My Blog List

Friday, February 17, 2012

ക്രിസ്തു ആരുടെയും കുത്തകയല്ല

"നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍"- ഗോഗുല്‍ത്താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രാമധ്യേ യറുശലേം പുത്രിമാരോട് യേശു പറഞ്ഞ ഈ വാക്കുകള്‍ ആനുകാലിക വാദകോലാഹലങ്ങള്‍ക്ക് ഉത്തമ മറുപടിയായി കാണാം. ഏവരുടെയും ആദര്‍ശപുരുഷനാണ് യേശുക്രിസ്തു; എക്കാലത്തെയും വലിയ വിപ്ലവനേതാവും വിമോചന നായകനുമാണ്. യേശുക്രിസ്തു ആരുടെയും കുത്തകയല്ല. തന്റെ ആദര്‍ശങ്ങളും ജീവിതവും കുത്തകവ്യാപാരത്തിന് പ്രത്യേക സമൂഹത്തെ ഏല്‍പ്പിച്ചിട്ടുമില്ല. മുസ്ലിങ്ങള്‍ക്ക് യേശു ഏറ്റവും വലിയ ഒരു പ്രവാചകനാണ്. ഹൈന്ദവര്‍ക്ക് ക്രിസ്തുവിനെ അവതാരപുരുഷനായി അംഗീകരിക്കുന്നതിന് ശങ്കയില്ല. സ്ഥിതിസമത്വത്തിനായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് ആദര്‍ശവാദികള്‍ ക്രിസ്തുവിനെ അവരുടെ വിപ്ലവനേതാക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ ക്രിസ്തീയ നേതൃത്വം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്. യേശുക്രിസ്തു ചരിത്രപുരുഷനും കൂടിയാണ്. ക്രിസ്തുവിനെ മാതൃകയാക്കി അദ്ദേഹം മുന്നോട്ടുവച്ച പാത അനുസരിച്ച് ജീവിതം സമര്‍പ്പിക്കാന്‍ പൂര്‍ണ മനുഷ്യനു മാത്രമേ സാധിക്കൂ. ആ സാഹസത്തിന് കമ്യൂണിസ്റ്റുകാര്‍ താല്‍പ്പര്യം കാണിച്ചതിന് ചില ക്രിസ്തീയസഭകള്‍ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? ജനങ്ങളെ എന്തിനാണ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്?
വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ടി യോഗത്തില്‍ ഒരു സഭയിലെ വൈദികന്‍ പ്രസംഗിച്ചത് ഓര്‍ക്കുന്നു: "അരിവാള്‍ ചുറ്റിക നക്ഷത്രം അത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചിഹ്നം ആകുന്നതിനുമുമ്പേ ക്രിസ്ത്യാനികളുടെ ചിഹ്നം ആയിരുന്നു. പാടത്ത് പണിയെടുക്കാന്‍ കന്യാമറിയം ഉപയോഗിച്ചതാണ് അരിവാള്‍ . അതുപോലെ യൗസേഫ് പിതാവ് ആശാരിപ്പണിക്കുപയോഗിച്ച ചുറ്റികയും നമുക്ക് പ്രിയപ്പെട്ടതാണ്. മൂന്നാമതായി ചെങ്കൊടിയില്‍ കാണുന്ന നക്ഷത്രം വിദ്വാന്മാര്‍ കണ്ട അത്ഭുത നക്ഷത്രമാണ്. നക്ഷത്രം കണ്ടതിനാലാണ് ജ്ഞാനികളായ വിദ്വാന്മാര്‍ക്ക് യേശുദേവന്റെ അടുത്തെത്താനും കാഴ്ചകള്‍ അര്‍പ്പിക്കാനും കഴിഞ്ഞത്. നക്ഷത്രം യേശുവിലേക്കുള്ള വഴികാട്ടിയാണ്."ഈ പ്രസംഗം നടത്തിയ വൈദികന്‍ സഭയില്‍ ഇന്നും ആത്മാര്‍ഥമായി ശുശ്രൂഷ നടത്തുന്നു. ഇപ്രകാരമുള്ള ധാരാളം വൈദികരും മേല്‍പ്പട്ടക്കാരും ക്രിസ്തീയവിശ്വാസികളും എല്ലാ സഭകളിലും കാണാന്‍ കഴിയും. ഇവരെ എല്ലാവരെയും നിരീശ്വരവാദികളെന്ന് വിധിയെഴുതിയാല്‍ എന്താവും കഥ.

യേശുക്രിസ്തു ചരിത്രപുരുഷനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖരൂപം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും നിലവിലില്ല. ഒരു യഹൂദ യുവാവിന്റെ ഭാവമാണ് യേശുവില്‍ ദര്‍ശിക്കേണ്ടത്. യേശുക്രിസ്തു നാസിര്‍ വ്രതമെടുത്ത വ്യക്തിയായിരുന്നുവോ? അതോ ക്ലീന്‍ ഷേവ് ആയിരുന്നോ എന്നത് വ്യക്തമല്ല. ഇന്നു നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങള്‍ കലാകാരന്മാരുടെ ഭാവനകള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. യേശുക്രിസ്തുവിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങളില്‍ ചിലത് അതിമനോഹരവും ചിലത് വികൃതവുമാണ്. ചൈനക്കാരുടെ യേശു മഞ്ഞനിറമുള്ളവനും മൂക്ക് പരന്നിരിക്കുന്നവനുമാണ്. ഒരു യഥാര്‍ഥ ചൈനക്കാരന്‍ എന്നുതന്നെ പറയാം. ആഫ്രിക്കക്കാരുടെ യേശു തനി ആഫ്രിക്കനാണ്. കറുത്ത യേശുവിനെയല്ലാതെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലാറ്റിനമേരിക്കക്കാര്‍ക്ക് അവരുടെ നിറത്തിലും രൂപത്തിലുമുള്ള വിമോചകനായിട്ടു മാത്രമേ യേശുവിനെ സ്വാഗതംചെയ്യാന്‍ സാധിക്കൂ. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ഉപയോഗിക്കുന്ന യേശുവിന്റെ ചിത്രങ്ങള്‍ക്ക് യൂറോപ്യന്‍ മണവും രുചിയുമാണുള്ളത്. എന്നാല്‍ , ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്കാരത്തിനുമനുസരിച്ച് ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ നമ്മുടെ കലാകാരന്മാര്‍ ശ്രമിച്ചാല്‍ അതിനെതിരെ ആര് പ്രതികരിച്ചാലും അത് യുക്തവും ക്രിസ്തീയവുമല്ല.

വേദപുസ്തകപ്രകാരം മാര്‍ക്കോസിന്റെ മാളികയില്‍വച്ചാണ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യഅത്താഴം കഴിച്ചത്. പക്ഷേ, ഈ അത്താഴത്തിന്റെ ചിത്രമെടുക്കാന്‍ വേണ്ട ക്രമീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. യേശുക്രിസ്തുവോ തന്റെ ശിഷ്യന്മാരോ അന്ത്യ അത്താഴത്തിന്റെ പടം വരച്ചുസൂക്ഷിച്ചതുമില്ല. വിശ്വവിഖ്യാത കലാകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയാണ് അന്ത്യഅത്താഴത്തിന്റെ ചിത്രം ആദ്യമായി വരയ്ക്കുന്നത്. ഇറ്റാലിയന്‍ ശൈലിയില്‍ ഡാവിഞ്ചിയുടെ ഭാവനയ്ക്കനുസരിച്ച് ക്രിസ്തുവും 12 ശിഷ്യന്മാരും ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ഭാവനാചിത്രമാണിത്. മനോഹരമായ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഡാവിഞ്ചിക്ക് നാലുവര്‍ഷം വേണ്ടിവന്നു. (1495-1498). ഒറ്റുകാരനായ യൂദാ ഇസ്കറിയോത്തായുടെ മുഖം വരയ്ക്കാനെടുത്ത കാലതാമസമായിരുന്നു ഇതിന് കാരണമെന്ന് പറയുന്നു. മറ്റ് മാലാഖമാരുടെ വര്‍ണമനോഹരങ്ങളായ ചിത്രങ്ങളും വരച്ചിരിക്കുന്നതും കാണാം. പൗരാണികമായ പല കലാരൂപങ്ങള്‍ക്കും ജീവനും സൗന്ദര്യവും ലഭിച്ചിരിക്കുന്നതിന്റെ പിന്നില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ കരവിരുതും ഭാവനയും പരിശ്രമവുമാണുള്ളത്. ഈ സത്യം തിരിച്ചറിയണം. കലാകാരന്മാരുടെ ഭാവനയില്‍ രൂപപ്പെട്ടത് യഥാര്‍ഥ മുഖമോ രൂപമോ ആകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. ഈ സത്യം മനസ്സിലാക്കുന്നതോടൊപ്പം ലോകം മുഴുവനും അംഗീകരിച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ദുഷ്ടലാക്കോടെ വികൃതമാക്കി കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഭൂഷണമല്ലെന്നറിയണം.

അഡീസ് അബാബയിലുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ ത്രിത്വത്തിന്റെ ഒരു ഫോട്ടോ വരച്ച് ദേവാലയത്തിന്റെ മദ്ബഹായുടെ മുമ്പാകെ സ്ഥാപിച്ചിരിക്കുന്നു. പിതാവിന്റെയും യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം മുതുമുത്തച്ഛന്മാരുടെ രൂപത്തിലും ഭാവത്തിലുമാണ് വരച്ചിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം വല്യപ്പച്ചന്റെ രൂപത്തില്‍ കണ്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ആരും കണ്ടിട്ടില്ലാത്ത പിതാവിന്റെയും അതുപോലെ പരിശുദ്ധ റൂഹായുടെയും നമുക്ക് ചിത്രങ്ങളിലൂടെമാത്രം കണ്ണുകള്‍ക്ക് പരിചിതമായ യേശുവിന്റെയും ചിത്രങ്ങള്‍ ഒരേ ആകൃതിയിലും രൂപത്തിലും വലുപ്പത്തിലും വരച്ച ആ കലാകാരന്റെ ഭാവന ശ്രേഷ്ഠമാണ്. ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളിലൂടെ ഒഴുകിവന്ന ആശയങ്ങളും ഭാവനയും സമന്വയിപ്പിച്ച് വരച്ചതാണ് ഈ കലാരൂപം. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ ക്രിസ്തുവിന്റെ പടം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് തോന്നുമെങ്കിലും അത് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഒരു വശം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ ആരും അതിനെ ചോദ്യംചെയ്യുന്നില്ല.

ലോകം കണ്ടതില്‍ ഏറ്റവും വലിയ വിപ്ലവകാരി ആരെന്ന് ചോദിച്ചാല്‍ ഏക സ്വരത്തില്‍ ഏവരും ഉത്തരം പറയും അത് നസ്രാനായ യേശുവാണെന്ന്. യേശുവിനെ വിപ്ലവനേതാക്കന്മാരുടെ നിരയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സമത്വവും സമാധാനവും പങ്കിടലും കൊടുക്കലും വാങ്ങലും സ്വാതന്ത്ര്യവും ഒക്കെ യേശുവിന്റെ വിപ്ലവകരമായ വിഷയങ്ങള്‍ ആയിരുന്നു. ശത്രുക്കളെ സ്നേഹിക്കുക എന്നതും നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നതുമാണ് യേശുവിന്റെ ഏറ്റവും വലിയ വിപ്ലവ സുവിശേഷം. യേശുക്രിസ്തുവിന്റെ സമാധാന സുവിശേഷം ഉദ്ഘോഷിച്ച് പോരടിക്കുന്നവര്‍ കുരിശുയുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ കൊന്നുതള്ളിയതും മതത്തിന്റെ പേരില്‍ ഇപ്പോഴും നടക്കുന്ന കൊലപാതകങ്ങളും തെരുവുയുദ്ധങ്ങളും ഒക്കെ മറക്കുകയാണോ? എല്ലാത്തിനും ഒരു സമയമുണ്ട്. ഇത് വിശുദ്ധ ബൈബിള്‍ വചനംതന്നെയാണ്.
യേശുക്രിസ്തുവിന്റെ വിപ്ലവസുവിശേഷം നടപ്പാക്കാന്‍ ക്രിസ്തീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ക്രിസ്തീയ ദര്‍ശനം നടപ്പില്‍ വരുത്തേണ്ട നേതൃത്വം അതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ മറ്റൊരു സമൂഹം ആ കടമ ഏറ്റെടുക്കുന്നു. ഇവിടെ കമ്യൂണിസ്റ്റ് ചിന്തകര്‍ അവരുടെ പ്രത്യയശാസ്ത്രത്തിന് അടിസ്ഥാന ആശയങ്ങള്‍ നല്‍കിയ യേശുവിനെ മാതൃകയായി സ്വീകരിച്ചിരിക്കുന്നു. അവര്‍ യേശുവിനെ വിപ്ലവനേതാവും വിമോചന നായകനുമായി അംഗീകരിച്ചിരിക്കുന്നു. ഇതില്‍ ക്രിസ്തീയ സമൂഹം ഒന്നടങ്കം ആഹ്ലാദിക്കുകയും അവരുടെ പ്രവൃത്തിയെ സാദരം സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്; അല്ലാതെ ക്രിസ്തു തങ്ങളുടേതു മാത്രമാണെന്ന് പ്രഖ്യാപിക്കുകയല്ല.

*
ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് ദേശാഭിമാനി 14 ഫെബ്രുവരി 2012

ജോര്‍ദാനോ ബ്രൂണോ- യുക്തിചിന്തയുടെ രക്തസാക്ഷി

മഹാനായ തത്വജ്ഞാനിയും, യുക്തിചിന്തകനുമായിരുന്ന ജോര്‍ദാനോ ബ്രൂണോ(Giordano Bruno)വിനെ മതഭ്രാന്തന്‍മാര്‍ ചുട്ടുകൊന്നത് 1600 ഫെബ്രുവരി 17നാണ്. ഓരോ ഫെബ്രുവരി കഴിയുന്തോറും , മതവര്‍ഗ്ഗീയ ഫാസിസ്റുകള്‍ സമൂഹത്തില്‍ വിഷവിത്തുകള്‍ ചിതറിക്കൊണ്ട് അസ്വസ്ഥതകള്‍ പരത്തുകയാണ്. ബ്രൂണോവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരും. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു നവസമൂഹത്തിനു വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ധീരരായ വിപ്ളവകാരികളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും നമുക്ക് വഴികാട്ടിയാണ്.

1548-ല്‍ ഇറ്റലിയിലെ നോളയില്‍ ബ്രൂണോ ജനിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലത്ത് ബ്രൂണോ കണ്ടത് സത്യം വിളിച്ചുപറയുന്നവരെ തീയ്യിലിട്ട് ചുട്ടുകൊല്ലുന്ന നിയമമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹം ഉപരിപഠനത്തിനായി അയല്‍ദേശമായ നേപ്പിള്‍സിലേക്ക് പോയി. അക്കാലത്ത് ഫ്രാന്‍സില്‍ രൂപം കൊണ്ട് ഇറ്റലിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച ഒരു സംഘടനയാണ് വാള്‍സെല്‍സ്. അവര്‍ മതവിശ്വാസികളായിരുന്നുവെങ്കിലും അന്ധവിശ്വാസങ്ങളെ രൂക്ഷമായി എതിര്‍ത്തു. മരിച്ചവര്‍ക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകളെ അവര്‍ എതിര്‍ത്തു. കത്തോലിക്കാസഭയുമായി സഹകരിക്കാത്തതിന്റെ പേരില്‍ ഈ ഗ്രൂപ്പിലെ 8 പേരെ ഒറ്റദിവസം അറുത്തുകൊന്നു. 1561 - ല്‍ ബ്രൂണോവിന്റെ 13-ാം വയസ്സിലായിരുന്നു അതിക്രൂരമായ ഈ കൊലപാതകം മതഭ്രാന്തന്‍മാര്‍ നടത്തിയത്.

യുവാവായ ബ്രൂണോ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം അതീവ താല്‍പര്യം പ്രകടിപ്പിച്ചു. പാരീസിലായിരുന്നപ്പോള്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മതത്തിനെതിരെ ശബ്ദിക്കുകയും, ആശയപ്രചരണം നടത്തുകയും ചെയ്യുന്നവര്‍ സ്വാഭാവികമായും, സഭയുടെ ശത്രുക്കളായി മാറുകയാണ്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് ബ്രൂണോവിനെ മതാധികാരികള്‍ കോടതിയില്‍ ഹാജരാക്കി. താന്‍ സത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും, മതത്തിന് കീഴടങ്ങാന്‍ തയ്യാറല്ലെന്നും ബ്രൂണോ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കുകയായിരുന്നു. മതകോടതി ആ മഹാനായ വിപ്ളവകാരിയെ 1600 ഫിബ്രവരി 17 ന് ചുട്ടുകൊല്ലുകയായിരുന്നു.

ബ്രൂണോ ഉയര്‍ത്തിപ്പിടിച്ച സത്യസന്ധതയും, മനുഷ്യസ്നേഹവും വര്‍ത്തമാനകാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. സമൂഹത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റുകളും, മതഭ്രാന്തന്‍മാരും ദേശീയതലത്തിലും, സാര്‍വ്വദേശീയ രംഗത്തും ഹിംസയുടെ വിത്തുകള്‍ പാകികൊണ്ട് സ്വൈര്യജീവിതം തകര്‍ക്കുകയും, അസ്വസ്ഥതകള്‍ പടര്‍ത്തുകയുമാണ്. ദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രംഗത്തും സ്വാധീനം ചെലുത്തി വര്‍ഗ്ഗീയ ലഹളകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങള്‍ വര്‍ഗ്ഗീയ ഫാസിസ്റ് ശക്തികള്‍ക്ക് കീഴടങ്ങുകയാണ്. ആഗോള ഫിനാന്‍സ് മൂലധനവും, ആള്‍ദൈവങ്ങളും വര്‍ഗ്ഗീയ ഫാസിസവുമടങ്ങുന്ന കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ മുഴുവന്‍ മനുഷ്യരും ഒന്നിക്കേണ്ടതുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പുതുയൂഗപ്പിറവിക്കുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബ്രൂണോവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക.

*
കെ.ജി. സുധാകരന്‍ കരിവള്ളൂര്‍

സുരക്ഷിതമായ കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്

ദേശീയ ജലനയത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു കാര്യം മാത്രമാണുള്ളത്. എല്ലാവര്‍ക്കും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കും എന്ന വാഗ്ദാനമാണ് അത്. ജലവിതരണരംഗം ലാഭമോഹത്തിന്റെ ശക്തികള്‍ക്കു തീറെഴുതി കൊടുക്കുന്ന നയരേഖ ജനങ്ങളുടെ കണ്ണുകെട്ടാന്‍ വേണ്ടിത്തന്നെയാണ് സുരക്ഷിതമായ കുടിവെള്ളത്തെക്കുറിച്ച് ആ വെറുംവാക്ക് എഴുതിവച്ചത്. ഇക്കാര്യത്തില്‍ മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ് കേരളത്തിന്റെ സ്ഥിതി എന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ അത് വെറും മിഥ്യാധാരണയാണെന്ന് കുടിവെള്ളം സംബന്ധിച്ച് കേരളത്തില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.

കേരളീയര്‍ കുടിക്കുന്ന വെള്ളത്തില്‍ അടങ്ങിയിട്ടുള്ള മാരകമായ വിഷാംശങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവരികയാണ്. തെക്ക് എന്നോ വടക്ക് എന്നോ ഭേദമില്ലാതെ എല്ലാ ജില്ലകളിലും ഇതാണു സ്ഥിതി. ജില്ലകള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ഈ സ്ഥിതിവിശേഷം അങ്ങേയറ്റം ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്.

ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ജനങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെ പട്ടിക വായിച്ചാല്‍ ആര്‍ക്കും നടുക്കമുണ്ടാകും. ഫ്‌ളൂറൈഡ്, ക്ലോറൈഡ്, പൊട്ടാസ്യം, കാഡ്മിയം, ലിഥിയം, സള്‍ഫേറ്റ്, നൈട്രേറ്റ് ഇങ്ങനെ പോകുന്നു ആ പട്ടിക. നൂറു ശതമാനവും വിഷ-മാലിന്യ മുക്തമായ വെള്ളം ഒരു സ്വപ്നം മാത്രമായിരിക്കും. കുടിവെള്ളത്തില്‍ രാസമാലിന്യങ്ങളുടെ അനുവദനീയമായ അളവ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്) നിര്‍ണയിച്ചിട്ടുള്ളതാണ്. പല സ്ഥലങ്ങളിലും ഇത് അനുവദനീയമായ അളവിന്റെ ഇരട്ടിയും അതിലേറെയും അധികരിച്ചിരിക്കുന്നു. ഭയപ്പെടുത്തുന്ന മാരകരോഗങ്ങളും പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ച വ്യാധികളും മറ്റുമാണ് ഇതിന്റെ ഫലം
സംസ്ഥാന ജല അതോറിറ്റിയുടെ കീഴിലുള്ള ലാബറട്ടറികളില്‍ തന്നെ ഇടയ്ക്കിടെ നടക്കുന്ന പരിശോധനകളുടെ ഫലങ്ങള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. അറിയുന്ന വിവരങ്ങള്‍ തന്നെ ആരും കാര്യമായി എടുക്കാറുമില്ല. ഇതെല്ലാം ശ്രദ്ധിക്കാനും പ്രതിവിധി കാണാനും കടമയുള്ള സര്‍ക്കാരാകട്ടെ കുംഭകര്‍ണനെയും തോല്‍പ്പിക്കും വിധമുള്ള ഉറക്കത്തിലാണ്. ഈ അവസ്ഥ എല്ലാവരിലും ആശങ്കയുളവാക്കുന്നു.

കണികാശാസ്ത്രത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം അളക്കുന്ന യൂണിറ്റ് പി പി എന്‍ (പാര്‍ട്ടിക്കിള്‍ പെര്‍ നൊട്ടേഷന്‍) എന്നാണ് അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കുടിവെള്ള സാമ്പിളുകളില്‍ 1 മുതല്‍ 5.75 വരെ പി പി എന്‍ അളവിലാണ് ഫ്‌ളൂറൈഡ് ലവണങ്ങള്‍ കണ്ടെത്തിയത്. ഫ്‌ളൂറൈഡ് ലവണങ്ങളുടെ അമിതമായ സാന്നിദ്ധ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് അതു കാരണമാകുമത്രെ.

കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുള്ള വിഷമയമായ രാസവസ്തുക്കളുടെ ആപത് സാദ്ധ്യത ഒരു പട്ടണത്തിലോ ജില്ലയിലോ മാത്രമായി ഒതുങ്ങുന്നില്ല. അതു കേരളത്തിലെവിടെയും വ്യത്യസ്ത അളവുകളില്‍ കുടിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ലേയമായ (സോല്യൂബിള്‍) അളവിലും ചെറിയ പരല്‍ (ക്രിസ്റ്റല്‍) രൂപത്തിലും അവയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് സംസ്ഥാനവ്യാപകമായ പഠനങ്ങളില്‍ കാണുന്നത്.

മനുഷ്യമലത്തില്‍നിന്നു രൂപംകൊള്ളുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാത്ത കുടിവെള്ളം കേരളത്തില്‍ കുറവാണ്.

പുതിയ പുതിയ രോഗങ്ങള്‍ കേരളത്തിലെ ജനങ്ങളെ വ്യാപകമായി വേട്ടയാടുകയാണ്. രോഗപീഡകളില്‍ തകര്‍ന്നുവീഴുന്ന കുടുംബങ്ങളെക്കുറിച്ച് ഓരോ പ്രദേശങ്ങള്‍ക്കും ദുഃഖകരമായ അനുഭവങ്ങള്‍ പറയാനുണ്ട്. ചികിത്സാസംവിധാനങ്ങള്‍ക്കുവേണ്ടി ഗവണ്‍മെന്റ് പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും സാമ്പത്തിക ഞെരുക്കംമൂലം നടപ്പിലാക്കാന്‍ കഴിയാത്ത അനുഭവങ്ങളും കേരളത്തിലുണ്ട്.

കുടിവെള്ളജന്യമായ രോഗങ്ങളുടെ പട്ടികയിലേയ്ക്ക് മാരകരോഗങ്ങളുടെ നീണ്ടനിരയാണ് കടന്നുവരുന്നത്. ഈ രോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ടി സര്‍ക്കാരും കുടുംബങ്ങളും ചിലവാക്കേണ്ടിവരുന്ന പണത്തിന്റെ അളവ് എത്രയോ വലുതാണ്. അതിന്റെ പകുതി സംഖ്യയുണ്ടെങ്കില്‍, അത് ആസൂത്രിതമായി ഉപയോഗപ്പെടുത്തുമെങ്കില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം നല്‍കാന്‍ കഴിയും. എന്നാല്‍ ആ വഴിക്ക് ചിന്തിക്കാന്‍ നമ്മുടെ ആസൂത്രണ പണ്ഡിറ്റുകളും ഭരണപ്രഭൃതികളും സന്നദ്ധമാകുന്നില്ല. മരുന്ന്, ആശുപത്രി ചികിത്സ ഇവയെല്ലാം ചേര്‍ന്ന വന്‍കിട വ്യവസായ ശൃംഖലയ്ക്കുവേണ്ടത് പുതിയ രോഗങ്ങളും ലക്ഷക്കണക്കിനു രോഗികളെയുമാണ്. സുരക്ഷിതമായ കുടിവെള്ളം ജനങ്ങള്‍ക്ക് ഉറപ്പാക്കിയാല്‍ രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്ന പണം ഗണ്യമായി കുറയ്ക്കാനാവും. അതിനുള്ള ലക്ഷ്യബോധവും ഭാവനയും രാഷ്ട്രീയ ഇച്ഛയും സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റിനുണ്ടോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 07 ഫെബ്രുവരി 2012

Wednesday, February 15, 2012

ഇത് ഞങ്ങളുടെ യേശു

കേരളത്തിലെ കത്തോലിക്കാ സഭ താലിബാനിസത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് ഖേദകരമാണ്. യേശു കത്തോലിക്കര്‍ക്കുമാത്രം അവകാശപ്പെട്ടതെന്ന ശാഠ്യം ക്രൈസ്തവ വിരുദ്ധമാണെന്നു മാത്രമല്ല അപ്രായോഗികവുമാണ്. കണക്കെടുക്കാന്‍ കഴിയാത്തത്ര സഭാവിഭാഗങ്ങള്‍ ലോകമെങ്ങുമുള്ളപ്പോള്‍ കേരളത്തിലെ രണ്ടു റീത്തുകള്‍ക്കു മാത്രമായി യേശുവിനെക്കുറിച്ചുള്ള സ്മരണ പതിച്ചുനല്‍കാനാവില്ല. യേശുവിനെയും യേശുവിന്റെ പ്രബോധനങ്ങളെയും ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് ക്രിസ്ത്യാനി. ദൈവപുത്രനായ ക്രിസ്തുവിനൊപ്പം മനുഷ്യപുത്രനായ യേശുവും ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. ബേത്ലെഹെമില്‍ ജനിച്ച് പ്രബോധകനും പ്രക്ഷോഭകനുമായി യൂദയായില്‍ പ്രവര്‍ത്തിച്ച് പന്തിയോസ് പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണറുടെ ഭരണകാലത്ത് കുരിശുമരണത്തിനു വിധിക്കപ്പെട്ട യേശുവിനെ ദൈവപുത്രനായി കാണുന്നതിന് വിശ്വാസികള്‍ക്ക് അവകാശമുള്ളതുപോലെ വിപ്ലവകാരിയായി കാണുന്നതിന് മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.

അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സംഘടിപ്പിച്ച യേശുവിനെയാണ് റോമന്‍ സാമ്രാജ്യം ഭയന്നത്. സ്നേഹത്തിന്റെ സുവിശേഷവും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വാഗ്ദാനവും സാമ്രാജ്യത്തെ ഭയപ്പെടുത്തേണ്ട കാര്യമില്ല. കുരിശുമരണം യഹൂദരുടെ ശിക്ഷാരീതിയല്ലായിരുന്നു. റോമന്‍ ശിക്ഷാനിയമം അനുസരിച്ച് മരണശിക്ഷ നടപ്പാക്കാനുള്ള ഉപകരണമായിരുന്നു കുരിശ്. യേശുവിന് ഒരു നൂറ്റാണ്ടുമുമ്പ് സ്പാര്‍ട്ടക്കസിനെയും അവര്‍ വധിച്ചത് കുരിശിലേറ്റിയായിരുന്നു. കാപുവ മുതല്‍ റോം വരെ പാതയോരത്ത് നാട്ടിയ കുരിശുകളില്‍ സ്പാര്‍ട്ടക്കസും അനുയായികളും അപമാനിതരായി തൂങ്ങിക്കിടന്നു. കലാപത്തിനു തുനിയുന്ന അടിമകള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. അടിമകളുടെ വിയര്‍പ്പിലാണ് റോമാസാമ്രാജ്യത്തിന്റെ മഹിമ ഉയര്‍ന്നുനിന്നത്. ചെറിയ അസ്വസ്ഥതകള്‍പോലും സാമ്രാജ്യത്തെ ഭയപ്പെടുത്തി. റോമിെന്‍റ അധിനിവേശത്തിലായിരുന്നു യൂദയാ. അവിടെയും അധിനിവേശത്തിനെതിരെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയ കാലത്താണ് യേശു ഒരു കൂട്ടം മുക്കുവരുമായി ആള്‍ക്കൂട്ടങ്ങളെ പ്രക്ഷുബ്ധമാക്കി മുന്നേറുന്ന കാഴ്ചയുണ്ടായത്. പൗരോഹിത്യത്തിനും വിപണിക്കുമെതിരെ കലഹിച്ച യേശു സമത്വസുന്ദരമായ നവലോകമാണ് അടിമകള്‍ക്കും അധിനിവേശിതര്‍ക്കും വാഗ്ദാനം ചെയ്തത്. വധിക്കപ്പെടുന്നതിന് ഇത്തരത്തില്‍ കാരണങ്ങള്‍ ഏറെയുണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നും പ്രസക്തമാണ്. അമേരിക്ക ഇസ്ലാമിനെതിരെ ഇന്ന് കാണിക്കുന്ന അസ്വസ്ഥത തന്നെയാണ് അടിമകളോടും യഹൂദരോടും അന്ന് റോം കാണിച്ചത്. യേശു എന്ന വിപ്ലവകാരിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനുള്ള അവകാശം ആര്‍ക്കും പരിമിതപ്പെടുത്താനാവില്ല.

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നീഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിെന്‍റ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്. എന്നാല്‍ , വിപ്ലവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ലവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്. മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം.

ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല. മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ലേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവത്തെ ധിക്കരിച്ചുകൊണ്ട് മനുഷ്യനെ സ്നേഹിച്ച പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്. ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ലവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍ .

അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതര മതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും.

ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനിക മുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍ക്കരണത്തിനെതിരെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍ക്കരണത്തിനെതിരെ ക്രൈസ്തവ വിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്. അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരെന്‍റ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ഥനയില്‍ വിപ്ലവമുണ്ട്. വിപ്ലവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ഥനയും വിപ്ലവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ഥനയില്‍ വിപ്ലവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്.

മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യ സ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു" എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദുഃഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും. വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്.

എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൗലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍ . ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്. ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിെന്‍റ സിംഹാസനം ആ വാളിെന്‍റ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല.

വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റുകാര്‍ . അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ലവകാരികളും. യേശു അനുഭവമാണ്. എല്ലാ വിപ്ലവകാരികളും പങ്കുവയ്ക്കപ്പെടേണ്ടതായ അനുഭവമാക്കി സ്വന്തം ജീവിതത്തെ മാറ്റിയവരാണ്. പ്രൊമിത്യൂസിന്റെ കരള്‍ പിളരുന്ന വേദന മാര്‍ക്സിന് നവദര്‍ശനത്തിന്റെ ചെങ്കതിര്‍ വീശുന്ന അനുഭവമായി. സ്പാര്‍ട്ടക്കസ് സോവിയറ്റ് യൂണിയന്റെ വിപ്ലവാഭിമുഖ്യത്തെ ത്രസിപ്പിച്ച അനുഭവമായി. കുരിശിലേറിയ യേശു മര്‍ദിതര്‍ക്കും പീഡിതര്‍ക്കും അനുഭവിക്കാനുള്ള സുവിശേഷമാണ്. വിപ്ലവത്തിന്റെ പാതയോരങ്ങളില്‍ ആ അനുഭവസാക്ഷ്യം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ യേശുവിനെ അള്‍ത്താരയിലെ ബന്ധനത്തില്‍ മാത്രം കാണുന്നവര്‍ക്ക് ആശങ്കയുണ്ടാകും. അത് അവരുടെ യേശു. വിമോചകനും വിപ്ലവകാരിയുമായ യേശു മര്‍ദിതരുടെയും പീഡിതരുടെയും അനുഭവമാണ്; ചരിത്രം അവര്‍ക്കായി നല്‍കുന്ന സ്വത്താണ്. മനുഷ്യപുത്രനെ തങ്ങളുടെ സ്വന്തം സഖാവായി അവര്‍ സ്വീകരിക്കുമ്പോള്‍ ആര്‍ക്കാണ് ആ അനുഭവത്തെ നിഷേധിക്കാന്‍ കഴിയുക? ചരിത്രത്തിന് സഭയുടെ ഇംപ്രിമാത്തൂര്‍ ആവശ്യമില്ല.

*
സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാ‍നി വാരിക 130 ഫെബ്രുവരി 2012

Sunday, February 12, 2012

'അല്‍ബ' കരുത്താര്‍ജിക്കുന്നു

'അല്‍ബ' കരുത്താര്‍ജിക്കുന്നു
സംയുക്തമായ ഒരു സാമ്പത്തിക പരിപാടിക്ക് രൂപം നല്‍കുന്നതിനുവേണ്ടി, ബൊളിവിയന്‍ അലയന്‍സ് ഫോര്‍ ദി പീപ്പിള്‍സ് ഓഫ് ഔവര്‍ അമേരിക്ക (അല്‍ബ) യുടെ പതിനൊന്നാമത് സമ്മേളനം ഫെബ്രുവരി 5 ന് വെനിസ്വലന്‍ തലസ്ഥാനമായ കാരകസില്‍ ചേര്‍ന്നു. അതിഥികളായെത്തിയ പുതിയ രണ്ട് രാഷ്ട്രങ്ങളെ അല്‍ബ സ്വാഗതം ചെയ്തു. ഹെയ്തിയെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.

2004 ലാണ് 'അല്‍ബ' യ്ക്ക് രൂപം നല്‍കുന്നത്. ക്യൂബയും വെനിസ്വലയും മാത്രമായിരുന്നു അന്ന് അംഗങ്ങള്‍. ഇന്ന് എട്ട് രാഷ്ട്രങ്ങള്‍ അതില്‍ അംഗങ്ങളായുണ്ട് - ക്യൂബ, വെനിസ്വല, ഇക്വഡൊര്‍, ബൊളിവിയ, നിക്കരഗ്വ, ആന്റിഗ്വ, ഡൊമിനിക്ക, സെന്റ് വിന്‍സന്റ് ആന്‍ഡ് ഗ്രഹഡൈന്‍സ്. ഫെബ്രുവരി 5 ന് ചേര്‍ന്ന യോഗത്തില്‍ രണ്ട് ചെറിയ രാഷ്ട്രങ്ങള്‍കൂടി അതിഥികള്‍ എന്ന നിലയില്‍ പങ്കെടുത്തു. സെന്റ് ലൂസിയയും സുറിനാമും. അല്‍ബയില്‍ അവര്‍ക്ക് പൂര്‍ണ അംഗത്വം നല്‍കുന്നതിലേയ്ക്കുള്ള ഒരു ചുവടുവയ്പാണിത്. ഹോണ്ടുറാസ് അല്‍ബയില്‍ അംഗമായിരുന്നു. എന്നാല്‍ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് മാനുവല്‍ സലായ അട്ടിമറിക്കപ്പെട്ടതിനെതുടര്‍ന്ന് 2009 നുശേഷം പിന്മാറി.

അമേരിക്ക (യു എസ് എ) യേയോ യൂറോപ്പിനേയോ ആശ്രയിക്കാതെയും അവരുടെ ഇടപെടല്‍ കൂടാതെയും ലാറ്റിനമേരിക്കയുടെ പുരോഗതി കൈവരിക്കാന്‍ കഴിയുംവിധം മേഖലയുടെ ഏകീകരണം എന്ന ദക്ഷിണ അമേരിക്കന്‍ വിമോചനനായകന്‍ സൈമന്‍ ബൊളീവറുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയാണ് 'അല്‍ബ'യുടെ ലക്ഷ്യം. വ്യാപാര കരാറുകള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു. അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) പരിപോഷിപ്പിക്കുന്ന സ്വകാര്യവല്‍ക്കരണത്തിന്റെയും ചിലവുചുരുക്കലിന്റെയും നയങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസത്തിനും ഭവനനിര്‍മാണത്തിനും ആരോഗ്യസംരക്ഷണത്തിനും വേണ്ടിയുള്ള ചിലവുകള്‍ വര്‍ധിപ്പിക്കുന്നതിനെ സംഘടന പ്രോത്സാഹിപ്പിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും സമ്പന്നരാജ്യങ്ങളുടെയും ആധിപത്യമല്ല, ജനങ്ങള്‍ക്കിടയിലെ ഐക്യദാര്‍ഢ്യമാണ് അല്‍ബയെ നയിക്കുന്ന തത്വശാസ്ത്രം.

കഴിഞ്ഞവര്‍ഷം വിവാദപൂര്‍ണമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഹെയ്തിയിലെ പ്രസിഡന്റ് മൈക്കല്‍ മാര്‍ട്‌ലി ഒരു നിരീക്ഷകനെന്ന നിലയില്‍ അല്‍ബ സമ്മേളനത്തില്‍ പങ്കെടുത്തത് പലരെയും അമ്പരപ്പിച്ചു. ഹെയ്തിയിലെ ഏറ്റവും ജനസമ്മതിയുള്ള പാര്‍ട്ടിയാണ് മുന്‍ പ്രസിഡന്റ് ഴാന്‍ബര്‍ട്രന്റ് അരിസ്റ്റിദെ നയിക്കുന്ന ഹാമ്‌നിലവാല്‍സ്. ആ പാര്‍ട്ടിയുടെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റെനെപ്രഖാലിന്റെ സ്ഥാനാര്‍ഥിയായിരുന്ന ജുഡ്‌സെലസ്റ്റിനെയും പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള രണ്ടാംവട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നതിന് അനുവദിച്ചില്ല. അമേരിക്കയുടെയും സഖ്യശക്തികളുടെയും കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു അത്. അമേരിക്കന്‍ പാവകളായി മാറിയ ഹെയ്തിയിലെ സ്വേച്ഛാധിപതികളായിരുന്ന മുന്‍ പ്രസിഡന്റുമാരായ ഫ്രാങ്കെയുടെയും ദുവലിയറിന്റെയും ക്യാമ്പില്‍പ്പെട്ട ആളായിരുന്നു മാര്‍ട്‌ലി.

അരിസ്റ്റിദെ നിരോധിച്ചിരുന്ന സൈന്യത്തെ പുനഃസ്ഥാപിച്ചതായിരുന്നു മാര്‍ട്ട്‌ലിയുടെ ആദ്യ നടപടി. അപകടകാരിയായ ഒരു വലതുപക്ഷക്കാരന്‍ എന്ന നിലയിലാണ് മാര്‍ട്‌ലിയെ ഏവരും പരിഗണിച്ചിരുന്നത്. അല്‍ബ സമ്മേളനത്തില്‍ നിരീക്ഷകനായി മാര്‍ട്‌ലി പങ്കെടുത്തത്, സംഘടനയില്‍ ഹെയ്ത് അംഗമാകുമെന്നതിന്റെ ശക്തമായ സൂചന തന്നെയാണ്.

മാര്‍ട്‌ലിയും വെനിസ്വലയിലെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഹുഗൊഷാവെസും പുതിയ ഉഭയകക്ഷികരാറുകള്‍ പ്രഖ്യാപിച്ചു. ഹെയ്തിക്ക് ഇപ്പോള്‍ത്തന്നെ വെനിസ്വല വന്‍തോതില്‍ നല്‍കിവരുന്ന സഹായത്തെ കൂടുതല്‍ ശക്തമാക്കുന്നവയാണ് പ്രഖ്യാപിക്കപ്പെട്ട കരാറുകള്‍. 2010 ലെ വന്‍ദുരന്തം വിതച്ച ഭൂകമ്പത്തിനുശേഷം ഹെയ്തിയുടെ കടങ്ങള്‍ വെനിസ്വല റദ്ദാക്കിയിരുന്നു. ഭൂകമ്പത്തിനുമുമ്പും പിമ്പും വെനിസ്വലയും ക്യൂബയും നല്‍കിയ സഹായങ്ങളെ, കാരകസ് സമ്മേളനവേദിയില്‍ മാര്‍ട്‌ലി വളരെ പുകഴ്ത്തി. ഒരു സുഹൃത്തിനെ ഉപേക്ഷിക്കാന്‍ കഴിയാത്ത ഹെയ്തിയുടെ നിലപാട് അമേരിക്ക മനസ്സിലാക്കുമെന്നും ദേഷ്യപ്പെടുകയില്ലെന്നും മാര്‍ട്‌ലി പ്രത്യാശിച്ചു.

മാര്‍ട്‌ലിക്ക് തെറ്റുപറ്റിയോ, അതോ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ രൂപാന്തരമെന്തെങ്കിലും സംഭവിച്ചുവൊ? ഹെയ്തി ഒരു അഗതിയാണിന്ന്. അതിന്റെ ഘടനയാകെത്തന്നെ തരിപ്പണമായിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്നും കിട്ടുന്ന സംഭാവനകളെ വന്‍തോതില്‍ ആശ്രയിക്കുകയാണ് ആ രാഷ്ട്രം. വിദേശങ്ങളിലുള്ള ഗവണ്‍മെന്റിതര സംഘടനകളാണ് അവിടെ യഥാര്‍ഥത്തില്‍ ഭരണം നടത്തുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് സഹായവാഗ്ദാനങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പലതും ലഭിച്ചില്ല. ലഭിച്ച സഹായങ്ങളാകട്ടെ ഒട്ടേറെ ചരടുകളോട് കൂടിയതുമായിരുന്നു.

അമേരിക്കയും കാനഡയും മറ്റ് സമ്പന്നരാഷ്ട്രങ്ങളും ഹെയ്തിയുടെ ഭാവിവികസനത്തിന് ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രാഷ്ട്രാന്തര കുത്തകകള്‍ക്ക് ചിലവുകുറഞ്ഞ അധ്വാനശക്തിയെ ഹെയ്തിയില്‍ നിന്നും എത്തിച്ചുകൊടുക്കുകയെന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണവ. പ്രത്യേകിച്ചും തുണിയുല്‍പ്പാദനത്തിലും വസ്ത്രനിര്‍മാണത്തിലും നേരിട്ടുള്ള വിദേശനിക്ഷേപമാണ് വികസനത്തിന്റെ 'ചാലകശക്തി'. ഹെയ്തിയിലെ ചിലവുകുറഞ്ഞ അധ്വാനശക്തിയെയാണ് രാഷ്ട്രാന്തര കുത്തകകള്‍ നോട്ടമിട്ടിട്ടുള്ളത്. ഭൂകമ്പം, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്ന് ഗ്രാമീണ സമ്പദ്ഘടനയില്‍ നിന്നും പുറത്തായ ആയിരക്കണക്കിന് ഹെയ്തിക്കാര്‍ക്ക് അവര്‍ തൊഴില്‍ നല്‍കും. അമേരിക്കയില്‍ നിന്നും വന്‍ സബ്‌സിഡി നല്‍കിയ അരി ഹെയ്തിയിലേയ്ക്ക് ഇറക്കുമതി ചെയ്യും. അതോടെ ഹെയ്തിയിലെ നെല്‍കര്‍ഷകര്‍ക്ക് കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാകും.

ഹെയ്തിയിലെ സാഹചര്യങ്ങള്‍ ആകര്‍ഷകമായി നിലനില്‍ക്കുന്നിടത്തോളം സമയംവരെ മാത്രമെ വിദേശനിക്ഷേപം അവിടെ തുടരുകയുള്ളു. വേതനം വര്‍ധിക്കുന്ന സാഹചര്യം വരുമ്പോള്‍ വിദേശ നിക്ഷേപം മറ്റ് സ്ഥലങ്ങളിലേയ്ക്ക് കുടിയേറ്റം. ഹെയ്തി അതോടെ നിത്യദാരിദ്ര്യത്തിലുമാകും. സാമ്പത്തിക വികസനത്തിനുള്ള ബദല്‍മാര്‍ഗങ്ങളുടെ അന്വേഷണമാണ് അല്‍ബയിലേയ്ക്ക് ഹെയ്തിയെ ആകര്‍ഷിച്ചിട്ടുള്ളത്. പ്രത്യേകിച്ചും വെനിസ്വലയില്‍ നിന്നും ലഭിക്കുന്ന എണ്ണ രാജ്യത്തിന് വളരെ അനുകൂലമായ വ്യവസ്ഥകളിലാണ്.മാര്‍ച്ച് മാസത്തില്‍ 'അല്‍ബ' വിദേശ മന്ത്രിമാരുടെ സമ്മേളനം ഹെയ്തിയിലെ ജാക്‌മെലില്‍ നടക്കും. ഹെയ്തിയെ കരകയറ്റാന്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതായിരിക്കും ചര്‍ച്ചാവിഷയം.

ഹെയ്തി ഉള്‍പ്പെടുന്ന കരീബിയന്‍ മേഖലയുടെ സാമ്പത്തികവികസനത്തിനായി ഒരു സംയുക്ത പരിപാടി ആവിഷ്‌ക്കരിക്കുന്നതിന് കാരകസില്‍ സമ്മേളിച്ച അല്‍ബ രാഷ്ട്രത്തലവന്മാര്‍ സമ്മതിച്ചു. അല്‍ബ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര കാര്യങ്ങള്‍ക്കായി സുക്രെ എന്ന പൊതുനാണയം വികസിപ്പിക്കുന്നതിനും തീരുമാനമായി. മേഖലാവികസനത്തിനും സഹായത്തിനുമുള്ള നിധിയിലേയ്ക്കായി ഓരോ രാഷ്ട്രവും അതിന്റെ അന്താരാഷ്ട്ര കറന്‍സി ശേഖരത്തില്‍ നിന്നും ഒരു ശതമാനം വീതം പ്രതിവര്‍ഷം സംഭാവന നല്‍കാനും തീരുമാനമായി. അമേരിക്കയിലെ തടവറയില്‍ കഴിയുന്ന അഞ്ച് ക്യൂബന്‍ പൗരന്മാരെ മോചിപ്പിക്കുക, പ്യൂര്‍ട്ടോറിക്കയുടെ വിമോചനം നടപ്പിലാക്കുക, സിറിയയില്‍ ബാഹ്യ ഇടപെടല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ കാരകസിലെ സമ്മേളനം അംഗീകരിച്ചു. മാല്‍വിനാസ് (ഫാക്‌ലാന്റ്) ദ്വീപുകളുടെ കാര്യത്തില്‍ അര്‍ജന്റീനയുമായി കൂടിയാലോചിച്ച് ഒരു കരാറിലെത്താന്‍ വിസമ്മതിക്കുന്ന ബ്രിട്ടന്റെ നിലപാടിനെ സമ്മേളനം അപലപിച്ചു.

*
എമിലി ഷെപെഴ്‌സ് (കടപ്പാട്: പീപ്പിള്‍സ് വേള്‍ഡ്)

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER