എരിതീയില് എണ്ണയൊഴിക്കുന്നു
Published on Sat, 06/25/2011 - 23:33 ( 1 week 3 days ago)
പ്രഫ. കെ. അരവിന്ദാക്ഷന്
(+)(-) Font Size
ShareThis
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്ധന ഏത് നിമിഷവും, ഡെമോക്ലസിന്റെ ഖഡ്ഗം പോലെ, ഇന്ത്യന് ജനതയുടെ ശിരസ്സിന് മുകളില് കടുത്തൊരു ഭീഷണിയായി കഴിഞ്ഞ ഒന്നര വര്ഷക്കാലമായി നിലനിന്നുവരുകയായിരുന്നല്ലോ. ആഗോളീകരണ നയങ്ങളുടെ ഭാഗമായി ഇന്ത്യന് സമ്പദ്വ്യവസ്ഥ പിന്നിട്ട രണ്ട് ദശകക്കാലത്തിനിടയില് ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്ക്ക് തുടര്ച്ചയായി വഴങ്ങിക്കൊടുക്കുകയും ചെയ്തുവന്നിരുന്നു. ഇതിന് പുറമെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിര്ണയത്തിന്റെ ചുമതലയില് നിന്ന് സര്ക്കാര് തീര്ത്തും പിന്വലിയുകയും ഈ അധികാരം വിപണി ശക്തികള്ക്ക് വിട്ടുകൊടുക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതല് ഗുരുതരമായി രൂപാന്തരപ്പെടുകയാണുണ്ടായിരിക്കുന്നത്. പൊതു-സ്വകാര്യ ആവശ്യങ്ങള്ക്കായുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വിശിഷ്യ ഡീസലിന്റെ ഉപഭോഗം വന്തോതില് വര്ധിച്ചതിന്റെ പരിണിത ഫലമെന്ന നിലയില് ഇന്ത്യ ഇപ്പോള് ആഭ്യന്തരാവശ്യങ്ങള്ക്കായുള്ള അസംസ്കൃത പെട്രോളിയത്തിന്റെ 50 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യാന് നിര്ബന്ധിതമായിട്ടുമുണ്ട്. മറ്റ് വികസ്വര രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള് എട്ട്-ഒമ്പത് ശതമാനം വരെ ജി.ഡി.പി വളര്ച്ചനിരക്ക് നിലനിര്ത്തുകയെന്ന ലക്ഷ്യം ഏത് വിധേനയും യാഥാര്ഥ്യമാക്കാനുള്ള വ്യഗ്രതയില് പെട്രോളിയം വിനിയോഗം കുറക്കാന് നിര്വാഹമില്ലാത്തൊരു അവസ്ഥാവിശേഷവും ഇന്ത്യയില് നിലനില്ക്കുന്നു. ഇന്ധനമെന്ന നിലയില് വൈദ്യുതിയും ആണവോര്ജവും കണ്ടെത്തുന്നതിലും വ്യാപകമായി വിനിയോഗിക്കുന്നതിലും നമുക്ക് പരിമിതികളേറെയുണ്ടെന്നതും വസ്തുതയാണ്. ഗതാഗതാവശ്യങ്ങള്ക്കായി, പൊതുഗതാഗത സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിലും ഇന്ത്യ വേണ്ടത്ര ഊന്നല് നല്കിയിട്ടുമില്ല. ഇതിന്റെ ഫലമായി പെട്രോളും ഡീസലും പ്രകൃതിവാതകവും അമിതമായ തോതില് വിനിയോഗിക്കേണ്ടിവരുന്ന സ്വകാര്യ ആഡംബര വാഹനങ്ങളുടെ അഭൂതപൂര്വമായ പെരുപ്പവും പെട്രോളിയം ഉപഭോഗ വര്ധനക്ക് ഇടയാക്കിയിട്ടുണ്ടെന്ന സാഹചര്യവും നാം തിരിച്ചറിയാതിരുന്നുകൂടാ. ഇന്ത്യയെപോലെ തന്നെ, ചൈനയും പെട്രോളിയം ക്ഷാമം നേരിടുന്നുണ്ടെങ്കിലും ആ രാജ്യത്ത് പൊതുഗതാഗത സംവിധാനങ്ങള് നമ്മുടെ രാജ്യത്തേക്കാള് മേന്മയേറിയതാണെന്നതിന് പുറമെ, സ്വകാര്യ ആഡംബര വാഹനങ്ങളുടെ വിനിയോഗം കര്ശന നിയന്ത്രണങ്ങള്ക്ക് വിധേയമാക്കപ്പെട്ടിട്ടുമുണ്ട്.
മുകളില് സൂചിപ്പിച്ച സാഹചര്യങ്ങള് നിലവിലുണ്ടെന്നത് അംഗീകരിക്കുമ്പോള് തന്നെ, കുതിച്ചുയരുന്ന വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ഫലമായി നട്ടംതിരിയുന്ന ജനങ്ങളുടെ മേല് അമിതഭാഗം കയറ്റിവെക്കാന് ഇടയാക്കുന്ന തോതില് പെട്രോള് ഒഴികെയുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ കുത്തനെയുള്ള വിലവര്ധന നടപ്പാക്കാന് ഒരുമ്പെടുന്ന കേന്ദ്ര ത്തിന്റെ തീരുമാനം എരിതീയില് എണ്ണയൊഴിക്കുന്നതിന് സമാനമാണ് എന്നുതന്നെ വേണം വിശേഷിപ്പിക്കാന്. കേന്ദ്ര സര്ക്കാര് പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം, രാജ്യത്തെ ഭക്ഷ്യവില സൂചിക 9.13 ശതമാനമാണെന്ന് കാണുന്നു. തികച്ചും ആശങ്കാജനകമാണ് ഈ സ്ഥിതിവിശേഷമെന്ന് റിസര്വ് ബാങ്ക് (ആര്.ബി.ഐ) വൃത്തങ്ങള് നേരത്തെ തന്നെ പറഞ്ഞിരുന്നതാണെങ്കിലും, ഏതാനും ദിവസങ്ങള്ക്ക് മുമ്പ് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്ജി തന്നെ ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിധിവൈപരീത്യമെന്നുതന്നെ പറയട്ടെ, മുഖര്ജി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ ഉപസമിതിയാണ് ഡീസലിന്റെ വില മൂന്ന് രൂപയും മണെ്ണണ്ണയുടെ വില ലിറ്ററിന് രണ്ട് രൂപയും ഇന്ത്യന് ജനസംഖ്യയുടെ ഉദ്ദേശം 30-35 ശതമാനം പേര് ഗാര്ഹിക പാചകാവശ്യങ്ങള്ക്കായി വിനിയോഗിക്കുന്ന എല്.പി.ജിയുടെ വില സിലിണ്ടര് ഒന്നിന് 50 രൂപയും ഉയര്ത്തിയിരിക്കുന്നത്. 2011 ജൂണ് 24 അര്ധരാത്രി മുതലാണ് ഈ വര്ധന നിരക്കുകള് പ്രാബല്യത്തില് വന്നിട്ടുള്ളത്. എന്നാല്, അദ്ഭുതകരമെന്നു പറയട്ടെ, കേന്ദ്ര സര്ക്കാറിന്റെ ഈ ജനദ്രോഹ പ്രഖ്യാപനം പുറത്തുവന്ന സമയത്തുതന്നെയാണ് ആഗോള വിപണിയില് അസംസ്കൃത പെട്രോളിയത്തിന്റെ വില ബാരലൊന്നിന് അഞ്ച് ഡോളര് താണ് 94.7ല്നിന്ന് 89.69 ഡോളറിലെത്തിയതും. വസ്തുത ഇതായിരിക്കെ, നമ്മുടെ മനസ്സില് സ്വാഭാവികമായും ഉയര്ന്നുവരുന്നൊരു ചോദ്യം, ഇപ്പോഴത്തെ തോതിലുള്ളൊരു നിരക്കു വര്ധന ഒഴിവാക്കാന് കഴിയുമായിരുന്നില്ലേ എന്നാണ്.
കേന്ദ്ര സര്ക്കാറിന്റെ വാദഗതി എന്താണെന്നോ? സാധാരണക്കാര്ക്ക് മേലുണ്ടാകുമായിരുന്ന അധികഭാരം ഭാഗികമായി ലഘൂകരിക്കാന് സര്ക്കാര് ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമെന്ന നിലയിലാണ് അഞ്ച് ശതമാനം കസ്റ്റംസ് തീരുവാ ഇളവുകള് പെട്രോളിയം ഉല്പന്നങ്ങള്ക്ക് അനുവദിക്കുന്നതിന് പുറമെ, ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 4.60 രൂപയില്നിന്ന് രണ്ട് രൂപയായി ഇളവ് നല്കിയിട്ടുള്ളതെന്നുമാണ് ധനമന്ത്രി പ്രണബ് പ്രസ്താവിച്ചിരിക്കുന്നത്. ഈ രണ്ട് നടപടികളുടെയും ഫലമായി കേന്ദ്ര സര്ക്കാറിന് താങ്ങേണ്ടിവന്നിട്ടുള്ള റവന്യൂ നഷ്ടം 49,000 കോടി രൂപയുമാണ്. ഈ നടപടികള് ഒരു ഔദാര്യമായി കാണണമത്രെ! അതേ അവസരത്തില് മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്ക്ക് പുതിയ നിരക്ക് വര്ധനകള് വഴി 21,000 കോടി രൂപയോളം നേട്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ടെങ്കില്തന്നെയും അവക്ക് യഥാര്ഥ തോതിലുള്ള വര്ധന അനുവദിക്കാത്തതിനെ തുടര്ന്ന് നേരിടേണ്ടിവരുന്ന നഷ്ടം 2011-12ല് മാത്രം 1,70,140 കോടി രൂപയില്നിന്ന് 1,20,000 കോടിയായി കുറക്കാനേ പുതിയ സാഹചര്യത്തിലും സാധ്യമായിട്ടുള്ളൂ എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതായത്, ഇന്ത്യയിലെ പൊതുമേഖല, എണ്ണ സംസ്കരണം-വിപണന കമ്പനികളായ ഇന്ത്യന് ഓയില്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന് പെട്രോളിയം എന്നിവ സാമ്പത്തിക നഷ്ടം സഹിച്ചും പ്രവര്ത്തനം തുടരുന്നു എന്നാണ്. രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണവിലയിലുണ്ടായിരിക്കുന്ന വര്ധനയെ തുടര്ന്ന് യഥാര്ഥത്തില് ഡീസല് വിലയില് ലിറ്ററിന് 16.17 രൂപ നിരക്കിലും എല്.പി.ജി വില്പനയില് സിലിണ്ടറൊന്നിന് 324.73 രൂപയും എണ്ണ കമ്പനികള് സഹിച്ചുവരുകയാണത്രെ!
നികുതി കൂടി ചേര്ത്താല് ഡീസല് വില്പനയിലുണ്ടാകുന്ന നഷ്ടം ലിറ്ററൊന്നിന് 18.19 രൂപയാണ്. മണെ്ണണ്ണയുടെ വില്പനയിലുണ്ടാകുന്ന നഷ്ടമോ, ലിറ്ററിന് 26.69 രൂപയുമാണ്. എന്താണിത്തരം കണക്കുകള് നിരത്തുന്നതിലൂടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നതെന്നോ? പെട്രോളിയം ഉല്പന്നങ്ങളായ പെട്രോള്, ഡീസല്, എല്.പി.ജി, മണെ്ണണ്ണ എന്നിവയുടെ വിലവര്ധന ഇനിയും നടത്താനുള്ള മുന്കൂര് ജാമ്യമെടുക്കല് തന്നെയാണ്. പെട്രോളിയം വില വര്ധനാ ഭീഷണി തുടര്ന്നും ഡെമോക്ലസിന്റെ വാള് എന്ന നിലയില് ഇന്ത്യന് ജനതക്കുമേല് തൂങ്ങി നില്ക്കുന്നവെന്നര്ഥം.
ഏതാനും ചില പൊതുമേഖലാ എണ്ണ കമ്പനികളും സ്വകാര്യ കുത്തക കമ്പനിയായ റിലയന്സും ചേര്ന്ന് ഇന്ത്യന് ജനതക്ക് നേരെ നടത്തിവരുന്ന പകല്ക്കൊള്ള നാം വിസ്മരിക്കരുത്. ഈ കൊള്ളയുടെ ചെറിയൊരംശം മാത്രമാണ് സി.എ.ജിയുടെ ഏറ്റവുമൊടുവിലത്തെ റിപ്പോര്ട്ടിന്റെ വെളിപ്പെടുത്തലുകള്. പൊതുമേഖലാ എണ്ണ കമ്പനികളുടെ 'അണ്ടര് റിക്കവറീസ്' മറയാക്കി കോടികളുടെ ലാഭം തട്ടിയെടുക്കുന്നത് റിലയന്സും കൂട്ടാളികളുമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് സി.എ.ജി റിപ്പോര്ട്ട് നല്കുന്ന സൂചനയും മുന്നറിയിപ്പും. മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികള്ക്കും അവ വിപണിയിലിറക്കുന്ന ഉല്പന്നങ്ങള്ക്കും ഇപ്പോള് തന്നെ നല്ല പ്രചാരമുണ്ട്, വിശ്വാസ്യതയുണ്ട്, 'ഗുഡ്വില്ലും' ഉണ്ട്. എന്നിട്ടും പിന്നെ എന്തിനാണ് ഓരോ വര്ഷവും 20,000 കോടിയോ അതിലേറെയോ തുക പരസ്യപ്രചാരണങ്ങള്ക്കായി ചെലവാക്കുന്നത്? ഈ ധാരാളിത്തത്തിലൂടെ അവക്കുണ്ടാകുന്നുവെന്നവകാശപ്പെടുന്ന നഷ്ടം പൊതുജനത്തിന്റെ ചുമലില് കെട്ടിവെക്കുന്നതിന് പകരം സ്വയം നികത്താന് ശ്രമിക്കുന്നതല്ലേ കരണീയം? വന്തോതില് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്ന ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള് സ്ഥാപനങ്ങളുടെ കളങ്കം വര്ധിപ്പിക്കുകയല്ലേ ചെയ്യുന്നത്? കേന്ദ്ര സര്ക്കാര് ജീവനക്കാര്ക്കുള്ള ലീവ് ട്രാവല് സൗജന്യങ്ങള് ഇന്ത്യക്കകത്തു മാത്രം ഒതുക്കിത്തീര്ക്കുകയും അവ വിനിയോഗിക്കാനുള്ള അര്ഹത മൂന്ന് വര്ഷത്തിലൊരിക്കല് എന്നാക്കി പരിമിതപ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്ക്കാര്, പൊതുമേഖലാ എണ്ണ കമ്പനികളെ ഈ വിഷയത്തില് കൂടുതല് ഉദാരമായ സമീപനം സ്വീകരിക്കാന് അനുവദിച്ചിരിക്കുകയാണ്. ഈ കമ്പനികളുടെ വലിയൊരു വിഭാഗം ജീവനക്കാര്ക്കും രണ്ടു വര്ഷത്തിലൊരിക്കല് സകുടുംബം വിദേശ യാത്ര നടത്താന് പണവും അവധി സൗകര്യങ്ങളും വിനിയോഗിക്കാന് നിലവില് വ്യവസ്ഥയുണ്ടെന്നാണ് അറിയുന്നത്.
ഇതെല്ലാം ഒരു പരിധി വരെ നിയന്ത്രിക്കാനായാല് അതായിരിക്കില്ലേ നഷ്ടം നികത്തുന്നതിനും സബ്സിഡി ബാധ്യത കുറക്കുന്നതിനും കുറഞ്ഞ നിരക്കില് പെട്രോളിയം ഉല്പന്നങ്ങള് ഇന്ത്യന് ജനതക്ക് ലഭ്യമാക്കുന്നതിനും ഏറെ സഹായകമാവുക? ഈ ദിശയില് ചിന്തിക്കാനും പ്രവര്ത്തിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര യു.പി.എ ഭരണകൂടത്തിനില്ലെന്ന നിഗമനത്തിലാണ് നമുക്ക് എത്തിച്ചേരാന് കഴിയുക.

No comments:
Post a Comment