങളാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന പുതിയ സാഹിത്യത്തിലും കലയിലും വളര്‍ന്നുവരുന്ന വീര്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ എന്നാലും, അന്ന് ഉപയോഗിക്കാവുന്നതിലും കടുത്ത വാക്കുകള്‍ പ്രയോഗിച്ച കാര്യത്തിലും അന്ന് തെറ്റായ ആശയങ്ങള്‍ പ്രകടിപ്പിച്ച കാര്യത്തിലും ഞങ്ങളില്‍ പലരും കുറ്റവിമുക്തരാവുന്നില്ല. ഈ ദൗര്‍ബല്യങ്ങളെയും കുറവുകളെയും സംശയരഹിതമായും അംഗീകരിക്കുമ്പോള്‍ത്തന്നെ, മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനമെന്നത് അതിന്റെ രാഷ്ട്രീയ-സാമ്പത്തിക രൂപങ്ങള്‍പോലെതന്നെ ഒരു സജീവ യാഥാര്‍ഥ്യമാണ്.

മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഇന്നത്തെ നിലയെന്താണ്? കണ്ണുള്ളവരെല്ലാം അംഗീകരിക്കുന്ന ഒരു കാര്യമാണ് പിഡബ്ല്യുഎയും ഐപിടിഎ യെപ്പോലുള്ള അഖിലേന്ത്യാ സംഘടനകള്‍ ഇന്ന് പ്രായോഗികമല്ല എന്നത്. രാജ്യത്തൊട്ടാകെ പുരോഗമന സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനകള്‍ ഉണ്ടെങ്കിലും അവക്ക് ഓരോന്നിനും തങ്ങളുടെതായ വ്യതിരിക്ത വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നതുതന്നെ കാരണം. അതിലെ അംഗങ്ങളും പ്രധാന പ്രവര്‍ത്തകരും ഓരോന്നിലും വ്യത്യസ്ത സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് എന്നതു കൊണ്ടുതന്നെ, അവയെ ഒരൊറ്റ ഭരണഘടന അനുസരിക്കുന്ന ഒരു സംഘടനക്കുകീഴില്‍ ഒരേ നിയമാവലിയനുസരിക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടുവരണം എന്നുപറയുന്നത് തീര്‍ത്തും സാങ്കല്പികമാണ്.

ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യമുണ്ട്. രാജ്യം ഒട്ടേറെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വങ്ങളാണ് എന്നുള്ളതു കൊണ്ടുതന്നെ, അവക്കിടയില്‍ സാധ്യമായ ഏറ്റവും നല്ല കാര്യം (ബാധകമായ പ്രമേയങ്ങളൊന്നും തന്നെ അംഗീകരിക്കാതെതന്നെ) ഇടക്കിടക്കുള്ള കൂടിച്ചേരലുകള്‍ വഴിയുള്ള ഏകോപനമാണ്. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനിടക്ക് ഉയര്‍ന്നുവന്ന സംഘടനകളുടെ വൈവിധ്യം തന്നെ 1936 ഏപ്രിലില്‍ ലഖ്നോ നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ വീര്യത്തിനുള്ള ആദരമാണ്. പി ഡബ്ല്യുഎ യുടെയും ഐപിടിഎ യുടെയും ആരാധകരില്‍ പലരും സ്വപ്നം കണ്ടതുപോലെ അത് ഒരു വന്‍ വടവൃക്ഷമായി വളര്‍ന്നില്ലെങ്കിലും അതിന്റെ വേരുകള്‍ ഇന്ത്യയുടെ മണ്ണില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; രാജ്യത്ത് നിവസിക്കുന്ന എല്ലാ ഭാഷാസാംസ്കാരിക വിഭാഗങ്ങള്‍ക്കിടയിലും ഇന്നത്തേതും അര നൂറ്റാണ്ടു മുമ്പുള്ളതുമായ സര്‍ഗാത്മക സാഹിത്യത്തിന്റെയും വിമര്‍ശന സാഹിത്യത്തിന്റെയും ഉള്ളടക്കം താരതമ്യം ചെയ്താല്‍ അവ രണ്ടും 1936 സമ്മേളനത്തിന്റെ രേഖകളുമായി തട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും ഇന്ത്യന്‍ സാംസ്കാരിക രംഗത്ത് അതിന്റെ ഗംഭീരമായ സ്വാധീനം.

ഇവിടെ ചര്‍ച്ചചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു വിഷയം സാംസ്കാരിക പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാനവും തമ്മിലുള്ള ബന്ധമാണ്. സ്ഥാപക സമ്മേളനത്തില്‍ മുന്‍ഷി പ്രേംചന്ദ് നടത്തിയ അധ്യക്ഷപ്രസംഗവും സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയും വ്യക്തമാക്കിയതുപോലെ ദേശീയ - അന്തര്‍ദേശീയ രാഷ്ട്രീയം മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണെന്നിരിക്കെ അത് കലയുടെയും സാഹിത്യത്തിന്റെയും കാര്യത്തിലും അങ്ങനെതന്നെയായിരിക്കുന്നു. അതേസമയം രാഷ്ട്രീയം ജീവിതത്തിന്റെ ഒരു ഭാഗമേ ആവുന്നുള്ളൂ, മുഴുവന്‍ ജീവിതവുമല്ല. ഒരെഴുത്തുകാരനും കലാകാരനും രാഷ്ട്രീയത്തിന് അതീതനാവാന്‍ കഴിയില്ല- സര്‍ഗാത്മക കലാകാരന്‍ എന്ന നിലക്ക് അയാളോ അവളോ അതിനോട് ആത്മനിഷ്ഠമായി പ്രതിജ്ഞാബദ്ധരല്ലെങ്കിലും. മുന്‍ഷി പ്രേംചന്ദും രബീന്ദ്രനാഥ ടാഗോറും ഇന്ത്യന്‍ സാഹിത്യത്തിലെ മറ്റു മഹാരഥന്മാരോ ഗോര്‍ക്കിയും റോമന്‍ റൊളാണ്ടും അതുപോലുള്ള ലോകസാഹിത്യത്തിലെ അതികായന്മാരോ തങ്ങള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരുന്നിട്ടില്ല. എന്നിരിക്കിലും അവര്‍ അടിസ്ഥാനപരമായി സര്‍ഗാത്മക കലാകാരന്മാരാണ് - ഈ വസ്തുത ഇപ്പോള്‍ തുറന്നു സമ്മതിക്കട്ടെ, ഞങ്ങളില്‍ പലരും പരസ്പരമുള്ള തര്‍ക്കത്തിനിടയില്‍ വിസ്മരിച്ച കാര്യമാണിത്. ഈ നിലപാട് മാക്സിം ഗോര്‍ക്കിക്ക് 1919 ജൂലൈ 31 നയച്ച കത്തില്‍ ലെനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലെനിന് ഏറെ സ്നേഹവും ആദരവുമുള്ള ഒരാളായിരുന്നു ഗോര്‍ക്കി എങ്കിലും തന്റെ നിര്‍ഭയമായ വിമര്‍ശനത്തില്‍ അദ്ദേഹം ഗോര്‍ക്കി ജീര്‍ണിക്കുകയാണ് എന്ന് വിശേഷിപ്പിച്ചിരുന്നു. "താങ്കളുടെ കത്ത് കൂടുതലായി വായിച്ചതോടെ ആ കത്തും അതിലെ തീര്‍പ്പുകളും താങ്കളുടെ മതിപ്പും തീര്‍ത്തും രോഗാതുരമാണ് എന്ന നിലപാടിലേക്ക് കൂടുതല്‍ കൂടുതലായി ഞാനെത്തിച്ചേരുകയാണ്". ഇതിന് കാരണമായി ലെനിന്‍ ചൂണ്ടിക്കാട്ടിയത് ഗോര്‍ക്കി അന്ന് കഴിഞ്ഞിരുന്നത് പെട്രോഗ്രാഡിലാണ് എന്നതാണ്. അവിടെയാണെങ്കില്‍ രാഷ്ട്രീയമായി അത്യസാധാരണമാംവിധം കാര്യം ഗ്രഹിക്കുന്നവര്‍ക്കും അതിവിപുലമായ രാഷ്ട്രീയാനുഭവമുള്ളവര്‍ക്കും മാത്രമേ സോവിയറ്റ് യൂണിയനില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു കാണാന്‍ കഴിയൂ എന്നതാണ് കാര്യം.

"നിങ്ങള്‍ക്ക് നിരീക്ഷിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ താഴെ നിന്നു നോക്കിക്കാണണം. പ്രവിശ്യകളിലാകട്ടെ, നാട്ടുമ്പുറങ്ങളിലാകട്ടെ തൊഴിലാളി കേന്ദ്രങ്ങളില്‍ ഒരു പുതുജീവിതം പണിതുയര്‍ത്തുന്നതിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ അപ്പോഴേ കഴിയൂ. അവിടെ ആരും അതിസങ്കീര്‍ണമായ കണക്കുകളുദ്ധരിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. വെറുതേ നോക്കിക്കണ്ടാല്‍ മാത്രം മതി. അതിനുപകരം താങ്കള്‍ സ്വയം ഒരു പ്രൊഫഷണല്‍ പത്രാധിപരുടെയോ തര്‍ജമക്കാരന്റെയോ നില സ്വയം കൈവരിക്കുകയാണ്. അത്തരമൊരവസ്ഥയില്‍ ഒരു പുതിയ ജീവിതത്തിന്റെ പുതിയ നിര്‍മാണം നിരീക്ഷിക്കാന്‍ ആവുകയില്ലതന്നെ. പകരം താങ്കളുടെ മുഴുവന്‍ ശക്തിയും ഒരു രോഗാതുരനായ ബുദ്ധിജീവിയുടെ അസുഖകരമായ പിറുപിറുക്കലുകളായി തകര്‍ന്നു തരിപ്പണമാകും". മനുഷ്യന്‍ പണിതുയര്‍ത്തിയ ഭൗതികവും ആത്മീയവുമായ ലോകത്തിന് എല്ലാ മഹത്വങ്ങളുടെയും യഥാര്‍ഥ സ്രഷ്ടാക്കളായ ജനങ്ങളുമായുള്ള ബന്ധം അറ്റുപോയതിന്റെ പേരില്‍ (അക്കാര്യം ഗോര്‍ക്കി തന്നെ തന്റെ രചനകളില്‍ വിശദീകരിക്കുന്നുണ്ട്)

ഗോര്‍ക്കിയെ ഇങ്ങനെ ശക്തമായി ശകാരിച്ചതിനുശേഷം ലെനിന്‍ കൂട്ടിച്ചേര്‍ക്കുന്നു: "താങ്കളുടെമേല്‍ എന്തെങ്കിലും ഉപദേശം അടിച്ചേല്‍പ്പിക്കുകയല്ല. പക്ഷേ എനിക്കിതു പറയാതെ വയ്യ: താങ്കളുടെ സാഹചര്യങ്ങളെ മൗലികമായി മാറ്റുക. താങ്കളുടെ ചുറ്റുപാടുകളെ, താങ്കളുടെ വസതിയെ, താങ്കളുടെ തൊഴിലിനെ - അല്ലെങ്കില്‍ ജീവിതം താങ്കളെ വെറുത്തേക്കും (ലെനിന്‍ സാഹിത്യത്തെയും കലയെയുംപറ്റി- പ്രോഗ്രസ് പബ്ലിഷേഴ്സ് - പേജ് 224-228).

ലെനിന്‍ ഗോര്‍ക്കിക്ക് നല്‍കുന്ന ഉപദേശം മാര്‍ഗനിര്‍ദേശമായി സ്വീകരിക്കുകയാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായ നമ്മളില്‍ പലരും നമ്മുടെ ഉപദേശം പ്രഗത്ഭരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നു പറഞ്ഞുകൂടേ? രാഷ്ട്രീയ പ്രവര്‍ത്തകരെന്ന നിലക്ക് പൊരുതുന്ന സാധാരണ ജനങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ അവരുടേതിനേക്കാള്‍ യാഥാര്‍ഥ്യപൂര്‍ണമായിരുന്നു. ഇക്കാരണത്താല്‍ നമ്മുടെ വിമര്‍ശകരില്‍ പലരും, നമുക്കെതിരെ കുറുവടിയുമായി നില്‍ക്കുന്ന കാലത്ത് പ്രത്യേകിച്ചും, നമ്മുടെ ഉപദേശം വിരുദ്ധരീതിയില്‍ നോക്കിക്കണ്ടിട്ടുണ്ടാകാം. കലാസൃഷ്ടികളുടെയും സാഹിത്യത്തിന്റെയും രചനയുടെ കാര്യത്തിലും ആസ്വാദനത്തിന്റെ കാര്യത്തിലും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പൂര്‍ണമായി വേര്‍തിരിച്ചു കാണാനോ പൂര്‍ണമായി കൂട്ടിക്കുഴയ്ക്കപ്പെടാനോ പാടില്ല - ഈയൊരു വസ്തുതയാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ നമ്മളില്‍ പലരും, അതേപോലെ കലയുടെയും സാഹിത്യത്തിന്റെയും മേഖലയിലെ നമ്മുടെ എതിരാളികളും മറന്നുപോയത്.

*
ഇ എം എസ് (വിവര്‍ത്തനം-എ കെ രമേശ്) ദേശാഭിമാനി വാരിക 01 ജനുവരി 2012

Monday, January 2, 2012

തെരുവരങ്ങിലെ പോരാളി....SAFDAR HASHMEE

ഒരു വലിയ കലാകാരന്റെ ചോരമണം കലര്‍ന്നാണ് "89ലെ പുതുവര്‍ഷം പിറവികൊണ്ടത്. അന്ന്, ജനുവരി ഒന്നിന് ഡല്‍ഹിയിലെ സാഹിബാബാദില്‍ വച്ച് "ജനനാട്യമഞ്ച്" എന്ന പുരോഗമന നാടകസംഘത്തിന്റെ നായകനായിരുന്ന സഫ്ദര്‍ ഹാശ്മിയുടെ നേതൃത്വത്തില്‍ "ഹല്ലാബോല്‍" എന്ന തെരുവുനാടകം അരങ്ങേറുന്നു. തൊഴിലാളികളും ബുദ്ധിജീവികളുമൊക്കെ കൂടിച്ചേര്‍ന്ന സദസ്സ് "ഹല്ലാബോല്‍" ഹൃദയത്തിലേറ്റു വാങ്ങുമ്പോള്‍ രചയിതാവും നടനും സംവിധായകനും സംഘാടകനുമായ സഫ്ദര്‍ഹാശ്മിയുടെ ഹൃദയം പിളരാന്‍ ഭരണകൂടത്തിന്റെ എച്ചില്‍തീനികള്‍ നാടകസംഘത്തിനുനേരെ ചീറിയടുക്കുന്നു. ജനുവരി മഞ്ഞില്‍ ചോരച്ചായമുതിര്‍ത്ത് പ്രിയപ്പെട്ട കലാകാരന്‍ രക്തസാക്ഷിയാകുന്നു...

ഇതേസമയം തന്നെ ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം നടക്കുകയായിരുന്നു. ആ വേദിയില്‍വെച്ച് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകയും നടിയുമായ ശബാന ആസ്മി സഫ്ദറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന നടത്തി. അത് ഉപരിവര്‍ഗ ചിന്തകരുടെ നെറ്റി ചുളിക്കാനിടയാക്കി. അധികാരനേതൃത്വത്തിനും പിണിയാളുകള്‍ക്കും ഹാശ്മിയുടെ മരണം സുഖം പകരുന്നതായിരുന്നു. മൂലധനക്കൊഴുപ്പിന്റെ പൊങ്ങച്ചങ്ങളില്‍ അലംകൃതമായ പ്രസ്തുത വേദിയിലെ പ്രതിഷേധാവതരണം ഭരണപുംഗവന്മാരുടെ രോഷത്തിനിടയാക്കി. ഹാശ്മിയുടെ മരണവും അവാര്‍ഡ് ദാനവേദിയിലെ രംഗങ്ങളും വിദേശ ചാനലുകള്‍ തുടരെത്തുടരെ കാണിച്ചപ്പോള്‍ നമുക്കാകെ അന്നുണ്ടായിരുന്ന ദൂരദര്‍ശന്‍ ചാനല്‍ അത് സംപ്രേഷണം ചെയ്യാതെ മറച്ചുവച്ചു. നാടകം ശക്തമായ കലയാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച സഫ്ദറിന് 35 തികയുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറയേണ്ടിവന്നു. ഹാശ്മിയുടെ നാടകവീക്ഷണം വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും നാട്ടില്‍നിന്നുകൊണ്ട് നാടകത്തിലൂടെ ശക്തമായി സംവദിക്കാന്‍ ഹാശ്മിക്കു കഴിഞ്ഞു. തൊഴിലാളികളോട് അദ്ദേഹം ചില ചോദ്യങ്ങളുന്നയിച്ചുകൊണ്ടേയിരുന്നു. "ലോകത്തെ മധുരം നുണയിക്കുന്ന നിങ്ങളെന്തുകൊണ്ടാണ് പഞ്ചസാരയിടാത്ത കാപ്പി കുടിക്കേണ്ടി വരുന്നത്?"

"പട്ടുവസ്ത്രങ്ങളുണ്ടാക്കുന്ന, ലോകത്തെ പട്ടുടുപ്പിക്കുന്ന ദരിദ്രരേ, നിങ്ങളെന്തു കൊണ്ടാണ് പഴഞ്ചന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നത്?" ഈ ചോദ്യങ്ങളെയും അതില്‍നിന്നുമുത്ഭവിക്കുന്ന പ്രതിഷേധ ജ്വാലകളെയുമാണ് മൂലധനവര്‍ഗവും അധികാരമേലാളന്മാരും ഭയപ്പെട്ടത്. ഇതേ ചോദ്യങ്ങള്‍ തന്നെയായിരുന്നു പ്രശസ്ത ജര്‍മന്‍ നാടകകൃത്തും ചിന്തകനുമായിരുന്ന ബ്രഹ്തോള്‍ ബ്രഹറ്റും ചോദിച്ചിരുന്നത്. "ഗോതമ്പു പാടങ്ങളിലെ തൊഴിലാളിയെന്തിനു പട്ടിണി കിടക്കേണ്ടി വരുന്നു; പാര്‍പ്പിടം നിര്‍മിക്കുന്നവനെന്തിന് ആകാശമേലാപ്പിനടിയില്‍ കിടക്കുന്നു" എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യശരങ്ങളെയ്ത ബ്രഹറ്റിന്റെ പാതയിലൂടെയായിരുന്നു ഹാശ്മിയും സഞ്ചരിച്ചത്. നാടകകലയെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള മൂര്‍ച്ചയേറിയ ആയുധമായിട്ടാണ് ഹാശ്മിയും കണ്ടത്. പ്രേക്ഷകനെ നാടകം ചിന്തിപ്പിക്കുന്നതാകണമെന്നും പ്രേക്ഷകന്‍ ഒരു നിരീക്ഷകനെപ്പോലെ നാടകം കാണണമെന്നും എങ്കിലേ നാടകമവനെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനാക്കൂ എന്നും ഹാശ്മിയും ചിന്തിച്ചിരിക്കണം. യഥാര്‍ഥ പ്രശ്നങ്ങള്‍ നാടകത്തിലല്ലെന്നും ദരിദ്രപ്രേക്ഷകന്റെ ജീവിതത്തില്‍ത്തന്നെയാണെന്നും ഹാശ്മിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജീവല്‍പ്രശ്നങ്ങളുടെ സങ്കീര്‍ണമായ രാഷ്ട്രീയം അദ്ദേഹത്തിന്റെ നാടകത്തിലും പ്രതിഫലിച്ചു.

ഒരു രാഷ്ട്രീയ ചിന്തകനായതുകൊണ്ടുതന്നെയാണ് "ജനനാട്യമഞ്ച്" എന്ന് തന്റെ നാടകപ്രസ്ഥാനത്തിനു പേര് നല്‍കിയത്. "ജനനാട്യമഞ്ച്" എന്ന പേരില്‍ സാമൂഹിക വീക്ഷണവും സംഘബോധസൂചനയും വ്യക്തമായും പ്രതിഫലിക്കുന്നു. തന്റെ തെരുവുനാടകം കാണുന്ന ഒരു പ്രേക്ഷകന്‍ , അതില്‍ പ്രതിപാദിച്ച പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം ചിന്തിക്കണമെന്നും അത് സംഘബോധത്തിലേക്കവനെ നയിക്കണമെന്നും ആ ശക്തി അടിച്ചമര്‍ത്തപ്പെടുന്നവന്റെ അധികാരശക്തിയായ് ഉയര്‍ന്നു വരണമെന്നും അദ്ദേഹമാഗ്രഹിച്ചു. നാടകത്തിന്റെ കരുത്തറിഞ്ഞ ഹാശ്മി അതിലൂടെ ജനഹൃദയങ്ങളില്‍ നീതിബോധത്തിന്റെ വിത്തെറിഞ്ഞു. അത് സമരജ്വാലകളായി അധികാര ചിഹ്നങ്ങളില്‍ പതിഞ്ഞുകൊണ്ടേയിരുന്നു.... മധ്യവര്‍ഗ സുഖജീവിതവും യൂണിവേഴ്സിറ്റി അധ്യാപകന്റെ ജോലിയുമുപേക്ഷിച്ച് ഭാര്യയോടും സഖാക്കളോടുമൊപ്പം തെരുവിന്റെ തീക്ഷ്ണതയിലേക്കിറങ്ങിയതും അടിയുറച്ച രാഷ്ട്രീയബോധത്തിന്റെ തെളിമ തന്നെ; നാടകമെന്ന കലാരൂപത്തിന്റെ കരുത്തുള്‍ക്കൊണ്ടുതന്നെ. നാടകത്തിന്റെ കരുത്ത് 1875-ല്‍ ബ്രിട്ടീഷുകാരന്‍ രൂപപ്പെടുത്തിയ കലാവിരുദ്ധ നിയമമായിരുന്നു, നാടകാവതരണ നിയമം ഈ കറുത്ത നിയമത്തിന്റെ ഉത്ഭവം പോലും കാണിക്കുന്നത് ബ്രിട്ടീഷുകാര്‍ പോലും നാടകകലയേയും അതിലൂടെ രൂപപ്പെടുന്ന ഭരണവിരുദ്ധ ആശയതലങ്ങളേയും ഭയപ്പെട്ടിരുന്നു എന്നതുതന്നെയാണ്. ഈ നിയമമുപയോഗിച്ച് രാജ്യത്ത് ആദ്യം നിരോധിക്കുന്നത് ബംഗാളി എഴുത്തുകാരനായിരുന്ന ദീനബന്ധു മിത്രയുടെ "നീല ദര്‍പ്പണ്‍" എന്ന നാടകമാണ്.... കേരളത്തില്‍പോലും ഇതേ നാടകാവതരണ നിയമമുപയോഗിച്ചാണ് ചില നാടകങ്ങള്‍ക്കെതിരെ നിരോധനമേര്‍പ്പെടുത്തിയത്. 1953ല്‍ കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകവും കരുണാകര ഭരണത്തില്‍ പി എ ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവും" ഈ നിയമത്തിന്റെ മുറിവേറ്റ സൃഷ്ടികളാണ്. കേരളത്തിലെ നാടകപ്രസ്ഥാനങ്ങള്‍ക്കു നേരെയുണ്ടായ മതമൗലികവാദികളുടെയും തിന്മയുടെ ശക്തികളുടേയും അതിക്രമങ്ങള്‍ കാണിച്ചുതന്നതും നാടകത്തിന്റെ കരുത്തുതന്നെയായിരുന്നു. "ഭഗവാന്‍ കാലുമാറുന്നു", "ജ്ജ് നല്ല മനിസനാവാന്‍ നോക്ക്", "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" തുടങ്ങിയ നാടകങ്ങള്‍ പിന്നേയും പിന്നേയും അരങ്ങേറിയത് പുരോഗമന ഇടതുപക്ഷ സഹൃദയത്വം പിന്‍പറ്റിക്കൊണ്ടായിരുന്നു. കേരളീയ നവോത്ഥാനത്തിനും സാമൂഹിക മാറ്റത്തിനും പുരോഗമന ശക്തികള്‍ക്കൊപ്പം ചാലകശക്തിയായി നിന്നതും നാടകം തന്നെ.

റൈറ്റ് ടു പെര്‍ഫോം ഒരു മൂലധന, അധികാരശക്തികളുടെ നാടകത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ മുന്‍നിര്‍ത്തിയാണ് ഹാശ്മി റൈറ്റ് ടു പെര്‍ഫോം (ആവിഷ്കരിക്കാനുള്ള അവകാശം) എന്ന പുസ്തകം രചിച്ചത്. കലാ-സാംസ്കാരിക രംഗത്തുള്ള എല്ലാ ഫാസിസ്റ്റ് കടന്നാക്രമണങ്ങളേയും തള്ളിപ്പറഞ്ഞ ഹാശ്മിക്ക് ഫാസിസ്റ്റുകളുടെ കൈയാല്‍ കൊല്ലപ്പെടേണ്ടി വന്നതും ചരിത്രത്തിലെ ഒരു യാദൃഛികതയല്ല. ഗുണ്ടകളാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍നിന്നും തൊഴിലാളികള്‍ ഇടതുപക്ഷ ബോധത്തിലേക്കു വരുന്ന "ഹാശ്മി സ്വാധീന"ത്തെ ഇല്ലാതാക്കാന്‍ ഹാശ്മിയെത്തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു പദ്ധതി. ആദ്യമവര്‍ ഉപഹാരങ്ങളും അവാര്‍ഡുകളുമായി ഹാശ്മിയെ തേടിയെത്തി. അങ്ങനെ ഹാശ്മി മെരുങ്ങി നില്‍ക്കുന്നവനായി മാറുമെന്നവര്‍ കണക്കുകൂട്ടി. പക്ഷേ, എല്ലാം അദ്ദേഹം നിരസിച്ചു. മെരുക്കി നിര്‍ത്തുക പാടാണെന്നറിഞ്ഞവര്‍ ഇല്ലാതാക്കുക എന്ന വഴി സ്വീകരിച്ചു. പക്ഷേ, ഹാശ്മിയുടെ ഇച്ഛാശക്തിയെയും സ്വാതന്ത്ര്യബോധത്തെയും കീഴാള സ്വപ്നത്തെയും ഒരു ജനത സ്വന്തം നെഞ്ചിലേക്കു ഏറ്റുവാങ്ങുന്നുണ്ടായിരുന്നു.

കാലിക നാടകാവസ്ഥ ഹാശ്മിയുടെ രക്തസാക്ഷിത്വം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മൂല്യബോധത്തോട് കൂറു പുലര്‍ത്താന്‍ നാം ബാധ്യസ്ഥരല്ലേ? കച്ചവട മൂല്യബോധമുള്ള സമൂഹത്തില്‍ കമ്പോള കലാകാരന്‍ മാത്രം ആദരിക്കപ്പെടുമ്പോള്‍ , അംഗീകാരങ്ങള്‍ കച്ചവട കലാവൃത്തങ്ങളിലൊതുങ്ങുമ്പോള്‍ , ജനകീയ കലാനാമം പുച്ഛത്തോടെ ഉച്ചരിക്കപ്പെടുമ്പോള്‍ ഒരു തിരിച്ചറിവും കൂട്ടായ്മയും കാലം ആവശ്യപ്പെടുന്നുണ്ട്.... അമ്പലങ്ങളെയും പള്ളികളെയും മുന്നില്‍ക്കണ്ട് പ്രൊഫഷണല്‍ നാടകമസാലക്കൂട്ടുകള്‍ രൂപപ്പെടുത്തി കച്ചവടം പൊടിപൊടിക്കുമ്പോള്‍ , നാം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും ആചാരങ്ങളും നാടകത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ , പുരോഗമനപക്ഷം നിസ്സംഗത കൈവെടിഞ്ഞേ മതിയാവൂ. നാടകത്തിനുനേരെ ഉയര്‍ന്നുവന്ന ആക്രോശങ്ങളും ഭീഷണികളും ഇന്നു പ്രകടമാകുന്നില്ല എന്നതുതന്നെ നാടകത്തിന്റെ വളര്‍ച്ചയേയല്ല തളര്‍ച്ചയേയാണ് കാണിക്കുന്നത്. നാടകം സാമൂഹ്യ തിന്മകളുമായി സന്ധിചെയ്യപ്പെടുമ്പോള്‍ അതൊരു വികാസത്തിന്റെ അടയാളമല്ല; മറിച്ച് മുരടിപ്പിന്റെ ചിഹ്നമാകുന്നു.

മതവും അധികാരവും സമ്പത്തുമായി സന്ധിചെയ്യുവാന്‍ കലാകാരന്മാരും നന്നായി പഠിച്ചുവരുന്നതിന്റെ സൂചനയാണിത്. "ജ്ജ് നല്ല മനിസനാവാന്‍ നോക്ക്" എന്ന നാടകത്തിനെതിരെ മുസ്ലിം വര്‍ഗീയവാദികളും "ഭഗവാന്‍ കാലുമാറുന്നു" എന്ന നാടകത്തിന്നെതിരെ ഹിന്ദുവര്‍ഗീയവാദികളും, "ക്രിസ്തുവിന്റെ 6-ാം തിരുമുറിവിനെതിരെ ക്രിസ്ത്യന്‍ മതാധികാരികളും ഉറഞ്ഞുതുള്ളിയപ്പോള്‍ ചെറുത്തുനിന്നത് കേരളീയ മതേതര ശക്തികളാണ്. നിലമ്പൂര്‍ ബാലനെയും ആയിഷയെയും കല്ലെറിഞ്ഞപ്പോള്‍ അവര്‍ വാര്‍ത്ത ചോരത്തുള്ളികളില്‍ പൂത്തുനിന്നത് മലയാള നാടകവേദിയുടെ ഇച്ഛാശക്തിയായിരുന്നു... ഇന്ന് സന്ധി ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് ആ ഇച്ഛാശക്തിയും പുരോഗമന ബോധവുമാണെന്ന് കലാകാരന്‍ തിരിച്ചറിയുക തന്നെ വേണം. ഹാശ്മിയുടെ ഓര്‍മകള്‍ നമ്മോടാവശ്യപ്പെടുന്നതും അതുതന്നെ. സാഹിബാബാദിലെ ചിതറിയ ചോരത്തുള്ളികള്‍ ഒരായിരം കരുത്താര്‍ന്ന നാടകമായി ഉയിര്‍ക്കൊള്ളുമെന്നും അത് വന്‍കിട മില്ലുടമകള്‍ക്കും മുതലാളിത്ത അധികാര ശക്തികള്‍ക്കുമെതിരായി ഒരു ജനതയുടെ രോഷമായി ജ്വലിക്കുമെന്നും നമുക്കാശിക്കാം.

*
സുരേഷ് മേപ്പയ്യൂര്‍ ദേശാഭിമാനി വാരിക

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER