My Blog List

Saturday, July 23, 2011

അഴിമതി ധാര്‍മികപ്രശ്നം മാത്രമല്ല - പി രാജീവു്.

പുതിയ കാലത്ത് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ച് പലതരത്തിലുള്ള പഠനങ്ങളും വിശകലനങ്ങളും നടന്നിട്ടുണ്ട്. ഒരു വിഭാഗം സന്നദ്ധസംഘടനകള്‍ പ്രഷര്‍കുക്കറിലെ സേഫ്റ്റിവാല്‍വ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. ആഗോളവല്‍ക്കരണനയം സൃഷ്ടിക്കുന്ന സാമൂഹ്യവിപത്തുകള്‍ക്കെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വികാരം പതുക്കെ ശക്തിപ്പെടാന്‍ തുടങ്ങും. അത് രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരും. ഈ സമ്മര്‍ദം ശരിയായ ദിശയില്‍ വികസിക്കുകയാണെങ്കില്‍ ഒരുഘട്ടം കഴിയുമ്പോള്‍ പൊട്ടിത്തെറിയിലേക്ക് നയിക്കും. ഇത് ഒഴിവാക്കുന്നതിനായി മര്‍ദം ഇടയ്ക്കിടെ തുറന്നുവിടേണ്ടിവരും. ഇതിനായുള്ള സേഫ്റ്റിവാല്‍വുകളായി പ്രവര്‍ത്തിക്കുന്നത് മിക്കവാറും സന്നദ്ധസംഘടനകളാണ്. ഈ പ്രവര്‍ത്തനം പലതരത്തിലാകാം. ചില സന്നദ്ധസംഘടനകള്‍ ശരിയായ ലക്ഷ്യത്തോടെ രൂപംകൊള്ളുകയും ചില പ്രധാനപ്രശ്നങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയുമായിരിക്കും. അവയെ കോര്‍പറേറ്റുകളും മറ്റും തന്ത്രപൂര്‍വം തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി പരുവപ്പെടുത്തിയെടുക്കും. ഫണ്ടിങ്ങിലൂടെയും മറ്റു തരത്തിലുള്ള സഹായങ്ങളിലൂടെയുമാണ് ഈ പണി ചെയ്യുന്നത്. ചില സംഘടനകളെയും മുന്നേറ്റങ്ങളെയും കോര്‍പറേറ്റ് ശക്തികള്‍ തന്നെ വളര്‍ത്തിയെടുക്കുകയുംചെയ്യും. ഈ സംഘടനകള്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ മുദ്രാവാക്യങ്ങളാക്കും. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെയും നയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവരുടെയും പിന്തുണ ആര്‍ജിക്കും. ഇവരുടെ ഇടപെടലുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്ല പ്രചാരം നല്‍കും. എന്നാല്‍, ഇവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കുതന്നെ കാരണമായ നയങ്ങളെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുകയെന്നത് ഇക്കൂട്ടരുടെ അജന്‍ഡയില്‍പോലും കാണില്ല. അടിസ്ഥാനനയത്തിനെതിരെ ഉയരേണ്ട വികാരത്തെ ഒരു പ്രത്യേക പ്രശ്നത്തില്‍മാത്രം കേന്ദ്രീകരിച്ച് വഴിതിരിച്ചുവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് അണ്ണ ഹസാരെയുടെ ഉപവാസസമരവും തുടര്‍നടപടികളും.

ഹസാരെ ഉയര്‍ത്തിയ പ്രശ്നത്തിനു സ്വീകാര്യത കിട്ടിയ സാഹചര്യം പ്രധാനമാണ്. രാജ്യത്ത് അഴിമതി ഗൌരവമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. രണ്ടാംതലമുറ സ്പെക്ട്രം, കോമവെല്‍ത്ത് ഗെയിംസ്, ഐഎസ്ആര്‍ഒ എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് എന്നിങ്ങനെയുള്ള അഴിമതിയില്‍ ഉള്‍പ്പെട്ട തുക സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്ത വലുപ്പമുള്ളതാണ്. എന്നാല്‍, ഹസാരെയും മറ്റും ചൂണ്ടിക്കാണിക്കുന്നതുപോലെ അഴിമതി ഒരു ധാര്‍മികപ്രശ്നം മാത്രമല്ല. അതിനു മറ്റുപല തലങ്ങളുമുണ്ട്. രണ്ടാം തലമുറ സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിനു നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപയെന്നത് കേന്ദ്രവിദ്യാഭ്യാസബജറ്റിന്റെ രണ്ടു മടങ്ങിലധികവും ആരോഗ്യബജറ്റിന്റെ മൂന്നുമടങ്ങിലധികവുമാണ്. വിദ്യാഭ്യാസ, ആരോഗ്യ വകയിരുത്തലുകള്‍ക്ക് പണമില്ലെന്ന പല്ലവി പാടുന്ന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ ഇത്തരം താരതമ്യം ഒഴിവാക്കാനാകാത്തതാണ്. അതുപോലെ മൂന്നു രൂപ നിരക്കില്‍ അര്‍ഹരായ കുടംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയോ ഗോതമ്പോ നല്‍കുന്നതിന് രണ്ടുവര്‍ഷത്തേക്ക് ആവശ്യമായതിനേക്കാളും വലിയ തുകയാണ് ഈ ഇടപാടിലൂടെ നഷ്ടപ്പെട്ടത്. മറ്റു താരതമ്യങ്ങള്‍ക്ക് തുനിയുന്നില്ല. ഈ പ്രധാനപ്രശ്നം മറച്ചുവച്ചുകൊണ്ട് അഴിമതിവിരുദ്ധ നിലപാടുകാര്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിമര്‍ശത്തെ ദുര്‍ബലപ്പെടുത്തുന്നു. അതുപോലെതന്നെ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കാനാകാത്തതിനും സര്‍ക്കാരിന്റെ നയംതന്നെയാണ് പ്രധാന കാരണം.

എന്തുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ അഴിമതി ശക്തമായത്? എന്തുകൊണ്ടാണ് അഴിമതിത്തുകകളുടെ വലുപ്പം ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നത്? ഏതെങ്കിലും വ്യക്തികളുടെ ഒറ്റപ്പെട്ട തെറ്റുകള്‍ മാത്രമായി ഇവയെ പരിമിതപ്പെടുത്താമോ? കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുമാത്രം പ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാകുമോ? ഇത്തരം ചോദ്യങ്ങളൊന്നും ഹസാരെ മോഡല്‍ സമരത്തില്‍നിന്ന് ഉയരുന്നില്ല. പ്രകൃതിവിഭവത്തിന്റെ ഉപയോഗത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള പങ്കിനെ സംബന്ധിച്ച നയത്തില്‍നിന്നാണ് സ്പെക്ട്രം അഴിമതി ഉണ്ടാകുന്നത്. ഉദാരവല്‍ക്കരണനയം അഴിമതിയെ മഹത്വവല്‍ക്കരിച്ചു. രണ്ടു ദശകത്തിനുള്ളില്‍ ഭീമാകാരം പൂണ്ട ഇന്ത്യയിലെ പുതുതലമുറ വ്യവസായങ്ങള്‍ അവിശുദ്ധബന്ധത്തിന്റെ ജാരസന്തതികളാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും ഇക്കൂട്ടര്‍ കാണുന്നില്ല. കാടു കാണാതെ ചില മരങ്ങള്‍ മാത്രമാണ് ഇവര്‍ കാണുന്നത്. അഴിമതിക്ക് കൂടുതല്‍ വാതിലുകള്‍ തുറന്നിടുകയും സമ്പദ്ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നവയാണ് ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ പുതിയ നിയമ ഭേദഗതികള്‍. ഇത്തരം പുതിയ നിയമനിര്‍മാണങ്ങളെ സംബന്ധിച്ച് ഹസാരെയും സംഘവും ഇതുവരെ അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ട അഴിമതി ജനങ്ങളില്‍ ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് നയിക്കുന്ന അടിസ്ഥാനകാരണങ്ങള്‍ തിരിച്ചറിയുന്ന ജനത അവയ്ക്കെതിരായ പ്രക്ഷോഭങ്ങളില്‍ കണ്ണിചേരാനുള്ള സാധ്യതയും അധികമാണ്. ഈ സാധ്യതയെ തകര്‍ക്കാന്‍ ഹസാരെ മോഡല്‍ സമരങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് പല കോര്‍പറേറ്റുകളും ഇവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നത്. ജിന്‍ഡാലിനെ പോലുള്ള കോര്‍പറേറ്റുകള്‍ കൈയയച്ച് സംഭാവന നല്‍കുന്നത് ഇത്തരം ധാരണകള്‍ അവര്‍ക്ക് ഉള്ളതുകൊണ്ടാണ്. ആഗോളവല്‍ക്കരണ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും ഹസാരെക്ക് ശക്തമായ പിന്തുണ നല്‍കുകയുണ്ടായി. അഴിമതിയെ ധാര്‍മികപ്രശ്നം മാത്രമായി ഇവര്‍ ചുരുക്കി.

ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് അതിശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ചില നിഷ്കളങ്ക സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട്. സ്പെക്ട്രം അഴിമതി തുടക്കംമുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍, അവയ്ക്ക് മാധ്യമപിന്തുണ ലഭിച്ചില്ലെന്നത് വേറെ കാര്യം. മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. സമീപകാലത്ത് ഡല്‍ഹി കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മാര്‍ച്ച് 23ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം. ലക്ഷങ്ങള്‍ അണിനിരന്ന തൊഴിലാളി മുന്നേറ്റം ഒരു ചാനലും തല്‍സമയം സംപ്രേഷണം ചെയ്തില്ല. ഐഎന്‍ടിയുസികൂടി പങ്കെടുക്കുന്നുവെന്നതുകൊണ്ട് സാധാരണഗതിയില്‍ വാര്‍ത്താപ്രാധാന്യം കിട്ടേണ്ട മാര്‍ച്ചിന് ചാനലുകളുടെ പ്രൈം ടൈം ന്യൂസില്‍പോലും ഇടം കിട്ടിയില്ല. അടിസ്ഥാന നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഈ മാധ്യമങ്ങളുടെ കണ്ണില്‍ വാര്‍ത്തയല്ല. മധ്യവര്‍ഗ, അരാഷ്ട്രീയ ബുദ്ധിജീവികളുടെ റിയാലിറ്റി ഷോകള്‍ ഇരുപത്തിനാലു മണിക്കൂറും തല്‍സമയം ആഘോഷിക്കുന്നവരുടെ താല്‍പ്പര്യവും തിരിച്ചറിയണം. കോര്‍പറേറ്റ് കുത്തകകളുടെ സംഭാവന തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ടാറ്റ ഒരിക്കല്‍ അയച്ച ചെക്ക് മടക്കി നല്‍കുകയുംചെയ്ത ഇടതുപക്ഷത്തിന്റെ നിലപാടിനേക്കാളും വിശ്വാസ്യതയുള്ളത് കോര്‍പറേറ്റുകള്‍ നല്‍കുന്ന പണത്തിനാല്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്കാണെന്നത് വിരോധാഭാസമാണ്.

ഹസാരെയുടെ സമരത്തിന്റെ മറ്റൊരു പ്രധാന പ്രശ്നം അതു ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന് പുരോഗമന മുഖവും പ്രസക്തിയുമുണ്ട്. അവശ്യഘട്ടങ്ങളില്‍ അത് അതിന്റേതായ പക്വതയും പ്രകടിപ്പിച്ചിട്ടുണ്ട്്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഉദാഹരണമാണ്. ജനാധിപത്യത്തെയും ജനങ്ങളെയും സംബന്ധിച്ച് പുച്ഛം നിറഞ്ഞ അഭിപ്രായങ്ങളാണ് ഹസാരെ പരസ്യമായി പ്രകടിപ്പിച്ചത്. ആഗോളവല്‍ക്കരണകാലത്ത് ജനാധിപത്യവും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്്. പണം നല്‍കി വാര്‍ത്ത നല്‍കലിലും ജനാധിപത്യവേദികളില്‍ കോടിപതികളുടെ എണ്ണം വര്‍ധിക്കുന്നതും ഉദാഹരണമാണ്്. എന്നാല്‍, അതിനുള്ള പരിഹാരം ജനാധിപത്യത്തെ നിഷേധിക്കലല്ല. ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന് നിയതമായ വഴികളുണ്ട്്. മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന കരട് ബില്ലുകള്‍ ചര്‍ച്ചകള്‍ക്കായി നേരത്തെതന്നെ പരസ്യപ്പെടുത്താറുണ്ട്. വിവിധ വിഭാഗങ്ങളുമായും ചര്‍ച്ചകളും നടത്താറുണ്ട്. ഇതിനുശേഷം ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മൂന്നു വായനകളിലൂടെ കടന്നുപോയാണ് ഒരു ബില്‍ നിയമമാകുന്നത്. അവതരണഘട്ടത്തില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് അംഗങ്ങള്‍ക്ക് അവസരമുണ്ട്. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സാധാരണഗതിയില്‍ സ്റാന്‍ഡിങ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയക്കാറാണ് പതിവ്്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന് കേരള നിയമസഭ നല്‍കിയ സംഭാവനയാണ് കമ്മിറ്റി സംവിധാനം. സ്റാന്‍ഡിങ് കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും. അവരെ വിളിച്ചുവരുത്തിത്തന്നെ തെളിവെടുപ്പ് നടത്തും. ആവശ്യമായ ഭേദഗതികളോടെ അത് തിരിച്ചയക്കും. ഇതു പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് വീണ്ടും അവതരിപ്പിക്കുന്നത്. വകുപ്പ് തിരിച്ച് ചര്‍ച്ചയും മറ്റും നടത്തി വോട്ടിനിട്ട് ഒരു ബില്‍ നിയമമാകുന്നതിനിടയില്‍ പൊതുസമൂഹത്തിന് ഇടപെടുന്നതിന് നിരവധി അവസരങ്ങളുണ്ട്. പ്രായോഗികമായി പല പരിമിതികളുമുണ്ടാകാറുണ്ടെങ്കിലും ഈ സാധ്യതകളെ കാണാതിരുന്നുകൂടാ. പാര്‍ലമെന്റിലാണെങ്കില്‍ രണ്ടു സഭയും ബില്‍ പാസാക്കണം. ലോക്സഭ പാസാക്കിയ രണ്ടു നിയമത്തില്‍ രാജ്യസഭ സമീപകാലത്ത് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയുണ്ടായി. ഹൈക്കോടതിയിലെ വാണിജ്യകാര്യങ്ങള്‍ക്കായുള്ള ബെഞ്ച് സംബന്ധിച്ച നിയമവും ടോര്‍ച്ചര്‍ ബില്ലും ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കിയെങ്കിലും രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് അയക്കുകയും അടിസ്ഥാനപരമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയുംചെയ്തു. വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ ചര്‍ച്ചകള്‍ക്ക് ശേഷം അത് മാറ്റിവച്ചു.

എന്നാല്‍, ഇവിടുത്തെ പ്രധാനപ്രശ്നം ദേശീയതലത്തിലെ രണ്ടു പ്രധാന മുന്നണികളും അഴിമതിക്കും അതിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നതാണു്. ഇതിനു സഹായിക്കുന്ന നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഇതു കാണാതെ അഴിമതിക്കെതിരെ വാചകമടി നടത്തുന്നവര്‍ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹവുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിയതമായ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനു പകരം അവയുടെ കുത്തകാധികാരം ഹസാരെക്ക് നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്. അഴിമതിക്കെതിരായ സമരത്തെ അടിസ്ഥാന നയങ്ങള്‍ക്കെതിരായ സമരവുമായി കണ്ണിചേര്‍ക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍ അത്യാവശ്യമായിട്ടുള്ളത്.
(കടപ്പാടു് - ദേശാഭിമാനി - 22-04-2011)

Friday, July 22, 2011

ജാക്ക് ദ റിപ്പര്‍ മുതല്‍ മര്‍ഡോക്ക് വരെ; ഒരു സ്‌കോട്ട്‌ലന്റ്‌യാഡ് കുറ്റാന്വേഷണ കഥ

പോര്‍ട്ട്കള്ളിസ് ഹൗസിലെ വില്‍സണ്‍ റൂമില്‍ ബ്രിട്ടീഷ് എം പി മാര്‍ക്ക് മുന്നില്‍ ഷേവിങ് ക്രീം പുരണ്ട മുഖവുമായി നില്‍ക്കേണ്ടിവന്നത് തന്റെ ജീവിതത്തിലെ ഏറ്റവും നാണം കെട്ട ദിനമായിരുന്നെന്നാണ് മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്ക് കുമ്പസരിച്ചത്. ലോകം കണ്ട ഹീനമായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പക്ഷേ മര്‍ഡോക്കിനേക്കാള്‍ നാണം കെട്ടത് പുകഴ്‌പെറ്റ ബ്രിട്ടീഷ് പോലീസ് ശിങ്കങ്ങളായ സ്‌കോട്ട്‌ലന്റ് യാഡാണ്. കാരണം മഞ്ഞപ്പത്രങ്ങളുടെ മാര്‍പ്പാപ്പയായ മര്‍ഡോക്കിന് ദൈവം നാണം പടച്ചപ്പോള്‍ തന്നെ നേരം വെളുത്തുപോയിരുന്നല്ലോ. പക്ഷേ സ്‌കോട്‌ലന്റ് യാഡിന്റെ കാര്യം അങ്ങിനെയല്ല. ലോകത്തെ കുറ്റാന്വേഷകരുടെ മെക്കയായിരുന്നു നമ്പര്‍ 10 ബ്രോഡ് വേയിലെ ആ 20 നില കെട്ടിടം. ലോകപോലീസായ ഇന്റര്‍പോള്‍ മുതല്‍ സി. ഐ. ഡി മൂസ മൂലംകുഴിയില്‍ സഹദേവന്‍ വരെകുറ്റാന്വേഷണത്തിന്റെ ബാലപാഠം പഠിക്കാന്‍ ശ്രമിച്ചത് അവിടെ നിന്നാണല്ലോ. ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന ആഗോള മഞ്ഞമുത്തശ്ശിപ്പത്രം മര്‍ഡോക്ക് അടച്ചുപൂട്ടി ഇരുട്ടി വെളുക്കും മുമ്പേ കസേര തെറിച്ചത് സ്‌കോട്ട്‌ലന്റ് യാഡിലെ ഏതെങ്കിലും ഒരു കോണ്‍സ്റ്റബിളിനല്ല സ്‌കോട്ട്‌ലന്റ് യാഡ് കമ്മീഷണര്‍ പോള്‍ സ്റ്റീഫന്‍സനും അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ യേറ്റ്‌സിനുമാണ്.

കൊലചെയ്യപ്പെട്ട കൗമാരക്കാരിയുടെ ഫോണ്‍കോളുകള്‍ പോലും പരദൂഷണത്തിനായി ചോര്‍ത്തിയ ന്യൂസ്‌കോര്‍പ്പറേഷന്‍ ജീര്‍ണലിസം ന്യൂസ് ഓഫ് ദി വേള്‍ഡും സ്‌കോട്ട്‌ലന്റ് യാഡും ചേര്‍ന്നുള്ള കൂട്ടുകച്ചവടമായിരുന്നത്രേ. ഒന്നും രണ്ടുമല്ല, സ്‌കോട്ട്‌ലന്റ് യാഡിലെ 10 കുറ്റാന്വേഷകരാണ് ഇവര്‍ക്കായി പോലീസ് വേഷത്തില്‍ പാപ്പരാസിപ്പണിയെടുത്തത്. പകരം ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്റര്‍ നീല്‍ വാലസ് തന്നെ സ്‌കോട്‌ലന്റ് യാഡിന്റെ പി ആര്‍ പണിയുമെടുത്തു.

ആര്‍തര്‍ കോനാന്‍ ഡോയലിന്റെ ഇതിഹാസ കഥാപാത്രം ഷെര്‍ലക് ഹോംസ് കഴിഞ്ഞാല്‍ ലോകം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷക സംഘമായി ജനമനസ്സില്‍ ഇടംപിടിച്ചത് സ്‌കോട്ട്‌ലന്റ് യാഡാണ്. ഉരുട്ടിക്കൊന്നും എസ് കത്തി പണിതുമൊന്നുമല്ല അവര്‍ പേരും പെരുമയും നേടിയത്. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ തെളിയിച്ച കേസുകളുടെ എണ്ണം കൊണ്ടാണ് അവര്‍ ജനത്തിന്റെ ആദരവ് നേടിയത്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെ ഉദ്യോഗജനകമാണ് സ്‌കോട്ട്‌ലന്റ് യാഡിന്റെ 180 വര്‍ഷം നീണ്ട ചരിത്രം. ലോകത്തിലെ ഏറ്റവും പ്രശ്‌സ്തമായ ഈ കുറ്റാന്വേഷണ ഏജന്‍സിയുടെ രണ്ട് നൂറ്റാണ്ട് നീളുന്ന ചരിത്രത്തില്‍ വിജയവും ദുരന്തവും അപവാദവും ഇഴചേര്‍ന്ന് കിടക്കുന്നത് കാണാം.

ലണ്ടന്‍മെട്രോപോളിറ്റന്‍ പോലീസ്
സ്‌കോട്ട്‌ലന്റ് യാഡ് എന്നറിയപ്പെടുന്ന ഈ ലണ്ടന്‍പോലീസിന്റെ യഥാര്‍ത്ഥപേര് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസെന്നാണ്. ബ്രീട്ടീഷ് ഹോം സെക്രട്ടറിയായിരുന്ന റോബര്‍ട്ട് പീല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ ദ മെട്രോപോലിസ് പോലീസ് ഇംപ്രൂവ്‌മെന്റ് ആക്ടിലൂടെയാണ് സ്‌കോട്ടലന്റ് യാഡ് 1829 ല്‍ പിറന്നുവീഴുന്നത്. സ്‌കോട്ട്‌ലന്റിലോ യാഡിലോ അല്ല പ്രവര്‍ത്തനമെങ്കിലും ഈ പോലീസ് സംഘത്തിന് ആ പേര് വന്നതിന് പിന്നിലും അല്‍പം ചരിത്രമുണ്ട്. പോലീസ് ഫോഴ്‌സ് രൂപവത്കരിക്കാന്‍ പാര്‍ലമെന്റ് ചുമതലപ്പെടുത്തിയ രണ്ട് പേരായ കേണല്‍ ചാള്‍സ് റോവനും റിച്ചാര്‍ഡ് മെയ്‌നും മുറിയെടുത്തത് നമ്പര്‍ 4 വൈറ്റ്ഹാള്‍ പാലസിലാണ്. ഈ കെട്ടിടത്തിന്റെ പിന്‍ഭാഗം തുറക്കുന്നത് ദ ഗ്രേറ്റ് സ്‌കോട്ട്‌ലന്റ് യാഡ് എന്ന ഒരു വലിയ മുറ്റത്തേക്കായിരുന്നു. പണ്ട് ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയ സ്‌കോട്ടിഷ് രാജകുടുംബം താമസിച്ചതുകൊണ്ടാണ് ആ മധ്യകാല കൊട്ടാരാങ്കണത്തിന് ആ പേര് വന്നത്. ലണ്ടന്‍ പോലീസ് എന്ന ആശയം പിറന്നത് ആ മുറ്റത്തായത് കൊണ്ട് പിന്നീട് മെട്രോപോളിറ്റന്‍ പോലീസ് സ്‌കോട്ട്‌ലന്റ് യാഡ് എന്ന് അറിയപ്പെടുകയായിരുന്നു.

ആ പേര് കേള്‍ക്കുമ്പോള്‍, ട്രെഞ്ച് കോട്ടും ചുണ്ടില്‍ പൈപ്പുമായി മഞ്ഞ് മൂടിയ ലണ്ടന്‍ തെരുവിലൂടെ പട്രോളിങ് നടത്തുന്ന കുറ്റാന്വേഷകന്റെ ചിത്രമാണ് മനസ്സിലേക്ക് വരിക. ഒപ്പം ഷെര്‍ലക് ഹോംസിന്റെ പോലുള്ള വീര കഥകളും. വായിച്ച പാശ്ചാത്യ അപസര്‍പ്പക നോവലുകള്‍ തീര്‍ത്ത ഈ ഭാവനയ്ക്കുമപ്പുറം ചരിത്രം ചികഞ്ഞാല്‍ പക്ഷേ ഒരുപാട് വിവാദങ്ങളും തുമ്പില്ലാ കേസുകളും നാണക്കേടുകളും കൂടെ പുറത്തുവരും നമ്പര്‍ 10 ബ്രോഡ് വേയിലെ ആ പോലീസ് ആസ്ഥാനത്ത് നിന്നും. 1888 ല്‍ ലണ്ടന്‍ നഗരത്തെ വിറപ്പിച്ച റിപ്പര്‍കൊലപാതകം മുതല്‍ 2005 ലെ ലണ്ടന്‍ ബോംബിങ്ങും ഇപ്പോഴത്തെ ന്യൂസ് ഓഫ് ദി വേള്‍ഡ് വിവാദം വരെ അത് നീളും.

കുറ്റാന്വേഷണം എന്ന കല
പ്രമുഖരുടെ സുരക്ഷയും കുറ്റങ്ങള്‍ തടയലും പോലീസിലേക്ക് ആളെച്ചേര്‍ക്കലും ഒക്കെയായിരുന്നു ആദ്യകാല ഉത്തരവാദിത്വം എങ്കിലും കുറ്റാന്വേഷണ രംഗത്തെ അതികായന്മാരായാണ് സ്‌കോട്ടലന്റ് യാഡ് വളര്‍ന്നതും പേരെടുത്തതും. കാരണം ഫോറന്‍സിക് സാങ്കേതിക വിദ്യയും ഫിംഗര്‍പ്രിന്റുമടക്കം കുറ്റാന്വേഷണ രംഗത്തെ നൂതന സങ്കേതങ്ങളെല്ലാം അവലംബിച്ചുകൊണ്ടായിരുന്നു സ്‌കോട്ട്‌ലന്റ് യാഡിന്റെ പ്രവര്‍ത്തനം തുടക്കം മുതലേ. 1842 ല്‍ തന്നെ വേഷപ്രച്ഛന്നരായ കുറ്റാന്വേഷകരെ സ്‌കോട്ടലന്റ് യാഡ് നിയോഗിച്ച് തുടങ്ങിയിരുന്നു. സി ഐ ഡികള്‍ക്കെതിരെ തുടക്കത്തില്‍ ജനരോഷം ഉയര്‍ന്നെങ്കിലും അന്വേഷകരുടെ മിടുക്കില്‍ കേസുകള്‍ തെളിയിക്കപ്പെട്ടതോടെ രോഷം ആദരവിന് വഴിമാറി. ജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും എന്നും അവര്‍ ശ്രദ്ധിച്ചു. ചാള്‍സ് ഡിക്കന്‍സ് ഒരു സ്‌കോട്ട്‌ലാന്റ് യാഡ് ഇന്‍സ്‌പെക്ടറുമൊത്ത് താന്‍ നടത്തിയ രാത്രി സഞ്ചാരങ്ങള്‍ 'ഓണ്‍ ഡ്യൂട്ടി വിത്ത് ഇന്‍സ്‌പെക്ടര്‍ ഫീല്‍ഡ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതും ഓര്‍ക്കുക. ബ്ലീക്ക് ഹൗസ് എന്ന തന്റെ നേവലിലെ ഇന്‍സ്‌പെക്ടര്‍ ബക്കറ്റിന് ഡിക്കന്‍സ് മാതൃകയാക്കിയതും അതേ ഓഫീസറെയാണ്.


Sir Paul stephenson
ബുള്ളറ്റ് പ്രൂഫ് കാറുകളും നവീന ആയുധങ്ങളുമൊക്കെ ആദ്യം ഉപയോഗിച്ച് തുടങ്ങിയതും സ്‌കോട്ട്‌ലന്റ് യാഡായിരുന്നു. തോക്ക് നിര്‍മാതാക്കളുടെയും ബാലിസ്റ്റിക്ക് വിദഗ്ധരുടെയും സേവനം സ്‌കോട്ട്‌ലന്റ്‌യാഡ് തുടക്കത്തിന്‍ തന്നെ പ്രയോജനപ്പെടുത്തിയിരുന്നു. 1901 ല്‍ വിരലടയാള വിദഗ്ധരെ ഉള്‍പ്പെടുത്തി ആദ്യമായി ഫിംഗര്‍പ്രിന്റ് ബ്യൂറോ സ്ഥാപിച്ചതും അവര്‍ തന്നെ. 1977 ആകുമ്പോള്‍ ഫിംഗര്‍പ്രിന്റ് രേഖകള്‍ മാഗ്നറ്റിക് ടേപ്പില്‍ വീഡിയോഫയലുകളായി സൂക്ഷിക്കാനുള്ള സൗകര്യവും അവര്‍ വികസിപ്പിച്ചെടുത്തിരുന്നു. അവലംബിച്ച ശാസ്ത്രീയ മാര്‍ഗങ്ങളെപ്പോലെ മികച്ച കുറ്റാന്വേഷകരും സ്‌കോട്ട്‌ലാന്റ് യാഡിന്റെ പ്രശസ്തിക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്.


നൂറ്റാണ്ടിന്റെ കുറ്റകൃത്യം
സ്‌കോട്ട്‌ലന്റ് യാഡ് അന്വേഷിച്ചിട്ട് ഇന്നുവരെ തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളില്‍ കുപ്രസിദ്ധമായത് ആദ്യകാലത്ത് അന്വേഷിച്ച റിപ്പര്‍ കൊലപാതക പരമ്പരയാണ്. 1888 നും 1891 നും ഇടയില്‍ ലണ്ടന്‍ നഗരത്തെ പിടിച്ചുകുലുക്കിയ 5 സ്ത്രീകളുടെ കൊലപാതക കേസാണത്. ജാക്ക് ദ റിപ്പര്‍ എന്ന് സ്വയം വിളിച്ച പരമ്പര കൊലയാളി/കൊലയാളികള്‍ ആണ് കൊലകള്‍ നടത്തിയത്. വേശ്യാവൃത്തിക്കായി സ്ത്രീകളെ പണംകൊടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു കുറ്റവാളിയുടെ രീതി. അന്വേഷണത്തിന് ഏറ്റവും മികച്ച കുറ്റാന്വേഷകരെയും സാങ്കേതിക വിദ്യകളെയും ആശ്രയിച്ചെങ്കിലും ഒരാളെപ്പോലും സ്‌കോട്ട്‌ലന്റ് യാഡിന് പിടികൂടാനായില്ല. ഫോറന്‍സിക് ശാഖ വികസിക്കാത്ത അക്കാലത്ത് മുഖത്തെ പ്രത്യേകതകള്‍ അവലംബിച്ചും(ആന്ത്രപോമെട്രി) അവര്‍ അനേഷണം നടത്തുകയുണ്ടായി. അങ്ങിനെ എഴുത്തുകാരനായ ലൂയിസ് കാരള്‍ (ആലിസ് ഇന്‍ വണ്ടര്‍ലാന്റ് ) മുതല്‍ ചിത്രകാരന്‍ വില്യം റിച്ചാര്‍ഡ് സീക്കര്‍ട്ട് വരെ 160 ലധികം പേരെ പ്രതികളാക്കിയെങ്കിലും പക്ഷേ കുറ്റം തെളിയിക്കാനായില്ല. ഒടുവില്‍ 1892 ല്‍ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.


നാണം കെടുത്തിയ ലണ്ടന്‍ ഭീകരാക്രമണം
ഭീകര വിരുദ്ധ പോരാട്ടത്തിലും ദീര്‍ഘമായ ചരിത്രവും പരിചയസമ്പത്തും സ്‌കോട്ട്‌ലന്റ് യാഡിനുണ്ട്. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്നാണ് ആ പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്റ് യാഡ് വൈദഗ്ധ്യം നേടിയത്. 1970 കളില്‍ തന്നെ ഐ. ആര്‍. എ. ബ്രിട്ടനിലും വടക്കന്‍ അയര്‍ലന്റിലും കാര്‍ബോംബ് സ്‌ഫോടനമടക്കം വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.


John states

പക്ഷേ 2005 ലെ ലണ്ടന്‍ ഭീകരാക്രമണകേസ് സ്‌കോട്‌ലന്‍ഡ് യാഡിന് നാണക്കേടാണുണ്ടാക്കിയത്. അന്വേഷണത്തിനിടെ ജീന്‍ ചാള്‍സ് ഡിമെന്‍സസ് എന്ന ബ്രസീലിയന്‍ ഇലക്രീട്രീഷ്യനെ ചാവേറെന്ന് തെറ്റുധരിച്ച് സ്‌കോട്ട്‌ലന്റ് യാഡിന്റെ കുറ്റാന്വേഷകര്‍ വെടിവെച്ചിട്ടതാണ് കുഴപ്പമായത്. 50 പേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ഭീകരാക്രമണം കഴിഞ്ഞ് 15 ദിവസത്തിനുശേഷമായിരുന്നു ഇത്. ജീന്‍ സംശയിക്കുന്ന എത്യോപ്യക്കാരനാണെന്ന് തെറ്റുധരിച്ചാണ് പോലീസ് വെടിവെച്ചിട്ടത്. ഈ ഈ പ്രശ്‌നത്തില്‍ ബ്രിട്ടീഷ് ജനപ്രതിനിധി സഭ സ്‌കോട്‌ലന്റ് യാഡ് കമ്മീഷണര്‍ സര്‍ ഇയാന്‍ ബ്ലെയറിനെ 2007 ല്‍ വിചാരണ ചെയ്തു. ഉദ്യോഗസ്ഥരാരും തന്നെ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും സ്‌കോട്ട്‌ലന്റ് യാഡിനെ കുറ്റവാളിയായി കണ്ടെത്തുകയായിരുന്നു. 350000 ഡോളര്‍ പിഴയും 770000 ഡോളര്‍ ചിലവും നല്‍കാന്‍ സ്‌കോട്‌ലന്റ് യാഡിനെതിരെ വിധിയുമുണ്ടായി.


കുറ്റവാളികളുമായുള്ള ചങ്ങാത്തം

കുറ്റവാളികളുമായുള്ള ചങ്ങാത്തത്തില്‍ ഇപ്പോള്‍ രാജിവെച്ച പോള്‍ സ്റ്റീഫന്‍സണ്‍ ആദ്യയാളെന്നുമല്ല സ്‌കോട്ട്‌ലന്റ് യാഡില്‍. അതിലും അവര്‍ പേര് കേള്‍പിച്ചിട്ടുണ്ട് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ. 1872 ല്‍ തന്നെ സ്‌കോട്ട്‌ലന്റ് യാഡിലെ അഞ്ച് കുറ്റാന്വേഷക വിഭാഗങ്ങളുടെ തലവന്മാരില്‍ നാല് പേരും കുറ്റവാളികളുമായി ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് യാഡിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുവാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട ഹോവാര്‍ഡ് വിന്‍സന്റിന്റെ കാലത്താണ് വേഷപ്രച്ഛന്നരായ കുറ്റാന്വേഷകരുടെ സംഘം (സി ഐ ഡി) ആദ്യമായി രൂപീകരിക്കപ്പെടുന്നത്. എണ്ണമില്ലാത്തത്ര ബ്രിട്ടീഷ് പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയ ഇപ്പോഴത്തെ ന്യൂസ് ഓഫ് ദി വേള്‍ഡ് കേസില്‍ സ്‌കോട്‌ലന്റ് യാഡ് തലവന്‍ തന്നെ രാജിവെക്കോണ്ടി വന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രശ്‌സ്തമായ പോലീസ് ബ്രാന്‍ഡിനെ ശുദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.


വാല്‍ക്കഷണം
ന്യൂസ് ഓഫ് ദി വേള്‍ഡ് അടച്ചുപൂട്ടാന്‍ ഇടയാക്കിയ ഫോണ്‍ചോര്‍ത്തല്‍ വിവാദം സ്‌കോട്ട്‌ലന്റ് യാഡിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മറ്റൊരു മാറ്റത്തിനും വഴിവെക്കുമെന്നാണ് കേള്‍വി. ചരിത്രത്തിലാദ്യമായി യാഡിന്റെ തലപ്പത്ത് ഒരു വനിത, സാറ തോണ്‍ടന്‍ അവരോധിക്കപ്പെടാന്‍ കളമൊരുങ്ങിയിരിക്കുകയാണ് സ്റ്റീഫന്‍സണിന്റെ രാജിയോടെ.യാസിര്‍ ഫയാസ്‌

Thursday, July 21, 2011

ഞാന്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല .അമിതാഭ്ബച്ചന്‍.

മുംബൈ: താന്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്നും ജാതിയുടെ പേരില്‍ ഒരിക്കലും തനിക്ക് അപമാനം സഹിക്കേണ്ടിവന്നിട്ടില്ലെന്നും ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ്ബച്ചന്‍. 'എന്റെ അച്ഛന്‍ എനിക്ക് പേര് തന്നത് ഒരു ജാതിയെയും പ്രതിനിധീകരിക്കുന്നതല്ല. അതില്‍ ഞാനഭിമാനിക്കുന്നു.' അദ്ദേഹം പറഞ്ഞു.

ജാതിസംവരണം പ്രമേയമായി 'ആരക്ഷന്‍' എന്ന ബച്ചന്റെ സിനിമ ഉടന്‍തന്നെ പുറത്തിറങ്ങും. ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ബച്ചന്‍ ജാതീയതയെക്കുറിച്ച് മനസു തുറന്നത്. 'പല ജോലികളില്‍ നിന്നും ഞാന്‍ തഴയപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും എന്റെ ജാതിമൂലമായിരുന്നില്ല. എനിക്ക് ആ ജോലി ചെയ്യാന്‍ കഴിവില്ലാത്തതുകൊണ്ടു തന്നെയാണ്.' ബച്ചന്‍ പറഞ്ഞു.

തന്റെ കുടുംബത്തില്‍ ആരും ജാതീയതയെക്കുറിച്ച് സംസാരിക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അച്ഛനും ഹിന്ദി കവിയുമായ ഹരിവംശറായ് ബച്ചനായിരുന്നു അക്കാലത്ത് അലഹാബാദ് പട്ടണത്തില്‍ മിശ്രവിവാഹത്തിന് തയാറായ ഏകവ്യക്തിയെന്ന് ബച്ചന്‍ അനുസ്മരിച്ചു. ഉത്തര്‍പ്രദേശിലെ കായസ്ത് സമുദായത്തില്‍ പെട്ട ഹരിവംശറായ് ബച്ചന്‍ തേജ് ബച്ചന്‍ എന്ന സിഖ് പെണ്‍കുട്ടിയെയാണ് വിവാഹം ചെയതത്. സ്‌കൂളില്‍ അമിതാഭിന്റെ പേരിനുപിന്നില്‍ ജാതിപ്പേര്‍ ചേര്‍ക്കണമോയെന്ന് പ്രധാനാധ്യപകന്‍ ചോദിച്ചപ്പോള്‍ ഒരു ജാതിയെയും പ്രതിനിധീകരിക്കാത്ത തന്റെ തൂലികാനാമമമായ ബച്ചന്‍ എന്ന പേരാണ് ഹരിവംശറായ് നല്‍കിയത്. അതുകൊണ്ടു തന്നെ തന്നില്‍ 'ബച്ചന്‍യുഗം' തുടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് അമിതാഭ് പറഞ്ഞു.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍ ബംഗാളിയാണ്. അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ് കന്നഡിഗ സമുദായത്തില്‍ പെട്ടയാളാണ്. ബച്ചന്റെ മകള്‍ ശ്വേത വിവാഹം ചെയ്തതാകട്ടെ ഒരു പഞ്ചാബിയെയും.ജാതീയതയെ മറികടക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാമൂഹിക വ്യവസ്ഥ അങ്ങനെയായിക്കഴിഞ്ഞെന്നും ആളുകളുടെ ചിന്താഗതിയാണ് മാറേണ്ടതെന്നും ബച്ചന്‍ പ്രതികരിച്ചു.

ആഗസ്റ്റ് 12 നാണ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന 'ആരക്ഷന്‍' പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ബച്ചന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രിന്‍സിപ്പളാണ്. വിദ്യാഭ്യാസ് സ്ഥാപനങ്ങളിലെ ജാതിഅധിഷ്ഠിത സംവരണമാണ് ചിത്രത്തിന്റെ പ്രമേയം. സൈഫ് അലിഖാനും ചിത്രത്തില്‍ പ്രധാനവേഷമുണ്ട്.ദീപിക പദുകോണ്‍, പ്രതീക് ബാബര്‍, മനോജ് ബജ്പാല്‍ എന്നിവരും 'ആരക്ഷനി'ല്‍ പ്രമുഖ വേഷം ചെയ്യുന്നുണ്ട്.

മര്‍ഡോക് വിതച്ചത് മര്‍ഡോക് കൊയ്യുന്നു

റിച്ചാര്‍ഡ് നിക്‌സണെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കിയ വാട്ടര്‍ഗേറ്റ് ടെലഫോണ്‍ ചോര്‍ത്തല്‍ അപവാദം പുറത്ത് കൊണ്ടുവന്ന രണ്ട് പത്രപ്രവര്‍ത്തകരാണ് ബോബ് വുഡ്‌വാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും. റുപര്‍ട് മര്‍ഡോക്കിനെ കുളത്തിലിറക്കിയ ന്യൂസ് ഓഫ് ദ വേള്‍ഡ് അപവാദത്തെ കുറിച്ച് ഇവരിലൊരാള്‍-കാള്‍ ബേണ്‍സ്റ്റീന്‍ - എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ' മര്‍ഡോക്കിന്റെ വാട്ടര്‍ഗേറ്റ് ? ' എന്നാണ്. സൂര്യനസ്തമിക്കാത്ത മാധ്യമസാമ്രാജ്യത്തിന്റെ അധിപനായ റൂപര്‍ട് മര്‍ഡോക്കിന്റെ അവസ്ഥ ബ്രിട്ടനിലെങ്കിലും അസ്തമനത്തിലാണ്. ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആ മാധ്യമ ചക്രവര്‍ത്തി.

മര്‍ഡോക് സൃഷ്ടിച്ച സംസ്‌കാരത്തിന്റെതന്നെ ഇരയായിരിക്കുകയാണ് അദ്ദേഹം. അത് അനുഭവിച്ചേ തീരൂ. മര്‍ഡോക് അറിയാതെ ഒരു എഡിറ്ററും ഒരു ലേഖകനും ഇത്തരമൊരു മാധ്യമതന്ത്രം രൂപപ്പെടുത്തുകയില്ല- മര്‍ഡോക് സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് കാള്‍ ബേണ്‍സ്റ്റീനോട്പറഞ്ഞു. മേല്‍ത്തട്ടിലായാലും കീഴെയായാലും മര്‍ഡോക് അറിയാതെ ഒരില ചലിക്കാത്ത സ്ഥാപനമാണ് ന്യൂസ് കോര്‍പ്പറേഷന്‍. അതിലൊരു സ്ഥാപനം മാത്രമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ഞായറാഴ്ചപത്രം. ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായി ഇത് വളര്‍ന്നത് മാന്യമായ പത്രപ്രവര്‍ത്തനത്തിലൂടെയല്ല. ഏറ്റവും നീചമായ മഞ്ഞപ്പത്ര തന്ത്രങ്ങളിലൂടെയാണ്. അതിലൂടെയുണ്ടാക്കുന്ന സര്‍ക്കുലേഷന്റെയും പരസ്യവരുമാനത്തിന്റെയും മഞ്ഞലോഹക്കിലുക്കത്തില്‍ മതിമറന്നുമയങ്ങുകയായിരുന്നു മര്‍ഡോക്. ഒരു പരിധിയുമില്ലാത്ത നിയമലംഘനം ഒടുവില്‍ ബൂമറാങ്ങായി തിരിച്ചടിച്ചുതുടങ്ങിയപ്പോള്‍, ഇത്രയും കാലം ഒപ്പം നിന്ന ജീവനക്കാരെ പെരുവഴിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മര്‍ഡോക്. ന്യുസ് ഓഫ് ദ വേള്‍ഡ് പത്രം അദ്ദേഹം പുട്ടിക്കഴിഞ്ഞു. ബ്രിട്ടനിലെ പത്രവ്യവസായം തന്നെ അദ്ദേഹം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നു. എല്ലാ രഹസ്യങ്ങളും മൂടിവെച്ച് ഇത്രയും കാലം മര്‍ഡോക്കിന്റെ വിശ്വസ്ത കിങ്കരന്മാരായി പ്രവര്‍ത്തിച്ച എഡിറ്റര്‍മാരും ജേണലിസ്റ്റുകളും ഇപ്പോള്‍ മര്‍ഡോക് സാമ്രാജ്യത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെടുക്കുകയാണ്.

ഒരു വിവാദമുണ്ടായതുകൊണ്ടൊന്നും പത്രം അടച്ചുപൂട്ടുന്ന ആളല്ല മര്‍ഡോക് എന്ന് അറിയാത്തവരില്ല. കേസ് ഉണ്ടായി എന്നുതന്നെ കരുതുക. എന്തിന് അതിന്റെ പേരില്‍ പത്രം അടച്ചുപൂട്ടണം ? ഒരു സായാഹ്ന പത്ര ഉടമ പോലും പത്രം അടച്ചുപൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കാറില്ല. പിന്നെയല്ലേ ആഗോള മാധ്യമ ഭീമന്‍ അങ്ങനെ ചെയ്യുന്നു ! എന്തോ കുഴപ്പമുണ്ട് എന്ന് വ്യക്തം. ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തനത്തിന്റെയും മര്‍ഡോക്യന്‍ മാധ്യമ ശൈലിയുടെയും രീതികള്‍ മനസ്സിലാക്കാതെ ഈ അത്യപൂര്‍വസംഭവത്തിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല.

അമേരിക്കയില്‍ പത്രങ്ങള്‍ പൊതുവെ ചില മാധ്യമ ധാര്‍മിക മര്യാദകളില്‍ നിന്ന് വല്ലാതെയൊന്നും താഴേക്ക് പോകുന്നവയല്ല. മാധ്യമസ്വാതന്ത്ര്യം അവിടെ ഭരണഘടനാപരമായ അവകാശമാണെങ്കിലും ആ സ്വാതന്ത്ര്യം വലുതായൊന്നും ദുരുപയോഗപ്പെടുത്താറില്ല. മാധ്യമങ്ങള്‍ കുറെയെല്ലാം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. മര്‍ഡോക് വ്യാപകമായി പത്രങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടും ഇംഗ്ലണ്ടിലെ പത്രശൈലി അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ മര്‍ഡോക് ശ്രമിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ടാബ്ലോയ്ഡ് എന്ന് വിളിക്കുന്ന പത്രവിഭാഗം വാര്‍ത്തകളുടെ സെന്‍സേഷനലൈസിങ് അവരുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാക്കിയവരാണ്. സര്‍ക്കുലേഷന്‍ വളരെ കൂടുതലുള്ള വന്‍കിട പത്രങ്ങളാണ് ഇവ. വികസനപരമായി മാത്രമല്ല, സാംസ്‌കാരികമായി പോലും പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് ബ്രിട്ടീഷുകാര്‍ കരുതുന്നുണ്ടാവാം. പക്ഷേ ഇന്ത്യയില്‍ സെന്‍സേഷനല്‍ ടാബ്ലോയ്ഡ് പത്രങ്ങള്‍ക്ക് ബ്രിട്ടനിലെ പോലെ വന്‍ സര്‍ക്കുലേഷന്‍ ഒരു കാലത്തും ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. എല്ലാ ഇന്ത്യന്‍ ഭാഷകളിലും സര്‍ക്കുലേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് സാമാന്യം ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്ന ദിനപത്രങ്ങള്‍തന്നെയാണ്. ബ്രിട്ടനില്‍ കൂടുതലാളുകള്‍ വാങ്ങുന്നത് സെന്‍സേഷനല്‍ പത്രങ്ങളാണ്. ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന ഞായാറാഴ്ച പത്രം എഴുപത്തഞ്ചുലക്ഷം കോപ്പി വില്‍ക്കുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. 75 ലക്ഷം കോപ്പി വില്‍ക്കുന്ന പത്രമാണ് ഒരു കേസ് ഉണ്ടായതിന്റെ പേരില്‍ മര്‍ഡോക് അടച്ചുപൂട്ടിയത്. കേസ്സെങ്കില്‍ കേസ്... കേസ്സിനെതിരെ പൊരുതുകയും ശിക്ഷിക്കപ്പെട്ടാല്‍ പത്രാധിപര്‍ക്ക് യാത്രയയപ്പ് നല്‍കുകയും പറ്റുമെങ്കില്‍ അതൊരു സഹതാപതരംഗമാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നോക്കുകയുമാണ് മര്‍ഡോക് ശൈലി. പക്ഷേ മര്‍ഡോക് ഇത്തവണ അതല്ല ചെയ്തത്. ഇളയ മര്‍ഡോക് പ്രഭു ജയിംസ് മര്‍ഡോക് സ്ഥാപനത്തിലെ ജേണലിസ്റ്റുകളെ വിളിച്ചുചേര്‍ത്ത് നടത്തിയ പ്രസംഗം വായിച്ചാല്‍ ഇത് നമ്മള്‍ കേട്ട മര്‍ഡോക് തന്നെയോ എന്ന് സംശയം തോന്നിപ്പോകും.

168 വര്‍ഷത്തെ ചരിത്രമുള്ള സ്ഥാപനമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ്. ' പത്രസ്വാതന്ത്ര്യത്തോടും പത്രപ്രവര്‍ത്തനത്തോടുമുള്ള പ്രതിബദ്ധത ന്യൂസ് ഓഫ് ദ വേള്‍ഡിനെ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും അത് പത്രപ്രവര്‍ത്തകരുടെ സംഭാവനയാണെന്നും കുറ്റകൃത്യങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സ്ഥാപനം നിരന്തരമായ പോരാട്ടം നടത്തുകയായിരുന്നുവെന്നുമെല്ലാം അദ്ദേഹം സ്വന്തം സ്ഥാപനത്തെ പ്രസംഗത്തില്‍ വാനോളം പുകഴ്ത്തുകയുണ്ടായി.

മറ്റുള്ളവരെക്കൊണ്ട് കണക്ക് പറയിക്കുന്ന സ്ഥാപനമാണ് നമ്മുടേത്. പക്ഷേ ഇപ്പോള്‍ നമ്മള്‍ മറ്റുള്ളവരോട് കണക്ക് പറയേണ്ടിവന്നിരിക്കുന്നു. ഇപ്പോള്‍ പുറത്തുകേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയെങ്കില്‍ അവ മനുഷ്യത്വരഹിതമാണ്, നമ്മുടെ സ്ഥാപനത്തില്‍ അവയ്ക്ക് സ്ഥാനം നല്‍കിക്കൂടാ- ജയിംസ് മര്‍ഡോക് പറഞ്ഞു. 2006 ല്‍ രണ്ട് പത്രാധിപന്മാര്‍ ജയിലിലടക്കപ്പെട്ട കാര്യം ജയിംസ് ഓര്‍മ്മിപ്പിച്ചു. നിരന്തരം ഉയര്‍ന്ന ആരോപണങ്ങളെകുറിച്ച് ആഴത്തില്‍ചെന്ന് അന്വേഷിക്കുന്നതിലും പരിഹാര നടപടിയെടുക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിവാദങ്ങളും ഗുരുതരമായ ആക്ഷേപങ്ങളുമെന്ന് അദ്ദേഹം കുമ്പസാരിച്ചു. വേണ്ടത്ര വസ്തുതകളറിയാതെയാണ് താന്‍ തന്റെ പത്രത്തെ അകത്തും പുറത്തും ന്യായീകരിച്ചതെന്നും പുറത്ത് ഒത്തുതീര്‍പ്പുകളില്‍ പങ്കാളിയായതെന്നുമുള്ള ഏറ്റുപറച്ചിലും ജയിംസ് മര്‍ഡോക് നടത്തി. തന്റെ സ്ഥാപനത്തില്‍ പത്രപ്രവര്‍ത്തനം തീര്‍ത്തും ധാര്‍മികവും കുറ്റമറ്റതുമായിരിക്കണമെന്നും അത് അങ്ങനെയല്ലാതായിരുന്നു എന്നതിനാല്‍ സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് സ്വാഭാവികമായും പത്രപ്രവര്‍ത്തകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുകാണും.

ഓസ്‌ട്രേലിയയില്‍ നിന്ന് കുടിയേറുകയും തീര്‍ത്തും അധാര്‍മികമായ വഴികളിലൂടെ സഞ്ചരിക്കാന്‍ ഒട്ടും മടിക്കാതിരിക്കുകയും അങ്ങനെ ലോകത്തെമ്പാടുമുള്ള അനേകമനേകം പത്രങ്ങളുടെ ഉടമസ്ഥനാവുകയും ലോക മാധ്യമരംഗത്തെ അടക്കി ഭരിക്കുകയും ചെയ്ത മര്‍ഡോക് കുടുംബത്തെ ഇത്രമേല്‍ അലട്ടുകയും തങ്ങളുടെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ ഉല്‍പ്പന്നത്തെ എന്നന്നേക്കും ഇല്ലായ്മ ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന ചോദ്യം ആരുടെയും മനസ്സിലുണരും. മര്‍ഡോക്കിന്റെ പത്രങ്ങള്‍ നിരന്തരം ചെയ്യുന്നതിനപ്പുറമൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നില്ല.

ന്യൂസ് ഓഫ് ദ വേള്‍ഡ് ഇനത്തില്‍ പെട്ട പത്രങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്നത് ഗട്ടര്‍ പ്രസ് എന്നാണ്. ഓവുചാല്‍ പത്രം എന്നുതന്നെ! അത്രയേറെ മലീമസമാണ് അവ. കോപ്പി കൂടുതല്‍ വില്‍ക്കുക, ലാഭം കുന്നുകൂട്ടുക എന്നല്ലാതെ പത്രപ്രവര്‍ത്തനത്തിലെ ശരിതെറ്റുകള്‍ അവയെ ഒരിക്കലും അലട്ടുകയുണ്ടായിട്ടില്ല. തീര്‍ച്ചയായും ഇതിനാവശ്യമായ പല വേഷങ്ങളും അവര്‍ കെട്ടാറുണ്ട്. ജനസേവകരായും ജനാവകാശ സംരക്ഷകരായും ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവരായുമെല്ലാം അവര്‍ വേഷം കെട്ടാറുണ്ട്. പല പൊതുസേവനസംരംഭങ്ങള്‍ക്കും പണംമുടക്കാറുമുണ്ട്. ഇതൊന്നും പക്ഷേ അവയുടെ ഓവുചാല്‍ സ്വഭാവം മറച്ചുവെക്കാന്‍ പര്യാപ്തമാകാറില്ല. മര്‍ഡോക്കിനെ പോലെ ലാഭമുണ്ടാക്കുക തന്നെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും മഹത്തായ ലക്ഷ്യമെന്ന് പറയാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ഒരു പത്രമുതലാളിയെ എന്തുകൊണ്ട് ചില അധാര്‍മികതകള്‍ അടിമുടി പിടിച്ചുകുലുക്കി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തോന്നിപ്പോകും.

നിയമലംഘകര്‍ക്കെതിരെ പോരാടുന്നു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനപിന്തുണ നേടിയ പത്രം നിരന്തരം നടത്തിക്കൊണ്ടിരുന്നത് നിയമലംഘനങ്ങളായിരുന്നു. കുറ്റവാളികളുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താറുണ്ട് എന്ന് അഭിമാനപൂര്‍വം ഏറ്റുപറയാറുള്ള പത്രം ചെയ്തത് കൊലചെയ്യപ്പെട്ട പതിമൂന്നുകാരിയുടെ വോയ്‌സ് മെയിലിലുണ്ടായിരുന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയാണ്. കുട്ടി മരിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അത് ചെയ്തത് എന്ന് അറിഞ്ഞപ്പോള്‍ ജനങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. സര്‍ക്കുലേഷന്‍ വര്‍ദ്ധനയ്ക്കും ലാഭത്തിനും വേണ്ടി പോകാവുന്നതിന്റെ പരമാവധിയായിരുന്നു അത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. അത് പോലെ നിരവധി കുറ്റകൃത്യങ്ങള്‍ പുറത്തായി. മാനേജ്‌മെന്റ് അറിയാതെ എങ്ങനെ പത്രപ്രവര്‍ത്തകര്‍ക്ക് ആയിരക്കണക്കിന് ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുക ? അതിന്റെ പണം ആര് മുടക്കി ? കുറ്റവാളികളെ ഡിറ്റക്റ്റീവുകളായി നിയോഗിക്കാനുള്ള വന്‍തുക ആരു മുടക്കി ? നുറുനുറുചോദ്യങ്ങള്‍ ഉയര്‍ന്നു.

ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ നിയമലംഘനങ്ങളെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടിയത് ഗാര്‍ഡിയന്‍ പത്രമായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ശമ്പളക്കാരായ ഡിറ്റക്റ്റീവുകള്‍ ആരുടെ ഫോണും ചോര്‍ത്താന്‍ പ്രാപ്തരായിരുന്നു. ഫോണ്‍ ചോര്‍ത്തുക ഒരു കുറ്റകൃത്യമാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവരത് ചെയ്തുപോന്നത്. ഈ ഫോണ്‍ചോര്‍ത്തല്‍ പൊലീസിനും അറിവുള്ള കാര്യമായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ആളുകളും പൊലീസിലെ ഉന്നതരും ചേര്‍ന്നാണ് ഈ കുറ്റകൃത്യങ്ങളേറെയും ചെയ്തുകൂട്ടിയത്. രഹസ്യങ്ങള്‍ പരസ്പരം കൈമാറി അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചുപോന്നു. കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ഫോണ്‍ മാത്രമല്ല, ഭീകരാക്രമണങ്ങളില്‍ മരിച്ച സാധാരണക്കാരുടെയും മരിച്ച സൈനികരുടെയും വരെ ഫോണുകള്‍ ഇങ്ങനെ ചോര്‍ത്തപ്പെട്ടതായി ഗാര്‍ഡിയന്‍ തെളിയിച്ചു.

ഗട്ടര്‍ പ്രസ്സുകള്‍ക്ക് ഏതളവ് വരെപോകാം എന്നതിന്റെ വ്യക്തമായ ചിത്രമായി ന്യൂസ് ഓഫ് ദ വേള്‍ഡ് വിവാദം. ഒരു പത്രം മാത്രമല്ല പല പത്രങ്ങള്‍ ഇങ്ങനെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടാറുണ്ടെന്ന് തെളിഞ്ഞതാണ്. നാട് മുഴുവന്‍ ഇതെല്ലാം പാട്ടാവുകയും ബ്രിട്ടീഷ് ഗവണ്മെന്‍് ന്യൂസ് കോര്‍പ്പറേഷന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോഴാണ് മര്‍ഡോക് പത്രം അടച്ചുപൂട്ടി നല്ല പിള്ള ചമഞ്ഞത്. ആകെ ലാഭനഷ്ടങ്ങള്‍ കൂട്ടിനോക്കിയേ മര്‍ഡോക് ഒരു കാര്യം ചെയ്യാറുള്ളൂ. ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റമൂല്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥാപനമാണത്. അവരുടെ കണക്കുകള്‍ തെറ്റാറില്ല.

മാധ്യമപ്രവര്‍ത്തനം മറ്റൊരു വ്യവസായം മാത്രമാണ് എന്ന തത്ത്വശാസ്ത്രമാണ് ഇവിടെ തോലുപൊളിച്ച് നഗ്നമാക്കപ്പെട്ടിരിക്കുന്നത്. റുപര്‍ട് മര്‍ഡോക്കിന്റെ വരവോടെയാണ് സാമൂഹ്യലക്ഷ്യത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആശയത്തിന് മങ്ങലുണ്ടായത്. വാര്‍ത്തയല്ല, പരസ്യമാണ് പ്രധാനം എന്ന് പറയാന്‍ മര്‍ഡോക് മടിച്ചില്ല. പരസ്യം ആളുകളിലെത്തിക്കാനുള്ള മാധ്യമം മാത്രമാണ് വാര്‍ത്ത എന്ന ആശയംപോലും യാതൊരു മനപ്രയാസവുമില്ലാതെ ഉന്നയിക്കപ്പെട്ടു.

മാധ്യമവ്യവസായം മറ്റേതൊരു വ്യവസായവും പോലെയാണ് എന്ന് പറയുമ്പോള്‍ തന്നെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള സാമൂഹ്യ-രാഷ് ട്രീയ പദവികളും അതിന്റെ മറ്റ് സാമ്പത്തികാനുകൂല്യങ്ങളും നേടാന്‍ ഇവരാരും മടിച്ചില്ല. മര്‍ഡോക് തന്നെ രാഷ്ട്രീയമായ സ്വാധീനത്തിന് വേണ്ടി തന്റെ മാന്യ പത്രങ്ങളെ ഉപയോഗപ്പെടുത്തുകയും പണമുണ്ടാക്കാന്‍ ഗട്ടര്‍ പ്രസ്സുകളെ ഉപയോഗിക്കുകയുമാണ് ചെയ്തുപോന്നത്.
കച്ചവടത്തില്‍ മാത്രം ഊന്നിയ മാധ്യമത്തിനുണ്ടാകാവുന്ന ഏറ്റവും വലിയ തിരിച്ചടി മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ തന്നെ സംഭവിച്ചത് ചരിത്രത്തിന്റെ നീതിയാണെന്ന് തോന്നിപ്പോകുന്നു. ആ തിരിച്ചടിയെ നേരിടാനോ അതില്‍ ഉള്‍പ്പെട്ട അധാര്‍മികതകളെ ന്യായീകരിക്കാനോ കരുത്തില്ലാതെ, ലോകത്തിലെ ഏറ്റവും വലുതെന്ന അവകാശവാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഒരു പത്രത്തിന് അതിന്റെ ശവക്കുഴിയിലേക്ക് പോകേണ്ടി വരിക- മാധ്യമ ചരിത്രത്തിലെ അത്യപൂര്‍വ സംഭവമായി ഇതുമാറുന്നു.

ധാര്‍മികതയെ ഓടയിലെറിഞ്ഞുള്ള ലാഭക്കൊതിയും അത് നേടാനുള്ള കഴുത്തറപ്പന്‍ മത്സരവുമാണ് ഇതിലേക്ക് എത്തിച്ചത്. ഇന്ന് ന്യൂസ് ഓഫ് ദ വേള്‍ഡില്‍ സംഭവിച്ചത് ഏറിയും കുറഞ്ഞും മറ്റെവിടെയും സംഭവിക്കാം.

ബ്രിട്ടനില്‍ മര്‍ഡോക്കിനെതിരെ ഉയര്‍ന്ന ജനരോഷം മാധ്യമ മര്യാദകള്‍ക്ക് വില കല്പിക്കുന്നവരില്‍ വലിയ സന്തോഷമുയര്‍ത്തിയിരിക്കും. എന്നാല്‍ ഇത് മൊത്തം മാധ്യമങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടികളെടുക്കുന്നതിലേക്കാണ് സര്‍ക്കാറിനെ നയിക്കുന്നതെങ്കില്‍ മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അത് ഹാനികരമാകുമെന്ന കാര്യം തീര്‍ച്ച.എന്‍.പി.രാജേന്ദ്രന്‍

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER