My Blog List

Saturday, December 31, 2011

ഒളിഞ്ഞുനോട്ടത്തിന്റെ രാഷ്ട്ര നിര്‍മാണം

ആണ്‍ കാണികളില്‍ വിഭ്രമം ജനിപ്പിക്കുന്ന വിധത്തില്‍, മാധ്യമങ്ങളിലൂടെ വന്‍ കോലാഹലങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടാണ് ദ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ഹിന്ദി സിനിമ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ മുപ്പതു കോടി രൂപ ബോക്സാപ്പീസില്‍ നിന്ന് ഈ 'വൃത്തികെട്ട ചിത്രം' നേടിയെടുത്തു എന്നാണ് പണ്ഡിറ്റുകള്‍ റിപ്പോര്‍ടു ചെയ്യുന്നത്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാദകറാണിപ്പട്ടമുണ്ടായിരുന്ന സില്‍ക്ക് സ്മിതയുടെ വിജയ-പരാജയ കഥയാണ് സിനിമക്കാസ്പദം എന്ന പ്രചാരണവും ആദ്യമേ അഴിച്ചു വിട്ടിരുന്നു. സിനിമ എന്ന ആണ്‍നോട്ട വികൃതിയുടെ വിഗ്രഹവും ഇരയുമായി ഒരേ സമയം ആഘോഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സ്ത്രൈണശരീരങ്ങളില്‍ ഒന്നായിരുന്നു സില്‍ക്ക് സ്മിതയുടേതും. എന്നാലതു മാത്രമായിരുന്നില്ല. കൊടി കുത്തി വാണ പല പുരുഷ താരപദവികളുടെയും കമ്പോള മൂല്യങ്ങളെ അവള്‍ വെല്ലുവിളിക്കുകയും ഇടിച്ചു താഴ്ത്തുകയും വലിച്ചു കീറി ചവറ്റുകുട്ടയിലിടുകയും ചെയ്തു. അറുപതും എഴുപതും വയസ്സുള്ള താരരാജാക്കന്മാര്‍, വില്ലന്മാരെ പിടികൂടാന്‍ പോകുമ്പോള്‍ വില്ലന്‍ എന്ന സദാചാര വിരുദ്ധ പരിഷ മുക്കാലും നഗ്നയായ ഒരു 'ഒരുമ്പെട്ടവളു'മൊത്ത് കാബറെ നൃത്തമാടുകയായിരിക്കും. നൃത്തം കഴിയുന്നതു വരെയും താരരാജാവും ക്യാമറയും ഒപ്പം കാമാര്‍ത്തനായ കാണിയും അവളുടെ ശരീരത്തെ നയനഭോഗം ചെയ്ത് ഉന്മാദഭരിതരാകും. പൊടുന്നനെ, സംവിധായകന്റെയും അയാളെ സാധ്യമാക്കിയ സദാചാരപൊലീസിന്റെയും ഫോര്‍മുല പ്രകാരം, താരനായകന്‍ സട കുടഞ്ഞെണീക്കുകയും ആ കാമക്കൂത്താട്ടത്തെ നിമിഷാര്‍ധം കൊണ്ട് അവസാനിപ്പിച്ച് വില്ലനെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു(രവീന്ദ്രന്റെ(ചിന്ത രവി) നിരീക്ഷണത്തോട് കടപ്പാട്). ഇതിനിടയില്‍, മുക്കാലും നഗ്നയായ ഐറ്റം ഡാന്‍സര്‍ക്ക് ഒരു ഷാള്‍ കൊടുക്കാനും സദാചാരപൊലീസുകാരനായ നായകന്‍ മറക്കാറില്ല. ഇത്തരത്തിലുള്ള നൂറു കണക്കിന് ഐറ്റം ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെട്ട്, ആദ്യം കാണിയുടെ കാമോത്തേജനത്തിനും പുറകെ സദാചാരപൊലീസിംഗിനും വിധേയരായി പുറന്തള്ളപ്പെടുന്ന നിരവധി ശരീരവില്‍പനക്കാരികളിലൊരാളായി ഒടുങ്ങുന്നതിനു പകരം സില്‍ക്ക് സ്മിത, താരരാജാക്കന്മാരുടെ സിംഹാസനങ്ങളുടെ കാലിളക്കി എന്നതാണ് ചരിത്രം. താരസിംഹങ്ങളുടെ സ്ക്രീന്‍ സാന്നിദ്ധ്യം അളന്ന് തീരുമാനിച്ചിരുന്ന തെന്നിന്ത്യന്‍ കമ്പോള സിനിമയുടെ വിപണിമൂല്യം, അതിനു പകരം സില്‍ക്ക് സ്മിതയുടെ ഡേറ്റിനു വേണ്ടി കാത്തിരുന്നു. ആ അട്ടിമറി നിഷ്ക്കരുണം രേഖപ്പെടുത്തുന്നതിലൂടെ ദ ഡേര്‍ട്ടി പിക്ച്ചര്‍ ഇത്തരത്തിലുള്ള മുന്‍ശ്രമങ്ങളില്‍ നിന്ന് ഒരു പടി മുന്നോട്ട് സഞ്ചരിക്കുന്നുണ്ട്.

സാമൂഹികഭാവനയെ അടക്കിഭരിച്ചുകൊണ്ട് ആള്‍ക്കൂട്ട ആഹ്ളാദത്തിന്റെ പരകോടിയിലാണ് സില്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ നിലനിന്നത്. നര്‍ത്തകിയുടെയും അഭിസാരികയുടെയും വെപ്പാട്ടിയുടെയും മറ്റും മറ്റും റോളുകളില്‍ നിറഞ്ഞു നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ മൊത്തം ഇതിവൃത്തപരികല്‍പനയെ തന്നെ സില്‍ക്ക് വര്‍ഷങ്ങളോളം നിയന്ത്രിച്ചു. മധ്യവര്‍ഗത്താല്‍ നിര്‍ണീതമാകുന്ന ഇന്ത്യന്‍ സദാചാരസങ്കല്‍പത്തിന്റെ നിഗൂഢമായ പ്രകോപനമായിരുന്നു സില്‍ക്ക്. സില്‍ക്ക് വെളിപ്പെടുത്തുകയും ആവിഷ്ക്കരിക്കുകയും ചെയ്ത സ്ത്രൈണശരീരത്തെ പരസ്യമായി ഇന്ത്യന്‍ പുരുഷപ്രത്യയശാസ്ത്രം തള്ളിപ്പറയുകയും രഹസ്യമായി അഭിനിവേശം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ പുരുഷത്വത്തിന്റെ ഇരട്ട ബോധത്തിന്റെ ഉത്പന്നമായിരുന്നു സില്‍ക്ക് സ്മിത എന്ന സക്കറിയയുടെ നിരീക്ഷണം(ഇക്കണോമിക് ടൈംസ്) ശ്രദ്ധേയമാണ്. അവളുടെ ശരീരം തന്നെയായിരുന്നു അവളുടെ ആശയവും സന്ദേശവും. ഇതാ ഒളിഞ്ഞു നോക്കിയും തുറിച്ചു നോക്കിയും തൃപ്തിയടയുവിന്‍ എന്ന ആഹ്വാനത്തോടെ അവള്‍ പുരുഷകാണിക്കു മുമ്പില്‍ അവതീര്‍ണയായി. അവളുടെ കണ്ണുകളില്‍ നിരാസക്തി പ്രകടമായിരുന്നു; എന്നാല്‍ പുരുഷകാണിയെ ത്രസിപ്പിക്കുന്ന വശ്യത അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ടായിരുന്നു. അവള്‍ തന്റെ കാമോത്തേജനപരമായ നടനത്തിലൂടെയും നൃത്തത്തിലൂടെയും പ്രത്യക്ഷപ്പെടുത്തിയത്, ഇന്ത്യന്‍ സ്ത്രീത്വത്തെയെന്നതിലുപരി പുരുഷത്വത്തിന്റെ അഭിമുഖീകരണത്തെയായിരുന്നു. പുരുഷത്വം കാണാന്‍ കൊതിച്ചതും എന്നാല്‍ തുറന്നു പറയാന്‍ ഭയക്കുന്നതുമായ സ്ത്രൈണ ലൈംഗികതയുടെ തുറസ്സുകളെയും മറവുകളെയും അവള്‍ നിഷ്പ്രയാസം പ്രദര്‍ശിപ്പിച്ചു. ലക്ഷക്കണക്കിന് പുരുഷന്മാരുടെ മനസ്സുകളില്‍ (സിനിമാ പാട്ടെഴുത്തുകാരുടെ വാക്കുകള്‍ കടമെടുത്താല്‍, ഹൃദയങ്ങളിലും കരളുകളിലും) അവള്‍ തീ കോരിയിട്ടു. ലൈംഗികതയെ സംബന്ധിച്ചും കാമത്തെ സംബന്ധിച്ചും ഇന്ത്യന്‍ പുരുഷത്വം രഹസ്യമായി വെച്ചു പുലര്‍ത്തിപ്പോന്ന അഭിനിവേശങ്ങളെ സില്‍ക്ക് നേരിടുകയും വിമോചിപ്പിക്കുകയും ചെയ്തു. പുരുഷത്വത്തിന്റെ ഉള്ളില്‍ കിടന്ന് വെന്തു പൊള്ളിയ നിഗൂഢമായ ആസക്തികളെ, തുണിയഴിച്ചു കാണിച്ചും മുലയും മൂടും കുലുക്കി നൃത്തമാടിയും അവള്‍ ആഭിചാരപ്രക്രിയയിലൂടെ വിമോചിപ്പിച്ചു. സിനിമാകച്ചവടക്കാര്‍ക്കായി സ്വയം വിട്ടുകൊടുക്കപ്പെട്ട ഒരു ചരക്കായിരുന്ന സില്‍ക്കെങ്കിലും, ആത്യന്തികമായി അവളുടെ പ്രകടനത്തിന്റെ അഗ്നിയെ നിയന്ത്രണവിധേയമാക്കാന്‍ അവര്‍ക്കും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ അഭിനിവേശം കൊണ്ടത് ഒരു തീക്കട്ടയെ നോക്കിക്കൊണ്ടായിരുന്നു എന്നോര്‍മപ്പെടുത്തിക്കൊണ്ട് അവള്‍ സ്വയം ഹത്യ നടത്തിയതും ഈ അനിയന്ത്രിതത്വത്തിന്റെ വെളിപ്പെടലായിരുന്നു.

ഡേര്‍ട്ടി പിക്ച്ചറിലെ രേഖപ്പെടുത്തല്‍ പ്രക്രിയയില്‍ ഒരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. ലൈംഗികാടിച്ചമര്‍ത്തലിന് വിധേയരാകുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ആണുങ്ങളുടെ പ്രതീതി-കാമപൂര്‍ത്തീകരണ സ്ഥലമായിട്ടാണ് ഇന്ത്യന്‍ സിനിമ എല്ലായ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും വെളിപ്പെടുന്നു. അതുകൊണ്ടാണ്, ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ (മോസ്റ് ഇറോട്ടിക്) സിനിമ ഇന്ത്യന്‍ സിനിമയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത്. ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്, കാമോത്തേജനപരമായ കമ്പോള സിനിമയുടെ അതേ ആവിഷ്ക്കാരശൈലി(ഇഡിയം) തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ടാണെന്നതാണ് ദ ഡേര്‍ട്ടി പിക്ച്ചറിന്റെ ഏറ്റവും വലിയ പരിമിതിയും വൈരുദ്ധ്യവും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞു;ഇനി എത്ര വേണമെങ്കിലും തുറന്നുകാണിക്കാം എന്ന നിലക്ക് ഈ അവസരം സംവിധായകന്‍ മിലന്‍ ലുത്രിയ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന ശശി ബലിഗയുടെ(ദ ഹിന്ദു ബിസിനസ് ലൈന്‍) കുറ്റപ്പെടുത്തല്‍ തള്ളിക്കളയാനാവില്ല. നസീറുദ്ദീന്‍ ഷാ അടക്കമുള്ളവരുടെ ഗംഭീരമായ അഭിനയങ്ങളെ നിഷ്പ്രഭമാക്കുന്ന വിദ്യാബാലന്റെ അഭൂതപൂര്‍വമായ പ്രകടനത്തിന്റെ പ്രസക്തി എന്നാല്‍ കുറയുന്നുമില്ല.

ആന്ധ്രയിലെ ഏതോ ഒരു കുഗ്രാമത്തില്‍ നിന്ന് സിനിമയിലഭിനയിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയോടെയാണ് രേഷ്മ എന്ന ആ പെണ്‍കുട്ടി ചെന്നൈ(അന്നത്തെ മദിരാശി)യിലെത്തുന്നത്. കോടമ്പാക്കം തെരുവോരത്തെ ചായക്കടയില്‍ പണിയെടുത്ത് ചേരിയില്‍ താമസിച്ച് അവള്‍ എക്സ്ട്രയായി സിനിമയില്‍ കയറിക്കൂടുന്നുണ്ടെങ്കിലും തുടര്‍ച്ചയായ അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നു. നിരനിരയായി നില്‍ക്കുന്ന പെണ്‍ എക്സ്ട്രകളില്‍ അവളൊഴിച്ച് എല്ലാവരെയും ചിത്രീകരണത്തിനായി തെരഞ്ഞെടുത്തപ്പോഴും അവള്‍ പുറന്തള്ളപ്പെടുന്നു. എന്താണ് കാരണം എന്ന് കങ്കാണിയോട് ചോദിക്കുമ്പോള്‍, ഇന്നത്തെ പശിയടക്കാന്‍ അഞ്ചു രൂപ ഭിക്ഷ കൊടുത്ത് അവളെ പരിഹസിക്കുകയാണയാള്‍. സിനിമയുടെ ഗ്ളാമറിനു പുറകിലുള്ള ഇത്തരം അഴുകിയ സത്യങ്ങള്‍ പല പ്രാവശ്യം പുറത്തു വന്നിട്ടുണ്ടെങ്കിലും, വിദ്യാബാലന്റെ നൂതനത്വമാര്‍ന്ന അഭിനയമികവ് കൊണ്ട് ഈ രംഗം ശ്രദ്ധേയമായിട്ടുണ്ട്.
ഏറ്റവും സവിശേഷമായ കാര്യം അതല്ല. ആണ്‍ നോട്ടത്തിന്റെ വിഗ്രഹവത്ക്കരണത്തിലൂടെ പൊന്തിപ്പറക്കുന്ന സില്‍ക്കിന്റെ താരപദവി, എല്ലാ പുരുഷസാന്നിദ്ധ്യങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് സ്വയം വീണുടയുന്നത് എന്നതാണത്. കാമപൂര്‍ത്തീകരണത്തിനായി ഒരാളും (സൂര്യ/നസീറുദ്ദീന്‍ ഷാ), പ്രണയത്തിനായി രണ്ടാമത്തെയാളും(നന്ദ/തുഷാര്‍ കപൂര്‍), വെറുപ്പിനു വേണ്ടി മൂന്നാമത്തെയാളും (ഏബ്രഹാം/ഇമ്റാന്‍ ഹാശ്മി) അവളെ മനസ്സിലും ശരീരത്തിലും കൊണ്ടു നടക്കുന്നു. അവരെയെല്ലാവരെയും പല തരത്തില്‍ പല ഘട്ടങ്ങളിലായി അപ്രസക്തരാക്കിക്കൊണ്ടാണ് തന്റെ സാന്നിദ്ധ്യവും തിരോധാനവും അവള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം, ആണ്‍ കാണി എന്ന അസംതൃപ്തനും കാമോത്തേജിതനുമായ രാക്ഷസരൂപവും ശിഥിലമാകുന്നു. വിനോദം, വിനോദം, വിനോദം (എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്) മാത്രമാണ് സിനിമ എന്നും ഞാന്‍ വിനോദമാണെന്നുമുള്ള സില്‍ക്കി(രേഷ്മ)ന്റെ ആപ്തവാക്യം സിനിമ ശുദ്ധ കലയാണെന്ന ധാരണയുമായി നടക്കുന്ന സംവിധായകനെ ഞെട്ടിക്കുന്നുണ്ട്. സ്വന്തം ശരീരവും അതിന്റെ ലൈംഗികധര്‍മവും പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് നടി നടത്തുന്ന ഒരു തേരോട്ടമാണ് സിനിമ എന്നാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രൈണ ലൈംഗികത ഒരേ സമയം അവളുടെ വിമോചനത്തിനുള്ള മാര്‍ഗവും തടവറയുമായി പരിണമിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വില്‍പന ഘടകം, മൃദു ലൈംഗികത(സോഫ്റ്റ് പോണ്‍) തന്നെയാണ്. മദിരാശിയിലെത്തിയ നാളുകളിലൊന്നില്‍, തൊട്ടടുത്ത മുറിയില്‍ സംഭോഗത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ശബ്ദ പശ്ചാത്തലമൊരുക്കിക്കൊണ്ട് 'ഊ ആ' എന്ന് ഡബ്ബ് ചെയ്യുന്ന നായികയുടെ പ്രവൃത്തി ചിന്തോദ്ദീപകമാണ്. മുഖ്യധാരാ സിനിമയുടെ എല്ലാ സദാചാര ആവരണങ്ങളും അഴിഞ്ഞുവീഴുന്ന സ്വയം വെളിപ്പെടുത്തലായി ഈ ശബ്ദമിശ്രണം അടയാളപ്പെടുത്തപ്പെടുന്നു. തുണിയഴിച്ചഭിനയിക്കുന്നതിന്റെ പേരില്‍ പിന്നീട് പശ്ചാത്താപവിവശയായി, സ്വയം പഴിക്കുന്ന ഒരാളായിരുന്നില്ല സില്‍ക്ക് സ്മിത എന്നതാണ് ഇരട്ടമുഖമുള്ള പുരുഷലോകത്തെ പ്രകോപിപ്പിച്ചത്. തന്റെ ശരീരത്തിന്മേല്‍ പതിക്കുന്ന നോട്ടത്തിലൂടെ, ഒരു സമൂഹം കാമപൂര്‍ത്തീകരണവും പ്രതീതിവിജയങ്ങളും നേടുന്നു എന്ന കൃത്യമായ തിരിച്ചറിവോടെയാണവള്‍ തിരശ്ശീല കീഴടക്കിയത്. ഈ കീഴടക്കല്‍ അതു കൊണ്ടു തന്നെ, ഇരുട്ടില്‍ കാര്യം സാധിക്കുകയും വെളിച്ചത്തില്‍ തള്ളിപ്പറയുകയും ചെയ്യുന്ന സദാചാരപ്പൊലീസിനെ പിച്ചിച്ചീന്തി.

എന്നാല്‍, പുരുഷലോകത്തിന്മേല്‍ നടത്തുന്ന ഈ വിജയ രഥയാത്ര സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും മനസ്സിനെയും ആത്മാഭിമാനത്തെയും എല്ലാം നശിപ്പിക്കുന്നുവെന്ന തിരിച്ചറിവില്‍ സില്‍ക്ക് എത്തിച്ചേരുന്നുമുണ്ട്. പ്രണയം പോയിട്ട്, സൌഹൃദപൂര്‍ണവും പ്രാകൃതികവുമായ കാമം പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്ന ഒരു രംഗം ഹൃദയഭേദകമാണ്. സൂപ്പര്‍താരമായ സൂര്യയുടെ ഫാം ഹൌസില്‍ അയാളും അവളും തമ്മില്‍ രതിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ, പൊടുന്നനെ വാതിലില്‍ മുട്ടു കേള്‍ക്കുന്നു. അതയാളുടെ ഭാര്യയായിരുന്നു. എത്ര വൃത്തികെട്ട ജീവിതം ജീവിക്കുമ്പോഴും വിവാഹം എന്ന സുഘടിതവ്യവസ്ഥയിലേക്ക് മടങ്ങിപ്പോവേണ്ടയാളാണ് ഇന്ത്യന്‍ പുരുഷന്‍ എന്ന ആത്യന്തിക സത്യത്തെ പുനരാനയിക്കുന്നതാണ് ഈ രംഗം. ഭാര്യയുടേത് ഉദാത്തമായ കുലീനധര്‍മവും, അഭിസാരിണിയുടേത് രഹസ്യ പ്രണയത്തിന്റെയും ആസക്തിയുടെയും വന്യഭാവനകളുടെയും അപരയാഥാര്‍ത്ഥ്യവുമാണെന്ന കുടുംബത്തിനകം/പുറം എന്ന ധാരണ തന്നെയാണ് ആത്യന്തികമായി പ്രാവര്‍ത്തികമാകുന്നത്. ഭാര്യയില്‍ നിന്നൊളിക്കാനായി സില്‍ക്ക്, കുളിമുറിയില്‍ ആ രാത്രി മുഴുവന്‍ ഒളിച്ചിരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റപ്പെടലുകളും തിരിച്ചടികളും, അവളെ മദ്യത്തിനും സിഗരറ്റിനും അടിമയാക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ ഒടിവുകളും വളവുകള്‍ക്കും (മുതലാളിത്ത ഭാഷയില്‍ പറഞ്ഞാല്‍ അഴകളവുകള്‍) സംഭവിക്കുന്ന രൂപഭേദങ്ങളെ തുടര്‍ന്ന് അവള്‍ കാഴ്ചാ കച്ചവടത്തിന് കൊള്ളാത്തവളുമാകുന്നു. ഈ അപരിഹാര്യമായ വീഴ്ചകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരം എല്ലായ്പോഴും പുരുഷന്റെ മനസ്സില്‍ കുറ്റവാഹകയായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തികെട്ട ചിത്രമാണെന്ന് നസീറുദ്ദീന്‍ ഷായുടെ പക്കല്‍ നിന്ന് പുരസ്കാരം മേടിച്ചതിനു ശേഷം നടത്തുന്ന പ്രകോപനാത്മകമായ പ്രസംഗത്തില്‍ സില്‍ക്ക് തുറന്നടിക്കുന്നുണ്ട്. ഈ വൃത്തികെട്ട രഹസ്യത്തെ സിനിമ തീരും മുമ്പ് കാണിസംഘം ശിക്ഷിച്ചു പരിഹരിക്കുകയും ചെയ്യും.

ചലച്ചിത്രത്തിന്റെ ദൃഷ്ടിയെ ആഘോഷിക്കാനുള്ള ഒരു കാരണമായിട്ടാണ് ഡേര്‍ട്ടി പിക്ച്ചര്‍ പ്രവര്‍ത്തിക്കുന്നത്. സില്‍ക്കിന്റെ സൌന്ദര്യം ആരംഭിക്കുന്നത് അവളുടെ മാതാപിതാക്കള്‍ ഉത്പാദിപ്പിച്ച ഒരു പെണ്‍ശരീരം എന്ന നിലയില്‍ നിന്നല്ല. ക്യാമറ അവളുടെ മേല്‍ പതിക്കുന്നതു മുതല്‍ക്കാണ് അവളുടെ സൌന്ദര്യം ആരംഭിക്കുന്നത്. വെളിച്ചം അവളെ നിര്‍മിച്ചെടുക്കുകയും, കാണിയുടെ കണ്ണുകള്‍ അവളെ ഉപഭോഗം ചെയ്തു തുടങ്ങുകയും ചെയ്യുമ്പോഴാണ് അവള്‍ തുടങ്ങുന്നത്. ഈ താരജന്മം തന്നെ അവളുടെ(ഏതു നടിയുടെയും) വിജയവും ആത്യന്തികമായ വന്‍ പരാജയവുമായി പരിണമിക്കുന്നു. ആണ്‍നോട്ടമാണവളെ കണ്ടു പിടിക്കുന്നതും ഉപഭോഗം ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും. ലക്ഷക്കണക്കിന് ആണുങ്ങളുടെ കണ്ണിലൂടെയാണ് അവള്‍ ജീവിക്കുന്നത്. ഈ ജീവിതമാണ് നടിയുടെ ആത്യന്തികമായ ദൌര്‍ബല്യമെന്ന തിരിച്ചറിവിലേക്കാണ് അവസാന ഘട്ടത്തില്‍ അവളെത്തിച്ചേരുന്നത്. കണ്ണിനു മുമ്പില്‍ മാത്രമാണ് അവള്‍ നിലനില്‍ക്കുന്നത്. കണ്ണുകള്‍ തെന്നിമാറുമ്പോള്‍, താരം ഇല്ലാതാവുന്നു. സാമൂഹിക കാഴ്ചയുടെ ഈ തെന്നിമാറലാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

*
ജി പി രാമചന്ദ്രന്‍

ലോകം 2011

99% സംഘടിക്കുമ്പോള്‍

വാര്‍ത്തകളുടെ പ്രവാഹത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സംഭവമാണ് ഡിസംബര്‍ 12ന് അമേരിക്കയില്‍ നടന്ന തുറമുഖ ഉപരോധം. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ അന്നേദിവസം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ എല്ലാ തുറമുഖവും സ്തംഭിപ്പിച്ചു. പുലര്‍ച്ചെ ആരംഭിച്ച ഉപരോധത്തില്‍ പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും കൊള്ളയ്ക്കും എതിരായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം സുസ്ഥിരമായ പ്രസ്ഥാനമായി മാറുന്നുവെന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ ജനമുന്നേറ്റം. താല്‍ക്കാലിക പ്രതിഭാസമാണ് ഈ പ്രക്ഷോഭമെന്നും വൈകാതെ കെട്ടടങ്ങുമെന്നും വലതുപക്ഷം ആദ്യം കരുതി. എന്നാല്‍ , മുതലാളിത്തവിരുദ്ധപ്രക്ഷോഭകര്‍ ചേര്‍ന്ന് രൂപംനല്‍കിയ കനഡ ആസ്ഥാനമായ അഡ്ബസ്റ്റേഴ്സ് ഫൗണ്ടേഷന്‍ തുടക്കമിട്ട പ്രക്ഷോഭം ഓരോദിവസം കഴിയുന്തോറും ശക്തിയാര്‍ജിക്കുകയാണ്. മാത്രമല്ല, പ്രക്ഷോഭത്തെ അക്കാദമിക് സമൂഹമടക്കം അംഗീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് കോഴ്സ്തന്നെ ആരംഭിച്ചു.

"ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പത്രത്തിന്റെ പിറവിക്കും പ്രക്ഷോഭം വഴിതെളിച്ചു. സെപ്തംബര്‍ 17നാണ് ന്യൂയോര്‍ക്കിലെ സുക്കോട്ടി ഉദ്യാനത്തില്‍ പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. ജനമുന്നേറ്റം ശക്തിയാര്‍ജിച്ചിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ ഇതിനെ അവഗണിച്ചു. പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ നല്‍കിയ ചുരുക്കം മാധ്യമങ്ങള്‍തന്നെ ഇതിനെ വഴിതെറ്റിയ യുവാക്കളുടെ രോഷപ്രകടനമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ ബദല്‍മാധ്യമത്തിന്റെ ആവശ്യകത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഏതാനും യുവാക്കള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഒക്ടോബര്‍ ഒന്നിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" പിറവിയെടുത്തത്.

കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ സാധാരണക്കാര്‍ വാള്‍സ്ട്രീറ്റിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇവയാകട്ടെ, അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും കൊടിയ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും അമേരിക്കയെ എത്തിച്ചത് വാള്‍സ്ട്രീറ്റിന്റെ ലാഭക്കൊതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അമേരിക്കന്‍ സാമൂഹികജീവിതത്തില്‍ ഉടലെടുത്ത അന്തരം ഭയാനകമാണ്. രാജ്യത്തെ സ്വത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. ജനസംഖ്യയുടെ 80 ശതമാനത്തിന് അവകാശപ്പെട്ടത് മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനംമാത്രമാണ്. ഈ അന്തരം കൂടിവരികയാണ്. 25 വര്‍ഷംമുമ്പ് ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈവശമുണ്ടായിരുന്ന സ്വത്ത് 33 ശതമാനമായിരുന്നു.

വരുമാനത്തിന്റെ കാര്യത്തിലും ഇതേതോതില്‍ അന്തരം വര്‍ധിച്ചുവരുന്നു. 1976ല്‍ ഒരു ശതമാനം സമ്പന്നര്‍ക്ക് ലഭിച്ചിരുന്നത് മൊത്തം ദേശീയവരുമാനത്തിന്റെ ഒമ്പത് ശതമാനമായിരുന്നു. ഇപ്പോഴിത് 24 ശതമാനമായി മാറി. ഓഹരികള്‍ , ബോണ്ടുകള്‍ , മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ 50 ശതമാനവും ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടേതാണ്. 50 ശതമാനം ജനങ്ങള്‍ക്ക് നിക്ഷേപങ്ങളിലുള്ള പങ്ക് 0.5 ശതമാനം മാത്രം. രാജ്യത്തെ വായ്പഭാരത്തിന്റെ 73 ശതമാനവും 90 ശതമാനം വരുന്ന ജനങ്ങളുടെ ചുമലിലാണ്. ഒരു ശതമാനം സമ്പന്നരുടെ ബാധ്യതയാകട്ടെ മൊത്തം കടത്തിന്റെ അഞ്ച് ശതമാനംമാത്രവും.

ഇത്തരത്തില്‍ പൊറുക്കാന്‍ കഴിയാത്ത സാമ്പത്തിക ഉച്ചനീചത്വം നിലനില്‍ക്കുന്ന സമൂഹത്തെയാണ് മൂന്നുവര്‍ഷംമുമ്പ് മാന്ദ്യം ബാധിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും വാള്‍സ്ട്രീറ്റിനുതന്നെ. വാള്‍സ്ട്രീറ്റ് സൃഷ്ടിച്ച കുമിളകള്‍ പൊട്ടുകയും വായ്പ എടുത്തവരുടെ തിരിച്ചടവുശേഷി ഇല്ലാതാവുകയും ചെയ്തതോടെ ബാങ്കുകള്‍ പാപ്പരായി. അന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ഒഴുക്കിയാണ് വാള്‍സ്ട്രീറ്റിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഈ പണമാകട്ടെ, സാധാരണ നികുതിദായകരുടേതും. വാള്‍സ്ട്രീറ്റ് മേധാവികള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2.9 കോടിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്നിപ്പോള്‍ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. തൊഴിലില്ലായ്മ പത്ത് ശതമാനത്തോട് അടുക്കുന്നു.

അതേസമയം, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നികുതി ചുമത്താന്‍ ശ്രമിച്ചപ്പോള്‍ വാള്‍സ്ട്രീറ്റ് എതിര്‍ക്കുകയാണ്. തങ്ങളുടെ ചെലവില്‍ സാധാരണക്കാര്‍ക്ക് പരിരക്ഷ നല്‍കേണ്ടെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷപാര്‍ടിയായ റിപ്പബ്ലിക്കന്മാര്‍ക്കുപുറമെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിലെ ഗണ്യമായ വിഭാഗവും വാള്‍സ്ട്രീറ്റിന്റെ ഈ വാദത്തെ അതിശക്തമായി പിന്തുണയ്ക്കുന്നു.

കോര്‍പറേറ്റുകള്‍ ഒഴുക്കുന്ന പണമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരില്‍നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് വിജയിക്കുന്നത്. ഇത്തരത്തില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാറില്ല. മാത്രമല്ല, വാള്‍സ്ട്രീറ്റിലെ ഏതു തട്ടിപ്പിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് പരിരക്ഷ ലഭിക്കുന്നു. അമേരിക്കയിലെ വന്‍കിട കോര്‍പറേറ്റുകള്‍ കരുതുന്നതാകട്ടെ രാജ്യം തകര്‍ന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നാണ്. അതുകൊണ്ടുതന്നെ രാജ്യം നിലനില്‍ക്കണോ കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കണോ എന്ന ചോദ്യമാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നത്.

*****


സാജന്‍ എവുജിന്‍

അറബ് വസന്തം : പ്രതീക്ഷയില്‍നിന്ന് ആശങ്കയിലേക്ക്

ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനും എതിരായി അറബ്രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങള്‍ പിന്നിടുന്ന വര്‍ഷത്തിന്റെ ആദ്യമാസങ്ങളെ പ്രതീക്ഷാനിര്‍ഭരമാക്കിയിരുന്നു. എന്നാല്‍ , പിന്നീടുള്ള നാളുകളില്‍ ഈ പ്രതീക്ഷ ആശങ്കയ്ക്ക് വഴിമാറി. അറബ് വസന്തം എന്ന പേരില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങളുടെ മറവില്‍ ഈ മേഖലയില്‍ പാവഭരണാധികാരികളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനാണ് അമേരിക്കയും ബ്രിട്ടനും മറ്റ് പാശ്ചാത്യശക്തികളും ശ്രമിക്കുന്നത്. എണ്ണയുടെയും ധാതുസമ്പത്തിന്റെയും വന്‍നിക്ഷേപമുള്ള അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുരോഗമനശക്തികള്‍ ഭരണം കൈയാളുന്നത് സാമ്രാജ്യത്വത്തിന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.

ടുണീഷ്യയില്‍ 2010 ഡിസംബര്‍ 18ന് തിരികൊളുത്തിയ ജനകീയപ്രക്ഷോഭം തീര്‍ച്ചയായും ഏകാധിപതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായിട്ടുള്ളതായിരുന്നു. മുഹമ്മദ് ബൗദ് അസീസ് എന്ന തൊഴില്‍രഹിതനായ യുവബിരുദധാരി വഴിയോരക്കച്ചവടക്കാരനായി. എന്നാല്‍ , വ്യാപാരലൈസന്‍സ് എടുത്തിട്ടില്ലെന്ന പേരില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍നിന്ന് ഇറങ്ങിവന്നശേഷം മുഹമ്മദ് തെരുവില്‍വച്ച് തീകൊളുത്തി ജീവനൊടുക്കുകയാണ് ചെയ്തത്. ഈ ജ്വാലകള്‍ കാട്ടുതീപോലെ പടര്‍ന്നു. ടുണീഷ്യയില്‍നിന്ന് ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍ , യെമന്‍ , സിറിയ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കലാപം ഉയര്‍ന്നു. ടുണീഷ്യയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന പ്രസിഡന്റ് സൈനെല്‍ അബിദിന്‍ ബിന്‍ അലിക്ക് അഭയം നല്‍കിയത് അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യയാണ്. ടുണീഷ്യയില്‍ ഒക്ടോബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റ് നേടിയത് അന്നഹ്ദ എന്ന ഇസ്ലാമിക കക്ഷിയാണ്. അന്നഹ്ദയുടെ തലവന്‍ റഷീദ് ഗനൂഷി പാശ്ചാത്യര്‍ക്ക് പ്രിയങ്കരനും. തെരഞ്ഞെടുപ്പില്‍ പാശ്ചാത്യമാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ഗനൂഷിക്ക് ലഭിച്ചു. ഫ്രാന്‍സിന്റെ മുന്‍കോളനിയായ ടുണീഷ്യയില്‍ തുടര്‍ന്നും ഇടപെടാനുള്ള അവസരമാണ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഈജിപ്തിലാകട്ടെ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൈനിക ജനറല്‍മാരാണ് ഹുസ്നി മുബാറക്കിന്റെ പതനത്തിനുശേഷം അധികാരം കൈയാളുന്നത്. മുബാറക് ഭരണത്തിലിരുന്നപ്പോള്‍തന്നെ യഥാര്‍ഥത്തില്‍ അധികാരം നിയന്ത്രിച്ചിരുന്നത് സൈന്യമാണ്. ജനകീയപ്രക്ഷോഭം അലയടിച്ചപ്പോള്‍ തന്ത്രപരമായ നിഷ്ക്രിയത്വം പാലിച്ച സൈനികനേതൃത്വം "ജനങ്ങളും സൈന്യവും ഒന്നിച്ചിരിക്കുന്നു" എന്ന മുദ്രാവാക്യം ഉയരാന്‍ ഇടയാക്കി. വിപ്ലവത്തില്‍ പങ്കാളികളാകാന്‍ തയ്യാറാകാതിരുന്നപ്പോള്‍തന്നെ ജനകീയാവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന പേരില്‍ സൈന്യം കൈയടി നേടുകയായിരുന്നു. എന്നാല്‍ , മുബാറക് അധികാരം ഒഴിഞ്ഞതോടെ സൈന്യത്തിന്റെ മട്ടുമാറി. ഇപ്പോള്‍ പ്രക്ഷോഭകര്‍ക്കുനേരെ കടുത്ത പീഡനം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യവ്യാപകമായി 12,000ല്‍പരം ആളുകളാണ് വിചാരണ നേരിടുന്നത്.

മുബാറക്കിന്റെ 30 വര്‍ഷം നീണ്ട ഭരണത്തില്‍പോലും ഇത്രയേറെ രാഷ്ട്രീയത്തടവുകാര്‍ ഉണ്ടായിട്ടില്ല. മതനിരപേക്ഷസ്വഭാവം കൈവെടിഞ്ഞാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. കോപ്ടിക് ക്രൈസ്തവര്‍ ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. സംഘര്‍ഷത്തില്‍ നിരവധി കോപ്ടിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഭരണഘടന രൂപീകരിക്കാന്‍ അവകാശമുള്ള ഇടക്കാല സര്‍ക്കാരിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് ആണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഇതിനിടെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുകയാണ്. കെയ്റോയിലെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകാരിയായ സ്ത്രീയെ സൈനികര്‍ നഗ്നയാക്കി മര്‍ദിച്ചതിനെതിരെ രാജ്യമെമ്പാടും വനിതകള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഇങ്ങനെ ഈജിപ്തിലെ സ്ഥിതി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.

ബഹ്റൈനില്‍ ഉയര്‍ന്ന ജനകീയപ്രക്ഷോഭത്തെ ഭരണാധികാരികള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സേനയുടെ സഹായത്തോടെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. പ്രക്ഷോഭകര്‍ക്ക് വൈദ്യസഹായം നല്‍കിയവരെപ്പോലും ജയിലിലടച്ചു. മതനിരപേക്ഷതയുടെ പ്രതീകമായി അറബ്ലോകത്ത് ഉദയംകൊണ്ട ബാത്തിസ്റ്റ് പ്രസ്ഥാനം പുതിയ സംഭവവികാസങ്ങളുടെ ഫലമായി കടുത്ത ഭീഷണി നേരിടുകയാണ്. സിറിയയില്‍ ബാത്ത് ഭരണം അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് വിദേശശക്തികള്‍ സഹായം നല്‍കുകയാണ്. ഇത് സിറിയയില്‍ രൂക്ഷമായ ആഭ്യന്തരസംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നു. അറബ് രാജ്യങ്ങളിലെ ജനകീയപ്രക്ഷോഭത്തെ ഏറ്റവും അപലപനീയമായ തരത്തില്‍ പാശ്ചാത്യര്‍ ദുര്‍വിനിയോഗംചെയ്തത് ലിബിയയിലാണ്. അവിടെ പാശ്ചാത്യര്‍ നഗ്നമായി ഇടപെട്ട് ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ വകവരുത്തി.

കമ്പോളദൈവം പരാജയപ്പെടുന്നു

കമ്പോളത്തില്‍ തകര്‍ച്ച, ആശയക്കുഴപ്പം, പരിഭ്രാന്തി- ഇതൊന്നും മുതലാളിത്തവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതല്ല. പേരുകേട്ട മുതലാളിത്തപണ്ഡിതര്‍തന്നെ ഉരുവിടുന്നതാണ്. രണ്ട് ദശകമായി, കൃത്യമായി പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്ത് പുതിയൊരു ദൈവം ഉടലെടുത്തിരുന്നു. സ്വതന്ത്രകമ്പോളമെന്ന െദൈവം. ഇതിനെ ആരാധിക്കുന്നവര്‍ക്കാണ് ലോകത്തെ നയിക്കാനുള്ള അര്‍ഹതയെന്ന് പ്രചാരണം പൊടിപൊടിച്ചു. എന്നാല്‍ "വളര്‍ച്ചയുടെ" കുമിളകള്‍ പൊട്ടുകയും തൊഴിലില്ലായ്മ പെരുകുകയും സാമ്പത്തിക പ്രതിസന്ധികള്‍ അടിക്കടി ഉണ്ടാവുകയും ചെയ്തതോടെ കമ്പോളദൈവത്തെ വിശ്വാസികള്‍ ഓരോരുത്തരായി കൈവിടുകയാണ്. 1929ല്‍ ആരംഭിച്ച്, മുപ്പതുകളില്‍ ലോകമാകെ പടര്‍ന്ന മഹാമാന്ദ്യം സാമ്പത്തിക- ധനകാര്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന വാദത്തിന് കരുത്തേകിയിരുന്നു. പക്ഷേ, രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഡോളര്‍ ആഗോളകറന്‍സിയായി മാറുകയും അമേരിക്ക ലോകത്തിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ ശ്രമം ശക്തമാക്കുകയും ചെയ്തു.

"കാര്യക്ഷമമായ കമ്പോളത്തിന്റെ" തീരുമാനത്തിനായി എല്ലാം വിട്ടുകൊടുക്കണമെന്ന സിദ്ധാന്തം അമേരിക്കന്‍മുതലാളിത്ത പണ്ഡിതര്‍ പ്രചരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ "സര്‍വതന്ത്രസ്വതന്ത്രമായ കമ്പോളം" എന്ന വാദത്തിന് മേല്‍ക്കൈ ലഭിച്ചു. 2008ല്‍ പ്രകടമായ ആഗോളസാമ്പത്തികത്തകര്‍ച്ച മറികടക്കാന്‍ ഇതേ പണ്ഡിതര്‍ നിര്‍ദേശിച്ച കുറിപ്പടി ഇതായിരുന്നു-ധനികരുടെ നികുതികള്‍ വെട്ടിക്കുറയ്ക്കുക, സാമൂഹ്യസുരക്ഷ പദ്ധതികള്‍ നിര്‍ത്തലാക്കുക. അമേരിക്കയില്‍ ബറാക് ഒബാമ അധികാരത്തില്‍ വന്ന സമയത്ത് കമ്പോളദൈവവും പൂജാരിമാരും ആരാധകരും ഹതാശരായിരുന്നു. ഇവരെ രക്ഷിക്കാന്‍ 7.77 ലക്ഷം കോടി ഡോളറിന്റെ സൗജന്യങ്ങളാണ് ഒബാമ അനുവദിച്ചത്. യൂറോപ്യന്‍രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , ഈ ചികിത്സ മേമ്പൊടിക്കേ ഫലിച്ചുള്ളുവെന്ന് രണ്ട് വര്‍ഷത്തിനകം ബോധ്യമായി.

ഇക്കൊല്ലം ഗ്രീസിലായിരുന്നു ആദ്യം കുഴപ്പം. കടക്കെണിയിലായ ഗ്രീസിന് യൂറോപ്യന്‍ യൂണിയന്‍ രക്ഷാപദ്ധതിയില്‍നിന്ന് ധനസഹായം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വന്‍തോതില്‍ ചുരുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും നിബന്ധന വച്ചു. ഇത് അംഗീകരിച്ച് വായ്പ എടുക്കാനുള്ള ജോര്‍ജ് പാപ്പന്‍ഡ്ര്യൂ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പൊതുപണിമുടക്കുകള്‍ ആവര്‍ത്തിച്ചു. നില്‍ക്കക്കള്ളിയില്ലാതെ പാപ്പന്‍ഡ്ര്യൂ നവംബറില്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു. പകരം ലൂക്കാസ് പാപ്പദമോസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സാമ്പത്തിക രക്ഷാപദ്ധതി എങ്ങുമെത്തിയിട്ടില്ല. കടക്കെണി, പെരുകുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുടെ രൂപത്തില്‍ പ്രതിസന്ധി ക്രമേണ ഫ്രാന്‍സ്, ബ്രിട്ടന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , സ്പെയിന്‍ തുടങ്ങി പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലും അനുദിനം രൂക്ഷമാകുന്നു.

യൂറോ അംഗീകരിച്ച് യൂറോസോണില്‍ ഇനിയും അംഗമാകാത്ത ബ്രിട്ടനും യൂറോസോണ്‍ രാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇവര്‍ പരസ്പരം ആരോപിക്കുന്നു. പ്രതിസന്ധി കൈകാര്യംചെയ്യാന്‍ ആവിഷ്കരിച്ച നികുതികരാറില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാമറോണ്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇതരയൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. കരാറില്‍ പങ്കാളിയായാല്‍ ലണ്ടന്‍ കേന്ദ്രമായ വ്യവസായങ്ങളെല്ലാം തകരുമെന്നാണ് കാമറോണ്‍ സര്‍ക്കാരിന്റെ വാദം. ബ്രിട്ടനില്‍ ഇപ്പോള്‍ത്തന്നെ തൊഴില്‍രഹിതരുടെ എണ്ണം 30 ലക്ഷത്തോളമായി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 30ന് രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് 1979നുശേഷമുള്ള ഏറ്റവും വിപുലമായ പ്രക്ഷോഭമായി. ഇറ്റാലിയന്‍ സമ്പദ്ഘടന കഴിഞ്ഞ സെപ്തംബറില്‍ അവസാനിച്ച മൂന്നു മാസത്തിനുള്ളില്‍ രണ്ട് ശതമാനം ചുരുങ്ങി. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 118 ശതമാനമാണ് ഇറ്റലിയുടെ കടം. സ്പെയിനും പോര്‍ച്ചുഗലും രക്ഷാപദ്ധതി കാത്തിരിക്കുകയാണ്. യൂറോമേഖലയില്‍ ഏറ്റവും കടുത്ത തൊഴിലില്ലായ്മ സ്പെയിനിലാണ്, 21.5 ശതമാനം.

ലോകം ഞെട്ടിയ വെളിപ്പെടുത്തലുകള്‍

അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയ വിക്കിലീക്സ് വെളിപ്പടുത്തലുകളില്‍ കൂടുതലും പോയ വര്‍ഷമാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍ അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പിടിച്ചുകുലുക്കി. യുപിഎ സര്‍ക്കാര്‍ വിശ്വസവോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുത്തതിന്റെയും ആണവകരാറിന്റെ മറവില്‍ നടന്ന ഇടപാടുകളുടെയും വിശദവിവരങ്ങള്‍ വിക്കിലീക്്സ് തെളിവുസഹിതം പുറത്തുവിട്ടു. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

കേരളരാഷ്ട്രീയത്തില്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പുലര്‍ത്തുന്ന താല്‍പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍ . ഇന്ത്യയിലെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ വരെ അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.

കള്ളപ്പണങ്ങള്‍ നിക്ഷേപിക്കാനുള്ള രഹസ്യയിടങ്ങളെന്ന് പേരുകേട്ട സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യക്കാരാണെന്ന് വിക്കിലീക്സ് പുറത്തുവിട്ടു. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യ അധികം താല്‍പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വിക്കിലീക്സ്, കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി. വെളിപ്പെടുത്തലുകള്‍ മൂലം പ്രതികൂട്ടിലായ അമേരിക്ക വെറുതെയിരുന്നില്ല. വിക്കിലീക്സിനുനേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ പിടികൂടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. അവസാനം സ്വീഡനില്‍ വെച്ച് അസാഞ്ചെയെ അറസ്റ്റുചെയ്തു.

വളര്‍ത്തിയ കൈകൊണ്ട് സംഹാരവും

കമ്യൂണിസത്തിനെതിരെ കുരിശുയുദ്ധം നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനേതാവിനെ ഒടുവില്‍ അമേരിക്കതന്നെ സംഹരിച്ചതിനും പോയവര്‍ഷം സാക്ഷിയായി. മെയ് ഒന്നിനായിരുന്നു പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ ലാദനെ അമേരിക്കന്‍സേന വധിച്ചത്. നീണ്ട പത്തുവര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ അമേരിക്ക ലക്ഷ്യം നേടുകയായിരുന്നു. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ, സൈനികകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അബോട്ടാബാദ് നഗരത്തിലെ ബഹുനില മന്ദിരത്തില്‍ കുടുംബസമേതം കഴിയവെയാണ് ലാദന്‍ കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് കടലില്‍ സംസ്കരിക്കപ്പെട്ടതും.

മതത്തിന് രാഷ്ട്രീയത്തിന്റെയും ഭീകരതയുടെയും രൂപമാറ്റം വരുത്തിച്ച് നിരപരാധികളെ കൂട്ടക്കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ ബിന്‍ ലാദന്റെ മരണം മനുഷ്യരാശിക്ക് ആശ്വാസമായിരുന്നു. എന്നാല്‍ , അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ രാഷ്ട്രീയ- സാമ്പത്തിക- അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ച് വലുതാക്കിയ വിഷവിത്തായിരുന്നു ലാദന്‍ . ഒടുവില്‍ വളര്‍ത്തിയ കൈക്കുനേരെ തിരിഞ്ഞപ്പോഴാണ് ലാദന്റെ നാശം അമേരിക്കയ്ക്ക് അനിവാര്യമായത്. പാകിസ്ഥാന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുചെന്ന് വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കൊലപ്പെടുത്തി എന്നത് അമേരിക്കയുടെ അപ്രമാദിത്ത സ്വഭാവം വീണ്ടും വെളിവാക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ നിലപാട് വന്‍ പ്രതിഷേധത്തിനും ഇടയാക്കി. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണത്തോടെയാണ് ലാദന്‍ നോട്ടപ്പുള്ളിയായത്.


തിരിച്ചുവരവില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി

റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ തിരിച്ചുവരവിന് പോയവര്‍ഷം സാക്ഷിയായി. ഡിസംബറില്‍ റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് 12 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. സീറ്റ് 57ല്‍നിന്ന് 92 ആയി വര്‍ധിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ പുരോഗതിയായി. 450 അംഗസംഖ്യയുള്ള ഡ്യൂമയില്‍ പുടിന്റെ പാര്‍ടിക്ക് 49.54 ശതമാനം വോട്ട് നേടി തൃപ്തിപ്പെടേണ്ടി വന്നു. നാലു കൊല്ലംമുമ്പ് 64.3 ശതമാനം ആയിരുന്നതാണ് 49.54 ശതമാനം ആയി കുറഞ്ഞത്.

സോഷ്യലിസവും കമ്യൂണിസവും മരിച്ചുകഴിഞ്ഞെന്നും മാര്‍ക്സിസം- ലെനിനിസം കാലഹരണപ്പെട്ടെന്നും വിളിച്ചുകൂവിയ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കുള്ള ശക്തമായ തിരിച്ചടികൂടിയായി തെരഞ്ഞെടുപ്പു ഫലം. 2008ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെയും ബാധിച്ചപ്പോള്‍ പുടിന്‍ ഉള്‍പ്പെട്ട ചില കമ്യൂണിസ്റ്റ് ഇതര നേതാക്കള്‍പോലും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി പഴയ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതിനും പോയവര്‍ഷം സാക്ഷിയായി. ലോകത്തിലാകെ കണ്ടുവരുന്ന പോരാട്ടങ്ങളുടെയും മാറ്റങ്ങളുടെയും പ്രതിധ്വനിതന്നെയാണ് റഷ്യയിലും കാണാനാകുന്നത്.

Friday, December 30, 2011

ലോക്പാലിന്റെ ഭാവി

ഒടുവില്‍ ലോക്സഭ ലോക്പാല്‍ ബില്‍ പാസാക്കി. എന്നാല്‍ , ശക്തമായ ലോക്പാലിനായുള്ള പ്രതിപക്ഷഭേദഗതികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്ലിലെ ചട്ടങ്ങള്‍ പാസാക്കുന്നതിന് ആവശ്യമായ പിന്തുണ സമാഹരിക്കുന്നതിനും കോണ്‍ഗ്രസിനു കഴിഞ്ഞില്ല. യഥാര്‍ഥത്തില്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരുന്നതിനുള്ള ധാര്‍മികാവകാശമാണ് ഇതോടെ നഷ്ടമായത്.

ലോക്പാല്‍ സംവിധാനം സംബന്ധിച്ച ഗൗരവമായ വിമര്‍ശമുയര്‍ന്നത് അന്വേഷണ സംവിധാനത്തെക്കുറിച്ചാണ്. അതിനെപ്പറ്റി സിപിഐ എം മൂര്‍ത്തമായ ഭേദഗതികള്‍ ഇരുസഭയിലും നല്‍കുകയുണ്ടായി. ഇപ്പോള്‍ ലോക്സഭ പാസാക്കിയ നിയമപ്രകാരം ലോക്പാലിന് സ്വതന്ത്രമായ അന്വേഷണ സംവിധാനമില്ല. ഇതു മാറ്റി ലോക്പാലിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ള അന്വേഷണസംവിധാനം രൂപീകരിക്കണമെന്ന ഭേദഗതി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 1988ലെ അഴിമതി നിരോധനനിയമപ്രകാരം കുറ്റം ആരോപിക്കപ്പെട്ടാല്‍ അതുസംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനം മാത്രം അന്വേഷിച്ചാല്‍ യഥാര്‍ഥ ഫലമുണ്ടാകില്ലെന്ന വിമര്‍ശം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ , അത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

മറ്റൊരു പ്രധാന വിമര്‍ശം ലോകായുക്തയുടെ രൂപീകരണത്തെപ്പറ്റിയാണ്. ലോകായുക്ത സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. എന്നാല്‍ , ഇതുസംബന്ധിച്ച് പൊതുമാനദണ്ഡങ്ങള്‍ കേന്ദ്രം നിര്‍മിക്കുന്നതില്‍ തെറ്റില്ല. അതിനുപകരം ഏകപക്ഷീയമായ നിയമനിര്‍മാണത്തിനാണ് കേന്ദ്രം തുനിഞ്ഞത്. തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തിലൊന്നും ലോകായുക്ത രൂപീകരിക്കുന്നതിനു തയ്യാറാകാതിരുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയില്‍ പലരും ഉന്നയിക്കുകയുണ്ടായി. ഭരണഘടനയുടെ 253-ാം അനുച്ഛേദം അനുസരിച്ചുള്ള നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് അന്താരാഷ്ട്ര കരാറുകളുമായി ബന്ധപ്പെട്ട വകുപ്പാണ്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടന നല്‍കുന്നുണ്ട്. ഇതു നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തവുമുണ്ട്. അഴിമതി ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസമ്മേളനത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായതുകൊണ്ട് ഇങ്ങനെ ചെയ്യാമെന്ന വ്യാഖ്യാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ , യുഎന്‍ പ്രഖ്യാപനത്തില്‍ ഓരോ രാജ്യവും ചെയ്യേണ്ട നടപടികള്‍ വിശദീകരിച്ചിട്ടില്ല. അങ്ങനെ ചെയ്യാനുള്ള അധികാരം അന്താരാഷ്ട്ര കരാറുകള്‍ക്ക് ഇല്ലതാനും. അതുകൊണ്ട് ലോക്പാലും ലോകായുക്തയും രൂപീകരിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ്. അതുസംബന്ധിച്ച നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ഭരണഘടനയുടെ 252-ാം അനുച്ഛേദമാണെന്ന വാദമാണ് സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉയര്‍ത്തിയത്. ഇപ്രകാരമാണ് നിയമമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടേതായ അധികാരം ലഭിക്കും.

പ്രതിപക്ഷത്തിന്റെയും ഭരണമുന്നണിയിലെ തന്നെ ചില വിഭാഗങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വിജ്ഞാപനത്തിനു മുമ്പ് സംസ്ഥാനങ്ങളുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഈ നിയമം പാസായാല്‍ ആറുമാസത്തിനകം സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണമെന്ന ഭേദഗതിയാണ് സിപിഐ എം ഇരുസഭയിലും നല്‍കിയത്. അതോടൊപ്പം ലോക്പാല്‍ ബില്ലില്‍ ലോകായുക്തയെ സംബന്ധിച്ചു പറയുന്ന നാലാം ഭാഗം സംസ്ഥാന നിയമസഭകള്‍ മാര്‍ഗനിര്‍ദേശമായി കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ഈ ഭേദഗതികള്‍ ലോക്സഭയില്‍ അംഗീകരിക്കപ്പെട്ടില്ല. ഫെഡറല്‍ തത്വങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലും ശക്തമായ ലോകായുക്ത ഉണ്ടാകുന്നതിനുള്ള ഭേദഗതിയാണ് സ്വീകരിക്കപ്പെടാതെ പോയത്.

നിലവിലുള്ള നിയമത്തില്‍ കോര്‍പറേറ്റുകള്‍ നടത്തുന്ന അഴിമതി കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്ല. രാജ്യത്ത് അഴിമതി ഗൗരവമായ പ്രശ്നമായി ഇപ്പോള്‍ ഉയര്‍ന്നത് പ്രധാനമായും പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലാണ്. സ്പെക്ട്രം അഴിമതിയിലും കെ ജി ബേസിനിലും മറ്റും ഇതു പ്രകടമാണ്. സര്‍ക്കാരിന്റെ നയങ്ങളെയും മാനദണ്ഡങ്ങളെയും തീരുമാനങ്ങളെയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി മാറ്റിമറിക്കുന്നതിലും ദുരുപയോഗിക്കുന്നതിലും കോര്‍പറേറ്റുകള്‍ കാണിക്കുന്ന വഴിവിട്ട രീതി അവസാനിപ്പിക്കാതെ അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശ്രമം വിജയിക്കുകയില്ല. ഇതുസംബന്ധിച്ച് ഭേദഗതി ഇടതുപക്ഷം മാത്രമാണ് കൊണ്ടുവന്നത്. ഏതെങ്കിലും കോര്‍പറേറ്റ് സംവിധാനമോ അതിന്റെ പ്രൊമോട്ടര്‍മാരോ ഡയറക്ടര്‍മാരോ സര്‍ക്കാര്‍ ലൈസന്‍സോ കരാറോ ലഭിക്കുന്നതിനോ നയങ്ങളെ സ്വാധീനിക്കുന്നതിനോ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ അതുസംബന്ധിച്ച പരാതികളും അവര്‍ക്കെതിരായ അന്വേഷണവും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ , കോണ്‍ഗ്രസും ബിജെപിയും ഈ നിലപാടിന് എതിരായ സമീപനമാണ് സ്വീകരിച്ചത്.

ലോക്പാലില്‍ അംഗമായ വിശിഷ്ടവ്യക്തിയെ നോമിനേറ്റ് ചെയ്യുന്ന രീതിയിലും സിപിഐ എം വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ അഭിപ്രായത്തിനു മാത്രം ഫലത്തില്‍ പ്രാധാന്യമുള്ള നില മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷണറും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും യുപിഎസ്സി ചെയര്‍പേഴ്സനും ചേര്‍ന്നായിരിക്കണം വിശിഷ്ടവ്യക്തിയെ നിര്‍ദേശിക്കേണ്ടതെന്ന ഭേദഗതിയാണ് ഇടതുപക്ഷം നല്‍കിയത്. എന്നാല്‍ , അതും അംഗീകരിക്കപ്പെട്ടില്ല.

പ്രധാനമന്ത്രിക്കെതിരെയുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി ലോക്പാല്‍ സമിതിയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണമെന്ന അസാധാരണ വ്യവസ്ഥയാണ് ബില്ലിലുണ്ടായിരുന്നത്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുപോലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം മാത്രം ആവശ്യമായ രാജ്യത്ത് ഈ വ്യവസ്ഥ പൊതുവെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. ലോക്സഭയില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ മൂന്നില്‍ രണ്ടാക്കി മാറ്റുന്ന ഭേദഗതി സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുകയാണ് ഉണ്ടായത്.

അഴിമതി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ലോക്പാലിനു കഴിയില്ലെങ്കിലും ശക്തമായ ലോക്പാലിന് ഇതില്‍ നല്ല പങ്കുവഹിക്കാന്‍ കഴിയുന്നതാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന പലതരത്തിലുള്ള ഇടപെടലുകളാണ് ഇപ്പോള്‍ ഇങ്ങനെയൊരു ബില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ , ലോക്പാലിനെ ശക്തമായ ഒരു സംവിധാനമാക്കി മാറ്റുന്നതിന് രാഷ്ട്രീയസമൂഹം പാര്‍ലമെന്റിലും പൗരസമൂഹം പുറത്തും ഉന്നയിച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ലോക്പാലിന് ഭരണഘടനാ പദവി നല്‍കണമെന്ന് പാര്‍ലമെന്റില്‍ നേരത്തെ രാഹുല്‍ഗാന്ധി പ്രസംഗിച്ചെങ്കിലും ഇതിനായുള്ള ആത്മാര്‍ഥ ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇതുസംബന്ധിച്ച് സമവായത്തിന് ശ്രമിക്കുമായിരുന്നു. എന്നു മാത്രമല്ല, ആരും എതിര്‍ത്ത് വോട്ടുചെയ്തില്ലെങ്കില്‍ പോലും ഭരണഘടനാ ഭേദഗതിയിലെ ചട്ടങ്ങള്‍ പാസാക്കുന്നതിനുള്ള അംഗബലം ഒപ്പിക്കാന്‍ അവര്‍ക്കായില്ല. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ യുപിഎയിലെ നിരവധി എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തുപോലുമില്ല. യുപി തെരഞ്ഞെടുപ്പിനു മുമ്പ് അഴിമതിക്കെതിരെ തങ്ങള്‍ ചില ശ്രമങ്ങള്‍ നടത്തിയെന്നു സ്ഥാപിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന സ്ഥിരം തന്ത്രത്തിന്റെ പ്രയോഗം തന്നെ.

ലോക്സഭ പാസാക്കിയ ലോക്പാല്‍ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കുകയാണ്. ഇവിടെയും ഇടതുപക്ഷവും മറ്റു പ്രതിപക്ഷ പാര്‍ടികളും ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്സഭയിലെ അംഗബലം രാജ്യസഭയില്‍ യുപിഎക്ക് ഇല്ല. ബില്‍ ഇതേപടി തന്നെ പാസാക്കുന്നതിനുള്ള ശ്രമത്തിന് ഒരു രാത്രി കൂടി ഉപയോഗിക്കാമെന്നതുകൊണ്ടാണ് ബുധനാഴ്ച ഇതു ചര്‍ച്ചയ്ക്ക് കൊണ്ടുവരാതിരുന്നത്. ശക്തമായ ലോക്പാലിനായുള്ള പ്രതിപക്ഷ ഭേദഗതികള്‍ രാജ്യസഭ പാസാക്കിയാല്‍ അതു വീണ്ടും ലോക്സഭയിലേക്ക് അയക്കേണ്ടിവരും. ഇരുസഭയുടെയും സംയുക്ത സമ്മേളനം വിളിക്കുകയാണ് മറ്റൊരു വഴി. രാജ്യസഭ തള്ളിക്കളഞ്ഞ പോട്ട ബില്‍ അങ്ങനെയാണ് നിയമമാക്കിയത്. ലോക്സഭ പാസാക്കിയ ചില നിയമങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് അയച്ച ചരിത്രവുമുണ്ട്. രാജ്യസഭയില്‍ വ്യാഴാഴ്ച എട്ടുമണിക്കൂറാണ് ലോക്പാല്‍ ചര്‍ച്ചയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. അതിനെ തുടര്‍ന്നുള്ള വോട്ടെടുപ്പായിരിക്കും ലോക്പാലിന്റെ രൂപവും ഭാവിയും നിര്‍ണയിക്കുക.

അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ ജനങ്ങളെ പറ്റിക്കുന്നതിനുള്ള തന്ത്രം മാത്രമാണ്. സമഗ്രമായ നിയമനിര്‍മാണത്തിലൂടെ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിരുന്നത്. ഏറെ വിവാദമായ ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരമുള്ള സംവിധാനമായാണ് ജുഡീഷ്യല്‍ കമീഷനെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ , ഇപ്പോള്‍ കൊണ്ടുവന്ന ബില്‍ ജുഡീഷ്യറി തന്നെ അന്വേഷണവും പരിശോധനയും മറ്റും നടത്തുന്ന സമിതി രൂപീകരണം നിര്‍ദേശിക്കുന്നതാണ്. പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കാന്‍ ഇടയുള്ള ഒന്നാണ് ഇതെന്ന വിമര്‍ശം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന സന്ദര്‍ഭമാണ് ഇതെല്ലാം.


*****


പി രാജീവ്, കടപ്പാട് : ദേശാഭിമാനി

Thursday, December 29, 2011

ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും

മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു.

വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്.

ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി.

അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ .

ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി.

ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്.

ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു.

സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്?

മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും.

ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.

"നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു.

പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു.

സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്.
മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ?

മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.


*****

എം എം പൗലോസ്, deshabhimani 281211

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER