My Blog List

Friday, September 9, 2011

വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റ് പൈതൃകവും

കേരളീയ സാമൂഹ്യ നഭോമണ്ഡലത്തില്‍ കൊടുങ്കാറ്റ് വിതച്ച നവോത്ഥാനത്തിന്റെ ആദ്യ അലയൊലി മുഴങ്ങിയത് തെക്കന്‍ തിരുവിതാംകൂറിലാണ്. മുത്തുക്കുട്ടി സ്വാമികള്‍ എന്ന വൈകുണ്ഡം സ്വാമികള്‍ 1836ല്‍ "സമതസമാജം" സ്ഥാപിച്ച് രംഗത്തു വന്നതോടെയാണിത്. ശ്രീനാരായണന്റെ ഈഴവ ശിവപ്രതിഷ്ഠയ്ക്കും കണ്ണാടി പ്രതിഷ്ഠയ്ക്കും ദശകങ്ങള്‍ മുമ്പേ സമതസമാജം നടത്തിയ കണ്ണാടി പ്രതിഷ്ഠ പക്ഷേ ചരിത്രത്തില്‍ വിസ്മൃതമായി.

സ്വസമുദായത്തെ ജാത്യാചാരങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ആത്യന്തികമായി മാനവികമായ കാഴ്ചപ്പാട് തന്നെയാണ് സ്വീകരിച്ചത്. വി ടി ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍ , മന്നം, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ ഇവരെല്ലാം സമൂഹത്തിനുനേരെ കണ്ണും മനസ്സും തുറന്നുവെച്ചു. നവോത്ഥാനത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട ചിലര്‍ പൂണൂലു പൊട്ടിച്ചു. ജാതിപ്പേരുകളും ജാതിക്കുടുമകളും നീക്കം ചെയ്തു. മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍നിന്നും അടുക്കളയില്‍നിന്നും സ്ത്രീകള്‍ അരങ്ങത്തെത്തി. നമ്പൂതിരി യോഗക്ഷേമസഭയിലൂടെ "നമ്പൂതിരിയെ മനുഷ്യ"നാക്കാന്‍ പുറപ്പെട്ട ഇ എം എസ് ചരിത്രത്തിലെ സൂര്യതേജസ്സായി. ജനശ്രദ്ധ പിടിച്ചുപറ്റുന്ന മുദ്രാവാക്യങ്ങള്‍ എങ്ങും ഉയര്‍ന്നുവന്നു. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..." കേരളീയ സമൂഹത്തില്‍ സര്‍വാതിശായിയായി പ്രതിധ്വനിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തിനായി ജനം വെമ്പല്‍ കൊണ്ടു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളവരായി ജന്മിപത്തായം നിറയ്ക്കാന്‍ ഉഴാനും നടാനും കറ്റ കൊയ്യാനും മെതിക്കാനുമായി മാത്രം വിധിക്കപ്പെട്ട "ഇരുകാലി മൃഗങ്ങള്‍" ആവേശം കൊണ്ടു. ഇതിന്റെ അനുരണനങ്ങള്‍ ഉത്തരകേരളത്തിലുമുണ്ടായി.

"ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍" എന്ന ആഹ്വാനവുമായി ഇരുകാലില്‍ നടന്ന കൊടുങ്കാറ്റായി മാറിയ വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രവര്‍ത്തനമണ്ഡലം മലബാറായിരുന്നു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ വാഗ്ഭടാനന്ദന്റെയും അദ്ദേഹം രൂപം നല്‍കിയ ആത്മവിദ്യാസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വലിയ ചലനം സൃഷ്ടിച്ചു. അന്ധവിശ്വാസ-അനാചാരജടിലമായ ഇരുണ്ട കാലത്ത് വാഗ്ഭടാനന്ദന്റെ നവോത്ഥാന ചിന്തകളും പ്രവൃത്തികളും സമൂഹത്തെ ഒട്ടൊന്നുമല്ല പരിവര്‍ത്തിപ്പിച്ചത്. നവോത്ഥാന ചിന്തകള്‍ ഫലഭൂയിഷ്ഠമാക്കിയ മണ്ണിലാണ് കമ്യൂണിസ്റ്റ് ദര്‍ശനങ്ങള്‍ വേരുറച്ചത്. നവോത്ഥാനത്തിന്റെ ദീപശിഖ ഏറ്റുപിടിച്ച കമ്യൂണിസ്റ്റുകാരേയും ഈ അദ്വൈതിയിലെ ഉല്പതിഷ്ണുത്വം ഗണ്യമായി സ്വാധീനിച്ചു.

വടക്കേ മലബാറിലെ പാട്യത്ത് വയലേരി ചീരുവമ്മയുടെയും സംസ്കൃത വിശാരദനും ഉല്പതിഷ്ണുവും കവിയുമായ തേനങ്കണ്ടി വാഴവളപ്പില്‍ കോരന്‍ ഗുരിക്കളുടെയും മകനായി 1885 ഏപ്രില്‍ 27ന് ജനിച്ച കുഞ്ഞിക്കണ്ണെന്‍റ വാഗ്ഭടാനന്ദ ഗുരുദേവനിലേക്കുള്ള വികാസം കേരളീയ നവോത്ഥാന ചരിത്രത്തിന്റേതുകൂടിയാണ്. ഭൗതിക ദുരിതങ്ങള്‍ക്കുനേരെ കണ്ണടച്ച് ആധ്യാത്മികതയുടെ ആകാശവിതാനങ്ങളില്‍ സഞ്ചരിച്ച സന്ന്യാസി ആയിരുന്നില്ല വാഗ്ഭടാനന്ദന്‍ .

"എന്റെ മതം ഉത്കൃഷ്ടം; നിങ്ങള്‍ എല്ലാവരും ഇങ്ങോട്ടു വരുവിന്‍" എന്ന ക്ഷണവും പിടിച്ചുപറിയും നടന്നുകൊണ്ടിരിക്കുന്ന കാലം വരെ ഭൂരംഗം പ്രശാന്തമാവുകയില്ല. പ്രത്യുത വിഗ്രഹങ്ങള്‍ക്കും വിനാശങ്ങള്‍ക്കും ലക്ഷ്യമാവുകയേ ഉള്ളൂ. ഞങ്ങളുടെ മതം ഉത്കൃഷ്ടം എന്ന വിശ്വാസത്തെ സ്ഥാപിക്കാന്‍ ഇനി ആര്‍ക്കും ദുഃസാധ്യമാകുന്നു. അതിനുള്ള പരിശ്രമം നാശഹേതുകവുമാണ്. സകല മതപ്രവര്‍ത്തകരും കണ്ടെത്തിയ മൂലതത്വം ഏകമാകുന്നു. അവരാല്‍ പ്രസ്താവിക്കപ്പെട്ട ശാശ്വതികങ്ങളായ ധര്‍മാദര്‍ശങ്ങള്‍ക്ക് സര്‍വത്ര ഐകരൂപ്യമുണ്ട്. ചില ധര്‍മാഭാസങ്ങള്‍ മാത്രമേ വിഭിന്നങ്ങളായിരിക്കുന്നുള്ളൂ. അവയെ അപേക്ഷിച്ചാണ് വഴക്കുകള്‍ മുഴുവന്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്വമതങ്ങളിലുള്ള ധര്‍മാഭാസങ്ങളെയും അനാചാരോപജീവികളായ പുരോഹിതന്മാരുടെ സ്വാര്‍ഥ പ്രകടനവ്യാമോഹങ്ങളെയും പ്രതിപദം ഉന്മൂലനം ചെയ്യുവാനും പ്രാപ്യസ്ഥാനം എല്ലാവര്‍ക്കും ഒന്നാകുന്നു എന്നും അറിയുവാനും ഇതരന്മാരെ അപ്രകാരം അറിയിക്കുവാനും അതാത് മതവിശ്വാസികള്‍ അവിശ്രമം പരിശ്രമിക്കുകയാണ് വേണ്ടത്. പരസ്പര സൗഹാര്‍ദം സമാധാനത്തിനും പരസ്പരവൈരം കലഹത്തിനും ഹേതുക്കളാകുന്നു. ഇപ്രകാരമുള്ള വിശ്വാസത്തോടും വിചാര വ്യാപ്തിയോടും സര്‍വമാനവ മൈത്രിയോടും കൂടിയ ഒരു മഹാജനതതിയാകുന്നു ആത്മവിദ്യാസംഘം. അന്ധങ്ങളും ഭ്രാന്തങ്ങളുമായ വിശ്വാസങ്ങളെ ഉച്ചാടനം ചെയ്യുവാനും സത്യങ്ങളും സ്തുത്യങ്ങളുമായ ആചാരങ്ങളിലും വിചാരങ്ങളിലും പദം വിന്യസിക്കുവാനും നമ്മുടെ നാട്ടുകാര്‍ക്ക് ഏതന്മാര്‍ഗേണ സ്വല്‍പ്പമെങ്കിലും സൗകര്യപ്പെടുമെന്നുവരികില്‍ ഞാന്‍ ചരിതാര്‍ഥനായി."

- "ആത്മവിദ്യ" മുഖവുര മിതവാദി അച്ചുകൂടം.

ഇതിലൂടെ ദുരാചാരരഹിതമായ നവലോകമാണ് വാഗ്ഭടാനന്ദന്‍ വിഭാവനം ചെയ്തത്. വേദം, തര്‍ക്കശാസത്രം, മറ്റു ശാസ്ത്രശാഖകളിലെല്ലാം അവഗാഹം നേടിയ ഗുരു സംസ്കൃതാധ്യാപനത്തോടൊപ്പം അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ ഉത്ബോധനങ്ങളും നടത്തിവന്നു. 1906ല്‍ കോഴിക്കോട് കാരപ്പറമ്പില്‍ തത്വപ്രകാശികാശ്രമം എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു. 1911ല്‍ കോഴിക്കോട് കല്ലായിയില്‍ രാജയോഗാനന്ദ കൗമുദീ യോഗശാല സ്ഥാപിച്ചു. വെസ്റ്റ്ഹില്‍ , ചെറുവണ്ണൂര്‍ , വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം ചെയ്ത പ്രസംഗം ധാരാളം അനുചരരെ നേടിക്കൊടുത്തു. ആലത്തൂര്‍ ബ്രഹ്മാനന്ദ ശിവയോഗി അദ്ദേഹത്തിന്റെ അസാമാന്യ വാഗ് വൈഭവം കണ്ട് "സരസ്വതീ സദ്ഭടനായി വാക്കിനാല്‍ സദസ്സിലാനന്ദമതീവചേര്‍ക്കയാല്‍ സു "വാഗ്ഭടാനന്ദ" സംജ്ഞയെ സുഖേനജയിക്ക മംഗളം" - വാഗ്ഭടാനന്ദനെന്ന് നാമകരണം ചെയ്തു.

തന്റെ ആശയപ്രചരണാര്‍ഥം "അഭിനവകേരളം" എന്ന പേരില്‍ പത്രവും ശിവയോഗിവിലാസം മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. മംഗലാപുരം, മദിരാശി, കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍ ജനമനസ്സുകളെ ആവേശഭരിതമാക്കി. "ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍" ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്നിബോധത - എന്ന കംശ്രുതി സൂക്തത്തെ പിന്‍പറ്റി രചിക്കപ്പെട്ട ഈ സൂക്തമാണ് ആത്മവിദ്യാസംഘത്തിന്റെ മുഖസൂക്തം. വിഗ്രഹാരാധനയെ അതിശക്തമായി എതിര്‍ത്തുകൊണ്ട് ആചാര്യര്‍ മുന്നോട്ട് വന്നു. ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതി വിഗ്രഹാരാധന വേദവിഹിതമല്ലെന്ന് തെളിയിച്ചതും ഗുരുനാനാക്കും രാജാറാംമോഹന്‍റോയിയും കേശവചന്ദ്രസെന്നും വിഗ്രഹാരാധനയെ നിരാകരിച്ചതും എടുത്തുകാട്ടി ആചാര്യര്‍ തന്റെ മതം സ്ഥാപിച്ചു. ഇതിലൂടെ ബ്രാഹ്മണ പൗരോഹിത്യത്തെ തന്നെയാണ് എതിര്‍ത്തത്.

"വേദപാഠ ശ്രവണാദികളില്‍ ശൂദ്രജാതിക്ക് വിശേഷിച്ചും അവകാശമില്ല; ഉണ്ടെന്ന് വിചാരിക്കുന്നതായാല്‍ ഭ്രാന്ത്, കുഷ്ഠം മുതലായ മഹാവ്യാധികള്‍ ബാധിക്കും. വേദോച്ചാരണം ചെയ്യുന്ന ശൂദ്രന്റെ നാവു മുറിക്കണം; വേദം ഉച്ചരിക്കുന്നതുകേട്ട ശൂദ്രന്റെ ചെവിട്ടില്‍ ഈയം ഉരുക്കി പകരണം. ശൂദ്രന് ധനം സമ്പാദിപ്പാന്‍ പാടില്ല. ശൂദ്രന്‍ വിദ്യാഹീനനായും ബ്രാഹ്മണരുടെ അടിമയായും എന്നെന്നും ജീവിച്ചുകൊള്ളണം - സ്മൃതികളില്‍ കള്ളപ്രമാണങ്ങള്‍ എഴുതിച്ചേര്‍ത്തു. മാസ്മര വിദ്യയാല്‍ എന്നപോലെ കപടവിദ്യാ പ്രകടനത്താല്‍ ഇങ്ങനെ ശൂദ്രജാതികളുടെ മതിമയക്കിയ ഈ കരുണാനിധികള്‍ ഭൂദേവന്മാരല്ലെങ്കിലും മനുഷ്യസ്വഭാവമുള്ളവരല്ലെന്നുള്ളത് തീര്‍ച്ച തന്നെ".

- ആത്മവിദ്യ അവതാരിക ഒയ്യാരത്ത് കുഞ്ഞിരാമ മേനോന്‍ .

1914 മെയ് 14-ാം തിയ്യതി ആലുവായില്‍ ശ്രീനാരായണഗുരുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വാഗ്ഭടാനന്ദ ഗുരു ശ്രദ്ധേയമായ പ്രഭാഷണം നടത്തി. നാരായണഗുരുവുമായി അദ്ദേഹം നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

വാഗ്ഭടാനന്ദന്‍ : സ്വാമി അദ്വൈതിയാണല്ലോ. അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കണമെന്ന് കുറച്ചുകാലമായി ആഗ്രഹിക്കുന്നത്. അതിനുള്ള ഭാഗ്യം ഇപ്പോഴാണുണ്ടായത്.

ഗുരു: അതെ, നാം അദ്വൈതിതന്നെ. ഗുരുക്കളും അദ്വൈതിയല്ലേ. അപ്പോള്‍ നാം ഒന്നാണ്.

വാഗ്ഭടാനന്ദന്‍ : അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദ്വൈതവും അതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും.

ഗുരു: ജനങ്ങള്‍ സ്വൈരം തരണ്ടേ? അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറെ ശുചിത്വമെങ്കിലും ഉണ്ടാകുമല്ലോ എന്ന് നാമും വിചാരിച്ചു.

വാഗ്ഭടാനന്ദന്‍ : അങ്ങ് ഒരാചാര്യനാണ്. അങ്ങയുടെ സിദ്ധാന്തത്തിന് ജനങ്ങളെ വഴക്കി എടുക്കേണ്ടതല്ലേ?

ഗുരു: നാം ആദ്യകാലത്ത് അവരെ വിളിച്ചു. ആരും വന്നില്ല.

വാഗ്ഭടാനന്ദന്‍ : അദ്വൈത തത്വവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മിലൊരു ബന്ധവുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വം എതിര്‍ക്കുന്നവരാണ്.

ഗുരു: നല്ലതാണല്ലോ. നാമും നിങ്ങളുടെ പക്ഷക്കാരനാണ്.

റഷ്യന്‍ വിപ്ലവത്തിന്റെ വസന്തധ്വനി ലോകമാസകലം അലയടിച്ച 1917ല്‍ ആചാര്യന്‍ ഒഞ്ചിയത്തെ കാരക്കാട്ടില്‍ ആത്മവിദ്യാസംഘം രൂപീകരിച്ചു. ജാത്യാചാരങ്ങളുടെ വേലി തകര്‍ത്ത് മിശ്രഭോജനം സംഘടിപ്പിച്ചു.

മിശ്രവിവാഹം, ക്ഷേത്രധ്വംസനം, പ്രതിമോച്ചാടനം, ബ്ലൗസ് വിപ്ലവം, കുളിസമരം, മദ്യവര്‍ജനം എന്നീ സമരമുറകളും ആശയ പ്രചാരണവും അനാചാര ദൂരീകരണവും ലക്ഷ്യംവെച്ചുള്ള പത്രപ്രവര്‍ത്തനവും കേരളത്തിലെ ഉത്പതിഷ്ണുക്കളുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റി. ഇതില്‍ പലതും കമ്യൂണിസ്റ്റ് - കര്‍ഷക - പുരോഗമനസംഘടനകള്‍ ഏറ്റെടുത്തു. ജാതിമത ഭേദമെന്യേ പലരും ഗുരുവിന്റെ അനുയായികളാവുകയോ ദര്‍ശനങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയോ ചെയ്തു. പുല്ലഞ്ചേരി ഇല്ലത്ത് വലിയ മാധവന്‍ നമ്പൂതിരിപ്പാട് (വടക്കേ മലബാര്‍), കടത്തനാട്ട് മാധവിഅമ്മ, കൈനിക്കര എം പത്മനാഭപ്പിള്ള, നാഗവള്ളി ആര്‍ എസ് കുറുപ്പ്, മാനവേദന്‍ രാജാവ്, സര്‍വോദയ നേതാവ് ടി വി അനന്തന്‍ , മയ്യഴി ഗാന്ധി ഐ കെ കുമാരന്‍ , പാമ്പന്‍ മാധവന്‍ , പി ഗോപാലന്‍ , സി എച്ച് കണാരന്‍ , സുകുമാര്‍ അഴീക്കോട്, ഐ വി ദാസ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

"നാരായണ ഗുരുസ്വാമികളെപ്പോലെ അഖില കേരള പ്രശസ്തി കിട്ടിയില്ലെങ്കിലും സമുദായത്തിന്റെ വളര്‍ച്ചയെ സാരമായി സഹായിച്ച മറ്റൊരു വ്യക്തിയാണ് വടക്കേ മലബാറിലെ കോട്ടയം താലൂക്കില്‍ ജനിച്ച വാഗ്ഭടാനന്ദഗുരുദേവന്‍ . പാണ്ഡിത്യത്തിലും വാഗ്മിത്വത്തിലും നാരായണ ഗുരുവിനെപോലും കവച്ചുവെച്ചിരുന്ന അദ്ദേഹം ആദ്യം ബ്രഹ്മസമാജത്തിലൂടെയും പിന്നീട് സ്വന്തമായി സ്ഥാപിച്ച "ആത്മവിദ്യാസംഘം" മുഖേനയും ജാതിവ്യത്യാസം, മദ്യപാനം മുതലായവക്കെതിരായി ശക്തിപൂര്‍വം പ്രവര്‍ത്തിക്കുകയും ഇതില്‍ സവര്‍ണ ഹിന്ദുക്കളില്‍ ചിലരെപ്പോലും തന്റെ ശിഷ്യരാക്കുകയും ചെയ്തു. വടക്കേ മലബാറിന്റെ സാമൂഹ്യ വളര്‍ച്ചയില്‍ വളരെ പ്രധാനമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല".

- കേരളം മലയാളികളുടെ മാതൃഭൂമി - ഇഎംഎസ് പേജ് 281

അന്തര്‍ ഗര്‍വങ്ങള്‍ കൈവിട്ടൊരുമയുമുണര്‍വും
സ്വാത്മസന്നിഷ്ഠമായുള്ളന്തസ്സും ചേര്‍ന്നെണീപ്പിന്‍
ക്ഷണമിനി യുവ ലോകങ്ങളേ, നിങ്ങളെല്ലാം
ഹന്ത, സ്വാതന്ത്ര്യകോലാഹല കളമുരളി മുഴ-
ക്കീടുവിന്‍ ജാതി ഭേദ- ഭ്രാന്തക്കോട്ടയ്ക്കു തീവെച്ച
വനിയിലുപശാന്തിക്കു ചിന്തിച്ചുകൊള്‍വിന്‍!

തന്റെ ആദര്‍ശ സംസ്ഥാപനത്തിന് കവിതയും അദ്ദേഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി.

കമ്യൂണിസ്റ്റ് നേതാവ് അനശ്വര രക്തസാക്ഷി മൊയാരത്ത് ശങ്കരന്‍ "എന്റെ ജീവിതം" എന്ന ആത്മകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു:

"പരേതനായ വാഗ്ഭടാനന്ദ ഗുരുദേവനെ ഞാന്‍ ആദ്യകാലത്ത് എതിര്‍ത്ത് പ്രസംഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹമാണ് എന്റെ ക്ഷേത്രവിശ്വാസത്തേയും പൂര്‍വാചാര പ്രതിപത്തിയേയും കലശലായി പിടിച്ചു മര്‍ദിച്ചത്. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അസംഖ്യം ശിഷ്യന്മാരെയും പതിനെട്ടില്‍പരം ആത്മവിദ്യാ മന്ദിരങ്ങളെയും ആത്മവിദ്യാ കാഹളമെന്ന ഒരു പത്രത്തെയും ഏര്‍പ്പെടുത്തിയ വാഗ്ഭടാനന്ദന്‍ ഒരു കാല്‍നൂറ്റാണ്ടുകാലം കേരളത്തില്‍ ഒരു "വിശ്വവിജയി" ആയിരുന്നു. അക്കാലം വാഗ്ഭടാനന്ദന്റെ പേര് കേട്ടാല്‍ യാഥാസ്ഥിതിക ലോകം ഉറക്കത്തില്‍ ഞെട്ടിവിറച്ചിരുന്നു".

1931ല്‍ ഗുരുവായൂര്‍ സത്യഗ്രഹസമരത്തെ യാഥാസ്ഥിതിക ബ്രാഹ്മണര്‍ നിശിതമായി എതിര്‍ത്തപ്പോള്‍ അതിനെ ദാര്‍ശനികമായി പ്രതിരോധിക്കാനുള്ള ഇടപെടലാണ് അദ്ദേഹം രചിച്ച "ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും" എന്ന കൃതി. "കുഞ്ഞിക്കണ്ണന്‍ ഒന്നും ഈ ജന്മത്തില്‍ പഠിച്ചതല്ല. പൂര്‍വജന്മത്തില്‍ പഠിച്ചവ ഓര്‍ക്കാനായി ജനിച്ചതാണ്" - ശ്രീനാരായണ ഗുരുവിന്റെ ഈ പ്രസ്താവം വാഗ്ഭടാനന്ദന്റെ സ്ഫടികസ്ഫുടമായ ഭാഷയ്ക്കും വിചാരസുന്ദരമായ ആദര്‍ശത്തിനും ദേവഗംഗയെ അതിശയിക്കുന്ന വാഗ്‌വിലാസത്തിനും അനിതരസാധാരണമായ മേധാശക്തിക്കുമുള്ള അംഗീകാരമത്രെ.

1910 കാലഘട്ടം. മാഹി പുത്തലത്ത് കുട്ടിച്ചാത്തന്‍ തറയില്‍ കയറിനിന്ന് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ കുട്ടിച്ചാത്തന്‍ എന്ന ആഭാസദൈവത്തെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗം കേള്‍ക്കാനിടയായ കറുപ്പയില്‍ കണാരന്‍ മാസ്റ്റരും കുന്നോത്ത് കുഞ്ഞ്യേക്കു ഗുരുക്കളും അദ്ദേഹത്തെ ഒഞ്ചിയം കാരക്കാട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്നു നടന്ന വാദസദസ്സുകളും പ്രസംഗപരമ്പരയും ആത്മവിദ്യാസംഘത്തിന്റെ പിറവിയിലേക്ക് നയിച്ചു. സംഘത്തിന്റെ പിറവിക്ക് കാരണഭൂതരായവര്‍ കറുപ്പയില്‍ കണാരന്‍ മാസ്റ്റര്‍ , കുന്നോത്ത് കുഞ്ഞ്യേക്കു ഗുരുക്കള്‍ , ധര്‍മധീരന്‍ കയ്യാല ചെക്കു, വല്ലത്ത് അമ്പുമേസ്ത്രി, അക്കരാല്‍ ഗോവിന്ദന്‍ , അഴിക്കകത്ത് ചെക്കോട്ടി, വണ്ണാത്തിക്കണ്ടി കണ്ണന്‍ , പാലേരി ചന്തമ്മന്‍ , പാലേരി കുഞ്ഞിരാമന്‍ , കാട്ടില്‍ രാമന്‍ , തെക്കയില്‍ കണ്ണന്‍ , പി സി രാമന്‍ ഗുരുക്കള്‍ , പൊക്കായി ഗുരുക്കള്‍ , ചെറിയ പറമ്പത്ത് കണ്ണന്‍ , കോയന്റവളപ്പില്‍ ആണ്ടി, മുതിരയില്‍ പൊക്കായി, തെക്കെ വണ്ണാത്തിക്കണ്ടി കണ്ണന്‍ , മണിയോത്ത് ചോയിക്കുട്ടി മാസ്റ്റര്‍ , മാര്യത്ത് ബാപ്പുമാസ്റ്റര്‍ , കയ്യാല കണാരന്‍ , മീത്തല്‍ ചോയിക്കുട്ടി മാസ്റ്റര്‍ , സ്രാങ്കിന്റവിട കണ്ണന്‍ , പൊന്തയില്‍ കണ്ണന്‍ , മുതിരയില്‍ ചന്തമ്മന്‍ , അഴിക്കകത്ത് ആണ്ടി, അഴിക്കകത്ത് ബാപ്പു, മീത്തല്‍ കണാരന്‍ എന്നിവരും ബന്ധുക്കളുമായിരുന്നു.

വിഗ്രഹ ഭഞ്ജകനായ വാഗ്ഭടാനന്ദ ഗുരുവിനെതിരെ യാഥാസ്ഥിതിക സമൂഹം അരയും തലയും മുറുക്കി രംഗത്തുവന്നു. വേദോപനിഷത്തുക്കളുദ്ധരിച്ച് യാഥാസ്ഥിതിക - ജാതിക്കോമരങ്ങളുടെ മൂര്‍ധാവിലിടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

"പറയരുടെ അമേധ്യത്തെ വയര്‍ നിറച്ചുതിന്നുന്ന ശുനകനില്ലത്തു കയറാം നിര്‍ഭയം
മനുഷ്യരാം നമുക്കരുതു തീണ്ടും പോലിതെന്തൊരത്ഭുതം!"

"ശുനകന്മാരുടെ മലം ചവിട്ടിയാല്‍ അനഘമസ്ഥലം കഴുകിയാല്‍ മതി മനുഷ്യരാം നാമൊട്ടടുത്തു പോയെങ്കി- ലൗന്തം മുങ്ങണം കുളിക്കണം പോലും!"

ഇത്തരം ശ്ലോകങ്ങളും പാക്കനാരുടെ പേരില്‍ പ്രസിദ്ധമായ "നട്ട കല്ലു പേശുമോ നടാത്ത കല്ലു പേശുമോ ചുട്ടചട്ടിചട്ടുകം കുറിച്ചുവൈ അറിയുമോ". ലോകോക്തികളും ഉദാഹരിച്ച് അദ്ദേഹം യാഥാസ്ഥിതിക സമൂഹത്തെ കളിയാക്കി.

"ജാതിക്കെതിരായ സന്ധിയില്ലാത്ത ഒരു യോദ്ധാവായിരുന്നു വാഗ്ഭടാനന്ദ ഗുരു. അദ്ദേഹത്തിന്റെ തീക്ഷ്ണഭാഷണം കേട്ടാല്‍ ജാത്യഭിമാനികള്‍ ലജ്ജിച്ച് തല താഴ്ത്തുകയും ജാതിയെപ്പറ്റി പരസ്യമായി പറയാന്‍ മടിക്കുകയും ചെയ്യും. ഇത് ഞാന്‍ നേരിട്ടറിഞ്ഞതാണ്. ശാസ്ത്രീയമായ യുക്തിപ്രമാണത്തെ അണിനിരത്തിക്കൊണ്ടുള്ള ആ വാഗ്ധോരണി മനുഷ്യമനസ്സുകളെ സമൂലമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിവുറ്റതായിരുന്നു"- മുന്‍മന്ത്രിയും ഗാന്ധി പീസ് ഫൗണ്ടേഷന്‍ നേതാവുമായിരുന്ന ജി രാമചന്ദ്രന്റെ പ്രസ്താവം ഇതിനെ സാധൂകരിക്കുന്നു.

ജനം നിര്‍ബാധം തുടര്‍ന്നുപോന്ന അനാചാരങ്ങളിലെ അടിസ്ഥാനരാഹിത്യം ചൂണ്ടിക്കാട്ടി അവ ഒഴിവാക്കാന്‍ ഗുരു നേതൃത്വം നല്‍കി. മലബാറിലെ തീയ്യ സമുദായം അനുവര്‍ത്തിച്ചുപോന്ന "എറ്റ് മാറ്റ്" സമ്പ്രദായം ആചാര്യര്‍ നിര്‍ത്തലാക്കി. പുല ബാധിച്ച കുടുംബാംഗങ്ങളെ ഏതാനും ദിവസങ്ങള്‍ക്കുശേഷം കാവുതീയ്യന്‍ കറുകപ്പുല്ല് ഇളനീരിലോ മോരിന്‍വെള്ളത്തിലോ മുക്കി തളിക്കുന്നു. ഇത് "എറ്റ്" എന്നറിയപ്പെട്ടു. ഋതുമതിയായി നാലാം നാളില്‍ വണ്ണാത്തിയില്‍നിന്നും അലക്കിയ വസ്ത്രം വാങ്ങി ധരിക്കണം- ഇതാണ് "മാറ്റ്". ഇവ രണ്ടും ചേര്‍ത്ത് "എറ്റ്മാറ്റ്" എന്നറിയപ്പെട്ടു. വിശുദ്ധിയുടെ അടയാളമായി കണക്കാക്കിയ ഇത് അനുവര്‍ത്തിക്കാത്തവരെ സമുദായത്തില്‍നിന്ന് അകറ്റി നിര്‍ത്തുക പതിവായിരുന്നു.

കൊല്ലിനും കൊലക്കും കുടിയൊഴിപ്പിക്കാനും അധികാരമുള്ള സവര്‍ണ ജന്മിഭൂപ്രഭുത്വം ക്രൂരമായ പ്രതിക്രിയകള്‍ ആരംഭിച്ചു. ആത്മവിദ്യാ സംഘാംഗങ്ങളെ സമുദായഭ്രഷ്ട് കല്‍പ്പിച്ച് ഒറ്റപ്പെടുത്തി. കുടിവെള്ളം മുടക്കി. കാവുതീയനെ മുടക്കി ക്ഷൗരം ചെയ്യാനോ മുടി മുറിക്കാനോ മാര്‍ഗമില്ലാതാക്കി. വിവാഹങ്ങള്‍ മുടക്കി. വിവാഹമോചനം നടത്തി. തൊഴില്‍ നിഷേധിക്കുകയും വിദ്യാഭ്യാസം മുടക്കുകയും ചെയ്തു. സംഘമാവട്ടെ എറ്റ്മാറ്റ് നിഷേധം, മിശ്രഭോജനം, മിശ്രവിവാഹം, ക്ഷേത്രാരാധനാ നിഷേധം ഇവ നിര്‍ബാധം നടത്തി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയും എംഎല്‍എയുമായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ "ഓര്‍മക്കുറിപ്പുകളി"ല്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു:

"1933ല്‍ ആത്മവിദ്യാസംഘം കാരക്കാട്ട് ഏര്‍പ്പെടുത്തിയ മിശ്രഭോജനത്തില്‍ പങ്കെടുത്തു. വിടിസി പണിക്കരും കുഞ്ഞിക്കേളുക്കുറുപ്പും (കണ്ണങ്കുഴി നാരായണക്കുറുപ്പിന്റെ ജ്യേഷ്ഠന്‍) കൂടെ ഉണ്ടായിരുന്നു. നമ്പൂതിരിമാര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. കറപ്പയില്‍ കണാരന്‍ മാസ്റ്റര്‍ , ധര്‍മധീരന്‍ കയ്യാല ചെക്കു (വി ആര്‍ കൃഷ്ണന്റെ അച്ഛന്‍) മുതലായവര്‍ സംഘടിപ്പിച്ചത്. കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ (വാഗ്ഭടാനന്ദന്‍) നേതാവ്. കാഹളം വാരിക പ്രസിദ്ധീകരിച്ചു. അയിത്തത്തെയും ജാതിയെയും സവര്‍ണ മേധാവിത്വത്തെയും തുറന്നടിച്ച് എതിര്‍ത്തു. വിഗ്രഹാരാധനയെ എതിര്‍ത്തു. ഏകദൈവ വിശ്വാസവും പ്രാര്‍ഥനയും മാത്രം. സാമൂഹ്യ ബഹിഷ്കരണം വന്നു. കാരക്കാട്, നാരായണനഗരം തുടങ്ങിയ സ്ഥലങ്ങളില്‍ ആത്മവിദ്യാസംഘം രൂപീകൃതമായി. ഞാനും ജ്യേഷ്ഠനും (കൃഷ്ണന്‍) കാഹളം പതിവായി വായിച്ചു. സംഘത്തില്‍ അംഗങ്ങളായില്ലെങ്കിലും അനുഭാവികളായി മാറി. എന്റെ ജ്യേഷ്ഠസഹോദരി ലക്ഷ്മിയെ വിവാഹം ചെയ്ത കച്ചേരിപറമ്പത്ത് കണ്ണന്‍ (ഡി ബോര്‍ഡ് മേസ്ത്രി) സഹോദരിയെ വീട്ടിലേക്ക് തിരിച്ചയച്ചു. അമ്മയും ജ്യേഷ്ഠനും വിഷമത്തിലായി ഇതികര്‍ത്തവ്യതാ മൂഢത. എന്റെ നടപടി സമുദായത്തിനും തറവാടിനും യോജിച്ചതല്ലത്രെ! ജ്യേഷ്ഠത്തി വീട്ടില്‍ തന്നെ. എന്നാല്‍ എന്നെ അമ്മയോ ജ്യേഷ്ഠനോ ശാസിച്ചില്ല. പ്രോത്സാഹനവുമില്ല!"

വിഗ്രഹാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്താന്‍ ആത്മവിദ്യാസംഘം പ്രതിമോച്ചാടനം എന്ന പ്രതീകാത്മക പരിപാടി സംഘടിപ്പിച്ചു. വലിയ ഘോഷയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. കാരക്കാട് പ്രദേശമാകെ ഉത്സവലഹരി. നാനാ ദിക്കില്‍നിന്നും ആളുകള്‍ പ്രവഹിച്ചു. അനാചാര രാക്ഷസന്റെ മേദുര ദീര്‍ഘകായ പ്രതിമ ഉണ്ടാക്കി ഘോഷയാത്രയായി കടപ്പുറത്തേക്ക് ആനയിച്ചു. ഘോഷയാത്ര കടപ്പുറത്തെത്തിയിട്ടും നൂറുകണക്കിന് ആളുകള്‍ ചവോക്ക് കാട്ടില്‍ പ്രകടനത്തിന് അണിനിരക്കാന്‍ ബാക്കിനില്‍പ്പുണ്ട്. വലിയ പ്രാധാന്യത്തോടെയാണ് അന്ന് പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സമ്പന്നവും പ്രൗഢവുമായിരുന്നു ഒഞ്ചിയം കാരക്കാട്ടിലെ പാലേരി കുടുംബം. ചന്തമ്മന്‍ , കുഞ്ഞിരാമന്‍ , പറമ്പത്ത് പാലേരി ഗോവിന്ദന്‍ എന്നിവര്‍ പ്രതാപശാലികളും പ്രസിദ്ധരുമായിരുന്നു. പാലേരി തറവാട്ടുകാര്‍ ആത്മവിദ്യാസംഘത്തില്‍ ചേര്‍ന്നതോടെ പറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവം മുടങ്ങി. യാഥാസ്ഥിതികര്‍ ഉത്സവം നടത്തുമെന്ന് വെല്ലുവിളിച്ചു. ഈ അവസരം പാലേരി ചന്തമ്മനും ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളും കൂടി ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹം ഇളക്കി എടുത്ത് ശൂലം, വാള്‍ എന്നിവയോടെ സമീപത്തെ പൊട്ടക്കിണറ്റില്‍ നിക്ഷേപിച്ചു. സ്വന്തം വിഗ്രഹം രക്ഷിക്കാന്‍ കഴിയാത്ത കുട്ടിച്ചാത്തന് ഭക്തരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ തീര്‍പ്പ് കല്‍പ്പിച്ചു. വിവാദമായ ഈ സംഭവത്തോടനുബന്ധിച്ച് വാഗ്ഭടാനന്ദന്‍ പ്രസംഗിക്കാനെത്തി. ക്ഷേത്രവിശ്വാസികള്‍ ആയുധധാരികളായി യോഗം കലക്കാനെത്തി. എന്നാല്‍ ഗുരുദേവന്റെ പ്രസംഗം ശ്രവിച്ച അവര്‍ ക്ഷമാപണം നടത്തി സംഘം പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയാണുണ്ടായത്.
ആത്മവിദ്യാസംഘം നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് കുറുമ്പ്രനാട്ടിലും പരിസരപ്രദേശങ്ങളിലും പ്രതിമോച്ചാടനവും അന്ധവിശ്വാസ ദുരീകരണപ്രവര്‍ത്തനങ്ങളും കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു. വസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി സ്ത്രീകള്‍ നടത്തിയ ചാന്നാര്‍ലഹള സുവിദിതമാണ്. വാഗ്ഭടാനന്ദന്‍ കാരക്കാട് കേന്ദ്രീകരിച്ച് തന്റെ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ബ്ലൗസ് നിഷിദ്ധമായിരുന്നു. വേണമെങ്കില്‍ മാറ് മറയ്ക്കാന്‍ ഒരു തോര്‍ത്താവാം എന്ന നില വന്നു. സവര്‍ണരെ കാണുമ്പോള്‍ അതെടുത്ത് കൈത്തണ്ടയിലിട്ട് ആചാരം ചെയ്യണമെന്നു മാത്രം. വടക്കേ മലബാറില്‍ സ്ത്രീകള്‍ ബ്ലൗസ് ധരിച്ചത് പാലേരി കേളപ്പന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു. ഇരിങ്ങണ്ണൂരിലെ ഒണക്കന്‍ വൈദ്യരുടെ മകളായിരുന്നു വധു. ആത്മവിദ്യാചാരപ്രകാരം നടന്ന ആദ്യവിവാഹം.വരനെ അനുധാവനം ചെയ്ത എല്ലാ സ്ത്രീകളും ബ്ലൗസ് ധരിച്ചിരുന്നു. പലരും ഓലക്കുടയും പിടിച്ചിരുന്നു. വിവാഹസംഘം പൂക്കോട്ട് എത്തിയപ്പോള്‍ കാര്യസ്ഥന്മാര്‍ മുഖാന്തരം തമ്പുരാന്‍ വിവരമറിഞ്ഞു. കാരക്കാട്ടെ പുരോഗാമികളായ ആത്മവിദ്യാസംഘം പ്രവര്‍ത്തകരാണെന്നറിഞ്ഞ തമ്പുരാന്‍ പ്രതികരിക്കാന്‍ ഭയപ്പെട്ടു.

ഉല്പതിഷ്ണുവായ കാരക്കാട് തങ്ങള്‍ വാഗ്ഭടാനന്ദന്റെ ആത്മമിത്രമായിരുന്നു. കാരക്കാട്ടെ സ്ത്രീകളെ ബ്ലൗസ് ധരിപ്പിക്കാന്‍ പ്രേരിപ്പിച്ചതില്‍ മുസ്ലിം പണ്ഡിതനായ തങ്ങള്‍ക്ക് വലിയ പങ്കുണ്ട്. "ഏവരും ബത ഹരിക്കു മക്കളാണാവഴിക്ക് സഹജാതര്‍ നാം" എന്ന ഗുരുദേവ പ്രാര്‍ഥന സംഘാംഗങ്ങള്‍ മിശ്രഭോജന ഹാളില്‍വെച്ച് ഹരിജനങ്ങളുമായി ഒത്തുചേര്‍ന്ന് ആലപിച്ചു. ഗാന്ധിജി അധഃകൃതരെ ഹരിജനങ്ങള്‍ എന്ന് അഭിസംബോധന ചെയ്യുന്നതിന് മുമ്പ് തന്നെയാണിതെന്ന് ഓര്‍ക്കണം. മിശ്രഭോജനത്തെ പ്രീതിഭോജനമെന്നാണ് ആചാര്യര്‍ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യസമര പോരാളികളടക്കം നിരവധി പേര്‍ അന്നത്തെ പ്രീതിഭോജനത്തിനെത്തിയിരുന്നു. സി എച്ച് നാരായണക്കുറുപ്പ്, കെ പി കൃഷ്ണന്‍ വക്കീല്‍ , വി പി കുഞ്ഞിരാമക്കുറുപ്പ്, പി ഗോപാലന്‍ വക്കീല്‍ , ആയാടത്തില്‍ കേളപ്പന്‍ , മണ്ടോടി കണ്ണന്‍ , എം കുമാരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.

ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോളിളക്കം സൃഷ്ടിച്ച മിശ്രവിവാഹം അരങ്ങേറി. മത്സ്യബന്ധനം ഉപജീവനമാക്കിയ കടലോരത്തെ പ്രതാപശാലികളായ സമുദായമാണ് മുകയര്‍ . പ്രസിദ്ധമായ അറക്കല്‍ ക്ഷേത്രാവകാശികളായി അഞ്ചു കുടുംബാംഗങ്ങളുണ്ട്. അവരില്‍ പ്രമുഖരായിരുന്നു വടക്കേടത്ത് കുടുംബക്കാര്‍ . അവിടുത്തെ ഗോവിന്ദന്‍ വളഞ്ചിയര്‍ സമുദായത്തില്‍പ്പെട്ട മാധവിടീച്ചറെ കല്ല്യാണം കഴിക്കാനാഗ്രഹിച്ചു. മുകയസമുദായത്തിന്റെ ക്ഷൗരം നിര്‍വഹിക്കുന്ന സമുദായമാണ് വളഞ്ചിയര്‍മാര്‍ . യാഥാസ്ഥിതികര്‍ ഉറഞ്ഞുതുള്ളി. ക്ഷേത്രകമ്മിറ്റിക്കാരായ കുടുംബാംഗങ്ങള്‍ കൂടക്കല്‍ ചന്ദ്രന്‍ വൈദ്യരുടെ നേതൃത്വത്തില്‍ വിവാഹത്തെ എതിര്‍ത്തു.കാരക്കാട്ടെ ആത്മവിദ്യാസംഘം ഒന്നടങ്കം ഗോവിന്ദനു പിന്നില്‍ അണിനിരന്നു. ഗോവിന്ദന്റെ വീട്ടില്‍ വച്ചുതന്നെ നടന്ന വിവാഹത്തില്‍ ആത്മവിദ്യാസംഘം വക മംഗളപത്രവും കൈമാറുകയുണ്ടായി.

ആത്മവിദ്യാസംഘത്തിന്റെ രൂപീകരണത്തിനുശേഷം ഉടുപ്പിയിലെ ദ്വൈതമതാചാര്യന്മാര്‍ മുതല്‍ കന്യാകുമാരിപര്യന്തമുള്ള പണ്ഡിതരുമായി അദ്വൈത വിഷയത്തില്‍ വാഗ്ഭടാനന്ദന്‍ വാദപ്രതിവാദം നടത്തുകയും പട്ടും വളയും സ്വീകരിക്കുകയുമുണ്ടായി. അദ്വൈത വേദാന്തമാണ് സത്യമെന്ന വാദത്തെ എതിര്‍ത്ത് പരാജയപ്പെടുത്തുന്നവര്‍ക്ക് 300 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പരസ്യം ഉണ്ടായിട്ടു പോലും ഒരു പണ്ഡിതനും അദ്ദേഹത്തെ നേരിടാന്‍ തയ്യാറായിട്ടില്ല. പണ്ഡിതവരേണ്യനായ കാവില്‍ പി രാമപ്പണിക്കര്‍ , മട്ടന്നൂരില്ലത്ത് മധുസൂദനന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്ത വെള്ളികുളങ്ങരയിലെ വാദസദസ്സ് എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. വാഗ്ഭടാനന്ദഗുരു ജാത്യാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ സാരഗര്‍ഭമായ പ്രസംഗം നടത്തി സമാപിച്ചപ്പോള്‍ , കടത്തനാട്ടിലെ പ്രസിദ്ധ കളരി അഭ്യാസി ആയി അറിയപ്പെട്ട കൂറ്റേരി കുറുപ്പ് സ്റ്റേജിന്റെ കിഴക്കു ഭാഗത്ത് ചാടിക്കയറി ഇപ്രകാരം പ്രഖ്യാപിച്ചു: "ഈ തീയ്യ കുഞ്ഞിക്കണ്ണനെ മേലില്‍ കുറുമ്പ്രനാട് താലൂക്കില്‍ പ്രസംഗിക്കാനനുവദിക്കില്ല". ഈ വാക്ക് കേട്ട് സദസ്സ് വിറങ്ങലിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ സ്റ്റേജിന്റെ പടിഞ്ഞാറുവശത്ത് ദീര്‍ഘകായനും കറുത്ത മുറ്റുള്ള മുടിയുടെ ഉടമയുമായ ഒരു ശുഭ്രവസ്ത്രധാരി ചാടിക്കയറി പ്രഖ്യാപനം നടത്തി: "ഗുരുദേവര്‍ നാളെ നാലുമണിക്ക് അഴിയൂര്‍ ചുങ്കം സ്കൂള്‍ മുറ്റത്ത് പ്രസംഗിക്കും. തടയാന്‍ വരുന്നവരെ പാന്തം പൊളിച്ച് കെട്ടും". ആര്‍പ്പും വിളിയുമായി ജനക്കൂട്ടം കറുപ്പയില്‍ കണാരന്‍ മാസ്റ്റരെന്ന ആ ധീരനെ ചുമലിലേറ്റി നടന്നു. പിറ്റേന്ന് കാലത്ത് അഴിയൂര്‍ അധികാരി കണാരന്‍ മാസ്റ്റരെ വിളിപ്പിച്ച് ആ യോഗം തടയാന്‍ ശ്രമിച്ചു. അധികാരിയെ കാണാന്‍ കൂടെപ്പോയ ചാത്തനോട് കണാരന്‍മാസ്റ്റര്‍ ധീരമായി പ്രഖ്യാപിച്ചു, "ഒരു കെട്ട് പാന്തം കൂടുതല്‍ പൊളിക്കാന്‍". അഴിയൂര്‍ ചുങ്കം മുതല്‍ മുക്കാളി വരെ ആ സമ്മേളനത്തിനലങ്കരിച്ചത് പാന്തം(തെങ്ങോലയുടെ തൊലി) കൊണ്ടായിരുന്നു. പ്രസ്തുത യോഗത്തില്‍ കണാരന്‍ മാസ്റ്റര്‍ മറ്റൊരു പ്രഖ്യാപനവുംകൂടി നടത്തി: "ഭാവിയില്‍ അഴിയൂര്‍ വില്ലേജില്‍ ഒരു തിയ്യനും നായരുടെ പുടവമുറിക്ക് ചൂട്ടു കെട്ടുകയില്ല". ഈ പ്രഖ്യാപനം അക്ഷരംപ്രതി നടപ്പാക്കി. പ്രമാണിവര്‍ഗം പ്രതികാരമായി ഒട്ടനവധി കുടിയാന്മാരെ കുടിയിറക്കി. കണാരന്‍ മാസ്റ്റരുടെ അഴിയൂരിലെ സ്കൂള്‍ തള്ളിച്ചു. സമ്പന്നനായിരുന്ന കണാരന്‍ മാസ്റ്റര്‍ കുടിയിറക്കപ്പെട്ടവരെ സംരക്ഷിച്ചും അവര്‍ക്കുവേണ്ടി കേസ് നടത്തിയും പാപ്പരായി. എങ്കിലും പ്രതിസന്ധികളെ അദ്ദേഹം ധീരമായി നേരിട്ടു.

- ആത്മവിദ്യാസംഘം മിനുട്സ്.

ഒരു കമ്യൂണിസ്റ്റ് ഋഷി എന്ന വിശേഷണത്തിന് തികച്ചും യോഗ്യനാണ് വാഗ്ഭടാനന്ദഗുരു. 1932ല്‍ കോമണ്‍വെല്‍ത്തിലെ ഒരു തൊഴിലാളിയെ സായിപ്പ് മര്‍ദിച്ചപ്പോള്‍ തന്റെ കാഹളം പത്രത്തില്‍ തൊഴിലാളികളുടെ ദുരവസ്ഥ എന്ന തലക്കെട്ടോടുകൂടി ആചാര്യര്‍ മുഖപ്രസംഗം എഴുതി. ഇതിന് അദ്ദേഹം ജില്ലാ കലക്ടറുടെ ശാസനയ്ക്ക് വിധേയനായി. കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ പ്രസ്ഥാനമാണ് 1934ല്‍ എ വി കുഞ്ഞമ്പു കരിവെള്ളൂരില്‍ സ്ഥാപിച്ച "അഭിനവ ഭാരത് യുവസംഘം". അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചത് വാഗ്ഭടാനന്ദനായിരുന്നു.

1936ല്‍ ഫറോക്ക് ഓട്ടുകമ്പനിയില്‍ ഒരു ഹരിജന്‍ തൊഴിലാളിയെ മുതലാളി അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കെ പി ഗോപാലന്‍ (ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായമന്ത്രി) നടത്തിയ നിരാഹാരസമരം നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചത് ഗുരുവാണ്. എംടി കുമാരന്‍ , വിഷ്ണുഭാരതി, കെ എ കേരളീയന്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ട ഗുരു അനീതിക്കും ചൂഷണാധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയ്ക്കുമെതിരെ ആഞ്ഞടിച്ചു. "നാലണ സൂക്ഷിക്കുന്നവന്‍ മറ്റൊരാളെ പട്ടിണി കിടത്തുന്നു; അനവധി പണം സൂക്ഷിക്കുന്നവന്‍ അനവധി ജനങ്ങളെ പട്ടിണി കിടത്തുന്നു. അങ്ങനെ മനുഷ്യന്റെ പൊതുവായുള്ള ആവശ്യത്തിനുള്ള പണം സ്വന്തമായി കൂട്ടിവെക്കുവാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല, അവകാശമില്ല. പ്രകൃതിദേവത മനുഷ്യന് അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടു കൂടിയാണ് നല്‍കിയിരിക്കുന്നത്. ഋഷീശ്വരഭാരതത്തിന്റെ സന്ദേശമതാണ്"

- വാഗ്ഭടാനന്ദനെ ഉദ്ധരിച്ചുകൊണ്ട് "ആധുനിക കേരളത്തില്‍" ഡോ. കെ കെ എന്‍ കുറുപ്പ് ഇപ്രകാരം രേഖപ്പെടുത്തുന്നു.

"വാഗ്ഭടാനന്ദ വചനാമൃത"ത്തിന്റെ നാന്ദിയില്‍ - "അനീതിയും അധര്‍മവും അന്ധതയും ഉളേളടത്ത് ധീരവിചാരത്തിന്റെ അസിലത ഉയര്‍ത്തിയ വാഗ്ഭടാനന്ദ ഗുരുദേവന്‍ മറ്റെന്നത്തേക്കാളും ഇന്ന് നാട്ടിനും ജനങ്ങള്‍ക്കും സ്മരണീയനായിത്തീര്‍ന്നിരിക്കുന്നു. മതം ആചാര ജീര്‍ണതയും അന്യമതദ്വേഷത്തിനുള്ള കാട്ടുതീയും ആവുകയും ജാതി കൊട്ടാരങ്ങളിലും കോട്ടകളിലും ഏതോ ദുര്‍ഭൂതം പോലെ ഭീതി വളര്‍ത്തി വിഹരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ മറ്റാരേക്കാളും ഇവിടെ ഇന്ന് അവതരിക്കേണ്ടത് ആ വാഗ്ഭടാനന്ദനാണ് എന്ന് എന്റെ മനസ്സ് വിഹ്വലതയുടെ ഏകാന്തദുസ്സഹതയില്‍ എന്നോട് മന്ത്രിക്കുന്നു"

- വാഗ്ഭടാനന്ദ ചിന്തകളുടെ കാലിക പ്രസക്തി ഇപ്രകാരം അഴീക്കോട് സാക്ഷ്യപ്പെടുത്തുന്നു. തത്വമസി എന്ന വിചാരഗ്രന്ഥം അഴീക്കോട് സമര്‍പ്പിച്ചിരിക്കുന്നത് വാഗ്ഭടാനന്ദന്റെ ദീപ്തസ്മൃതികളിലാണ്.

"കര്‍മധീരനായ യോഗി" എന്ന ലേഖനത്തില്‍ ഐ വി ദാസ് വാഗ്ഭടാനന്ദന്റെ അന്യാദൃശമായ കര്‍മവൈഭവം വ്യക്തമാക്കുന്നു.

"മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരു മഹാനായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവന്‍ .... വാഗ്ഭടാനന്ദന്റെ കര്‍മപ്രഭാവം നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് ഈ ലേഖകന്‍ ജനിച്ചുവളര്‍ന്നത്. നന്നെ ചെറുപ്പകാലം മുതല്‍തന്നെ ആ മഹാന്റെ പേര് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. പാട്യവും മൊകേരിയും തൊട്ടടുത്ത് കിടക്കുന്ന രണ്ട് ഗ്രാമങ്ങളാണ്. ഇതില്‍ പാട്യമാണ് വാഗ്ഭടാനന്ദഗുരുവിന്റെ ജന്മഗ്രാമം. എന്റെ കുട്ടിക്കാലം മുതല്‍ കേള്‍ക്കാന്‍ കഴിഞ്ഞ വാഗ്ഭടാനന്ദ കര്‍മങ്ങള്‍ എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിത്തീര്‍ത്തു. ആ വികാരം ഇന്നും ശക്തിയായി നിലനില്‍ക്കുന്നു. ഈ മാനസികാവസ്ഥയാണ് "നവോത്ഥാനാചാര്യനായ വാഗ്ഭടാനന്ദഗുരു" എന്ന ലഘുഗ്രന്ഥം വായനക്കാര്‍ക്ക് സമര്‍പ്പിക്കാന്‍ എനിക്ക് പ്രേരകമായത്". ഐ വി ദാസ് തുടരുന്നു: "ആനുഷംഗികമായി ഒരു കാര്യം പറയട്ടെ. അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം ഇ എം എസിന്റെ കൂടെ കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. കാര്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ ഇ എം എസ് പറഞ്ഞു: ദാസന്‍ മാഷേ യുവാവായ കാലത്ത് ഇവിടെവച്ച് എനിക്ക് വാഗ്ഭടാനന്ദ ഗുരുവിന്റെ ഉജ്വല പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞു. അക്ലിഷ്ട മനോഹരവും ശക്തവുമായ ആ പ്രസംഗം എന്റെ മനസ്സിനെ ആകര്‍ഷിച്ച ഒന്നായിരുന്നു. എന്റെ തലച്ചോറിലൂടെ മിന്നല്‍പിണര്‍ കടന്നുപോയ അനുഭവമാണ് എനിക്കുണ്ടായത്. വാഗ്ഭടാനന്ദന്റെ വാഗ്മിത്വത്തിന്റെ കാന്തശക്തി വിളംബരം ചെയ്യുന്നു ഇ എം എസിന്റെ ഈ വാക്കുകള്‍".

ഓടുന്ന കാലത്തിന് ഒരു മുളം മുമ്പേ നടന്നവരാണ് ആത്മവിദ്യാസംഘക്കാര്‍ . നവീനാശയങ്ങള്‍ മുറുകെ പിടിച്ചതിന്റെ പേരില്‍ എണ്ണമറ്റ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന അവര്‍ സന്ന്യാസിയുടെ നിസ്സംഗത കൈക്കൊള്ളാതെ പ്രായോഗികമായ കര്‍മകുശലത അവലംബിച്ചു. വിദ്യാഭ്യാസം മുടക്കിയപ്പോള്‍ സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ക്ഷുരകനെ മുടക്കിയപ്പോള്‍ ബംഗാളില്‍നിന്നുപോലും ക്ഷൗരക്കത്തികള്‍ വരുത്തി ക്ഷൗരകര്‍മം പരിശീലിപ്പിച്ചു. അക്കാലത്ത് സ്ഥാപിച്ച ഐക്യനാണയസംഘമാണ് ഇന്നത്തെ ഊരാളുങ്കല്‍ സര്‍വീസ് സഹകരണബാങ്ക് ആയി മാറിയത്. ഭവനവായ്പാ സഹകരണസംഘത്തിനും ബീജാവാപം ചെയ്തത് ആചാര്യനാണ്. തൊഴില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ തൊഴിലാളികളെ സംഘടിപ്പിച്ച് വാഗ്ഭടാനന്ദന്‍ ഊരാളുങ്കല്‍ പ്രവൃത്തിക്കാരുടെ സഹകരണസംഘത്തിനു രൂപം നല്‍കി. 1925 മാര്‍ച്ച് 24ന് സൊസൈറ്റിയുടെ ആദ്യയോഗം ചവോക്ക് തോട്ടത്തിലെ പ്രാര്‍ഥനാലയത്തില്‍ ചേര്‍ന്നു. 16 പേര്‍ക്ക്അംഗത്വം നല്‍കി. പഞ്ചായത്ത് എന്നറിയപ്പെട്ട പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ , പുന്നേരി പൊക്കായി, കാട്ടില്‍ രാമന്‍ , മുതിരയില്‍ ചെക്കോട്ടി, വണ്ണാത്തിക്കണ്ടി വലിയ കണ്ണന്‍ ഇവരായിരുന്നു. വലിയ കണ്ണനായിരുന്നു പ്രഥമ സെക്രട്ടറി. ഇന്ത്യന്‍ സൊസൈറ്റി ആക്റ്റ് അനുസരിച്ച് 1925 ഫെബ്രുവരി 13-ാം തിയ്യതി നമ്പര്‍ 699 ആയി രൂപീകരിച്ച സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു. പാലേരി ചന്തമ്മന്‍ , ടി കെ ബാപ്പുമാസ്റ്റര്‍ , പാലേരി കണാരന്‍ മാസ്റ്റര്‍ , പാലേരി രമേശന്‍ എന്നീ മഹാരഥന്മാരുടെ നേതൃത്വത്തിന്‍കീഴില്‍ വികാസം പ്രാപിച്ച സൊസൈറ്റി ഇന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി എന്ന പേരില്‍ ഉത്തരോത്തരം വളര്‍ന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ സഹകരണസ്ഥാപനമായി മാറിയിട്ടുണ്ട്.

1939 ല്‍ വാഗ്ഭടാനന്ദന്റെ നിര്യാണത്തോടെ ആത്മവിദ്യാസംഘം ദുര്‍ബലപ്പെട്ടു തുടങ്ങി. സുശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവം ദൃശ്യമായി. സംഘത്തിനു പിന്നില്‍ സമ്പന്ന പ്രമാണിവര്‍ഗം ഉണ്ടായിരുന്നില്ല. ബുദ്ധിജീവികള്‍ക്കും പരിഷ്കരണാശയക്കാര്‍ക്കും സംഘത്തിന്റെ ജനകീയ സ്വഭാവം കാത്തുസൂക്ഷിക്കാനായില്ല. അപ്പോഴേക്കും വാഗ്ഭടാനന്ദനുയര്‍ത്തിയ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടനാശേഷിയോടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം മുന്നിട്ടുവന്നിരുന്നു. ദേശീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി സിവില്‍ നിയമലംഘന പ്രസ്ഥാനങ്ങളെ പിന്തുണച്ച്, പ്രവര്‍ത്തനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ബ്രിട്ടീഷ് അധിനിവേശ ശക്തികളെ കുപിതനാക്കിയ ദേശീയവാദിയായും അധഃകൃതരുടെയും തൊഴിലാളികളുടെയും പക്ഷം ചേര്‍ന്ന് അവര്‍ക്കുവേണ്ടി പോരാടിയ നവോത്ഥാന ശില്പിയായും ഈ അദ്വൈതിയെ ചരിത്രം രേഖപ്പെടുത്തിവെക്കും.


*****


പി പി ഷാജു, കടപ്പാട് :ദേശാഭിമാനി വാരിക

ഓണത്തിന് അവല്‍ പായസം

പായസം ഇല്ലാതെ സദ്യപൂര്‍ത്തിയാകില്ല, ഓണസദ്യയുടെ കാര്യത്തിലാണെങ്കില്‍ പായസമില്ലാത്ത കാര്യം മലയാളിയ്ക്ക് ചിന്തിക്കാന്‍കൂടി കഴിയില്ല. സദ്യയുടെ കൂടെ വിളമ്പുന്ന പായസങ്ങള്‍ തരത്തിലും രുചിയിലും പലതരമുണ്ട്. ഇക്കൂട്ടത്തില്‍ എടുപിടിയെന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് അവല്‍ പായസം. വളരെക്കുറിച്ച് സാധനങ്ങള്‍ മാത്രം മതിയെന്നതും അവ പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്നവയാണെന്നതുമാണ് അവല്‍ പായസത്തെ ഒരു ലളിത പ്രഥമനാക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍

1 അവല്‍- കപ്പ്
2 ശര്‍ക്കര - 400 ഗ്രാം (ഉരുക്കിയെടുക്കുക)
3തേങ്ങയുടെ ഒന്നാം പാല്‍- ഒരു കപ്പ്
4രണ്ടാംപാല്‍ രണ്ട് കപ്പ്
5നെയ്യ് -1 ടീസ്പൂണ്‍
6 ഏലയ്ക്ക- 3എണ്ണം പൊടിച്ചത്
7 അണ്ടിപ്പരിപ്പ്- അഞ്ച് എണ്ണം
8 ഉണക്കമുന്തിരി- പത്തെണ്ണം
9 കദളിപ്പഴം -ഒന്ന് (ചെറുത്)
10തുളസിയില- മൂന്നെണ്ണം


തയ്യാറാക്കുന്ന വിധം

ആദ്യം പാത്രത്തില്‍ നെയ്യ് ചൂടാക്കി മുറിച്ചുവച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് കോരി മാറ്റിവയ്ക്കുക. പിന്നീട് ഈ പാത്രത്തിലേയ്ക്കിട്ട് കുറച്ചുകൂടി നെയ്യൊഴിച്ച് അവല്‍ നന്നായി മൂപ്പിച്ചെടുക്കുക. വെളുത്ത അവലാണെങ്കില്‍ നന്നായി ചുവന്ന നിറമാകുന്നതുവരെ വറുക്കുക.

അവല്‍ പാകമാകുമ്പോള്‍ ഇതിലേയ്ക്ക് രണ്ടാം പാല്‍ ഒഴിയ്ക്കുക. പാല്‍ നന്നായി തിളയ്ക്കുമ്പോള്‍ ശര്‍ക്കര പാനിയാക്കിയത് ഇതിലേയ്ക്ക് ഒഴിയ്ക്കുക. എല്ലാകൂടി തിളച്ച് നന്നായി കുറുകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളയ്ക്കും മുമ്പേ ഇറക്കിവച്ച് ഏലയ്ക്കാപ്പൊടി, നേരത്തേ മൂപ്പിച്ച് വച്ച അണ്ടിപ്പരിപ്പ്, മുന്തിരി ഇവ ഇട്ട് ഇളക്കുക. ഒപ്പം കദളിപ്പഴം ചെറുതായി അരിഞ്ഞതും തുളസിയിലയും ചേര്‍ത്ത് ഇളക്കി തൂശനിലകൊണ്ട് അടച്ചുവെയ്ക്കുക. ചൂടാറുമ്പോള്‍ വിളമ്പാം.

മേമ്പൊടി
തേങ്ങാപ്പാലിനും ശര്‍ക്കരയ്ക്കും പകരും പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്തും അവല്‍ പായസം ഉണ്ടാക്കാം. അവസാനം ചേര്‍ക്കുന്ന കദളിപ്പഴം പായസത്തില്‍ അലിഞ്ഞുചേരുമ്പോള്‍ രുചികൂടും, തുളസിയിലയുടെ രുചി പായസത്തിനാകെ പുതുരുചി നല്‍കും.

ചിരിയും കളിയുമായി ഓണപ്പൊട്ടന്‍

മുഖത്ത് ചായം പൂശി, ചുവന്നപട്ടുടുത്ത് തലയില്‍ തെച്ചിപ്പൂവേന്തിയ കിരീടവും കുരുത്തോല കുടയുമായി ഓണപ്പൊട്ടന്‍ തിരുവോണനാളില്‍ വീടുകളിലെത്തും. മലബാറുകാരുടെ ഓണാഘോഷത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ് ഓണത്തപ്പന്‍ എന്ന ഓണപ്പൊട്ടന്‍.

ഓണത്തോടനുബന്ധിച്ച് കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളിലും കണ്ണൂരിലും അവതരിപ്പിക്കുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടന്‍. ഒന്നും മിണ്ടാതെ കൈയിലുള്ള മണികിലുക്കത്തിലൂടെയാണ് തെയ്യം തന്റെ വരവറിയിക്കുക. ഒന്നും സംസാരിക്കാത്തതുകൊണ്ടു തന്നെയാണ് 'ഓണേശ്വരന്' ഓണപ്പൊട്ടന്‍ എന്ന പേരു കൂടി വീണത്.

ഒരിക്കലും കാല്‍ നിലത്തുറപ്പിക്കാതെ താളം ചവിട്ടുകയും ഓടുകയും ചെയ്യുന്ന പൊട്ടന്‍ കുട്ടികളുമായി കളിച്ചുല്ലസിച്ചാണ് ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് നീങ്ങുന്നത്. പല കോപ്രായങ്ങളിലൂടെയും വീട്ടുകാരെയും നാട്ടുകാരെയും രസിപ്പിക്കുന്ന ഒരു ഹാസ്യവേഷം കൂടിയാണിത്. അരിയും ഓണക്കോടിയും ഭക്ഷണവുമാണ് ഓണത്തപ്പന് ദക്ഷിണയായി നല്‍കുക.

മഹാബലിയാണ് ഓണത്തപ്പന്റെ വേഷത്തില്‍ വീട്ടിലെത്തുന്നതെന്നാണ് മലബാറുകാരുടെ വിശ്വാസം. നാടിനും വീടിനും ഐശ്വര്യം പകരാനുള്ള ഈ യാത്രയെ അത്യന്തം ബഹുമാനത്തോടുകൂടിയാണ് പഴയകാല തലമുറയിലുള്ളവര്‍ കണ്ടിരുന്നത്.

ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനും ഓണത്തെയ്യം കെട്ടാനുള്ള അവകാശം രാജാക്കന്മാര്‍ മലയസമുദായത്തില്‍ പെട്ടവര്‍ക്ക് അനുവദിച്ചിരുന്നുവെന്നാണ് വിശ്വാസം.
Topics: onam, mahabali, onapottan, thiruvonam, malabar, theyyam, ഓണം മഹാബലി, ഓണപ്പൊട്ടന്‍, തിരുവോണം, മലബാര്‍, തെയ്യം

Wednesday, September 7, 2011

കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍

ഇതൊരാത്മഹത്യാക്കുറിപ്പോ വിരമിക്കല്‍ പ്രസംഗമോ അല്ല. ഞാനടക്കം പ്രതിനിധാനം ചെയ്യുന്ന, അച്ചടി മാധ്യമങ്ങളിലെ സിനിമാ നിരൂപണമെഴുത്തുകാര്‍ക്കു ശേഷം കടന്നുവരുന്നതും പ്രചരിക്കാന്‍ സാധ്യതയുള്ളതുമായ മലയാള സിനിമാ നിരൂപണത്തിന്റെ പ്രവേശനോത്സവത്തിനുള്ള മുഖക്കുറിപ്പായി കരുതിയാല്‍ മതി.

പണ്ടു പണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന അവസാന പേജിലെ ചിത്രശാല പോലുള്ള പംക്തി നിരൂപണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുകയും; സിനിമ കാണുന്നവര്‍, കാണാത്തവര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരില്‍ പലരും നിര്‍ണായകമായി കരുതുകയും ചെയ്തിരുന്നു. കോഴിക്കോടന്‍, സിനിക്ക്, അശ്വതി, നാദിര്‍ഷ എന്നിവരായിരുന്നു അന്നത്തെ പ്രധാന എഴുത്തുകാര്‍. ഇത്തരം സിനിമാ നിരൂപണങ്ങള്‍ ഒരു കാലത്ത്, സിനിമയുടെ കമ്പോള വിജയ പരാജയങ്ങളെ വരെ സ്വാധീനിച്ചിരുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഥാവിവരണവും, നൃത്തക്കലവി നന്നായി; നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഈ ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് ഒരിക്കലും മാറിയതേ ഇല്ല. തങ്ങളുടെ കാലത്തെ സിനിമയെ സന്ദര്‍ഭവത്ക്കരിക്കാന്‍ (contextualise) അന്നത്തെ മലയാള സിനിമാ നിരൂപകര്‍ക്ക് സാധ്യമായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
പിറകെ വന്ന ഗൌരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്. ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഫിലിം സ്കൂളുകളുടെ സ്വാധീനം, സാഹിത്യത്തിലെ ആധുനികത, ഭൂപരിഷ്ക്കരണത്തിന്റെയും പ്രവാസത്തിന്റെയും ശേഷിപ്പായി ഉണ്ടായ മധ്യവര്‍ഗവത്ക്കരണം എന്നീ പശ്ചാത്തലങ്ങളില്‍ മാറിത്തീര്‍ന്ന മലയാള സിനിമയെയും ചരിത്രവത്ക്കരിക്കാന്‍ ഭാഷയുടെ ചമത്ക്കാരഭംഗികളുണ്ടായിരുന്നെങ്കിലും ഈ നിരൂപണങ്ങള്‍ക്ക് സാധിച്ചില്ല. ലോക സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താനാണ് ആ നിരൂപകര്‍ ശ്രമിച്ചത്. ലോക ഭാഷകളില്‍ പുറത്തു വന്ന നിരൂപണങ്ങളും സൈദ്ധാന്തിക പഠനങ്ങളും പരിഭാഷപ്പെടുത്തിയെങ്കിലും അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ പശ്ചാത്തലങ്ങളെ നിര്‍ണയിക്കാന്‍ ആ നിരൂപണവും ശ്രമിച്ചില്ല. അതുകൊണ്ടെന്തുണ്ടായി? ആര്‍ട് സിനിമ എന്ന ചലച്ചിത്ര നവീകരണ പ്രസ്ഥാനം ജനങ്ങളെ ഒപ്പം കൂട്ടാതെയാണ് മുന്നോട്ട് (അതോ പിന്നോട്ടോ) പോയിക്കൊണ്ടിരുന്നത് എന്നോര്‍മ്മപ്പെടുത്താന്‍ ആ നിരൂപണത്തിന് സാധ്യമായില്ല.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍, സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യപരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഐ ഷണ്‍മുഖദാസ് മുതല്‍ വിജയകൃഷ്ണന്‍ വരെയുള്ളവരുടെ നിരൂപണങ്ങള്‍, മലയാള സിനിമാ നിരൂപണത്തിന്റെ അന്തസ്സും യശസ്സും പ്രസക്തിയും വളരെയധികം ഉയര്‍ത്തിയെങ്കിലും അവയും ഈ പരിമിതികളില്‍ നിന്ന് മുക്തമായിരുന്നില്ല.

ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ട് രവീന്ദ്രന്റെ(ചിന്ത രവി) നിരൂപണങ്ങള്‍ ശ്രദ്ധേയമായിതുടങ്ങിയത്. അതിനു ശേഷം, എ സോമന്‍, ഡോ. സി എസ് വെങ്കിടേശ്വരന്‍, വി കെ ജോസഫ്, ഡോ. വി സി ഹാരിസ്, ഒ കെ ജോണി, ഷിബു മുഹമ്മദ്, തുടങ്ങി എന്‍ പി സജീഷ്, കെ പി ജയകുമാര്‍ വരെയുള്ളവരുടെ നിരയിലാണ് ഈയുള്ളവനും കുറെ നിരൂപണ/വിമര്‍ശന ലേഖനങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്. ഭാഷാഭേദങ്ങള്‍, ജാതിവ്യവസ്ഥകള്‍, കമ്യൂണിസ്റ്/നക്സലൈറ്റ് സ്വാധീനം, കുടുംബ രൂപീകരണവും ശിഥിലീകരണവും, ആണ്‍നോട്ടം, സ്ത്രീ അവസ്ഥ, കേരളീയ വസ്തു/പ്രകൃതി യാഥാര്‍ത്ഥ്യം, നഗരവത്ക്കരണം, പ്രവാസിത്തം, നവഹൈന്ദവ വത്ക്കരണം, താരപദവികളും താരാധിപത്യങ്ങളും ഫാന്‍സ് അസോസിയേഷനുകളും, മലയാള സാഹിത്യവും സിനിമയും, പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനങ്ങള്‍ എന്നിങ്ങനെ ആഴത്തിലും പരപ്പിലുമുള്ള നിരവധി മേഖലകള്‍ മലയാള ചലച്ചിത്ര നിരൂപണ-വിമര്‍ശന-പഠന പ്രക്രിയയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഈ പ്രത്യേക സന്ധിയില്‍ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴറിയാം, എഴുപതുകളിലെ ആധുനികത അവശേഷിപ്പിച്ചു പോയ ഭാഷാ ശൈലിയിലും ഭാവുകത്വത്തിലുമായിരുന്നു ഞങ്ങളൊക്കെയും എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും. ഇന്നും കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളൊക്കെയും അവലംബിക്കുന്നത് ഈ ഭാഷാ ശൈലിയും ഭാവുകത്വവും തന്നെയായതുകൊണ്ട് അതിലൊരു അപാകവും ആരും കണ്ടെത്തിയതുമില്ല. എന്നാല്‍, കടന്നു പോയ നാല്‍പതു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, വ്യാപകമായ ഇംഗ്ളീഷ് മാധ്യമ വിദ്യാഭ്യാസം, ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കമുള്ള മലയാളികളുടെ വന്‍ തോതിലുള്ള വ്യാപനം, സിനിമയിലെ മാറ്റങ്ങളും മാറ്റങ്ങളില്ലായ്മയും എന്നിങ്ങനെ പല ഘടകങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമിടയില്‍ ചരിത്രയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ആധുനികതാ ഭാഷ്യം/ഭാവുകത്വം മാത്രം മതിയോ എന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചോദ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലും ഉത്തരവുമായി പുതിയ തലമുറ രംഗത്തു വരിക തന്നെ ചെയ്തിരിക്കുന്നു. ബ്ളോഗുകളിലും ഓര്‍ക്കുട്ട്/ട്വിറ്റര്‍/ഫേസ്ബുക്ക്/ബസ്/ഗൂഗിള്‍ പ്ളസിലുമായും പോര്‍ട്ടലുകളിലും എന്തിന് എസ് എം എസും ബ്ളാക്ക്ബറി മെസേജായും മറ്റും സിനിമാ നിരൂപണം പ്രത്യക്ഷപ്പെടുന്ന കാലമാണിന്നത്തേത്. ഇതില്‍ ഏറ്റവും ആഹ്ളാദഭരിതമായ ഒരു കാര്യമെന്താണെന്നു വെച്ചാല്‍, ആരെയും പേടിക്കാതെ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എഴുതാന്‍ ഈ മാധ്യമങ്ങളിലൂടെ കഴിയുമെന്നതാണ്. ആ സ്വാതന്ത്യ്രം അനുഭവിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം നിരൂപകര്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത അടയാളപ്പെടുത്തുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ആദാമിന്റെ മകന്‍ അബു - ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക്!; അന്‍വര്‍ - നീരദങ്ങളില്‍ നിന്ന് മലം പെയ്യുമ്പോള്‍; അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ് ഇറ്റ്!; അവന്‍ ഇവന്‍ - ബീഫ് തിന്നാമോ രാജാവേ?; ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!; ഡബിള്‍സ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിള്‍സ്; എന്തിരന്‍ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്; കുടുംബശ്രീ ഉഗ്രന്‍ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി; പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം; അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാര്‍; റേസ് - ഇനി മുതല്‍ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവര്‍ ഫെഫ്കയിലറിയിക്കണം!; സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്; ദി ട്രെയിന്‍ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാല്‍; ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം എന്നിങ്ങനെ തീവ്ര നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ് അബൂബക്കര്‍ തലക്കെട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ചിലപ്പോള്‍, ഗൌരവത്തില്‍ ആധുനികതാ ഭാഷയിലുള്ള തലക്കെട്ടുകളും ഉണ്ടാകാറുണ്ട്. കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം; സോള്‍ട്ട് ആന്റ് പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്ട്രീയം; ട്രാഫിക്ക് എന്ന സിനിമ - ഒരു രാഷ്ട്രീയ കുറ്റകൃത്യം എന്നിങ്ങനെയുള്ളവയാണുദാഹരണങ്ങള്‍.

ഇന്റര്‍നെറ്റ് തലമുറക്കാര്‍ ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ വായിക്കില്ല എന്ന പൊതുധാരണക്കു വിപരീതമായി, വേണ്ടത്ര ദൈര്‍ഘ്യമുള്ള പല ലേഖനങ്ങളും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. നാടന്‍ പ്രയോഗങ്ങളില്‍ എന്തെങ്കിലും കാച്ചി സ്ഥലം വിടുന്ന ബ്ളോഗെഴുത്തുകാരുടെ താഴ്ന്ന നിലവാരമുള്ള പൈങ്കിളികളല്ല അബൂബക്കറിന്റെ എഴുത്ത്. ലോകസിനിമയുടെ വാതിലുകളെല്ലാം ഡിവിഡി വിപ്ളവകാലം തുറന്നിട്ടതോടെയുണ്ടായ ആശയവിസ്ഫോടനവും മള്‍ട്ടിപ്ളെക്സ് സംസ്ക്കാരത്തിലേക്കുള്ള മാറ്റത്തിന് അരങ്ങൊരുങ്ങിക്കൊണ്ട് യുവതയിലുണ്ടായ വിസ്മയകരമായ അഭിരുചി വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഇവിടെ നിശ്ചയമായും ഒരു പുതുവഴി വെട്ടലിനുള്ള ആയുധങ്ങളെല്ലാം ഒരുങ്ങി എന്നാണ് ചാപ്പാക്കുരിശ് - പുതുവഴി വെട്ടുന്നവരോട് എന്ന ലേഖനത്തില്‍ അബൂബക്കര്‍ നിരീക്ഷിക്കുന്നത്. നാലു തരത്തില്‍ ചാപ്പാക്കുരിശ് വായിച്ചുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സിനിമയെ സിനിമയായി മാത്രം കാണുവാനും അങ്ങനെ റിവ്യൂ ചെയ്യാനുമാണ് പല വായനക്കാരും പറയുന്നത്, എന്നാല്‍, കേവലം സിനിമ സിനിമ മാത്രമല്ലല്ലോ. അല്ലെങ്കില്‍ സിനിമ സിനിമ തന്നെ ആണല്ലോ. ഒരു പാഠം എന്ന നിലയിലും സാംസ്കാരിക നിര്‍മിതി, കലാ നിര്‍മിതി എന്നീ നിലകളിലും അതിനെ കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ജനപ്രിയ സിനിമ ഏറ്റവുമേറെ പഠിക്കപ്പെടുന്നതും ഒരു സാംസ്കാരിക പഠനവസ്തുവായി വിലയിരുത്തപ്പെടുന്നതും. ചരിത്രപരവും സൈദ്ധാന്തികവും രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ മാനങ്ങളില്‍, നിലപാടുതറകളില്‍, പോസ്റ് മാര്‍ടെം ടേബിളിലുകളില്‍ വെച്ച് സിനിമയെയോ കവിതയെയോ കഥയെയോ പരിശോധിക്കാതിരിക്കാനാവില്ല. പക്ഷെ, ഇതിനെ ഇങ്ങനെയും വായിക്കാമെന്നല്ലാതെ, ഇങ്ങനെ മാത്രമാണ് വായിക്കേണ്ടത് എന്നിവിടെ പറയുന്നില്ല. ഇങ്ങനെയൊരു വായന സാദ്ധ്യമാണെങ്കില്‍ അതും പ്രസക്തവും നിര്‍ണായകവുമാണെന്നു മാത്രം. (കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം) എന്നിങ്ങനെ വളരെ സുവ്യക്തമായി അദ്ദേഹം തന്റെ നയവും ദിശാബോധവും വ്യക്തമാക്കുന്നുണ്ട്.

വാരികകളിലും മാസികകളിലും നിന്ന് വ്യത്യസ്തമായി പോര്‍ട്ടലുകളിലും ബ്ളോഗുകളിലും എന്തെങ്കിലും പോസ്റിട്ടാല്‍ (പോസ്റിയാല്‍ എന്നാണ് ബ്ളോഗ് ഭാഷ) ഉടന്‍ തന്നെ പ്രതികരണം വരും. ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്. കണ്ടതും കണ്ടതില്‍ നിന്ന് മനസ്സിലാക്കിയതും മിണ്ടാന്‍ പറ്റൂല, മിണ്ടിപ്പോയാല്‍ തെറി വിളി, തന്തക്കു വിളി, തള്ളക്കു വിളി, തട്ടിക്കളയുമെന്ന ഭീഷണി (അവന്‍ ജനാധിപത്യത്തിന്റെ രൂപത്തിലും വരും). എന്നാണ് ഗതികെട്ട് അബൂബക്കര്‍ ഒരു ഘട്ടത്തില്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നത്. കാര്യം നിസ്സാരമല്ല, ജീവന്മരണപ്പോരാട്ടമാണെന്ന് വ്യക്തമായില്ലേ! പൃഥ്വിരാജ് എന്ന പുത്തന്‍ താരം നവരസങ്ങള്‍ക്കു പുറമെ, പുഛം എന്ന പത്താമത്തെ രസം കൂടി കണ്ടു പിടിച്ച് അതില്‍ ഹരം കൊള്ളുകയാണെന്നാണ് അബൂബക്കറിന്റെ രൂക്ഷമായ പരിഹാസം.

നിരൂപണമെന്ന പേരില്‍, സിനിമയിലെ സംഭവങ്ങള്‍, സംവിധായകന്‍, കഥാപാത്രങ്ങള്‍, താരങ്ങള്‍ തുടങ്ങിയവരെ/വയെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖകന് സാമാന്യബുദ്ധിയും ബോധവും ഉള്ളവരില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. നിരൂപണമെന്ന പേരില്‍ ഉള്ള സമൂഹത്തിനു വിനാശകരമായ സന്ദേശം പകരുന്ന, എന്റോ സള്‍ഫാന്‍ തുള്ളികള്‍ തങ്ങളുടെ ബോധമണ്ഡലത്തെ പൊള്ളിക്കുമ്പോള്‍ വായനക്കാര്‍ പ്രതികരിക്കുന്നതാണ്. എന്നാണ് കമന്റിടുന്നവരുടെ ന്യായമായി അതിലൊരാള്‍ തന്നെ വിശദീകരിച്ചിരിക്കുന്നത്. എന്തായാലും, മതനിരപേക്ഷതയിലും പുരോഗമനവിശ്വാസത്തിലും ഊന്നി ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗീയതകളെ കടന്നാക്രമിക്കുകയും മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുസ്ളിം വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്യുന്ന ശൈലിയും നിലപാടുമാണ് ബി അബൂബക്കറിന്റേതെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. അതിലെ എല്ലാ അഭിപ്രായങ്ങളോടും പരിപൂര്‍ണമായി യോജിക്കുന്നു എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. പല വിയോജിപ്പുകളുമുണ്ടാകും, അല്ല ഉണ്ട്. പരസ്യക്കാര്‍ പ്രശ്നമുണ്ടാക്കുന്നു എന്നു പറഞ്ഞ് പല മലയാള സിനിമാ നിരൂപണങ്ങളും തടയുകയോ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത അനുഭവങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്‍കാലത്ത് സംഭവിച്ചിരുന്നുവെങ്കില്‍, സൈബര്‍ ജനാധിപത്യത്തിന്റെ പുതിയ വിഹായസ്സുകളില്‍ കൂടുതല്‍ തുറന്ന് പറയാന്‍ സധൈര്യം വിമര്‍ശകര്‍ രംഗത്തു വരിക തന്നെ ചെയ്യുമെന്നതുറപ്പാണ്. വെറുതെയാണോ, മുഖ്യധാരാ പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുവന്‍ അശ്ളീലത്തിന്റെ വലക്കണ്ണികളാണെന്നും മറ്റും തുടരെ തുടരെ ഫീച്ചറടിച്ചു വിടുന്നത്. അവരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

*
ജി പി രാമചന്ദ്രന്‍

Tuesday, September 6, 2011

തൊഴിലില്ലായ്മ മൂര്‍ഛിക്കുന്നു

സാമ്രാജ്യത്വ ആഗോളവല്‍ക്കരണ അജണ്ടയുടെ ഭാഗമായി ഇന്ത്യയില്‍ പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കപ്പെട്ടു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകഴിഞ്ഞു. രാജ്യത്തിന്റെഎല്ലാ ഭാഗങ്ങളിലും അധ്വാനിക്കുന്ന കോടിക്കണക്കിന് ദരിദ്രരുടെ സ്ഥിതി ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിന്റെഫലമായി തൊഴിലില്ലാപ്പടയിലേക്ക് കൂടുതല്‍ കൂടുതല്‍ തൊഴില്‍രഹിതര്‍ വന്നടിഞ്ഞു കൂടുകയും ചെയ്യുന്നതുകാരണം അധ്വാനിക്കുന്ന ദരിദ്ര വിഭാഗങ്ങളുടെ വിലപേശല്‍ കഴിവ് കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണിത്.

ഈ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഏറ്റവും കൂടുതല്‍ ആശങ്കാകുലരാക്കുന്ന മൂന്ന് പ്രശ്നങ്ങള്‍ താഴെ കൊടുക്കുന്നവയാണ്.

1. ഉയര്‍ന്ന ജിഡിപി വളര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കിലും അത് തൊഴില്‍ അവസരങ്ങളുടെ വളര്‍ച്ചയായി പ്രതിഫലിയ്ക്കാത്തതുകാരണം തൊഴിലില്ലായ്മ വര്‍ധിക്കുന്നു.

2. അടിസ്ഥാന അവശ്യവസ്തുക്കളുടെ വില വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെഫലമായി അവരുടെ, അല്ലെങ്കിലേ താഴ്ന്ന നിലവാരത്തിലുള്ള വാങ്ങല്‍ക്കഴിവ് വീണ്ടും ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

3. ഗ്രാമീണമേഖലയിലെ അവരുടെ ഭൂമിയും മറ്റ് വിഭവങ്ങളും കോര്‍പറേറ്റുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു - മിക്കപ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക് ഗവണ്‍മെന്‍റുകളുടെ സജീവ സഹായം ഇതിനായി ലഭിക്കാറുമുണ്ട്.

ധനമൂലധനത്തിന്റെമേധാവിത്വം

"വികസനം" എന്നതിനര്‍ഥം സാധാരണ ജനങ്ങളുടെ നില മെച്ചപ്പെടുത്തുകയാണ് എന്ന കാര്യം ഇന്ത്യയിലെ ഭരണവര്‍ഗം എന്നേ വിസ്മരിച്ചിരിക്കുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുമ്പോള്‍ , അതിന്റെഫലമായി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ ഡിമാന്‍റ് ഉണ്ടാകുമെന്നും അതിന്റെഫലം ദരിദ്രരിലേക്കും ക്രമേണ കിനിഞ്ഞിറങ്ങിചെല്ലുമെന്നും ഉള്ള "കിനിഞ്ഞിറങ്ങല്‍ സിദ്ധാന്ത"ത്തിന്റെപരുക്കന്‍ രൂപമാണ് അവര്‍ വെച്ചു പുലര്‍ത്തുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, രണ്ട് പ്രവണതകളുടെ അപകടകരമായ കൂടിച്ചേരലാണ് - ഭൗതികവസ്തുക്കളുടെ ഉല്‍പാദന വളര്‍ച്ച വന്‍തോതില്‍ മന്ദീഭവിക്കുന്നതാണ് അതില്‍ ഒന്നാമത്തെ പ്രവണത - പ്രത്യേകിച്ചും ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക മേഖലയായ കൃഷിയുടെയും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ചയിലുള്ള മാന്ദ്യം. അതിലും പ്രത്യേകിച്ച് സുപ്രധാന ചരക്കുകളായ ഭക്ഷ്യധാന്യങ്ങളുടെ വളര്‍ച്ചാ മാന്ദ്യം. അതുകാരണം, പ്രതിശീര്‍ഷ ഉല്‍പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടാമത്, ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും ജിഡിപി വളര്‍ച്ച അക്കക്കണക്കില്‍ വര്‍ധിപ്പിക്കുന്നതുമായ വളര്‍ച്ച, യഥാര്‍ത്ഥത്തില്‍ തികച്ചും അസന്തുലിതമായിട്ടുള്ളതാണ്. ജിഡിപിയുടെ അഞ്ചില്‍ മൂന്നുഭാഗവും സേവനങ്ങളില്‍നിന്നുള്ളതാണ്; കൃഷിയില്‍നിന്നുള്ള വരുമാനം അഞ്ചിലൊന്നില്‍ താഴെയാണ്; നിര്‍മാണ വ്യവസായങ്ങളില്‍നിന്നുള്ള വരുമാനം നാലിലൊന്നില്‍ താഴെയും. ന്യൂനപക്ഷത്തിന്റെസമ്പത്ത് വര്‍ധനയ്ക്ക് ആധാരം നിര്‍മാണ വ്യവസായത്തിന്റെകുതിച്ചുകയറ്റമാണ് നിര്‍മാണമേഖലയും ആതിഥ്യസല്‍ക്കാരമേഖലയും മാത്രമാണ്, ഇതില്‍ കുറച്ചെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രംഗങ്ങള്‍ .

പ്രതികൂലമായ മാറ്റങ്ങള്‍

ജനസംഖ്യാ സെന്‍സസ്സിലെ കണക്കുകളും നാഷണല്‍ സാമ്പിള്‍ സര്‍വെയിലെ കണക്കുകളും താരതമ്യപ്പെടുത്തിക്കൊണ്ട്, തൊഴില്‍ വര്‍ധനയുടെ നിരക്ക് കണക്കാക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റ് കണക്കുകള്‍ ഇല്ലാത്തതുകൊണ്ട് ഈ മാര്‍ഗം അവലംബിക്കുന്നുവെന്ന് മാത്രം. 1999-2000നും 2004-05നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഗ്രാമീണ മേഖലയിലെ തൊഴില്‍വര്‍ധന നിരക്ക് പ്രതിവര്‍ഷം 2.2 ശതമാനമായിരുന്നുവെങ്കില്‍ 2004-05നും 2009-10നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ അത് പ്രതിവര്‍ഷം 0.42 ശതമാനം മാത്രമായിരുന്നു. വികസനം എന്നതിന്നര്‍ത്ഥം, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനം ഇടിയുന്നുവെന്നും നിര്‍മാണ വ്യവസായങ്ങളെയും സേവനത്തുറകളെയും ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനം കൂടുന്നുവെന്നും ആണ് എന്നാണ് അവരുടെ വാദം. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള പ്രാകൃത മൂലധനസഞ്ചയ പ്രക്രിയ വഴി ഉല്‍പാദകരായ കൃഷിക്കാരെ അവരുടെ ഭൂമിയില്‍നിന്ന് ഇറക്കിവിടുന്നതിനെ ന്യായീകരിക്കുന്നതിനുവേണ്ടിയും ഈ വാദമുഖം തന്നെയാണ് ഉന്നയിയ്ക്കപ്പെടുന്നത്. പകരം ജോലിയ്ക്കുള്ള അവസരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അത്തരമൊരു പരിതഃസ്ഥിതിയില്‍ , ഗ്രാമപ്രദേശങ്ങളില്‍ ഒരല്‍പം ഭൂമിയുള്ള ഉല്‍പാദകന്‍ അത് പിടിച്ചെടുക്കാനുള്ള ഏതു ശ്രമത്തേയും ചെറുക്കും. തൊഴിലില്ലായ്മയില്‍നിന്നും ദുരിതത്തില്‍നിന്നും രക്ഷ നേടുന്നതിന് അയാള്‍ക്കുള്ള ഒരേയൊരു മാര്‍ഗമാണ് ആ തുണ്ടുഭൂമി. പ്രതിഷേധത്തിന്റെസഹനരൂപമായ ആത്മഹത്യയില്‍നിന്ന് ഒടുവില്‍ ചെറുത്തുനില്‍പ്പിന്റെപ്രത്യക്ഷസമരരൂപത്തിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു എന്നാണ് അത് കാണിക്കുന്നത്. കൃഷിക്കാര്‍ വളരെ പതുക്കെയാണ് ചലിച്ചു തുടങ്ങുന്നത്; എന്നാല്‍ അവര്‍ ചലിച്ചുതുടങ്ങിയാല്‍പ്പിന്നെ, ഒരു ശക്തിയ്ക്കും അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയില്ല.


*****


ഉല്‍സ പട്നായിക് , കടപ്പാട് : ദേശാഭിമാനി

സ്പോണ്‍സര്‍ഷിപ്പിന്റെ കാലം

ഇപ്പോള്‍ നമ്മള്‍ ധാരാളമായി കേള്‍ക്കുന്ന ഒരു പദപ്രയോഗമാണ് സ്പോണ്‍സര്‍ഷിപ്പ്. മുമ്പും ഈ പ്രയോഗം നിലവിലുണ്ടായിരുന്നെങ്കിലും തികച്ചും നിരുപദ്രവകരമായ ഒന്നായിരുന്നു അത്. അറുപതുകളില്‍ ഡല്‍ഹിയില്‍ പലയിടത്തും ചെറിയ സാഹിത്യ കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഡല്‍ഹി ലിറ്റററി വര്‍ക്കുഷാപ്പ് എന്നപേരില്‍ കൂട്ടായ്മ ഉണ്ടായിരുന്നു. നന്നായി വായിക്കുകയും എഴുതാന്‍ ആഗ്രഹിക്കുന്നവരുമായ ഏതാനും ചെറുപ്പക്കാരായിരുന്നു അതിന്റെ പിറകില്‍ . ഇത്തരം കൂട്ടായ്മകള്‍ ഇടയ്ക്കൊക്കെ സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുമായിരുന്നു. അതിനൊക്കെ പൈസ വേണ്ടേ? ചെറിയ ശമ്പളക്കാരായിരുന്നു എല്ലാവരും. മുറിയുടെ വാടക കൊടുക്കണം. ഹോട്ടലിലെയോ മെസ്സിലെയോ പറ്റു തീര്‍ക്കണം.

എല്ലാം കഴിയുമ്പോള്‍ ഒരു പായ്ക്കറ്റ് സിഗരറ്റിനുള്ള പൈസപോലും കൈയിലുണ്ടാകില്ല. അങ്ങനെയുള്ള യുവാക്കള്‍ക്ക് സാഹിത്യ പ്രവര്‍ത്തനത്തിന് ചെലവിടാന്‍ പൈസയെവിടെ? എന്തുവഴി? വഴിയുണ്ട്. ഞങ്ങളില്‍ ആരെങ്കിലും ജോലിചെയ്യുന്ന കമ്പനിയുടെ തലവനോട് ഒരു ചെറിയ സഹായം ആവശ്യപ്പെടും. അതു കിട്ടുകയും ചെയ്യും. സംഘാടകര്‍ നന്ദിസൂചകമായി സാഹിത്യ മീറ്റിംഗ് നടക്കുന്നയിടത്ത് കമ്പനിയുടെ പേരോ അല്ലെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ പേരോ ഒരു ബാനറില്‍ പ്രദര്‍ശിപ്പിക്കും. സ്മരണികയോ മാസികയോ ആണെങ്കില്‍ പ്രസിദ്ധീകരണത്തിന്റെ കവറിലോ ഉള്ളിലോ ചേര്‍ക്കും.അങ്ങനെ ധാരാളം സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലെ ഭാഷാസ്നേഹികള്‍ പതിവായി നടത്തിയിരുന്നു. ചെറിയ തുക സഹായമായി തരുന്ന കമ്പനികള്‍ തിരിച്ച് ഒന്നും ആവശ്യപ്പെടാറില്ലായിരുന്നു.ചെറിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അന്ന് നടന്നുപോന്നത് അങ്ങനെയായിരുന്നു.അതായിരുന്നു പണ്ടത്തെ സ്പോണ്‍സര്‍ഷിപ്പ് തികച്ചും നിരുപദ്രവകരമായിരുന്നു. കാലം കടന്നുപോയി.

ഒരിക്കല്‍ ഞങ്ങളുടെ സാഹിത്യ മീറ്റിംഗിനു സഹായം ആവശ്യപ്പെട്ടപ്പോള്‍ കമ്പനി മേധാവി താല്‍പര്യം കാണിച്ചില്ല. ചെറിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കേണ്ടതില്ലെന്ന് കമ്പനികള്‍ തീരുമാനിച്ചതാണ് കാരണം. വലിയ സാംസ്കാരിക സംരംഭങ്ങള്‍ക്ക് മാത്രം പിന്തുണ നല്‍കിയാല്‍ മതി എന്നായിരുന്നു തീരുമാനം. ഏതെങ്കിലും സംഘടനകള്‍ക്ക് സഹായം ലഭിക്കണമെങ്കില്‍ വിശദമായ പ്രൊജക്ട് സമര്‍പ്പിക്കണം. പിആര്‍ഒ വിഭാഗവുമായി അത് ചര്‍ച്ച ചെയ്യണം. നിര്‍ദേശങ്ങള്‍ സ്വീകരിക്കണം.തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണത്തിനു ശേഷം കോര്‍പറേറ്റ് ലോകം വളരെ സമ്പന്നമായി. ഓരോ കോര്‍പറേറ്റ് സ്ഥാപനവും സ്പോണ്‍സര്‍ഷിപ്പിനായി ലാഭത്തിന്റെ ഒരു ചെറിയ ഭാഗം നീക്കി വെക്കും. ചെറിയ ഭാഗം ചെറിയ തുകയല്ല. ഈ തുക എങ്ങോട്ടാണ് പോയത്?ഞാന്‍ തൃശൂരിലെ സാഹിത്യ അക്കാദമിയില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു പ്രശസ്ത നോവലിന്റെ നാലു ദിവസം നീണ്ടു നിന്ന അമ്പതാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. ആദ്യ ദിവസം അക്കാദമി മുറ്റത്തെ ആള്‍ക്കൂട്ടംകണ്ട് ഞാന്‍ അമ്പരന്നുപോയി. ഡല്‍ഹിയില്‍ പതിനഞ്ചു പേരുണ്ടായാല്‍ ഭാഗ്യം. ഈയിടെ ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനത്തിന്റെ ക്ഷണപത്രം കിട്ടിയപ്പോള്‍ ചെന്നുനോക്കാമെന്നു വിചാരിച്ചു. ഡല്‍ഹിയിലെ എലിറ്റ് സമൂഹത്തില്‍പെട്ട ഒരു നോവലിസ്റ്റിന്റെ ഇംഗ്ലീഷില്‍ എഴുതിയ നോവലാണ് പ്രകാശിപ്പിക്കപ്പെടുന്നത്.നക്ഷത്ര ഹോട്ടലിലായിരുന്നു പ്രകാശനച്ചടങ്ങ്. പ്രവേശന കവാടത്തില്‍ തന്നെ പരിഷ്കൃത വേഷം ധരിച്ച സുന്ദരികള്‍ സന്ദര്‍ശകരെ കാത്തുനില്‍ക്കുന്നു. വേദി പുഷ്പങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്.

ഓഡിറ്റോറിയത്തിന്റെ ഒരു വശത്ത് കോക്ടെയില്‍ ടേബിളില്‍ ഇറക്കുമതി ചെയ്ത വൈന്‍ കുപ്പികളും ഗ്ലാസുകളും കബാബുകളും ഒലീവുകളും പിസ്റ്റയും മറ്റും മറ്റും.ഞാന്‍ മനസില്‍ കണക്കുകൂട്ടി നോക്കി. ചടങ്ങിന് ചുരുങ്ങിയത് മൂന്നുലക്ഷം രൂപ ചെലവുവരും.നോവലിന്റെ ആയിരം കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. അതു മുഴുവന്‍ വിറ്റാല്‍ ഗ്രന്ഥകര്‍ത്താവിനു കിട്ടുന്ന റോയല്‍റ്റി ഏകദേശം പതിനഞ്ചായിരം രൂപയായിരിക്കും. നോവല്‍ മറിച്ചുനോക്കി.ദരിദ്രരില്ല. ആദിവാസികളില്ല. വറ്റുന്ന പുഴകളില്ല. വിഷം പരത്തുന്ന കീടനാശിനികളില്ല... വിമാനത്തില്‍ സഞ്ചരിക്കുന്ന കഥാനായികയാണ് അതിലുള്ളത്. ഭര്‍ത്താവും കുട്ടികളും ഉണ്ടെങ്കിലും അവള്‍ ഒരു വെള്ളക്കാരനുമായി കിടക്ക പങ്കിടുന്നു. വെള്ളക്കാരുമായുള്ള ശരീരഭാഷണങ്ങളാണ് നിറയെ.പതിനഞ്ചായിരം ഉറുപ്പിക റോയല്‍റ്റി പ്രതീക്ഷിക്കാവുന്ന ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് മൂന്നുലക്ഷം രൂപ ചെലവഴിക്കുന്നത് എങ്ങനെയാണ്?ചടങ്ങ് സ്പോണ്‍സര്‍ ചെയ്തത് ഒരു കോര്‍പറേറ്റ് സ്ഥാപനമാണ്.പുസ്തക പ്രകാശനങ്ങളും ഫേഷന്‍ ഷോകളും ക്രിക്കറ്റ് മേച്ചുകളും എല്ലാം ഇപ്പോള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് അതുപോലുള്ള സ്ഥാപനങ്ങളാണ്.ഇപ്പോള്‍ അഴിമതി വിരുദ്ധ സമരങ്ങള്‍ കൂടി അവര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇനി? ഗാന്ധി ജയന്തിയും സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിന പരേഡും അവര്‍ സ്പോണ്‍സര്‍ ചെയ്തേക്കാം. തെരഞ്ഞെടുപ്പുകളും നിയമസഭയിലെയും ലോക സഭയിലെയും സംവാദങ്ങളും പോലും അവര്‍ സ്പോണ്‍സര്‍ ചെയ്തേക്കാം. വൈകാതെ നമ്മുടെ ജീവിതവും അവര്‍ സ്പോണ്‍സര്‍ഷിപ്പു ചെയ്തെന്നു വരാം.അപ്പോള്‍ നമ്മള്‍ ജീവിക്കുന്നത് ആരുടെ ജീവിതമായിരിക്കും? നമ്മുടേതായിരിക്കില്ല എന്നു തീര്‍ച്ച.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER