My Blog List

Sunday, November 6, 2011

പെട്രോളിന്റെ പേരില്‍ വീണ്ടും പകല്‍ക്കൊള്ള

ഇക്കൊല്ലം ഇതു ആറാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പതിനാറാം തവണയും. മന്‍മോഹന്‍സിങ് രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലിറ്ററിന് 43 രൂപയായിരുന്നു പെട്രോളിന് വില. ഇപ്പോഴത് 71 രൂപ. വിലവര്‍ധനയുടെ പാപം പെട്രോളിയം കമ്പനികളുടെ ചുമലിലിട്ടു കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണ്. പക്ഷേ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥന്‍ കേന്ദ്രസര്‍ക്കാര്‍തന്നെയാണ്. അതുകൊണ്ട് വിലക്കയറ്റത്തിന് ഉത്തരവാദിയും അവര്‍തന്നെ. കേന്ദ്രവും റിലയന്‍സ് പോലുളള കമ്പനികളും ചേര്‍ന്ന് പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനമൂലമാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത് എന്ന വാദത്തില്‍ ന്യായമില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 76.16 ഡോളര്‍ ആയിരുന്നു. ഒക്ടോബര്‍ അവസാനത്തെ വില 108.59 ഡോളറാണ്. 42.58 ശതമാനം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. എന്നാല്‍ , പെട്രോളിന്റെ വില ലിറ്ററിന് 43 രൂപയില്‍നിന്ന് 71 രൂപയായി. 65.1 ശതമാനം വര്‍ധന. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായല്ല, പെട്രോളിന്റെ വിലവര്‍ധന. പകല്‍ക്കൊള്ളയ്ക്ക് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മറയാക്കുന്നുവെന്നേയുളളൂ.

പെട്രോളിന്റെ വില അഞ്ചു രൂപ വര്‍ധിപ്പിച്ച സെപ്തംബറില്‍ ക്രൂഡ് ഓയില്‍ വില 108.79 ഡോളറായിരുന്നു. ഒക്ടോബര്‍ അവസാനമാകുമ്പോഴും ഈ വിലയില്‍ വര്‍ധനയില്ല. അതുകൊണ്ട് രൂപയുടെ വിലയിടിഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. രൂപയുടെ മൂല്യം ഡോളറൊന്നിന് 47.65 രൂപയായിരുന്നത് ഒക്ടോബര്‍ അവസാനം 49.28 രൂപയായി. ഇതുവച്ച് ക്രൂഡ് വില രൂപയിലാക്കിയാല്‍ സെപ്തംബറില്‍ ബാരലിന് 5183 രൂപയായിരുന്നത് ഇപ്പോള്‍ 5349 രൂപയായി മാറും. ഈ വിലയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചതെന്ന് പറയുന്നു. രാജ്യം രൂക്ഷമായ വിലക്കയറ്റത്തെയാണ് നേരിടുന്നത്. ഭക്ഷ്യവിലസൂചിക 12.21 എന്ന അപകടകരമായ സ്ഥിതിവിശേഷത്തിലാണ് ഈ വിലവര്‍ധന. കത്തിക്കാളുന്ന വിലക്കയറ്റം കുടുംബബജറ്റുകളെ തരിപ്പണമാക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലവര്‍ധന. മന്‍മോഹന്‍സിങ്ങിന്റെ കീഴിലെ പെട്രോള്‍ വിലവര്‍ധനയെ മുമ്പുള്ള സാഹചര്യങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതാണ്. പെട്രോളിന്റെ ചില്ലറ വില്‍പ്പന നിയന്ത്രിക്കുന്നതില്‍ സ്വകാര്യ കുത്തകകള്‍ക്കുകൂടി പങ്കുണ്ടായിരിക്കുന്നു. മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തനിച്ചാണ് വില നിശ്ചയിച്ചിരുന്നത്. ഇതുമൂലം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാവുകയാണെങ്കില്‍ ആ നഷ്ടം സബ്സിഡിയായി നികത്തിയിരുന്നു. അല്ലെങ്കില്‍ പൊതുമേഖലാ റിഫൈനറികളോടോ ഒഎന്‍ജിസിയോടോ വില കുറച്ചു വില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഇങ്ങനെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുമാത്രം സബ്സിഡി നല്‍കുന്നത് തങ്ങളോടുളള വിവേചനമാണെന്നു പറഞ്ഞ് റിലയന്‍സ്, എസ്സാര്‍ , ഷെല്‍ തുടങ്ങിയ സ്വകാര്യ എണ്ണ വില്‍പ്പന കമ്പനികള്‍ 2010ല്‍ റെഗുലേറ്ററി കമീഷനു പരാതി കൊടുത്തു. 2010 ജൂണിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഈ പരാതി പരാമര്‍ശിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനുളള ഏകമാര്‍ഗം എണ്ണയുടെ വില നിര്‍ണയിക്കുന്നതിന് കമ്പനികള്‍ക്ക് അധികാരം നല്‍കലാണ് എന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. 2009 ജൂണിലെ റിപ്പോര്‍ട്ടില്‍ യുപിഎയ്ക്കു ഭരിക്കുന്നതിന് ഇടതുപക്ഷ പിന്തുണ വേണ്ടെന്നും അത് എണ്ണമേഖലയിലെ പരിഷ്കാരങ്ങള്‍ സുഗമമാക്കുമെന്നും ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു എന്നത് സ്മരണീയമാണ്. ഇവര്‍ ആഗ്രഹിച്ചതുപോലെതന്നെ കാര്യങ്ങള്‍ നടന്നു. എണ്ണ വില സ്വതന്ത്രമായി. വിലക്കയറ്റം അസ്സഹനീയമായി മാറുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.55 ശതമാനം അധികമാണ് വിലക്കയറ്റം. പച്ചക്കറിവിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28.89 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പയര്‍വര്‍ഗങ്ങള്‍ക്ക് 11.65 ശതമാനം, പഴങ്ങള്‍ക്ക് 11.65 ശതമാനം, പാലിന് 11.73 ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില കുതിച്ചുയര്‍ന്നത്. വിലക്കയറ്റം തടയുന്നതിന് ഒന്നരക്കൊല്ലത്തിനിടയില്‍ പന്ത്രണ്ടു തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കുയര്‍ത്തിയത്. പലിശനിരക്ക് ഇങ്ങനെ ഉയര്‍ത്തുന്ന് സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി എന്ന് ഏവരും സമ്മതിക്കുന്നു. എന്നാല്‍ , വില കയറിക്കൊണ്ടിരിക്കുകയാണ്. കാരണം, ഊഹക്കച്ചവടവും പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയുമാണ്. എണ്ണവിലയാകട്ടെ, സര്‍ക്കാര്‍തന്നെ കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുപിഎ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തും വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഈ ജനവിരുദ്ധനയത്തെ വെള്ളപൂശുകയാണ് കേരള സര്‍ക്കാര്‍ . സംസ്ഥാനത്തിനുണ്ടാകുന്ന അധികനികുതി വരുമാനം വേണ്ടെന്നുവച്ച് വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് അവരുടെ വ്യാമോഹം. ഇങ്ങനെ അധികനികുതിഭാരം വേണ്ടെന്നുവച്ചാലും കേന്ദ്രം സൃഷ്ടിച്ച 1.82 രൂപയുടെ ഭാരം ജനങ്ങള്‍ ചുമന്നേ തീരൂ. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ തവണ കേരളം ഭരിച്ചപ്പോള്‍ 22 തവണയാണ് പെട്രോള്‍ വില വര്‍ധനയുണ്ടായത്. ഒറ്റത്തവണയാണ് അധികനികുതിഭാരം വേണ്ടെന്നുവച്ചത്. യുഡിഎഫ് ഭരണം ആരംഭിക്കുമ്പോള്‍ പെട്രോള്‍വില 28.53 രൂപയായിരുന്നത് 45.91 രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ നികുതിനിരക്ക് 23 ശതമാനത്തില്‍നിന്ന് 28 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഒരു പ്രാവശ്യം നികുതികുറച്ച് നിരക്ക് 26.04 ആക്കി. പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ നികുതി നിരക്കു കൂട്ടിയ റെക്കോഡാണ് യുഡിഎഫ് ഭരണത്തിനുളളത്. അവരാണിന്ന് അധികവരുമാനം വേണ്ടെന്നു വച്ചതിനെക്കുറിച്ച് വീമ്പടിക്കുന്നത്.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 05 നവംബര്‍ 2011

യുഎസ്: ജീവിതനിലവാരം പിന്നോട്ട്

രണ്ട് പതിറ്റാണ്ടിലേറെയായി ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി (United Nations development project -യുഎന്‍ഡിപി) വര്‍ഷംതോറും എല്ലാ രാജ്യങ്ങളിലെയും വികസനത്തോതും ജീവിതനിലവാരവും ജീവിത ഗുണമേന്മയും ആരോഗ്യവും ഭക്ഷണലഭ്യതയും വിദ്യാഭ്യാസവും എല്ലാം ക്രോഡീകരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുണ്ട്. വ്യവസായങ്ങളിലും കാര്‍ഷിക മേഖലയിലും മൂലധന നിക്ഷേപം എത്ര? മൊത്തം ദേശീയ ഉല്‍പ്പാദനം എത്ര? തുടങ്ങിയ കണക്കുകള്‍വച്ചായിരുന്നു അതുവരെ രാജ്യത്തിന്റെ വികസനവും സമൃദ്ധിയും കണക്കാക്കപ്പെട്ടിരുന്നത്. അമര്‍ത്യസെന്‍ തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്ധരാണ് ജീവിത ഗുണമേന്മയും ഇല്ലാത്തവരും ഉള്ളവരും തമ്മിലുള്ള വിടവും വിദ്യാഭ്യാസം, ആരോഗ്യം മുതലായവയും കണക്കിലെടുക്കണമെന്ന് വാദിച്ചതും യുഎന്‍ഡിപി അത് അംഗീകരിച്ചതും. ലോകത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് യുഎന്‍ഡിപിയുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി കരുതപ്പെടുന്ന അമേരിക്കന്‍ ഐക്യനാട് ഗുരുതരമായ കുഴപ്പത്തില്‍ ചെന്ന് ചാടിയിരിക്കുകയാണല്ലോ. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ തിരുക്കുറ്റിയായി കരുതപ്പെടുന്ന വാള്‍സ്ട്രീറ്റ് എന്ന സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നു. ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് (ഒഡബ്ല്യുഎസ്- വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍) എന്നാണ് മാധ്യമങ്ങള്‍ ഈ പ്രക്ഷോഭത്തെ വിളിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് നിയമലംഘനക്കുറ്റം ചുമത്തപ്പെട്ട് 700ല്‍ പരം പേര്‍ അറസ്റ്റിലായി.ഡോളറിന്റെ മൂല്യം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. മുന്‍കാലത്ത് ഡോളര്‍ ശേഖരിച്ചുവരുന്ന വ്യക്തികളും രാജ്യങ്ങളും സ്വര്‍ണത്തിന്റെ പിറകെ ഓടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈന ഏറ്റവും കൂടുതല്‍ ഡോളര്‍ കൈവശമുള്ള രാജ്യമായിരുന്നു. ഇപ്പോള്‍ അവരത് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു.

ലോകത്തിലെ ജനസംഖ്യാനുപാതികമായ സമ്പത്തില്‍ നാലാം സ്ഥാനത്താണ് അമേരിക്ക. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവനുസരിച്ച് യുഎന്‍ഡിപിയുടെ കണക്കുപ്രകാരം 23-ാം സ്ഥാനത്താണ് അമേരിക്ക. അതിന്റെ അര്‍ഥം കോടീശ്വരര്‍ ഏറെയുള്ളപ്പോഴും അമേരിക്കയില്‍ ദരിദ്രരുടെ സംഖ്യ അനുദിനം വര്‍ധിച്ചുവരുന്നു എന്നാണ്.

യൂറോപ്പ്

യൂറോപ്പിലും സ്ഥിതിഗതികള്‍ ഒട്ടും മെച്ചമല്ല. ഗ്രീസിലാണ് ഏറ്റവും ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച. യൂറോ എന്ന യൂറോപ്യന്‍ നാണയം ഡോളറിനേക്കാള്‍ കുറെക്കൂടി സ്ഥിരത നേടിയിട്ടുണ്ടെങ്കിലും അത് കുറഞ്ഞുവരുന്ന ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. അതേസമയം യൂറോപ്പിന്റെ വടക്കുഭാഗത്തുള്ള നോര്‍വേ, സ്വീഡന്‍ , ഡെന്മാര്‍ക്ക് മുതലായ രാജ്യങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ക്ഷേമരാഷ്ട്രനയങ്ങള്‍ പിന്തുടരുന്നത് കാരണം ജീവിത ഗുണമേന്മയിലും മറ്റും അവര്‍ യുഎന്‍ഡിപി റിപ്പോര്‍ട്ടുപ്രകാരം ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു. ഇതില്‍ നോര്‍വേയാണ് ലോകത്തില്‍ ഒന്നാമത്തെ സ്ഥാനം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഓസ്ട്രേലിയക്കാണ്.

ഇന്ത്യ

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഇല്ലാതെ രാജ്യത്തിനു മുന്നേറാന്‍ മറ്റു പോംവഴികള്‍ ഇല്ലെന്ന് ശഠിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.ഇന്ത്യന്‍ കാര്‍ഷികരംഗത്ത് കഴിഞ്ഞ 16 വര്‍ഷത്തിനിടെ രണ്ടരലക്ഷംപേര്‍ കടബാധ്യതയും കാര്‍ഷിക നഷ്ടവും മൂലം ആത്മഹത്യചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ പ്രത്യേകിച്ചും വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഒരു കാലത്തു പതിവായിരുന്നു. ഇടതുപക്ഷസര്‍ക്കാരുകളുടെ കടാശ്വാസ നിയമങ്ങളും മറ്റും കാരണം അത് ഒട്ടൊക്കെ അവസാനിച്ചിരുന്നു. എന്നാല്‍ , രണ്ടുദിവസം മുന്‍പ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ആവര്‍ത്തിച്ചതായി കാണുന്നു.

ഭക്ഷ്യസുരക്ഷ ഇനിയും ഇന്ത്യയില്‍ ഉറപ്പായിട്ടില്ല. മിച്ചം വന്ന ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് സൗജന്യമായി വിതരണംചെയ്യണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേന്ദ്രം തിരസ്കരിച്ചു. വമ്പിച്ച ധാന്യശേഖരം ഉള്ളവരുടെ ചരക്കുകള്‍ക്ക് വിലകുറയുമെന്ന ഭീതിമൂലമാണ് ഈ കടുംകൈ അവര്‍ ചെയ്തത്.

യുഎന്‍ഡിപി റിപ്പോര്‍ട്ടിലെ കാര്‍മേഘത്തില്‍ ഒരു നേരിയ വെള്ളിരേഖ കാണുന്നുണ്ട്. അത്, ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രംഗത്തുള്ള പുരോഗതിയാണ്. അതിനുകാരണം ലോകത്തില്‍ പലയിടത്തും നിലവില്‍ വന്നുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നടപടികള്‍ മൂലമാണെന്ന് കാണാന്‍ വിഷമം ഇല്ല. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയില്‍ . ലാറ്റിന്‍ അമേരിക്കയില്‍ ഇപ്പോഴും ഇടതുപക്ഷ സര്‍ക്കാരുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയില്‍ നാലാം തവണയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ആദ്യത്തെ രണ്ടുവര്‍ഷം നെസ്റ്റര്‍ കിര്‍ച്ച്നെര്‍ ആയിരുന്നു. പിന്നീട് രണ്ടു തവണ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നെര്‍ ആണ് അധികാരത്തിലേറിയത്. അമേരിക്കന്‍ ഐക്യനാടും ചില പാശ്ചാത്യ രാജ്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് അര്‍ജന്റീന എതിരായിരുന്നു. ബറാക് ഒബാമയ്ക്ക് മുന്‍പ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ്, ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ഈ നയങ്ങള്‍ അംഗീകരിപ്പിക്കാന്‍ ബ്യൂണസ് അയേഴ്സില്‍വച്ച് ഒരു സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ , ആ യോഗത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളോടൊപ്പം വലതുപക്ഷ സര്‍ക്കാരുകളും ബുഷിനെ പ്രതിരോധത്തിലാക്കി. സമ്മേളനം തീരുന്നതിനു മുന്‍പ് അദ്ദേഹം വിമാനത്തില്‍ കയറി നാട്ടിലേക്ക് പോകുകയുംചെയ്തു.

ലോകം പൊതുവെ സാമ്പത്തികക്കുഴപ്പത്തില്‍ പെട്ടിരിക്കുമ്പോള്‍ മരുഭൂമിയിലെ പച്ചത്തുരുത്തുകളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ മാതൃക കാട്ടുകയാണ്. ഈ മാറ്റത്തിന്റെ അലകള്‍ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വീശിയടിച്ചതിന്റെ ഫലമാണ് അറബ് വസന്തം എന്നപേരില്‍ അറിയപ്പെടുന്ന ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ . അവിടെയും അമേരിക്ക ഇടങ്കോലിടുകയാണ്. ലിബിയയിലെ നാറ്റോ ഇടപെടലും ഗദ്ദാഫിയുടെ വധവും മറ്റും തെളിയിക്കുന്നത് മറ്റൊന്നല്ല.

ഇറാഖ്

ഈ വര്‍ഷം അവസാനത്തോടെ ഇറാഖില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ,ഒരു സൗജന്യം എന്ന മട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്തിന് ഇറാഖില്‍ ആക്രമണം നടത്തി? എന്തിനു കഴിഞ്ഞ പത്തുവര്‍ഷമായി ഇറാഖില്‍ അവര്‍ മരണം വിതച്ചു? എന്തിന് സദ്ദാം ഹുസൈനെ ക്രൂരമായി വധിച്ചു? എന്നുള്ളതിനൊക്കെ മറുപടി പറയാന്‍ ഒബാമയും കൂട്ടരും ബാധ്യസ്ഥരല്ലേ. ഇറാഖില്‍ മരണവും നാശവുംവിതയ്ക്കാന്‍ പ്രേരിപ്പിച്ചത് അവര്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെ സര്‍വനാശകമായ യുദ്ധസാമഗ്രികള്‍ ശേഖരിച്ചതുകൊണ്ടാണെന്ന് പ്രസിഡന്റ് ജോര്‍ജ്ബുഷ് പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷം ഇറാഖിലെ ഓരോ മണല്‍ത്തരിയും ഇളക്കി നോക്കിയിട്ടും ഈ ആരോപണം തെളിയിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭപോലും നേരത്തെ അറിയിച്ചിരുന്നതാണ് ഇക്കാര്യം.

സാമ്പത്തികത്തകര്‍ച്ചമൂലം പട്ടാളത്തെ പിന്‍വലിക്കേണ്ടിവരും എന്നതാണ് സത്യം. അഫ്ഗാനിസ്ഥാനിലും അവര്‍ക്ക് തുടരാനാവില്ല. സാമ്പത്തികമായി പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന യുഎസിന് ഈ ലോകബാധ്യതകളില്‍നിന്നും ആക്രമണ പ്രവണതകളില്‍നിന്നും പിന്മാറാതെ നിലനില്‍ക്കാന്‍ ആവുകയില്ലെന്ന സത്യമാണ് പുറത്തുവന്നിട്ടുള്ളത്. ഇതൊരു സൗജന്യബുദ്ധിയുടെ തെളിവല്ല. ഗതികേടിന്റെ പ്രഖ്യാപനമാണ്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 05 നവംബര്‍ 2011

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER