My Blog List

Sunday, July 10, 2011

പെട്രോളിയം വിലക്കയറ്റവും നവലിബറല് ഭാഷ്യങ്ങളും

പെട്രോളിയം വിലക്കയറ്റവും നവലിബറല് ഭാഷ്യങ്ങളും
പെട്രോളിയം ഉല്പന്നങ്ങളുടെ ചാക്രികമായ വിലക്കയറ്റത്തിന് പിന്നിലെ കോര്പ്പറേറ്റ് മൂലധന താല്പര്യങ്ങളെ മറച്ചുപിടിക്കുന്ന നുണപ്രചരണങ്ങളാണ് കൗശിക്ബസുവും കേന്ദ്ര സര്ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഉപഭോഗം നിയന്ത്രിക്കുവാനായി സബ്സിഡികള് പൂര്ണ്ണമായും ഒഴിവാക്കണമെന്നുമാണ് നവലിബറല് വാദികള് പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്ക്കറ്റില് ക്രൂഡോയിലിന്റെ വിലയില് സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള് ഇന്ത്യയിലും വിലവര്ദ്ധനവിന് കമ്പനികളെ നിര്ബന്ധിച്ചുകൊണ്ടിരിക്കുമെന്നാണ് മറ്റൊരു വാദം. എന്നാല് , തങ്ങളുടെ കോര്പ്പറേറ്റ് അനുകൂലനയങ്ങളെയും താല്പര്യങ്ങളെയും മറച്ചുപിടിക്കുവാനായി എഴുന്നെള്ളിക്കുന്ന ഇത്തരം പ്രചരണങ്ങള് അങ്ങേയറ്റം യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന കാര്യംപോലും നവലിബറലിസത്തിന്റെ മത്ത് പിടിച്ച കൗശിക്ബസുവും അലുവാലിയയും ഓര്മ്മിക്കുന്നില്ല.

അന്താരാഷ്ട്ര മാര്ക്കറ്റില് ക്രൂഡോയിലിന് ബാരലിന് (160 ലിറ്റര്) 147 ഡോളര് വില ഉള്ളപ്പോള് പെട്രോളിന് ഇന്ത്യയില് 40 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള് ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്ക്കറ്റില് ബാരലിന് 92 ഡോളറിനും 96 ഡോളറിനുമിടയിലായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. 92 രൂപ ബാരലിന് കണക്കാക്കിയാല് ഇവിടെ ലിറ്ററിന് കമ്പനിയുടെ ലാഭമടക്കം പെട്രോള് 26 രൂപക്ക് വില്ക്കാവുന്നതാണ്. എന്നാല് , ഇപ്പോഴത്തെ വര്ദ്ധനവനുസരിച്ച് 65 രൂപയിലധികമായിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില് എണ്ണ വില നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ഇത് ഒമ്പതാമത്തെ തവണയാണ് വില വര്ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം ഖനന - ശുദ്ധീകരണ - വിതരണരംഗത്തെ സ്വകാര്യവല്ക്കരണനയങ്ങളാണ് യഥാര്ത്ഥത്തില് ഇന്ത്യയില് വിലക്കയറ്റത്തിന് കാരണമായത്.

തദ്ദേശീയ ഉപഭോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നത് കൊണ്ട് അന്താരാഷ്ട്ര മാര്ക്കറ്റിലെ വില വ്യത്യാസങ്ങള്ക്കനുസരിച്ച് അടിക്കടി എണ്ണ വില കൂട്ടേണ്ടി വരുമെന്നാണ് നവലിബറല്വാദികള് ആവര്ത്തിക്കുന്നത്. യഥാര്ത്ഥത്തില് പെട്രോളിയം ഉല്പന്നങ്ങള്ക്ക് ഇന്നത്തെ രീതിയില് വിദേശ വിപണിയെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കിയത് ഈ രംഗത്തെ സ്വകാര്യവല്ക്കരണ നയങ്ങളാണ്. 1976ലെ എണ്ണക്കമ്പനികളുടെ ദേശസാല്ക്കരണവും 1948ലെ ഖനനനിയമവും അട്ടിമറിച്ചുകൊണ്ട് ഈ രംഗത്തേക്ക് നാടനും വിദേശിയുമായ സ്വകാര്യ കുത്തകകളെ കടത്തിക്കൊണ്ടുവന്ന കോണ്ഗ്രസ് - ബിജെപി സര്ക്കാരുകളുടെ ഉദാരവല്ക്കരണനയങ്ങളാണ് ഇറക്കുമതിയെ ആശ്രയിച്ച് പെട്രോളിയം ഉല്പന്നങ്ങള് ഉപയോഗിക്കേണ്ട പരാശ്രിതത്വം തീവ്രമാക്കിയത്.

1980കളില് ഒഎന്ജിസി എണ്ണ പര്യവേഷണ, ഖനനരംഗത്തിലും ശുദ്ധീകരണ സാങ്കേതികവിദ്യയിലും വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് എണ്ണപര്യവേഷണ പദ്ധതികള് വികസിപ്പിക്കുകയും എണ്ണ പമ്പ് ചെയ്തു എടുക്കാവുന്ന ഘട്ടത്തിലേക്ക് നിരവധി എണ്ണ ഖനന പദ്ധതികള് പൂര്ത്തീകരിക്കുകയും ചെയ്തു. ഒഎന്ജിസിയുടെ ഉടമസ്ഥതയിലുള്ള ഇത്തരം എണ്ണപ്പാടങ്ങള് നാടന് - വിദേശ കുത്തകകള്ക്ക് ചുളുവിലയ്ക്ക് വില്ക്കുകയാണ് കേന്ദ്ര സര്ക്കാര് ചെയ്തത്. ഇറക്കുമതിക്കുപകരം ആഭ്യന്തര ഉല്പാദനം വര്ദ്ധിപ്പിക്കുന്നതും, ദേശീയമായി ഗവൺമെന്റ് ഉടമസ്ഥതയില് പെട്രോളിയം ഖനന - ശുദ്ധീകരണ - വിതരണ ശൃംഖലകള് പടുത്തുയര്ത്തുന്നതുമായ നയം ഉപേക്ഷിച്ച്, ഇന്ത്യയുടെ പെട്രോളിയം മേഖല വന്കിട കോര്പ്പറേറ്റുകള്ക്ക് അടിയറവെക്കുകയാണ് കേന്ദ്ര സര്ക്കാര് ചെയ്തത്. ബ്രഹ്മപുത്രാതടത്തിലും കൃഷ്ണ - ഗോദാവരിതടത്തിലും മുംബൈ ഹൈയിലുമുള്ള നൂറുകണക്കിന് എണ്ണ പദ്ധതികള് റിലയന്സടക്കമുള്ള കുത്തകകള്ക്ക് വില്ക്കുകയാണ് സര്ക്കാര് ചെയ്തത്. മുക്ത-പന്ന എണ്ണപ്പാടം വെറും 12 കോടി രൂപയ്ക്കാണ് എൻറോണ് പോലുള്ള ഒരമേരിക്കന് കുത്തകകയ്ക്ക് കേന്ദ്ര സര്ക്കാര് വിറ്റത്. 1600 കോടി രൂപ ചെലവഴിച്ച് എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചെടുത്ത മുക്ത-പന്ന എണ്ണക്കിണറുകള് നക്കാപ്പിച്ചയ്ക്കാണ് അമേരിക്കന് കുത്തക തട്ടിയെടുത്തത്. ആഭ്യന്തര ഉല്പാദനത്തെ തകര്ത്ത നയങ്ങളാണ് എണ്ണ ആവശ്യത്തിന് പരിപൂര്ണ്ണമായി അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.
രാജ്യത്തിനകത്ത് ഖനനം നടത്തുന്ന സ്വകാര്യ എണ്ണകമ്പനികളില്നിന്നും അന്താരാഷ്ട്ര വിലയ്ക്ക് തന്നെ ഇന്ത്യന് കമ്പനികള് എണ്ണ വാങ്ങിക്കൊള്ളാമെന്നാണ് സര്ക്കാര് കരാര് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയ്ക്കും അന്താരാഷ്ട്ര വില നല്കണം! എണ്ണക്കമ്പനികള്ക്ക് വില തീരുമാനിക്കുവാന് അധികാരം കൊടുത്തതാണ് തുടര്ച്ചയായ വിലക്കയറ്റത്തിന് കാരണമെന്ന് യുപിഎ സര്ക്കാരിനെ നയിക്കുന്ന കോണ്ഗ്രസ്സുകാര് തന്നെ ഇപ്പോള് വിലപിക്കുന്നുണ്ട്. കൊന്നു തിന്നുന്നവര് തന്നെ കണ്ണീരൊഴുക്കുന്നു!

1976ല് ഇറക്കുമതിക്ക് തുല്യമായ വിലയിടല് (ഇംപോര്ട്ട് പാരിറ്റി പ്രൈസിംഗ് സിസ്റ്റം) എടുത്തുകളഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് സിസ്റ്റം കൊണ്ടുവന്നതാണ്. ഇത് വില നിശ്ചയിക്കുവാനുള്ള അധികാരം സര്ക്കാരില് നിക്ഷിപ്തമാക്കിയ നടപടിയായിരുന്നു. ഐഎംഎഫ് - ലോകബാങ്ക് സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങിയാണ് കമ്പനികളുടെ കടിഞ്ഞാണില്ലാത്ത കൊള്ളയ്ക്കായി ഇറക്കുമതിക്ക് തുല്യമായ വിലയിടല് പുനഃസ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എണ്ണക്കമ്പനികളുടെ സര്വ്വതന്ത്ര സ്വതന്ത്രമായ കൊള്ളയ്ക്കുള്ള അനുമതി നല്കിയ നയങ്ങളെ മറച്ചുപിടിച്ച് സബ്സിഡി നല്കുന്നതാണ് ഉപഭോഗം കൂടാന് കാരണമെന്നും ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും കേന്ദ്ര സര്ക്കാരിന്റെ പ്രതിനിധികള് പ്രചരിപ്പിക്കുകയാണ്. ലോകബാങ്ക് മേധാവി റോബര്ട്ട് സ്വല്ലിക്കും അമേരിക്കന് ഊര്ജ്ജകാര്യ സെക്രട്ടറിയും തുടര്ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം അന്താരാഷ്ട്ര വിപണിയില് ഊര്ജ്ജക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം ഇന്ത്യക്കാരും ചൈനക്കാരും എണ്ണ ഉപഭോഗം വര്ദ്ധിപ്പിച്ചതാണെന്നാണ്. ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമായി ബുഷും കൊണ്ടലീസ റൈസും നേരത്തെ പറഞ്ഞത് ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷ്യോപഭോഗം കൂട്ടിയതാണെന്നാണല്ലോ. ലോകജനസംഖ്യയുടെ വെറും 5 ശതമാനം വരുന്ന അമേരിക്കയുടെ പെട്രോളിയം ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 30 ശതമാനത്തിലേറെയാണ്. എന്നാല് , ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന ഇന്ത്യയുടെ എണ്ണ ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 5 ശതമാനം മാത്രമാണ്.

അന്താരാഷ്ട്ര മാര്ക്കറ്റിലെ ക്രൂഡ്ഓയിലിന്റെ വിലക്കയറ്റത്തിന് മുഖ്യ ഉത്തരവാദി പെട്രോളിയം രംഗത്ത് കുത്തക സ്ഥാപിച്ചിരിക്കുന്ന അമേരിക്കന് കോര്പ്പറേറ്റുകളാണ്. അന്താരാഷ്ട്രരംഗത്തെ പെട്രോളിയം വിലവര്ദ്ധനയ്ക്ക് എപ്പോഴും കാരണമായി എണ്ണക്കമ്പനികളും നവലിബറല് പണ്ഡിതന്മാരും ചൂണ്ടിക്കാട്ടാറുള്ളത് എണ്ണ ഉല്പാദന രാജ്യങ്ങള് ഉല്പാദനം കുറയ്ക്കുന്ന പ്രതിഭാസത്തെയാണ്. എണ്ണസ്രോതസ്സിന്റെ ശേഷി കുറയുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില് പല എണ്ണ ഉല്പാദകരാജ്യങ്ങളും ഉല്പാദനം കുറയ്ക്കാറുണ്ട്. എന്നാല് ഒപ്പെക് രാജ്യങ്ങളുടെ പരമാധികാരത്തെയും ദേശീയ താല്പര്യങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് എണ്ണശേഖരങ്ങള്ക്കുവേണ്ടിയുള്ള അക്രമാസക്തമായ കടന്നുകയറ്റങ്ങളാണ് അമേരിക്കന് ഭരണകൂടം എക്കാലവും നടത്തിപ്പോന്നത്. മുതലാളിത്ത ഉല്പാദനവും ഉപഭോഗവ്യവസ്ഥയും സൃഷ്ടിച്ച ലാഭാര്ത്തമായ വികസനമാണ് വിവേചനരഹിതമായ പ്രകൃതി വിഭവങ്ങളുടെയും എണ്ണസ്രോതസ്സുകളുടെയും ചൂഷണത്തിന് ഗതിവേഗം കൂട്ടിയത്.

പെട്രോളിയം വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് ലോകബാങ്ക് വിദഗ്ദ്ധര് പറയുന്നത് ഇന്ത്യയും ചൈനയും പെട്രോളിയം ഉല്പന്നങ്ങള്ക്ക് സബ്സിഡി നല്കുന്നത് മൂലമാണ് ആ രാജ്യങ്ങളില് ഉപഭോഗം കൂടുന്നതെന്നാണ്. പെട്രോളിയം ഉല്പന്നങ്ങള്ക്ക് സര്ക്കാര് നല്കുന്ന സബ്സിഡികള് ഒഴിവാക്കി വികസ്വര രാജ്യങ്ങളിലെ ഉപഭോഗം കുറയ്ക്കണമെന്നാണ് ലോകബാങ്കും അമേരിക്കന് ഭരണകൂടവും നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയുടെ ഉല്പാദനം അതിന്റെ പാരമ്യത്തിലെത്തിയെന്നും വരാന് പോകുന്ന എണ്ണയുടെ ആവശ്യത്തെ നേരിടാന് പറ്റാത്ത പ്രതിസന്ധിയിലാണ് ലോകമെന്നുമാണ് ലോകബാങ്ക് താക്കീത് ചെയ്യുന്നത്.
അന്താരാഷ്ട്രരംഗത്തെ എണ്ണ ഉപഭോഗം കൂട്ടിയതും വിലക്കയറ്റം സൃഷ്ടിച്ചതും എണ്ണ ഉല്പാദന വിതരണ രംഗത്തെ അന്താരാഷ്ട്ര കുത്തകകളാണ്. ഈ യാഥാര്ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് പെട്രോളിയത്തിന്റെ ലഭ്യതയിലെ കുറവ് കാണിച്ചുകൊണ്ടും വര്ദ്ധിച്ചു വരുന്ന ആവശ്യത്തെ മുന്നിര്ത്തിക്കൊണ്ടും വിലവര്ദ്ധനവ് അനിവാര്യമായൊരു കാര്യമാണെന്ന് സമര്ത്ഥിച്ചുകൊണ്ടിരിക്കുന്നത്. ഡിമാന്റ്-സപ്ലൈ തിയറി അവതരിപ്പിച്ചുകൊണ്ട് വിലക്കയറ്റം അനിവാര്യമാണെന്ന് പറയുന്നവര് വര്ത്തമാനകാലത്തെ ഊര്ജ്ജ പ്രതിസന്ധിക്ക് പിറകിലെ യഥാര്ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. സമ്പത്തുല്പാദനത്തിന്റെയും വിപണനത്തിന്റെയും മണ്ഡലങ്ങളിലെ കോര്പ്പറേറ്റ് മൂലധനാധിപത്യമാണ്
വിലക്കയറ്റത്തിനും ഉല്പാദന മാന്ദ്യത്തിനും കാരണമെന്ന സത്യത്തെയാണ് ലോകബാങ്ക് പഠനങ്ങളും നവലിബറല് പണ്ഡിതന്മാരും ഒരേപോലെ മൂടിവെയ്ക്കുന്നത്. ആഗോള കോര്പ്പറേറ്റ് അധീശത്വത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് സാമ്രാജ്യത്വമൂലധന വ്യവസ്ഥ അതിന്റെ അതിജീവനവും കൊള്ളയും ലോകജനതയ്ക്കുമേല് അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലക്കയറ്റത്തിന്റെ യഥാര്ത്ഥ കാരണങ്ങളെയും മുതലാളിത്ത ഉല്പാദന വ്യവസ്ഥയുടെ നൈസര്ഗ്ഗികമായ ദൗര്ബല്യങ്ങളെയും മറച്ചുപിടിക്കുന്ന പ്രചരണ വിദ്യകളിലൂടെയാണ് ആഗോള എണ്ണ കുത്തകകള് തങ്ങളുടെ ദുരമൂത്ത ലാഭതാല്പര്യങ്ങളുടെ ഫലമായ വിലവര്ദ്ധനയെ അനിവാര്യമായൊരു നടപടിയായി വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകജനതയുടെ ഊര്ജ്ജാവശ്യം പരിഹരിക്കുവാന് കഴിയുന്ന രീതിയില് ശാസ്ത്രീയമായ ഊര്ജ്ജ ഉല്പാദനം വര്ദ്ധിപ്പിക്കുന്നതിന് തടസ്സം സാമ്രാജ്യത്വ ഉല്പാദന വ്യവസ്ഥയാണ്. കമ്പോളോന്മുഖമായ ഉല്പാദനക്രമത്തിന്റെ അനിവാര്യമായൊരു സൃഷ്ടിയാണ് ഇന്നത്തെ പ്രതിസന്ധിയും വിലക്കയറ്റവും.
മുതലാളിത്തം സൃഷ്ടിച്ച വര്ദ്ധിച്ച ആവശ്യങ്ങളെയും ഉപഭോഗാസക്തിയെയുമെല്ലാം മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങള്ക്ക് നല്കുന്ന സബ്സിഡി അവസാനിപ്പിച്ചും ഉപഭോഗം കുറച്ചും നേരിടാമെന്ന് വാദിക്കുന്നവര് ആഗോള കോര്പ്പറേറ്റ് ആധിപത്യത്തിന്റെ ക്രൂരന്മാരായ അഭിഭാഷകരോ മാപ്പുസാക്ഷികളോ മാത്രമാണ്. മുതലാളിത്ത ഉല്പാദന വിപണനവ്യവസ്ഥയുടെ അടിസ്ഥാനനിയമം തന്നെ ലഭ്യതയില് കുറവ് കാണിച്ച് ഡിമാന്റ് സൃഷ്ടിച്ച് വില ഉയര്ത്തുകയും വില വര്ദ്ധിപ്പിച്ച് സപ്ലൈ കൂട്ടുകയുമാണ്. ആഗോള പെട്രോളിയം കുത്തകകള് എണ്ണയുടെ ലഭ്യതയില് കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്ക്കറ്റില് വിലക്കയറ്റം സൃഷ്ടിച്ച് എണ്ണ വിപണനത്തിലൂടെയുള്ള ഒരാഗോള കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 135,000ത്തിലേറെ ആധുനിക ഉപഭോഗ വസ്തുക്കളുടെ നിര്മ്മിതിയിലെ അസംസ്കൃത പദാര്ത്ഥവും അടിസ്ഥാന വിഭവവുമാണ് ക്രൂഡ്ഓയില് . അതുകൊണ്ടുതന്നെ എണ്ണ വിലക്കയറ്റം ജീവിതത്തിന്റെ സമസ്ത ആവശ്യങ്ങളുടെയും സാധനങ്ങളുടെയും വിലയും ചാര്ജ്ജും വര്ദ്ധിക്കുന്നതിലേക്കാണ് എത്തിക്കുക. എണ്ണയ്ക്കും ആഗോള സാമ്പത്തികക്രമത്തിനുംമേല് ആധിപത്യമുറപ്പിച്ചിരിക്കുന്ന മുതലാളിത്ത കോര്പ്പറേറ്റ് വൃന്ദത്തിന്റെ ലാഭമോഹങ്ങളും ചൂഷണതന്ത്രങ്ങളുമാണ് വിലക്കയറ്റത്തിനും അതിന്റെ പരിണതിയായ ജീവിത ദുരന്തങ്ങള്ക്കും അടിസ്ഥാനമായിരിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയെന്നത് ലാഭപ്രചോദിതമായൊരു ഉല്പാദന - വിതരണ ക്രമമാണ്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ലഭ്യതയില് (supply)കുറവ് കാണിച്ച് ആവശ്യം (Demand)സൃഷ്ടിച്ച് വില ഉയര്ത്തുകയെന്നതാണ് അതിന്റെ അടിസ്ഥാനനിയമം തന്നെ. കേം ബ്രിഡ്ജ് എനര്ജി റിസര്ച്ച് അസോസിയേഷന്റെ 2006ലെ ഒരു പഠനം ചൂണ്ടിക്കാട്ടിയത് വരുംവര്ഷങ്ങളില് എണ്ണ ഉല്പാദനം 15 ദശലക്ഷം ബാരലായി ഉയരുമെന്നാണ്. കഴിഞ്ഞ 125 വര്ഷം കൊണ്ട് 1000 കോടി ബാരല് ഉപയോഗിച്ചിരുന്ന സ്ഥാനത്ത് വരാന് പോകുന്ന 30 വര്ഷംകൊണ്ട് 1000 കോടി ബാരലിന്റെ ഉപയോഗം ഉണ്ടാകുമെന്നാണ് ലോകബാങ്ക് വിദഗ്ദ്ധന്മാര് ചൂണ്ടിക്കാട്ടുന്നത്. എണ്ണയുടെ അറിയപ്പെടുന്ന വിഭവശേഖരം (proven reserves) എന്നാല് ഇന്നത്തെ സാഹചര്യത്തില് ലഭ്യമായ എണ്ണ സ്രോതസ്സ് എന്നത് മാത്രമല്ല. 1968ല് അമേരിക്കയില് കണ്ടെടുക്കപ്പെട്ട എണ്ണശേഖരം 4000 കോടി ബാരല് ആണത്രേ. ഭൂഗര്ഭ ശാസ്ത്രജ്ഞന്മാരുടെ പഠനമനുസരിച്ച് യഥാര്ത്ഥത്തില് അമേരിക്കയില് 15000 കോടി ബാരല് എണ്ണ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. യഥാര്ത്ഥത്തില് എണ്ണശേഖരത്തിലും അത് ഖനനം ചെയ്ത് എടുക്കുവാനുള്ള പര്യവേഷണ പരിപാടികളിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന കോര്പ്പറേറ്റ് മൂലധന ശക്തികള് എണ്ണയുടെ ലഭ്യതയില് കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്ക്കറ്റില് ഡിമാന്റ് സൃഷ്ടിച്ച് വില വര്ദ്ധിപ്പിക്കുകയാണ്.

വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ലോകത്തില് ഇന്ന് ലഭ്യമായ എണ്ണയെന്നത് അത് കണ്ടെത്തുവാനുള്ള ഉപാധികളെയും ചെലവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമായ എണ്ണയുടെ അളവ്

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER