അന്താരാഷ്ട്ര വിപണിയില് എണ്ണവില താഴോട്ട്; ഇവിടെ എരിതീയില് എണ്ണ
Posted on: 26 Jun 2011
ഡി.ശ്രീജിത്ത്
ന്യൂഡല്ഹി: വിലക്കയറ്റം ക്ഷണിച്ചുവരുത്തി കേന്ദ്രം ഡീസലിനും പെട്രോളിനും വില കൂട്ടുമ്പോള് അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണയുടെ വില കുറയുന്നു.
കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണ വിലയായ ബാരലിന് 91.25 ഡോളറില് അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണ വില എത്തിയ സമയത്താണ് പാചകവാതകത്തിന് 50 രൂപയും ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും വര്ധിപ്പിക്കാന് കേന്ദ്രം എണ്ണക്കമ്പനികള്ക്ക് അനുമതി നല്കിയത്.
ആറു കോടി ബാരല് അസംസ്കൃത എണ്ണ കരുതല് പെട്രോളിയം ശേഖരത്തില് നിന്ന് വിട്ടുനല്കാന് അന്തരാഷ്ട്ര ഊര്ജ ഏജന്സി വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. ചരിത്രത്തില് രണ്ട് തവണ മാത്രമാണ് ഇത്തരത്തില് കരുതല് ശേഖരത്തില് നിന്ന് അസംസ്കൃത എണ്ണ വിട്ടുനല്കിയിട്ടുള്ളത്. 1990 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്തും 2005-ലെ കത്രീന കൊടുങ്കാറ്റിന്റെ സമയത്തുമാണിത്. ഇതേ തുടര്ന്ന് എണ്ണവില കുത്തനെ കുറഞ്ഞിരുന്നു. ഇത്തരത്തില് എണ്ണവില അന്താരാഷ്ട്ര വിപണിയില് കുറയാന് സാധ്യതയിരിക്കേയാണ് കേന്ദ്രം ഡീസലിനും പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും വിലവര്ധിപ്പിക്കാന് കമ്പനികള്ക്ക് അനുമതി നല്കിയത്.
അന്താരാഷ്ട്ര ഊര്ജ ഏജന്സിയുടെ ഈ തീരുമാനത്തെ തുടര്ന്ന് അഭ്യൂഹങ്ങള് പരക്കുന്നതിനിടെയാണ് വെള്ളിയാഴ്ച എണ്ണവില ഇടിഞ്ഞത്. ഏപ്രില് 29ന് 130 ഡോളര് കടന്ന എണ്ണവില 20 ശതമാനത്തോളമാണ് ഇപ്പോള് കുറഞ്ഞത്. എണ്ണഖനനത്തില് മുന് നിരയില് നില്ക്കുന്ന രാജ്യങ്ങളിലൊന്നായ ലിബിയയിലുണ്ടായ രാഷ്ട്രീയ അനശ്ചിതാവസ്ഥയാണ് കഴിഞ്ഞ മാസങ്ങളില് പെട്രോളിയം വില കൂടാന് കാരണമായത്. ഈ സാഹചര്യത്തിലാണ് കരുതല് ശേഖരത്തില് ലോകവ്യാപകമായി എണ്ണനല്കാനുള്ള തീരുമാനം. എണ്ണ ഉത്പാദനം കൂട്ടുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനവും വില ഇനിയും കുറയാനുള്ള സാധ്യതയാണ് വിപണിയില് ഉണ്ടാക്കിയത്.
അന്താരാഷ്ട്ര നിരക്കിന് അനുസരിച്ച് ലാഭമുണ്ടാക്കാന് എണ്ണക്കമ്പനികള്ക്ക് കഴിയാത്തത് നഷ്ടമായി കണക്കാക്കി നിശ്ചയിക്കുന്ന അണ്ടര്റിക്കവറി പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള് സര്ക്കാര് വിലവര്ധനക്ക് അനുമതി നല്കിയത്. അന്താരാഷ്ട്ര വിപണിയില് എണ്ണവില 91 ഡോളറിനപ്പുറമെത്തിയാല് നഷ്ടമാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല് ഭീമമായ നികുതിയിളവ് വരുത്താനും സെസ്സുകള് കുറയ്ക്കാനും പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്ക്കാര് വഴങ്ങിയിട്ടില്ല.
വിലക്കയറ്റ സൂചിക രണ്ടക്കത്തിലെത്തിലെത്താറായ സാഹചര്യത്തിലാണ് ഈ വിലവര്ധന എന്നത് സാധാരണക്കാരന് ഇരുട്ടടിയാവുന്നു. ഡീസല് വിലയിലുള്ള വര്ധന പണപ്പെരുപ്പത്തിന്റെ 30 അടിസ്ഥാന പോയന്റുകളില് നേരിട്ടു വര്ധനയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നത്. 100 പോയന്റ് വര്ധിക്കുമ്പോള് പണപ്പെരുപ്പം ഒരു ശതമാനം ഉയരും. വിലവര്ധനയുടെഫലങ്ങള് കണക്കിലെടുക്കുമ്പോള് ഒരു ശതമാനം വരെ ഡീസല് വിലവര്ധന എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടാക്കും. പച്ചക്കറികള്ക്കും പഴവര്ഗ്ഗങ്ങള്ക്കും മറ്റ് ഭക്ഷ്യവസ്തുക്കള്ക്കും മുതല് വ്യവസായ ഉത്പന്നങ്ങള്ക്ക് വരെ ഇതു ബാധിക്കും. രാജ്യത്തെ മൊത്തവില സൂചികയില് എപ്പോഴും 4.67 ശതമാനത്തിന്റെ ചലനം സൃഷ്ടിക്കാന് ഏതു ഡീസല് വിലവര്ധനയ്ക്കും സാധിക്കും. നിര്മാണമേഖലയിലും കാര്ഷികമേഖലയിലും ഡീസല് ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം പാചകവാതകത്തിന്റെ 50 രൂപ വര്ധനയും മണ്ണെണ്ണയുടെ രണ്ട് രൂപവര്ധനയും മൂലം പണപ്പെരുപ്പം അടുത്ത ആഴ്ചകളില് 10 ശതമാനം കടക്കുമെന്നതില് സംശയമില്ല.
കഴിഞ്ഞ ഒരു വര്ഷമായി പണപ്പെരുപ്പം ഉയര്ന്നുതന്നെയാണ് നില്ക്കുന്നത്. നിരന്തരം ഉയരുന്ന എണ്ണവില ഈ പണപ്പെരുപ്പത്തില് പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. ഭക്ഷ്യഉത്പന്നങ്ങളുടെ വിലക്കയറ്റം കുറഞ്ഞുകൊണ്ടിരിക്കുമ്പോള് ഡീസല് വിലവര്ധന തിരിച്ചടിസൃഷ്ടിക്കുമെന്നും വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. കാലവര്ഷം പ്രതീക്ഷിച്ച ഫലം ചെയ്യാത്തത് ആശങ്കകള് ഉയര്ത്തുന്നതിനിടെയാണ് കൂനിന്മേല് കുരുവായി ഈ വിലവര്ധന.

No comments:
Post a Comment